ഉമാകേരളം/എപ്പോൾ?
←പത്തൊമ്പതാം സർഗ്ഗം | ഉമാകേരളം (മഹാകാവ്യം) രചന: എപ്പോൾ? |
ഉള്ളടക്കം→ |
[ 212 ]
എപ്പോൾ?
[തിരുത്തുക]ഭ്രാതാക്കളേ! ഭൗതികമാകുമോരോ
പാഴ്‌വേലകൊണ്ടിങ്ങനെ നാൾ തുലഞ്ഞാൽ
അന്ധാന്ധുഗർഭത്തിനകത്തുനിന്നു-
മാത്മോദ്ധൃതിക്കുള്ള മുഹൂർത്തമെപ്പോൾ?
വെടിഞ്ഞിടും നാൾവരെ നമ്മൾ കോടി
ബഹിർന്നിശാന്തത്തിനു കൂട്ടിനിന്നാൽ
അന്തർഗൃഹത്തിങ്കലടിഞ്ഞുകേറു-
മത്യന്തശൂന്യത്വമൊഴിപ്പതെപ്പോൾ?
കരയ്ക്കു പൈതങ്ങൾകണക്കു നമ്മൾ
കാശാകുമിക്കക്ക പെറുക്കി നിന്നാൽ
സാംസാരികാബ്ധിക്കടിയിൽക്കിടക്കും
നന്മുക്തി വെണ്മുത്തു ലഭിപ്പതെപ്പോൾ?
പേർത്തും തടസ്ഥപ്പെരുനീരൊഴുക്കിൽ
പേടിച്ചു കൈകാൽ മരവിച്ചുനിന്നാൽ
പ്രാപ്യസ്ഥലം വാച്ച ജനുസ്സരിത്തിൽ-
പാരത്തിൽ നാം ചെന്നണയുന്നതെപ്പോൾ?
ഞാനെന്നൊരേവാക്കുരുവിട്ടു നമ്മൾ
രാത്രിന്ദിവം പിച്ചുപിടിച്ചിരുന്നാൽ
ശാന്തിക്കു നൈവേദ്യമണയ്‌പതിന്നു
സൗഭ്രാത്രസസ്യം വിളയിപ്പതെപ്പോൾ?
കണ്മങ്ങൽ പറ്റിഗ്ഗതികെട്ടു കാമ-
ക്കള്ളക്കുഴിക്കാട്ടിലലഞ്ഞുലഞ്ഞാൽ
ആദ്ധ്യാത്മികാരാമനിഷേവയാൽ നാ-
മംഘ്രിക്കു സാഫല്യമണയ്‌പതെപ്പോൾ?
പ്രത്യക്ഷദൃശ്യം പരലോകമെന്നു
പാശ്ചാത്യർപോലും പറയുന്ന വാക്യം
ശ്രവിച്ചു ചാർവാകത വിട്ടു നമ്മൾ
ജന്മോർവിതന്നശ്രു തുടയ്‌പതെപ്പോൾ?
തെറിച്ചു ദൂരത്തു പറക്കുവോരി-
ജ്ജീവസ്ഫുലിംഗത്തിനു നമ്മൾ വീണ്ടും
പ്രത്യക്‌പ്രയാണംവഴിയായ് പരാത്മ-
ജ്യോതിഷ്‌കസായൂജ്യമണയ്‌പതെപ്പോൾ?