ഈസോപ്പ് കഥകൾ/വവ്വാലും പക്ഷികളും മൃഗങ്ങളും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
വവ്വാലും പക്ഷികളും മൃഗങ്ങളും

ഒരിക്കൽ പക്ഷികളും മൃഗങ്ങളും തമ്മിൽ ഘോരയുദ്ധമുണ്ടാകുമെന്ന സ്ഥിതി വന്നു. രണ്ടു സേനകളും കോപ്പുകൂട്ടിത്തുടങ്ങിയപ്പോഴും വവ്വാൽ ആരുടെ കൂടെ കൂടുമെന്ന ശങ്കയിലായിരുന്നു. അവന്റെ കൂട്ടിനടുത്തുകൂടി പോയ പക്ഷികൾ വിളിച്ചു:

"ഞങ്ങളുടെ കൂടെ വരൂ!". പക്ഷെ അവൻ പറഞ്ഞു: "ഇല്ല, ഞാനൊരു മൃഗമാണു്‌."

അതുപോലെ മൃഗങ്ങളും അവനെ തങ്ങളുടെ കൂടെ കൂടാൻ വിളിച്ചു. അപ്പോഴവൻ പറഞ്ഞു:

"ഇല്ല, ഞാനൊരു പക്ഷിയാണു്‌."

ഭാഗ്യവശാൽ അവസാനനിമിഷം യുദ്ധം ഒഴിവായി. സമാധാനം പുലർന്നു. പക്ഷികളുടെ സന്തോഷപ്രകടനങ്ങളിൽ പങ്കെടുക്കാൻ വവ്വാൽ ചെന്നു. എന്നാൽ അവർ അവനെ കൊത്തിയോടിച്ചു. അപ്പോൾ അവൻ മൃഗങ്ങളുടെ ആഘോഷങ്ങളിൽ പങ്കെടുക്കാമെന്നുവച്ച് അവിടെച്ചെന്നപ്പോൾ അവരും അവനെ തുരത്തി. അപ്പോഴവനു മനസ്സിലായി, ഒരു പറ്റത്തിലും പെടാതെ ഒഴിഞ്ഞുമാറിയത് നന്നായില്ലെന്ന്.

ഗുണപാഠം: ഒരു പറ്റത്തിലും പെടാത്തവനു്‌ സുഹൃത്തുക്കളില്ല.