ഈസോപ്പ് കഥകൾ/മുളയിലറിയാം വിള

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
മുളയിലറിയാം വിള

അന്ധനായിരുന്നെങ്കിലും മിക്ക മൃഗങ്ങളെയും കൈകൊണ്ടു തടവിനോക്കി തിരിച്ചറിയാൻ കഴിവുള്ള ഒരാളുണ്ടായിരുന്നു. ഒരിക്കൽ ഒരു ചെന്നായികുഞ്ഞിനെ അയാളുടെ പക്കൽ കൊണ്ടുവന്നിട്ട് അതെന്തിന്റെ കുഞ്ഞാണെന്നു ചോദിച്ചു.

അതിനെ തടവി നോക്കിയിട്ട് അയാൾ പറഞ്ഞു: "ഇത് കുറുക്കന്റെ കുഞ്ഞോ അതോ ചെന്നായികുട്ടിയോ എന്ന് എനിക്ക് തീർച്ച പോര. തീർച്ച പറയാൻ പറ്റുന്ന ഒരു കാര്യമുണ്ട്. ഇത് എന്തുതന്നെയായിരുന്നാലും ശരി, ഇതിനെ ആട്ടിൻ പറ്റത്തിലേക്ക് അടുപ്പിക്കരുത്."

ഗുണപാഠം: മുളയ്ക്കുമ്പോഴുള്ളതേ മുറ്റിയാലും കാണൂ