Jump to content

ഈസോപ്പ് കഥകൾ/മുറിവാലൻ കുറുക്കൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
മുറിവാലൻ കുറുക്കൻ

ഒരു കുറുക്കൻ ഒരിക്കലൊരു കെണിയിൽ അകപ്പെട്ടു. എങ്ങനെയൊക്കെയോ അവൻ കെണിയിൽ നിന്നും രക്ഷപ്പെട്ടെങ്കിലും വാലിന്റെ പകുതിമുക്കാലും മുറിഞ്ഞു പോയിരുന്നു. മുറിവാലൻ കുറുക്കൻ നാണക്കേടു കൊണ്ട് പുറത്തിറങ്ങാതെ കുറച്ചുകാലം കഴിച്ചു. ഒടുവിൽ ധൈര്യം സംഭരിച്ച് അവൻ തന്റെ ബന്ധുക്കളേയും സുഹൃത്തുക്കളേയും വിളിച്ചു കൂട്ടി എന്നിട്ട് ഇപ്രകാരം പ്രഖ്യാപിച്ചു. "നാം എല്ലാവരും വാലു മുറിച്ചു കളയുന്നതായിരിക്കും നല്ലതെന്നാണെന്റെ അഭിപ്രായം. അല്ലെങ്കിലും ഒന്നാലോചിച്ചു നോക്കൂ. എന്തൊരു ശല്യമാണ് ഈ വാല് ! നമ്മുടെ ജന്മശത്രുവായ നായ ഓടിക്കുമ്പോൾ ആദ്യം പിടിവീഴുന്നത് വാലിലല്ലേ? നമുക്ക് ഒന്നു സല്ലപിക്കാൻ ഒരിടത്ത് സ്വസ്ഥമായിരിക്കണമെന്നു വച്ചാൽ ഈ വാല് മടക്കി ഒതുക്കിവെയ്ക്കുക എന്നതൊക്കെ ബുദ്ധിമുട്ടല്ലേ? ഈ സാധനം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടൊ ? അതൊട്ടില്ലതാനും " മുറിവാലൻ കുറുക്കൻ വാചാലനായി.

ഇത്രയും ആയപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന തലമൂത്ത ഒരു കുറുക്കൻ ചോദിച്ചു. "നീ പറഞ്ഞതൊക്കെ അവിടെ നിൽക്കട്ടെ. നമ്മൾക്കുള്ള ഏറ്റവും മനോഹരമായ ആഭരണമായ നമ്മുടെ വാല് നിനക്ക് നഷ്ടപ്പെട്ടില്ലായിരുന്നെങ്കിൽ നീ ഇതു പറയുമായിരുന്നോ?

ഗുണപാഠം: :സ്വാർത്ഥമതികളുടെ ഉപദേശത്തെ വകവെക്കരുത്