ഈസോപ്പ് കഥകൾ/"ചെന്നായ്!" കരഞ്ഞ ബാലൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
"ചെന്നായ്!" കരഞ്ഞ ബാലൻ
സചിത്ര ഈസോപ്പ് കഥകൾ Milo Winter 1919

ആട്ടിടയനായ ഒരു ബാലന് ആടുകളെ മേയിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു കുസൃതി തോന്നി. അവൻ ഉറക്കെ നിലവിളിച്ചു

"ചെന്നായ വരുന്നേ, എല്ലാവരും ഓടി വായോ!"

അവന്റെ വിളികേട്ടു ആളുകൾ കല്ലുകളും വടിയുമായി സഹായിക്കാനെത്തി. ബാലൻ അപ്പോൾ സന്തോഷവാനായി തുള്ളിച്ചാടിക്കൊണ്ട് പറഞ്ഞു

"നിങ്ങളെ പറ്റിച്ചേ! വെറുതെ പറഞ്ഞതാണേ!"

വന്നവർ ഒന്നും മിണ്ടാതെ തിരികെപ്പോയി. രണ്ടുമൂന്ന് ദിവസം കഴിഞ്ഞു വീണ്ടും അതേ തമാശ തന്നെ അവൻ ആവർത്തിച്ചു. ആളുകൾ അവനെ ശകാരിച്ചും കൊണ്ടു തിരികെ പോയി. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു ചെന്നായ വരിക തന്നെ ചെയ്തു. അതിനെ കണ്ട ബാലൻ ഉച്ചത്തിൽ സഹായത്തിനായി നിലവിളിച്ചു. ആളുകൾ അവന്റെ കരച്ചിൽ കേട്ടെങ്കിലും ആരും അനങ്ങിയില്ല. "ആ പയ്യന്റെ കള്ള കരച്ചിൽ ആയിരിക്കും" അവർ ഊഹിച്ചു. ചെന്നായ് ആട്ടിടയന്റെ ആടുകളെ കൊന്നു കൊണ്ടുപോകുക തന്നെ ചെയ്തു.

ഗുണപാഠം: :അതിരു കടന്ന തമാശകൾ ആപത്തു വരുത്തിവെയ്ക്കും.