ഈസോപ്പ് കഥകൾ/പൂച്ചക്കാരു മണികെട്ടും?
←ഒറ്റ കണ്ണൻ മാൻപേട | ഈസോപ്പ് കഥകൾ രചന: പൂച്ചക്കാരു മണികെട്ടും? |
വിഗ്രഹം ചുമക്കുന്ന കഴുത→ |
തങ്ങളുടെ പൊതുശത്രുവായ പൂച്ചയെ എങ്ങനെയൊക്കെ കബളിപ്പിച്ച് രക്ഷപ്പെടാം എന്നതിനെപ്പറ്റി ആലോചിക്കാൻ ചുണ്ടെലികൾ പണ്ട് ഒരു മഹാസമ്മേളനം വിളിച്ചുചേർത്തു. പലരും പല അഭിപ്രായങ്ങളും പറഞ്ഞെങ്കിലും ഒന്നും തന്നെ ആർക്കും സ്വീകാര്യമായില്ല. അവസാനം ചെറുപ്പക്കാരനായ ഒരു ചുണ്ടെലി എഴുന്നേറ്റുനിന്നു പറഞ്ഞു:
"നിങ്ങൾ നടപ്പാക്കാൻ തയ്യാറാണെങ്കിൽ നമ്മുടെ സുരക്ഷിതത്വത്തിന്നുതകുന്ന ഒരാശയം ഞാൻ നിർദ്ദേശിക്കാം. പാത്തും പതുങ്ങിയുമാണല്ലോ പൂച്ച നമ്മെ ഉപദ്രവിക്കുന്നത്. പൂച്ചയുടെ കഴുത്തിൽ ഒരു മണി കെട്ടുകയാണെങ്കിൽ അവൾ അടുത്തുള്ളപ്പോഴെല്ലാം അതു് കിലുങ്ങി നമുക്കു് രക്ഷപ്പെടാനുള്ള മുന്നറിയിപ്പു ലഭിക്കും."
സദസ്സ് കൈയ്യടിച്ചു നിർദ്ദേശം അംഗീകരിക്കാനൊരുങ്ങവേ ഒരു വയസ്സൻ ചുണ്ടെലി ചോദിച്ചു: "സംഗതി കൊള്ളാം, പക്ഷെ എനിക്കൊരു സംശയം - പൂച്ചക്കാരു മണികെട്ടും?" എല്ലാവരും പരസ്പരം നോക്കിയെങ്കിലും ആരും മുന്നോട്ടു് വന്നില്ല.
- ഗുണപാഠം: അസാദ്ധ്യമായ പരിഹാരങ്ങൾ നിർദ്ദേശിക്കുക വളരെ എളുപ്പമാണു്.