ഈസോപ്പ് കഥകൾ/കഴുതയും ചെന്നായും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
കഴുതയും ചെന്നായും

മേഞ്ഞുകൊണ്ടിരുന്ന ഒരു കഴുത, ചെന്നായ മെല്ലെ തന്നെ പിടിക്കാൻ വരുന്നത് ശ്രദ്ധിച്ചു. ഉടൻ തന്നെ അവൻ കാലിൽ മുള്ളു തറച്ചതായി അഭിനയിച്ചു മുടന്താൻ തുടങ്ങി.അടുത്തെത്തിയ ചെന്നായ് കാര്യം തിരക്കിയപ്പോൾ കഴുത പറഞ്ഞു. "എന്റെ കാലിൽ കൂർത്ത ഒരു മുള്ളു കയറിയിരിക്കുകയാണ്. നീ അതൊന്ന് എടുത്തു തരൂ. അല്ലെങ്കിൽ എന്നെ തിന്നുമ്പോൾ അത് നിന്റെ തൊണ്ടയ്ക്ക് കയറും."

ചെന്നായ്ക്കും അത് സമ്മതമായി. അവൻ കഴുതയുടെ കാൽ പൊക്കി, സൂക്ഷ്മതയോടെ പരിശോധന തുടങ്ങി. ആ സമയം കഴുത സർവ്വ ശക്തിയും സംഭരിച്ച് ആഞ്ഞു തൊഴിച്ചു. തൊഴിയുടെ ആഘാതത്തിൽ പല്ലുകൾ കൊഴിഞ്ഞ ചെന്നായ് വേദനയോടെ പായുന്നതിനിടയിൽ പിറുപിറുത്തു "എന്റെ അച്ഛൻ എന്നെ പഠിപ്പിച്ചത് കൊന്നു തിന്നാനായിരുന്നു, ചികിൽസിക്കാനായിരുന്നില്ല. എനിക്കീഗതി വന്നതിൽ ഒരൽഭുതവുമില്ല"

ഗുണപാഠം: അറിയാത്ത തൊഴിൽ ചെയ്താൽ ആപത്ത് ഭവിച്ചേക്കാം