ഈസോപ്പ് കഥകൾ/ഉറുമ്പും പ്രാവും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
ഉറുമ്പും പ്രാവും

ആറ്റുതീരത്ത് വെള്ളം കുടിക്കാൻ പോയ ഉറുമ്പ്‌ അബദ്ധത്തിൽ ഒഴുക്കിൽപ്പെട്ട് മുങ്ങിച്ചാകാറായി. ആറ്റിലേക്ക് ചാഞ്ഞുനിന്ന മരത്തിലിരുന്നു്‌ ഇതുകണ്ട ഒരു പ്രാവു്‌ ഉറുമ്പിന്റെ അടുത്തായി ഒരില പറിച്ചിട്ടു കൊടുത്തു. ഉറുമ്പ് അതിൽപ്പിടിച്ച് സുരക്ഷിതനായി കരകയറി.

അല്പം കഴിഞ്ഞ് ഒരു വേടൻ മരച്ചുവട്ടിൽ വന്നു മുകളിലിരുന്ന പ്രാവിനെ ഉന്നം വെച്ച് തന്റെ തെറ്റാലി തൊടുത്തു. ഇതു കണ്ടുനിന്ന ഉറുമ്പ്‌ അതേസമയം തന്നെ വേടന്റെ കാലിൽ ആഞ്ഞുകടിച്ചു. വേടന്റെ ഉന്നം തെറ്റി. ശബ്ദം കേട്ട പ്രാവു്‌ പെട്ടെന്നു്‌ പറന്നു്‌ രക്ഷപ്പെട്ടു.

ഗുണപാഠം: നല്ലതു ചെയ്താൽ നല്ലതു വരും