Jump to content

ഇന്ദ്രിയവൈരാഗ്യം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഇന്ദ്രിയവൈരാഗ്യം (സ്തോത്രം)

രചന:ശ്രീനാരായണഗുരു
1887-97 കാലഘട്ടത്തിൽ എഴുതിയ സ്തോത്രകൃതി.

 
നാദം കടന്നു നടുവേ വിലസുന്ന നിന്മെയ്
ചേതസ്സിലായ് വരിക ജന്മമറുന്നതിന്നായ്
ബോധം കളഞ്ഞു പുറമേ ചുഴലും ചെവിക്കൊ-
രാതങ്കമില്ലടിയനുണ്ടിതു തീർക്ക ശംഭോ!       1

കാണുന്ന കണ്ണിനൊരു ദണ്ഡവുമില്ല കണ്ടെൻ -
പ്രാണൻ വെടിഞ്ഞിടുകിലെന്തിനു പിന്നെയെല്ലാം
കാണും നിറം തരമിതൊക്കെയഴിഞ്ഞെഴും നിൻ-
ചേണുറ്റ ചെങ്കഴലു തന്നു ജയിക്ക ശംഭോ!       2

ത്വക്കിന്നു ദുഃഖമൊരു നേരവുമില്ലതോർക്കിൽ
ദുഃഖം നമുക്കു തുടരുന്നു ദുരന്തമയ്യോ!
വെക്കം തണുപ്പു വെയിലോടു വിളങ്ങിടും നിൻ-
പോക്കൽപ്പൊലിഞ്ഞിടുവതിന്നരുളീടു ശംഭോ!       3

തണ്ണീരുമന്നവുമറിഞ്ഞു തരുന്ന നിൻമെയ്
വെണ്ണീറണിഞ്ഞു വിലസുന്നതിനെന്തു ബന്ധം?
മണ്ണിന്നു തൊട്ടു മതിയന്തമിരുന്നു മിന്നും
കണ്ണിന്നു കഷ്ടമിതു നിന്റെ വിഭൂതി ശംഭോ!       4

നാവിന്നെഴുന്ന നരകക്കടലിൽക്കിടന്നു
ജീവൻ തളർന്നു ശിവമേ! കര ചേർത്തിടേണം
ഗോവിന്ദനും നയനപങ്കജമിട്ടു കൂപ്പി
മേവുന്നു, നിൻ മഹിമയാരറിയുന്നു ശംഭോ!       5
നീരും നിരന്ന നിലവും കനലോടു കാറ്റും
ചേരും ചിദംബരമതിങ്കലിരുന്നിടും നീ
പാരിൽ കിടന്നലയുമെൻ പരിതാപമെല്ലാ-
മാരിങ്ങു നിന്നൊടറിയിപ്പതിനുണ്ടു ശംഭോ!       6

നാവിന്നു നിന്റെ തിരുനാമമെടുത്തുരച്ചു
മേവുന്നതിന്നെളുതിലൊന്നരുളീടണേ നീ
ജീവൻ വിടുമ്പൊഴതിൽ നിന്നു തെളിഞ്ഞിടും പിൻ
നാവിന്നു ഭൂഷണമിതെന്നി നമുക്കു വേണ്ടാ.       7

കയ്യൊന്നു ചെയ്യുമതുപോലെ നടന്നിടും കാ-
ലയ്യോ! മലത്തൊടു ജലം വെളിയിൽ പതിക്കും
പൊയ്യേ പുണർന്നിടുമതിങ്ങനെ നിന്നു യുദ്ധം
ചെയ്യുമ്പൊഴെങ്ങനെ ശിവാ തിരുമെയ് നിനപ്പൂ?       8

ചിന്തിച്ചിടുന്നു ശിവമേ! ചെറുപൈതലാമെൻ
ചിന്തയ്ക്കു ചേതമിതുകൊണ്ടൊരു തെല്ലുമില്ലേ
സന്ധിച്ചിടുന്ന ഭഗവാനൊടു തന്നെ ചൊല്ലാ-
തെന്തിങ്ങു നിന്നുഴറിയാലൊരു സാദ്ധ്യമയ്യോ!       9

അയ്യോ! കിടന്നലയുമിപ്പുലയർക്കു നീയെൻ-
മെയ്യോ കൊടുത്തു വിലയായ് വിലസുന്നു മേലിൽ
കയ്യൊന്നു തന്നു കരയേറ്റണമെന്നെയിന്നീ-
പ്പൊയ്യിങ്കൽനിന്നു പുതുമേനി പുണർന്നിടാനായ്!       10

"https://ml.wikisource.org/w/index.php?title=ഇന്ദ്രിയവൈരാഗ്യം&oldid=51870" എന്ന താളിൽനിന്ന് ശേഖരിച്ചത്