ആ വമ്പിച്ച പ്രേരണ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ആ വമ്പിച്ച പ്രേരണ

രചന:മാണിക്കോത്ത് രാമുണ്ണിനായർ

പണമില്ലാത്തവൻ പിണമല്ലെങ്കിൽ, പണത്തെ ആരാധിയ്ക്കുന്ന ലോകത്തിലെ ഭൂരിപക്ഷം ജനങ്ങളെ സംബന്ധിച്ചിടത്തോളം, തീർച്ചയായും അവൻ പിണ്ടിസമനാണെന്നു സമ്മതിയ്ക്കാതെ കഴിയുകയില്ല. പണത്തിന്റെ വെളിച്ചത്തിൽ സകലദോഷാന്ധകാരങ്ങളും അസ്തമിയ്ക്കുന്നു; പണമില്ലായ്മയുടെ ഇരുട്ടിലാകട്ടെ, സകലഗുണങ്ങളും മങ്ങിക്കെട്ടുപോവുകയും ചെയ്യുന്നു. പണമുള്ളവനു എന്തും വാങ്ങാൻ കഴിയുമെന്നു പറയുന്നത് എല്ലാ കാര്യത്തിലും നേരല്ലെങ്കിൽ, പണമില്ലാത്തവന്ന് ഒന്നും വാങ്ങാൻ കഴിയുകയില്ലെന്ന് പറയുന്നത് ഒരു കാര്യത്തിലും നേരല്ലാതെയല്ല. സത്യമായും പണം ജീവിതക്കാറിന്റെ പെട്രോളാണ്; ജീവിതവിളക്കിലെ എണ്ണയാണ്; ജീവിതവാച്ചിലെ ഹെയർ സ്പ്രിങ്ങാണ്; ജീവിതഗജത്തിന്റെ തുമ്പിക്കൈയാണ്; ജീവിതശിവന്റെ ശക്തിയാണ്; ജീവിതച്ചെടിയുടെ വേരാണ്; ജീവിതപ്പായസത്തിലെ ശർക്കരയാണ്; ജീവിതത്തീവണ്ടിയുടെ റെയിൽപ്പാതയാണ്.

കള്ളൻ കക്കുന്നതും, ഇൻസ്പെക്ടർ അന്വേഷണം നടത്തുന്നതും,പോലീസുകാരൻ അറസ്റ്റു ചെയ്യുന്നതും, വക്കീൽ വാദിയ്ക്കുന്നതും, മജിസ്രേട്ടു വിധി കല്പിയ്ക്കുന്നതും, ജെയില്വാർഡൻ പാറാവു നിൽക്കുന്നതും ഒക്കെ പണത്തിനുവേണ്ടിയാണെന്ന സംഗതി ആലോചിയ്ക്കുമ്പോൾ ആരാണ് അദ്ഭുതപ്പെടാത്തത്? എന്താണ് അദ്ഭുതപ്പെടുവാനുള്ളത്? നന്നെ ചെറിയ കൂട്ടികൾ, തനിഭ്രാന്തന്മാർ, കാമുകന്മാർ, യുവകവികൾ, മഹായോഗികൾ എന്നിവരൊഴിച്ച് ബാക്കിയാരെങ്കിലും, എന്തെങ്കിലും, എപ്പോഴെങ്കിലും, എവിടെയെങ്കിലും, ശ്രദ്ധാപൂർവ്വം ചെയ്യുന്നതായി കണ്ടാൽ അത് നേർവഴിയ്ക്കല്ലെങ്കിൽ വളഞ്ഞ വഴിയ്ക്കെങ്കിലും, പണത്തിന്നുവേണ്ടിയാണെന്നു നിങ്ങൾ അനുമാനിയ്ക്കുന്ന പക്ഷം വളരെത്തെറ്റുമെന്നു തൊന്നുന്നില്ല.

പണത്തിന്നു ചിലപ്പോൾ ചെയ്യാൻ കഴിയുന്ന അദ്ഭുതകൃത്യങ്ങൾ പറഞ്ഞാലൊടുങ്ങുകയില്ല. കൊലക്കേസ് വിചാരണ ചെയ്യുന്ന സെഷൻസ് ജഡ്ജിയ്ക്കുണ്ടായിരിയ്ക്കേണ്ടുന്നതിലധികം ഗൗരവത്തോടുകൂടി, ചുറ്റും ആയിരം ആളുകൾ നിന്നാൽക്കൂടി അവയൊന്നും കാണതെ, നോക്കുവാൻ സമയമില്ലാതെ, കടലാസ്സുകളിൽത്തന്നെ ശ്രദ്ധപതിപ്പിച്ചുകൊണ്ടിരിയ്ക്കുന്ന ആ കോടതിഗുമസ്തനെ (വക്കീൽഗുമസ്തനല്ല) കുറച്ചുനേരം സൂക്ഷിച്ചുനോക്കുവിൻ! വല്ല കക്ഷിയും ഏതെങ്കിലും ഒരു റിക്കോട്ടിന്നാവശ്യപ്പെട്ടാൽ വാലു പിടിച്ചു വലിയ്ക്കപ്പെട്ട പൂച്ചയെപ്പോലെ, ആ വിദ്വാൻ മുരളുകയും, പല്ലിളിയ്ക്കുകയും, ആട്ടുകയും. തുപ്പുകയും ചെയ്യുന്നത് കണ്ടുവോ? "സമയമില്ല. കടന്നുപോവിൻ. ഒരു പണിയെടുക്കാൻ സമ്മതിയ്ക്കുകയില്ല. ദ്രോഹം! ആരോടാണ് ചെന്നു പറയുന്നതെങ്കിൽ പറയിൻ! പോവാനല്ലേ പറഞ്ഞത്....ആ റിക്കാർട്ട് ഇവിടെയില്ല. ഫോറം ഞാൻ കണ്ടിട്ടില്ല. ഞാനറിയില്ല. ആ കടലാസ്സ് ഇവിടെ എത്തീട്ടില്ല. പിന്നെ സമയമുള്ളപ്പോൾ നോക്കി പറഞ്ഞുതരാം...എന്തൊരു മാരണമാണ്! നിങ്ങൾകടന്നുപോകുന്നോ ഇല്ലയോ, ഹേ?..എടുത്തു തരാൻ മനസ്സില്ല. കടന്നു പുറത്തു നിൽക്കിൻ!" ഇത്യാദി ചില ദുർഭാഷണങ്ങൾ പബ്ലിക്കിന്റെ "ഭൃത്യസ്യഭൃത്യപരിചാരകഭൃത്യഭൃത്യഭൃത്യസ്യ ഭൃത്യ" നാണെന്നു സങ്കല്പിയ്ക്കപ്പെട്ടിരിയ്ക്കുന്ന ആ ഉദ്യോഗസ്ഥൻ പറയുന്നതു കേട്ടുവോ?

ശരി. നല്ലവണ്ണം സൂക്ഷിയ്ക്കിൻ. അതാ! കക്ഷിയുടെ കൈ കീശയിലേയ്ക്കും, കീശയിൽനിന്നു മേശയുടെ കന്നിക്കോണിലൂടെയോ ധനുക്കോണിലൂടെയോ കസാലയുടെ അടുത്തേയ്ക്കും നീങ്ങുന്നു. ഗുമസ്ഥന്റെ കുപ്പായത്തിന്റെ തൂക്കം ബഹുകൃത്യമായി ഒരു തോല അധികമാകുന്നു.

പെട്ടെന്നുണ്ടായ പരിവർത്തനം നോക്കുക: "എന്തു കടലാസ്സാണെന്നാണ് പറഞ്ഞത്... ഓ, ഹോ, അതോ? അതിവിടെയുണ്ട്. രണ്ടുമൂന്നു ദിവസമായി ഇവിടെക്കിടക്കുന്നു. ഇതൊക്കെ സമയത്തിനു വന്നു കൊണ്ടുപോണം, ഹേ! ഇപ്പോഴത്തെ ഇയാൾ [എന്നു വെച്ചാൽ മുനിസീഫോ ജഡ്ജിയോ] വന്നതിന്നു ശേഷം ഇവിടെയുള്ള തിരക്ക് എന്താണേന്നറിയാമോ? ശ്വാസം കഴിയ്ക്കാൻ നേരമില്ല. കടലാസ്സിതാ. മറ്റൊന്നും വേണ്ടല്ലോ?... ശരി..സലാം."

മനുഷ്യന്റെ സ്വഭാവത്തിൽ ഈ മാറ്റം വരുത്തിച്ചേർക്കുന്ന വസ്തു, വേദാന്തികൾ എന്തുതന്നെ പുലമ്പിയാലും, കാമ്യമല്ലേ സാറേ? കൊയനാവിനെ പഞ്ചസാരയാക്കുന്ന മഹേന്ദ്രജാലമല്ലേ ഇവിടെ കാണപ്പെട്ടത്? ഒരുറുപ്പികയെടുത്തു കോടതിവളപ്പിലെ ചട്ടുകക്കള്ളിയ്ക്കു നേരെ കാട്ടിയാൽ അതു പെട്ടെന്നു പൂത്തുനിൽക്കുന്ന കുരുക്കുത്തിമുല്ലച്ചെടിയായി മാറുമെന്നുകൂടി എനിയ്ക്കുചിലപ്പോൾ തോന്നിപ്പോയിട്ടുണ്ട്. മലബാറിനെസംബന്ധിച്ചേടത്തോളം, മറ്റു ഗവർമ്മേണ്ടാപ്പീസ്സുകളിലെക്കാൾ കോടതികളിൽ പണത്തിന്റെ ഈ പരിവർത്തനശക്തി കുറെയധികം വെളിപ്പെട്ടുകാണുന്നത്കൊണ്ടാണ് ഞാൻ കോടതികളെ ഉദാഹരണമായെടുത്തത്.

'പണമെന്നു കേട്ടാൽ പിണവും വായ്പൊളിയ്ക്കു' മെന്നുള്ളതാണ് പണത്തെയും പിണത്തെയും സംബന്ധിയ്ക്കുന്ന വേറൊരു പഴഞ്ചൊല്ല്. ഇതും അതിശയോക്തിയാണെന്നു വിചാരിയ്ക്കുന്നവരുണ്ടെങ്കിലും, ഞാൻ ആ കൂട്ടത്തിൽ പെട്ടവനല്ല. കാരണം പണത്തിന്നു വേണ്ടി ഒരിയ്ക്കൽ താച്ചുപണിയ്ക്കർ പ്രസംഗിച്ചത് ഞാൻ കേട്ടുനിന്നവനാണ്. താച്ചുപണിയ്ക്കർക്ക് പ്രസംഗിയ്ക്കാമെങ്കിൽ പിണത്തിന്നു വായ പൊളിയ്ക്കുകയും ചെയ്യാമെന്നുള്ളത് താച്ചുപണിയ്ക്കരെ പരിചയമുള്ള ആരും സമ്മതിയ്ക്കുന്ന സംഗതിയാണ്.

താച്ചു എന്റെ കൂടെ ഇന്റർമീഡിയറ്റു ക്ലാസ്സുകളിൽ പഠിച്ചിരുന്ന ഒരു ദേഹമാണ്. നല്ല ഒരു ചങ്ങാതിയായിരുന്നു. പക്ഷേ ഒരു പ്രാസംഗികനായി കീർത്തി നേടുവാനുള്ള കോപ്പുകളോടു കൂടിയല്ല പ്രകൃതി താച്ചുവെ സൃഷ്ടിച്ചതെന്നു മനസ്സിലാക്കുവാൻ താച്ചുവുമായി അധികപരിചയമൊന്നും വേണ്ട.

ഒരു ദിക്കിൽ കുറയുന്നത് വേറൊരു ദിക്കിൽ ഏറുമെന്നുള്ളത് ലോകത്തിലെ സ്ഥിരനിയമമാണല്ലോ. അതുപ്രകാരം പ്രസംഗപാടവത്തെസ്സംബന്ധിച്ചുള്ള കുറവു പണത്തോടുള്ള അത്യാർത്തിയുടെ ആധിക്യത്താൽ താച്ചുവും പരിഹരിച്ചിട്ടുണ്ടെന്നു വേണമെങ്കിൽ സമാധാനിയ്ക്കാം.

ഒരു ദിവസം വൈകുന്നേരം ഞങ്ങളെല്ലാം കൂടി റെയിൽവെ സ്റ്റേഷനിലെത്തി. വെറുതെ പോയതാണ്. ഒരു പാസഞ്ചർ വണ്ടി പ്ലാറ്റുഫോറത്തിന്നടുത്തുണ്ട്. ഞങ്ങൾ ഭയങ്കരമായി വാദപ്രതിവാദം ചെയ്യുകയായിരുന്നു; വിഷയം പ്രസംഗവുമായിരുന്നു. മലയാളത്തിൽ പ്രസംഗിയ്ക്കുന്നത് എളുപ്പമാണെന്ന് കൂട്ടത്തിലൊരാൾ പറഞ്ഞതോടുകൂടിയാണ് വാദപ്രതിവാദം ആരംഭിച്ചത്. പ്ലാറ്റുഫോറത്തിലെത്തിയപ്പോഴും വാദം നിന്നിരുന്നില്ല. ആ സമയത്തു കൂട്ടത്തിലൊരാൾ "മലയാളത്തിൽ വേണ്ടിവന്നാൽ നമ്മുടെ താച്ചുകൂടി പ്രസംഗിയ്ക്കു"മെന്നു പറഞ്ഞു. "ഈ ജന്മം സാധിയ്ക്കുകയില്ലെ"ന്നു എതിർസംഘം ഐക്യകണ്ഠേന സിദ്ധാന്തിച്ചു. താച്ചുവും അവരോടു അനുകൂലിച്ചു. അപ്പോഴാണ് ഒരു കുസൃതിക്കാരൻ "ഒരുറുപ്പിക കൊടുത്താൽ താച്ചു തീർച്ചയായും പ്രസംഗിയ്ക്കു"മെന്ന് പറഞ്ഞത്. "ഒരുറുപ്പിക ഞാൻ തരാം. തീർച്ചയായി പ്രസംഗിയ്ക്കുമോ?" എന്നൊരാൾ ചോദിച്ചു. താച്ചു രണ്ടു സെക്കന്റുനേരം മടിച്ചുനിന്നു. ആത്മാവിൽ അപ്രത്യയമായ ചേതസ്സും പണത്തോടുള്ള കൊതിയും കരളിൽ കിടന്നു കമ്പവലി നടത്തുന്നത് ഏതാണ്ടു ഞങ്ങൾക്കു കാണാമായിരുന്നു. ഒടുക്കം "ഉറുപ്പിക കാണട്ടെ!" എന്നു താച്ചു ആവശ്യപ്പെട്ടു. ഉറുപ്പിക കാണിച്ചു. ഒരു മധ്യസ്ഥന്റെ കൈവശം ഏല്പിച്ചു. താച്ചുവെ സംബന്ധിച്ചേടത്തോളം പണക്കൊതി സഭാകമ്പത്തെ ജയിച്ചു. "എവിടെവെച്ചാണ് പ്രസംഗിയ്ക്കേണ്ടത്?"

"ഇവിടെവെച്ച്" എന്ന് ഉറുപ്പികക്കാരൻ പറഞ്ഞു.

"ഈ പ്ലാറ്റുഫോറത്തിൽ വെച്ചോ?"

"അതെ"

"എപ്പോൾ?"

"ഇപ്പോൾ"

"ഉറക്കെ പ്രസംഗിയ്ക്കണോ?"

"വേണം"

"കുറച്ചു പറഞ്ഞാൽ പോരേ?"

"ഒരു ഡസൻ വാചകങ്ങളെങ്കിലും പറയണം"

"എന്താണ് വിഷയം?"

"വിഷയം അന്വേഷിച്ചു ബുദ്ധിമുട്ടേണ്ട. തീവണ്ടി മുൻപിൽത്തന്നെയുണ്ടല്ലോ, അതിനെപ്പറ്റി പ്രസംഗിയ്ക്കാം" എന്നു മുൻപറഞ്ഞ കുസൃതിക്കാരൻ അഭിപ്രായപ്പെട്ടു. താൻ സയൻസുകാരനല്ലെന്നും അതുകൊണ്ടു തീവണ്ടിയെപ്പറ്റി ശാസ്ത്രീയമായി യാതൊന്നും പറയുവാൻ കഴിയുകയില്ലെന്നും;ഒടുക്കം പ്രസംഗിച്ചതു നോൺസെൻസാണെന്നു പറഞ്ഞു പണം കൊടുക്കാതിരിയ്ക്കരുതെന്നും താച്ചു ഈ ഘട്ടത്തിൽ പറഞ്ഞു. അങ്ങിനെയൊന്നും വരുന്നതല്ലെന്നു മറ്റുള്ളവർ ഉറപ്പു കൊടുത്തു.

ഞങ്ങൾ നിന്നിരുന്നത് എഞ്ചിന്റെ സമീപമായിരുന്നു. അടുത്ത് ഒരു വലിയ പഴയ പീഞ്ഞപ്പെട്ടിയുമുണ്ടായിരുന്നു. താച്ചു അതിന്മേൽ കയറിനിന്നു "മാന്യരേ!" എന്നൊരു വിളി വിളിച്ചു. പത്തിരുപത് മാന്യന്മാർ- ഇവരിൽ ചില പോട്ടർമാരും ഉൾപ്പെടും - ഉടനെ എത്തി. പിന്നീടൊന്നുമില്ല, താച്ചു ആകാശം നോക്കി, ചുറ്റും നോക്കി, നിലത്തു നോക്കി. പിന്നെ ഞങ്ങളുടെ മുഖത്തു നോക്കി, ഞങ്ങൾ ആ ശോകപ്രദമായ കാഴ്ചയിൽനിന്നു കണ്ണൂതിരിച്ചു.

"മാന്യരേ!"

വീണ്ടും നിശ്ശബ്ദം. ആകപ്പാടെ താച്ചുവിന്റെ പ്രസംഗം "മാന്യരേ" വിളികൊണ്ടു തന്നെ അവസാനിയ്ക്കുമെന്ന നിലയിലായപ്പോൾ മധ്യസ്ഥൻ കീശയിൽനിന്ന് ഒരുറുപ്പികയെടുത്തു താച്ചുവെ കാണിച്ചു.

ഈ പ്രയോഗത്തിന്റെ ഫലം ആകസ്മികവും, അപ്രതീക്ഷിതവും, അത്ഭുതാവഹവുമായിരുന്നു. പെട്ടെന്നു സംഭവിച്ചതു താച്ചുവിന്റെ സ്മൃതിയിൽ, മയൂരാക്ഷി നദിയിൽ ഈയെടെ വെള്ളപ്പൊക്കം കൊണ്ടുണ്ടായതു പോലെയുള്ള, ഒരു അണക്കെട്ടു പൊട്ടലായിരിയ്ക്കണമെന്നു ഞാനൂഹിയ്ക്കുന്നു. എങ്ങിനെയായാലും താച്ചുവിന്റെ തലച്ചോറിലേയ്ക്കും അവിടെ നിന്നു നാവിലേയ്ക്കും അപ്രതിഹതമായ തള്ളലോടുകൂടി പ്രവഹിച്ചതു ഞങ്ങൾ താണ ക്ലാസ്സുകളിൽ പഠിയ്ക്കുന്ന കാലത്ത് പാഠ്യപുസ്തകകമ്മിറ്റി അംഗീകരിച്ചിരുന്ന മാർസ്ഡൻസായ്‌വ് ചമച്ച ദേശഭാഷാപാഠപുസ്തകങ്ങളിൽ ചെമ്മരിയാടിനെയും, പശുവിനേയും, കുരങ്ങിനേയും, കരടിയെയും മറ്റും സംബന്ധുച്ചുള്ള പാഠങ്ങളിലെ വാചകങ്ങളായിരുന്നു! അവയ്ക്കു പ്രകൃതവുമായി വല്ല ബന്ധവുമുണ്ടോ എന്ന് അന്വേഷിയ്ക്കുവാൻ താച്ചു മിനക്കെട്ടില്ല. സഭാകമ്പം നിമിത്തം വല്ലതിനെപ്പറ്റിയും ആലോചിയ്ക്കുവാനുള്ള ശക്തി പണ്ടേ താച്ചുവിനെ വെടിഞ്ഞു ദൂരെയെങ്ങോ പോയിരിയ്ക്കുന്നു. ദൂരദൂരമായ ചക്രവാളത്തിൽ തിളങ്ങുന്ന അതിവിപുലമായ വൃത്തത്തോടുകൂടിയ ഒരു വെള്ളിയുറുപ്പികയുടെ പ്രതിച്ഛായ മാത്രമേ താച്ചുവിന്റെ ഭാവനയിലുണ്ടായിരുന്നുള്ളൂ. വാചകത്തിന്നും വാചകത്തിന്നും മദ്ധ്യേ കാൽസെക്കന്റു പോലും താമസിയ്ക്കാതെ, ഈ സമയമാകുമ്പോഴേയ്ക്കും അമ്പതിൽച്ചില്വാനം ആളുകളെത്തിച്ചേർന്നിരുന്ന ആ സദസ്സിനെ കണ്ട ഭാവംപോലും നടിയ്ക്കാതെ എഞ്ചിനുനേരെ ചൂണ്ടിക്കൊണ്ടു താച്ചു ഇങ്ങിനെ പ്രസംഗിച്ചു:

"മാന്യരേ, ഇതെന്താകുന്നു? ഇതിനെ നോക്കൂ! ഇതൊരു കോലാടോ? അല്ലാ. ഇതൊരു തീവണ്ടിയാകുന്നു. ഇതു വളരെ ഭംഗിയുള്ള ഒരു മൃഗമാകുന്നു. തീവണ്ടി നമുക്ക് പാൽ തരുന്നു. പാൽ വെളുത്തതും മധുരമുള്ളതും ദേഹത്തിന്നു ഗുണകരമായതുമാകുന്നു. വികൃതിക്കുട്ടികൾ ഇതിനെ കല്ലെടുത്തെറിയും. അപ്പോൾ ഇത് അവരെ കടിയ്ക്കുകയും മാന്തുകയും ചെയ്യും. മനുഷ്യർ ചെയ്യുന്നതുപോലെയൊക്കെ ഇതും ചെയ്യും; ഈ സ്വഭാവത്തിന്ന് അനുകരണബുദ്ധി എന്നാകുന്നു പേർ. ആംഗ്ലേയർ ഇതിനെപ്പിടിച്ചു മെരുക്കി ഒരു വീട്ടുമൃഗമായി പോറ്റിവരുന്നു. തീവണ്ടിയ്ക്കു പ്രതികാരബുദ്ധിയും അധികമായുണ്ട്. തന്നെ ദ്രോഹിയ്ക്കുന്നവരെ ഇത് ഓർമ്മവെച്ചു വളരെക്കാലം കഴിഞ്ഞാൾ ആ പക വീട്ടുന്നു."

പ്രസംഗം ഇത്രയുമായപ്പോഴേയ്ക്കു സദസ്യരുടെ ചിരിയും ഹസ്തഘോഷവും കേട്ടു ഡ്രൈവർ എഞ്ചിനിൽനിന്നു പുറത്തേയ്ക്കു നോക്കി. പ്രാസംഗികന്റെ ചൂണ്ടുവിരൽ പെട്ടെന്ന് അദ്ദേഹത്തിന്റെ നേരെ നീണ്ടു:

"ഇതിൽ ഒരുവൻ നിൽക്കുന്നതു കണ്ടുവോ? അവൻ ഇതിനെ നോക്കിനടത്തുന്നവനാകുന്നു. അവൻ പറഞ്ഞാൽ ഇതു മരത്തിന്മേൽ കയറുകയും അനേകം അഭ്യാസങ്ങൾ കാണിയ്ക്കുകയും ചെയ്യും. ഇതിന്ന് അവനോടും, അവന്ന് ഇതിനോടും വളരെ സ്നേഹമാകുന്നു. സംസ്കൃതത്തിൽ ഇതിന്നു 'കുഞ്ജരം' എന്നു പേർ!"

ഇതോടുകൂടി പ്രസംഗം അവസാനിച്ചു. ഒടുക്കത്തെ വാചകത്തിലൂടെ പ്രകാശിച്ച പ്രാസംഗികന്റെ അധൃഷ്യപാണ്ഡിത്യം സദസ്യരുടെ വീർപ്പെടുത്തു കളഞ്ഞു.

താച്ചുവിന്ന് ഉറുപ്പിക കിട്ടി. ഞങ്ങൾ അദ്ദേഹത്തെ ജയാരവത്തോടുകൂടി ഹോസ്റ്റലിലേയ്ക്കു അനുഗമിച്ചു. ആ വമ്പിച്ച പ്രേരണ! അങ്ങേ അറ്റത്ത് പണമുണ്ടെന്നറിഞ്ഞാൽ ഏതു സമുദ്രമാണ് മനുഷ്യൻ നീന്തിക്കടക്കാത്തത്?

"https://ml.wikisource.org/w/index.php?title=ആ_വമ്പിച്ച_പ്രേരണ&oldid=57271" എന്ന താളിൽനിന്ന് ശേഖരിച്ചത്