Jump to content

ആരിതാ വരുന്നിതാ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ആരിതാ വരുന്നാരിതാ

രചന:സാധു കൊച്ചുകുഞ്ഞുപദേശി

 
ആരിതാ വരുന്നാരിതാ വരുന്നേശു രക്ഷകനല്ലയൊ
പരമോന്നതൻ സ്നാനമേൽക്കുവാൻ യോർദ്ദാനാറ്റിങ്കൽ വരുന്നോ
 
കണ്ടാലും ലോകത്തിന്റെ പാപത്തെ ചുമക്കും ദൈവ കുഞ്ഞാട്
കണ്ടുവോ ഒരു പാപി എന്നപോൽ സ്നാനമേൽക്കുവാൻ പോകുന്നു

ഇല്ലില്ല നിന്നാൽ സ്നാനമേൽക്കുവാനുനെനിക്കേറ്റമാവശ്യം
വല്ലഭാ നിൻ ചെരിപ്പും ചുമന്നീടുവാൻ ഇല്ല യോഗ്യത

ആത്മസ്നാനവും അഗ്നി സ്നാനവും നിന്റെ കൈക്കീഴിലല്ലയോ
എന്തിനു പിന്നെ വെള്ളത്തിൽ സ്നാനം എന്റെ കൈക്കീഴിലേൽക്കുന്നു

സ്നാപകൻ ബഹുഭക്തിയോടിവ ചൊന്നതാൽ പ്രിയ രക്ഷകൻ
ഇപ്രകാരം നാം സര്വ്വനീതിയും പൂർത്തിയാക്കണമെന്നോതി

ഉടനെ പ്രിയനിറങ്ങി സ്നാനമേറ്റുകൊണ്ടു താൻ കയറി
പെട്ടെന്നാത്മാവു തന്റെ മേൽ പ്രാവു രൂപത്തിലിറങ്ങി

വന്നൊരു ശബ്ദം മേൽനിന്നിക്ഷണം എന്റെ പ്രിയകുമാരാൻ നീ
നിന്നിലെത്രയും പ്രിയമുണ്ടെന്നും സ്വർഗ്ഗതാതൻ താനരുളി

തുറന്നോർ സ്വർഗ്ഗമവിടുണ്ടൊരു പ്രിയതാതനുമതുപോൽ
പരിശുദ്ധാവിയതുമെൻ പ്രിയനേശുനാഥനും കാണുവിൻ.
 

"https://ml.wikisource.org/w/index.php?title=ആരിതാ_വരുന്നിതാ&oldid=131472" എന്ന താളിൽനിന്ന് ശേഖരിച്ചത്