ഈസോപ്പ് കഥകൾ/ആമയും മുയലും
←നായയും എല്ലിൻ കഷ്ണവും | ഈസോപ്പ് കഥകൾ രചന: ആമയും മുയലും |
മല എലിയെ പെറ്റു→ |
മൃഗങ്ങളെല്ലാം കൂടിയിരിക്കവെ ഒരിക്കൽ മുയൽ വീമ്പിളക്കി. "ഞാനാണ് കാട്ടിലെ വേഗക്കാരൻ. ഓട്ടപ്പന്തയത്തിൽ എന്നെ തോൽപ്പിക്കാൻ ആരുണ്ടിവിടെ?"
ആരും മിണ്ടാതിരിക്കുമ്പോൾ അതാ ഒരുത്തരം. "വെല്ലുവിളി ഞാൻ ഏറ്റെടുക്കുന്നു". നോക്കിയപ്പോൾ ആമയാണ് വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത്.
"നീയോ!" മുയൽ പുച്ഛത്തോടെ പറഞ്ഞു "എന്തായാലും ശരി മൽസരം നടക്കട്ടെ."
മൽസരദിനം വന്നെത്തി. മൽസരം ആരംഭിച്ച ഉടൻ തന്നെ മുന്നോട്ട് കുതിച്ച മുയൽ ആമയെ അതിദൂരം പിന്നിലാക്കി. മുയൽ വിചാരിച്ചു "ഇവൻ ഇപ്പോഴൊന്നും എത്തില്ല. ഞാൻ ഇവിടെ ഇരുന്നൊന്നു സുഖമായി ഉറങ്ങി സാവധാനം പോയാലും മതിയല്ലോ."
ചൂടും ക്ഷീണവും കാരണം, മുയലിന്റെ മയക്കം നിദ്രയായി. അവൻ നന്നായി ഉറക്കത്തിലാണ്ടപ്പോളാണ് ആമയുടെ വരവ്. ആമ മെല്ലെയാണെങ്കിലും നിർത്താതെ ഓട്ടം തുടർന്നു. ഉറക്കമുണർന്ന മുയൽ കാണുന്നത് ലക്ഷ്യസ്ഥാനത്തിനടുത്ത് നിൽക്കുന്ന ആമയെയാണ്. മുയൽ കുതിച്ചെത്താൻ ശ്രമിച്ചെങ്കിലും, ആമ മൽസരം ജയിച്ചു കഴിഞ്ഞിരുന്നു.
- ഗുണപാഠം: :അഹങ്കാരി പരിഹാസ്യനാവും. മെല്ലെ തിന്നാൽ മുള്ളും തിന്നാം