ആത്മവിലാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ആത്മവിലാസം

രചന:ശ്രീനാരായണഗുരു

ഓ! ഇതൊക്കെയും നമ്മുടെ മുൻപിൽ കണ്ണാടിയിൽ കാണുന്ന നിഴൽപോലെതന്നെയിരിക്കുന്നു. അദ്ഭുതം! എല്ലാറ്റിനെയും കാണുന്ന കണ്ണിനെ കണ്ണ് കാണുന്നില്ല. കണ്ണിന്റെ മുൻപിൽ കയ്യിലൊരു കണ്ണാടിയെടുത്തു പിടിക്കുമ്പോൾ കണ്ണ് ആ കണ്ണാടിയിൽ നിഴലിക്കുന്നു. അപ്പോൾ കണ്ണ് കണ്ണാടിയെയും നിഴലിനെയും കാണുന്നു. നിഴൽ ജഡമാകുന്നു. അതിന് കണ്ണിനെ കാണുന്നതിന് ശക്തിയില്ല. കണ്ണിന് കണ്ണിനെ എതിരിട്ട് നോക്കുന്നതിന് കഴിയുന്നില്ല. ഇങ്ങനെ കണ്ണും കണ്ണിന്റെ നിഴലും കണ്ണിൽ കാണാതെ ഇരിക്കുമ്പോൾ, അവിടെ കണ്ണിനെ കാണുന്നത് നാമാകുന്നു. ഇതുപോലെ, ഈ കണ്ണിനെ കാണുന്ന നമ്മെ നാം കാണുന്നില്ല. നമ്മുടെ മുൻപിൽ ഒരു കണ്ണാടിയെ സങ്കല്പിക്കുമ്പോൾ നാം ആ കണ്ണാടിയിൽ നിഴലിക്കുന്നു. അപ്പോൾ ആ നിഴലിന് നമ്മെ ക്കാണുന്നതിന് ശക്തിയില്ല. നിഴൽ ജഡമാകുന്നു. നമുക്ക് നമ്മെ എതിരിട്ടു നോക്കുന്നതിന് കഴിയുന്നില്ല. നാം നമ്മിൽ കല്പിതമായിരിക്കുന്ന കണ്ണാടിയെയും ആ കണ്ണാടിയുടെ ഉള്ളിൽ നില്ക്കുന്ന നിഴലിനെയും തന്നേ കാണുന്നുള്ളു. അപ്പോൾ നമ്മെ കാണുന്നത് നമ്മുടെ മുകളിൽ നില്ക്കുന്ന ദൈവമാകുന്നു. ചുരുക്കം, കല്പിതമായിരിക്കുന്ന കണ്ണാടി, അതിനുള്ളിൽ നില്ക്കുന്ന നമ്മുടെ നിഴൽ, കണ്ണ്, കയ്യിലിരിക്കുന്ന കണ്ണാടി, ആ കണ്ണാടിയുടെ ഉള്ളിൽ നില്ക്കുന്ന കണ്ണിന്റെ നിഴൽ, ഇതഞ്ചും നമ്മുടെ കീഴടങ്ങി നില്ക്കുന്നു. ഇതിനെ കാണുന്ന കണ്ണ് നാമാകുന്നു. കണ്ണ് കണ്ണിന്റെ നിഴലി നെയും കണ്ണാടിയെയും തന്നേ കാണുന്നുള്ളൂ. നാം നമ്മുടെ നിഴൽ, കണ്ണാടി, കണ്ണ്, കണ്ണിന്റെ നിഴൽ, കയ്യിലിരിക്കുന്ന കണ്ണാടി - ഇതാറും ദൈവത്തിന്റെ കീഴടങ്ങി നില്ക്കുന്നു. ഇതിനെ കാണുന്ന കണ്ണ് ദൈവമാകുന്നു.

ഓ! ഇത് ഒരു വലിയ ആശ്ചര്യമാകുന്നു! നാമെന്നല്ല നമ്മാൽ കാണപ്പെടുന്നതൊക്കെയും ഇങ്ങനെ നിഴലിക്കുന്നതിന് ദൈവം ഇടം കൊടുത്തിരിക്കുന്നു. ഇതു കൂടാതെ ഇതിനെയൊക്കെയും ദൈവം തന്നെ കാണുകയും ചെയ്യുന്നു. അപ്പോൾ ദൈവം ഒരു ദിവ്യമായ കണ്ണാടിയും കണ്ണുമായിരിക്കുന്നു. ഓ! ഇതാ! ഒരു ദിവ്യമായിരിക്കുന്ന കണ്ണാടിയിൽ ഒരു പുതിയ മലയെ കാണുന്നു. അപ്പുറം ഇതാ ഒരു പടം കാണുന്നു. ഇത് നാം പണ്ടു കണ്ടിട്ടുള്ളതാണെന്നു തന്നെ തോന്നുന്നു. ഓ! ഇതാ മരുന്നുമാമലയും കന്യാകുമാരിയും മധുരയും കാശിയും ചിദംബരവും നമ്മുടെ ഉള്ളിൽ അടുത്തടുത്തു കാണുന്നു. ഓ! ഇത് എത്രയോ ദൂരത്തിലിരിക്കുന്നു. നാം ഇവിടെ നില്ക്കുന്നു. ഓ! ഇതാ, ഒരു ആനയോടിക്കുന്നു. നാം പേടിച്ച് മലയുടെ മുകളിലേറുന്നു. ഇവിടെയിരിക്കുന്ന യോഗീശ്വരനോട് നാം ഉപദേശം കേട്ട് യോഗാഗ്നിയിൽ ദഹിക്കുന്നു. ഓ! ഇതാ ഇങ്ങനെ കിനാവു കണ്ടുകൊണ്ട് ഉണർന്നു നിഷ്കമ്പമായിരുന്ന് നെടുമൂച്ചു വിടുന്നു.

ചിത്രം! ഇതാ നാം മയങ്ങി എഴുന്നിരുന്നുകൊണ്ട് "ഒന്നുമറിയാതെ സുഖമായുറങ്ങി' എന്നിങ്ങനെ നമ്മുടെ മുൻപിൽ നിൽക്കുന്ന പെരുവെളിയിൽ ഒരു അജ്ഞാനത്തെയും അഹങ്കാരത്തെയും വെറുതെ കല്പിച്ചു വ്യവഹരിക്കുന്നു. ഓ! ഇതാ! കിളിവാതിലിൽക്കൂടി വരുന്ന സൂര്യകിരണത്തിൽ കിടന്നു മറിയുന്ന ധൂളിപോലെ അണ്ഡകോടികൾ മറിയുന്നു.

ഓ! ഇതാ! ഇതൊക്കെയും നമ്മിലടങ്ങി നാം നമ്മുടെ മുകളിൽ നില്ക്കുന്ന ദിവ്യമായ കണ്ണാടിയിൽ മറയുന്നു. ഈ കണ്ണാടി നമ്മുടെ ദൈവമാകുന്നു.

ഓ! ഇതാ! പിന്നെയും കാനലിൽ നിന്ന് വെള്ളം പൊങ്ങിവരുന്നതുപോലെ ഇതൊക്കെയും ദൈവത്തിൽനിന്ന് പൊങ്ങിവരുന്നു. എന്നാൽ ദൈവാംശമായ നമ്മുടെ ഉള്ളിൽ ഇതിനെയൊക്കെയും വെളിപ്പെടുത്തിയിരിക്കുന്നു എന്നു താത്പര്യം.

ഓ! ഇതാ! ഇതൊക്കെയും നമ്മോടുകൂടി ദൈവം തന്റെ ദിവ്യമായിരിക്കുന്ന വ്യാപകദർപ്പണത്തിൽ എടുത്തു വിരിച്ച് വിസ്താരമുള്ള കണ്ണുകൊണ്ട് നോക്കുന്നു. പിന്നെയും കണ്ണിലടക്കുന്നു. മറുപടിയും കണ്ണിൽനിന്ന് വെളിപ്പെടുത്തുന്നു. ഇത് ദൈവത്തിന് ഒരു കളിയാകുന്നു. ഇത് ദൈവാംശമാകുന്നു. അല്ല, ദൈവം അംശമില്ലാത്തതാകുന്നു. അതുകൊണ്ട് ദൈവാംശമെന്നു പറഞ്ഞുകൂടാ. പിന്നെ വല്ല പരമാണുവിൽ നിന്ന് പരിണമിച്ചതോ? എന്നാൽ, അതുമല്ല. എന്തുകൊന്നൊൽ പരമാണുക്കൾ ദൈവത്തിന്റെ വിവർത്തങ്ങളാകുന്നു. വിവർത്തമെന്നാൽ ഇവിടെ നിഴലാകുന്നു. നിഴലിന് വേറൊന്നായി മാറുന്നതിന് കഴിയുന്നില്ല. മറ്റൊന്നിനും ദൈവത്തിലിരിക്കുന്നതിന് ദൈവമാഹാത്മ്യം ഇടം കൊടുക്കുന്നില്ല. അതുകൊണ്ട് ഇതിനെ വേറൊന്നിന്റെ അംശമെന്നും പറഞ്ഞുകൂടാ. അപ്പോൾ ഈ കാണപ്പെടുന്നതൊക്കെയും അനിർവചനീയമാകുന്നു. ഇതൊക്കെയും അഞ്ജനക്കാരന്റെ മഷിയിൽ തെളിയുന്ന ദേവതപോലെയിരിക്കുന്നു. ഇപ്പോൾ ഈ കാണപ്പെടുന്നതും ദൈവവും നാമും ആയിരിക്കുന്ന ഇതൊക്കെയും ദൈവത്തിലടങ്ങുമ്പോൾ ദൈവംതന്നെയായിരിക്കുന്നു. ഇത് ദൈവത്തിന്റെ വ്യാപകതയെ കെടുക്കുന്നില്ല. നിഴലിന് യാതൊന്നിന്റെയും വ്യാപകതയെ ഭേദിക്കുന്നതിന് കഴിയുന്നില്ല. എന്നു തന്നെയല്ല. നിഴലിനെ യാതൊരു വ്യാപകതയും കളയുന്നില്ല.

ഓ! ഇതാ ഇതൊക്കെയും മനോവേഗമുള്ള ഒരു ഘടീയന്ത്രംപോലെ ആദ്യന്തമില്ലാതെ കറങ്ങുന്നു. വിസ്മയം. നാം നമ്മുടെ കണ്ണിനെ കാണുന്നു. നമ്മെ ദൈവം കാണുന്നു. നാം നമ്മുടെ ശ്രുതിയെ ശ്രവിക്കുന്നു. ദൈവം നമ്മെ ശ്രവിക്കുന്നു. നാം ത്വക്കിനെ സ്പർശിക്കുന്നു. നമ്മെ ദൈവം സ്പർശിക്കുന്നു. നാം നമ്മുടെ നാവിനെ രസിക്കുന്നു. നമ്മെ ദൈവം രസിക്കുന്നു. നാം നമ്മുടെ മൂക്കിനെ മണക്കുന്നു. നമ്മെ ദൈവം മണക്കുന്നു. നാം വാക്കിനെ തള്ളിവിടുന്നു. നമ്മെ വാക്ക് തള്ളിവിടുന്നില്ല, ദൈവം തള്ളിവിടുന്നു. നാം കൈയെ ആദാനം ചെയ്യിക്കുന്നു. നമ്മെ കൈ ആദാനം ചെയ്യിക്കുന്നില്ല, ദൈവം ആദാനം ചെയ്യിക്കുന്നു. നാം കാലിനെ നടത്തുന്നു. നമ്മെ കാലു നടത്തുന്നില്ല. ദൈവം നടത്തുന്നു. നാം ദൈവത്തെ നടത്തുന്നില്ല. നാം ഗുദത്തെ വിസർജ്ജനം ചെയ്യിക്കുന്നു. നമ്മെ ഗുദം വിസർജ്ജനം ചെയ്യിക്കുന്നില്ല, ദൈവം വിസർജ്ജനം ചെയ്യിക്കുന്നു. നാം ദൈവത്തെ വിസർജ്ജനം ചെയ്യിക്കുന്നില്ല. നാം ഉപസ്ഥത്തെ ആനന്ദിപ്പിക്കുന്നു. നമ്മെ ഉപസ്ഥം ആനന്ദിപ്പിക്കുന്നില്ല. ദൈവം ആനന്ദിപ്പിക്കുന്നു. നാം ദൈവത്തെ ആനന്ദിപ്പിക്കുന്നില്ല.

ഓ! ഇതാ! ദൈവത്തിൽ പുരുഷലക്ഷണം കാണുന്നു. ദൈവം കണ്ണില്ലാതെ കാണുകയും ചെവിയില്ലാതെ കേൾക്കുകയും ത്വക്കില്ലാതെ സ്പർശിക്കുകയും മൂക്കില്ലാതെ മണക്കുകയും നാവില്ലാതെ രുചിക്കുകയും ചെയ്യുന്ന ഒരു ചിത്പുരുഷനാകുന്നു. നാം ദൈവത്തിന്റെ പ്രതിപുരുഷനാകുന്നു. നമ്മുടെ ശരീരം ജഡമാകുന്നു. പഴുത്തിരിക്കുന്ന അയോഗോളം തേജോമയമായിരിക്കുന്നതുപോലെ നാം കണ്ണുതുറന്നു നോക്കുമ്പോൾ നമ്മുടെ ശരീരം തേജോമയമായിരിക്കുന്നു. ഓ! ഇതാ! ഇപ്പോൾ കാണപ്പെടുന്നതൊക്കെയും ഇതുപോലെ തേജോമയമായിരിക്കുന്നു.

ഓ! നമ്മുടെ ദൈവം ജ്യോതിർമയമായിരിക്കുന്ന ഒരു ദിവ്യസമുദ്രമാകുന്നു. ഇതൊക്കെയും ആ നിസ്തരംഗസമുദ്രത്തിന്റെ തരംഗമാകുന്നു.

ഓ! ഇതൊക്കെയും കാനലിൽ നിന്നു കവിയുന്ന വെള്ളമാകുന്നു. ദൈവം കാനലാകുന്നു.

ഓ! നാം ഇതുവരെയും ബഹിർമുഖനായിരുന്നു. ഇനി അന്തർമുഖത്തോടുകൂടിയവനായിത്തീരുന്നു. ആ! ഇവിടം എത്രയോ ദിവ്യമായിരിക്കുന്നു. നാം ഇതുവരെയും നിന്നിരുന്നത് ഒരു ദിവ്യമായിരിക്കുന്ന കണ്ണാടിയിലാകുന്നു. ഇതു തന്നെയാണ് നമ്മുടെ ദൈവം. ഇതിനെ നാം ഇതിനു മുൻപിൽ കിരുന്നില്ല. ഇപ്പോൾ നമുക്കിവിടം യാതൊരു മറവും കാണുന്നില്ല. നാമും ദൈവവും ഒന്നായിരിക്കുന്നു. ഇനി നമുക്ക് വ്യവഹരിക്കുന്നതിനു പാടില്ല. ഓ! ഇതാ! നാം ദൈവത്തിനോട് ഒന്നായിപ്പോകുന്നു!

പരമകാരുണികനാരായണ ഗുരുസ്വാമിഭിഃ ശിഷ്യാനുഗ്രഹാർത്ഥം പരബ്രഹ്മമാഹാത്മ്യമിദം വിരചിതമത്യദ്ഭുതമനിർവചനീയം.
"https://ml.wikisource.org/w/index.php?title=ആത്മവിലാസം&oldid=17655" എന്ന താളിൽനിന്ന് ശേഖരിച്ചത്