Jump to content

അറിവ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
അറിവ്

രചന:ശ്രീനാരായണഗുരു
1887-നും 1897-നും ഇടയിൽ രചിക്കപ്പെട്ട പച്ചമലയാളകൃതി.

അറിയപ്പെടുമിതു വേറ-
ല്ലറിവായീടും തിരഞ്ഞിടും നേരം;
അറിവിതിലൊന്നായതുകൊ-
ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും.       1

അറിവില്ലെന്നാലില്ലീ-
യറിയപ്പെടുമെന്നതുണ്ടിതെന്നാലും;
അറിവൊന്നില്ലെന്നാലീ-
യറിവേതറിവിന്നതില്ലറിഞ്ഞീടാം.       2

അറിവിന്നളവില്ലാതേ-
തറിയാ,മറിവായതും വിളങ്ങുന്നു;
അറിവിലെഴുന്ന കിനാവി-
ങ്ങറിവായീടുന്നവണ്ണമങ്ങെല്ലാം.       3

അറിവിനു നിറവുണ്ടെന്നാ-
ലറിവല്ലാതുള്ളതെങ്ങിരുന്നീടും?
അറിവേതെന്നിങ്ങതു പോ-
യറിയുന്നങ്ങെന്നിതെങ്ങിരുന്നീടും?       4

അറിവിലിരുന്നുകെടുന്നീ-
ലറിവാമെന്നാലിതെങ്ങിറങ്ങീടും?
അറിവിനെയറിയുന്നീലി,-
ങ്ങറിയും നേരത്തു രുമൊന്നായി.       5

അറിയും മുൻപേതെന്നാ-
ലറവില്ലാതൊന്നുമിങ്ങിരിപ്പീല;
അറിവറ്റതിനേതതിരു-
ണ്ടറിവെന്നാലൊന്നുമിങ്ങു കാണ്മീല.       06

അറിയുന്നുണ്ടില്ലെന്നി-
ങ്ങറിയുന്നീലേതിലേതെഴുന്നീടും?
അറിയപ്പെടുമെങ്കിലുമ-
ല്ലറിവല്ലെന്നിങ്ങു നമ്മെ നോക്കീടിൽ.       07

അറിവെന്നന്നേയിതുമു-
ണ്ടറിവുന്നൊലിതെങ്ങു നിന്നീടും?
അറിവൊന്നെണ്ണം വേറി-
ല്ലറിവല്ലാതെങ്കിലെന്തിരിക്കുന്നു?       08

അറിവിന്നിടമൊന്നുണ്ടി-
ല്ലറിയപ്പെടുമെന്നതിന്നു വേറായി,
അറിവെന്നാലങ്ങേതീ-
യറിയപ്പെടുമെന്നതേറുമെണ്ണീടിൽ?       09

അറിയുന്നീലന്നൊന്നീ-
യറിയപ്പെടുമെന്നതുണ്ടുപോയീടും;
അറിവിലിതേതറിയുന്നീ-
ലറിവെന്നാലെങ്ങുനിന്നു വന്നീടും?       10

അറിവിന്നറിവായ് നിന്നേ-
തറിയിക്കുന്നിങ്ങു നാമതായിടും;
അറിവേതിനമെങ്ങനെയീ-
യറിയപ്പെടുമെന്നതേതിതോതീടിൽ?       11

അറിവെന്നതു നീയതു നി-
ന്നറിവിട്ടറിയപ്പെടുന്നതെന്നായി,
അറിയപ്പെടുമിതു രണ്ടൊ-
ന്നറിയുന്നുണ്ടെന്നുമൊന്നതില്ലെന്നും.       12

അറിവുമതിൻ വണ്ണം ചെ-
ന്നറിയുന്നവനിൽ പകർന്നു പിന്നീടും
അറിയപ്പെടുമിതിലൊന്നീ-
യറിവിൻ പൊരി വീണു ചീന്തിയഞ്ചായി.       13

അറിയുന്നവനെന്നറിയാ-
മറിവെന്നറിയുന്നവന്നുമെന്നാകിൽ
അറിവൊന്നറിയുന്നവനൊ-
ന്നറിയുന്നതിലാറിതെട്ടുമായീടും.       14

അറിയപ്പെടുമിതിനൊത്തീ-
യറിവേഴൊന്നിങ്ങുതാനുമെട്ടായി
അറിവിങ്ങനെ വെവ്വേറാ-
യറിയപ്പെടുമെന്നതും വിടുർത്തീടിൽ.       15

"https://ml.wikisource.org/w/index.php?title=അറിവ്&oldid=18056" എന്ന താളിൽനിന്ന് ശേഖരിച്ചത്