അമൃതവീചി/വിശ്രമത്തിന്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അമൃതവീചി
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
വിശ്രമത്തിന്
[ 12 ] വിശ്രമത്തിന്

പ്തചിന്തകളാലൊരിക്കലും
തൃപ്തി തോന്നാത്ത തോഴരേ !
ഇങ്ങു പോരുവി,നിങ്ങു പോരുവിൻ
നിങ്ങളീ വനച്ഛായയിൽ.
സ്പർദ്ധയെന്തെന്നറിഞ്ഞിടാത്തൊരു
ശുദ്ധമാനസനാണു ഞാൻ
ആനന്ദിപ്പിക്കാം നിങ്ങളെ ഞാനീ
വേണുഗാനലഹരിയാൽ.
ഇങ്ങു പോരുവിനിങ്ങു പോരുവിൻ
നിങ്ങളോമൽസഖാക്കളേ !
അങ്ങതാ പൂത്തു പൂത്തു നില്ക്കുന്നു
ഭംഗിയിൽ മരത്തോപ്പുകൾ
ഗ്രാമജീവിതശാന്തിതൻ നവ
രോമഹർഷങ്ങൾമാതിരി.
മഞ്ഞവെയ്ലല്പം പൊന്നു പൂശിയ
കുഞ്ഞലകൾ മിനുങ്ങവേ ;
വെൺനുരകളാൽ തൻ മനോല്ലാസ-
കന്ദളങ്ങളിളകവേ ;
സ്വച്ഛചിന്തകൾപോലൊഴുകുന്നു
കൊച്ചുകൊച്ചു പൂഞ്ചോലകൾ !
അല്ലലെല്ലാം മറന്നുപോം നിങ്ങൾ
തെല്ലിടയിങ്ങിരിക്കുകിൽ !
കാവർഷം കഴിഞ്ഞു നില്ക്കുന്ന
നീലവാനിൻ തെളിമപോൽ
അത്ര ശുദ്ധമായുള്ളൊരോമന-
ത്തൃപ്തിതൻ മലർമെത്തയിൽ
വിശ്രമിപ്പിക്കു , നിങ്ങൾതന്നാർദ്ര-
വിഹ്വലഹൃദയങ്ങളെ !
നാനാജോലിത്തിരക്കുകൾ തിങ്ങു-
മാ നഗരങ്ങൾ വിട്ടിനി-
ഇങ്ങു പോരുവിനിങ്ങു പോരുവിൻ
നിങ്ങളിഗ്രാമഭൂമിയിൽ.
ധന്യയാകും പ്രകൃതിമാതിന്റെ
നന്മടിത്തട്ടിലങ്ങനെ
സ്വപ്നവും കണ്ടു സ്വസ്ഥരായ് നിങ്ങൾ
വിശ്രമിക്കുകെൻ തോഴരേ !"https://ml.wikisource.org/w/index.php?title=അമൃതവീചി/വിശ്രമത്തിന്&oldid=38785" എന്ന താളിൽനിന്ന് ശേഖരിച്ചത്