Jump to content

അമൃതവീചി/ഭക്തദാസി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
അമൃതവീചി
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
ഭക്തദാസി




[ 11 ]


ഏകാന്തതയിൽ തനിച്ചെന്നെവിട്ടിദം
പോകായ്ക, പോകായ്ക, ജീവസർവ്വസ്വമേ!
കർമ്മരണാങ്കണം വിട്ടു വിവർണ്ണമാം
തൻമുഖം താഴ്ത്തിപ്പിരിയും പകലിനെ
ഉൾത്തപ്തരായുറ്റുനോക്കി നില്ക്കുന്നിതാ
ഹൃൽസ്പന്ദനങ്ങളടക്കിയഷ്ടാശകൾ!
കൂരിരുട്ടിന്നു കടന്നുപോരാൻ വഴി-
മാറിക്കൊടുക്കുന്നു സായാഹ്നദീപ്തികൾ
ആനന്ദചിന്തകൾ വാടിക്കൊഴിയവേ
ഗാനതരംഗങ്ങൾ നിശ്ചലമാകവേ;
ഈ വെറും ശൂന്യമാം നർത്തനശാലയിൽ
ദേവ, നീയെന്നെത്തിനിച്ചുവിടുന്നുവോ?
ആസ്വാദനങ്ങൾക്കു വർണ്ണംപിടിപ്പിച്ചി-
താദ്യംമുതല്ക്കു നിന്നാരാധനോന്മദം.
നിസ്തുലമേതോ കിനാവിങ്കലെന്നപോൽ
നിത്യമതിന്റെ ലഹരിയിൽ മുങ്ങി ഞാൻ.
ഞാനതിൻ മായാവരണത്തിലെൻ മൗന-
ഗാനങ്ങളെല്ലാം പൊതിഞ്ഞു രഹസ്യമായ്!
ഇന്നവയൊക്കെ നിൻകാല്ക്കലർപ്പിച്ചു ഞാ-
നെന്നിട്ടുമെന്തേ പിരിഞ്ഞുപോകുന്നു നീ?
കണ്ണിണകൂട്ടിടാതെത്രയോ രാത്രികൾ
നിന്നെയും കാത്തു കരഞ്ഞുകഴിഞ്ഞു ഞാൻ?
നിത്യവും കഷ്ട,മെൻ കൈയിൽ വാടീലിരു-
ന്നെത്ര സുരഭിലമന്ദാരമാലകൾ !
അത്രയ്ക്കനഘമാം മൽപ്രേമപൂജക-
ളിത്രവേഗത്തിൽ നീ വിസ്മരിച്ചീടിലോ?
എൻ ചുടുകണ്ണീർക്കണങ്ങളാൽ മേലിലും
നിൻ ചേവടികൾ കഴുകിച്ചിടട്ടെ ഞാൻ!
ത്വൽപരിചര്യയിലർപ്പിതമായിട-
ട്ടുൾപ്പുളകാർദ്രമിജ്ജീവിതം മേലിലും!
ഏകാന്തതയിൽ തനിച്ചെന്നെ വിട്ടു നീ
പോകായ്ക, പോകായ്ക ജീവസർവ്വസ്വമേ.



"https://ml.wikisource.org/w/index.php?title=അമൃതവീചി/ഭക്തദാസി&oldid=211519" എന്ന താളിൽനിന്ന് ശേഖരിച്ചത്