അമൃതവീചി/പൊലിയാത്ത പൊൻകതിർ
ദൃശ്യരൂപം
< അമൃതവീചി
←എന്തിന്? | അമൃതവീചി രചന: പൊലിയാത്ത പൊൻകതിർ |
വനവീഥിയിൽ→ |
[ 17 ]
മമ നിത്യഭാവനാവാഹിനിതൻ
മണൽവിരിത്തട്ടിലമന്ദമോദം
വിഹരിക്കാറുണ്ടൊരു സൗഹൃത്തിൻ
വികസിതശ്രീമയരാജഹംസം
സതതമതിൻ പൊൽച്ചിറകടികൾ
സരസമായ് വീശുന്ന കൊച്ചലകൾ
അണിയിക്കാറുണ്ടെന്റെ ജീവിതത്തിൽ
അനുപമരോമാഞ്ചമഞ്ജരികൾ
മറവിതൻ മാസ്മരശക്തിമൂലം
മരവിച്ചുപോയേക്കാം ബന്ധമേതും
ശരി,യെന്നാൽ മായ്ക്കാവതല്ല നൂനം
ശരദഭ്രശുദ്ധമീ സ്നേഹബന്ധം
അതിനുടെ പൂങ്കാവനികതോറും
അലരിട്ടുനില്ക്കുന്ന നിർവൃതികൾ
മുഴുകിക്കും ഞങ്ങളെയെന്നു,മേതോ
മുരളീരവത്തിൻ ലഹരികളിൽ!
മഴവില്ലുപോലുള്ള മർത്ത്യജന്മം
മരണത്തിന്മുന്നിൽ നമിക്കുമെങ്കിൽ,
മഹനീയമാകുമാ മൃത്യുമൂ,മീ
മഹിമതന്മുന്നിൽ നമസ്കരിക്കും!
പരശതം ജന്മം ചുരുങ്ങി,യൊന്നിൻ
പരിമളച്ചെപ്പിലൊതുക്കിയപോൽ
നിറവുറ്റോരിസ്നേഹസാന്ദ്രജന്മം
നിറകതിർ വീശട്ടെ നിസ്തുലാഭം!
അതിലെഴും വെള്ളിവെളിച്ചമേറ്റെ-
ന്നകമലർമൊട്ടു വിടർന്നിടാവൂ!