അദ്വൈതദീപിക

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
അദ്വൈതദീപിക

രചന:ശ്രീനാരായണഗുരു (1894)

പേരായിരം പ്രതിഭയായിരമിങ്ങിവറ്റി-
ലാരാലെഴും വിഷയമായിരമാം പ്രപഞ്ചം;
ഓരായ്കിൽ നേരിതു കിനാവുണരും വരെയ്ക്കും
നേരാ, മുണർന്നളവുണർന്നവനാമശേഷം.       1

നേരല്ല ദൃശ്യമിതു ദൃക്കിനെ നീക്കിനോക്കിൽ
വേറല്ല വിശ്വമറിവാം മരുവിൽ പ്രവാഹം;
കാര്യത്തിൽ നില്പതിഹ കാരണസത്തയെന്യേ
വേറല്ല വീചിയിലിരിപ്പതു വാരിയത്രേ.       2

വാസസ്സു തന്തുവിതു പഞ്ഞിയിതാദിമൂല-
ഭൂതപ്രഘാതമിതുമോർക്കുകിലിപ്രകാരം
ബോധത്തിൽ നിന്നു വിലസുന്നു മരുസ്ഥലത്തു
പാഥസ്സു പോലെ; പരമാവധി ബോധമത്രേ.       3

വൃത്തിസ്ഥമാമറിവിൽ വിശ്വവുമില്ലതിന്റെ
വിത്താമവിദ്യയതുമില്ല വിളക്കു വന്നാൽ
അദ്ദിക്കിലെങ്ങുമിരുളില്ലുടനങ്ങു വർത്തി-
വിട്ടാൽ വിളക്കു പൊലിയുന്നിരുളും വരുന്നു.       4

ആരായ്കിലീയുലകമില്ലിതവിദ്യ, തത്ത്വ-
മോരാതവർക്കിതുലകായ് വിലസും ഭ്രമത്താൽ;
ആരാൽ വിളക്കെരികിലില്ല പിശാചിതന്ധ-
കാരം ഭയന്നവനിരുട്ടു പിശാചുപോലാം.       5

ഉണ്ടില്ലയെന്നു മുറ മാറിയസത്തു സത്തു
രണ്ടും പ്രതീത,മിതനാദിതമഃസ്വഭാവം
രണ്ടും തിരഞ്ഞിടുകിലില്ലയസത്തു, രജ്ജു-
ഖണ്ഡത്തിലില്ലുരഗ,മുള്ളതു രജ്ജു മാത്രം.       6

അസ്ത്യസ്തിയെന്നു സകലോപരി നില്പതൊന്നേ
സത്യം സമസ്തവുമനിത്യമസത്യമാകും
മൃത്തിൻ വികാരമതസത്യമിതിങ്കലൊക്കെ
വർത്തിപ്പതോർക്കിലൊരു മൃത്തിതു സത്യമത്രേ.       7

അജ്ഞാനവേളയിലുമസ്തി വിഭാതി രണ്ടു-
മജ്ഞാതമല്ല, സുഖവും, വിലസുന്നു മൂന്നും;
രജ്ജുസ്വരൂപമഹിയോടുമിദന്തയാർന്നു
നില്ക്കുന്നതിന്നിഹ നിദർശനമാമിതോർത്താൽ.       8

വിശ്വം വിവേകദശയിങ്കലഴിഞ്ഞു സർവ-
മസ്വസ്ഥമാകിലുമതിന്ദ്രിയദൃശ്യമാകും
ദിക്കിൻഭ്രമം വിടുകിലും ചിരമിങ്ങിവന്റെ
ദൃക്കിന്നു ദിക്കു പുനരങ്ങനെ തന്നെ കാണാം.       9

സത്യത്തിലില്ലയുലകം സകലം വിവേക-
വിദ്ധ്വസ്തമായ പിറകും വിലസുന്നു മുൻപോൽ
നിസ്തർക്കമായ് മരുവിലില്ലിഹ നീരമെന്നു
സിദ്ധിക്കിലും വിലസിടുന്നിതു മുൻപ്രകാരം.       10

ജ്ഞാനിക്കു സത്തുലകു ചിത്തു സുഖസ്വരൂപ-
മാനന്ദമല്ലനൃതമജ്ഞനിതപ്രകാശം
കാണുന്നവന്നു സുഖമസ്തിതയാർന്ന ഭാനു-
മാനർക്കനന്ധനിരുളാർന്നൊരു ശൂന്യവസ്തു.       11

വിത്തൊന്നുതാൻ വിവിധമായ് വിലസുന്നിതിങ്ക-
ലർത്ഥാന്തരം ചെറുതുമില്ല വിശേഷമായി
രജ്ജുസ്വരൂപമറിയാതിരുളാൽ വിവർത്ത-
സർപ്പം നിനയ്ക്കിലിതു രജ്ജുവിൽ നിന്നു വേറോ?       12

ഓരോന്നതായവയവം മുഴുവൻ പിരിച്ചു
വേറാക്കിയാലുലകമില്ല, വിചിത്രമത്രേ!
വേറാകുമീയവയവങ്ങളുമേവമങ്ങോ-
ട്ടാരായ്കിലി,ല്ലഖിലവും നിജബോധമാത്രം.       13

നൂലാടതന്നി,ലുദകം നുരതന്നി,ലേവം
ഹാ! ലോകമാകെ മറയുന്നൊരവിദ്യയാലേ;
ആലോചനാവിഷയമായിതു തന്റെ കാര്യ-
ജാലത്തൊടും മറകി,ലുണ്ടറിവൊന്നു മാത്രം.       14

ആനന്ദമസ്തിയതു ഭാതിയതൊന്നുതന്നെ
താനന്യമോർക്കിലതു നാസ്തി ന ഭാതി സർവം;
കാനൽജലം ഗഗനനീലമസത്യമഭ്ര-
സൂനം, തുടർന്നു വിലസും ഗഗനാദി സത്യം.       15
{സൂനം, നിനയ്ക്കിൽ ഗഗനം പരമാർത്ഥമാകും}

ആത്മാവിലില്ലയൊരഹംകൃതി യോഗിപോലെ
താൻ മായയാൽ വിവിധമായ് വിഹരിച്ചിടുന്നു;
യോഗസ്ഥനായ് നിലയിൽ നിന്നിളകാതെ കായ-
വ്യൂഹം ധരിച്ചു വിഹരിച്ചിടുമിങ്ങു യോഗി.       16

അജ്ഞാനസംശയവിപര്യയമാത്മതത്ത്വ-
ജിജ്ഞാസുവിന്നു, ദൃഢബോധനിതില്ല തെല്ലും;
സർപ്പപ്രതീതി ഫണിയോ കയറോയിതെന്ന
തർക്കം ഭ്രമം, കയറു കാൺകിലിതില്ല തെല്ലും.       17

മുന്നേ കടന്നു വിഷയംപ്രതി വൃത്തി മുന്നിൽ
നിന്നീടുമാവരണമാം തിര നീക്കിടുന്നു;
പിന്നീടു കാണുമറിവും, പ്രഭതന്റെ പിൻപോയ്
കണ്ണെന്ന പോലറിവു കാണുകയില്ല താനേ.       18

കാണുന്നു കണ്ണിഹ തുറക്കി,ലടയ്ക്കിലന്ധൻ-
താനുള്ളിൽ മേവുമറിവിങ്ങു വരായ്കയാലേ;
ജ്ഞാനം പുറത്തു തനിയേ വരികില്ല കണ്ണു-
വേണം, വരുന്നതിനു, കണ്ണിനു കാന്തിപോലെ.        19

"https://ml.wikisource.org/w/index.php?title=അദ്വൈതദീപിക&oldid=33437" എന്ന താളിൽനിന്ന് ശേഖരിച്ചത്