അച്ഛനും മകളും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
അച്ഛനും മകളും

രചന:വള്ളത്തോൾ നാരായണമേനോൻ (1936)


ഒന്ന്

“ഗുരുപാദരെക്കണ്ടു വന്ദിപ്പാനവസര-
മറിഞ്ഞു വരിക, പോയ് വത്സ, നീ ശുനശ്ശേഫ;

ഞാനിങ്ങീയശോകത്തിൻ തണലിൽ നിൽക്കാ”മെന്നൊ-
രാനകമന്ദ്രസ്നിഗ്ദ്ധസ്വരമാകിയ സൂക്തം,

പോക്കുവെയിലേശി സ്വർണ്ണമുരുക്കിയൊഴിച്ചതു-
പോലവേ മിന്നും ഹേമകൂടശൈലത്തിൻ പാർശ്വേ,

കശ്യപാശ്രമക്കാട്ടിലൊരിടത്തപരാഹ്ന-
നിശ്ശബ്ദസ്ഥിതി ഭഞ്ജിച്ചുദിച്ചൂ പണ്ടേകദാ.

നതനാ സ്വശിഷ്യനെയയച്ചത്തപസ്വിയാ-
മതിഥിയശോകത്തിൻ തണല്പുക്കപ്പോഴേക്കും,

“ഞാൻ കാട്ടിത്തരാമേ മുത്തച്ഛനെ“യെന്നൊരു
തേൻ കൊഞ്ചൽ തൂകിപ്പാഞ്ഞു ചെന്നാനങ്ങൊരു ബാലൻ

ഇത്തങ്കക്കിടാവാര,ക്കശ്യപഭഗവാനെ
മുത്തച്ഛനെന്നു വിളിച്ചീടുവാൻ ജയന്തനോ?

വാനോർകോനുടെ പുത്രനിത്രയല്ലല്ലോ പ്രായം,
മാനുഷപ്രഭാവമാണിവനിൽക്കാണുന്നതും

ആരിതെന്നാരായാനല്ലവനെച്ചിക്കെന്നു തൻ
മാറത്തൊണപ്പാനാണിച്ഛിച്ചതൃഷിപ്രൌഢൻ

സാഹസക്കാരൻ പൈതലാവിമുക്തനെ വീണ്ടു-
മൈഹികത്തിലേക്കതാ, വലിച്ചു താഴ്ത്തീ ക്ഷണാൽ

കുനിഞ്ഞുവാരിയെടുത്തുണ്ണിയെപ്പുണ്യാകാരൻ
കുനിഞ്ഞുകെട്ടിപ്പൂണ്ടാൻ പെരിയ ബാഹുക്കളാൽ

ലസിച്ചു മാന്തോലേറാപ്പിട്ട തന്മാറിൽ‌പ്പൊങ്കു-
ഞ്ഞ,സിതാകാശോദ്ദേശത്താതിരത്താരം പോലെ.

തോൾവരെ ഞാന്ന കുനുകുന്തളം ലീലയാസ-
ത്തൂവിയർപ്പിങ്കൽ‌പ്പതിഞ്ഞിരുന്നതൊരു കൈയാൽ

സാവധാനമായ് മാടി നീക്കിയക്കുഞ്ഞിൻ‌കവിൾ-
പ്പൂവോടു ചേർത്താൻ താടി നീണ്ട തന്മുഖം ധന്യൻ

നേത്രരഞ്ജകമായിത്തിളങ്ങീ തമ്മിൽച്ചേർന്നാ-
ക്ഷാത്രതേജസ്സിൻ കൂമ്പും ബ്രാഹ്മതേജസ്സിൻ കാമ്പും.

അപരിചിതത്തോളിലശങ്കം തലചായ്ച്ചാ-
നറിയപ്പെടാതേതോ ചേർച്ചയാൽ‌പ്പോലെ ബാലൻ;

മറ്റൊരു മുത്തച്ഛന്റെ ലാളനമനുഭവ-
പ്പെട്ടതായിട്ടോ തോന്നീ ഹൃഷ്ടനാമവന്നപ്പോൾ!

അഥവാ ബാലകർക്കുണ്ടോ സ്വപരവ്യത്യാസങ്ങൾ?
മൃദുവാം കൈയേതിനും തലോടാമപ്പൂക്കളെ.

ഞാനൊന്നു ചോദിക്കട്ടേ സാദരം മഹാമുനേ;
ധ്യാനത്തിലുൾച്ചേരുന്നാസ്സച്ചിദാനന്ദം താനോ,

മാനിച്ചീയിളം‌പൂമെയ് പുൽകലിലുളവായോ-
രാനന്ദമിതോ ഭവാനധികം സമാസ്വാദ്യം!

മീലിതാക്ഷനായ്മുനി ബാലസംശ്ലേഷസുഖാൽ;
ബാലനോ, കിഞ്ചിദ്ദൂരഗാക്ഷനായ്,ചിരികൂട്ടി

അമ്മേ, ഞാനിതാ’ എന്നു വിളിച്ചുചൊന്നാൻ പെട്ടെ-
ന്നമ്മണിനാദം കേട്ടങ്ങണഞ്ഞാളൊരു തന്വി;

മുഷിഞ്ഞ വസ്ത്രങ്ങളും മെടഞ്ഞ വാർകൂന്തലും
മെലിഞ്ഞലാവണ്യൈകഭൂഷമാമുടലുമായ്

അത്തലിൻ സ്വരൂപം പോലാ വന്ന യുവതിയെ
സ്നിഗ്ദ്ധമാം നയനത്താൽ ദർശിച്ച നിമിഷത്തിൽ

‘മേനകേ, നിനക്കെന്തീ മാറ്റ’മെന്നേവം ചോദി-
പ്പാനാവാം മുതിർന്നതു മുനിതൻ തിരുമുഖം!

പിന്നീടിങ്ങനെയത്രേ ചോദിച്ചൂ: “സ്ഫുടസ‌മ്രാട്-
ചിഹ്നമാമിക്കുഞ്ഞിന്റെയമ്മയാം നീയാർ വത്സേ?”

അമ്മകനിതിനിടയ്ക്ക, ‘യ്യയ്യ, ചായം തേച്ച
മണ്മയിലതാ, മാർക്കണ്ഡേയങ്ക’ലെന്നും ചൊല്ലി

ബ്രഹ്മർഷി വക്ഷസ്സിങ്കൽ നിന്നൊരു ചാട്ടം ചാടി-
യമ്മതൻ പിടി വിടുർത്തുഴറ്റോടിപ്പോയാൻ.രണ്ട്

ഉണ്ണിതന്നോട്ടം കണ്ടു നെടുതാം വീർപ്പൊന്നിട്ടു
കണ്ണുനീരൊരുവിധമടക്കിക്കൈയും കൂപ്പി,

ഭക്തിയുമതിലേറെ സ്നേഹവുമുൾക്കൊണ്ടാത്മ-
വൃത്താന്തമറിയിച്ചാളൃഷിയെസ്സദ്വൃത്തയാൾ:

“മുക്താത്മൻ, പിറന്നന്നേ വനത്തിൽ മാതാപിതൃ-
ത്യക്ത ഞാൻ കണ്വർഷിയാലെടുത്തു പോറ്റപ്പെട്ടോൾ

മന്നനാം ദുഷ്ഷന്തനാൽ ഗാന്ധർവപരിണീത-
യെന്നുടെ ജനകനോ, വിശ്രുതൻ വിശ്വാമിത്രൻ.”

“ഞാനോ !” വിസ്മിതനായ് പോയ് താപസൻ,“തവ താതൻ-
താനല്ലോ മുനിസുതേ, നിന്നൊടിസംസാരിപ്പോൻ.

ഹാ ശരിയോർമ്മിച്ചേൻ നിന്നമ്മ മേനക” തീർണ്ണ
ക്ലേശനാമവിടെയ്ക്കും നീരുറന്നിതോ കണ്ണിൽ !

“ഞാനനുഗൃഹീതയായ് താതദർശനത്താലേ”-
ന്നാനന്ദാകുലം കാൽക്കൽ വീണ നന്ദിനിയാളെ

സത്വരം പിടിച്ചെഴുന്നേൽ‌പ്പിച്ചു നിറുകയിൽ-
പ്പത്തു നൂറുരു ഗാഢം മുകർന്നാൻ മുനിവര്യൻ.

തുടച്ചാനവളുടെ കണ്ണുനീർ വലം കൈയാൽ;
തടവിക്കൊണ്ടാൻ മന്ദം പുറത്തു മറ്റേക്കയ്യാൽ;

നൃപനാം ജാമാതാവിൻ ക്ഷേമവുമന്വേഷിച്ചാൻ;-
അപത്യവാത്സല്യമേ, വശിയും വശഗൻ തേ!

“ഓമനേ തവ പേരെ-ന്തുണ്ണി തൻ പേരും ചൊല്ലൂ;
ഭൂമീശമഹിഷി നീ വന്നതെന്തിനിക്കാട്ടിൽ?”

ഉടനേ വീണ്ടും കംബുകണ്ഠിതൻ കണ്ഠത്തിൽ നി-
ന്നിടറിപുറപ്പെട്ടിതങ്ങൊരു വീണാക്വാണം:

“പേരിട്ടാൻ ശകുന്തളയെന്നെനിക്കച്ഛൻ കണ്വൻ;
ധാരിതസർവദമനാഭിധൻ ദൌഹിത്രൻ തേ

അമ്മ തന്നനുഗ്രഹാലിദ്ദിവ്യാശ്രമമല്ലോ,
വന്മാലിലാഴുമെനിക്കീറ്റില്ലമായിത്തീർന്നു!

ആശ്രമാൽ പ്രീത്യാ താതകണ്വനാലയയ്ക്കപ്പെ-
ട്ടാശയാ കൊട്ടാരത്തിൽച്ചെന്ന ഗർഭിണിയാം ഞാൻ”

സങ്കടം പൊറാഞ്ഞവൾ തെല്ലിട തേങ്ങിക്കേണാൾ;
“സന്ത്യക്തയായേനല്ലോ, സൌ‌മ്യനാം കണവനാൽ”

പകർന്നൂ ഭാവം പെട്ടെന്നക്കാലരുദ്രാകാര-
ന്നുതിർന്നൂ മിഴിയിൽ നിന്നെരിതീപ്പൊരി മേന്മേൽ

വളഞ്ഞൂ പുരികങ്ങൾ ചുളിഞ്ഞൂ വാർനെറ്റിത്ത-
ട്ടിളകീലിലയുമങ്ങ,ടങ്ങീ കാറ്റെമ്പാടും!

“ദുഷ്ഷന്തനവനാരെന്നാരോമൽക്കുമാരിയെ-
ദ്ദുസ്സഹാവമാനത്തിൽത്തള്ളിയിട്ടുയിർക്കൊൾവാൻ?

ഇക്കരമൊന്നേപോരും കാൽക്ഷണാൽ മനുഷ്യരെ-
സ്വർഗത്തിൽ കരേറ്റാനും നരകേ വീഴിപ്പാനും!

പൌരവൻ കേട്ടിട്ടില്ലേ ത്രിശങ്കുഹരിശ്ചന്ദ്ര-
ന്മാരുടെയനുഭവം കൌശികപ്രഭാവജം?

ഒരിക്കൽ കൂടിയിതാ കണ്ടുകൊള്ളട്ടേ ലോകം
ശരിക്കിഗ്ഗാധേയന്റെ വൻ‌തപഃപ്രതാപത്തെ!

തനിയേ വേട്ടന്തർവത്നിയാം സാധുസ്ത്രീയെ-
ക്കനിവറ്റഹേതുവായ് ത്യജിച്ച ദുരാത്മാവേ!”

ബ്രഹ്മാവെത്തപശ്ശക്ത്യാ വരുത്തിച്ചാരേ നിർത്തി
ബ്രഹ്മർഷിപദം ബലാൽ വാങ്ങിയതേതൊന്നാലോ

ആ വലം കരം ക്രോധാൽ ചുരുട്ടി നെഞ്ചിൽച്ചേർത്താ-
ണീ വചസ്സാരംഭിച്ചതൂർജ്ജസ്വി വിശ്വാമിത്രൻ

ആ മുഷ്ടി മുന്നോട്ടേക്കൊന്നെറിയപ്പെട്ടാൽ തീർന്നൂ‍,
സ്വാമിവംശത്തിന്നൊട്ടുക്കിടിവാളായ് പ്പോമല്ലോ;

എന്നാലാശ്ശാപാസ്ത്രത്തെ രണ്ടുകൈകൊണ്ടും പിടി-
ച്ചെ,“ന്നെയോർത്തടങ്ങേണമച്ഛനിങ്ങെ”ന്നാൾ മകൾ:

“ഭർത്തൃനാശിനിയായിത്തീരൊലാ ഭവൽ പുത്രി
നിർദഗ്ദ്ധയായും തീരൊല്ലുഗ്രവൈധവ്യത്തിയ്യാൽ;

അച്ഛനമ്മമാർ കാലേ വെടിഞ്ഞ നിർഭാഗ്യയെ
സ്വച്ഛന്ദമുപേക്ഷിച്ചാൻ ഭർത്താവുമെന്നേ വേണ്ടൂ!

സുബഹിഷ്കൃതമായിക്കൊള്ളട്ടേയെൻ ജീവിതം;
സുതനും പുറത്തായിപ്പോകൊലാ മമ ദോഷാൽ!”

പുത്രിതൻ കണ്ണീർകൊണ്ടു കോപാഗ്നി ശമിച്ചതി-
ലെത്രയും പ്രസന്നനായഭിനന്ദിച്ചാനച്ഛൻ:

“ഭദ്രം തേ, പിടിച്ചെന്നെക്കരേറ്റി നിൻ സൌശീല്യം,
ഭർത്താവോടചിരേണ ചേർന്നാലും സപുത്ര നീ!”

"https://ml.wikisource.org/w/index.php?title=അച്ഛനും_മകളും&oldid=218553" എന്ന താളിൽനിന്ന് ശേഖരിച്ചത്