Jump to content

ഉപയോക്താവ്:Manojk/പൂമുഖം/featured text

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കൃത, ത്രേതാ, ദ്വാപര, കലി എന്നിങ്ങിനെ നാലു യുഗത്തിങ്കലും അനേകം രാജാക്കന്മാർ ഭൂമി വഴി പോലെ വാണു രക്ഷിച്ചതിന്റെ ശേഷം, ക്ഷത്രിയകുലത്തിങ്കൽ ദുഷ്ടരാജാക്കന്മാരുണ്ടായവരെ മുടിച്ചു കളവാനായിക്കൊണ്ടു ശ്രീ പരശുരാമൻ അവതരിച്ചു. എങ്കിലൊ പണ്ടു ശ്രീ പരശുരാമൻ ഇരുപത്തൊന്നു വട്ടം മുടി ക്ഷത്രിയരെ കൊന്ന ശേഷം വീരഹത്യാദോഷം പോക്കെണം എന്നു കല്പിച്ചു, കർമ്മം ചെയ്‌വാന്തക്കവണ്ണം ഗോകർണ്ണം പുക്കു, കന്മലയിൽ ഇരുന്നു, വരുണനെ സേവിച്ചു തപസ്സു ചെയ്തു, വാരാന്നിധിയെ നീക്കം ചെയ്തു, ഭൂമി ദേവിയെ വന്ദിച്ചു, നൂറ്ററുപതു കാതം ഭൂമിയെ ഉണ്ടാക്കി, മലയാളഭൂമിക്ക് രക്ഷവേണം എന്നു കല്പിച്ചു, ൧൦൮ ൟശ്വരപ്രതിഷ്ഠ ചെയ്തു. എന്നിട്ടും ഭൂമിക്കിളക്കം മാറിയില്ല എന്നു കണ്ടശേഷം ശ്രീ പരശുരാമൻ നിരൂപിച്ചു ബ്രാഹ്മണരെ ഉണ്ടാക്കി, പല ദിക്കിൽ നിന്നും കൊണ്ടുവന്നു കേരളത്തിൽ വെച്ചു. അവർ ആരും ഉറച്ചിരുന്നില്ല; അവർ ഒക്ക താന്താന്റെ ദിക്കിൽ പോയ്ക്കളഞ്ഞു. അതിന്റെ ഹേതു കേരളത്തിൽ സർപ്പങ്ങൾ വന്നു നീങ്ങാതെ ആയി പോയി; അവരുടെ പീഡകൊണ്ടു ആർക്കും ഉറച്ചു നില്പാൻ വശമല്ലാഞ്ഞതിന്റെ ശേഷം നാഗത്താന്മാർ കുറയ കാലം കേരളം രക്ഷിച്ചു, എന്റെ പ്രയത്നം നിഷ്ഫലം എന്ന് വരരുത് എന്നു കല്പിച്ചു, ശ്രീ പരശുരാമൻ ഉത്തര ഭൂമിയിങ്കൽ ചെന്നു, ആർയ്യപുരത്തിൽനിന്നു, ആർയ്യബ്രാഹ്മണരെകൊണ്ടുപോന്നു. ആർയ്യബ്രാഹ്മണർ നടെ അഹിഛത്രം ആകുന്ന ദിക്കിന്നു പുറപ്പെട്ടു സാമന്തപഞ്ചകം ആകുന്ന ക്ഷേത്രത്തിൽ ഇരുന്നു, ആ ക്ഷേത്രത്തിന്നു കുരുക്ഷേത്രം എന്ന പേരുണ്ടു; അവിടെ നിന്നു പരശുരാമൻ ൬൪ ഗ്രാമത്തെയും പുറപ്പെടീച്ചു കൊണ്ടുവന്നു നിരൂപിച്ചു, പരദേശത്ത് ഓരോരൊ അഗ്രഹാരങ്ങൾ ഗ്രാമം എന്നു ചൊല്ലിയ ഞായം അതു വേണ്ട എന്നു കല്പിച്ചു; ൬൪ ഗ്രാമം ആക്കി കല്പിച്ചു ൬൪ലിന്നും പേരുമിട്ടു.

ഹെർമൻ ഗുണ്ടർട്ടിന്റെ കേരളോല്പത്തിയിൽനിന്ന് കൂടുതൽ വായിക്കുക
എല്ലാ തിരഞ്ഞെടുത്ത ഉദ്ധരണികളും കാണൂ.