ഹേമന്തചന്ദ്രിക

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പ്രേമാർദ്രമാം യുവമനസ്സു മനസ്സിലാളു-
മാമോദനിർഝരികയിങ്കലലിഞ്ഞു മുങ്ങി,
കാമാനുകൂലപരിലാളിതയായ് ലസിക്ക
ഹേമന്തസുന്ദരസുശീതളചന്ദ്രികേ, നീ!

                   25-4-1935 ചങ്ങമ്പുഴ


വിമലതരവിജയമയ-
ഭാവിയാത്താദരം
വിരവിൽ വിരചിക്കു, മെൻ-
കല്യാണമണ്ഡപം,
പരിചരണലോലയാ-
മേതൊരാരോമലിൻ-
പദകമലസംഗമാൽ
സമ്പൂതമാകുമോ,
അപരിചിതയവളലസ-
മമരുമാരാമത്തി-
ലലരുതിരുമതിരുചിര-
കുഞ്ജാന്തരങ്ങളിൽ,
അവളിലൊരു നവപുളക-
മങ്കുരിപ്പിക്കുമാ-
റരികിലലതല്ലാവു
മത്പ്രേമഗീതികൾ!


ഇടപ്പള്ളി
29-5-1935 ഗന്ഥകർത്താ


ഗീതം ഒന്ന്

പ്രേമാനുഭൂതിക്കു മാറ്റുകൂട്ടും
ഹേമന്ദചന്ദ്രിക വന്നുപോയി.

മൂടൽമഞ്ഞാലാ വെളുത്ത നേർത്ത
മൂടുപടമിട്ടോരന്തരീക്ഷം.

അമ്പിളിപ്പൂങ്കതിർച്ചാർത്തിൽ മുങ്ങി-
പ്പൈമ്പാലലയാഴിയായി മാറി.

വെമ്പിത്തുളുമ്പും കുളുർമരുത്തിൻ
ചെമ്പകഗന്ധം വഴിഞ്ഞൊഴുകി.

മാകന്ദത്തോപ്പിലാരാക്കുയിലിൻ
ശോകമധുരമാം പ്രേമഗാനം

തൂകിയ പീയൂഷധാരയിലീ
ലോകം മുഴുവനലിഞ്ഞുറങ്ങി.

രാഗാർദ്രസല്ലാപരംഗമാമീ-
യേകാന്തനികുഞ്ജകത്തിൽ,

നിന്മടിത്തട്ടിൽ, ഞാനിപ്രകാരം
നിർവൃതിക്കൊണ്ടു കിടന്നിടുമ്പോൾ

ഏതല്ലലെന്നെത്തടഞ്ഞുനിർത്താൻ?
ഏതഗ്നിയെൻ മനം ചാമ്പലാക്കാൻ?

എന്മെയ് തലോടി നിൻ പാണിയിൽനി-
ന്നെങ്ങുമുതിരും വളകിലുക്കം,

ഏതോ നിരഘസംഗീതസാര-
സ്രോതസ്വിനിയിങ്ങൊഴുക്കിടുമ്പോൾ

ഹാ, കഷ്ടം, തൊട്ടാലെരിഞ്ഞുപൊള്ളും
ലോകപ്രശംസയിന്നാർക്കു വേണം?

എൻകവിൾത്തട്ടിൽനിന്നിത്രവേഗം
ചുണ്ടെടുക്കായ്ക നീ, യോമലാളേ!

വയ്യെനിക്കൊന്നും! ...നീയൊന്നുകൂടി-
യയ്യോ, മുറുകെപ്പുണരുകെന്നെ.

വേവുന്നു മന്മനം! ...മുന്തിരിയാൽ
വേഗം നിറയ്ക്കൂ, നിറയ്ക്കു പാത്രം!

ഹേമന്തചന്ദ്രിക മാഞ്ഞിടും മുൻ-
പോമലേ ...ജീവിതം സ്വപ്നമല്ലേ?
                               -30-12-1932

ഗീതം രണ്ട്

"പനിനീർപ്പൂവൊന്നിന്നു
നീയെനിക്കേകാമെങ്കിൽ
പകരം നിനക്കു ഞാൻ
തന്നിടാമൊരുകൂട്ടം!"

പൂപറിക്കുവാനായി-
ട്ടന്നു ഞാനുഷസ്സില-
പ്പൂവനാന്തത്തിൽച്ചെന്നു
തനിയേ നിന്നീടുമ്പോൾ,

കാമകോമളനാമ-
ത്തരുണൻ, പിന്നിൽക്കൂടി
മാമകോപാന്തത്തിങ്ക-
ലെമ്മട്ടോ കടന്നെത്തി.

ഒരു സംഭ്രമം പെട്ടെ-
ന്നൽപാൽപം വൈവർണ്ണ്യമെ-
ന്നിരുപൂങ്കവിളിലും
വീശിയിട്ടെങ്ങോ പോയി.

കണ്ടു ഞാൻ പൊടിയുന്ന-
തപ്പൊഴുതദ്ദേഹത്തിൻ
ചുണ്ടിലൊരാനന്ദത്തിൻ
സുന്ദരമന്ദസ്മിതം.

അന്തിമസന്ധ്യാനനം
മ്ളാനമായ് മാറുന്തോറും
ചന്ദ്രലേഖയിലോലും
ചന്ദ്രികാലേശംപോലെ!

ഒരുവാക്കോതാൻപോലും
നാവുപൊങ്ങാ, തെൻ ഗാത്രം
ചെറുകാറ്റിലെ മുല്ല-
വല്ലിപോൽ വിറകൊൾകെ,

കേവലം നേരമ്പോക്കായ്
കൃത്രിമസ്വരത്തി, ല-
പ്പൂവമ്പൻ പറകയാ-
ണെന്നോടീവിധം തോഴി:

"പനിനീർപ്പുവൊന്നിന്നു
നീയെനിക്കേകാമെങ്കിൽ
പകരം നിനക്കു ഞാൻ
തന്നിടാമൊരുകൂട്ടം!"

വല്ലോരും വന്നെത്തിയാ-
ലാ രംഗം കണ്ടാൽപ്പോരേ?
വയ്യാവേലയ്ക്കൊന്നിനി
വേറെ വല്ലതും വേണോ?

പണ്ടത്തെക്കുട്ടിക്കളി-
യിനിയും കൈവിട്ടിട്ടി-
ല്ലുണ്ടതിൻ പൊടിക്കൈകൾ
ചിലതിപ്പൊഴും കൈയിൽ!

പൂ കൊടുക്കാതദ്ദേഹം
പോകില്ല, 'പകര' ത്തി-
നുണ്ടപ്പോ 'ളൊരുകൂട്ടം',

എന്തുചെയ്തീടും, തോഴി?-
വിഷമിച്ചു ഞാൻ, നാനാ-
ചിന്തകൾ പൊങ്ങിപ്പൊങ്ങി-
ത്തുടിച്ചു മമ ചിത്തം.

എന്നി, ലന്നത്തെ-കുട്ടി-
ക്കാലത്തെ-യധികാരം
തന്നെ, യെങ്കളിത്തോഴ-
നുണ്ടെന്നാണിന്നും ഭാവം.

പ്രണയം മൂളും പക്ഷേ,
സമ്മത, മെന്നാലും, നിർ-
ഘൃണമായ് മറ്റൊന്നില്ലേ?-
ലോകനീതിയാം വ്യാഘ്രം!

ആയതിൻ ദുരാചാര-
ദംഷ്ട്രകൾ, താരുണ്യത്തിൻ
ന്യായഗദ്ഗദം കേട്ടാൽ
വിടുമോ, നൈർമ്മല്യത്തെ?

ഏതു സത്യവും മൂടാ-
നതിനുണ്ടല്ലോ കൈയിൽ
പീതമാമൊരു വസ്ത്രം;
ജീർണ്ണിച്ചോരപമാനം.

ഞാനതു ചാർത്താമെന്റെ
ജീവനാഥനുവേണ്ടി
മാനസം മദീയം, ഹാ,
രാഗനിർമ്മലമല്ലോ!

ഉടനേ മുന്നിൽപ്പൂത്തു-
നിന്നൊരാപ്പനിനീർപ്പൂ-
ച്ചെടി ചായ്ച്ചൊരു പൂവു
പൊട്ടിച്ചു സമ്മാനിച്ചേൻ!

"പകരം തരാനിതാണെ"-
ന്നുചൊ, ന്നൽപം നീങ്ങി
സ്വകരത്താലെൻ ശിര-
സ്സുയർത്തി, പ്രേമോന്മത്തൻ-

തോഴി, നീ തലതാഴ്ത്തു-
ന്നെന്തിനാ, ണെനിക്കൊരു
കോഴയും തോന്നീലപ്പോ-
ളെന്നല്ല, ജാതാമോദം,

തദ്ഗളനാളത്തിലെൻ-
കരവല്ലികൾ കോർത്തു
ഗദ്ഗദസ്വരത്തിൽ, ഞാൻ
ചൊല്ലിനേനിതുമാത്രം:

"പൂവതു ... ഞാൻ തന്നതു ...
വാടിപ്പോം!- എന്നാ ...ലെന്റെ
ജീവനിൽ ... ഭവാൻ ചേർത്ത
പുളകം ... മായില്ലല്ലോ!"
                               -7-10-1933

   ഗീതം മൂന്ന്

കുളിർവനികയിൽ നീയും സഖികളും
കുറുമൊഴികൾ നനച്ചുല്ലസിക്കവേ;-

അരികിലായി നിന്നോമനപ്പേടമാൻ
കറുകനാമ്പും ചവച്ചുനിന്നീടവേ

ഉദയകാന്തിയൊഴുകിയപ്പൂവനം
ഹൃദയമോഹനം ലാലസിച്ചീടവേ;-

അവിടെ, നിന്മണിമേടയി, ലെത്തി ഞാൻ
തവ സഹോദരസന്ദർശനോത്സുകൻ!

ഝടിതി മൺകുടം താഴെയിട്ടോടിയ-
ച്ചെടികളിൽച്ചെന്നൊളിച്ചു നീയെങ്കിലും

കനകപഞ്ജരാന്തസ്ഥയാം ശാരിക
കളരവങ്ങളാൽച്ചെയ്തു മാം സ്വാഗതം!

സരസസത്കാരലോലനാം നിൻപ്രിയ-
സഹജ, നെൻമുഖം ദർശിച്ചമാത്രയിൽ,

വിരവിലോടിയണഞ്ഞെൻകരം ഗഹിച്ചൊരു
മണിമച്ചിലെന്നെ നയിക്കയായ്,

വിവിധസംഭാഷണാഹ്ലാദപൂർവ്വക-
മവിടെ ഞങ്ങളിരിക്കുന്നവേളയിൽ,

മണിനിനദമെന്നോണം, വെളിയിൽ, നിൻ-
മധുരഹാസം ലയിച്ചു പലപ്പൊഴും!

ജനലിലൂടെ ഞാൻ നോക്കുമ്പൊഴൊക്കെയും
കനകവിദ്യുല്ലതപോലൊളിച്ചു നീ!

മലർവനികയിൽ നിൽക്കുന്ന നിന്നെ, യെൻ-
മനസിലന്നേ കുരുക്കിക്കഴിഞ്ഞു ഞാൻ.

പ്രതിഭപോലെഴും നിന്നംഗസൌഭഗം
പ്രതിഫലിച്ചിതെൻ സ്വപ്നരംഗങ്ങളിൽ.

അനുദിന, മന്നുതൊട്ടു, നിൻമേടയി-
ലണയുവാനെനിക്കുണ്ടായി മോഹവും.

അവസരം നൽകി, നീയെനിക്കോമലേ,
തവ സഹജന്റെ ജീവനായ്ത്തീരുവാൻ.

സുദൃഢമാക്കി ഞാൻ, യാഡൃച്ഛികാദിത-
ഹൃദയബന്ധമതാത്മതന്തുക്കളാൽ!

ഒരുവശത്തെന്തൊരത്ഭുതസൌഹൃദം!
മറുവശത്തോ!-മധുരപ്രണയവും ...
                               -19-2-1933

  ഗീതം നാല്

അനുദിനം വിദ്യാലയത്തിലേക്ക-
ക്കനകാംഗി പോകുന്നതീ വഴിയാം.
പുലർകാലത്തൂമഞ്ഞു തേഞ്ഞുമാഞ്ഞ-
ങ്ങിളവെയിലെങ്ങും പരന്നിടുമ്പോൾ;

വഴിവക്കിലോരോരോ തൈമരങ്ങൾ
കുളിർകാറ്റിലാഞ്ഞാഞ്ഞിളകിടുമ്പോൾ;

പരിചേലും കാനനമുല്ലകൾതൻ
പരിമളം മാഞ്ഞുതുടങ്ങീടുമ്പോൾ;

ഒരുകൈയിൽ നാലഞ്ചു പുസ്തകവും
മറുകൈയിൽ കൊച്ചുകുടയുമായി,

ഇതിലേ കടന്നു നടന്നുപോമ-
പ്പുതുതായ്പ്പൂമൊട്ടിട്ട മുല്ലവല്ലി!

അവിടെ, യെൻ വീട്ടിൻപടിക്ക, ലൊറ്റ-
യ്ക്കവളെയും നോക്കി ഞാൻ കാത്തുനിൽക്കും.

അവിടെ ഞാൻ നിൽപതു കണ്ടുപോയാ-
ലവളുട, നെന്തോ, തല കുനിക്കും.

ക്ഷണമൊരു നേരിയ മന്ദഹാസ-
മണയുമച്ചെന്തളിർച്ചുണ്ടുകളിൽ.

വികസിക്കും രണ്ടു നുണക്കുഴിയാ
വിമലാംഗിതൻ പൂങ്കവിളിണയിൽ!

അരികിലണഞ്ഞാൽ, തല ചെരിച്ചൊ-
ന്നവളെന്നെ മന്ദമൊളിഞ്ഞുനോക്കും.

അകലെ, യാ നേർവഴിപ്പാത രണ്ടായ്-
ത്തിരിയും മരച്ചോട്ടിലെത്തുവോളം,

ഒരുവശത്തൽപമുയർന്നുനിൽക്കും
പുരവേലിയെന്നെ മറയ്ക്കുവോളം,

ഭരിതാനുമോദമിടയ്ക്കിടയ്ക്കാ-
ത്തരളാക്ഷി, യെന്നെത്തിരിഞ്ഞുനോക്കും!

നടരെല്ലാം വേർപെട്ട രംഗകമ്പോ-
ലിടവഴി ശൂന്യമായ് മാറ്റി, യേവം,

വിരവിലെൻ ദൃഷ്ടിപഥത്തിൽനിന്നാ-
സ്സുരഭിലസ്വപ്നം മറഞ്ഞുതീർന്നാൽ,

കൃതകൃത്യനായപോൽ, പിന്നെ, ഞാനെൻ-
സദനത്തിലേക്കു മടങ്ങിപ്പോരും! ...

അഭിനയിക്കാതില്ലൊരുദിനമി-
ച്ചപലമാമേകാങ്കനാടകം ഞാൻ!

അവനതമൌലിയായ്, മുന്നിലൂട-
ബ്ഭുവനൈകഭാഗ്യം കടന്നുപോകേ;

ഹൃദയത്തിൻസ്വസ്ഥത വിശ്രമിപ്പോ-
രതിഗൂഢമാകുമഗാധതകൾ,

തരിതരിപ്പിക്കുമാറെങ്ങുനിന്നോ
വരുമൊരു മായികരോമഹർഷം!-

അറിയാതെന്നാത്മാവിലപ്പൊ, ളേതോ
നിരഘമാം നിർവ്വൃതി സഞ്ചരിക്കും! ...

അതുമാത്രമാശിച്ചാണാ വഴിയി-
ലവളെയും കാത്തു ഞാൻ നിൽപതെന്നും.
                               -29-2-1932

  ഗീതം അഞ്ച്

അത്തരംഗിണിതൻ തടത്തി, ല-
പ്പുത്തിലഞ്ഞിത്തണലിലായ്

വിശ്രമിക്കുകയായിരുന്നു ഞാ-
നുച്ചനേരമന്നേകനായ്.

അപ്പൊരിവെയ്ലിൽക്കത്തിയാളിയാ
മൽപ്പരിസരമണ്ഡലം.

വൃക്ഷശാഖയിൽ വിശ്രമിക്കയായ്-
പ്പക്ഷിവൃന്ദം നിരാതപം.

കാട്ടുപുല്ലുകൾക്കുള്ളിലായൊളി-
ഞ്ഞാട്ടിടയനുറക്കമായ്!-

മന്ദ, മപ്പോളെൻ മുന്നിലായൊരു
മൺകുടവുമായെത്തി നീ.

അത്ഭുതാവഹമാമൊരാനന്ദ-
സ്വപ്നമായ് നിന്നെക്കണ്ടു ഞാൻ!

തമ്മിലൽപമിടഞ്ഞു നമ്മുടെ
കൺമുനകളെന്തിനോ!

ആനതാസ്യയായ് വെള്ളവും മുക്കി
നീയുടനേ തിരിച്ചുപോയ്.

ദൂരെ നീ പോയ്മറഞ്ഞിടുംവരേ-
യ്ക്കോമനേ, നിന്നെ നോക്കി ഞാൻ!

മന്ദമന്ദമനുപദം തവ
മഞ്ജുമഞ്ജീരശിഞ്ഞിതം

സദ്രസമകലത്തുനിന്നടു-
ത്തെത്തിടുന്നതായ്ത്തോന്നി മേ;

വിസ്മൃതിവിട്ടുയർന്നിടും ചില
സുസ്മരണകള്മാതിരി.

അമ്മനോഹരചിന്തയി, ലൊന്നു
കണ്ണടയ്ക്കുവാൻ നോക്കി ഞാൻ! ...

ചൂടുതാണു, വെയിലുപോയ്, മൃദു-
പാടലാഭമായ് വാനിടം.

മർമ്മരംവീശി മന്ദവായുവിൽ
മഞ്ജരിതലതാളികൾ.

എന്മയക്കം കഴിഞ്ഞു;-തെല്ലിട
കണ്മിഴിച്ചു കിടന്നു ഞാൻ.

ചുറ്റുപാടും പരന്നു നേരിയ
പുഷ്പസൌരഭവീചികൾ.

ഉജ്ജ്വലിക്കയായ് കൊച്ചുമേഘങ്ങൾ
പശ്ചിമാംബരവീഥിയിൽ.

സാവധാനമെണീറ്റനന്തര-
മാവഴി ഞാൻ മടങ്ങിനേൻ.

അപ്പൊഴുതെന്നിൽ, ത്തപ്തചിന്തയൊ-
ന്നുത്ഭവിപ്പതായ്ത്തോന്നി മേ.

ഹേതുവില്ലാതെൻ മാനസം വൃഥാ
വേദനിച്ചു മധുരമായ്.

ഇപ്രപഞ്ചമറിഞ്ഞിടാതെന്നി-
ലുത്ഭവിച്ചൊറ്റമാത്രയിൽ,

നാദമില്ലാതടർന്നുപോയ്ച്ചില
രോദനത്തിൻകുമിളകൾ!

മന്ദമന്ദം തിരക്കിയെന്തിനോ
മന്മനമിദമാരെയോ:

"എങ്ങുപോയി നീ? ...എങ്ങുപോയി നീ-
യെന്മനോഹരസ്വപ്നമേ?"
                               -9-12-1933

      ഗീതം ആറ്

മല്ലിക, യവൾ മഹാ-
കള്ളിയാ, ണബദ്ധത്തി-
ലെല്ലാം ഞാനവളോടു
പറഞ്ഞുമ്പോയി!

ഇങ്ങിതാ വരികയാ-
ണാളിമാർ ഞാനിനിയൊ-
ന്നെങ്ങനെയവരുടെ
മുഖത്തു നോക്കും?

എള്ളോളം നാണമില്ലാ-
തിന്നവൾ, വെറും പച്ച-
ക്കളങ്ങളവരോടു
പറഞ്ഞിരിക്കാം.

ഉല്ലാസഭരിതരാ-
യെല്ലാരുമതു കേട്ടു
സല്ലീലം കരം കൊട്ടി-
ച്ചിരിച്ചിരിക്കാം.

ഇന്നവർ മാറിമാറി
വന്നിനി ക്കളിയാക്കി-
ക്കൊന്നിടും കനിവില്ലാ-
തെന്നെ നൂനം! ...

"എന്നിട്ടിതൊന്നുന്തന്നെ
ഞങ്ങളോടുരിയാടാ-
തിന്നോളം കഴിച്ച നീ
കേമിതന്നെ.

കേവലമൊരു ശുദ്ധ-
പാവമെന്നല്ലോ ഞങ്ങ-
ളേവരും നിന്നെ, ക്കഷ്ടം,
ധരിച്ചിരുന്നു!

നീയും നിൻ പ്രണയവും
പ്രേമലേഖനങ്ങളും
പൂവല്ലിക്കുടിലിൽ നിൻ
കാത്തിരിപ്പും;

നിത്യവും ദിനാന്തത്തിൽ
പൂ പറിക്കുവാനെന്ന
സത്യവാചകമൊന്നു
മൊഴിഞ്ഞശേഷം

ഞങ്ങളെ വിട്ടുപിരി-
ഞ്ഞൊറ്റയായ് പ്പൂവനത്തി-
ലങ്ങിങ്ങായെഴുന്ന നിൻ-
വിഹരണവും!-

എങ്കിലു, മന്നുതന്നെ-
യീ നിഗൂഢോത്സവങ്ങൾ
ശങ്കികാതിരുന്നില്ല
ഞങ്ങളാരും

അത്ഭുത, മിതുവരെ
ഞങ്ങളെയിവയിലൊ-
രൽപവുമറിയിക്കാ-
തിരുന്നല്ലോ, നീ!

ഒട്ടുനാൾ ഞങ്ങൾതേടി-
ക്കണ്ടിടാഞ്ഞതിൻ തുമ്പു
കിട്ടിപ്പോയ്!-ഇനി, നിന്നെ
വിടില്ല ഞങ്ങൾ! ..."

ഈവിധത്തിലിന്നവ-
രേവരും ഹൃദയത്തിൽ
ഭാവനാസരണികൾ
തെളിച്ചിരിക്കും!-

സദ്രസമതിലെല്ലാം
സസ്മിതം പല പല
ചിത്രങ്ങളനുക്രമം
രചിച്ചിരിക്കും!-

ഇങ്ങിതാ വരികയാ-
ണാളിമാർ, ഞാനിനിയൊ-
ന്നെങ്ങനെയവരുടെ
മുഖത്തു നോക്കും?

മല്ലിക, യവൾ മഹാ-
കള്ളിയാ, ണബദ്ധത്തി-
ലെല്ലാം ഞാനവളോടു
ചൊല്ലിയല്ലോ!
                               -29-1-1933

  ഗീതം ഏഴ്

നീ മുഖം താഴ്ത്തിയിരിപ്പതെന്ത-
ത്താമരപ്പൊയ്കക്കടവുകല്ലിൽ?

ആളുമുൽക്കണ്ഠയാൽ നിന്നരികി-
ലോളങ്ങളോരോന്നായോടിയെത്തി,

കേളിനീരാട്ടിനിറങ്ങുവാൻ, നിൻ-
കാലുപിടിച്ചു വിളിക്കയല്ലീ?

സുന്ദരി, മന്ദിതചേഷ്ടയായ് നീ-
യെന്നിട്ടുമെന്തേ മടിച്ചിരിപ്പൂ!

സൂരനുയർന്നു, വെയിലുമൂത്തു,
വാരിളങ്കാറ്റിൽത്തണുപ്പു മാഞ്ഞു.

ദൂരത്താക്കുന്നിന്മുടിയിൽനിന്നു-
മോരോന്നായ് മേഘമുയർന്നകന്നു.

ആമന്ദം ജോലിത്തിരക്കുകളിൽ
ഗാമം മുഴുവനും വ്യാപരിച്ചു.

നീ മുഖം താഴ്ത്തിയിരിപ്പതെന്ത-
ത്താമരപ്പൊകക്കടവുകല്ലിൽ?

ആരോമലേ, നിൻ മനോവിഹംഗം
പാറിപ്പറക്കുന്നതേതു രംഗം?

ഹാ, തവ സങ്കൽപം വിശ്രമിപ്പ-
തേതു ഗന്ധർവ്വലതാനികുഞ്ജം?

പിന്തിരിഞ്ഞേവം നീ കാത്തിരിക്കു-
മുൽപലസായകനേതു ധന്യൻ?

തെല്ലകലത്താ വനത്തിൽനിന്നും
മെല്ലെപ്പുറപ്പെടും വേണുഗാനം,

സഞ്ചലശോണിമ നിൻ കവിളിൽ
സഞ്ജനിപ്പിക്കുവാനെന്തു ബന്ധം!

ആ മോഹനാംഗനാമാട്ടിടയ-
നാരോമലേ, നിനക്കാരൊരുവൻ?

നാലുപാടും നീ പകച്ചുനോക്കി
നാണം കുണുങ്ങുന്നതെന്തിനേവം?

നീയറിയുന്നീലേ, വൈകി നേരം
നീരാട്ടിനിന്നിയുമെന്തമാന്തം?
                               -3-3-1933

   ഗീതം എട്ട്

കഴിഞ്ഞകാലത്തിൻ മൃദുലസൌരഭം
വഴിഞ്ഞൊഴുകു, മെൻ ചപലചിന്തകൾ,

ഇനിയുമോമലേ, വരികയാണു നിൻ
പ്രണയഭിക്ഷയ്ക്കുമിരന്നനാരതം,

അവയ്ക്കു വിശ്രമമരുളുകിന്നു, നി-
ന്നനുമതിയുടെ മടിയിലൊന്നു നീ!

അയി മനോരമേ, യറിയ, നിന്നിൽനി-
ന്നരുതെനിക്കൊന്നുമൊളിച്ചുവെയ്ക്കുവാൻ.

ഇതിനുമുൻപു ഞാൻ പലേതവണയും
ശിഥിലമായൊരെൻ ഹൃദയമീവിധം,

പരമനഗ്നമായ് വലിച്ചെറിഞ്ഞു, നിൻ
പരിഭവത്തിന്റെ പദതലങ്ങളിൽ!-

ഇനിയു, മെന്നിട്ടു, മൊരുക്കമില്ല നീ-
യനുശയത്തിലൊന്നിഴഞ്ഞുചെല്ലുവാൻ.

അമിതകോപത്താ, ലറിഞ്ഞിടാതെ, നി-
ന്നധരപല്ലവം വിറച്ചിടുമ്പൊഴും,

പനീരലരെതിർക്കവി, ളരുണിമ
പതിന്മടങ്ങായി, ത്തുടുത്തിടുമ്പൊഴും,

അനുനയം വന്നു തുളുമ്പുമെന്മിഴി-
യനുഭവിക്കയാണൊരു നവോത്സവം!

കുറവതില്ല നിൻ വശീകരത്വ, മി-
ക്കുപിതഭാവം നീ വരിക്കിലും സ്വയം?

അലമലസമായരിമപ്പൊന്നല-
'രരുതരുതെ' ന്നു വിലക്കുമെങ്കിലും,

ഉടനതുകേട്ടു വൃഥാ നിരാശനായ്
മടങ്ങിപ്പോകാറില്ലൊരു മധുപവും!

കഴിഞ്ഞതൊക്കെയും കഴിഞ്ഞു-മേലിലി-
ക്കലഹരംഗത്തിൽ കടന്നിടേണ്ട നാം!

പരമഗൂഢമാം സ്വകാര്യമൊന്നു ഞാൻ
പറഞ്ഞിടാം!-വരികരികിലോമലേ! ...
                               -2-9-1932

  ഗീതം ഒൻപത്

മമ ജീവനായകൻ വന്നുപോയി,
മണി വീണ വേഗം മുറുക്കു തോഴി!

സുലളിതസൌവർണ്ണതാലമൊന്നിൽ
സുരഭിലതാംബൂലം സജ്ജമാക്കൂ!

വിധുരത വിട്ടാച്ചഷകമൊന്നിൽ
മധുരപാനീയം പകർന്നെടുക്കൂ!

ഇടയില്ലെനിക്കിനിയൊന്നിനും-ഞാ-
നിടറും കാൽവെപ്പാലങ്ങോടിയെത്തി,

പ്രണയസ്മിതങ്ങളാൽ സ്വാഗതം ചെ-
യ്തണിമച്ചിൽ പൂജിച്ചിരുത്തിടട്ടെ!

സഖി, നീയദ്ദേഹത്തെസ്സത്കരിക്കാൻ
സകലതും വേഗത്തിൽ സജ്ജമാക്കൂ! ...

അകലെ, യദ്ദേവൻ കയറിയെത്തും
ശകടചക്രോത്ഥകധൂളിയല്ലേ,

ഉടനുടനവ്യക്തചിന്തകൾപോ-
ലുയരുന്നതന്തരീക്ഷത്തിലെല്ലാം?

പ്രതിമാത്രം ദൂരത്തു കേൾപ്പതെ, ന്താ-
ക്കുതിരക്കുളമ്പടിയൊച്ചയല്ലേ?

മതിയിനിശ്ശങ്കവേ, ണ്ടെത്തുവതാ
മദനമനോഹരൻതന്നെ, തോഴി!

ഇതു കഷ്ട, മെന്തെനിക്കാവതില്ലെൻ-
ഹൃദയത്തുടിപ്പൊന്നടക്കിനിർത്താൻ!

ഇടറുന്നെൻകാലുകൾ-നെറ്റി, നോക്കൂ
കുടുകുടെ, ക്കഷ്ടം, വിയർത്തുപോയി!

തെരുതെരെപ്പായുന്നു മിന്നലോരോ
സിരയിലും!-ഞാനിനിയെന്തുചെയ്യും?

ഒരുവാക്കു, വേണ്ട പോ, ട്ടക്ഷരമൊ-
ന്നരുളുവാൻപോലുമശക്തയായ് ഞാൻ!

ഇതുവിധം സംഭ്രമിച്ചിങ്ങു നിന്നാൽ
മതിയിലെന്നോടെന്തു തോന്നുമാവോ!

പരിഭവമെൻ നാഥനില്ല-തോഴി,
പറയുകെന്നോ, ടെന്തുചെയ്യണം ഞാൻ? ...
                               -25-8-1933

  ഗീതം പത്ത്

അൽപഭാഗ്യ ഞാ, നത്ഭുതാംഗ, നിൻ-
സ്വപ്നസൌധത്തിലെങ്കിലും,

മൽപ്രണയലഹരിയാലൊരു
പുഷ്പതലം രചിക്കുകിൽ!

കണ്ണുനീരിലലിഞ്ഞുചേരുമീ
മന്മനോരാഗസൌരഭം,

നീയിനിയുമറിഞ്ഞിടാത്തതിൽ
നീരസം ലേശമില്ല മേ!

ചാരുഹേമന്തം തീരും ചന്ദ്രികാ-
ധാരയൊക്കെയും മാഞ്ഞുപോം;


മണ്ണടിഞ്ഞു മറയു, മിക്കുളിർ-
മഞ്ജുമുല്ലമലരുകൾ-

ഉൾപ്പുളകദമായിടുന്നൊരീ-
യുത്സവകാലമീവിധം,

ഹന്ത, നാം തപ്തചിന്തയാൽ, പാഴിൽ
സന്ത്യജിക്കുന്നതെന്തിനായ്?

വെണ്മലരണിപ്പട്ടുമെത്തയി-
ലെന്മടിയി, ലനാമയം,

വീണവായന കേട്ടു കേട്ടു നീ
വീണുറങ്ങുന്നവേളയിൽ,

തെല്ലകലെയാ വല്ലകി വെച്ചു
മെല്ലെയെൻ കരവല്ലിയാൽ,

അച്ചെറുമൃദുകുന്തളച്ചുരു-
ളാത്തമോദം തടവിയും,

ഉമ്മവെച്ചുവെച്ചാ മനോഹര-
ഗണ്ഡയുഗ്മം തഴുകിയും,

രാഗലോലയെനിക്കൊരു വെറും
രാവുമാത്രം കഴിയുകിൽ!

കോമളോൽഫുല്ലതാരകൾ മാഞ്ഞു
കോടക്കാർമൂടി വാനിടം,

ഈ വിജനനികുഞ്ജകത്തിലെൻ
ദേവ, ഞാനേവമേകയായ്,

ത്വത്സമാഗമം കാത്തുകാത്തിനി-
യെത്രനേരം കഴിയണം?

ആടലാർന്നീടുമെൻ മനസ്സുപോൽ
വാടുമീ മുല്ലമാലയും

പേറി, ഞാനിതാ പോകയാ, ണശ്രു-
ധാരയിൽ വീണ്ടും മുങ്ങുവാൻ!

എന്നൊരുരാവിലെങ്കിലും ഭവാ-
നെന്നരികിലണയുകിൽ,

അന്നൊരാനന്ദസുസ്മിതത്തിലി-
ക്കണ്ണുനീർ ഞാൻ പൊതിഞ്ഞിടാം! ...
                               -1-2-1933

 ഗീതം പതിനൊന്ന്

അല്ലണിവേണി കെട്ടിവെച്ചുള്ളിലീ
മുല്ലമാല ഞാൻ ചൂടിച്ചിടട്ടെയോ?

ചുംബനങ്ങളാൽ പേർത്തുമിച്ചെന്തളിർ-
ച്ചുണ്ടുരണ്ടും ചുവപ്പിച്ചിടട്റ്റെയോ?

കോമളാശ്ലേഷധാരയാൽ നിന്നെ, ഞാൻ
രോമഹർഷത്തിൽ നീന്തിച്ചിടെട്ടയോ?

ചൊൽകയേ, മൽപ്രിയേ, നിൻ കുളിരുടൽ
പുൽകി ഞാനൊരു ഗാനമാകട്ടെഓ?

അന്യനാണോ വരാംഗി ഞാ, നേവമെൻ-
മുന്നിൽ നിന്നിത്ര നാണം കുണുങ്ങുവാൻ?

തട്ടിമാറ്റുമാറില്ലൊരു പുഷ്പവും
തൊട്ടു ചുറ്റും പറക്കുന്ന വണ്ടിനെ,

എത്രയോമൽ സ്വകാര്യങ്ങളാണതു
വിസ്തരിളതത്താരിൻചെവികളിൽ!

ഇല്ലതിനൊരു ലജ്ജയും, തന്നടു-
ത്തുല്ലസിപ്പതിനിഷ്ടമില്ലായ്കയും,

പട്ടുസാരി ഞാൻ നേരെയാക്കാം-ഇതാ
ഞെട്ടി, ദൂരത്തൊഴിഞ്ഞുകഴിഞ്ഞു നീ!

തല്ലിടൊല്ലേവമെന്നെ നീ ദൂരെ നി-
ന്നുല്ലസന്മൃദുചില്ലിക്കൊടികളാൽ!

ചേലിലാലോല നീലാളകാളികൾ
കേളിയാടുമിക്കോമളനെറ്റിയിൽ,

ഉദ്രസം സമ്മതിച്ചാലുമിന്നൊരു
കൊച്ചുകുങ്കുമപ്പോട്ടണിയിക്കുവാൻ!

മഞ്ഞുതുള്ളികൾ വീണു വിരിഞ്ഞിടും
മഞ്ജുവാമൊരു ചെമ്പനീർപ്പൂവുപോൽ,

വേർപ്പു ചിന്നിപ്പൊടിഞ്ഞാത്തലജ്ജയാൽ
ചോപ്പിരട്ടിച്ചൊരിക്കവിൾത്തട്ടുകൾ,

പ്രാതിനിധ്യം വഹിക്കയല്ലല്ലി, നിൻ
മേദുരസ്നേഹചിന്തകൾക്കൊക്കെയും?

ഞാനറിഞ്ഞുകഴിഞ്ഞേനവയിലെ-
ഗ്ഗാനസാന്ദ്രമാം സന്ദേശമോമലേ!

ചന്ദ്രലേഖ കിളർന്നൊരു നേരിയ
ചന്ദ്രിക വീണുലാവിയെല്ലാടവും,

നാമിരുവർ തനിച്ചായ്-വെളിയില-
ഗാമമെല്ലാമൊതുങ്ങിയുറക്കമായ്

എണ്ണ തീർന്നു വിളക്കിൽ-പിടയുമ-
സ്സ്വർണ്ണദീപം ക്ഷണത്തിൽ പൊലിഞ്ഞുപോം.

പിന്നെ?-യെന്തിനിനിയും നമിപ്പതി-
സ്സുന്ദരാനനം, ലജ്ജാവിവർണ്ണമായ്? ...
                               -2-6-1932

     ഗീതം പന്ത്രണ്ട്

ഏകയാ, യനുപദശിഞ്ജിത-
വിലോലയായ്,
പോകുന്നതെവിടെ നീ
പൂനിലാവേ?

സാരിത്തുമ്പിനാൽ, മുഖസാരസം
മറച്ചു നീ
സാവധാനമായേവം
നടന്നുപോകെ,

എന്തെല്ലാം സുഖമയചിന്തകാ-
ളിളകി, യാ
മൺതരികളുംകൂടി-
സ്സുഖിച്ചിരിക്കാം!

ചെന്തളിരിതളൊളിച്ചുണ്ടിലാ-
യിടയ്ക്കിടെ-
ച്ചിന്തുമാ മനോഹര-
മധുരസ്മേരം,

ഒത്തില്ല കുക്കുത്തിക്കിത്രനാൾ
പഠിച്ചിട്ടു-
മിത്തിരിപോലുമൊന്നു
പകർത്തിവെയ്ക്കാൻ

ജാതകൌതുകം നിനക്കാതിത്ഥ്യ-
മരുളിയ-
തേതൊരു വസന്തശ്രീ-
യായിരിക്കാം?

ഗീതികേ, രൂപമില്ലാതിത്രനാൾ
നീയിരുന്ന-
തേതു വൃന്ദാവനത്തി-
ലായിരുന്നു?

താരുണ്യമടുത്തെത്തിത്താലോലി-
ച്ചിദം, തവ
താരെതിരുടല്വല്ലി
തളിർത്തുനിൽക്കെ,

ചഞ്ചലയുവജനസഞ്ചയ-
വിലോചന-
ചഞ്ചരീകങ്ങളോരോ-
ന്നരികിലെത്തി,

ത്വൽപദപരിചര്യാതത്പര-
തയാലെത്ര
കൽപിതനിവേദനം
പൊഴിച്ചിരിക്കാം!

മന്നിന്റെ മടിത്തട്ടിൽ മന്ദ-
മടർന്നുവീണ
വിണ്ണിലേക്കിരണമേ,
വിസ്മയമേ,

സങ്കൽപസുഖസ്വപ്നസഞ്ചയ-
സുരഭില-
സങ്കേതരംഗകമേ,
സൌഭഗമേ,

കേവലസ്വപ്നതുല്യമീവിധ-
മിത്രവേഗം
പോവല്ലേ, പോവല്ലേ നീ
പൂനിലാവേ! ...

സൌന്ദര്യദേവതേ, നിൻ മുന്നിലെൻ-
ഹൃദയത്തിൽ
സൌവർണ്ണകസുമങ്ങൾ
നിരത്തിവെയ്ക്കാം.

നിഷ്ക്കളങ്കപ്രണയത്തിൻ പട്ടുനൂ-
ലിലാ മല-
രൊക്കെ, ഞാങ്കൊരുത്തൊരു
മാലകെട്ടാം.

ആ മലർമാലിക നിൻകണ്ഠത്തി-
ലണിഞ്ഞിട്ടീ
രോമഹർഷത്തിനെ, ഞാൻ
യാത്രയാക്കാം!

ജന്മജന്മാന്തരത്തിലെങ്ങാനു-
മൊരുപക്ഷേ,
നമ്മുടെ പരിചയം
മാഞ്ഞുപോയാൽ-

അന്യൂനപ്രണയികൾ നമ്മള-
ന്നിരുവരു-
മന്യോന്യമറിഞ്ഞിടാ-
തന്യരായാൽ-

നിശ്ശബ്ദനിമേഷങ്ങളോരോന്നു-
മടുത്തെത്തി,
നിശ്ശങ്കം നമ്മെ നോക്കി-
ക്കടന്നുപോയാൽ-

കഷ്ട, മിക്കർമ്മബന്ധമെന്തിനോ
നമ്മെക്കൂട്ടി-
മുട്ടിച്ചതിജ്ജഗത്തി-
ലിപ്രകാരം?

അയ്യയ്യോ, സഹിക്കാവൊല്ലന്നത്തെ
വിരഹങ്ങൾ
വയ്യവ, യ്യതിനു നാം
മുതിർന്നുകൂടാ!

വിസ്മരിക്കുവാനാകാത്ത
വിധം, ചില
വിദ്യുല്ലതികകളാൽ
വരിന്നുകെട്ടി,

വിസ്മയസ്മിതങ്ങൾ, നമ്മുടെ
ഹൃദയങ്ങൾ
വിസ്തൃതപ്രപഞ്ചത്തിൽ
വിട്ടശേഷം,

തമ്മിലൊരവസാന ചുംബന-
ത്തോടും കൂടി
നമ്മൾക്കിരുവഴിയായ്
പിരിഞ്ഞുപോകാം! ...

സൌരയൂഥത്തിൽ, ശതസംവത്സ-
രങ്ങൾകൂടി
സ്സൌവർണ്ണതേജോഗാള-
യുഗളമേകും,

സന്തതഭ്രമണത്തിൽ, വല്ല ദി-
ക്കിലുംവെച്ചു
ചിന്തിയാതൊരുനോക്കു
കണ്ടിടുംപോൽ,

വീണ്ടും നാം കണ്ടുമുട്ടാം, വീണ്ടും നാം
വിസ്മയിക്കാം
വീണ്ടും നാം വിരഹത്തിൽ
മറഞ്ഞു മായാമ്മ്!

അങ്ങനെ, യനശ്വരമാകുമൊ-
രനുരാഗ-
മംഗളതീർത്ഥാടനം
നമുക്കു പോരും!

പാവനപ്രണയത്തിൻ പാലൊളി-
ക്കതിർവീശി-
പ്പോവുക, പോവുക നീ
പൂനിലാവേ! ...
                               -25-2-1934

 ഗീതം പതിമ്മൂന്ന്

അസിതമേഘപരീതമാണംബര-
മയി പഥിക, നിനക്കു പോകണമോ?

മദനമോഹന, മംഗളദർശന,
മഴ നനയേണ്ടതല്ല നിൻ വിഗഹം.

സഹജനൊത്താ വരാന്തയിൽ, മെത്തയിൽ,
സസുഖവിശ്രമം കൈക്കൊൾകസാദരം.

പുലരിവന്നു പുണർന്നു ജഗത്തിനെ-
പ്പുളകപാളിയിൽ മൂടുന്നവേളയിൽ,

ഒരു സുഖലഘുഭക്ഷണാനന്തരം
പിരിയുകിലെനിക്കില്ല വിസമ്മതം.

തരുണതയിൽ കുലീനതലീനമായ്-
ത്തിരതുളുമ്പുന്ന നിൻ മോഹനാനനം

ഇവിടെനിന്നു നീ വേർപിരിഞ്ഞീടിലു-
മിനിയൊരിക്കലും വിസ്മരിക്കില്ല ഞാൻ.

അതുവിധമതിൽ ബിംബിപ്പതുണ്ടൊരു
മതിമയക്കുന്ന മാന്ത്രികസൌഭഗം!

ഇരുളിലൊറ്റയ്ക്കലയേണ്ടതല്ല നീ-
യിവിടെനിന്നുപോയോ, മൽക്കിരണമേ!

സുലളിതസ്വപ്നലോലുപമാമൊരു
സുഖസുഷുപ്തിതൻ പക്ഷപുടങ്ങളിൽ,

മൃദുലമായിന്നു നീയമർന്നീടുവാൻ
ഹൃദയപൂർവ്വകം പ്രാർത്ഥിച്ചിടുന്നു ഞാൻ!

തവ ശയനത്തിനങ്കമൊരുക്കിയ-
ന്നവിടെ മേവിടുമക്കൊച്ചുകട്ടിലിൽ,

അനുദിനം ഞാനൊരാനന്ദചിന്തയൊ-
ത്തനുഭവിക്കുമെന്നേകാന്തവിശ്രമം!

അവികലാത്മാർത്ഥമായെന്മനസ്സിൽനി-
ന്നവിടെയിറ്റിറ്റുവീണിടും സ്പന്ദനം,

അമിതകൌതുകം ഘോഷിക്കുമാദരാ-
ലയി പഥിക, നിന്നാഗമസ്മാരകം!
                               -7-11-1933

 ഗീതം പതിന്നാല്

അജ്ജഗന്മോഹനനൊറ്റയ്ക്കപ്പൂമണി-
മച്ചി, ലന്നല്ലിൽ സമുല്ലസിക്കേ,

ജാലകമാർഗ്ഗമായ് നാലഞ്ചു താരകൾ
നീലവാനിങ്കൽനിന്നെത്തിനോക്കി.

പുഷ്പങ്ങൾചിന്നിയ പട്ടുമെത്തപ്പുറ-
ത്തപ്പുഷ്പബാണനിരുന്നിരുന്നു.

അങ്ങൊരു നേരിയ മല്ലികാസൌരഭം
തെന്നലിൽച്ചിന്നിക്കലർന്നിരുന്നു.

ചന്ദ്രികവീശി, നിഴലും വെളിച്ചവു-
മങ്ങെല്ലാം തിങ്ങിനിറഞ്ഞിരുന്നു.

മൽക്കിളിവാതിലൊരൽപം തുറന്നു ഞാ-
നക്കോമളാസ്യമൊളിഞ്ഞുനോക്കി.

താരുണ്യരശ്മികൾ തഞ്ചുമാ നേത്രങ്ങൾ
താഴെ, നിലത്തു, പതിഞ്ഞിരുന്നു.

സുന്ദരമാ മുഖം പ്രേമപ്രസന്നമാം
ചിന്തകൾകൊണ്ടു തുടുത്തിരുന്നു.

ഏതോമധുരമാം വേദന, പെട്ടെന്നെൻ
ചേതസ്സിലഞ്ചാറു മിന്നൽ മിന്നി.

കഷ്ടം, ഹാ, ഞങ്ങളെയങ്ങിങ്ങിരുത്തുമി-
ദ്ദൃഷ്ടകവാടകം നീങ്ങിയെങ്കിൽ! ...

ഹാ, രണ്ടു ജീവിതസ്വപ്നങ്ങൾതൻ നടു-
ക്കാരീ യവനിക തൂക്കിയിട്ടു?

അന്യോന്യം രണ്ടു വാക്കോതാനുമാകാത്തോ-
രന്യായമാരിതു സാധുവാക്കി?

ഏതേതു ചക്രവാളത്തെപ്പിളർന്നുകൊ-
ണ്ടോടിയണഞ്ഞതാണീ നിയമം?

നിഷ്ഠൂരലോകമേ, നീയെന്നീപ്പാതകം
പശ്ചാത്തപിക്കലാൽ മാച്ചുതീർക്കും? ...

അങ്ങിങ്ങിരുന്നയ്യോ, തേങ്ങിക്കരയലാൽ
ഞങ്ങളീ രാത്രി കഴിച്ചുകൂട്ടും!

നേരം വെളുത്തിടും-ഞങ്ങളെ മൂടുമി-
ക്കൂരിരുളെന്നാലുമെങ്ങു നീങ്ങും?

കൽപാന്തകാലംവരേക്കീ വിരഹത്തി-
ലുൽപതിക്കേണം, ഹാ, ഞങ്ങളെന്നോ! ...
                               -26-7-1933

  ഗീതം പതിനഞ്ച്

മജ്ജീവനാഥ, ഞാൻ ലജ്ജയാലെന്മുഖം
പൊത്തി, നിൻ ചാരത്തിരിക്കുന്നവേളയിൽ,

എത്തിനോക്കീടുന്നതെന്തിനാണിങ്ങോട്ടു
മുഗ്ദ്ധകളാകുമത്താരാകുമാരികൾ?

ഏകാന്തസുന്ദരചിന്താശതങ്ങളാൽ
രാഗപരവശമായ നിന്മാനസം,

സ്പന്ദനപ്പൂക്കളാലർച്ചിപ്പതാരെയെ-
ന്നെന്നോടിനിയുമൊന്നോതാത്തതെന്തു നീ?

ചന്ദ്രിക വീണു, നിഴലും വെളിച്ചവും
തിങ്ങിത്തിളങ്ങുമീ മുല്ലക്കുടിലിൽ, നാം,

അന്യോന്യസംസിക്തലോചനാഗങ്ങളാ-
ലാത്മസന്ദേശമെടുത്തു കൈമാറവേ,

വെണ്മുകിൽത്തുമ്പാൽ മുഖം മറച്ചെന്തിനോ
കണ്മണിത്തിങ്കൾ ചിരിക്കുന്നു ഗൂഢമായ്!

മന്ത്രിപ്പു മന്ദം മധുമാസമാരുത-
നെന്തോ മധുരസ്വകാര്യം മരങ്ങളിൽ.

ദേവ, നിൻ മൌലിയെന്മാറോടുചേർത്തു ഞാൻ
മേവു, മൊരക്ഷരം മിണ്ടാതെ നിശ്ചലം.

ശ്രദ്ധിച്ചുകേൾക്കുമെൻ കണ്ണുമടച്ചു ഞാൻ
രുദ്ധങ്ങളായ നിൻ ചിത്തത്തുടിപ്പുകൾ

എന്നെസ്സഹർഷം തലോടിത്തലോടി നീ
മന്ദം മൊഴിയുന്ന രാഗവചസ്സുകൾ,

ഞാനാസ്വദിക്കുമെന്നാത്മാവിനാൽ, സ്വർഗ്ഗ-
ഗാനാമൃതത്തിൻ കണികകള്മാതിരി!

രാത്രിതന്നന്ത്യയാമത്തി, ലെണീറ്റു നാം
യാത്രപറഞ്ഞു പിരിയുന്ന വേളയിൽ,

എന്നണിവേണിയഴി, ച്ചതിൽ ചൂടിയ
പൊന്നലരൊന്നു നിനക്കു ഞാൻ നൽകിടും.

എന്നെത്തിരിഞ്ഞു തിരിഞ്ഞുനോക്കി സ്വയം
മുന്നോട്ടുപോകുന്ന നിൻ വിഗഹത്തിനെ,

ആദരാൽ ഞാനണിയിക്കും, നനവാർന്നൊ-
രായിരമായിരമുൽപലമാലകൾ! ...

മന്ദഹസിക്കുമുഷ:പ്രകാശത്തി, ലെൻ-
മന്ദിരം മുങ്ങിച്ചിരിക്കുന്നവേളയിൽ,

ജീവനാഥ, നീപോയ്മറഞ്ഞീടിനോ-
രാ വഴിത്താരയും നോക്കി ഞാൻ നിന്നിടും!

പൊയ്പ്പോയ രാവിൽക്കഴിഞ്ഞതെല്ലാ, മൊരു
സ്വപ്നമായ്ത്തോന്നുമെനിക്ക, പ്പൊഴക്ഷണം.

എൻകവിൾ രണ്ടും നനയു, മൊരു നേർത്ത
സങ്കടത്തിൽ ചില കണ്ണീർക്കണങ്ങളാൽ! ...
                               -30-3-1934

 ഗീതം പതിനാറ്

കാമകോമളനാ യുവാവെന്നെ-
ക്കാണുവാനിടയാവുകിൽ,

അപ്പൊഴൊക്കെ, യൊരൽപഹാസത്താൽ
സത്കരിക്കുന്നതെന്തിനായ്?

തോഴി, തത്ക്ഷണം മാമകാനനം
താഴുവാനെന്തുകാരണം?

കണ്ടുമുട്ടും പരസ്പരം- പക്ഷേ,
മിണ്ടിടാറില്ലൊരക്ഷരം.

എങ്ങുനിന്നോ നിരഘമാം ചില
മിന്നലുമായിട്ടപ്പുമാൻ,

വന്നു വന്നവയൊക്കെയുമെടു-
ത്തെന്നിൽ വീശിപ്പിരിഞ്ഞുപോം.

പിന്നെ, യന്നു മുഴുവനും വെറും
മന്ദിതയായ് ഞാൻ വാഴണം.

കണ്ണടച്ചാലും കണ്ടിടാമെനി-
ക്കമ്മനോഹരവിഗഹം.

ഹന്ത, ചിന്തനാതീതമാകുമി-
തെന്തു നിശ്ശബ്ദബന്ധമോ!

സ്വാന്തദർപ്പണമാകുമാ മുഖം
ശാന്തകോമളമാകിലും

തങ്കിടുന്നതുണ്ടിന്നതിലേതോ
സങ്കടത്തിൻ നിഴലുകൾ.

ദീനതയതു കാണുമ്പോളയ്യോ,
മാനസം തകരുന്നു മേ!

എന്തു കാരണമപ്പൂമാനേവം
ചിന്തയിൽ സദാ വെന്തിടാൻ?

കാമദസുഖമെത്രമേലെനി-
ക്കീ മണിമേട നൽകിലും,

തോഴി, സന്തതമെന്തിനോ വൃഥാ
കേഴുകയാണെന്മാനസം!

ഉണ്ടധികാരമത്തരുണനി-
ന്നെന്തുമെന്നോടു ചൊല്ലുവാൻ.

മന്മനം ദഹിപ്പിക്കുമീ വെറും
മൌനഭാവം പിന്നെന്തിനോ?

നിർദ്ദയലോകം, ഞങ്ങൾക്കുള്ളൊരീ
നിത്യദു:ഖമറിയുമോ?

ദേവദർശനലോലയായി, നീ
കോവിലിൽപ്പോകുംവേളയിൽ,

ആ മരച്ചോട്ടിൽക്കണ്ടീടാം നിന-
ക്കാ മനോമോഹനാംഗനെ.

ആകുലാവേശിതാനതാസ്യനാ-
യേകനായിരിക്കുന്നതായ്!

സുന്ദരമാകുമീ മലർച്ചെണ്ടാ
വന്ദ്യപാദതലങ്ങളിൽ,

സാദരം നീ സമർപ്പണംചെയ്തി-
ന്നോതിടേണമൊന്നീവിധം:

"ദേവ, താവകപാദപങ്കജ-
സേവിനിയാമെൻ സ്വാമിനി,

തന്നയച്ചതാണീയുപഹാര-
മിന്നിതംഗീകരിക്കണേ! ..."
                               -13-10-1933

  ഗീതം പതിനേഴ്

താമരത്തളിരിതളിൽ ഭാമ രചിച്ചോരാ
പ്രേമലേഖനം നോക്കിനോക്കി ഞാനിരുന്നുപോയി.

നേരുചൊല്ലാമാലിഖിത വായനയാൽ, കഷ്ടം,
നേരമിത്ര വൈകിയതേ ഞാൻ മറന്നുപോയി.

ഇങ്ങണയാനിത്രയും ഞാൻ താമസിച്ചതുമൂലം
നിങ്ങളെന്നോടീവിധം പരിഭവിക്കരുതേ!

സാനുമോദം നിങ്ങളേവം മാലകെട്ടും നേരം
ഞാനൊരു കഥ പറയാ, മാളിമാരേ, കേൾക്കൂ ...

"പരമപാവനപ്രണയവാടിയി-
ലൊരു തൈമാന്തളിർത്തുഞ്ചി-
ലിരുപരവശഹൃദയകോകില-
മൊരുദിനമിരുന്നാടി.

മധുമാസോത്സവലയത്തിലോമന-
മധുവിധുവിനെപ്പറ്റി
മധുമധുരമാം പല കഥകളും
മതിമറന്നവർ പാടി.

അറുതിയിലാരുമറിയാതെ, യാത്ര
പറഞ്ഞു, വേർപിരിഞ്ഞയ്യോ
അമിതവേദനം കരഞ്ഞുകൊണ്ടവർ
പറന്നിരുവഴിപോയി! ..."

'എന്തു തോഴി, ഞങ്ങളാരും ചിന്തിയാത്ത കാര്യ-
മെന്തി നീ വളച്ചുകെട്ടിച്ചൊന്നിടുന്നതെല്ലാം?

ഏതു നവകോകിലങ്ങളേതു വസന്തത്തി-
ലേതുമാരുമറിഞ്ഞിടാതേവമൊത്തുചേർന്നു?

പിന്നെയവരെന്തിനായിട്ടങ്ങുമിങ്ങും തമ്മി-
ലുന്നതസന്തപ്തരായി വേർപിരിഞ്ഞുപോയി?

ഇത്രമാത്രം ശോകപൂർണ്ണമായൊരിച്ചരിത്ര-
മിത്തരത്തിൽ, തോഴി, നീയൊളിച്ചുവെയ്ക്കരുതേ!'

"പറയാമൊക്കെ ഞാൻ, സഖികളേ, നിങ്ങൾ
പരിഭ്രമിക്കരുതൊട്ടും
പരമസങ്കടം വഴിഞ്ഞിടുമൊരു
ഹതവിധിയാണക്കാര്യം!
പറയാം, ഭാമയും മുരളിയും തമ്മിൽ
പ്രണയബദ്ധരായ്ത്തീർന്നു,
പരിചിലന്യോന്യം ഹൃദയനിർമ്മല-
വരണമാലയുമിട്ടു.

മലർവനികയിൽ, നിരാശയിൽ, മാലതീ-
നികുഞ്ജകങ്ങളിലെന്നും
മധുരസല്ലാപവിധുരമാനസ-
രവർ നിഗൂഢമായ് വാണു.

നീണ്ടുനിന്നില്ലേറെനാളിക്കോമളനിർവ്വാണം
നീളെനീളെത്തൽക്ഷണം പരന്നിതാ രഹസ്യം.

കാമുകനുടനെയെങ്ങോ നാടുവിട്ടുപോയി
ഭീമതാപസിന്ധുവിങ്കൽ ഭാമ ലീനയായി.

ആരറിയുമോമലാളിൻ മാനസത്തിലുന്നു-
മാറിടാതെരിഞ്ഞെരിഞ്ഞുയരുമാ സ്ഫുലിംഗം?

ഇത്രമാത്രം ക്രൂരമാണീ ലോകമെന്നു മുൻപൊ-
രിത്തിരിയും ഞാനറിഞ്ഞില്ലാളിമാരേ, സത്യം! ..."

'പറവതെന്തിനു പലതും, തോഴിയി-
ക്കപടലോകത്തിലുണ്ടോ
പരമപാവനപ്രണയമന്ദാര-
ലതികയ്ക്കുത്തമസ്ഥാനം?

അതു വളരുവാൻ, മലരണിയുവാ,-
നനുവദിക്കുകയില്ലീ-
ച്ചതിയു, മീർഷ്യയും, ദുരയും, മാമൂലും
പുലർത്തിടുന്നതാം ലോകം!

പ്രണയം!-ആത്മാവിൻപ്രണവം!-ശാശ്വത-
നിരഘനിർവ്വാണകേന്ദ്രം!
ഗ്ഗുണികളില്ലതിന്മഹിമ കാണുവാ-
നുലകിലിപ്പൊ, ഴെന്തോഴി! ...'
                               -22-11-1932

 ഗീതം പതിനെട്ട്

കവനകോമളഗഗനവീഥിയിൽ
കനകതാരകൾ തെളിയുമ്പോൾ,

വിരഹഭാരത്താൽ വിവശയായിന്നെൻ
വിജനശയ്യയിൽ മരുവും ഞാൻ!

അണയുമെന്നടുത്തമിതമോദമാർ-
ന്നമലമാലേയപവമാനൻ.

കുമുദബാന്ധവകിരണമാലകൾ
കുളുർമ്മവീശുമെൻ മണിമച്ചിൽ.

പരിചിലേകാന്തമധുരമാകുമ-
പ്പരമനിർവ്വാണസമയത്തിൽ,

നനയും കണ്ണീരിൽ, മൃദുലമായൊരെൻ
ഹൃദയം നെയ്യുന്നനിനവകൾ.

തവ സമാഗമത്വരയാലെൻ ചിത്തം
തകരും നഗ്നമാം പരമാർത്ഥം,

വെളിയിൽ മന്ത്രിക്കും മധുരമായ്, മന്ദം
തലകുണുക്കുമാ വിടപികൾ.

തവ പദന്യാസം വെളിയിലായ് കേട്ടെൻ-
തനുവിൽ വേപഥു കലരുമ്പോൾ,

വിരളഹാസത്താലകലെനിന്നെന്നെ-
ത്തരളതാരകൾ കളിയാക്കും.

കതകു നീക്കുമെങ്കരലതകൾതൻ
കനകകങ്കണക്വണിതങ്ങൾ,

വിരവിൽക്കൊച്ചുകൊച്ചലകൾചേർക്കു, മെൻ-
കരളിലും, മണിയറയിലും!

ഇണയുമൊത്തിരുന്നകലെ രാക്കുയിൽ
പ്രണയസംഗീതം ചൊരിയവേ;

അരികിൽ, വെറ്റിലച്ചുരുളുമായി, ഞാൻ
ഭരിതമന്ദാക്ഷമണയവേ;

കളിയാക്കും ഭവാനിവളെ, സ്സാകൂത-
മൊളിവിലുള്ളോരോ മിഴിയേറാൽ!

പുളകിതാംഗിയായ്, തവ മാർത്തട്ടി, ലെൻ-
തലയും ചായ്ച്ചു നിലകൊള്ളും

അവനിയിലാരുമറിയാതേവ, മൊ-
രനഘനിർവൃതിയടയും ഞാൻ! ....
                               -1-2-1934

    ഗീതം പത്തൊൻപത്

നിങ്ങളെന്നോമനയെ
വല്ല ദിക്കിലും കണ്ടാ-
ലിങ്ങു ഞാനിരുപ്പതായ്
മിണ്ടരുതേ!

എന്നെയും തിരക്കിയാ-
ച്ചന്ദനവനങ്ങളിൽ-
ച്ചെന്നവളലകയാ-
ണെനിക്കറിയാം.

ഓരോഓ തളിരിനോ-
ടോരോരോ രഹസ്യങ്ങ-
ളോതിയോതി;

താലോലിച്ചടുത്തെത്തും
മാലേയപവനനി-
ലാലോലലതികപോ-
ലാടിയാടി;

ഞാനാകും നിഴലിനെ-
ക്കാണുവാനായാക്കൊച്ചു
പൂനിലാവെവിടെല്ലാ-
മലഞ്ഞിരിക്കും?

എന്നാലുമെന്തുചെയ്യാ-
മൊന്നങ്ങു വന്നുപോരാ-
നിന്നെനിക്കിടയില്ലെ-
ന്നോമലാളേ!

എന്തൊരു ജോലിത്തിര-
ക്കാണിവിടുള്ള, തവ
സന്ത്യജിക്കുവാനെനി-
ക്കാവതാണോ?

ഹാ, കഷ്ട, മവസരം
കിട്ടുന്നീലെനിക്കൊരു
രാഗലേഖനം നിന-
ക്കെഴുതാൻപോലും!

കുറ്റപ്പെടുത്തിക്കൊള്ളൂ
വേണ്ടിടത്തോളം, പക്ഷേ,
തെറ്റിദ്ധരിച്ചിടാഞ്ഞാൽ
മതി നീയെന്നെ.

സങ്കടം സഹിയാതെ,
ഞാനയച്ചീടു, മെന്റെ
സങ്കൽപസുരഭില-
ചുംബനങ്ങൾ.

ഓമലേ, തവ പ്രേമ-
ലോലുപഹൃദയത്തി-
ലോമനിച്ചൊളിച്ചുവെ-
ച്ചീടുമോ, നീ?

ആയിരം കൂട്ടമെനി-
ക്കോതുവാനുണ്ടു നിന്നോ-
ടാവാതെന്തെന്നാ, ലെനി-
ക്കില്ല നേരം! ...
                               -12-7-1933

  ഗീതം ഇരുപത്

ഇന്നിത്ര താമസമെന്താണു?-വേഗത്തിൽ
വന്നാലു, മെൻകൊച്ചു വെള്ളിനക്ഷത്രമേ!

ഉദ്രസ, മോമനേ, നിൻ മുഖം കാണുവാ-
നെത്രയോ നേരമായ്ക്കാത്തിരിക്കുന്നു ഞാൻ?

കിട്ടുകില്ലെന്നോ വികാസമെന്നാളു, മെൻ-
മൊട്ടിട്ടുനിൽക്കും പ്രതീക്ഷകൾക്കൊന്നിനും?

വാടിത്തുടങ്ങി, പടിഞ്ഞാട്ടു പോയൊരാ
വാസരശ്രീതൻ തുടുപ്പൂങ്കവിളുകൾ.

അത്യന്തഘോരദുസ്സ്വപ്നാവകീർണ്ണമാം
നിദ്രതൻ പാഴ്നെടുവീർപ്പുകള്മാതിരി.

കേൾക്കായി, ദൂരെച്ചുളുങ്ങിക്കിടക്കുന്ന
ചക്രവാളത്തിൻ യവനികയ്ക്കപ്പുറം.

മന്ദം, പതുങ്ങിയിഴഞ്ഞിഴഞ്ഞെത്തുന്നൊ-
രന്ധകാരത്തിന്റെനേർക്കുള്ള വീർപ്പുകൾ!

ഗീഷ്മതപത്താൽ വരണ്ട മണലിൽനി-
ന്നൂഷ്മാവുയർന്നു പരന്നൂ സമീരനിൽ!

നീലാംബരാന്തത്തിലെത്തുവാ, നിത്രമേൽ
നീയെന്തിനിയുമമാന്തിപ്പതോമനേ?

മാമകപ്രേമഭാജനമ്പതിവുപോൽ
സാമോദമിന്നുമനുഷ്ടിച്ചിടട്ടെ ഞാൻ!

അക്ഷീണകാന്തിപ്രസരം പൊഴിക്കു, മാ
നക്ഷത്രദീപം കൊളുത്തൂ, നിശീഥമേ!

മൃത്യു മാച്ചെങ്കിലും മായാതെ, മിന്നുമെൻ-
സത്യമേ, നിന്നെ മറക്കുകയില്ല ഞാൻ! ....
                               -19-1-1934

    ഗീതം ഇരുപത്തൊന്ന്

പാവനപ്രണയമേ,
ഹാ, നിനക്കായി സ്വയം
ജീവിതം ദാനംചെയ്ത
ഭക്തദാസിയീ രാധ!

ഫുല്ലപുഷ്പങ്ങളെല്ലാ-
മൊളിച്ചു, കൂർത്തുള്ള നിൻ-
മുള്ളുകൾമാത്രമെനി-
ക്കേകിയാൽ മതിയോ, നീ?

കളയാൻ പാടില്ലല്ലോ
നിന്നുപഹാരം, ഞാനെൻ-
കരളോടവയെല്ലാ-
മേറ്റവുമടുപ്പിച്ചു.

അതിനാൽ, ദയനീയ-
മായിതാ മുറിപ്പെട്ടു
സതതം ചെഞ്ചോരവാർ-
ത്തെൻ ജീവൻ പിടയ്ക്കുന്നു!

നിസ്വാർത്ഥമായീടു, മെൻ
സേവനത്തിനു, നിന്നാൽ
നിശ്ചയംചെയ്യപ്പെട്ട
യുക്തമാം പ്രതിഫലം.

കേവലമിതുമാത്ര-
മായിടാ, മായിക്കോട്ടേ,
ഭൂവി, ലെങ്കിലും, നിത്യ-
സംതൃപ്തയാണീ രാധ!

ഈ ദു:ഖപുഷ്പം കൊഴി-
ഞ്ഞതിൽനിന്നുയർന്നേക്കാം
മേദുരാനന്ദമാദ്ധ്വീ-
മധുരഫലമേകം!

പുഞ്ചിരി, മഞ്ഞിൻതുള്ളി,
പെട്ടെന്നു മങ്ങിപ്പോകും;
നെഞ്ചിടിപ്പിതുമാത്രം
നിന്നിടും മരിപ്പോളം!

പ്രേമമേ, വാടിപ്പോം നിൻ-
പൂക്കൾ ഞാനാശിപ്പീല;
മാമകാത്മാവിന്നു, നിൻ-
മുള്ളുകൽ മാത്രം മതി.

അവയാൽ മുറിപ്പെട്ട
ഹൃദയത്തിനുമാത്ര-
മറിയാവുന്ന, നിന്റെ
മുരളീരവവുമായ്,

വരിക, വെളിച്ചമേ,
ചിറകുവിരിച്ചു നീ
വരിക, നികുഞ്ജത്തിൽ
കാത്തിതാ നിൽപ്പൂ, രാധ! ...
                               -19-1-1934

ഗീതം ഇരുപത്തിരണ്ട്

സങ്കൽപഡോളയിലാടുകയാണിരു-
ന്നെൻ കളിത്തോഴിയും ഞാനും;

ലോകൈകശാന്തി വിതുമ്പിത്തുളുമ്പുമൊ-
രേകാന്തമോഹനഭൂവിൽ.

എന്തൊരാശ്വാസ, മില്ലിങ്ങെങ്ങുമസ്വസ്ഥ-
ചിന്തതൻ ഗദ്ഗദലേശം.

ഇല്ല മനസ്സു മുറിക്കാനസൂയതൻ
മുള്ളുകളീ മലർക്കാവിൽ.

നിശ്ചയ, മെത്തില്ലിവിടത്തിൽ മർത്ത്യന്റെ
നിർദ്ദയനീതികളൊന്നും

നേരിടാനിങ്ങില്ല സുഖദമാമൊരു
നേരിയ നീരസമ്പോലും.

പ്രാണനും പ്രാണനും പൂവിട്ടു പുൽകുന്ന-
താണീ മനോഹരദേശം.

-എന്നിട്ടും, ഭീതയാണാരോമ, ലാരാനു-
മെന്നെയടുത്തു കണ്ടാലോ! ...
                               -30-12-1934

ഗീതം ഇരുപത്തിമൂന്ന്

ദൂരത്തു ദൂരത്തു കൂരിരുളിൽ
താരകമൊന്നു കിളർന്നുയർന്നു.

സഞ്ചിതപുണ്യമേ, ഞാനിദ, മെൻ-
സങ്കേതഭൂവിലും വന്നു ചേർന്നു.

എന്നിട്ടും, കേൾപ്പതില്ലോമലേ, നിൻ
പൊന്നണിമഞ്ജീരശിഞ്ജിതങ്ങൾ!

കൂരിരുൾ മാഞ്ഞുമാഞ്ഞംബരാന്തം
കോരിത്തരിച്ചിടാം പൂനിലാവിൽ.

ഒറ്റയ്ക്കു നിൽക്കുമീപ്പൂച്ചെടികൾ
കെട്ടിപ്പിടിക്കാം തണുത്തകാറ്റിൽ.

ചില്ലത്തളിർക്കൈ തെരുപ്പിടിച്ചു
സല്ലപിച്ചീടാം തരുനിരകൾ.

-എന്നാലു, മേകാന്തമെന്റെ രംഗം
നിന്നാഗമത്തിൻ വിളംബം മൂലം.

                               -7-12-1934

ഗീതം ഇരുപത്തി നാല്

പരിലസിച്ചു നീ, യൊരു പൂമൊട്ടാ, യെൻ-
പരിണതപ്രേമലതികയിൽ.

പറന്നു നിൻ ചുറ്റും ഭജനലോലരായ്
പരിചിനോടെങ്കുതുകങ്ങൾ.
കഴിഞ്ഞ കാലം ചെന്നകലത്തു നിന്നു
കളിയാക്കുന്നതു കരുതാതെ,

വരുന്ന വാസന്തസുഷമയും കാത്തു
മരുവി ഞാനാശാഭരിതനായ്!

മയങ്ങി, മജ്ജീവമധുരികേ, നിന്റെ
മധുരസങ്കൽപത്തണലിൽ ഞാൻ.

വിടർന്ന മോഹങ്ങൾ സതതമെമ്പാടും
വിതറുമുല്ലാസ പരിമളം.

കുളിർത്ത കൊച്ചലച്ചുരുളുകൾ വീശി
വിലസി മന്മനോവനികയിൽ!

മറഞ്ഞു വാസന്തസുഷമകൾ, തിങ്ങീ
മഴമുകിലുകൾ ഗഗനത്തിൽ.

ഇരിപ്പൂ, ഹാ, തപ്തസ്മൃതികളുമായ് ഞാ-
നിരുളിൽ, സ്പന്ദിപ്പൂ മമ ചിത്തം!

എവിടെ, യെങ്ങു നീ? ... നിറയുമെൻ കൺകൾ
ദിവി ചെന്നിന്നാരെത്തിരയുന്നോ? ...
                               -17-11-1035

     ഗീതം ഇരുപത്തഞ്ച്

ഭദ്രമായുറങ്ങിക്കൊൾ-
കോമലേ, തവ മുഗ്ദ്ധ-
നിദ്ര, യെൻ നെടുവീർപ്പാ-
ലെങ്ങാനും തകർന്നാലോ!

ഞാനിതാ പിൻവാങ്ങുന്നു-
മായ്ക്കില്ല മായ്ക്കില്ല, നി-
ന്നാനന്ദസ്വപ്നോത്സവ-
രേഖ ഞാനൊന്നുന്തന്നെ!

ഉണരും നേര, ത്തെന്റെ
പാദമുദ്രകളേന്തും
നിണമീക്ഷിച്ചെങ്ങാൻ നീ
ചിരിക്കിൽ, കൃതാർത്ഥൻ ഞാൻ!

മാമകതിരോധാന-
ചരിതം, കാലത്തെത്തും
മാലേയാനിലൻ, പക്ഷേ,
മന്ത്രിക്കാം നിന്നോടൽപം.

എൻമനോഭാവാത്മക-
സ്മാരകം നാനാസൂന-
സുന്ദരവികാസത്തിൽ
തുളുമ്പിക്കാണാമെന്നും.

മഴവില്ലിന്മേലെന്റെ
മുരളീഗാനം തളർ-
ന്നൊഴുകിപ്പോകാമോരോ
നിശ്ശബ്ദവർണ്ണങ്ങളിൽ.

മാമകധ്യാനം സന്ധ്യാ-
നക്ഷത്രം, മമ മൌനം
മാമലക്കൂട്ടം നിന്നെ-
ക്കാണിക്കാം-ദു:ഖിക്കൊല്ലേ!

സ്നേഹതുന്ദിലമാമെ-
ന്നാശ്ലേഷം, കുളിർകാറ്റിൽ
മോഹനേ, നിനക്കെന്നും
സ്വദിക്കാ, മാനന്ദിക്കൂ!

ഉറങ്ങിക്കൊൾകോമലേ,
പോകുന്നു, പോകുന്നു ഞാ,-
നുറങ്ങിക്കൊൾ, കെൻ നെടു-
വീർപ്പാൽ നീയുണർന്നാലോ!
                               -16-5-1935

  ഗീതം ഇരുപത്താറ്

കാനനച്ഛായയി ലെന്നോടൊരുമിച്ചു
കാലിമേച്ചീടാൻ വരുന്നുവോ നീ?

ആനന്ദത്തിന്റെ നിറപ്പകിട്ടങ്ങോരോ
സൂനാനനത്തിൽത്തെളിഞ്ഞുകാണാം.

അങ്ങെല്ലാ, മോമലേ, കേൾക്കാം നിനക്കോർപ്പ്
സംഗീതത്തിന്റെ യുറവൊലികൾ.

ഉല്ലാസമേകാം നിനക്കാ മലകളിൽ
തുള്ളിക്കളിക്കുന്ന മാൻകിടാങ്ങൾ.

പച്ചപുതച്ചോരോ കാടുകൾ പൂത്തുനി-
ന്നുത്സവമേകാം നിനക്കു ബാലേ!

പാടിയൊഴുകും പളുങ്കൊളിച്ചോലകൾ;
പാടിപ്പറക്കുന്ന പൈങ്കിളികൾ;

നിന്മന്ദഹാസമ്പോൽ മിന്നിവിടരുന്ന
നിർമ്മലശ്രീയെഴും പിഞ്ചുപൂക്കൾ;

ഒന്നല്ല പത്തൊല്ലൊരായിരമങ്ങെല്ലാ-
മൊന്നിച്ചുചേർന്നു നിനക്കു കാണാം.

ഉച്ചയ്ക്കു പൂമരച്ചോട്ടിൽ, നമുക്കൊഴി-
ഞ്ഞുൾപ്പുളകാംഗരായുല്ലസിക്കാം.

എന്മടിത്തട്ടിൽക്കിടത്തി, നിൻ പൂവൽമെയ്
മന്ദം തലോടിയുറക്കിടാം ഞാൻ.

ആനന്ദസ്വപ്നങ്ങൾ വീശാം നിൻ നിദ്രയി-
ലാലസൽക്കാനനദേവതകൾ!-

ആരാ, ലെന്നോടൊന്നി, ച്ചാടുമേച്ചീടുവാ-
നാരോമലാളേ, വരുന്നുവോ നീ? ...
                               -23-1-1935

ഗീതം ഇരുപത്തേഴ്

സന്തപിക്കാ, നിജ്ജഗത്തി, ലേവ-
മെന്തിനന്യോന്യം നാം കണ്ടുമുട്ടി?

മർത്ത്യന്റെ നീതിതൻ മുന്നിലിന്നു
കർത്തവ്യബദ്ധരായ് നിൽപു നമ്മൾ.

ലോപമതിനു വരുത്തിയാൽ, നാം
പാപികളാണെന്നീ ലോകമോതും.

ലോപംവരുത്താതെ നോക്കിയാലും
ലോകത്തിൻ ദൃഷ്ടിയിൽ പാപികൾ നാം.

ധർമ്മമായെണ്ണുകയില്ല ലോകം
നമ്മളിയലുമീയാത്മബന്ധം!

എങ്കിലു, മെമ്മട്ടു വേർപിരിയും
സങ്കൽപലോലരാം നാമിനിമേൽ?

ഭൂവിൽ, നാം രണ്ടുപേരത്രമാത്രം
ജീവനും ജീവനായ്ത്തീർന്നു തമ്മിൽ!

ഒന്നികിൽ മൃത്യു, വല്ലെങ്കി, ലിന്നീ-
യന്യോന്യസംസക്തി-രണ്ടിലൊന്നിൽ,

പറ്റിപ്പിടിക്കണം, നമ്മെ ലോകം
കുറ്റപ്പെടുത്തിച്ചിരിക്കുകിലും!

പാടില്ല, ഹാ, നാം മരിച്ചുകൂടാ,
പാപികളായ്ത്താൻ കഴിഞ്ഞുകൂടാം!
                               -27-1-1944

ഗീതം ഇരുപത്തെട്ട്

മാമകസ്വപ്നം തനിച്ചിരുന്നീടുമാ
മാമരക്കാവിൽനിന്നെത്തും സുഗന്ധമേ,

നീയുണർത്തുന്നൂ മനസ്സി, ലൊരായിരം
നീടുറ്റ രാഗവിലാസസ്മരണകൾ.

എന്നാലു, മയ്യോ, വരില്ല വരില്ലിനി-
യെന്നേക്കുമായിപ്പിരിഞ്ഞൊരാ നാളുകൾ!

ജീവിതം പുഷ്പിച്ചു പുഷ്പ്പിച്ചു നിൽക്കിലും
നീ വരായ്കിൽ, പിന്നെനിക്കെന്തൊരുത്സവം?

ആ വശ്യനിർവൃതിക്കൊക്കെയു, മാവർത്ത-
നാവശ്യവാദം നടത്തുന്നൊരാശയെ,

മുന്നിൽ യവനികയാക്കിനിന്നെപ്പൊഴും
കണ്ണീർ പൊഴിപ്പൂ മഥിതമെന്മാനസം!

ഭാവിയി, ലേതോ മുകുളഹൃദയത്തി-
ലാവസിച്ചീടുമനഘസൌരഭ്യമേ!

നിന്നാഗമം കൊതി, ച്ചീവിധം മേലിലും
നിന്നു വർഷിപ്പനെൻകണ്ണീർക്കണങ്ങൾ ഞാൻ

സ്പന്ദിച്ചിടാതാകിലെന്മന, മക്ഷണം
മന്ദഹസിക്കുമെൻജീവനസംശയം!
                               -1-8-1944

ഗീതം ഇരുപത്തൊൻപത്

ഇനിയും പൂക്കാലമിവിടുത്തെത്തോപ്പിൽ
കനകസുസ്മിതം ചൊരിയുമ്പോൾ,

മറവിപറ്റാതെ വരണമങ്ങൊന്നീ
മലരണിക്കാവിലിനിമേലും!

വ്യതിയാനങ്ങൾക്കുവഴിമാറിക്കൊടു-
ത്തതിവേഗം പായും നിമിഷങ്ങൾ,

അണിയാമോരോരോ നവവിധാനങ്ങ-
ളഴകിനാ, ലന്നെൻ കുളിർമെയ്യിൽ!

ലളിതസങ്കോചമിളകുമെൻ മൃദു-
പുളകിതാംഗങ്ങൾ മുഴുവനും,

തഴുകും താരുണ്യനവവിലാസത്താൽ
തവ നിരീക്ഷണകുതുകത്തെ!

ഉദയരാഗത്തിലിതൾ വിടുർന്നോമ-
ന്മൃദുലനീഹാരഭരിതയായ്,

പരിമളം വീശിപ്പരിലസിക്കുമൊ-
രരിയ ചെമ്പനീരലർപോലെ,

കമനീയാംഗ, നിൻസവിധത്തി, , ലന്നു
കലിതമന്ദാക്ഷം വിലസും ഞാൻ!-

ഇനിയും പൂക്കാലമണയുമ്പോ, ളങ്ങീ
വനികയിൽ വീണ്ടും വരണമേ!
                               -25-12-1934

  ഗീതം മുപ്പത്

ചന്ദനക്കൊമ്പിലലഞ്ഞലഞ്ഞാ
മന്ദസമീരണൻ വന്നൊടുവിൽ,

നിന്നളകങ്ങൾ തലോടിനിൽപ്പൂ
സുന്ദരി, ഞാനെത്ര മന്ദഭാഗ്യൻ!

നിൻകവിൾത്തട്ടിൽ വിടർന്നു നിൽക്കും
ചെമ്പനീർപ്പൂവിലൊരുമ്മവെയ്ക്കാൻ,

വെമ്പിയണയുന്നിതംബരം വി-
ട്ടൻപിലുദയത്തിൻ പൊൽക്കരങ്ങൾ!

നീയാഞ്ഞെറിഞ്ഞിടും കൺമുനകൾ
നീറുമെൻ ചിത്തത്തിലോടിയെത്തി,

ലോകമറിയാ, തൊരുന്മദത്തിൻ
നാകസംഗീതാമൃതം തളിപ്പൂ!

അച്ഛിന്നകാന്തി തുളുമ്പിനിൽക്കും
കൊച്ചലരൊന്നു പറിച്ചു, മന്ദം,

മന്ദാക്ഷമാർന്നതിലുമ്മവെച്ച-
തെന്നെയോർത്തല്ലീ, മനോരമേ, നീ?

വൃന്ദാവനപ്പൂന്തണലിൽനിന്നു-
മെന്നോ കിളർന്നൊരപ്രേമഗാനം,

മൊട്ടിട്ടുനിൽക്കുമെൻ മാനസത്തിൽ
ചുറ്റിപ്പറക്കും നിൻ കൺമുനകൾ,

തുംഗാനുഭൂതിതൻ തേൻ നുകർന്നു
മംഗളസ്വപ്നങ്ങൾ കണ്ടിതാവൂ! ...
                               -9-12-1943

 ഗീതം മുപ്പത്തൊന്ന്

ഇടയകുമാരനിന്നന്തിയി, ലീ-
യിടവഴിയൂടെ കടന്നുപോയി.

അവനുടെ പുല്ലാങ്കുഴൽവിളിയി-
ലറിയാതെൻ ചിത്തമലിഞ്ഞുപോയി!

അതുകേട്ടുതാരകൾ കണ്ണുചിമ്മി,-
യലരണിവല്ലികൾ നൃത്തമാടി.

തരുനിര നിന്നു തല കുലുക്കി,
തടിനികൾ മെല്ലെത്തളർന്നൊഴുകി,

പുളകങ്ങൾ വാരിവിതയ്ക്കുവോരാ
ലളിതമാമോടക്കുഴൽ വിളിയിൽ,

കലരുന്നതുണ്ടൊരു ദുർബ്ബലമാം
കരളിൻശകലിതഗദ്ഗദങ്ങൾ!

ഒരു തീവ്രനിശ്ശബ്ദസങ്കടത്തി-
ലുരുകിയൊഴുകുമാ മുഗ്ദ്ധചിത്തം.

സരളസംഗീതമായ് വന്നുവന്നെൻ-
സിരകളിലുൾച്ചേർന്നലിഞ്ഞുപോയി.

അരുതെന്നിൽനിന്നതു വേർപെടുത്താ-
നൊരുകാലവുമെനി, ക്കെന്തുചെയ്യും?

പ്രണയാകുലാർദ്രമാ മുഗ്ദ്ധചിത്തം
പുണരുന്നു സുപ്തിയിൽപ്പോലുമെന്നെ!

ഇടയകുമാരനവനോടെന്തോ
പിടയുമെൻ പ്രാണൻ വിളിചുചൊല്ലി

അതു, കഷ്ട, മവ്യക്തമായമൂല-
മവനതു കേട്ടി, ല്ലറിഞ്ഞുമില്ല.

വിജനതമസ്സിലൊഴിഞ്ഞൊതുങ്ങി
വിവശ ഞാൻ കണ്ണീർ പൊഴിച്ചീടട്ടേ!
                               -6-5-1935

ഗീതം മുപ്പത്തിരണ്ട്

ഒന്നുപോലായിരമേകാന്തരാത്രിയിൽ
വന്നു നീയെൻ പടിവാതിലിങ്കൽ.

കൊട്ടിയടച്ചൊരാ വാതിലിലെന്നെ നീ
മുട്ടിവിളിച്ചു മൃദുസ്വരത്തിൽ.

ഗാഢസുഷുപ്തിയിൽ മുങ്ങിക്കിടക്കയാൽ
മൂഢ ഞാൻ, നിൻ വിളി കേട്ടതില്ല.

ഞാനപ്പൊഴെല്ലാ, മൊരാനന്ദസപ്നത്തിൻ
ഗാനങ്ങൾ കേൾക്കുകയായിരുന്നു

എല്ലാം മറന്നു ഞാനേതോ നിഴലുമായ്
സല്ലപിച്ചീടുകയായിരുന്നു.

എന്നലക്ഷ്യാലസ്യംകാരണം, കഷ്ടം, നീ
വന്നപോൽത്തന്നെ തിരിച്ചുപോയി.

കണ്ടു ഞാനെന്നുമുഷസ്സിൽ, മുറ്റത്തു, നിൻ-
തണ്ടലർക്കാലടിപ്പാടുമാത്രം.

അപ്പാദമുദ്രകൾ ചുംബിച്ചുചുംബിച്ചു
പൊട്ടിക്കരഞ്ഞു പലപ്പൊഴും ഞാൻ!

ഇന്നിതാ മേൽക്കുമേൽക്കൂരിരുൾ വർഷിച്ചു
വന്നണയുന്നു വർഷാന്തരാത്രി.

ഒന്നിനുപിന്നിലൊന്നായിക്കൊടുങ്കാർമുകിൽ
വന്നിതാ വാനിടം മൂടിനിൽപൂ!

ചീറ്റിപ്പുളയുന്നു കൊള്ളിയാനോരോന്നു,
കാറ്റിലലറുന്നു മാമരങ്ങൾ.

ഞെട്ടിത്തെറിച്ചുപോംമട്ടിൽ, മെന്മേലിടി-
വെട്ടുന്നു, പേമാരി പെയ്തിടുന്നു.

ഏകാന്തഭീത ഞാനെങ്ങനെ, കഷ്ട, മി-
ബ്ഭീകരരാത്രി കഴിച്ചുകൂട്ടും?

എങ്കിലും, വാതിൽ തുറന്നിട്ടിരിപ്പൂ ഞാൻ
നിൻ കാലടിയൊച്ചകാത്തിരുട്ടിൽ!
                               -3-7-1944

ഗീതം മുപ്പത്തിമൂന്ന്

കോടക്കാർവർണ്ണനെന്മുന്നിൽപ്പൊടുന്നനെ-
ഓടക്കുഴലുമായെത്തി

ഉച്ചത്തിലെന്മനം മേന്മേൽത്തുടിക്കവേ
ലജ്ജിച്ചുപോയി ഞാൻ, തോഴി.

പാരിജാതപ്പുതുപൂക്കളെക്കൊണ്ടു ഞാൻ
പാതി കൊരുത്തൊരാ മാല്യം,

ഒട്ടുമൊരുവക സങ്കോചം കൂടാതെ
തട്ടിപ്പറിച്ചവൻ വാങ്ങി,

കോമളാകാരന്റെ കുത്സിതം കണ്ടുടൻ
കോപം നടിച്ചു ഞാൻ മാറി.

ഉള്ളഴി, ഞ്ഞൽപമകന്നുനിന്നിട്ടൊരു
കള്ളച്ചിരിയവൻ തൂകി.

അച്ചിരി കണ്ടിട്ടെനിക്കെ, ന്നെ നിന്നവൻ
പുച്ഛിക്കയാണെന്നു തോന്നി.

അത്തോന്നലക്ഷണമെന്നകക്കാമ്പി, ലൊ-
രത്തലിൽ നാളം കൊളുത്തി.

ദീനയാ, യെന്നശ്രുബിന്ദുക്കൾ കാണാതെ
ഞാനെന്മിഴിയിണ പൊത്തി.

മാമകപാർശ്വത്തിൽ വന്നുടൻ മാധവൻ
മാലയെന്മൌലിയിൽ ചാർത്തി.

ദു:ഖകോപാകുല, മറ്റൊന്നുമോർക്കാതെ
തത്കരം തട്ടി ഞാൻ മാറ്റി.

അത്തരത്തിന്നെന്മുഖത്തൊരു ചുംബന-
മർപ്പണംചെയ്ത്തിൻശേഷം ,

'അക്രമമാണിതെ'ന്നോതുവാൻ, ഞാൻ തല-
പൊക്കീ, ലതിൻമുൻപുതന്നെ,

ഒന്നുമറിയാത്തമട്ടിൽ, ത്തിടുക്കത്തിൽ
വന്നവഴിക്കവൻ പോയി! ...

ഇപ്പൊഴും മാഞ്ഞിട്ടില്ലെൻ കവിളത്തുനി-
ന്നപ്പുളകാങ്കുരം, തോഴി!

കഷ്ട, മക്കാലിണത്താരുകളെന്തേ ഞാൻ
കെട്ടിപ്പിടിക്കാതിരുന്നു?

കഷ്ടമക്കാൽക്കൽ വീ, ണപ്പൊഴുതെന്തേ ഞാൻ
പൊട്ടിക്കരയാതിരുന്നു?

എന്നാത്മനാഥനോ, 'ടെന്നെപ്പിരിഞ്ഞിടാ-
യ്കെ', ന്നെന്തിരക്കാതിരുന്നു?

പോകെ, യാക്കണ്ഠത്തിൽത്തൂങ്ങി, യിന്നെന്തേ ഞാൻ
പോകാതെ നിർത്താതിരുന്നു? ...

എന്നിലെരിഞ്ഞൊരഭിമാനഗർവ്വത്തി-
ലിന്നൊക്കെയും ഞാൻ മറന്നു.

പോയിക്കഴിഞ്ഞതൊട്ടിപ്പൊഴും കണ്ണുനീർ
മായാതെ നിൽപിതെൻ കൺനിൽ.

ഒന്നിനി, വീണ്ടുമക്കോമളനെന്മുന്നിൽ
വന്നീടുകില്ലയോ, തോഴി? ...

"കറയെല്ലാം നീങ്ങി നിൻ രാഗരത്നം
കതിർവീശി മിന്നിത്തേളിഞ്ഞിടുമ്പോൾ;

ഇരുളാടയോരോന്നും നീങ്ങി, യാത്മാ-
വൊരുദിനം നഗ്നമായിത്തീർന്നിടുമ്പോൾ;

ഇനിയുമാച്ചൈതന്യം വന്നു നിന്നെ-
പ്പുണരും-നീ പശ്ചാത്തപിക്കു, രാധേ..."
                               -2-9-1935

ഗീതം മുപ്പത്തിനാല്

പുഷ്പകാലകരാംഗുലികൾ, നിൻ-
പൊൽക്കുളിരുടൽ പുൽകവേ,

വിശ്വഭാവനാസീമയി, ലൊരു
വിസ്മയമായി മിന്നി നീ!

അന്നുഷസ്സി, ലുടലെടുത്തൊരു
മന്ദഹാസത്തിൻ മാതിരി,

ഉല്ലസിച്ചിതെൻപ്രേമവല്ലിയിൽ
ഫുല്ലസൌഭാഗ്യമാർന്നു നീ!

ചുറ്റിലുമന്നൊരുത്സവം, കതിർ-
ക്കറ്റ ചാർത്തുമാ ദർശനം,

വേണുഗാനത്തിൽ മഗ്നമാക്കി, യെൻ-
പ്രാണനെപ്പുണർന്നോമനേ!

അങ്കിതോദ്വേഗമന്തരംഗത്തി-
ലങ്കുരിച്ചൊരെന്നാശകൾ

ചിത്രപത്രങ്ങൾ വീശിവീശി വ-
ന്നെത്തിടുന്നു നിൻ ചുറ്റിലും!

സ്വപ്നസൌധത്തിൽ ഞാനൊരുക്കുമി-
പ്പുഷ്പതലത്തിലെന്നിനി,

നൃത്തമാടുവാനെത്തിടുന്നു നീ
ചിത്തമോദമാർന്നുത്തമേ?

ഏവമേറെനാൾ നീണ്ടുനിൽക്കുകി-
ല്ലീവസന്തവും പൂക്കളും.

ഹർഷദങ്ങളിവയ്ക്കു പിന്നിലായ്
വർഷമാണുള്ളതോമനേ!

വാടിടുംമുൻപിറുത്തു ചൂടുകീ
വാടികയിലെപ്പൂക്കൾ നാം!
                               -17-1-1944

ഗീതം മുപ്പത്തഞ്ച്

അത്യന്തമോഹനസ്വപ്നാനുഭൂതികൾ
കത്തിച്ചുവെച്ച നിലാത്തിരികൾ,

ഒക്കെയും കെട്ടുകഴിഞ്ഞൊരീയല്ലിലോ
കഷ്ട, മെൻചാരേ നീ വന്നുചേർന്നു!

മങ്ങിമറഞ്ഞ സുവർണ്ണകാലത്തൊന്നും
മംഗളേ, നീയെന്തേ വന്നിടാഞ്ഞൂ?

നീ വന്നുചേരുമെന്നാശിച്ചു, ഞാനെത്ര
നീങ്ങാത്ത രാത്രികൾ കാത്തിരുന്നു.

ആനന്ദദേ, നിനക്കർച്ചനചെയ്യുവാൻ
നാനാസമൃദ്ധി ഞാൻ സജ്ജമാക്കി.

മജ്ജീവരക്തം ഞാൻ മൌനമായ് നിൻപേരി-
ലർപ്പണംചെയ്തതറിവോ, നീ

നിന്നന്തരംഗത്തിൽ പ്രീതിയുൾച്ചേർക്കുവാ-
നെന്നാത്മഹർഷങ്ങളാകമാനം,

വ്യർത്ഥപ്പെടുത്താതെ കാത്തുസൂക്ഷിച്ചുഞാ-
നെത്രമേൽ കാലം വിലക്കിയിട്ടും!

പുഷ്പകാലത്തിലെപ്പൂന്തേൻ മുഴുവനും
ഭദ്രമായ് മക്ഷികയെന്നപോലെ!

-എന്നിട്ടും നിന്നോടിരന്നു ഞാൻ കേണിട്ടും
വന്നില്ല നീ, യതിൽ പങ്ക്യ്കൊള്ളാൻ!

അന്നായിരുന്നെങ്കിൽ, നിന്നെയെടുത്തൊരു
മന്ദസ്മിതത്തിൽ ഞാൻ മൂടിയേനേ!

ആമഗ്നയാക്കാൻ കഴിഞ്ഞേനേ നിന്നെയ-
ന്നോമൽപ്പുളകപ്പൂമ്പൊയ്കയൊന്നിൽ!

അല്ലലും കണ്ണീരുമല്ലാതെനിനക്കിപ്പോ-
ളില്ലല്ലോ ദേവി, നിനക്കു നൽകാൻ!

എന്നാലും, നിർമ്മലസ്നേഹാർദ്രനാണു ഞാ-
നെന്നു നീ വിശ്വസിച്ചാശ്വസിക്കൂ!
                               -27-2-1944

  ഗീതം മുപ്പത്താറ്

അതിഥിപൂജയ്ക്കുള്ള പൂക്കളെല്ലാ-
മതുലേ, നിൻഹൃത്തിൽ വിടർന്നുപോയി.

അഴകിൻ പനിനീരിൽ മുക്കിമുക്കി-
യവയെല്ലാം കോർത്തൊരു മാലയാക്കി,

പ്രമുദിതേ, നിന്നിഷ്ടദൈവത്തിൻ
പ്രഥമസമാഗമം കാത്തിരിക്കൂ.

മധുരപരിമളം വീശിവീശി
മധുമാസവാസരം വന്നുപോയി.

അസിതാംബുദാവലി മാഞ്ഞു, വീണ്ടു-
മമലനീലാംബരം ദീപ്തമായി.

പുളകോത്സവങ്ങളിൽ പങ്കുകൊള്ളാൻ
പുരുപുണ്യശാലിനി, നീയൊരുങ്ങൂ!

അരികത്തരികത്തനുനിമേഷ-
മൊരു മണിത്തേരുരുളൊച്ച കേൾപ്പൂ.

തരുനിരച്ചാർത്തിലൂടൊട്ടകല-
ത്തൊരു കൊടിക്കൂറ പറന്നുകാൺമൂ.

തുരഗപാദോത്ഭിന്നധൂളി പൊങ്ങി-
ത്തെരുവീഥി കാൺമൂ, ഹാ, കാന്തി മങ്ങി! ...

മുഴുവൻ വിയർത്തിതോ നിന്റെ ഫാലം!
മഴവില്ലണിവിതോ നിൻകപോലം!

ചുരുൾമുടി കെട്ടഴിഞ്ഞൂർന്നുപോയോ!
തെരുതെരെച്ചിത്തം തുടിക്കയാണോ!

വിറകൊൾവൂ, നഷ്ടം, നിൻപൂവൽമേനി
വിവശയാകായ്കേവമോമലേ, നീ.

മതി മതി സംഭ്രമം, മംഗളാംഗി!
മദനോപമനതാ, വന്നിറങ്ങി!
                               -6-1-1944

      ഗീതം മുപ്പത്തേഴ്

ഓമലേ, പൂക്കാലത്തിൻ
പുഞ്ചിരി, യതാ നോക്കൂ.
കോമളാരാമന്തോറും
പിന്നെയും പൊടിഞ്ഞല്ലോ!

നാമിനിയിരുന്നാലോ
മൂകരായ്!-വീണക്കമ്പി,
താമസിക്കൊല്ലേ തങ്കം
മുറുക്കൂ വേഗം വേഗം!

എന്തിനു വൈകിക്കുന്ന-
താക്കടും ചുവപ്പാർന്ന
മുന്തിരിച്ചാ, റിങ്ങെല്ലാ-
മോളമിട്ടൊഴുകട്ടേ!

തുച്ഛമാണൊരു കൊച്ചു
നിമിഷം- ശരി, പക്ഷേ,
പുച്ഛിക്കായ്കതിനെ നാം,
പോയ്പോയാൽപോയ്പ്പോയില്ലേ?

പ്രേമനിർവൃതിയി, ലി-
പ്രപഞ്ചം പാടേ മറ-
ന്നോമലേ, നാമന്യോന്യം
ഗാഢമായാശ്ലേഷിക്കെ,

ഒരു സംഗീതത്തിന്റെ
കൊച്ചുകൊച്ചലച്ചാർത്തി-
ലറിയാതെങ്ങോ നമ്മ-
ളോഴുകിപ്പോകുന്നില്ലേ?

ജീവിതം വെറുമൊരു
മിഥ്യയാണെങ്കിൽ, പിന്നെ-
ജ്ജീവനായികേ, നമു-
ക്കെന്തിനിച്ചിന്താഭാരം?

ഫലമില്ലല്ലോ കേണാ,-
ലോമലേ, മമ മെയ്യിൽ
പുളകം മായാതെന്നെ-
യാവർത്തിച്ചാശ്ലേഷിക്കൂ!

ഇഴുകിപ്പോകും മാംസം
മണ്ണടിഞ്ഞെന്നാൽ, ചീയു-
മഴകിൻ പനീർപ്പൂക്കൾ-
പുഴുക്കളാകും നമ്മൾ!

ജീവിതം ഹ്രസ്വം, നാഥേ,
ചിരിക്കൂ, ചുണ്ടോടുചു-
ണ്ടീവിധം മന്ത്രിക്കട്ടെ:
"മുന്തിരി സുഖിപ്പിച്ചു!"
                               -1-3-1944

  ഗീതം മുപ്പത്തെട്ട്

നിന്നെ ഞാൻ ധ്യാനിച്ചു പൂജിച്ചകാലത്തു-
മെന്മനം നോവിച്ചിരുന്നവളാണു നീ.

അത്ഭുതമില്ലെനിക്കാകയാലിപ്പൊഴു-
മൽപവുമെന്നെ നീയോർമ്മിച്ചിടാത്തതിൽ.

മാമകപാർശ്വം പ്രണയസുരഭില-
രോമാഞ്ചരാശിയിൽ മൂടി നീ നിൽക്കവേ;

ഉത്തേജനാസ്പദേ, നീ മമ ജീവിത-
ഭിത്തിയിലത്ഭുതചിത്രം വരയ്ക്കവേ;

നമ്മൾക്കുമുമ്പിൽ പ്രപഞ്ചമൊരേകാന്ത-
നർമ്മസല്ലാപംകണക്കുല്ലസിക്കവേ;

അന്നും കൃതഘ്നനെപ്പോലെ, നിൻ മാനസം
കണ്ണീരിൽ മുക്കിച്ചിരിച്ചവനാണു ഞാൻ!

-ആകയാ, ലിന്നെന്നനുവർത്തനം നിന-
ക്കാകുലമേകാനിടയില്ലശേഷവും!

ആവിർഭവിക്കില്ലപരാധബോധമി-
തീ വിയോഗത്താലകന്നതില്ലെങ്കിൽ നാം!

കണ്ടു നീ വൈകുണ്ഠരംഗങ്ങ, ളെന്മനം
വിണ്ടുകീറുന്ന വിടവിലോരോന്നിലും!

ഇറ്റിറ്റുവീഴുമജ്ജീവരക്തം നുകർ-
ന്നത്ഭുതനൃത്തം നടത്തി നിൻ മാനസം.

ജീവിതലക്ഷ്യം സുഖാപ്തിയാ, ണസ്സുഖ-
പ്പൂവെന്നിൽനിന്നേറെ നുള്ളിയെടുത്തു നീ.

അന്നതു വാടിക്കൊഴിഞ്ഞുപോയെങ്കിലെ-
ന്തുന്നതാമോദം നിനക്കേകിയന്നവ.

ഇന്നതിനൊക്കാതകന്നു ഞാൻ നിൽക്കവേ
കണ്ണീരിൽ മുങ്ങുകല്ലല്ലി നീ, മോഹിനി?
                               -29-11-1936

ഗീതം മുപ്പത്തൊൻപത്

വന്നുചേരാറുണ്ടെന്നടുത്തൊരു
സുന്ദരസ്വപ്നമായി നീ.

വിഹ്വലങ്ങളെൻ പ്രജ്ഞകളൊന്നു
വിശ്രമിക്കാൻ തുടങ്ങിയാൽ!

ഉദ്രസമതിൻ സൌരഭം നിന്നു
നൃത്തമാടുന്ന നിദ്രകൾ.

തപ്തമായൊരെൻ ജീവിതത്തിലെ
രക്തചന്ദനച്ഛായകൾ!

ഹാ, വിലാസിനി, ലാലസിപ്പു മ-
ജ്ജീവനും ജീവനായി നീ.

കണ്ടകങ്ങൾ തറച്ചു മേൽക്കുമേൽ
വിണ്ടുകീറുമെൻ ചിന്തകൾ,

നീ തടവിസ്സുശാന്തമാക്കും, നിൻ
ശീതളസ്നേഹധാരയാൽ.

ചൊന്നിട്ടില്ലെന്നാൽ നിന്നോടുവെറും
നന്ദിവാക്കുകൾകൂടി ഞാൻ!

എങ്കിലും, ഹാ, കൃതഘ്നനെന്നെന്നെ-
ശ്ശങ്കിയായ്ക നീ, യോമലേ!

കണ്ടുമുട്ടിയതെന്തിനോ തമ്മിൽ
രണ്ടു ചഞ്ചലവീചികൾ.

അത്യഗാധമീ ലോകജീവിത-
സ്വപ്നസാഗരവീഥിയിൽ!

ഒറ്റമാത്രയിൽ വീണ്ടും, മങ്ങിങ്ങു
വിട്ടുമാറിയകന്നു നാം.

അത്ഭുതാവഹംതന്നെയാണോർക്കിൽ
മർത്ത്യർതൻ കർമ്മവൈഭവം!

എന്തിലും മീതെ നിൽക്കയാം, വിധേ,
നിൻതലയുമുയർത്തി നീ!

വിസ്മരിക്കില്ലൊരിക്കലും, തമ്മിൽ
വിട്ടകന്നു നാമെങ്കിലും

അത്രമാത്രമടുത്തു നമ്മുടെ
മുഗ്ദ്ധശുദ്ധമനസ്സുകൾ.

മഞ്ഞണിഞ്ഞൊരച്ചന്ദ്രികപോലെ
മഞ്ജുളമാമൊരുന്മദം.

വന്നു, ഗൂഢമായുമ്മവെയ്ക്കുന്നു
മന്നിൽ നമ്മുടെ ജീവനെ!

എത്രമാത്രം ഹതാശരാകിലും
നിശ്ചയം ദേവി, ധന്യർ നാം!
                               -9-7-1944

  ഗീതം നാല്പത്

പ്രാണാധിനാഥ, നിന്നാഗമമാശിച്ചീ
മാണിക്യമഞ്ചത്തിലെത്രനേരം,

നാനാവികാരതരംഗിതസ്വാന്തയായ്
ഞാനിനി, ക്കഷ്ടം, കഴിച്ചുകൂട്ടും?

കൊച്ചുനിമേഷങ്ങൾ നീങ്ങുന്നി,ല്ലാരതിൻ
പൊൽച്ചിറകെല്ലാമരിഞ്ഞുവീഴ്ത്തി?

ശരദചന്ദ്രൻ മറഞ്ഞല്ലോ, കൂട്ടിലെൻ-
ശാരികപോലുമുറങ്ങിയല്ലോ!

താരകളൊക്കെയും മങ്ങിമാഞ്ഞംബരം
കൂരിരുൾ മൂടിയിരുണ്ടുവല്ലോ!

പാറ്റേ പരിമളം വർഷിച്ചുവർഷിച്ച-
പ്പാതിരാപ്പൂവും വിരിഞ്ഞുവല്ലോ!

എന്നിട്ടും, കഷ്ട, മിനിയുമിന്നീവിധ-
മെന്നടുത്തെത്തുവാനെന്തമാന്തം?

ഇല്ല, നദിയിൽ പെരുകിയിട്ടില്ലല്ലോ
വെള്ള, മിന്നാറ്റിൽ ഞാൻ പോയതല്ലേ!

കിട്ടുന്നതെന്തിനു തോണി, യിറങ്ങിയാൽ
മുട്ടുകവിഞ്ഞുണ്ടോ വെള്ളമുള്ളൂ?

ഒറ്റയ്ക്കുപോരുവാൻ ഭീതിയോ, പോയിട്ടി-
ല്ലൊറ്റയ്ക്കിതിൻമുൻപെവിടെയെല്ലാം!

മറ്റെങ്ങോ-നിർല്ലജ്ജചിത്തമേ, നീ വൃഥാ
തെറ്റിദ്ധരിക്കുന്നതെന്തിനേവം?

കുറ്റപ്പെടുത്തുവാനുള്ള നിൻ വാസന-
യ്ക്കറ്റമില്ലെങ്കിൽപ്പിന്നെന്തുചെയ്യും?

ഇല്ല, വരാതിരിക്കില്ലെന്നരികി, ലെൻ-
വല്ലഭനി, ന്നെത്ര വൈകിയാലും!

തെല്ലിനിയെങ്കിലും നീയെൻ ഹൃദയമേ,
വല്ലവിധവുമൊന്നാശ്വസിക്കൂ!
                               -21-11-1931

ഗീതം നാൽപത്തൊന്ന്

അലഘുകൌതുകമെന്നിലനാരത-
മലതുളുമ്പി ത്രസിക്കുമെന്നാശകൾ

പരിചിൽ നിർമ്മിച്ചു, ഹാ, നിനക്കായൊരു
പരമസുന്ദരസങ്കേതസൈകതം.

മലർവിരിച്ചിതവിടത്തിലൊക്കെ, യെൻ-
മദവിവശമധുരപ്രതീക്ഷകൾ

പ്രണയസാന്ദ്രമാമാലിംഗനങ്ങളാൽ
പ്രതിനിമേഷം തളർന്നു തളർന്നു നാം,

കരപുടത്തിൽക്കരവും, കവിളതിൽ
കവിളുമൊന്നിച്ചു, സല്ലാപലോലരായ്

സമയമെത്ര കഴിച്ചി, ല്ലൊരേ സുഖ-
സരളസങ്കൽപസായൂജ്യശയ്യയിൽ!

പരിഭവിച്ചും പഴിച്ചും പരസ്പര-
മഭിനയിച്ചതാം രാഗകലഹവും,

പരിചരിച്ചും ചിരിച്ചും പരസ്പര-
മനുഭവിച്ചോരനന്താനുഭൂതിയും;-

ഹൃദയമെപ്പൊഴും വെച്ചുപൂജിച്ചിടും
സ്വയമവയുടെ കാലടിപ്പാടുകൾ!
                               -18-10-1933

ഗീതം നാൽപത്തിരണ്ട്

'യമുനാതരംഗങ്ങളുമ്മവെയ്ക്കും
കമനീയനീരശിലാതലത്തിൽ,
പ്രണവപ്പൊരുളിനെക്കാത്തിരിക്കും
പ്രണയസ്വരൂപിണിയാരു തോഴി?"

"അവളൊരു കേവലഗാപികയാ-
ണറിയാതില്ലാരുമവളെ മന്നിൽ
അഴകിൻ നിധാനമാം 'രാധ' യെന്നാ-
ണവൾതന്നനശ്വരനാമധേയം!"

"കരളിൽപുളകം പുരട്റ്റിടുമാ-
ക്കരിമുകിൽ വർൺനന്റെ വേണുഗാനം
പരമനിർവ്വാണം പകർന്നതാർതൻ
പരിപാവനാത്മാവിലായിരുന്നു?"

"അവളൊരു നിർമ്മല ബാലികയാ-
ണരുതാസ്സുദതിയെ വിസ്മരിക്കാൻ!
അലിവിൻനികേതമാം 'രാധ' യെന്നാ-
ണവൾതന്നനവദ്യനാമധേയം!"

"നിയതിതൻ നാനാത്വമാകമാനം
നിരസിച്ചോരേകമാം സത്തയിങ്കൽ,
മനമലിഞ്ഞുത്തമഭക്തിപൂർവ്വം
പ്രണയം പ്രതിഷ്ഠിച്ചതേതു സാദ്ധ്വി?"

അവനിയിലാത്മസത്വാഭവാച്ചോ-
രവളൊരു പൊൽക്കിനാവായിരുന്നു
അണിമാദിയുൾച്ചെർന്ന 'രാധ' യെന്നാ-
ണവൾതന്നനുപമനാമധേയം!"

"അതുവിധം സായൂജ്യരൂപിണിയാ-
മനഘഗുണാഢ്യയാം രാധികയെ
അനുകരിച്ചീടുമെന്മാനസവു-
മനഘാനുരാഗമറിഞ്ഞു, തോഴി!
ഇനി ഞാൻ പറയാം- അക്കോമളനാ-
മിടയകുമാരനാണെന്റെ ദൈവം!"
                               -27-12-1934

ഗീതം നാൽപത്തിമൂന്ന്

എന്നെത്തിരക്കി, നീയാനന്ദദേവതേ,
വന്നിട്ടുമെന്തേ പറയാതെപോയി നീ?

ഒത്തില്ലെനിക്കെന്റെ ജോലിത്തിരക്കിനാ-
ലൊട്ടും ഭവതിയെസ്സത്കരിച്ചീടുവാൻ.

ചെറ്റും മനുഷ്യത്വമില്ലാത്തവനെന്നു
തെറ്റിദ്ധരിക്കാനിടയുണ്ടിവനെ നീ

എന്തുചെയ്യട്ടേ, മനോരമേ, ജീവിത-
ചിന്തകളെന്നെ വിടുന്നില്ലൊരിക്കലും!

ഉദ്ധതനല്ല ഞാൻ - മാമകമാനസ-
ശുദ്ധിയോർത്തെങ്കിലും മാപ്പെനിക്കേകണേ!

അന്നു, നീ വന്ന മധുമാസരാത്രിയിൽ
മന്ദഹസിച്ചിതെൻ മുറ്റത്തു മുല്ലകൾ!

വെള്ളിനിലാവിൽക്കുളിപ്പിച്ചു നീ, യെന്റെ
വല്ലികൾ മൊട്ടിട്ട പൂങ്കാവനികകൾ!

നിന്മനോഭാവം പരിമളരൂപമാർ-
ന്നെന്മന്ദിരത്തിൽ ത്രസിച്ചു, നീ പോകിലും!

സ്നേഹിക്കുവാനായ് പഠിപ്പിച്ചു നീ നിന്റെ
മോഹനദർശനമേകി മജ്ജീവനെ!

എന്നെക്കൃതഘ്നനെന്നോർക്കായ്ക, ദേവി, നീ
നിന്നോറ്റെന്നെന്നും കൃതജ്ഞനാകുന്നു ഞാൻ!

കാഴ്ചവെച്ചേനേ സകൌതുകമന്നു നിൻ
കാൽത്തളിരിങ്കലെൻ നഗ്നചിത്തത്തെ ഞാൻ.

എന്നാലെനിക്കതിനൊത്തില്ല - മേൽക്കുമേൽ
നിന്നിതെൻചുറ്റുമായ് ജോലിത്തിരക്കുകൾ.

കണ്ണീർക്കടലിൻ നടുവിലെൻ ജീവിത-
പ്പൊന്നിൻ കളിത്തോണി മുങ്ങുമീ വേളയിൽ;

കാളാംബുദാളികൾ മൂടി, ക്കൊടും തണു-
പ്പാളുമിഭീകരവർഷാന്തരാത്രിയിൽ,

നിന്നെയോർക്കുന്നു ഞാ, നെന്നെ രക്ഷിക്കുവാ-
നെങ്ങു നീ, യെങ്ങു നീ, യാനന്ദദേവതേ?-
                               -19-2-1944

    ഗീതം നാൽപത്തിനാല്

ഏക ഞാൻ നിശാമധ്യം,
കൂരിരുൾക്കരിങ്കട-
ലാകവേ ഭയങ്കര,-
മില്ലൊരു ദീപാങ്കുരം.

കോടക്കാർക്കരിമ്പടം
പുതച്ചു നിൽപ്പൂ വാനം-
ആടകം കടക്കേണം
കണ്ടകം ചവിട്ടേണം.

മേചകമേഘാരവം
മേദുരഘോരം, മേന്മേൽ
കീചകാളികൾ കാറ്റിൽ
കാഹളം മുഴക്കുന്നു.

മാരിയുമാരംഭിക്കാറായി-
ഹാ, മതി, വേഗം
പോരിക തിരി, ച്ചെന്റെ
ചഞ്ചലഹൃദന്തമേ!

നിന്നെ ഞാനൊരു നേർത്ത
മിന്നൽനാരിന്മേൽ കോർത്തി-
ട്ടിന്നേവം വിഫലമാ-
യഴിക്കാൻ യത്നിച്ചാലോ!

         2

കൊച്ചുപത്രങ്ങൾ വാച്ച
താരകളല്ലീ കരി-
നൊച്ചിച്ചില്ലകൾതോറും
കളിപ്പൂ വട്ടം ചുറ്റി?

എന്തിനായ്ത്തിരക്കുവ-
തല്ലെങ്കിൽ, വെളിച്ചത്തിൻ-
പൊൻതെളിത്തൂനാളം ഞാൻ?-
വേണ്ടെനിക്കൊന്നുന്തന്നെ!

തെറ്റുകയെന്നോ മാർഗ്ഗ-
മില്ലില്ല- തിമിരമേ,
ചുറ്റും നീ മുറ്റിക്കൊൾക,
ഭീതിയില്ലശേഷം മേ!

പോൻകതിരണിപ്രേമ-
ദീപമിതെൻ നാഥന്റെ
സങ്കേതസരണികൾ
തെളിക്കും, ഗമിക്കും ഞാൻ!

അഞ്ജനക്കറുപ്പേലു-
മല്ലെത്ര തേജോമയം
മഞ്ജീരശുകങ്ങളേ,
കൂജനം തൂകിക്കൊൾവിൻ!
                               -22-9-1932

ഗീതം നാൽപത്തഞ്ച്

ചെങ്കതിർച്ചാർത്തിനാലാദിത്യനന്തിയെ-
ക്കങ്കേളിപ്പൂമാല ചൂടിക്കുമ്പോൾ,

ലജ്ജയിൽ മുങ്ങി, ഞാനിന്നും പതിവുപോ-
ലജ്ജനൽ വാതിൽക്കൽ നിന്നിരുന്നു.

പൂവറുത്തീടുവാൻ, തോഴി നീ പൂങ്കാവിൽ,
പോവുകമൂലം ഞാനേകയായി

നീരൊലിച്ചോലതൻ കൂലത്തിൽ നിൽക്കുമ-
പ്പേരാലിൻചോട്ടിലെ നീലക്കല്ലിൽ,

എന്മനമായിടും വെള്ളാമ്പൽപ്പൂമൊട്ടിൻ
വെണ്മതിയുമപ്പോൾ വന്നുദിച്ചു!

എന്മന, മയ്യോ, തകർന്നുപോയക്ഷണം
സുന്ദരമാ മുഖം കണ്ടനേരം

എന്തുകൊണ്ടാണേവമെന്നുമക്കോമളൻ
ചിന്താപരവശനാവതാവോ?

ക്ഷീണവിവർണ്ണമാമക്കവിൾത്തട്ടുകൾ
കാണുവാൻ കെൽപെനിക്കില്ല, തോഴീ!

നമ്രമുഖനായിട്ടല്ലാതെ കണ്ടിട്ടി-
ല്ലമ്മോഹനാംഗനെയിന്നോളം ഞാൻ.

നിശ്ചയ, മെന്മനോനായകനുണ്ടേതോ
നിശ്ശബ്ദസങ്കട, മെന്തുചെയ്യാം!

അപ്പപ്പോൾ നോക്കീടുമിങ്ങോട്ടു ഗൂഢമാ-
യപ്പോഴുമക്ഷികളശ്രുപൂർണ്ണം.

തങ്ങളിലൊറ്റവാക്കെങ്കിലുമിന്നോളം
ഞങ്ങളിരുവരും ചൊന്നിട്ടില്ല.

എങ്കിലു, മെന്തെല്ലാം രാഗസല്ലാപങ്ങൾ
സങ്കൽപം ഞങ്ങൾക്കു സമ്മാനിപ്പൂ!
                               -5-9-1931

ഗീതം നാൽപത്താറ്

അഴകൊരു പൊൻപൂവുടലാർന്നു വന്നാ-
ലവളുടെ പേരാരും വിളിച്ചുപോകും.

അമരപുരിതന്നിലും കൂടിയെങ്ങു-
മതിലുപരിയായില്ലൊരോമനത്തം.

വനകുസുമംപോലതു നിന്നു വാടാ-
നനുമതിയേകീടുന്നതാരുലകിൽ?

സ്വയമുദയരശ്മിയൊന്നോടിയെത്തി
'പ്രിയകരമേ' യെന്നു വിളിച്ചിടുമ്പോൾ,

വിരസതകാണിച്ചു പിന്മാറിടുന്ന-
തൊരു വലിയ സാഹസമായിരിക്കും!

ഹരിതരുചി പാണ്ഡുരമാക്കി മാറ്റാൻ
വിരുതിയലും വഞ്ചകനാണു കാലം!

-അരുതരുതതോർക്കാതെ ചൊന്നതാം ഞാ-
നണയരുതാ മാറ്റം നിനക്കുമാത്രം!
                               -3-3-1935

  ഗീതം നാൽപത്തേഴ്

നമിച്ചു നിന്നെ ഞാൻ തിരിച്ചവേളയിൽ
വമിച്ചു ലോകമൊരസൂയതൻ വിഷം.

പതിച്ചു, മേൽക്കുമേലുയർന്നെരിഞ്ഞിടു-
മതിൻ ചിതയിലെൻ പരമശാന്തികൾ.

അവതൻ ജീർണ്ണിച്ച ശവത്തറയിന്മേ-
ലവഗണിതനായിരിക്കയാണു ഞാൻ.

കടന്നുപോകുന്നു ദിനങ്ങളോരോന്നെൻ-
പടിക്കൽക്കൂടിയൊരലസഭാവത്തിൽ.

കരുണയില്ലവയ്ക്കെനിക്കു നൽകുവാ-
നൊരു സമാധാനകണികയെങ്കിലും.

പലപല ജോലിത്തിരക്കുകൾമൂലം
പരതന്ത്രന്മാരുമിവന്റെ കൂട്ടുകാർ!

-വിഷാദപൂർണ്ണമാം വിജനതമാത്രം
വിലാപപൂർണ്ണമാം വിവശതമാത്രം.
                               17-1-1945

ഗീതം നാൽപത്തെട്ട്

ഹൃദയനായികേ, ഭവതിക്കായിട്ടെൻ-
സുദിനസൂനങ്ങൾ വിരിയുന്നു

കരളിൽനിന്നിതാ കദനത്തിൻ കടും-
കരിമുകിലോരോന്നകലുന്നു.

കരുണതൻ ദിവ്യമകരന്ദം തിങ്ങി-
നിറയുന്നൂ, മനം കവിയുന്നു.

അതുലേ, നീയിനിക്കരയൊല്ലേ നിയെ-
ന്നനഘാനന്ദത്തിന്നുറവല്ലേ?

കരളിലോലുമെൻ മിഴിനീർ, നീ തന്ന
കരലേസാലൊപ്പിക്കളവൂ ഞാൻ!

തളിർചൂടിച്ചൂടിത്തരുനിര നോക്കൂ
തരളവായുവേറ്റിളകുന്നു.

അളികൾ മൂളുന്നു, കിളികൾ പാടുന്നു
പുലരി പൊൻപൂക്കൾ ചൊരിയുന്നു.

അഴലെന്നാലെന്തെന്നറിയാത്തമട്ടി-
ലരുവികൾ പാടിയൊഴുകുന്നു.

അവയെക്കാണുമ്പോളകലുന്നൂ ശോക-
മകതാരിൽ സൌഖ്യമുറയുന്നു.

മധുരദർശനേ, കരകയോ, നാമീ
വിധി വിധിച്ചതാം വിരഹത്തിൽ? ...
                               13-2-1945

ഗീതം നാൽപത്തൊൻപത്

അമൃതം പുരണ്ട നിൻ വാക്കു കേട്ടി-
ട്ടമലേ, ഞാൻ കോൾമയിർക്കൊണ്ടുപോയി.

അഭിനവയൌവനം നിന്നിൽ നിത്യ-
മഭിരാമതകൾ വിടുർത്തി നിൽക്കെ;

അനുരാഗസാന്ദ്രമായന്തരംഗ-
മനുമാത്രനിർവൃതിയാസ്വദിക്കെ;

അതിഭക്തിയാർന്നുഷസ്സന്ധ്യയെപ്പോ-
ലതിഥിപൂജയ്ക്കു നീ വെമ്പിയെത്തി!

നിരുപിച്ചിരിക്കാതെ നിന്റെ മുൻപിൽ
നിരുപമേ, ഞാനൊരു ദേവനായി.

അവിരളാനന്ദത്തിനാസ്പദമാ-
യെവിടെനിന്നെത്തി നീ, യപ്സരസ്സേ?

മുകിൽ മാല മൂടിയിരുണ്ട വാനിൽ
വികസിക്കും വാർമഴവില്ലുപോലെ,

കദനവിവശമാമെന്മനസ്സിൽ-
ക്കവിതകൊളുത്തി നിൻ കണ്മുനകൾ!

അഴകിന്മേലിപ്പൂത്തു കാണ്മതെല്ലാം
കൊഴിയുന്നപുഷ്പങ്ങളായിരിക്കാം.

പരിതാപമി, ല്ലവയൊക്കെ മേലിൽ
പരിണതപക്വങ്ങളാകുമെങ്കിൽ!

നിഴലും വെളിച്ചവും ചേർത്തൊരുക്കി
നിയതി നൽകീടുമിജ്ജീവിതത്തിൽ,

അരിയൊരുത്തേജക ശക്തിയായെ-
ന്നരികിലിരുന്നു നീ പാടുമെങ്കിൽ,

സ്ഥലകാഅഭീതിയാൽ തെല്ലുപോലും
തളരാതെൻ തോണി തുഴയുവൻ ഞാൻ!

കടുവജ്രദംഷ്ട്രകൾ കാട്ടി, മുന്നിൽ
കുടിലയാഥാർത്ഥ്യങ്ങളെത്തിയാലും,

ചകിതനായ്പ്പിൻതിരിഞ്ഞോടി, വല്ല
ചരമത്തിലും ചെന്നൊളിച്ചിടാ ഞാൻ.

കുഴയുംവരേക്കെന്റെ കൈകൾ കർമ്മ-
ത്തുഴയാൽത്തുഴയും ഞാനിപ്പുഴയിൽ!

പ്രതികൂലവാതങ്ങൾ മാറിമാറി
പ്രതിമാത്രമെത്രയ്ക്കെതിർത്തിടട്ടെ,

പതറുകില്ലെന്മനം- നീയരികിൽ
പരിതൃപ്തയായിപ്പരിലസിക്കിൽ!
                               -23-5-1944

  ഗീതം അൻപത്

സ്വർഗ്ഗീയനീലിമ വീശിവീശി, സ്വയം
സ്വപ്നങ്ങൾകണ്ടു ചിരിക്കുമക്കണ്ണുകൾ,

മാൻപേടയേക്കാൾ പ്രശാന്തമാ, യെൻനേർക്കു
മാൺപുറ്റു നോക്കുന്നതിപ്പൊഴും കാണ്മൂ ഞാൻ.

ആയിരം കണ്മുനക്കോണുകളെന്മിഴി-
ക്കാതിത്ഥ്യമേകിയിട്ടുണ്ടെന്നിരിക്കിലും

എത്തിയിട്ടില്ലെന്റെ മുന്നിലിന്നോളവു
മിത്രമേൽ സ്നേഹംതുളുമ്പുന്ന കണ്ണുകൾ!

ഈ വിദൂരത്തും ചെവിക്കൊൾവിതെൻ തപ്ത-
ജീവ, നവയുടെ മൂകമാം വിളി!-

പ്രാലേയശൈലസാനുക്കളിൽ, പുഷ്പിത-
ശ്രീലഹരിതവനാന്തരശ്രേണിയിൽ,

കേവലമേകയായ് ഭർത്തൃസന്ത്യക്തയായ്
കേണാഞ്ഞീടുമൊരപ്സരസ്സെന്നപോൽ;

ഓർപ്പതസഹ്യമാ, ണിന്നുമെൻ പ്രാണനിൽ
വീർപ്പിട്ടുവീർപ്പിട്ടണയുന്നിതാ വിളി!-

ഹാ, വിധി ഞങ്ങളെ വേർപിരിച്ചെങ്കിലും
ജീവനും ജീവനാണെന്നുമെനിക്കവൾ!

അപ്പൂനിലാവിനു ചുറ്റു, മുൾത്താപമാർ-
ന്നെപ്പൊഴും ചുറ്റിപ്പറക്കുന്നിതെന്മനം!

ദേവിയെ, ദൂരത്തിരുന്നുകൊണ്ടിങ്ങനെ
പൂവിട്ടു പൂവിട്ടു പൂജിച്ചിടുന്നു ഞാൻ.

കാണാതിരിക്കിലുമെൻ മുന്നിലെപ്പൊഴും
കാണുന്നു ഞാനക്കനകകളേബരം!

കേൾക്കാതിരിക്കിലും, കോൾമയിർക്കൊണ്ടിതാ
കേൾക്കുന്നു ഞാനക്കളകോമളസ്വരം!

ദർശനമേകിടാ, തെങ്ങു തിരികിലും
സ്പർശിപ്പിതെന്നെയപ്പൂങ്കുളിർക്കൈയുകൾ!-

കാണുമ്പോഴേക്കാളധികമായ് സ്നേഹിപ്പു
കാണാതിരിക്കുമ്പൊഴെന്നോമനയെ ഞാൻ.

ഹന്ത, വിയോഗമിതേവം വിധിച്ചുകൊ-
ണ്ടെന്തു സാധിച്ചു വിധിക്കിന്നു ഞങ്ങളിൽ?

സ്വാർത്ഥരഹിതമാം സ്നേഹ, മീ ലോകത്തി-
ലാദ്യമായ് കാണ്മ, തെൻ ദേവിയിലാണു ഞാൻ.

ഉൾപ്പുളകാദ്രയായർപ്പിപ്പു ഗൂഢമായ്
മത്പ്രാണനിലതാ മംഗളരൂപിണി.

കർമ്മബന്ധം മാത്രമാണതിൻ മൂല, മി-
ക്കണ്ണീരി, ലൊട്ടുമസംതൃപ്തനല്ല ഞാൻ!
                               -26-1-1945


വ്രണിതചിത്തങ്ങളാശ്വസിച്ചെങ്കി, ലി-
പ്രണയഹേമന്തചന്ദ്രികാധാരയിൽ!

                               -29-5-1935

പ്രേമാർദ്രമാം യുവമനസ്സു മനസ്സിലാളു-
മാമോദനിർഝരികയിങ്കലലിഞ്ഞു മുങ്ങി,
കാമാനുകൂലപരിലാളിതയായ് ലസിക്ക
ഹേമന്തസുന്ദരസുശീതളചന്ദ്രികേ, നീ!

                   25-4-1935 ചങ്ങമ്പുഴ


വിമലതരവിജയമയ-
ഭാവിയാത്താദരം
വിരവിൽ വിരചിക്കു, മെൻ-
കല്യാണമണ്ഡപം,
പരിചരണലോലയാ-
മേതൊരാരോമലിൻ-
പദകമലസംഗമാൽ
സമ്പൂതമാകുമോ,
അപരിചിതയവളലസ-
മമരുമാരാമത്തി-
ലലരുതിരുമതിരുചിര-
കുഞ്ജാന്തരങ്ങളിൽ,
അവളിലൊരു നവപുളക-
മങ്കുരിപ്പിക്കുമാ-
റരികിലലതല്ലാവു
മത്പ്രേമഗീതികൾ!


ഇടപ്പള്ളി
29-5-1935 ഗന്ഥകർത്താ


ഗീതം ഒന്ന്

പ്രേമാനുഭൂതിക്കു മാറ്റുകൂട്ടും
ഹേമന്ദചന്ദ്രിക വന്നുപോയി.

മൂടൽമഞ്ഞാലാ വെളുത്ത നേർത്ത
മൂടുപടമിട്ടോരന്തരീക്ഷം.

അമ്പിളിപ്പൂങ്കതിർച്ചാർത്തിൽ മുങ്ങി-
പ്പൈമ്പാലലയാഴിയായി മാറി.

വെമ്പിത്തുളുമ്പും കുളുർമരുത്തിൻ
ചെമ്പകഗന്ധം വഴിഞ്ഞൊഴുകി.

മാകന്ദത്തോപ്പിലാരാക്കുയിലിൻ
ശോകമധുരമാം പ്രേമഗാനം

തൂകിയ പീയൂഷധാരയിലീ
ലോകം മുഴുവനലിഞ്ഞുറങ്ങി.

രാഗാർദ്രസല്ലാപരംഗമാമീ-
യേകാന്തനികുഞ്ജകത്തിൽ,

നിന്മടിത്തട്ടിൽ, ഞാനിപ്രകാരം
നിർവൃതിക്കൊണ്ടു കിടന്നിടുമ്പോൾ

ഏതല്ലലെന്നെത്തടഞ്ഞുനിർത്താൻ?
ഏതഗ്നിയെൻ മനം ചാമ്പലാക്കാൻ?

എന്മെയ് തലോടി നിൻ പാണിയിൽനി-
ന്നെങ്ങുമുതിരും വളകിലുക്കം,

ഏതോ നിരഘസംഗീതസാര-
സ്രോതസ്വിനിയിങ്ങൊഴുക്കിടുമ്പോൾ

ഹാ, കഷ്ടം, തൊട്ടാലെരിഞ്ഞുപൊള്ളും
ലോകപ്രശംസയിന്നാർക്കു വേണം?

എൻകവിൾത്തട്ടിൽനിന്നിത്രവേഗം
ചുണ്ടെടുക്കായ്ക നീ, യോമലാളേ!

വയ്യെനിക്കൊന്നും! ...നീയൊന്നുകൂടി-
യയ്യോ, മുറുകെപ്പുണരുകെന്നെ.

വേവുന്നു മന്മനം! ...മുന്തിരിയാൽ
വേഗം നിറയ്ക്കൂ, നിറയ്ക്കു പാത്രം!

ഹേമന്തചന്ദ്രിക മാഞ്ഞിടും മുൻ-
പോമലേ ...ജീവിതം സ്വപ്നമല്ലേ?
                               -30-12-1932

ഗീതം രണ്ട്

"പനിനീർപ്പൂവൊന്നിന്നു
നീയെനിക്കേകാമെങ്കിൽ
പകരം നിനക്കു ഞാൻ
തന്നിടാമൊരുകൂട്ടം!"

പൂപറിക്കുവാനായി-
ട്ടന്നു ഞാനുഷസ്സില-
പ്പൂവനാന്തത്തിൽച്ചെന്നു
തനിയേ നിന്നീടുമ്പോൾ,

കാമകോമളനാമ-
ത്തരുണൻ, പിന്നിൽക്കൂടി
മാമകോപാന്തത്തിങ്ക-
ലെമ്മട്ടോ കടന്നെത്തി.

ഒരു സംഭ്രമം പെട്ടെ-
ന്നൽപാൽപം വൈവർണ്ണ്യമെ-
ന്നിരുപൂങ്കവിളിലും
വീശിയിട്ടെങ്ങോ പോയി.

കണ്ടു ഞാൻ പൊടിയുന്ന-
തപ്പൊഴുതദ്ദേഹത്തിൻ
ചുണ്ടിലൊരാനന്ദത്തിൻ
സുന്ദരമന്ദസ്മിതം.

അന്തിമസന്ധ്യാനനം
മ്ളാനമായ് മാറുന്തോറും
ചന്ദ്രലേഖയിലോലും
ചന്ദ്രികാലേശംപോലെ!

ഒരുവാക്കോതാൻപോലും
നാവുപൊങ്ങാ, തെൻ ഗാത്രം
ചെറുകാറ്റിലെ മുല്ല-
വല്ലിപോൽ വിറകൊൾകെ,

കേവലം നേരമ്പോക്കായ്
കൃത്രിമസ്വരത്തി, ല-
പ്പൂവമ്പൻ പറകയാ-
ണെന്നോടീവിധം തോഴി:

"പനിനീർപ്പുവൊന്നിന്നു
നീയെനിക്കേകാമെങ്കിൽ
പകരം നിനക്കു ഞാൻ
തന്നിടാമൊരുകൂട്ടം!"

വല്ലോരും വന്നെത്തിയാ-
ലാ രംഗം കണ്ടാൽപ്പോരേ?
വയ്യാവേലയ്ക്കൊന്നിനി
വേറെ വല്ലതും വേണോ?

പണ്ടത്തെക്കുട്ടിക്കളി-
യിനിയും കൈവിട്ടിട്ടി-
ല്ലുണ്ടതിൻ പൊടിക്കൈകൾ
ചിലതിപ്പൊഴും കൈയിൽ!

പൂ കൊടുക്കാതദ്ദേഹം
പോകില്ല, 'പകര' ത്തി-
നുണ്ടപ്പോ 'ളൊരുകൂട്ടം',

എന്തുചെയ്തീടും, തോഴി?-
വിഷമിച്ചു ഞാൻ, നാനാ-
ചിന്തകൾ പൊങ്ങിപ്പൊങ്ങി-
ത്തുടിച്ചു മമ ചിത്തം.

എന്നി, ലന്നത്തെ-കുട്ടി-
ക്കാലത്തെ-യധികാരം
തന്നെ, യെങ്കളിത്തോഴ-
നുണ്ടെന്നാണിന്നും ഭാവം.

പ്രണയം മൂളും പക്ഷേ,
സമ്മത, മെന്നാലും, നിർ-
ഘൃണമായ് മറ്റൊന്നില്ലേ?-
ലോകനീതിയാം വ്യാഘ്രം!

ആയതിൻ ദുരാചാര-
ദംഷ്ട്രകൾ, താരുണ്യത്തിൻ
ന്യായഗദ്ഗദം കേട്ടാൽ
വിടുമോ, നൈർമ്മല്യത്തെ?

ഏതു സത്യവും മൂടാ-
നതിനുണ്ടല്ലോ കൈയിൽ
പീതമാമൊരു വസ്ത്രം;
ജീർണ്ണിച്ചോരപമാനം.

ഞാനതു ചാർത്താമെന്റെ
ജീവനാഥനുവേണ്ടി
മാനസം മദീയം, ഹാ,
രാഗനിർമ്മലമല്ലോ!

ഉടനേ മുന്നിൽപ്പൂത്തു-
നിന്നൊരാപ്പനിനീർപ്പൂ-
ച്ചെടി ചായ്ച്ചൊരു പൂവു
പൊട്ടിച്ചു സമ്മാനിച്ചേൻ!

"പകരം തരാനിതാണെ"-
ന്നുചൊ, ന്നൽപം നീങ്ങി
സ്വകരത്താലെൻ ശിര-
സ്സുയർത്തി, പ്രേമോന്മത്തൻ-

തോഴി, നീ തലതാഴ്ത്തു-
ന്നെന്തിനാ, ണെനിക്കൊരു
കോഴയും തോന്നീലപ്പോ-
ളെന്നല്ല, ജാതാമോദം,

തദ്ഗളനാളത്തിലെൻ-
കരവല്ലികൾ കോർത്തു
ഗദ്ഗദസ്വരത്തിൽ, ഞാൻ
ചൊല്ലിനേനിതുമാത്രം:

"പൂവതു ... ഞാൻ തന്നതു ...
വാടിപ്പോം!- എന്നാ ...ലെന്റെ
ജീവനിൽ ... ഭവാൻ ചേർത്ത
പുളകം ... മായില്ലല്ലോ!"
                               -7-10-1933

   ഗീതം മൂന്ന്

കുളിർവനികയിൽ നീയും സഖികളും
കുറുമൊഴികൾ നനച്ചുല്ലസിക്കവേ;-

അരികിലായി നിന്നോമനപ്പേടമാൻ
കറുകനാമ്പും ചവച്ചുനിന്നീടവേ

ഉദയകാന്തിയൊഴുകിയപ്പൂവനം
ഹൃദയമോഹനം ലാലസിച്ചീടവേ;-

അവിടെ, നിന്മണിമേടയി, ലെത്തി ഞാൻ
തവ സഹോദരസന്ദർശനോത്സുകൻ!

ഝടിതി മൺകുടം താഴെയിട്ടോടിയ-
ച്ചെടികളിൽച്ചെന്നൊളിച്ചു നീയെങ്കിലും

കനകപഞ്ജരാന്തസ്ഥയാം ശാരിക
കളരവങ്ങളാൽച്ചെയ്തു മാം സ്വാഗതം!

സരസസത്കാരലോലനാം നിൻപ്രിയ-
സഹജ, നെൻമുഖം ദർശിച്ചമാത്രയിൽ,

വിരവിലോടിയണഞ്ഞെൻകരം ഗഹിച്ചൊരു
മണിമച്ചിലെന്നെ നയിക്കയായ്,

വിവിധസംഭാഷണാഹ്ലാദപൂർവ്വക-
മവിടെ ഞങ്ങളിരിക്കുന്നവേളയിൽ,

മണിനിനദമെന്നോണം, വെളിയിൽ, നിൻ-
മധുരഹാസം ലയിച്ചു പലപ്പൊഴും!

ജനലിലൂടെ ഞാൻ നോക്കുമ്പൊഴൊക്കെയും
കനകവിദ്യുല്ലതപോലൊളിച്ചു നീ!

മലർവനികയിൽ നിൽക്കുന്ന നിന്നെ, യെൻ-
മനസിലന്നേ കുരുക്കിക്കഴിഞ്ഞു ഞാൻ.

പ്രതിഭപോലെഴും നിന്നംഗസൌഭഗം
പ്രതിഫലിച്ചിതെൻ സ്വപ്നരംഗങ്ങളിൽ.

അനുദിന, മന്നുതൊട്ടു, നിൻമേടയി-
ലണയുവാനെനിക്കുണ്ടായി മോഹവും.

അവസരം നൽകി, നീയെനിക്കോമലേ,
തവ സഹജന്റെ ജീവനായ്ത്തീരുവാൻ.

സുദൃഢമാക്കി ഞാൻ, യാഡൃച്ഛികാദിത-
ഹൃദയബന്ധമതാത്മതന്തുക്കളാൽ!

ഒരുവശത്തെന്തൊരത്ഭുതസൌഹൃദം!
മറുവശത്തോ!-മധുരപ്രണയവും ...
                               -19-2-1933

  ഗീതം നാല്

അനുദിനം വിദ്യാലയത്തിലേക്ക-
ക്കനകാംഗി പോകുന്നതീ വഴിയാം.
പുലർകാലത്തൂമഞ്ഞു തേഞ്ഞുമാഞ്ഞ-
ങ്ങിളവെയിലെങ്ങും പരന്നിടുമ്പോൾ;

വഴിവക്കിലോരോരോ തൈമരങ്ങൾ
കുളിർകാറ്റിലാഞ്ഞാഞ്ഞിളകിടുമ്പോൾ;

പരിചേലും കാനനമുല്ലകൾതൻ
പരിമളം മാഞ്ഞുതുടങ്ങീടുമ്പോൾ;

ഒരുകൈയിൽ നാലഞ്ചു പുസ്തകവും
മറുകൈയിൽ കൊച്ചുകുടയുമായി,

ഇതിലേ കടന്നു നടന്നുപോമ-
പ്പുതുതായ്പ്പൂമൊട്ടിട്ട മുല്ലവല്ലി!

അവിടെ, യെൻ വീട്ടിൻപടിക്ക, ലൊറ്റ-
യ്ക്കവളെയും നോക്കി ഞാൻ കാത്തുനിൽക്കും.

അവിടെ ഞാൻ നിൽപതു കണ്ടുപോയാ-
ലവളുട, നെന്തോ, തല കുനിക്കും.

ക്ഷണമൊരു നേരിയ മന്ദഹാസ-
മണയുമച്ചെന്തളിർച്ചുണ്ടുകളിൽ.

വികസിക്കും രണ്ടു നുണക്കുഴിയാ
വിമലാംഗിതൻ പൂങ്കവിളിണയിൽ!

അരികിലണഞ്ഞാൽ, തല ചെരിച്ചൊ-
ന്നവളെന്നെ മന്ദമൊളിഞ്ഞുനോക്കും.

അകലെ, യാ നേർവഴിപ്പാത രണ്ടായ്-
ത്തിരിയും മരച്ചോട്ടിലെത്തുവോളം,

ഒരുവശത്തൽപമുയർന്നുനിൽക്കും
പുരവേലിയെന്നെ മറയ്ക്കുവോളം,

ഭരിതാനുമോദമിടയ്ക്കിടയ്ക്കാ-
ത്തരളാക്ഷി, യെന്നെത്തിരിഞ്ഞുനോക്കും!

നടരെല്ലാം വേർപെട്ട രംഗകമ്പോ-
ലിടവഴി ശൂന്യമായ് മാറ്റി, യേവം,

വിരവിലെൻ ദൃഷ്ടിപഥത്തിൽനിന്നാ-
സ്സുരഭിലസ്വപ്നം മറഞ്ഞുതീർന്നാൽ,

കൃതകൃത്യനായപോൽ, പിന്നെ, ഞാനെൻ-
സദനത്തിലേക്കു മടങ്ങിപ്പോരും! ...

അഭിനയിക്കാതില്ലൊരുദിനമി-
ച്ചപലമാമേകാങ്കനാടകം ഞാൻ!

അവനതമൌലിയായ്, മുന്നിലൂട-
ബ്ഭുവനൈകഭാഗ്യം കടന്നുപോകേ;

ഹൃദയത്തിൻസ്വസ്ഥത വിശ്രമിപ്പോ-
രതിഗൂഢമാകുമഗാധതകൾ,

തരിതരിപ്പിക്കുമാറെങ്ങുനിന്നോ
വരുമൊരു മായികരോമഹർഷം!-

അറിയാതെന്നാത്മാവിലപ്പൊ, ളേതോ
നിരഘമാം നിർവ്വൃതി സഞ്ചരിക്കും! ...

അതുമാത്രമാശിച്ചാണാ വഴിയി-
ലവളെയും കാത്തു ഞാൻ നിൽപതെന്നും.
                               -29-2-1932

  ഗീതം അഞ്ച്

അത്തരംഗിണിതൻ തടത്തി, ല-
പ്പുത്തിലഞ്ഞിത്തണലിലായ്

വിശ്രമിക്കുകയായിരുന്നു ഞാ-
നുച്ചനേരമന്നേകനായ്.

അപ്പൊരിവെയ്ലിൽക്കത്തിയാളിയാ
മൽപ്പരിസരമണ്ഡലം.

വൃക്ഷശാഖയിൽ വിശ്രമിക്കയായ്-
പ്പക്ഷിവൃന്ദം നിരാതപം.

കാട്ടുപുല്ലുകൾക്കുള്ളിലായൊളി-
ഞ്ഞാട്ടിടയനുറക്കമായ്!-

മന്ദ, മപ്പോളെൻ മുന്നിലായൊരു
മൺകുടവുമായെത്തി നീ.

അത്ഭുതാവഹമാമൊരാനന്ദ-
സ്വപ്നമായ് നിന്നെക്കണ്ടു ഞാൻ!

തമ്മിലൽപമിടഞ്ഞു നമ്മുടെ
കൺമുനകളെന്തിനോ!

ആനതാസ്യയായ് വെള്ളവും മുക്കി
നീയുടനേ തിരിച്ചുപോയ്.

ദൂരെ നീ പോയ്മറഞ്ഞിടുംവരേ-
യ്ക്കോമനേ, നിന്നെ നോക്കി ഞാൻ!

മന്ദമന്ദമനുപദം തവ
മഞ്ജുമഞ്ജീരശിഞ്ഞിതം

സദ്രസമകലത്തുനിന്നടു-
ത്തെത്തിടുന്നതായ്ത്തോന്നി മേ;

വിസ്മൃതിവിട്ടുയർന്നിടും ചില
സുസ്മരണകള്മാതിരി.

അമ്മനോഹരചിന്തയി, ലൊന്നു
കണ്ണടയ്ക്കുവാൻ നോക്കി ഞാൻ! ...

ചൂടുതാണു, വെയിലുപോയ്, മൃദു-
പാടലാഭമായ് വാനിടം.

മർമ്മരംവീശി മന്ദവായുവിൽ
മഞ്ജരിതലതാളികൾ.

എന്മയക്കം കഴിഞ്ഞു;-തെല്ലിട
കണ്മിഴിച്ചു കിടന്നു ഞാൻ.

ചുറ്റുപാടും പരന്നു നേരിയ
പുഷ്പസൌരഭവീചികൾ.

ഉജ്ജ്വലിക്കയായ് കൊച്ചുമേഘങ്ങൾ
പശ്ചിമാംബരവീഥിയിൽ.

സാവധാനമെണീറ്റനന്തര-
മാവഴി ഞാൻ മടങ്ങിനേൻ.

അപ്പൊഴുതെന്നിൽ, ത്തപ്തചിന്തയൊ-
ന്നുത്ഭവിപ്പതായ്ത്തോന്നി മേ.

ഹേതുവില്ലാതെൻ മാനസം വൃഥാ
വേദനിച്ചു മധുരമായ്.

ഇപ്രപഞ്ചമറിഞ്ഞിടാതെന്നി-
ലുത്ഭവിച്ചൊറ്റമാത്രയിൽ,

നാദമില്ലാതടർന്നുപോയ്ച്ചില
രോദനത്തിൻകുമിളകൾ!

മന്ദമന്ദം തിരക്കിയെന്തിനോ
മന്മനമിദമാരെയോ:

"എങ്ങുപോയി നീ? ...എങ്ങുപോയി നീ-
യെന്മനോഹരസ്വപ്നമേ?"
                               -9-12-1933

      ഗീതം ആറ്

മല്ലിക, യവൾ മഹാ-
കള്ളിയാ, ണബദ്ധത്തി-
ലെല്ലാം ഞാനവളോടു
പറഞ്ഞുമ്പോയി!

ഇങ്ങിതാ വരികയാ-
ണാളിമാർ ഞാനിനിയൊ-
ന്നെങ്ങനെയവരുടെ
മുഖത്തു നോക്കും?

എള്ളോളം നാണമില്ലാ-
തിന്നവൾ, വെറും പച്ച-
ക്കളങ്ങളവരോടു
പറഞ്ഞിരിക്കാം.

ഉല്ലാസഭരിതരാ-
യെല്ലാരുമതു കേട്ടു
സല്ലീലം കരം കൊട്ടി-
ച്ചിരിച്ചിരിക്കാം.

ഇന്നവർ മാറിമാറി
വന്നിനി ക്കളിയാക്കി-
ക്കൊന്നിടും കനിവില്ലാ-
തെന്നെ നൂനം! ...

"എന്നിട്ടിതൊന്നുന്തന്നെ
ഞങ്ങളോടുരിയാടാ-
തിന്നോളം കഴിച്ച നീ
കേമിതന്നെ.

കേവലമൊരു ശുദ്ധ-
പാവമെന്നല്ലോ ഞങ്ങ-
ളേവരും നിന്നെ, ക്കഷ്ടം,
ധരിച്ചിരുന്നു!

നീയും നിൻ പ്രണയവും
പ്രേമലേഖനങ്ങളും
പൂവല്ലിക്കുടിലിൽ നിൻ
കാത്തിരിപ്പും;

നിത്യവും ദിനാന്തത്തിൽ
പൂ പറിക്കുവാനെന്ന
സത്യവാചകമൊന്നു
മൊഴിഞ്ഞശേഷം

ഞങ്ങളെ വിട്ടുപിരി-
ഞ്ഞൊറ്റയായ് പ്പൂവനത്തി-
ലങ്ങിങ്ങായെഴുന്ന നിൻ-
വിഹരണവും!-

എങ്കിലു, മന്നുതന്നെ-
യീ നിഗൂഢോത്സവങ്ങൾ
ശങ്കികാതിരുന്നില്ല
ഞങ്ങളാരും

അത്ഭുത, മിതുവരെ
ഞങ്ങളെയിവയിലൊ-
രൽപവുമറിയിക്കാ-
തിരുന്നല്ലോ, നീ!

ഒട്ടുനാൾ ഞങ്ങൾതേടി-
ക്കണ്ടിടാഞ്ഞതിൻ തുമ്പു
കിട്ടിപ്പോയ്!-ഇനി, നിന്നെ
വിടില്ല ഞങ്ങൾ! ..."

ഈവിധത്തിലിന്നവ-
രേവരും ഹൃദയത്തിൽ
ഭാവനാസരണികൾ
തെളിച്ചിരിക്കും!-

സദ്രസമതിലെല്ലാം
സസ്മിതം പല പല
ചിത്രങ്ങളനുക്രമം
രചിച്ചിരിക്കും!-

ഇങ്ങിതാ വരികയാ-
ണാളിമാർ, ഞാനിനിയൊ-
ന്നെങ്ങനെയവരുടെ
മുഖത്തു നോക്കും?

മല്ലിക, യവൾ മഹാ-
കള്ളിയാ, ണബദ്ധത്തി-
ലെല്ലാം ഞാനവളോടു
ചൊല്ലിയല്ലോ!
                               -29-1-1933

  ഗീതം ഏഴ്

നീ മുഖം താഴ്ത്തിയിരിപ്പതെന്ത-
ത്താമരപ്പൊയ്കക്കടവുകല്ലിൽ?

ആളുമുൽക്കണ്ഠയാൽ നിന്നരികി-
ലോളങ്ങളോരോന്നായോടിയെത്തി,

കേളിനീരാട്ടിനിറങ്ങുവാൻ, നിൻ-
കാലുപിടിച്ചു വിളിക്കയല്ലീ?

സുന്ദരി, മന്ദിതചേഷ്ടയായ് നീ-
യെന്നിട്ടുമെന്തേ മടിച്ചിരിപ്പൂ!

സൂരനുയർന്നു, വെയിലുമൂത്തു,
വാരിളങ്കാറ്റിൽത്തണുപ്പു മാഞ്ഞു.

ദൂരത്താക്കുന്നിന്മുടിയിൽനിന്നു-
മോരോന്നായ് മേഘമുയർന്നകന്നു.

ആമന്ദം ജോലിത്തിരക്കുകളിൽ
ഗാമം മുഴുവനും വ്യാപരിച്ചു.

നീ മുഖം താഴ്ത്തിയിരിപ്പതെന്ത-
ത്താമരപ്പൊകക്കടവുകല്ലിൽ?

ആരോമലേ, നിൻ മനോവിഹംഗം
പാറിപ്പറക്കുന്നതേതു രംഗം?

ഹാ, തവ സങ്കൽപം വിശ്രമിപ്പ-
തേതു ഗന്ധർവ്വലതാനികുഞ്ജം?

പിന്തിരിഞ്ഞേവം നീ കാത്തിരിക്കു-
മുൽപലസായകനേതു ധന്യൻ?

തെല്ലകലത്താ വനത്തിൽനിന്നും
മെല്ലെപ്പുറപ്പെടും വേണുഗാനം,

സഞ്ചലശോണിമ നിൻ കവിളിൽ
സഞ്ജനിപ്പിക്കുവാനെന്തു ബന്ധം!

ആ മോഹനാംഗനാമാട്ടിടയ-
നാരോമലേ, നിനക്കാരൊരുവൻ?

നാലുപാടും നീ പകച്ചുനോക്കി
നാണം കുണുങ്ങുന്നതെന്തിനേവം?

നീയറിയുന്നീലേ, വൈകി നേരം
നീരാട്ടിനിന്നിയുമെന്തമാന്തം?
                               -3-3-1933

   ഗീതം എട്ട്

കഴിഞ്ഞകാലത്തിൻ മൃദുലസൌരഭം
വഴിഞ്ഞൊഴുകു, മെൻ ചപലചിന്തകൾ,

ഇനിയുമോമലേ, വരികയാണു നിൻ
പ്രണയഭിക്ഷയ്ക്കുമിരന്നനാരതം,

അവയ്ക്കു വിശ്രമമരുളുകിന്നു, നി-
ന്നനുമതിയുടെ മടിയിലൊന്നു നീ!

അയി മനോരമേ, യറിയ, നിന്നിൽനി-
ന്നരുതെനിക്കൊന്നുമൊളിച്ചുവെയ്ക്കുവാൻ.

ഇതിനുമുൻപു ഞാൻ പലേതവണയും
ശിഥിലമായൊരെൻ ഹൃദയമീവിധം,

പരമനഗ്നമായ് വലിച്ചെറിഞ്ഞു, നിൻ
പരിഭവത്തിന്റെ പദതലങ്ങളിൽ!-

ഇനിയു, മെന്നിട്ടു, മൊരുക്കമില്ല നീ-
യനുശയത്തിലൊന്നിഴഞ്ഞുചെല്ലുവാൻ.

അമിതകോപത്താ, ലറിഞ്ഞിടാതെ, നി-
ന്നധരപല്ലവം വിറച്ചിടുമ്പൊഴും,

പനീരലരെതിർക്കവി, ളരുണിമ
പതിന്മടങ്ങായി, ത്തുടുത്തിടുമ്പൊഴും,

അനുനയം വന്നു തുളുമ്പുമെന്മിഴി-
യനുഭവിക്കയാണൊരു നവോത്സവം!

കുറവതില്ല നിൻ വശീകരത്വ, മി-
ക്കുപിതഭാവം നീ വരിക്കിലും സ്വയം?

അലമലസമായരിമപ്പൊന്നല-
'രരുതരുതെ' ന്നു വിലക്കുമെങ്കിലും,

ഉടനതുകേട്ടു വൃഥാ നിരാശനായ്
മടങ്ങിപ്പോകാറില്ലൊരു മധുപവും!

കഴിഞ്ഞതൊക്കെയും കഴിഞ്ഞു-മേലിലി-
ക്കലഹരംഗത്തിൽ കടന്നിടേണ്ട നാം!

പരമഗൂഢമാം സ്വകാര്യമൊന്നു ഞാൻ
പറഞ്ഞിടാം!-വരികരികിലോമലേ! ...
                               -2-9-1932

  ഗീതം ഒൻപത്

മമ ജീവനായകൻ വന്നുപോയി,
മണി വീണ വേഗം മുറുക്കു തോഴി!

സുലളിതസൌവർണ്ണതാലമൊന്നിൽ
സുരഭിലതാംബൂലം സജ്ജമാക്കൂ!

വിധുരത വിട്ടാച്ചഷകമൊന്നിൽ
മധുരപാനീയം പകർന്നെടുക്കൂ!

ഇടയില്ലെനിക്കിനിയൊന്നിനും-ഞാ-
നിടറും കാൽവെപ്പാലങ്ങോടിയെത്തി,

പ്രണയസ്മിതങ്ങളാൽ സ്വാഗതം ചെ-
യ്തണിമച്ചിൽ പൂജിച്ചിരുത്തിടട്ടെ!

സഖി, നീയദ്ദേഹത്തെസ്സത്കരിക്കാൻ
സകലതും വേഗത്തിൽ സജ്ജമാക്കൂ! ...

അകലെ, യദ്ദേവൻ കയറിയെത്തും
ശകടചക്രോത്ഥകധൂളിയല്ലേ,

ഉടനുടനവ്യക്തചിന്തകൾപോ-
ലുയരുന്നതന്തരീക്ഷത്തിലെല്ലാം?

പ്രതിമാത്രം ദൂരത്തു കേൾപ്പതെ, ന്താ-
ക്കുതിരക്കുളമ്പടിയൊച്ചയല്ലേ?

മതിയിനിശ്ശങ്കവേ, ണ്ടെത്തുവതാ
മദനമനോഹരൻതന്നെ, തോഴി!

ഇതു കഷ്ട, മെന്തെനിക്കാവതില്ലെൻ-
ഹൃദയത്തുടിപ്പൊന്നടക്കിനിർത്താൻ!

ഇടറുന്നെൻകാലുകൾ-നെറ്റി, നോക്കൂ
കുടുകുടെ, ക്കഷ്ടം, വിയർത്തുപോയി!

തെരുതെരെപ്പായുന്നു മിന്നലോരോ
സിരയിലും!-ഞാനിനിയെന്തുചെയ്യും?

ഒരുവാക്കു, വേണ്ട പോ, ട്ടക്ഷരമൊ-
ന്നരുളുവാൻപോലുമശക്തയായ് ഞാൻ!

ഇതുവിധം സംഭ്രമിച്ചിങ്ങു നിന്നാൽ
മതിയിലെന്നോടെന്തു തോന്നുമാവോ!

പരിഭവമെൻ നാഥനില്ല-തോഴി,
പറയുകെന്നോ, ടെന്തുചെയ്യണം ഞാൻ? ...
                               -25-8-1933

  ഗീതം പത്ത്

അൽപഭാഗ്യ ഞാ, നത്ഭുതാംഗ, നിൻ-
സ്വപ്നസൌധത്തിലെങ്കിലും,

മൽപ്രണയലഹരിയാലൊരു
പുഷ്പതലം രചിക്കുകിൽ!

കണ്ണുനീരിലലിഞ്ഞുചേരുമീ
മന്മനോരാഗസൌരഭം,

നീയിനിയുമറിഞ്ഞിടാത്തതിൽ
നീരസം ലേശമില്ല മേ!

ചാരുഹേമന്തം തീരും ചന്ദ്രികാ-
ധാരയൊക്കെയും മാഞ്ഞുപോം;


മണ്ണടിഞ്ഞു മറയു, മിക്കുളിർ-
മഞ്ജുമുല്ലമലരുകൾ-

ഉൾപ്പുളകദമായിടുന്നൊരീ-
യുത്സവകാലമീവിധം,

ഹന്ത, നാം തപ്തചിന്തയാൽ, പാഴിൽ
സന്ത്യജിക്കുന്നതെന്തിനായ്?

വെണ്മലരണിപ്പട്ടുമെത്തയി-
ലെന്മടിയി, ലനാമയം,

വീണവായന കേട്ടു കേട്ടു നീ
വീണുറങ്ങുന്നവേളയിൽ,

തെല്ലകലെയാ വല്ലകി വെച്ചു
മെല്ലെയെൻ കരവല്ലിയാൽ,

അച്ചെറുമൃദുകുന്തളച്ചുരു-
ളാത്തമോദം തടവിയും,

ഉമ്മവെച്ചുവെച്ചാ മനോഹര-
ഗണ്ഡയുഗ്മം തഴുകിയും,

രാഗലോലയെനിക്കൊരു വെറും
രാവുമാത്രം കഴിയുകിൽ!

കോമളോൽഫുല്ലതാരകൾ മാഞ്ഞു
കോടക്കാർമൂടി വാനിടം,

ഈ വിജനനികുഞ്ജകത്തിലെൻ
ദേവ, ഞാനേവമേകയായ്,

ത്വത്സമാഗമം കാത്തുകാത്തിനി-
യെത്രനേരം കഴിയണം?

ആടലാർന്നീടുമെൻ മനസ്സുപോൽ
വാടുമീ മുല്ലമാലയും

പേറി, ഞാനിതാ പോകയാ, ണശ്രു-
ധാരയിൽ വീണ്ടും മുങ്ങുവാൻ!

എന്നൊരുരാവിലെങ്കിലും ഭവാ-
നെന്നരികിലണയുകിൽ,

അന്നൊരാനന്ദസുസ്മിതത്തിലി-
ക്കണ്ണുനീർ ഞാൻ പൊതിഞ്ഞിടാം! ...
                               -1-2-1933

 ഗീതം പതിനൊന്ന്

അല്ലണിവേണി കെട്ടിവെച്ചുള്ളിലീ
മുല്ലമാല ഞാൻ ചൂടിച്ചിടട്ടെയോ?

ചുംബനങ്ങളാൽ പേർത്തുമിച്ചെന്തളിർ-
ച്ചുണ്ടുരണ്ടും ചുവപ്പിച്ചിടട്റ്റെയോ?

കോമളാശ്ലേഷധാരയാൽ നിന്നെ, ഞാൻ
രോമഹർഷത്തിൽ നീന്തിച്ചിടെട്ടയോ?

ചൊൽകയേ, മൽപ്രിയേ, നിൻ കുളിരുടൽ
പുൽകി ഞാനൊരു ഗാനമാകട്ടെഓ?

അന്യനാണോ വരാംഗി ഞാ, നേവമെൻ-
മുന്നിൽ നിന്നിത്ര നാണം കുണുങ്ങുവാൻ?

തട്ടിമാറ്റുമാറില്ലൊരു പുഷ്പവും
തൊട്ടു ചുറ്റും പറക്കുന്ന വണ്ടിനെ,

എത്രയോമൽ സ്വകാര്യങ്ങളാണതു
വിസ്തരിളതത്താരിൻചെവികളിൽ!

ഇല്ലതിനൊരു ലജ്ജയും, തന്നടു-
ത്തുല്ലസിപ്പതിനിഷ്ടമില്ലായ്കയും,

പട്ടുസാരി ഞാൻ നേരെയാക്കാം-ഇതാ
ഞെട്ടി, ദൂരത്തൊഴിഞ്ഞുകഴിഞ്ഞു നീ!

തല്ലിടൊല്ലേവമെന്നെ നീ ദൂരെ നി-
ന്നുല്ലസന്മൃദുചില്ലിക്കൊടികളാൽ!

ചേലിലാലോല നീലാളകാളികൾ
കേളിയാടുമിക്കോമളനെറ്റിയിൽ,

ഉദ്രസം സമ്മതിച്ചാലുമിന്നൊരു
കൊച്ചുകുങ്കുമപ്പോട്ടണിയിക്കുവാൻ!

മഞ്ഞുതുള്ളികൾ വീണു വിരിഞ്ഞിടും
മഞ്ജുവാമൊരു ചെമ്പനീർപ്പൂവുപോൽ,

വേർപ്പു ചിന്നിപ്പൊടിഞ്ഞാത്തലജ്ജയാൽ
ചോപ്പിരട്ടിച്ചൊരിക്കവിൾത്തട്ടുകൾ,

പ്രാതിനിധ്യം വഹിക്കയല്ലല്ലി, നിൻ
മേദുരസ്നേഹചിന്തകൾക്കൊക്കെയും?

ഞാനറിഞ്ഞുകഴിഞ്ഞേനവയിലെ-
ഗ്ഗാനസാന്ദ്രമാം സന്ദേശമോമലേ!

ചന്ദ്രലേഖ കിളർന്നൊരു നേരിയ
ചന്ദ്രിക വീണുലാവിയെല്ലാടവും,

നാമിരുവർ തനിച്ചായ്-വെളിയില-
ഗാമമെല്ലാമൊതുങ്ങിയുറക്കമായ്

എണ്ണ തീർന്നു വിളക്കിൽ-പിടയുമ-
സ്സ്വർണ്ണദീപം ക്ഷണത്തിൽ പൊലിഞ്ഞുപോം.

പിന്നെ?-യെന്തിനിനിയും നമിപ്പതി-
സ്സുന്ദരാനനം, ലജ്ജാവിവർണ്ണമായ്? ...
                               -2-6-1932

     ഗീതം പന്ത്രണ്ട്

ഏകയാ, യനുപദശിഞ്ജിത-
വിലോലയായ്,
പോകുന്നതെവിടെ നീ
പൂനിലാവേ?

സാരിത്തുമ്പിനാൽ, മുഖസാരസം
മറച്ചു നീ
സാവധാനമായേവം
നടന്നുപോകെ,

എന്തെല്ലാം സുഖമയചിന്തകാ-
ളിളകി, യാ
മൺതരികളുംകൂടി-
സ്സുഖിച്ചിരിക്കാം!

ചെന്തളിരിതളൊളിച്ചുണ്ടിലാ-
യിടയ്ക്കിടെ-
ച്ചിന്തുമാ മനോഹര-
മധുരസ്മേരം,

ഒത്തില്ല കുക്കുത്തിക്കിത്രനാൾ
പഠിച്ചിട്ടു-
മിത്തിരിപോലുമൊന്നു
പകർത്തിവെയ്ക്കാൻ

ജാതകൌതുകം നിനക്കാതിത്ഥ്യ-
മരുളിയ-
തേതൊരു വസന്തശ്രീ-
യായിരിക്കാം?

ഗീതികേ, രൂപമില്ലാതിത്രനാൾ
നീയിരുന്ന-
തേതു വൃന്ദാവനത്തി-
ലായിരുന്നു?

താരുണ്യമടുത്തെത്തിത്താലോലി-
ച്ചിദം, തവ
താരെതിരുടല്വല്ലി
തളിർത്തുനിൽക്കെ,

ചഞ്ചലയുവജനസഞ്ചയ-
വിലോചന-
ചഞ്ചരീകങ്ങളോരോ-
ന്നരികിലെത്തി,

ത്വൽപദപരിചര്യാതത്പര-
തയാലെത്ര
കൽപിതനിവേദനം
പൊഴിച്ചിരിക്കാം!

മന്നിന്റെ മടിത്തട്ടിൽ മന്ദ-
മടർന്നുവീണ
വിണ്ണിലേക്കിരണമേ,
വിസ്മയമേ,

സങ്കൽപസുഖസ്വപ്നസഞ്ചയ-
സുരഭില-
സങ്കേതരംഗകമേ,
സൌഭഗമേ,

കേവലസ്വപ്നതുല്യമീവിധ-
മിത്രവേഗം
പോവല്ലേ, പോവല്ലേ നീ
പൂനിലാവേ! ...

സൌന്ദര്യദേവതേ, നിൻ മുന്നിലെൻ-
ഹൃദയത്തിൽ
സൌവർണ്ണകസുമങ്ങൾ
നിരത്തിവെയ്ക്കാം.

നിഷ്ക്കളങ്കപ്രണയത്തിൻ പട്ടുനൂ-
ലിലാ മല-
രൊക്കെ, ഞാങ്കൊരുത്തൊരു
മാലകെട്ടാം.

ആ മലർമാലിക നിൻകണ്ഠത്തി-
ലണിഞ്ഞിട്ടീ
രോമഹർഷത്തിനെ, ഞാൻ
യാത്രയാക്കാം!

ജന്മജന്മാന്തരത്തിലെങ്ങാനു-
മൊരുപക്ഷേ,
നമ്മുടെ പരിചയം
മാഞ്ഞുപോയാൽ-

അന്യൂനപ്രണയികൾ നമ്മള-
ന്നിരുവരു-
മന്യോന്യമറിഞ്ഞിടാ-
തന്യരായാൽ-

നിശ്ശബ്ദനിമേഷങ്ങളോരോന്നു-
മടുത്തെത്തി,
നിശ്ശങ്കം നമ്മെ നോക്കി-
ക്കടന്നുപോയാൽ-

കഷ്ട, മിക്കർമ്മബന്ധമെന്തിനോ
നമ്മെക്കൂട്ടി-
മുട്ടിച്ചതിജ്ജഗത്തി-
ലിപ്രകാരം?

അയ്യയ്യോ, സഹിക്കാവൊല്ലന്നത്തെ
വിരഹങ്ങൾ
വയ്യവ, യ്യതിനു നാം
മുതിർന്നുകൂടാ!

വിസ്മരിക്കുവാനാകാത്ത
വിധം, ചില
വിദ്യുല്ലതികകളാൽ
വരിന്നുകെട്ടി,

വിസ്മയസ്മിതങ്ങൾ, നമ്മുടെ
ഹൃദയങ്ങൾ
വിസ്തൃതപ്രപഞ്ചത്തിൽ
വിട്ടശേഷം,

തമ്മിലൊരവസാന ചുംബന-
ത്തോടും കൂടി
നമ്മൾക്കിരുവഴിയായ്
പിരിഞ്ഞുപോകാം! ...

സൌരയൂഥത്തിൽ, ശതസംവത്സ-
രങ്ങൾകൂടി
സ്സൌവർണ്ണതേജോഗാള-
യുഗളമേകും,

സന്തതഭ്രമണത്തിൽ, വല്ല ദി-
ക്കിലുംവെച്ചു
ചിന്തിയാതൊരുനോക്കു
കണ്ടിടുംപോൽ,

വീണ്ടും നാം കണ്ടുമുട്ടാം, വീണ്ടും നാം
വിസ്മയിക്കാം
വീണ്ടും നാം വിരഹത്തിൽ
മറഞ്ഞു മായാമ്മ്!

അങ്ങനെ, യനശ്വരമാകുമൊ-
രനുരാഗ-
മംഗളതീർത്ഥാടനം
നമുക്കു പോരും!

പാവനപ്രണയത്തിൻ പാലൊളി-
ക്കതിർവീശി-
പ്പോവുക, പോവുക നീ
പൂനിലാവേ! ...
                               -25-2-1934

 ഗീതം പതിമ്മൂന്ന്

അസിതമേഘപരീതമാണംബര-
മയി പഥിക, നിനക്കു പോകണമോ?

മദനമോഹന, മംഗളദർശന,
മഴ നനയേണ്ടതല്ല നിൻ വിഗഹം.

സഹജനൊത്താ വരാന്തയിൽ, മെത്തയിൽ,
സസുഖവിശ്രമം കൈക്കൊൾകസാദരം.

പുലരിവന്നു പുണർന്നു ജഗത്തിനെ-
പ്പുളകപാളിയിൽ മൂടുന്നവേളയിൽ,

ഒരു സുഖലഘുഭക്ഷണാനന്തരം
പിരിയുകിലെനിക്കില്ല വിസമ്മതം.

തരുണതയിൽ കുലീനതലീനമായ്-
ത്തിരതുളുമ്പുന്ന നിൻ മോഹനാനനം

ഇവിടെനിന്നു നീ വേർപിരിഞ്ഞീടിലു-
മിനിയൊരിക്കലും വിസ്മരിക്കില്ല ഞാൻ.

അതുവിധമതിൽ ബിംബിപ്പതുണ്ടൊരു
മതിമയക്കുന്ന മാന്ത്രികസൌഭഗം!

ഇരുളിലൊറ്റയ്ക്കലയേണ്ടതല്ല നീ-
യിവിടെനിന്നുപോയോ, മൽക്കിരണമേ!

സുലളിതസ്വപ്നലോലുപമാമൊരു
സുഖസുഷുപ്തിതൻ പക്ഷപുടങ്ങളിൽ,

മൃദുലമായിന്നു നീയമർന്നീടുവാൻ
ഹൃദയപൂർവ്വകം പ്രാർത്ഥിച്ചിടുന്നു ഞാൻ!

തവ ശയനത്തിനങ്കമൊരുക്കിയ-
ന്നവിടെ മേവിടുമക്കൊച്ചുകട്ടിലിൽ,

അനുദിനം ഞാനൊരാനന്ദചിന്തയൊ-
ത്തനുഭവിക്കുമെന്നേകാന്തവിശ്രമം!

അവികലാത്മാർത്ഥമായെന്മനസ്സിൽനി-
ന്നവിടെയിറ്റിറ്റുവീണിടും സ്പന്ദനം,

അമിതകൌതുകം ഘോഷിക്കുമാദരാ-
ലയി പഥിക, നിന്നാഗമസ്മാരകം!
                               -7-11-1933

 ഗീതം പതിന്നാല്

അജ്ജഗന്മോഹനനൊറ്റയ്ക്കപ്പൂമണി-
മച്ചി, ലന്നല്ലിൽ സമുല്ലസിക്കേ,

ജാലകമാർഗ്ഗമായ് നാലഞ്ചു താരകൾ
നീലവാനിങ്കൽനിന്നെത്തിനോക്കി.

പുഷ്പങ്ങൾചിന്നിയ പട്ടുമെത്തപ്പുറ-
ത്തപ്പുഷ്പബാണനിരുന്നിരുന്നു.

അങ്ങൊരു നേരിയ മല്ലികാസൌരഭം
തെന്നലിൽച്ചിന്നിക്കലർന്നിരുന്നു.

ചന്ദ്രികവീശി, നിഴലും വെളിച്ചവു-
മങ്ങെല്ലാം തിങ്ങിനിറഞ്ഞിരുന്നു.

മൽക്കിളിവാതിലൊരൽപം തുറന്നു ഞാ-
നക്കോമളാസ്യമൊളിഞ്ഞുനോക്കി.

താരുണ്യരശ്മികൾ തഞ്ചുമാ നേത്രങ്ങൾ
താഴെ, നിലത്തു, പതിഞ്ഞിരുന്നു.

സുന്ദരമാ മുഖം പ്രേമപ്രസന്നമാം
ചിന്തകൾകൊണ്ടു തുടുത്തിരുന്നു.

ഏതോമധുരമാം വേദന, പെട്ടെന്നെൻ
ചേതസ്സിലഞ്ചാറു മിന്നൽ മിന്നി.

കഷ്ടം, ഹാ, ഞങ്ങളെയങ്ങിങ്ങിരുത്തുമി-
ദ്ദൃഷ്ടകവാടകം നീങ്ങിയെങ്കിൽ! ...

ഹാ, രണ്ടു ജീവിതസ്വപ്നങ്ങൾതൻ നടു-
ക്കാരീ യവനിക തൂക്കിയിട്ടു?

അന്യോന്യം രണ്ടു വാക്കോതാനുമാകാത്തോ-
രന്യായമാരിതു സാധുവാക്കി?

ഏതേതു ചക്രവാളത്തെപ്പിളർന്നുകൊ-
ണ്ടോടിയണഞ്ഞതാണീ നിയമം?

നിഷ്ഠൂരലോകമേ, നീയെന്നീപ്പാതകം
പശ്ചാത്തപിക്കലാൽ മാച്ചുതീർക്കും? ...

അങ്ങിങ്ങിരുന്നയ്യോ, തേങ്ങിക്കരയലാൽ
ഞങ്ങളീ രാത്രി കഴിച്ചുകൂട്ടും!

നേരം വെളുത്തിടും-ഞങ്ങളെ മൂടുമി-
ക്കൂരിരുളെന്നാലുമെങ്ങു നീങ്ങും?

കൽപാന്തകാലംവരേക്കീ വിരഹത്തി-
ലുൽപതിക്കേണം, ഹാ, ഞങ്ങളെന്നോ! ...
                               -26-7-1933

  ഗീതം പതിനഞ്ച്

മജ്ജീവനാഥ, ഞാൻ ലജ്ജയാലെന്മുഖം
പൊത്തി, നിൻ ചാരത്തിരിക്കുന്നവേളയിൽ,

എത്തിനോക്കീടുന്നതെന്തിനാണിങ്ങോട്ടു
മുഗ്ദ്ധകളാകുമത്താരാകുമാരികൾ?

ഏകാന്തസുന്ദരചിന്താശതങ്ങളാൽ
രാഗപരവശമായ നിന്മാനസം,

സ്പന്ദനപ്പൂക്കളാലർച്ചിപ്പതാരെയെ-
ന്നെന്നോടിനിയുമൊന്നോതാത്തതെന്തു നീ?

ചന്ദ്രിക വീണു, നിഴലും വെളിച്ചവും
തിങ്ങിത്തിളങ്ങുമീ മുല്ലക്കുടിലിൽ, നാം,

അന്യോന്യസംസിക്തലോചനാഗങ്ങളാ-
ലാത്മസന്ദേശമെടുത്തു കൈമാറവേ,

വെണ്മുകിൽത്തുമ്പാൽ മുഖം മറച്ചെന്തിനോ
കണ്മണിത്തിങ്കൾ ചിരിക്കുന്നു ഗൂഢമായ്!

മന്ത്രിപ്പു മന്ദം മധുമാസമാരുത-
നെന്തോ മധുരസ്വകാര്യം മരങ്ങളിൽ.

ദേവ, നിൻ മൌലിയെന്മാറോടുചേർത്തു ഞാൻ
മേവു, മൊരക്ഷരം മിണ്ടാതെ നിശ്ചലം.

ശ്രദ്ധിച്ചുകേൾക്കുമെൻ കണ്ണുമടച്ചു ഞാൻ
രുദ്ധങ്ങളായ നിൻ ചിത്തത്തുടിപ്പുകൾ

എന്നെസ്സഹർഷം തലോടിത്തലോടി നീ
മന്ദം മൊഴിയുന്ന രാഗവചസ്സുകൾ,

ഞാനാസ്വദിക്കുമെന്നാത്മാവിനാൽ, സ്വർഗ്ഗ-
ഗാനാമൃതത്തിൻ കണികകള്മാതിരി!

രാത്രിതന്നന്ത്യയാമത്തി, ലെണീറ്റു നാം
യാത്രപറഞ്ഞു പിരിയുന്ന വേളയിൽ,

എന്നണിവേണിയഴി, ച്ചതിൽ ചൂടിയ
പൊന്നലരൊന്നു നിനക്കു ഞാൻ നൽകിടും.

എന്നെത്തിരിഞ്ഞു തിരിഞ്ഞുനോക്കി സ്വയം
മുന്നോട്ടുപോകുന്ന നിൻ വിഗഹത്തിനെ,

ആദരാൽ ഞാനണിയിക്കും, നനവാർന്നൊ-
രായിരമായിരമുൽപലമാലകൾ! ...

മന്ദഹസിക്കുമുഷ:പ്രകാശത്തി, ലെൻ-
മന്ദിരം മുങ്ങിച്ചിരിക്കുന്നവേളയിൽ,

ജീവനാഥ, നീപോയ്മറഞ്ഞീടിനോ-
രാ വഴിത്താരയും നോക്കി ഞാൻ നിന്നിടും!

പൊയ്പ്പോയ രാവിൽക്കഴിഞ്ഞതെല്ലാ, മൊരു
സ്വപ്നമായ്ത്തോന്നുമെനിക്ക, പ്പൊഴക്ഷണം.

എൻകവിൾ രണ്ടും നനയു, മൊരു നേർത്ത
സങ്കടത്തിൽ ചില കണ്ണീർക്കണങ്ങളാൽ! ...
                               -30-3-1934

 ഗീതം പതിനാറ്

കാമകോമളനാ യുവാവെന്നെ-
ക്കാണുവാനിടയാവുകിൽ,

അപ്പൊഴൊക്കെ, യൊരൽപഹാസത്താൽ
സത്കരിക്കുന്നതെന്തിനായ്?

തോഴി, തത്ക്ഷണം മാമകാനനം
താഴുവാനെന്തുകാരണം?

കണ്ടുമുട്ടും പരസ്പരം- പക്ഷേ,
മിണ്ടിടാറില്ലൊരക്ഷരം.

എങ്ങുനിന്നോ നിരഘമാം ചില
മിന്നലുമായിട്ടപ്പുമാൻ,

വന്നു വന്നവയൊക്കെയുമെടു-
ത്തെന്നിൽ വീശിപ്പിരിഞ്ഞുപോം.

പിന്നെ, യന്നു മുഴുവനും വെറും
മന്ദിതയായ് ഞാൻ വാഴണം.

കണ്ണടച്ചാലും കണ്ടിടാമെനി-
ക്കമ്മനോഹരവിഗഹം.

ഹന്ത, ചിന്തനാതീതമാകുമി-
തെന്തു നിശ്ശബ്ദബന്ധമോ!

സ്വാന്തദർപ്പണമാകുമാ മുഖം
ശാന്തകോമളമാകിലും

തങ്കിടുന്നതുണ്ടിന്നതിലേതോ
സങ്കടത്തിൻ നിഴലുകൾ.

ദീനതയതു കാണുമ്പോളയ്യോ,
മാനസം തകരുന്നു മേ!

എന്തു കാരണമപ്പൂമാനേവം
ചിന്തയിൽ സദാ വെന്തിടാൻ?

കാമദസുഖമെത്രമേലെനി-
ക്കീ മണിമേട നൽകിലും,

തോഴി, സന്തതമെന്തിനോ വൃഥാ
കേഴുകയാണെന്മാനസം!

ഉണ്ടധികാരമത്തരുണനി-
ന്നെന്തുമെന്നോടു ചൊല്ലുവാൻ.

മന്മനം ദഹിപ്പിക്കുമീ വെറും
മൌനഭാവം പിന്നെന്തിനോ?

നിർദ്ദയലോകം, ഞങ്ങൾക്കുള്ളൊരീ
നിത്യദു:ഖമറിയുമോ?

ദേവദർശനലോലയായി, നീ
കോവിലിൽപ്പോകുംവേളയിൽ,

ആ മരച്ചോട്ടിൽക്കണ്ടീടാം നിന-
ക്കാ മനോമോഹനാംഗനെ.

ആകുലാവേശിതാനതാസ്യനാ-
യേകനായിരിക്കുന്നതായ്!

സുന്ദരമാകുമീ മലർച്ചെണ്ടാ
വന്ദ്യപാദതലങ്ങളിൽ,

സാദരം നീ സമർപ്പണംചെയ്തി-
ന്നോതിടേണമൊന്നീവിധം:

"ദേവ, താവകപാദപങ്കജ-
സേവിനിയാമെൻ സ്വാമിനി,

തന്നയച്ചതാണീയുപഹാര-
മിന്നിതംഗീകരിക്കണേ! ..."
                               -13-10-1933

  ഗീതം പതിനേഴ്

താമരത്തളിരിതളിൽ ഭാമ രചിച്ചോരാ
പ്രേമലേഖനം നോക്കിനോക്കി ഞാനിരുന്നുപോയി.

നേരുചൊല്ലാമാലിഖിത വായനയാൽ, കഷ്ടം,
നേരമിത്ര വൈകിയതേ ഞാൻ മറന്നുപോയി.

ഇങ്ങണയാനിത്രയും ഞാൻ താമസിച്ചതുമൂലം
നിങ്ങളെന്നോടീവിധം പരിഭവിക്കരുതേ!

സാനുമോദം നിങ്ങളേവം മാലകെട്ടും നേരം
ഞാനൊരു കഥ പറയാ, മാളിമാരേ, കേൾക്കൂ ...

"പരമപാവനപ്രണയവാടിയി-
ലൊരു തൈമാന്തളിർത്തുഞ്ചി-
ലിരുപരവശഹൃദയകോകില-
മൊരുദിനമിരുന്നാടി.

മധുമാസോത്സവലയത്തിലോമന-
മധുവിധുവിനെപ്പറ്റി
മധുമധുരമാം പല കഥകളും
മതിമറന്നവർ പാടി.

അറുതിയിലാരുമറിയാതെ, യാത്ര
പറഞ്ഞു, വേർപിരിഞ്ഞയ്യോ
അമിതവേദനം കരഞ്ഞുകൊണ്ടവർ
പറന്നിരുവഴിപോയി! ..."

'എന്തു തോഴി, ഞങ്ങളാരും ചിന്തിയാത്ത കാര്യ-
മെന്തി നീ വളച്ചുകെട്ടിച്ചൊന്നിടുന്നതെല്ലാം?

ഏതു നവകോകിലങ്ങളേതു വസന്തത്തി-
ലേതുമാരുമറിഞ്ഞിടാതേവമൊത്തുചേർന്നു?

പിന്നെയവരെന്തിനായിട്ടങ്ങുമിങ്ങും തമ്മി-
ലുന്നതസന്തപ്തരായി വേർപിരിഞ്ഞുപോയി?

ഇത്രമാത്രം ശോകപൂർണ്ണമായൊരിച്ചരിത്ര-
മിത്തരത്തിൽ, തോഴി, നീയൊളിച്ചുവെയ്ക്കരുതേ!'

"പറയാമൊക്കെ ഞാൻ, സഖികളേ, നിങ്ങൾ
പരിഭ്രമിക്കരുതൊട്ടും
പരമസങ്കടം വഴിഞ്ഞിടുമൊരു
ഹതവിധിയാണക്കാര്യം!
പറയാം, ഭാമയും മുരളിയും തമ്മിൽ
പ്രണയബദ്ധരായ്ത്തീർന്നു,
പരിചിലന്യോന്യം ഹൃദയനിർമ്മല-
വരണമാലയുമിട്ടു.

മലർവനികയിൽ, നിരാശയിൽ, മാലതീ-
നികുഞ്ജകങ്ങളിലെന്നും
മധുരസല്ലാപവിധുരമാനസ-
രവർ നിഗൂഢമായ് വാണു.

നീണ്ടുനിന്നില്ലേറെനാളിക്കോമളനിർവ്വാണം
നീളെനീളെത്തൽക്ഷണം പരന്നിതാ രഹസ്യം.

കാമുകനുടനെയെങ്ങോ നാടുവിട്ടുപോയി
ഭീമതാപസിന്ധുവിങ്കൽ ഭാമ ലീനയായി.

ആരറിയുമോമലാളിൻ മാനസത്തിലുന്നു-
മാറിടാതെരിഞ്ഞെരിഞ്ഞുയരുമാ സ്ഫുലിംഗം?

ഇത്രമാത്രം ക്രൂരമാണീ ലോകമെന്നു മുൻപൊ-
രിത്തിരിയും ഞാനറിഞ്ഞില്ലാളിമാരേ, സത്യം! ..."

'പറവതെന്തിനു പലതും, തോഴിയി-
ക്കപടലോകത്തിലുണ്ടോ
പരമപാവനപ്രണയമന്ദാര-
ലതികയ്ക്കുത്തമസ്ഥാനം?

അതു വളരുവാൻ, മലരണിയുവാ,-
നനുവദിക്കുകയില്ലീ-
ച്ചതിയു, മീർഷ്യയും, ദുരയും, മാമൂലും
പുലർത്തിടുന്നതാം ലോകം!

പ്രണയം!-ആത്മാവിൻപ്രണവം!-ശാശ്വത-
നിരഘനിർവ്വാണകേന്ദ്രം!
ഗ്ഗുണികളില്ലതിന്മഹിമ കാണുവാ-
നുലകിലിപ്പൊ, ഴെന്തോഴി! ...'
                               -22-11-1932

 ഗീതം പതിനെട്ട്

കവനകോമളഗഗനവീഥിയിൽ
കനകതാരകൾ തെളിയുമ്പോൾ,

വിരഹഭാരത്താൽ വിവശയായിന്നെൻ
വിജനശയ്യയിൽ മരുവും ഞാൻ!

അണയുമെന്നടുത്തമിതമോദമാർ-
ന്നമലമാലേയപവമാനൻ.

കുമുദബാന്ധവകിരണമാലകൾ
കുളുർമ്മവീശുമെൻ മണിമച്ചിൽ.

പരിചിലേകാന്തമധുരമാകുമ-
പ്പരമനിർവ്വാണസമയത്തിൽ,

നനയും കണ്ണീരിൽ, മൃദുലമായൊരെൻ
ഹൃദയം നെയ്യുന്നനിനവകൾ.

തവ സമാഗമത്വരയാലെൻ ചിത്തം
തകരും നഗ്നമാം പരമാർത്ഥം,

വെളിയിൽ മന്ത്രിക്കും മധുരമായ്, മന്ദം
തലകുണുക്കുമാ വിടപികൾ.

തവ പദന്യാസം വെളിയിലായ് കേട്ടെൻ-
തനുവിൽ വേപഥു കലരുമ്പോൾ,

വിരളഹാസത്താലകലെനിന്നെന്നെ-
ത്തരളതാരകൾ കളിയാക്കും.

കതകു നീക്കുമെങ്കരലതകൾതൻ
കനകകങ്കണക്വണിതങ്ങൾ,

വിരവിൽക്കൊച്ചുകൊച്ചലകൾചേർക്കു, മെൻ-
കരളിലും, മണിയറയിലും!

ഇണയുമൊത്തിരുന്നകലെ രാക്കുയിൽ
പ്രണയസംഗീതം ചൊരിയവേ;

അരികിൽ, വെറ്റിലച്ചുരുളുമായി, ഞാൻ
ഭരിതമന്ദാക്ഷമണയവേ;

കളിയാക്കും ഭവാനിവളെ, സ്സാകൂത-
മൊളിവിലുള്ളോരോ മിഴിയേറാൽ!

പുളകിതാംഗിയായ്, തവ മാർത്തട്ടി, ലെൻ-
തലയും ചായ്ച്ചു നിലകൊള്ളും

അവനിയിലാരുമറിയാതേവ, മൊ-
രനഘനിർവൃതിയടയും ഞാൻ! ....
                               -1-2-1934

    ഗീതം പത്തൊൻപത്

നിങ്ങളെന്നോമനയെ
വല്ല ദിക്കിലും കണ്ടാ-
ലിങ്ങു ഞാനിരുപ്പതായ്
മിണ്ടരുതേ!

എന്നെയും തിരക്കിയാ-
ച്ചന്ദനവനങ്ങളിൽ-
ച്ചെന്നവളലകയാ-
ണെനിക്കറിയാം.

ഓരോഓ തളിരിനോ-
ടോരോരോ രഹസ്യങ്ങ-
ളോതിയോതി;

താലോലിച്ചടുത്തെത്തും
മാലേയപവനനി-
ലാലോലലതികപോ-
ലാടിയാടി;

ഞാനാകും നിഴലിനെ-
ക്കാണുവാനായാക്കൊച്ചു
പൂനിലാവെവിടെല്ലാ-
മലഞ്ഞിരിക്കും?

എന്നാലുമെന്തുചെയ്യാ-
മൊന്നങ്ങു വന്നുപോരാ-
നിന്നെനിക്കിടയില്ലെ-
ന്നോമലാളേ!

എന്തൊരു ജോലിത്തിര-
ക്കാണിവിടുള്ള, തവ
സന്ത്യജിക്കുവാനെനി-
ക്കാവതാണോ?

ഹാ, കഷ്ട, മവസരം
കിട്ടുന്നീലെനിക്കൊരു
രാഗലേഖനം നിന-
ക്കെഴുതാൻപോലും!

കുറ്റപ്പെടുത്തിക്കൊള്ളൂ
വേണ്ടിടത്തോളം, പക്ഷേ,
തെറ്റിദ്ധരിച്ചിടാഞ്ഞാൽ
മതി നീയെന്നെ.

സങ്കടം സഹിയാതെ,
ഞാനയച്ചീടു, മെന്റെ
സങ്കൽപസുരഭില-
ചുംബനങ്ങൾ.

ഓമലേ, തവ പ്രേമ-
ലോലുപഹൃദയത്തി-
ലോമനിച്ചൊളിച്ചുവെ-
ച്ചീടുമോ, നീ?

ആയിരം കൂട്ടമെനി-
ക്കോതുവാനുണ്ടു നിന്നോ-
ടാവാതെന്തെന്നാ, ലെനി-
ക്കില്ല നേരം! ...
                               -12-7-1933

  ഗീതം ഇരുപത്

ഇന്നിത്ര താമസമെന്താണു?-വേഗത്തിൽ
വന്നാലു, മെൻകൊച്ചു വെള്ളിനക്ഷത്രമേ!

ഉദ്രസ, മോമനേ, നിൻ മുഖം കാണുവാ-
നെത്രയോ നേരമായ്ക്കാത്തിരിക്കുന്നു ഞാൻ?

കിട്ടുകില്ലെന്നോ വികാസമെന്നാളു, മെൻ-
മൊട്ടിട്ടുനിൽക്കും പ്രതീക്ഷകൾക്കൊന്നിനും?

വാടിത്തുടങ്ങി, പടിഞ്ഞാട്ടു പോയൊരാ
വാസരശ്രീതൻ തുടുപ്പൂങ്കവിളുകൾ.

അത്യന്തഘോരദുസ്സ്വപ്നാവകീർണ്ണമാം
നിദ്രതൻ പാഴ്നെടുവീർപ്പുകള്മാതിരി.

കേൾക്കായി, ദൂരെച്ചുളുങ്ങിക്കിടക്കുന്ന
ചക്രവാളത്തിൻ യവനികയ്ക്കപ്പുറം.

മന്ദം, പതുങ്ങിയിഴഞ്ഞിഴഞ്ഞെത്തുന്നൊ-
രന്ധകാരത്തിന്റെനേർക്കുള്ള വീർപ്പുകൾ!

ഗീഷ്മതപത്താൽ വരണ്ട മണലിൽനി-
ന്നൂഷ്മാവുയർന്നു പരന്നൂ സമീരനിൽ!

നീലാംബരാന്തത്തിലെത്തുവാ, നിത്രമേൽ
നീയെന്തിനിയുമമാന്തിപ്പതോമനേ?

മാമകപ്രേമഭാജനമ്പതിവുപോൽ
സാമോദമിന്നുമനുഷ്ടിച്ചിടട്ടെ ഞാൻ!

അക്ഷീണകാന്തിപ്രസരം പൊഴിക്കു, മാ
നക്ഷത്രദീപം കൊളുത്തൂ, നിശീഥമേ!

മൃത്യു മാച്ചെങ്കിലും മായാതെ, മിന്നുമെൻ-
സത്യമേ, നിന്നെ മറക്കുകയില്ല ഞാൻ! ....
                               -19-1-1934

    ഗീതം ഇരുപത്തൊന്ന്

പാവനപ്രണയമേ,
ഹാ, നിനക്കായി സ്വയം
ജീവിതം ദാനംചെയ്ത
ഭക്തദാസിയീ രാധ!

ഫുല്ലപുഷ്പങ്ങളെല്ലാ-
മൊളിച്ചു, കൂർത്തുള്ള നിൻ-
മുള്ളുകൾമാത്രമെനി-
ക്കേകിയാൽ മതിയോ, നീ?

കളയാൻ പാടില്ലല്ലോ
നിന്നുപഹാരം, ഞാനെൻ-
കരളോടവയെല്ലാ-
മേറ്റവുമടുപ്പിച്ചു.

അതിനാൽ, ദയനീയ-
മായിതാ മുറിപ്പെട്ടു
സതതം ചെഞ്ചോരവാർ-
ത്തെൻ ജീവൻ പിടയ്ക്കുന്നു!

നിസ്വാർത്ഥമായീടു, മെൻ
സേവനത്തിനു, നിന്നാൽ
നിശ്ചയംചെയ്യപ്പെട്ട
യുക്തമാം പ്രതിഫലം.

കേവലമിതുമാത്ര-
മായിടാ, മായിക്കോട്ടേ,
ഭൂവി, ലെങ്കിലും, നിത്യ-
സംതൃപ്തയാണീ രാധ!

ഈ ദു:ഖപുഷ്പം കൊഴി-
ഞ്ഞതിൽനിന്നുയർന്നേക്കാം
മേദുരാനന്ദമാദ്ധ്വീ-
മധുരഫലമേകം!

പുഞ്ചിരി, മഞ്ഞിൻതുള്ളി,
പെട്ടെന്നു മങ്ങിപ്പോകും;
നെഞ്ചിടിപ്പിതുമാത്രം
നിന്നിടും മരിപ്പോളം!

പ്രേമമേ, വാടിപ്പോം നിൻ-
പൂക്കൾ ഞാനാശിപ്പീല;
മാമകാത്മാവിന്നു, നിൻ-
മുള്ളുകൽ മാത്രം മതി.

അവയാൽ മുറിപ്പെട്ട
ഹൃദയത്തിനുമാത്ര-
മറിയാവുന്ന, നിന്റെ
മുരളീരവവുമായ്,

വരിക, വെളിച്ചമേ,
ചിറകുവിരിച്ചു നീ
വരിക, നികുഞ്ജത്തിൽ
കാത്തിതാ നിൽപ്പൂ, രാധ! ...
                               -19-1-1934

ഗീതം ഇരുപത്തിരണ്ട്

സങ്കൽപഡോളയിലാടുകയാണിരു-
ന്നെൻ കളിത്തോഴിയും ഞാനും;

ലോകൈകശാന്തി വിതുമ്പിത്തുളുമ്പുമൊ-
രേകാന്തമോഹനഭൂവിൽ.

എന്തൊരാശ്വാസ, മില്ലിങ്ങെങ്ങുമസ്വസ്ഥ-
ചിന്തതൻ ഗദ്ഗദലേശം.

ഇല്ല മനസ്സു മുറിക്കാനസൂയതൻ
മുള്ളുകളീ മലർക്കാവിൽ.

നിശ്ചയ, മെത്തില്ലിവിടത്തിൽ മർത്ത്യന്റെ
നിർദ്ദയനീതികളൊന്നും

നേരിടാനിങ്ങില്ല സുഖദമാമൊരു
നേരിയ നീരസമ്പോലും.

പ്രാണനും പ്രാണനും പൂവിട്ടു പുൽകുന്ന-
താണീ മനോഹരദേശം.

-എന്നിട്ടും, ഭീതയാണാരോമ, ലാരാനു-
മെന്നെയടുത്തു കണ്ടാലോ! ...
                               -30-12-1934

ഗീതം ഇരുപത്തിമൂന്ന്

ദൂരത്തു ദൂരത്തു കൂരിരുളിൽ
താരകമൊന്നു കിളർന്നുയർന്നു.

സഞ്ചിതപുണ്യമേ, ഞാനിദ, മെൻ-
സങ്കേതഭൂവിലും വന്നു ചേർന്നു.

എന്നിട്ടും, കേൾപ്പതില്ലോമലേ, നിൻ
പൊന്നണിമഞ്ജീരശിഞ്ജിതങ്ങൾ!

കൂരിരുൾ മാഞ്ഞുമാഞ്ഞംബരാന്തം
കോരിത്തരിച്ചിടാം പൂനിലാവിൽ.

ഒറ്റയ്ക്കു നിൽക്കുമീപ്പൂച്ചെടികൾ
കെട്ടിപ്പിടിക്കാം തണുത്തകാറ്റിൽ.

ചില്ലത്തളിർക്കൈ തെരുപ്പിടിച്ചു
സല്ലപിച്ചീടാം തരുനിരകൾ.

-എന്നാലു, മേകാന്തമെന്റെ രംഗം
നിന്നാഗമത്തിൻ വിളംബം മൂലം.

                               -7-12-1934

ഗീതം ഇരുപത്തി നാല്

പരിലസിച്ചു നീ, യൊരു പൂമൊട്ടാ, യെൻ-
പരിണതപ്രേമലതികയിൽ.

പറന്നു നിൻ ചുറ്റും ഭജനലോലരായ്
പരിചിനോടെങ്കുതുകങ്ങൾ.
കഴിഞ്ഞ കാലം ചെന്നകലത്തു നിന്നു
കളിയാക്കുന്നതു കരുതാതെ,

വരുന്ന വാസന്തസുഷമയും കാത്തു
മരുവി ഞാനാശാഭരിതനായ്!

മയങ്ങി, മജ്ജീവമധുരികേ, നിന്റെ
മധുരസങ്കൽപത്തണലിൽ ഞാൻ.

വിടർന്ന മോഹങ്ങൾ സതതമെമ്പാടും
വിതറുമുല്ലാസ പരിമളം.

കുളിർത്ത കൊച്ചലച്ചുരുളുകൾ വീശി
വിലസി മന്മനോവനികയിൽ!

മറഞ്ഞു വാസന്തസുഷമകൾ, തിങ്ങീ
മഴമുകിലുകൾ ഗഗനത്തിൽ.

ഇരിപ്പൂ, ഹാ, തപ്തസ്മൃതികളുമായ് ഞാ-
നിരുളിൽ, സ്പന്ദിപ്പൂ മമ ചിത്തം!

എവിടെ, യെങ്ങു നീ? ... നിറയുമെൻ കൺകൾ
ദിവി ചെന്നിന്നാരെത്തിരയുന്നോ? ...
                               -17-11-1035

     ഗീതം ഇരുപത്തഞ്ച്

ഭദ്രമായുറങ്ങിക്കൊൾ-
കോമലേ, തവ മുഗ്ദ്ധ-
നിദ്ര, യെൻ നെടുവീർപ്പാ-
ലെങ്ങാനും തകർന്നാലോ!

ഞാനിതാ പിൻവാങ്ങുന്നു-
മായ്ക്കില്ല മായ്ക്കില്ല, നി-
ന്നാനന്ദസ്വപ്നോത്സവ-
രേഖ ഞാനൊന്നുന്തന്നെ!

ഉണരും നേര, ത്തെന്റെ
പാദമുദ്രകളേന്തും
നിണമീക്ഷിച്ചെങ്ങാൻ നീ
ചിരിക്കിൽ, കൃതാർത്ഥൻ ഞാൻ!

മാമകതിരോധാന-
ചരിതം, കാലത്തെത്തും
മാലേയാനിലൻ, പക്ഷേ,
മന്ത്രിക്കാം നിന്നോടൽപം.

എൻമനോഭാവാത്മക-
സ്മാരകം നാനാസൂന-
സുന്ദരവികാസത്തിൽ
തുളുമ്പിക്കാണാമെന്നും.

മഴവില്ലിന്മേലെന്റെ
മുരളീഗാനം തളർ-
ന്നൊഴുകിപ്പോകാമോരോ
നിശ്ശബ്ദവർണ്ണങ്ങളിൽ.

മാമകധ്യാനം സന്ധ്യാ-
നക്ഷത്രം, മമ മൌനം
മാമലക്കൂട്ടം നിന്നെ-
ക്കാണിക്കാം-ദു:ഖിക്കൊല്ലേ!

സ്നേഹതുന്ദിലമാമെ-
ന്നാശ്ലേഷം, കുളിർകാറ്റിൽ
മോഹനേ, നിനക്കെന്നും
സ്വദിക്കാ, മാനന്ദിക്കൂ!

ഉറങ്ങിക്കൊൾകോമലേ,
പോകുന്നു, പോകുന്നു ഞാ,-
നുറങ്ങിക്കൊൾ, കെൻ നെടു-
വീർപ്പാൽ നീയുണർന്നാലോ!
                               -16-5-1935

  ഗീതം ഇരുപത്താറ്

കാനനച്ഛായയി ലെന്നോടൊരുമിച്ചു
കാലിമേച്ചീടാൻ വരുന്നുവോ നീ?

ആനന്ദത്തിന്റെ നിറപ്പകിട്ടങ്ങോരോ
സൂനാനനത്തിൽത്തെളിഞ്ഞുകാണാം.

അങ്ങെല്ലാ, മോമലേ, കേൾക്കാം നിനക്കോർപ്പ്
സംഗീതത്തിന്റെ യുറവൊലികൾ.

ഉല്ലാസമേകാം നിനക്കാ മലകളിൽ
തുള്ളിക്കളിക്കുന്ന മാൻകിടാങ്ങൾ.

പച്ചപുതച്ചോരോ കാടുകൾ പൂത്തുനി-
ന്നുത്സവമേകാം നിനക്കു ബാലേ!

പാടിയൊഴുകും പളുങ്കൊളിച്ചോലകൾ;
പാടിപ്പറക്കുന്ന പൈങ്കിളികൾ;

നിന്മന്ദഹാസമ്പോൽ മിന്നിവിടരുന്ന
നിർമ്മലശ്രീയെഴും പിഞ്ചുപൂക്കൾ;

ഒന്നല്ല പത്തൊല്ലൊരായിരമങ്ങെല്ലാ-
മൊന്നിച്ചുചേർന്നു നിനക്കു കാണാം.

ഉച്ചയ്ക്കു പൂമരച്ചോട്ടിൽ, നമുക്കൊഴി-
ഞ്ഞുൾപ്പുളകാംഗരായുല്ലസിക്കാം.

എന്മടിത്തട്ടിൽക്കിടത്തി, നിൻ പൂവൽമെയ്
മന്ദം തലോടിയുറക്കിടാം ഞാൻ.

ആനന്ദസ്വപ്നങ്ങൾ വീശാം നിൻ നിദ്രയി-
ലാലസൽക്കാനനദേവതകൾ!-

ആരാ, ലെന്നോടൊന്നി, ച്ചാടുമേച്ചീടുവാ-
നാരോമലാളേ, വരുന്നുവോ നീ? ...
                               -23-1-1935

ഗീതം ഇരുപത്തേഴ്

സന്തപിക്കാ, നിജ്ജഗത്തി, ലേവ-
മെന്തിനന്യോന്യം നാം കണ്ടുമുട്ടി?

മർത്ത്യന്റെ നീതിതൻ മുന്നിലിന്നു
കർത്തവ്യബദ്ധരായ് നിൽപു നമ്മൾ.

ലോപമതിനു വരുത്തിയാൽ, നാം
പാപികളാണെന്നീ ലോകമോതും.

ലോപംവരുത്താതെ നോക്കിയാലും
ലോകത്തിൻ ദൃഷ്ടിയിൽ പാപികൾ നാം.

ധർമ്മമായെണ്ണുകയില്ല ലോകം
നമ്മളിയലുമീയാത്മബന്ധം!

എങ്കിലു, മെമ്മട്ടു വേർപിരിയും
സങ്കൽപലോലരാം നാമിനിമേൽ?

ഭൂവിൽ, നാം രണ്ടുപേരത്രമാത്രം
ജീവനും ജീവനായ്ത്തീർന്നു തമ്മിൽ!

ഒന്നികിൽ മൃത്യു, വല്ലെങ്കി, ലിന്നീ-
യന്യോന്യസംസക്തി-രണ്ടിലൊന്നിൽ,

പറ്റിപ്പിടിക്കണം, നമ്മെ ലോകം
കുറ്റപ്പെടുത്തിച്ചിരിക്കുകിലും!

പാടില്ല, ഹാ, നാം മരിച്ചുകൂടാ,
പാപികളായ്ത്താൻ കഴിഞ്ഞുകൂടാം!
                               -27-1-1944

ഗീതം ഇരുപത്തെട്ട്

മാമകസ്വപ്നം തനിച്ചിരുന്നീടുമാ
മാമരക്കാവിൽനിന്നെത്തും സുഗന്ധമേ,

നീയുണർത്തുന്നൂ മനസ്സി, ലൊരായിരം
നീടുറ്റ രാഗവിലാസസ്മരണകൾ.

എന്നാലു, മയ്യോ, വരില്ല വരില്ലിനി-
യെന്നേക്കുമായിപ്പിരിഞ്ഞൊരാ നാളുകൾ!

ജീവിതം പുഷ്പിച്ചു പുഷ്പ്പിച്ചു നിൽക്കിലും
നീ വരായ്കിൽ, പിന്നെനിക്കെന്തൊരുത്സവം?

ആ വശ്യനിർവൃതിക്കൊക്കെയു, മാവർത്ത-
നാവശ്യവാദം നടത്തുന്നൊരാശയെ,

മുന്നിൽ യവനികയാക്കിനിന്നെപ്പൊഴും
കണ്ണീർ പൊഴിപ്പൂ മഥിതമെന്മാനസം!

ഭാവിയി, ലേതോ മുകുളഹൃദയത്തി-
ലാവസിച്ചീടുമനഘസൌരഭ്യമേ!

നിന്നാഗമം കൊതി, ച്ചീവിധം മേലിലും
നിന്നു വർഷിപ്പനെൻകണ്ണീർക്കണങ്ങൾ ഞാൻ

സ്പന്ദിച്ചിടാതാകിലെന്മന, മക്ഷണം
മന്ദഹസിക്കുമെൻജീവനസംശയം!
                               -1-8-1944

ഗീതം ഇരുപത്തൊൻപത്

ഇനിയും പൂക്കാലമിവിടുത്തെത്തോപ്പിൽ
കനകസുസ്മിതം ചൊരിയുമ്പോൾ,

മറവിപറ്റാതെ വരണമങ്ങൊന്നീ
മലരണിക്കാവിലിനിമേലും!

വ്യതിയാനങ്ങൾക്കുവഴിമാറിക്കൊടു-
ത്തതിവേഗം പായും നിമിഷങ്ങൾ,

അണിയാമോരോരോ നവവിധാനങ്ങ-
ളഴകിനാ, ലന്നെൻ കുളിർമെയ്യിൽ!

ലളിതസങ്കോചമിളകുമെൻ മൃദു-
പുളകിതാംഗങ്ങൾ മുഴുവനും,

തഴുകും താരുണ്യനവവിലാസത്താൽ
തവ നിരീക്ഷണകുതുകത്തെ!

ഉദയരാഗത്തിലിതൾ വിടുർന്നോമ-
ന്മൃദുലനീഹാരഭരിതയായ്,

പരിമളം വീശിപ്പരിലസിക്കുമൊ-
രരിയ ചെമ്പനീരലർപോലെ,

കമനീയാംഗ, നിൻസവിധത്തി, , ലന്നു
കലിതമന്ദാക്ഷം വിലസും ഞാൻ!-

ഇനിയും പൂക്കാലമണയുമ്പോ, ളങ്ങീ
വനികയിൽ വീണ്ടും വരണമേ!
                               -25-12-1934

  ഗീതം മുപ്പത്

ചന്ദനക്കൊമ്പിലലഞ്ഞലഞ്ഞാ
മന്ദസമീരണൻ വന്നൊടുവിൽ,

നിന്നളകങ്ങൾ തലോടിനിൽപ്പൂ
സുന്ദരി, ഞാനെത്ര മന്ദഭാഗ്യൻ!

നിൻകവിൾത്തട്ടിൽ വിടർന്നു നിൽക്കും
ചെമ്പനീർപ്പൂവിലൊരുമ്മവെയ്ക്കാൻ,

വെമ്പിയണയുന്നിതംബരം വി-
ട്ടൻപിലുദയത്തിൻ പൊൽക്കരങ്ങൾ!

നീയാഞ്ഞെറിഞ്ഞിടും കൺമുനകൾ
നീറുമെൻ ചിത്തത്തിലോടിയെത്തി,

ലോകമറിയാ, തൊരുന്മദത്തിൻ
നാകസംഗീതാമൃതം തളിപ്പൂ!

അച്ഛിന്നകാന്തി തുളുമ്പിനിൽക്കും
കൊച്ചലരൊന്നു പറിച്ചു, മന്ദം,

മന്ദാക്ഷമാർന്നതിലുമ്മവെച്ച-
തെന്നെയോർത്തല്ലീ, മനോരമേ, നീ?

വൃന്ദാവനപ്പൂന്തണലിൽനിന്നു-
മെന്നോ കിളർന്നൊരപ്രേമഗാനം,

മൊട്ടിട്ടുനിൽക്കുമെൻ മാനസത്തിൽ
ചുറ്റിപ്പറക്കും നിൻ കൺമുനകൾ,

തുംഗാനുഭൂതിതൻ തേൻ നുകർന്നു
മംഗളസ്വപ്നങ്ങൾ കണ്ടിതാവൂ! ...
                               -9-12-1943

 ഗീതം മുപ്പത്തൊന്ന്

ഇടയകുമാരനിന്നന്തിയി, ലീ-
യിടവഴിയൂടെ കടന്നുപോയി.

അവനുടെ പുല്ലാങ്കുഴൽവിളിയി-
ലറിയാതെൻ ചിത്തമലിഞ്ഞുപോയി!

അതുകേട്ടുതാരകൾ കണ്ണുചിമ്മി,-
യലരണിവല്ലികൾ നൃത്തമാടി.

തരുനിര നിന്നു തല കുലുക്കി,
തടിനികൾ മെല്ലെത്തളർന്നൊഴുകി,

പുളകങ്ങൾ വാരിവിതയ്ക്കുവോരാ
ലളിതമാമോടക്കുഴൽ വിളിയിൽ,

കലരുന്നതുണ്ടൊരു ദുർബ്ബലമാം
കരളിൻശകലിതഗദ്ഗദങ്ങൾ!

ഒരു തീവ്രനിശ്ശബ്ദസങ്കടത്തി-
ലുരുകിയൊഴുകുമാ മുഗ്ദ്ധചിത്തം.

സരളസംഗീതമായ് വന്നുവന്നെൻ-
സിരകളിലുൾച്ചേർന്നലിഞ്ഞുപോയി.

അരുതെന്നിൽനിന്നതു വേർപെടുത്താ-
നൊരുകാലവുമെനി, ക്കെന്തുചെയ്യും?

പ്രണയാകുലാർദ്രമാ മുഗ്ദ്ധചിത്തം
പുണരുന്നു സുപ്തിയിൽപ്പോലുമെന്നെ!

ഇടയകുമാരനവനോടെന്തോ
പിടയുമെൻ പ്രാണൻ വിളിചുചൊല്ലി

അതു, കഷ്ട, മവ്യക്തമായമൂല-
മവനതു കേട്ടി, ല്ലറിഞ്ഞുമില്ല.

വിജനതമസ്സിലൊഴിഞ്ഞൊതുങ്ങി
വിവശ ഞാൻ കണ്ണീർ പൊഴിച്ചീടട്ടേ!
                               -6-5-1935

ഗീതം മുപ്പത്തിരണ്ട്

ഒന്നുപോലായിരമേകാന്തരാത്രിയിൽ
വന്നു നീയെൻ പടിവാതിലിങ്കൽ.

കൊട്ടിയടച്ചൊരാ വാതിലിലെന്നെ നീ
മുട്ടിവിളിച്ചു മൃദുസ്വരത്തിൽ.

ഗാഢസുഷുപ്തിയിൽ മുങ്ങിക്കിടക്കയാൽ
മൂഢ ഞാൻ, നിൻ വിളി കേട്ടതില്ല.

ഞാനപ്പൊഴെല്ലാ, മൊരാനന്ദസപ്നത്തിൻ
ഗാനങ്ങൾ കേൾക്കുകയായിരുന്നു

എല്ലാം മറന്നു ഞാനേതോ നിഴലുമായ്
സല്ലപിച്ചീടുകയായിരുന്നു.

എന്നലക്ഷ്യാലസ്യംകാരണം, കഷ്ടം, നീ
വന്നപോൽത്തന്നെ തിരിച്ചുപോയി.

കണ്ടു ഞാനെന്നുമുഷസ്സിൽ, മുറ്റത്തു, നിൻ-
തണ്ടലർക്കാലടിപ്പാടുമാത്രം.

അപ്പാദമുദ്രകൾ ചുംബിച്ചുചുംബിച്ചു
പൊട്ടിക്കരഞ്ഞു പലപ്പൊഴും ഞാൻ!

ഇന്നിതാ മേൽക്കുമേൽക്കൂരിരുൾ വർഷിച്ചു
വന്നണയുന്നു വർഷാന്തരാത്രി.

ഒന്നിനുപിന്നിലൊന്നായിക്കൊടുങ്കാർമുകിൽ
വന്നിതാ വാനിടം മൂടിനിൽപൂ!

ചീറ്റിപ്പുളയുന്നു കൊള്ളിയാനോരോന്നു,
കാറ്റിലലറുന്നു മാമരങ്ങൾ.

ഞെട്ടിത്തെറിച്ചുപോംമട്ടിൽ, മെന്മേലിടി-
വെട്ടുന്നു, പേമാരി പെയ്തിടുന്നു.

ഏകാന്തഭീത ഞാനെങ്ങനെ, കഷ്ട, മി-
ബ്ഭീകരരാത്രി കഴിച്ചുകൂട്ടും?

എങ്കിലും, വാതിൽ തുറന്നിട്ടിരിപ്പൂ ഞാൻ
നിൻ കാലടിയൊച്ചകാത്തിരുട്ടിൽ!
                               -3-7-1944

ഗീതം മുപ്പത്തിമൂന്ന്

കോടക്കാർവർണ്ണനെന്മുന്നിൽപ്പൊടുന്നനെ-
ഓടക്കുഴലുമായെത്തി

ഉച്ചത്തിലെന്മനം മേന്മേൽത്തുടിക്കവേ
ലജ്ജിച്ചുപോയി ഞാൻ, തോഴി.

പാരിജാതപ്പുതുപൂക്കളെക്കൊണ്ടു ഞാൻ
പാതി കൊരുത്തൊരാ മാല്യം,

ഒട്ടുമൊരുവക സങ്കോചം കൂടാതെ
തട്ടിപ്പറിച്ചവൻ വാങ്ങി,

കോമളാകാരന്റെ കുത്സിതം കണ്ടുടൻ
കോപം നടിച്ചു ഞാൻ മാറി.

ഉള്ളഴി, ഞ്ഞൽപമകന്നുനിന്നിട്ടൊരു
കള്ളച്ചിരിയവൻ തൂകി.

അച്ചിരി കണ്ടിട്ടെനിക്കെ, ന്നെ നിന്നവൻ
പുച്ഛിക്കയാണെന്നു തോന്നി.

അത്തോന്നലക്ഷണമെന്നകക്കാമ്പി, ലൊ-
രത്തലിൽ നാളം കൊളുത്തി.

ദീനയാ, യെന്നശ്രുബിന്ദുക്കൾ കാണാതെ
ഞാനെന്മിഴിയിണ പൊത്തി.

മാമകപാർശ്വത്തിൽ വന്നുടൻ മാധവൻ
മാലയെന്മൌലിയിൽ ചാർത്തി.

ദു:ഖകോപാകുല, മറ്റൊന്നുമോർക്കാതെ
തത്കരം തട്ടി ഞാൻ മാറ്റി.

അത്തരത്തിന്നെന്മുഖത്തൊരു ചുംബന-
മർപ്പണംചെയ്ത്തിൻശേഷം ,

'അക്രമമാണിതെ'ന്നോതുവാൻ, ഞാൻ തല-
പൊക്കീ, ലതിൻമുൻപുതന്നെ,

ഒന്നുമറിയാത്തമട്ടിൽ, ത്തിടുക്കത്തിൽ
വന്നവഴിക്കവൻ പോയി! ...

ഇപ്പൊഴും മാഞ്ഞിട്ടില്ലെൻ കവിളത്തുനി-
ന്നപ്പുളകാങ്കുരം, തോഴി!

കഷ്ട, മക്കാലിണത്താരുകളെന്തേ ഞാൻ
കെട്ടിപ്പിടിക്കാതിരുന്നു?

കഷ്ടമക്കാൽക്കൽ വീ, ണപ്പൊഴുതെന്തേ ഞാൻ
പൊട്ടിക്കരയാതിരുന്നു?

എന്നാത്മനാഥനോ, 'ടെന്നെപ്പിരിഞ്ഞിടാ-
യ്കെ', ന്നെന്തിരക്കാതിരുന്നു?

പോകെ, യാക്കണ്ഠത്തിൽത്തൂങ്ങി, യിന്നെന്തേ ഞാൻ
പോകാതെ നിർത്താതിരുന്നു? ...

എന്നിലെരിഞ്ഞൊരഭിമാനഗർവ്വത്തി-
ലിന്നൊക്കെയും ഞാൻ മറന്നു.

പോയിക്കഴിഞ്ഞതൊട്ടിപ്പൊഴും കണ്ണുനീർ
മായാതെ നിൽപിതെൻ കൺനിൽ.

ഒന്നിനി, വീണ്ടുമക്കോമളനെന്മുന്നിൽ
വന്നീടുകില്ലയോ, തോഴി? ...

"കറയെല്ലാം നീങ്ങി നിൻ രാഗരത്നം
കതിർവീശി മിന്നിത്തേളിഞ്ഞിടുമ്പോൾ;

ഇരുളാടയോരോന്നും നീങ്ങി, യാത്മാ-
വൊരുദിനം നഗ്നമായിത്തീർന്നിടുമ്പോൾ;

ഇനിയുമാച്ചൈതന്യം വന്നു നിന്നെ-
പ്പുണരും-നീ പശ്ചാത്തപിക്കു, രാധേ..."
                               -2-9-1935

ഗീതം മുപ്പത്തിനാല്

പുഷ്പകാലകരാംഗുലികൾ, നിൻ-
പൊൽക്കുളിരുടൽ പുൽകവേ,

വിശ്വഭാവനാസീമയി, ലൊരു
വിസ്മയമായി മിന്നി നീ!

അന്നുഷസ്സി, ലുടലെടുത്തൊരു
മന്ദഹാസത്തിൻ മാതിരി,

ഉല്ലസിച്ചിതെൻപ്രേമവല്ലിയിൽ
ഫുല്ലസൌഭാഗ്യമാർന്നു നീ!

ചുറ്റിലുമന്നൊരുത്സവം, കതിർ-
ക്കറ്റ ചാർത്തുമാ ദർശനം,

വേണുഗാനത്തിൽ മഗ്നമാക്കി, യെൻ-
പ്രാണനെപ്പുണർന്നോമനേ!

അങ്കിതോദ്വേഗമന്തരംഗത്തി-
ലങ്കുരിച്ചൊരെന്നാശകൾ

ചിത്രപത്രങ്ങൾ വീശിവീശി വ-
ന്നെത്തിടുന്നു നിൻ ചുറ്റിലും!

സ്വപ്നസൌധത്തിൽ ഞാനൊരുക്കുമി-
പ്പുഷ്പതലത്തിലെന്നിനി,

നൃത്തമാടുവാനെത്തിടുന്നു നീ
ചിത്തമോദമാർന്നുത്തമേ?

ഏവമേറെനാൾ നീണ്ടുനിൽക്കുകി-
ല്ലീവസന്തവും പൂക്കളും.

ഹർഷദങ്ങളിവയ്ക്കു പിന്നിലായ്
വർഷമാണുള്ളതോമനേ!

വാടിടുംമുൻപിറുത്തു ചൂടുകീ
വാടികയിലെപ്പൂക്കൾ നാം!
                               -17-1-1944

ഗീതം മുപ്പത്തഞ്ച്

അത്യന്തമോഹനസ്വപ്നാനുഭൂതികൾ
കത്തിച്ചുവെച്ച നിലാത്തിരികൾ,

ഒക്കെയും കെട്ടുകഴിഞ്ഞൊരീയല്ലിലോ
കഷ്ട, മെൻചാരേ നീ വന്നുചേർന്നു!

മങ്ങിമറഞ്ഞ സുവർണ്ണകാലത്തൊന്നും
മംഗളേ, നീയെന്തേ വന്നിടാഞ്ഞൂ?

നീ വന്നുചേരുമെന്നാശിച്ചു, ഞാനെത്ര
നീങ്ങാത്ത രാത്രികൾ കാത്തിരുന്നു.

ആനന്ദദേ, നിനക്കർച്ചനചെയ്യുവാൻ
നാനാസമൃദ്ധി ഞാൻ സജ്ജമാക്കി.

മജ്ജീവരക്തം ഞാൻ മൌനമായ് നിൻപേരി-
ലർപ്പണംചെയ്തതറിവോ, നീ

നിന്നന്തരംഗത്തിൽ പ്രീതിയുൾച്ചേർക്കുവാ-
നെന്നാത്മഹർഷങ്ങളാകമാനം,

വ്യർത്ഥപ്പെടുത്താതെ കാത്തുസൂക്ഷിച്ചുഞാ-
നെത്രമേൽ കാലം വിലക്കിയിട്ടും!

പുഷ്പകാലത്തിലെപ്പൂന്തേൻ മുഴുവനും
ഭദ്രമായ് മക്ഷികയെന്നപോലെ!

-എന്നിട്ടും നിന്നോടിരന്നു ഞാൻ കേണിട്ടും
വന്നില്ല നീ, യതിൽ പങ്ക്യ്കൊള്ളാൻ!

അന്നായിരുന്നെങ്കിൽ, നിന്നെയെടുത്തൊരു
മന്ദസ്മിതത്തിൽ ഞാൻ മൂടിയേനേ!

ആമഗ്നയാക്കാൻ കഴിഞ്ഞേനേ നിന്നെയ-
ന്നോമൽപ്പുളകപ്പൂമ്പൊയ്കയൊന്നിൽ!

അല്ലലും കണ്ണീരുമല്ലാതെനിനക്കിപ്പോ-
ളില്ലല്ലോ ദേവി, നിനക്കു നൽകാൻ!

എന്നാലും, നിർമ്മലസ്നേഹാർദ്രനാണു ഞാ-
നെന്നു നീ വിശ്വസിച്ചാശ്വസിക്കൂ!
                               -27-2-1944

  ഗീതം മുപ്പത്താറ്

അതിഥിപൂജയ്ക്കുള്ള പൂക്കളെല്ലാ-
മതുലേ, നിൻഹൃത്തിൽ വിടർന്നുപോയി.

അഴകിൻ പനിനീരിൽ മുക്കിമുക്കി-
യവയെല്ലാം കോർത്തൊരു മാലയാക്കി,

പ്രമുദിതേ, നിന്നിഷ്ടദൈവത്തിൻ
പ്രഥമസമാഗമം കാത്തിരിക്കൂ.

മധുരപരിമളം വീശിവീശി
മധുമാസവാസരം വന്നുപോയി.

അസിതാംബുദാവലി മാഞ്ഞു, വീണ്ടു-
മമലനീലാംബരം ദീപ്തമായി.

പുളകോത്സവങ്ങളിൽ പങ്കുകൊള്ളാൻ
പുരുപുണ്യശാലിനി, നീയൊരുങ്ങൂ!

അരികത്തരികത്തനുനിമേഷ-
മൊരു മണിത്തേരുരുളൊച്ച കേൾപ്പൂ.

തരുനിരച്ചാർത്തിലൂടൊട്ടകല-
ത്തൊരു കൊടിക്കൂറ പറന്നുകാൺമൂ.

തുരഗപാദോത്ഭിന്നധൂളി പൊങ്ങി-
ത്തെരുവീഥി കാൺമൂ, ഹാ, കാന്തി മങ്ങി! ...

മുഴുവൻ വിയർത്തിതോ നിന്റെ ഫാലം!
മഴവില്ലണിവിതോ നിൻകപോലം!

ചുരുൾമുടി കെട്ടഴിഞ്ഞൂർന്നുപോയോ!
തെരുതെരെച്ചിത്തം തുടിക്കയാണോ!

വിറകൊൾവൂ, നഷ്ടം, നിൻപൂവൽമേനി
വിവശയാകായ്കേവമോമലേ, നീ.

മതി മതി സംഭ്രമം, മംഗളാംഗി!
മദനോപമനതാ, വന്നിറങ്ങി!
                               -6-1-1944

      ഗീതം മുപ്പത്തേഴ്

ഓമലേ, പൂക്കാലത്തിൻ
പുഞ്ചിരി, യതാ നോക്കൂ.
കോമളാരാമന്തോറും
പിന്നെയും പൊടിഞ്ഞല്ലോ!

നാമിനിയിരുന്നാലോ
മൂകരായ്!-വീണക്കമ്പി,
താമസിക്കൊല്ലേ തങ്കം
മുറുക്കൂ വേഗം വേഗം!

എന്തിനു വൈകിക്കുന്ന-
താക്കടും ചുവപ്പാർന്ന
മുന്തിരിച്ചാ, റിങ്ങെല്ലാ-
മോളമിട്ടൊഴുകട്ടേ!

തുച്ഛമാണൊരു കൊച്ചു
നിമിഷം- ശരി, പക്ഷേ,
പുച്ഛിക്കായ്കതിനെ നാം,
പോയ്പോയാൽപോയ്പ്പോയില്ലേ?

പ്രേമനിർവൃതിയി, ലി-
പ്രപഞ്ചം പാടേ മറ-
ന്നോമലേ, നാമന്യോന്യം
ഗാഢമായാശ്ലേഷിക്കെ,

ഒരു സംഗീതത്തിന്റെ
കൊച്ചുകൊച്ചലച്ചാർത്തി-
ലറിയാതെങ്ങോ നമ്മ-
ളോഴുകിപ്പോകുന്നില്ലേ?

ജീവിതം വെറുമൊരു
മിഥ്യയാണെങ്കിൽ, പിന്നെ-
ജ്ജീവനായികേ, നമു-
ക്കെന്തിനിച്ചിന്താഭാരം?

ഫലമില്ലല്ലോ കേണാ,-
ലോമലേ, മമ മെയ്യിൽ
പുളകം മായാതെന്നെ-
യാവർത്തിച്ചാശ്ലേഷിക്കൂ!

ഇഴുകിപ്പോകും മാംസം
മണ്ണടിഞ്ഞെന്നാൽ, ചീയു-
മഴകിൻ പനീർപ്പൂക്കൾ-
പുഴുക്കളാകും നമ്മൾ!

ജീവിതം ഹ്രസ്വം, നാഥേ,
ചിരിക്കൂ, ചുണ്ടോടുചു-
ണ്ടീവിധം മന്ത്രിക്കട്ടെ:
"മുന്തിരി സുഖിപ്പിച്ചു!"
                               -1-3-1944

  ഗീതം മുപ്പത്തെട്ട്

നിന്നെ ഞാൻ ധ്യാനിച്ചു പൂജിച്ചകാലത്തു-
മെന്മനം നോവിച്ചിരുന്നവളാണു നീ.

അത്ഭുതമില്ലെനിക്കാകയാലിപ്പൊഴു-
മൽപവുമെന്നെ നീയോർമ്മിച്ചിടാത്തതിൽ.

മാമകപാർശ്വം പ്രണയസുരഭില-
രോമാഞ്ചരാശിയിൽ മൂടി നീ നിൽക്കവേ;

ഉത്തേജനാസ്പദേ, നീ മമ ജീവിത-
ഭിത്തിയിലത്ഭുതചിത്രം വരയ്ക്കവേ;

നമ്മൾക്കുമുമ്പിൽ പ്രപഞ്ചമൊരേകാന്ത-
നർമ്മസല്ലാപംകണക്കുല്ലസിക്കവേ;

അന്നും കൃതഘ്നനെപ്പോലെ, നിൻ മാനസം
കണ്ണീരിൽ മുക്കിച്ചിരിച്ചവനാണു ഞാൻ!

-ആകയാ, ലിന്നെന്നനുവർത്തനം നിന-
ക്കാകുലമേകാനിടയില്ലശേഷവും!

ആവിർഭവിക്കില്ലപരാധബോധമി-
തീ വിയോഗത്താലകന്നതില്ലെങ്കിൽ നാം!

കണ്ടു നീ വൈകുണ്ഠരംഗങ്ങ, ളെന്മനം
വിണ്ടുകീറുന്ന വിടവിലോരോന്നിലും!

ഇറ്റിറ്റുവീഴുമജ്ജീവരക്തം നുകർ-
ന്നത്ഭുതനൃത്തം നടത്തി നിൻ മാനസം.

ജീവിതലക്ഷ്യം സുഖാപ്തിയാ, ണസ്സുഖ-
പ്പൂവെന്നിൽനിന്നേറെ നുള്ളിയെടുത്തു നീ.

അന്നതു വാടിക്കൊഴിഞ്ഞുപോയെങ്കിലെ-
ന്തുന്നതാമോദം നിനക്കേകിയന്നവ.

ഇന്നതിനൊക്കാതകന്നു ഞാൻ നിൽക്കവേ
കണ്ണീരിൽ മുങ്ങുകല്ലല്ലി നീ, മോഹിനി?
                               -29-11-1936

ഗീതം മുപ്പത്തൊൻപത്

വന്നുചേരാറുണ്ടെന്നടുത്തൊരു
സുന്ദരസ്വപ്നമായി നീ.

വിഹ്വലങ്ങളെൻ പ്രജ്ഞകളൊന്നു
വിശ്രമിക്കാൻ തുടങ്ങിയാൽ!

ഉദ്രസമതിൻ സൌരഭം നിന്നു
നൃത്തമാടുന്ന നിദ്രകൾ.

തപ്തമായൊരെൻ ജീവിതത്തിലെ
രക്തചന്ദനച്ഛായകൾ!

ഹാ, വിലാസിനി, ലാലസിപ്പു മ-
ജ്ജീവനും ജീവനായി നീ.

കണ്ടകങ്ങൾ തറച്ചു മേൽക്കുമേൽ
വിണ്ടുകീറുമെൻ ചിന്തകൾ,

നീ തടവിസ്സുശാന്തമാക്കും, നിൻ
ശീതളസ്നേഹധാരയാൽ.

ചൊന്നിട്ടില്ലെന്നാൽ നിന്നോടുവെറും
നന്ദിവാക്കുകൾകൂടി ഞാൻ!

എങ്കിലും, ഹാ, കൃതഘ്നനെന്നെന്നെ-
ശ്ശങ്കിയായ്ക നീ, യോമലേ!

കണ്ടുമുട്ടിയതെന്തിനോ തമ്മിൽ
രണ്ടു ചഞ്ചലവീചികൾ.

അത്യഗാധമീ ലോകജീവിത-
സ്വപ്നസാഗരവീഥിയിൽ!

ഒറ്റമാത്രയിൽ വീണ്ടും, മങ്ങിങ്ങു
വിട്ടുമാറിയകന്നു നാം.

അത്ഭുതാവഹംതന്നെയാണോർക്കിൽ
മർത്ത്യർതൻ കർമ്മവൈഭവം!

എന്തിലും മീതെ നിൽക്കയാം, വിധേ,
നിൻതലയുമുയർത്തി നീ!

വിസ്മരിക്കില്ലൊരിക്കലും, തമ്മിൽ
വിട്ടകന്നു നാമെങ്കിലും

അത്രമാത്രമടുത്തു നമ്മുടെ
മുഗ്ദ്ധശുദ്ധമനസ്സുകൾ.

മഞ്ഞണിഞ്ഞൊരച്ചന്ദ്രികപോലെ
മഞ്ജുളമാമൊരുന്മദം.

വന്നു, ഗൂഢമായുമ്മവെയ്ക്കുന്നു
മന്നിൽ നമ്മുടെ ജീവനെ!

എത്രമാത്രം ഹതാശരാകിലും
നിശ്ചയം ദേവി, ധന്യർ നാം!
                               -9-7-1944

  ഗീതം നാല്പത്

പ്രാണാധിനാഥ, നിന്നാഗമമാശിച്ചീ
മാണിക്യമഞ്ചത്തിലെത്രനേരം,

നാനാവികാരതരംഗിതസ്വാന്തയായ്
ഞാനിനി, ക്കഷ്ടം, കഴിച്ചുകൂട്ടും?

കൊച്ചുനിമേഷങ്ങൾ നീങ്ങുന്നി,ല്ലാരതിൻ
പൊൽച്ചിറകെല്ലാമരിഞ്ഞുവീഴ്ത്തി?

ശരദചന്ദ്രൻ മറഞ്ഞല്ലോ, കൂട്ടിലെൻ-
ശാരികപോലുമുറങ്ങിയല്ലോ!

താരകളൊക്കെയും മങ്ങിമാഞ്ഞംബരം
കൂരിരുൾ മൂടിയിരുണ്ടുവല്ലോ!

പാറ്റേ പരിമളം വർഷിച്ചുവർഷിച്ച-
പ്പാതിരാപ്പൂവും വിരിഞ്ഞുവല്ലോ!

എന്നിട്ടും, കഷ്ട, മിനിയുമിന്നീവിധ-
മെന്നടുത്തെത്തുവാനെന്തമാന്തം?

ഇല്ല, നദിയിൽ പെരുകിയിട്ടില്ലല്ലോ
വെള്ള, മിന്നാറ്റിൽ ഞാൻ പോയതല്ലേ!

കിട്ടുന്നതെന്തിനു തോണി, യിറങ്ങിയാൽ
മുട്ടുകവിഞ്ഞുണ്ടോ വെള്ളമുള്ളൂ?

ഒറ്റയ്ക്കുപോരുവാൻ ഭീതിയോ, പോയിട്ടി-
ല്ലൊറ്റയ്ക്കിതിൻമുൻപെവിടെയെല്ലാം!

മറ്റെങ്ങോ-നിർല്ലജ്ജചിത്തമേ, നീ വൃഥാ
തെറ്റിദ്ധരിക്കുന്നതെന്തിനേവം?

കുറ്റപ്പെടുത്തുവാനുള്ള നിൻ വാസന-
യ്ക്കറ്റമില്ലെങ്കിൽപ്പിന്നെന്തുചെയ്യും?

ഇല്ല, വരാതിരിക്കില്ലെന്നരികി, ലെൻ-
വല്ലഭനി, ന്നെത്ര വൈകിയാലും!

തെല്ലിനിയെങ്കിലും നീയെൻ ഹൃദയമേ,
വല്ലവിധവുമൊന്നാശ്വസിക്കൂ!
                               -21-11-1931

ഗീതം നാൽപത്തൊന്ന്

അലഘുകൌതുകമെന്നിലനാരത-
മലതുളുമ്പി ത്രസിക്കുമെന്നാശകൾ

പരിചിൽ നിർമ്മിച്ചു, ഹാ, നിനക്കായൊരു
പരമസുന്ദരസങ്കേതസൈകതം.

മലർവിരിച്ചിതവിടത്തിലൊക്കെ, യെൻ-
മദവിവശമധുരപ്രതീക്ഷകൾ

പ്രണയസാന്ദ്രമാമാലിംഗനങ്ങളാൽ
പ്രതിനിമേഷം തളർന്നു തളർന്നു നാം,

കരപുടത്തിൽക്കരവും, കവിളതിൽ
കവിളുമൊന്നിച്ചു, സല്ലാപലോലരായ്

സമയമെത്ര കഴിച്ചി, ല്ലൊരേ സുഖ-
സരളസങ്കൽപസായൂജ്യശയ്യയിൽ!

പരിഭവിച്ചും പഴിച്ചും പരസ്പര-
മഭിനയിച്ചതാം രാഗകലഹവും,

പരിചരിച്ചും ചിരിച്ചും പരസ്പര-
മനുഭവിച്ചോരനന്താനുഭൂതിയും;-

ഹൃദയമെപ്പൊഴും വെച്ചുപൂജിച്ചിടും
സ്വയമവയുടെ കാലടിപ്പാടുകൾ!
                               -18-10-1933

ഗീതം നാൽപത്തിരണ്ട്

'യമുനാതരംഗങ്ങളുമ്മവെയ്ക്കും
കമനീയനീരശിലാതലത്തിൽ,
പ്രണവപ്പൊരുളിനെക്കാത്തിരിക്കും
പ്രണയസ്വരൂപിണിയാരു തോഴി?"

"അവളൊരു കേവലഗാപികയാ-
ണറിയാതില്ലാരുമവളെ മന്നിൽ
അഴകിൻ നിധാനമാം 'രാധ' യെന്നാ-
ണവൾതന്നനശ്വരനാമധേയം!"

"കരളിൽപുളകം പുരട്റ്റിടുമാ-
ക്കരിമുകിൽ വർൺനന്റെ വേണുഗാനം
പരമനിർവ്വാണം പകർന്നതാർതൻ
പരിപാവനാത്മാവിലായിരുന്നു?"

"അവളൊരു നിർമ്മല ബാലികയാ-
ണരുതാസ്സുദതിയെ വിസ്മരിക്കാൻ!
അലിവിൻനികേതമാം 'രാധ' യെന്നാ-
ണവൾതന്നനവദ്യനാമധേയം!"

"നിയതിതൻ നാനാത്വമാകമാനം
നിരസിച്ചോരേകമാം സത്തയിങ്കൽ,
മനമലിഞ്ഞുത്തമഭക്തിപൂർവ്വം
പ്രണയം പ്രതിഷ്ഠിച്ചതേതു സാദ്ധ്വി?"

അവനിയിലാത്മസത്വാഭവാച്ചോ-
രവളൊരു പൊൽക്കിനാവായിരുന്നു
അണിമാദിയുൾച്ചെർന്ന 'രാധ' യെന്നാ-
ണവൾതന്നനുപമനാമധേയം!"

"അതുവിധം സായൂജ്യരൂപിണിയാ-
മനഘഗുണാഢ്യയാം രാധികയെ
അനുകരിച്ചീടുമെന്മാനസവു-
മനഘാനുരാഗമറിഞ്ഞു, തോഴി!
ഇനി ഞാൻ പറയാം- അക്കോമളനാ-
മിടയകുമാരനാണെന്റെ ദൈവം!"
                               -27-12-1934

ഗീതം നാൽപത്തിമൂന്ന്

എന്നെത്തിരക്കി, നീയാനന്ദദേവതേ,
വന്നിട്ടുമെന്തേ പറയാതെപോയി നീ?

ഒത്തില്ലെനിക്കെന്റെ ജോലിത്തിരക്കിനാ-
ലൊട്ടും ഭവതിയെസ്സത്കരിച്ചീടുവാൻ.

ചെറ്റും മനുഷ്യത്വമില്ലാത്തവനെന്നു
തെറ്റിദ്ധരിക്കാനിടയുണ്ടിവനെ നീ

എന്തുചെയ്യട്ടേ, മനോരമേ, ജീവിത-
ചിന്തകളെന്നെ വിടുന്നില്ലൊരിക്കലും!

ഉദ്ധതനല്ല ഞാൻ - മാമകമാനസ-
ശുദ്ധിയോർത്തെങ്കിലും മാപ്പെനിക്കേകണേ!

അന്നു, നീ വന്ന മധുമാസരാത്രിയിൽ
മന്ദഹസിച്ചിതെൻ മുറ്റത്തു മുല്ലകൾ!

വെള്ളിനിലാവിൽക്കുളിപ്പിച്ചു നീ, യെന്റെ
വല്ലികൾ മൊട്ടിട്ട പൂങ്കാവനികകൾ!

നിന്മനോഭാവം പരിമളരൂപമാർ-
ന്നെന്മന്ദിരത്തിൽ ത്രസിച്ചു, നീ പോകിലും!

സ്നേഹിക്കുവാനായ് പഠിപ്പിച്ചു നീ നിന്റെ
മോഹനദർശനമേകി മജ്ജീവനെ!

എന്നെക്കൃതഘ്നനെന്നോർക്കായ്ക, ദേവി, നീ
നിന്നോറ്റെന്നെന്നും കൃതജ്ഞനാകുന്നു ഞാൻ!

കാഴ്ചവെച്ചേനേ സകൌതുകമന്നു നിൻ
കാൽത്തളിരിങ്കലെൻ നഗ്നചിത്തത്തെ ഞാൻ.

എന്നാലെനിക്കതിനൊത്തില്ല - മേൽക്കുമേൽ
നിന്നിതെൻചുറ്റുമായ് ജോലിത്തിരക്കുകൾ.

കണ്ണീർക്കടലിൻ നടുവിലെൻ ജീവിത-
പ്പൊന്നിൻ കളിത്തോണി മുങ്ങുമീ വേളയിൽ;

കാളാംബുദാളികൾ മൂടി, ക്കൊടും തണു-
പ്പാളുമിഭീകരവർഷാന്തരാത്രിയിൽ,

നിന്നെയോർക്കുന്നു ഞാ, നെന്നെ രക്ഷിക്കുവാ-
നെങ്ങു നീ, യെങ്ങു നീ, യാനന്ദദേവതേ?-
                               -19-2-1944

    ഗീതം നാൽപത്തിനാല്

ഏക ഞാൻ നിശാമധ്യം,
കൂരിരുൾക്കരിങ്കട-
ലാകവേ ഭയങ്കര,-
മില്ലൊരു ദീപാങ്കുരം.

കോടക്കാർക്കരിമ്പടം
പുതച്ചു നിൽപ്പൂ വാനം-
ആടകം കടക്കേണം
കണ്ടകം ചവിട്ടേണം.

മേചകമേഘാരവം
മേദുരഘോരം, മേന്മേൽ
കീചകാളികൾ കാറ്റിൽ
കാഹളം മുഴക്കുന്നു.

മാരിയുമാരംഭിക്കാറായി-
ഹാ, മതി, വേഗം
പോരിക തിരി, ച്ചെന്റെ
ചഞ്ചലഹൃദന്തമേ!

നിന്നെ ഞാനൊരു നേർത്ത
മിന്നൽനാരിന്മേൽ കോർത്തി-
ട്ടിന്നേവം വിഫലമാ-
യഴിക്കാൻ യത്നിച്ചാലോ!

         2

കൊച്ചുപത്രങ്ങൾ വാച്ച
താരകളല്ലീ കരി-
നൊച്ചിച്ചില്ലകൾതോറും
കളിപ്പൂ വട്ടം ചുറ്റി?

എന്തിനായ്ത്തിരക്കുവ-
തല്ലെങ്കിൽ, വെളിച്ചത്തിൻ-
പൊൻതെളിത്തൂനാളം ഞാൻ?-
വേണ്ടെനിക്കൊന്നുന്തന്നെ!

തെറ്റുകയെന്നോ മാർഗ്ഗ-
മില്ലില്ല- തിമിരമേ,
ചുറ്റും നീ മുറ്റിക്കൊൾക,
ഭീതിയില്ലശേഷം മേ!

പോൻകതിരണിപ്രേമ-
ദീപമിതെൻ നാഥന്റെ
സങ്കേതസരണികൾ
തെളിക്കും, ഗമിക്കും ഞാൻ!

അഞ്ജനക്കറുപ്പേലു-
മല്ലെത്ര തേജോമയം
മഞ്ജീരശുകങ്ങളേ,
കൂജനം തൂകിക്കൊൾവിൻ!
                               -22-9-1932

ഗീതം നാൽപത്തഞ്ച്

ചെങ്കതിർച്ചാർത്തിനാലാദിത്യനന്തിയെ-
ക്കങ്കേളിപ്പൂമാല ചൂടിക്കുമ്പോൾ,

ലജ്ജയിൽ മുങ്ങി, ഞാനിന്നും പതിവുപോ-
ലജ്ജനൽ വാതിൽക്കൽ നിന്നിരുന്നു.

പൂവറുത്തീടുവാൻ, തോഴി നീ പൂങ്കാവിൽ,
പോവുകമൂലം ഞാനേകയായി

നീരൊലിച്ചോലതൻ കൂലത്തിൽ നിൽക്കുമ-
പ്പേരാലിൻചോട്ടിലെ നീലക്കല്ലിൽ,

എന്മനമായിടും വെള്ളാമ്പൽപ്പൂമൊട്ടിൻ
വെണ്മതിയുമപ്പോൾ വന്നുദിച്ചു!

എന്മന, മയ്യോ, തകർന്നുപോയക്ഷണം
സുന്ദരമാ മുഖം കണ്ടനേരം

എന്തുകൊണ്ടാണേവമെന്നുമക്കോമളൻ
ചിന്താപരവശനാവതാവോ?

ക്ഷീണവിവർണ്ണമാമക്കവിൾത്തട്ടുകൾ
കാണുവാൻ കെൽപെനിക്കില്ല, തോഴീ!

നമ്രമുഖനായിട്ടല്ലാതെ കണ്ടിട്ടി-
ല്ലമ്മോഹനാംഗനെയിന്നോളം ഞാൻ.

നിശ്ചയ, മെന്മനോനായകനുണ്ടേതോ
നിശ്ശബ്ദസങ്കട, മെന്തുചെയ്യാം!

അപ്പപ്പോൾ നോക്കീടുമിങ്ങോട്ടു ഗൂഢമാ-
യപ്പോഴുമക്ഷികളശ്രുപൂർണ്ണം.

തങ്ങളിലൊറ്റവാക്കെങ്കിലുമിന്നോളം
ഞങ്ങളിരുവരും ചൊന്നിട്ടില്ല.

എങ്കിലു, മെന്തെല്ലാം രാഗസല്ലാപങ്ങൾ
സങ്കൽപം ഞങ്ങൾക്കു സമ്മാനിപ്പൂ!
                               -5-9-1931

ഗീതം നാൽപത്താറ്

അഴകൊരു പൊൻപൂവുടലാർന്നു വന്നാ-
ലവളുടെ പേരാരും വിളിച്ചുപോകും.

അമരപുരിതന്നിലും കൂടിയെങ്ങു-
മതിലുപരിയായില്ലൊരോമനത്തം.

വനകുസുമംപോലതു നിന്നു വാടാ-
നനുമതിയേകീടുന്നതാരുലകിൽ?

സ്വയമുദയരശ്മിയൊന്നോടിയെത്തി
'പ്രിയകരമേ' യെന്നു വിളിച്ചിടുമ്പോൾ,

വിരസതകാണിച്ചു പിന്മാറിടുന്ന-
തൊരു വലിയ സാഹസമായിരിക്കും!

ഹരിതരുചി പാണ്ഡുരമാക്കി മാറ്റാൻ
വിരുതിയലും വഞ്ചകനാണു കാലം!

-അരുതരുതതോർക്കാതെ ചൊന്നതാം ഞാ-
നണയരുതാ മാറ്റം നിനക്കുമാത്രം!
                               -3-3-1935

  ഗീതം നാൽപത്തേഴ്

നമിച്ചു നിന്നെ ഞാൻ തിരിച്ചവേളയിൽ
വമിച്ചു ലോകമൊരസൂയതൻ വിഷം.

പതിച്ചു, മേൽക്കുമേലുയർന്നെരിഞ്ഞിടു-
മതിൻ ചിതയിലെൻ പരമശാന്തികൾ.

അവതൻ ജീർണ്ണിച്ച ശവത്തറയിന്മേ-
ലവഗണിതനായിരിക്കയാണു ഞാൻ.

കടന്നുപോകുന്നു ദിനങ്ങളോരോന്നെൻ-
പടിക്കൽക്കൂടിയൊരലസഭാവത്തിൽ.

കരുണയില്ലവയ്ക്കെനിക്കു നൽകുവാ-
നൊരു സമാധാനകണികയെങ്കിലും.

പലപല ജോലിത്തിരക്കുകൾമൂലം
പരതന്ത്രന്മാരുമിവന്റെ കൂട്ടുകാർ!

-വിഷാദപൂർണ്ണമാം വിജനതമാത്രം
വിലാപപൂർണ്ണമാം വിവശതമാത്രം.
                               17-1-1945

ഗീതം നാൽപത്തെട്ട്

ഹൃദയനായികേ, ഭവതിക്കായിട്ടെൻ-
സുദിനസൂനങ്ങൾ വിരിയുന്നു

കരളിൽനിന്നിതാ കദനത്തിൻ കടും-
കരിമുകിലോരോന്നകലുന്നു.

കരുണതൻ ദിവ്യമകരന്ദം തിങ്ങി-
നിറയുന്നൂ, മനം കവിയുന്നു.

അതുലേ, നീയിനിക്കരയൊല്ലേ നിയെ-
ന്നനഘാനന്ദത്തിന്നുറവല്ലേ?

കരളിലോലുമെൻ മിഴിനീർ, നീ തന്ന
കരലേസാലൊപ്പിക്കളവൂ ഞാൻ!

തളിർചൂടിച്ചൂടിത്തരുനിര നോക്കൂ
തരളവായുവേറ്റിളകുന്നു.

അളികൾ മൂളുന്നു, കിളികൾ പാടുന്നു
പുലരി പൊൻപൂക്കൾ ചൊരിയുന്നു.

അഴലെന്നാലെന്തെന്നറിയാത്തമട്ടി-
ലരുവികൾ പാടിയൊഴുകുന്നു.

അവയെക്കാണുമ്പോളകലുന്നൂ ശോക-
മകതാരിൽ സൌഖ്യമുറയുന്നു.

മധുരദർശനേ, കരകയോ, നാമീ
വിധി വിധിച്ചതാം വിരഹത്തിൽ? ...
                               13-2-1945

ഗീതം നാൽപത്തൊൻപത്

അമൃതം പുരണ്ട നിൻ വാക്കു കേട്ടി-
ട്ടമലേ, ഞാൻ കോൾമയിർക്കൊണ്ടുപോയി.

അഭിനവയൌവനം നിന്നിൽ നിത്യ-
മഭിരാമതകൾ വിടുർത്തി നിൽക്കെ;

അനുരാഗസാന്ദ്രമായന്തരംഗ-
മനുമാത്രനിർവൃതിയാസ്വദിക്കെ;

അതിഭക്തിയാർന്നുഷസ്സന്ധ്യയെപ്പോ-
ലതിഥിപൂജയ്ക്കു നീ വെമ്പിയെത്തി!

നിരുപിച്ചിരിക്കാതെ നിന്റെ മുൻപിൽ
നിരുപമേ, ഞാനൊരു ദേവനായി.

അവിരളാനന്ദത്തിനാസ്പദമാ-
യെവിടെനിന്നെത്തി നീ, യപ്സരസ്സേ?

മുകിൽ മാല മൂടിയിരുണ്ട വാനിൽ
വികസിക്കും വാർമഴവില്ലുപോലെ,

കദനവിവശമാമെന്മനസ്സിൽ-
ക്കവിതകൊളുത്തി നിൻ കണ്മുനകൾ!

അഴകിന്മേലിപ്പൂത്തു കാണ്മതെല്ലാം
കൊഴിയുന്നപുഷ്പങ്ങളായിരിക്കാം.

പരിതാപമി, ല്ലവയൊക്കെ മേലിൽ
പരിണതപക്വങ്ങളാകുമെങ്കിൽ!

നിഴലും വെളിച്ചവും ചേർത്തൊരുക്കി
നിയതി നൽകീടുമിജ്ജീവിതത്തിൽ,

അരിയൊരുത്തേജക ശക്തിയായെ-
ന്നരികിലിരുന്നു നീ പാടുമെങ്കിൽ,

സ്ഥലകാഅഭീതിയാൽ തെല്ലുപോലും
തളരാതെൻ തോണി തുഴയുവൻ ഞാൻ!

കടുവജ്രദംഷ്ട്രകൾ കാട്ടി, മുന്നിൽ
കുടിലയാഥാർത്ഥ്യങ്ങളെത്തിയാലും,

ചകിതനായ്പ്പിൻതിരിഞ്ഞോടി, വല്ല
ചരമത്തിലും ചെന്നൊളിച്ചിടാ ഞാൻ.

കുഴയുംവരേക്കെന്റെ കൈകൾ കർമ്മ-
ത്തുഴയാൽത്തുഴയും ഞാനിപ്പുഴയിൽ!

പ്രതികൂലവാതങ്ങൾ മാറിമാറി
പ്രതിമാത്രമെത്രയ്ക്കെതിർത്തിടട്ടെ,

പതറുകില്ലെന്മനം- നീയരികിൽ
പരിതൃപ്തയായിപ്പരിലസിക്കിൽ!
                               -23-5-1944

  ഗീതം അൻപത്

സ്വർഗ്ഗീയനീലിമ വീശിവീശി, സ്വയം
സ്വപ്നങ്ങൾകണ്ടു ചിരിക്കുമക്കണ്ണുകൾ,

മാൻപേടയേക്കാൾ പ്രശാന്തമാ, യെൻനേർക്കു
മാൺപുറ്റു നോക്കുന്നതിപ്പൊഴും കാണ്മൂ ഞാൻ.

ആയിരം കണ്മുനക്കോണുകളെന്മിഴി-
ക്കാതിത്ഥ്യമേകിയിട്ടുണ്ടെന്നിരിക്കിലും

എത്തിയിട്ടില്ലെന്റെ മുന്നിലിന്നോളവു
മിത്രമേൽ സ്നേഹംതുളുമ്പുന്ന കണ്ണുകൾ!

ഈ വിദൂരത്തും ചെവിക്കൊൾവിതെൻ തപ്ത-
ജീവ, നവയുടെ മൂകമാം വിളി!-

പ്രാലേയശൈലസാനുക്കളിൽ, പുഷ്പിത-
ശ്രീലഹരിതവനാന്തരശ്രേണിയിൽ,

കേവലമേകയായ് ഭർത്തൃസന്ത്യക്തയായ്
കേണാഞ്ഞീടുമൊരപ്സരസ്സെന്നപോൽ;

ഓർപ്പതസഹ്യമാ, ണിന്നുമെൻ പ്രാണനിൽ
വീർപ്പിട്ടുവീർപ്പിട്ടണയുന്നിതാ വിളി!-

ഹാ, വിധി ഞങ്ങളെ വേർപിരിച്ചെങ്കിലും
ജീവനും ജീവനാണെന്നുമെനിക്കവൾ!

അപ്പൂനിലാവിനു ചുറ്റു, മുൾത്താപമാർ-
ന്നെപ്പൊഴും ചുറ്റിപ്പറക്കുന്നിതെന്മനം!

ദേവിയെ, ദൂരത്തിരുന്നുകൊണ്ടിങ്ങനെ
പൂവിട്ടു പൂവിട്ടു പൂജിച്ചിടുന്നു ഞാൻ.

കാണാതിരിക്കിലുമെൻ മുന്നിലെപ്പൊഴും
കാണുന്നു ഞാനക്കനകകളേബരം!

കേൾക്കാതിരിക്കിലും, കോൾമയിർക്കൊണ്ടിതാ
കേൾക്കുന്നു ഞാനക്കളകോമളസ്വരം!

ദർശനമേകിടാ, തെങ്ങു തിരികിലും
സ്പർശിപ്പിതെന്നെയപ്പൂങ്കുളിർക്കൈയുകൾ!-

കാണുമ്പോഴേക്കാളധികമായ് സ്നേഹിപ്പു
കാണാതിരിക്കുമ്പൊഴെന്നോമനയെ ഞാൻ.

ഹന്ത, വിയോഗമിതേവം വിധിച്ചുകൊ-
ണ്ടെന്തു സാധിച്ചു വിധിക്കിന്നു ഞങ്ങളിൽ?

സ്വാർത്ഥരഹിതമാം സ്നേഹ, മീ ലോകത്തി-
ലാദ്യമായ് കാണ്മ, തെൻ ദേവിയിലാണു ഞാൻ.

ഉൾപ്പുളകാദ്രയായർപ്പിപ്പു ഗൂഢമായ്
മത്പ്രാണനിലതാ മംഗളരൂപിണി.

കർമ്മബന്ധം മാത്രമാണതിൻ മൂല, മി-
ക്കണ്ണീരി, ലൊട്ടുമസംതൃപ്തനല്ല ഞാൻ!
                               -26-1-1945


വ്രണിതചിത്തങ്ങളാശ്വസിച്ചെങ്കി, ലി-
പ്രണയഹേമന്തചന്ദ്രികാധാരയിൽ!

                               -29-5-1935

"https://ml.wikisource.org/w/index.php?title=ഹേമന്തചന്ദ്രിക&oldid=36021" എന്ന താളിൽനിന്ന് ശേഖരിച്ചത്