ഹരിനാമകീർത്തനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഹരിനാമകീർത്തനം (കീർത്തനം)

രചന:എഴുത്തച്ഛൻ
Wikipedia logo കൂടുതലറിയാൻ മലയാളം വിക്കിപീഡിയയിലെ
ഹരിനാമകീർത്തനം എന്ന ലേഖനം കാണുക.

ഇത് കുട്ടികൾക്ക് അക്ഷരമുറപ്പിക്കാൻ അക്ഷരമാലാക്രമത്തിൽ രചിക്കപ്പെട്ടതാണെന്നും അതല്ല എഴുത്തച്ഛന്റെ പുത്രിക്കോ അനന്തരവൾക്കോ സന്ധ്യാസമയങ്ങളിൽ ജപിക്കുന്നതിന്‌ വേണ്ടി രചിച്ചതാണെന്നും പല ഐതിഹ്യങ്ങൾ നിലവിലുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലകൃതിയാണ്‌ ഹരിനാമകീർത്തനം എന്നു കരുതുന്നവരാണ്‌ ഭൂരിഭാഗവും.


നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, സകല സന്താപനാശക, ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

ഓങ്കാരമായ പൊരുൾ മൂന്നായ് പിരിഞ്ഞുടനെ-
യാങ്കാരമായതിനു താൻതന്നെ സാക്ഷിയതു
ബോധം വരുത്തുവതിനാളായിനിന്ന പര-
മാചാര്യരൂപ ഹരി നാരായണായ നമഃ

ഒന്നായ നിന്നെയിഹ രണ്ടെന്നുകണ്ടളവി-
ലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ
പണ്ടേക്കണക്കെ വരുവാൻ നിൻകൃപാവലിക-
ളുണ്ടാകയെങ്കലിഹ നാരായണായ നമഃ

ആനന്ദചിന്മയ! ഹരേ! ഗോപികാരമണ!
ഞാനെന്നഭാവമതു തോന്നായ്‌കവേണമിഹ;
തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി
തോന്നേണമേ വരദ, നാരായണായ നമഃ

അർക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു
കണ്ണിന്നു കണ്ണു മനമാകുന്ന കണ്ണതിനു
കണ്ണായിരുന്ന പൊരുൾ താനെന്നുറയ്‌ക്കുമള-
വാനന്ദമെന്തു! ഹരിനാരായണായ നമഃ

ഹരിനാമകീർത്തനമിതുരചെയ്‌വതിന്നു ഗുരു-
വരുളാലെ ദേവകളുമരുൾചെയ്‌ക ഭൂസുരരും
നരനായ് ജനിച്ചു ഭുവി മരണം ഭവിപ്പളവു-
മുരചെയ്‌വതിന്നരുൾക നാരായണായ നമഃ

ശ്രീമൂലമായ പ്രകൃതീങ്കൽത്തുടങ്ങി ജന-
നാന്ത്യത്തൊളം പരമഹാമായ തന്റെ ഗതി
ജന്മങ്ങളും പലകഴിഞ്ഞാലുമില്ലവധി
കർമ്മത്തിനും പരമ നാരായണായ നമഃ

ഗർഭസ്ഥനായ് ഭുവി ജനിച്ചും മരിച്ചുമുദ-
കപ്പോളപോലെ ജനനാന്ത്യേന നിത്യഗതി
ത്വദ്ഭക്തി വർദ്ധനമുദിക്കേണമെന്മനസി
നിത്യം തൊഴായ്‌വരിക നാരായണായ നമഃ

ണത്താരിൽമാനനി മണാളൻ പുരാണപുരു-
ഷൻ ഭക്തവത്സലനനന്താദിഹീനനിതി
ചിത്തത്തിലച്യുത!കളിപ്പന്തലിട്ടു വിള-
യാടീടുകെന്മനസി നാരായണായ നമഃ

പച്ചക്കിളിപ്പവിഴപാൽവർ‍ണ്ണമൊത്തനിറ-
മിച്ഛിപ്പവർക്കു ഷഡാധാരം കടന്നുപരി
വിശ്വസ്ഥിതിപ്രളയസൃഷ്ടിക്കു സത്വരജ-
സ്തമോഭേദരൂപ ഹരി നാരായണായ നമഃ

തത്വത്തിനുള്ളിലുദയം ചെയ്തിടുന് നപൊരു-
ളെത്തീടുവാൻ ഗുരുപദാന്തേ ഭജിപ്പവനു
മുക്തിക്കുതക്കൊരുപദേശം തരും, ജനന-
മറ്റീടുമന്നവനു നാരായണായ നമഃ

യെൻപാപമൊക്കെയറിവാൻ ചിത്രഗുപ്തനുടെ
സമ്പൂർണ്ണലേഖനഗിരം കേട്ടു ധർമ്മപതി
എൻ പക്കലുള്ള ദുരിതം പാർത്തു കാണുമള-
വംഭോരുഹാക്ഷ! ഹരി നാരായണായ നമഃ

നക്ഷത്രപംക്തികളുമിന്ദുപ്രകാശവു-
മൊളിക്കും ദിവാകരനുദിച്ചങ്ങുയർന്നളവു്
പക്ഷീഗണം ഗരുഡനെക്കണ്ടു കൈതൊഴുതു
രക്ഷിക്കയെന്നടിമ നാരായണായ നമഃ

മത്‌പ്രാണനും പരനുമൊന്നെന്നുറപ്പവനു
തത്‌പ്രാണദേഹവുമനിത്യം കളത്രധനം
സ്വപ്നാദിയിൽ പലതുകണ്ടിട്ടുണർന്നവനൊ-
ടൊപ്പം ഗ്രഹിക്ക ഹരി നാരായണായ നമഃ

അൻപേണമെന്മനസി ശ്രീനീലകണ്ഠഗുരു-
മംഭോരുഹാക്ഷമിതി വാഴ്‌ത്തുന്നു ഞാനുമിഹ
അൻപത്തൊരക്ഷരവുമോരോന്നിതെന്മൊഴിയി-
ലൻപോടു ചേർക്ക ഹരി നാരായണായ നമഃ

ആദ്യക്ഷരത്തിലുളവായൊന്നിതൊക്കെയുമി-
താദ്യക്ഷരത്തിലിതടങ്ങുന്നതും കരുതി
ആദ്യക്ഷരാലിവയിലോരോന്നെടുത്തു പരി-
കീർത്തിപ്പതിന്നരുൾക നാരായണായ നമഃ

ഇക്കണ്ടവിശ്വമതുമിന്ദ്രാദിദേവകളു-
മർക്കേന്ദുവഹ്നികളോടൊപ്പം ത്രിമൂർത്തികളും
അഗ്രേ വിരാട് പുരുഷ! നിന്മൂലമക്ഷരവു-
മോർക്കായ് വരേണമിഹ നാരായണായ നമഃ

ഈവന്ന മോഹമകലെപ്പോവതിന്നു പുന-
രീവണ്ണമുള്ളൊരുപദേശങ്ങളില്ലുലകിൽ
ജീവന്നു കൃഷ്ണഹരി ഗോവിന്ദരാമ തിരു-
നാമങ്ങളൊന്നൊഴികെ നാരായണായ നമഃ

ഉള്ളിൽ കനത്ത മദമാത്സര്യമെന്നിവക-
ളുള്ളോരുകാലമുടനെന്നാകിലും മനസി
ചൊല്ലുന്നിതാരു തിരുനാമങ്ങളന്നവനു
നല്ലൂ ഗതിക്കു വഴി നാരായണായ നമഃ

ഊരിന്നുവേണ്ട നിജഭാരങ്ങൾ വേണ്ടതിനു
നീരിന്നുവേണ്ട നിജദാരങ്ങൾ വേണ്ടതിനു
നാരായണാച്യുതഹരേ എന്നതിന്നൊരുവർ
നാവൊന്നേ വേണ്ടു ഹരി നാരായണായ നമഃ

ഋതുവായപെണ്ണിനുമിരപ്പവനും ദാഹകനും
പതിതന്നുമഗ്നിയജനം ചെയ്തഭൂസുരനും
ഹരിനാമകീർത്തനമിതൊരുനാളുമാർക്കുമുട-
നരുതാത്തതല്ല ഹരി നാരായണായ നമഃ

ൠഭോഷനെന്നു ചിലർ ഭാഷിക്കിലും ചിലർ ക-
ളിപ്പാപിയെന്നു പറയുന്നാകിലും മനസി
ആവോ നമുക്കു തിരിയാ എന്നുറച്ചു തിരു-
നാമങ്ങൾ ചൊൽക ഹരി നാരായണായ നമഃ

ഌത്സ്മാദിചേർത്തൊരു പൊരുത്തം നിനയ്ക്കിലുമി-
തജിതന്റെ നാമഗുണമതിനിങ്ങു വേണ്ട ദൃഢം
ഒരുകോടികോടി തവ തിരുനാമമുള്ളവയി-
ലരുതാത്തതില്ല ഹരി നാരായണായ നമഃ

ൡകാരമാദിമുതലായിട്ടു ഞാനുമിഹ
കൈകൂപ്പിവീണുടനിരക്കുന്നു നാഥനോടു
ഏകാന്തഭക്തിയകമേ വന്നുദിപ്പതിനു
വൈകുന്നതെന്തു ഹരി നാരായണായ നമഃ

എണ്ണുന്നു നാമജപരാഗാദി പോയിടുവാ-
നെണ്ണുന്നിതാറുപടി കേറികടപ്പത്തിനു
കണ്ണും മിഴിച്ചിവനിരിക്കുന്നൊരേ നിലയി -
ലെണ്ണാവതല്ല ഹരി നാരായണായ നമഃ


ഏകാന്ത യോഗികളിലാകാംക്ഷകൊണ്ടുപര-
മേകാന്തമെന്നവഴി പോകുന്നിതെന്മനവും
കാകൻ പറന്നു പുനരന്നങ്ങൾ പോയവഴി-
പോകുന്നപോലെ ഹരി നാരായണായ നമഃ

ഐയ്യഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
നവ്വണ്ണമെട്ടുമുടനെൺമൂന്നുമേഴുമഥ
ചൊവ്വോടൊരഞ്ചുമപി രണ്ടൊന്നു തത്വമതിൽ
മേവുന്ന നാഥ ജയ നാരായണായ നമഃ

ഒന്നിനു തത്വമിതു ദേഹത്തിനൊത്തവിധം
എത്തുന്നിതാർക്കുമൊരുഭേദം വരാതെഭുവി
മർത്യന്റെ ജന്മനില പാപം വെടിഞ്ഞുകി -
ലെത്തുന്ന മോക്ഷമതിൽ നാരായണായ നമഃ


ഓതുന്നു ഗീതകളിതെല്ലാമിതെന്നപൊരു-
ളേതെന്നു കാണ്മതിനു പോരാ മനോബലവും
ഏതെങ്കിലും കിമപി കാരുണ്യമിന്നുതവ
സാധിക്കവേണ്ടു ഹരി നാരായണായ നമഃ

ഔദുംബരത്തിൽ മശകത്തിന്നു തോന്നുമതിൻ
മീതേ കദാപി സുഖമില്ലെന്നു തത്പരിചു
ചേതോവിമോഹിനി മയക്കായ്‌ക മായ തവ
ദേഹോഽഹമെന്ന വഴി നാരായണായ നമഃ

അംഭോജസംഭവനുമൻപോ ടുനീന്തിബത
വൻമോഹവാരിധിയിലെന്നേടമോർത്തു മമ
വൻ പേടി പാരമിവനൻപോടടായ്‌വതിന്നു
മുൻപേ തൊഴാമടികൾ നാരായണായ നമഃ

അപ്പാശവും വടിയുമായ്ക്കൊണ്ടജാമിളനെ
മുല്പാടുചെന്നു കയറിട്ടോരു കിങ്കരരെ
പില്പാടുചെന്നഥ തടുത്തോരുനാൽവരെയു-
മപ്പോലെ നൗമി ഹരി നാരായണായ നമഃ

കഷ്ടം! ഭവാനെയൊരുപാണ്ഡ്യൻ ഭജിച്ചളവ-
ഗസ്ത്യേന നീ ബത! ശപിപ്പിച്ചതെന്തിനിഹ
നക്രേണ കാൽക്കഥ കടിപ്പിച്ചതെന്തിനതു-
മോർക്കാവതല്ല ഹരി നാരായണായ നമഃ

ഖട്വാംഗനെന്ന ധരണീശന്നു കാൺകൊരു
മുഹൂ൪ത്തേന നീ ഗതികൊടുപ്പാനുമെന്തു വിധി
ഒട്ടല്ല നിൻ കളികളിപ്പോലെ തങ്ങളിൽ വി-
രുദ്ധങ്ങളായവകൾ നാരായണായ നമഃ

ഗ൪വ്വിച്ചു വന്നൊരു ജരാസന്ധനോടു യുധി
ചൊവ്വോടു നില്പതിനു പോരാ നിനക്കു ബല൦
അവ്വാരിധൗ ദഹനബാണ൦ തൊടുത്തതു തി-
ളപ്പിപ്പതിന്നു മതി നാരായണായ നമഃ

ഘർമ്മാതപം കുളിർനിലാവെന്നു തമ്പിയൊടു
ചെമ്മേ പറഞ്ഞു നിജപത്നീം പിരിഞ്ഞളവു
തന്നെപ്പിരിഞ്ഞു മറുകിച്ചാ മൃഗാക്ഷികളെ
വൃന്ദാവനത്തിലഥ നാരായണായ നമഃ

ങാനം കണക്കെയുടനഞ്ചക്ഷരങ്ങളുടെ-
യൂനം വരുത്തിയൊരു നക്തഞ്ചരിക്കു ബത!
കൂന്നോരു ദാസിയെ മനോജ്ഞാംഗിയാക്കിയതു-
മൊന്നല്ലെയാളു, ഹരി നാരായണായ നമഃ

ചമ്മട്ടിപൂണ്ടു കടിഞ്ഞാണും മുറുക്കിയുട-
നിന്ദ്രാത്മജന്നു യുധി തേർപൂട്ടിനിന്നു ബത!
ചെമ്മേ മറഞ്ഞൊരു ശരം കൊണ്ടുകൊന്നതുമൊ-
രിന്ദ്രാത്മജന്നെ ഹരി നാരായണായ നമഃ

ഛന്നത്വമാർന്ന കനൽപോലേ നിറഞ്ഞുലകിൽ
ചിന്നുന്ന നിൻ മഹിമയാർക്കും തിരിക്കരുത്
അന്നന്നു കണ്ടതിനെ വാഴ്ത്തുന്നു മാമുനിക-
ളെന്നത്രെ തോന്നി ഹരി നാരായണായ നമഃ

ജന്തുക്കളുള്ളിൽ വിലസീടുന്ന നിന്നുടയ
ബന്ധം വിടാതെ പരിപൂർണ്ണാത്മനാ സതതം
തന്തും മണിപ്രകരഭേദങ്ങൾപോലെ പര-
മെന്തെന്തു ജാതമിഹ നാരായണായ നമഃ

ഝങ്കാരനാദമിവ യോഗീന്ദ്രരുള്ളിലുമി-
തോതുന്ന ഗീതികളിലും പാല്പയോധിയിലും
ആകാശവീഥിയിലുമൊന്നായ് നിറഞ്ഞരുളു-
മാനന്ദരൂപ! ഹരിനാരായണായ നമഃ

ഞാനെന്നുമീശ്വരനിതെന്നും വളർന്നളവു
ജ്ഞാനദ്വയങ്ങൾ പലതുണ്ടായതിന്നുമിഹ
മോഹം നിമിത്തമതുപോകും പ്രകാരമപി
ചേതസ്സിലാക മമ നാരായണായ നമഃ

ടങ്കം കുരംഗവുമെടുത്തിട്ടു പാതിയുടൽ
ശംഖം രഥാംഗവുമെടുത്തിട്ടു പാതിയുടൽ
ഏകാക്ഷരം തവ ഹി രൂപം നിനപ്പവനു
പോകുന്നു മോഹവഴി നാരായണായ നമഃ

ഠായങ്ങൾ ഗീതമിവ നാദപ്രയോഗമുട-
നേകശ്രുതീങ്കലൊരുമിക്കുന്നപോലെയുമി-
തേകാക്ഷരത്തിലിതടങ്ങുന്നു സർവ്വവുമി-
താകാശസൂക്ഷ്മതനു നാരായണായ നമഃ

ഡംഭാദിദോഷമുടനെട്ടും കളഞ്ഞു ഹൃദി-
മുമ്പേ നിജാസനമുറച്ചേകനാഡിയുടെ
കമ്പം കളഞ്ഞു നിലയാറും കടപ്പതിന്നു
തുമ്പങ്ങൾ തീർക്ക ഹരിനാരായണായ നമഃ

ഢക്കാമൃദംഗതുടിതാളങ്ങൾ പോലെയുട-
നോർക്കാമതിന്നിലയിലിന്നേടമോർത്തു മമ
നിൽക്കുന്നതല്ല മനമാളാനബദ്ധകരി-
തീൻകണ്ടപോലെ ഹരിനാരായണായ നമഃ

ണത്വാപരം പരിചു കർമ്മവ്യാപായമിഹ
മദ്ധ്യേഭവിക്കിലുമതില്ലെങ്കിലും കിമപി
തത്വാദിയിൽ പരമുദിച്ചോരു ബോധമതു-
ചിത്തേ വരേണ്ടതിഹ നാരായണായ നമഃ

തത്വാർത്ഥമിത്ഥമഖിലത്തിന്നുമുണ്ടുബത!
ശബ്ദങ്ങളുള്ളിൽ വിലസീടുന്ന നിന്നടിയിൽ
മുക്തിക്കു കാരണമിതേശബ്ദമെന്നു തവ
വാക്യങ്ങൾ തന്നെ ഹരി നാരായണായ നമഃ

ഥല്ലിന്നു മീതെ പരമില്ലെന്നുമോർത്തുമുട-
നെല്ലാരോടും കുതറി വാപേശിയും സപദി
തള്ളിപ്പുറപ്പെടുമഹംബുദ്ധികൊണ്ടു ബത!
കൊല്ലുന്നു നീ ചിലരെ നാരായണായ നമഃ

ദംഭായ വന്മരമതിന്നുള്ളിൽ നിന്നു ചില
കൊമ്പും തളിർത്തവധിയില്ലാത്ത കായ്‌കനികൾ
അൻപോടിതത്തരുവിൽ വാഴായ്‌വതിന്നു ഗതി
നിൻ പാദഭക്തി ഹരി നാരായണായ നമഃ

ധന്യോഽഹമെന്നുമിതി മാന്യോഽഹമെന്നുമിതി
പുണ്യങ്ങൾ ചെയ്ത പുരുഷൻ ഞാനിതെന്നുമിതി
ഒന്നല്ലകാൺകൊരു കൊടുങ്കാടുദന്തിമയ-
മൊന്നിച്ചുകൂടിയതു നാരായണായ നമഃ

നന്നായ് ഗതിക്കൊരു സഹസ്രാരധാരയില
തന്നീറ്റിൽ നിൻകരുണ വന്മാരി പെയ്‌തുപുനഃ
മുന്നം മുളച്ചമുള ഭക്തിക്കുവാഴ്‌ത്തുവതു-
മിന്നേ കൃപാനിലയ നാരായണായ നമഃ

പലതും പറഞ്ഞു പകൽ കളയുന്നനാവുതവ
തിരുനാമകീർത്തനമിതതിനായ്‌ വരേണമിഹ
കലിയായ കാലമിതിലതുകൊണ്ടു മോക്ഷഗതി
എളുതെന്നു കേൾപ്പു ഹരി നാരായണായ നമഃ

ഫലമില്ലയാതെ മമ വശമാക്കൊലാ ജഗതി
മലമൂത്രമായതടി പലനാളിരുത്തിയുടൻ
അളവില്ലയാതെ വെളിവകമേയുദിപ്പതിന്നു
കളയായ്‌ക കാലമിനി നാരായണായ നമഃ

ബന്ധുക്കളർത്ഥഗൃഹപുത്രാദിജാലമതിൽ
ബന്ധിച്ചവന്നുലകിൽ നിൻ‌തത്ത്വമോർക്കിലുമ-
തന്ധന്നു കാട്ടിയൊരു കണ്ണാടിപോലെ വരു-
മെന്നാക്കിടൊല്ല ഹരിനാരായണായ നമഃ

ഭക്ഷിപ്പതിന്നു ഗുഹപോലേ പിളർന്നുമുഖ-
മയ്യോ! കൃതാന്തനിഹ പിമ്പേ നടന്നു മമ
എത്തുന്നു ദർദുരമുരത്തോടു പിമ്പെയൊരു
സർപ്പം കണക്കെ ഹരി നാരായണായ നമഃ

മന്നിങ്കൽ വന്നിഹ പിറന്നന്നു തൊട്ടു പുന-
രെന്തൊന്നു വാങ്മനസുകായങ്ങൾ ചെയ്‌തതതു-
മെന്തിന്നി�മേലിലതുമെല്ലാം നിനക്കു ഹൃദി-
സന്തോഷമായ്‌ വരിക നാരായണായ നമഃ

യാതൊന്നു കാണ്മതതു നാരായണപ്രതിമ
യാതൊന്നു കേൾപ്പതതു നാരായണശ്രുതികൾ
യാതൊന്നു ചെയ്‌വതതു നാരായണാർച്ചനകൾ
യാതൊന്നതൊക്കെ ഹരി നാരായണായ നമഃ

രവികോടി തുല്യമൊരു ചക്രം കരത്തിലിഹ
ഫണിരാജനെപ്പൊഴുമിരിപ്പാൻ, കിടപ്പതിനും
അണിയുന്നതൊക്കെ വനമാലാദികൗസ്തുഭവു-
മകമേ ഭവിപ്പതിനു നാരായണായ നമഃ

ലക്ഷം പ്രകാരമൊടു സൃഷ്ടിപ്പതിന്നുമതു
രക്ഷിപ്പതിന്നുമതു ശിക്ഷിപ്പതിന്നുമിഹ
വിക്ഷേപമാവരണമീ രണ്ടു ശക്തികള-
തിങ്കേന്നുദിച്ചു ഹരി നാരായണായ നമഃ

വദനം നമുക്കു ശിഖി വസനങ്ങൾ സന്ധ്യകളു-
മുദരം നമുക്കുദധിയുലകേഴുരണ്ടുമിഹ
ഭുവനം നമുക്കു ശിവനേത്രങ്ങൾ രാത്രിപക-
ലകമേ ഭവിപ്പതിനു നാരായണായ നമഃ

ശക്തിക്കു തക്ക വഴിയിത്ഥം ഭജിപ്പവനു
ഭക്ത്യാ വിദേഹദൃഢവിശ്വാസമോടു ബത
ഭക്ത്യാ കടന്നു തവ തൃക്കാൽ പിടിപ്പതിന-
യയ്‌ക്കുന്നതെന്നു ഹരി നാരായണായ നമഃ

ഷഡ്‌വൈരികൾക്കു വിളയാട്ടത്തിനാക്കരുതു
ചിത്താംബുജം മമ ഹി സദ്ധ്യാനരംഗമതിൽ
തത്രാപി നിത്യവുമൊരിക്കലിരുന്നരുൾക
ചിത്താംബുജേ മമ ച നാരായണായ നമഃ

സത്യം വദാമി മമ ഭൃത്യാദിവർഗ്ഗമതു-
മർത്ഥം കളത്രഗൃഹ പുത്രാദിജാലമതു-
മൊക്കെ ത്വദർപ്പണമതാക്കീട്ടു ഞാനുമിഹ
തൃക്കാൽക്കൽ വീണു ഹരി നാരായണായ നമഃ

ഹരനും വിരിഞ്ചനുമിതമരാധിനായകനു-
മറിയുന്നതില്ല തവ മറിമായ തൻ മഹിമ
അറിവായ്‌ മുതൽക്കരളിലൊരുപോലെ നിന്നരുളും
പരജീവനിൽത്തെളിക നാരായണായ നമഃ

ളത്വം കലർന്നിതു ലകാരത്തിനപ്പരിചു
തത്ത്വം നിനക്കിലൊരു ദിവ്യത്വമുണ്ടു തവ
കത്തുന്നപൊന്മണിവിളക്കെന്നപോലെ ഹൃദി
നിൽക്കുന്ന നാഥ ഹരി നാരായണായ നമഃ

ക്ഷരിയായൊരക്ഷരമതിങ്കേന്നുദിച്ചതിതു
ലിപിയേഴുമക്ഷരമിതെന്നങ്ങുരപ്പു ജനം
അറിയാവതല്ല തവപരമാക്ഷരസ്യ പൊരുൾ
അറിയാറുമായ്‌ വരിക നാരായണായ നമഃ

കരുണാപയോധി മമ ഗുരുനാഥനിസ്തുതിയെ
വിരവോടുപാർത്തു പിഴ വഴിപോലെ തീർത്തരുൾക
ദുരിതാബ്ധിതൻ നടുവിൽ മറിയുന്നവർക്കു പര-
മൊരു പോതമായ് വരിക നാരായണായ നമഃ

മദമാത്സരാദികൾ മനസ്സിൽ തൊടാതെ ജന-
മിതുകൊണ്ടു വാഴ്‌ത്തുക നമുക്കും ഗതിക്കു വഴി
ഇതു കേൾക്കതാനിതൊരു മൊഴി താൻ പഠിപ്പവനും
പതിയാ ഭവാംബുധിയിൽ നാരായണായ നമഃ

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikisource.org/w/index.php?title=ഹരിനാമകീർത്തനം&oldid=215425" എന്ന താളിൽനിന്ന് ശേഖരിച്ചത്