ഹനൂമാൻ ചാലീസാ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഹനൂമാൻ ചാലീസാ
ഹനൂമാൻ ചാലീസാ
തുളസീ ദാസ് രചിച്ചതെന്നു കരുതപ്പെടുന്ന 'ഹനുമാൻ ചാലീസ'യുടെ മലയാളം പാഠം. കൂടുതൽ വിവരങ്ങൾക്കു ഹനുമാൻ ചാലീസ കാണുക. ഹിന്ദി ഭാഷയിയിലുള്ള മൂലകൃതി മലയാളം ലിപിയിൽ വായിക്കാൻ ഹനുമാൻ ചാലീസ കാണുക.

ശ്ലോകം 1

മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം മനസാ സ്മരാമി.

ശ്ലോകം 2

അതുലിതബലധാമംഹേമശൈലാഭദേഹം
ദനുജവനകൃശാനും ജ്ഞാനിനാമഗ്രഗണ്യം
സകലഗുണനിധാനം വാനരാണാമധീശം
രഘുപതിപ്രിയഭക്തം വാതജാതം നമാമി.

ശ്രീഗുരുപാദപങ്കേരുഹധൂളിയാൽ
ആകെ മന്മാനസദർപ്പണം സ്വസമായ്‌
കേവലം മൂഢൻ, ബലഹീനനാമിവൻ
കൈവല്യമൂർത്തിയാം ശ്രീരാമകീർത്തനം
ചെയ്യവേ സ്ഫൂർത്തിയും ബുദ്ധിയുമേകുവാൻ
വായുപുത്രാംഘൃ, ഭയാപഹമോർത്തിടാം.

ചാലീസ:
ജ്ഞാനാദിസദ്ഗുണസാഗര, മൂലോക-
മൂനമില്ലാതെയുണർത്തും കപീശ്വര.       1

ശ്രീരാമദൂത, മഹാബലധാമമേ,
മാരുതേ, യഞ്ജനാസൂനോ ജയജയ!       2

അത്ഭുതവിക്രമ വാഗ്ഭവിഗ്രഹ
ദുർബ്ബുദ്ധിനാശക സൽക്കനസമ്മത       3

കാഞ്ചനവിഗ്രഹ, ഭവ്യഭൂഷാന്വിത
കുണ്ഡലശോഭിത കുഞ്ചിതകുന്തള.       4

വജ്രായുധം ധ്വജം ഹസ്തങ്ങളിൽ ദ്വിജ-
തേജസ്സെഴും പൂണുനൂലുണ്ടു തോളിലും       5

ശർവ്വാംശസംഭവ, കേസരീനന്ദന
തേജപ്രഭാവ, മഹാജനവന്ദിത       6

വിദ്യാഗുണനിധി, ചാതുര്യസംയുത,
അത്യന്ത നിഷ്കർഷ രാമകാര്യാർത്ഥമായ്‌.       7

രാമസ്തുതിശ്രവണോത്സുകം കാതുകൾ
സൗമിത്രിസീതാസമേതഗേഹം മനം.       8

ജാനകീസമ്മുഖം സൂക്ഷ്മശരീരിയായ്‌
ജ്വാലയിൽ ലങ്ക ചേർക്കാൻ സ്ഥൂലരൂപിയായ്‌.       9

ഭീമരൂപംപൂണ്ടു കൊന്നൂ രിപുക്കളെ
രാമകാര്യങ്ങൾ നടത്തി യഥാവിധി.       10

ലക്ഷ്മണരക്ഷയ്ക്കു കൊണ്ടുവന്നൂ മല
വക്ഷസി ചേർത്തു പുണർന്നൂ രഘൂത്തമൻ.       11

സാദരം പ്രീതിയോടന്നോതി രാഘവൻ,
"സോദരൻ, നീയിനിത്തുല്യൻ ഭരതന്‌."       12

വിഷ്ണുവിൻ വക്ഷസിൽ ചേർക്കയാൽ പ്രീതനായ്‌
ജിഷ്ണുവും വർണ്ണിച്ചു പാടി നിൻ കീർത്തികൾ.       13

പത്മജൻ, വാണി, സനകാദി, നാരദൻ
ബ്രഹ്മർഷിവൃന്ദ, മനന്തനും വാഴ്ത്തിനാർ.       14

കാലൻ, കുബേരൻ തുടങ്ങി ദിക്‌പാലകർ
ചേലിൽ സ്തുതിച്ചതുമാർക്കു ചൊല്ലാവതും!       15

സൂര്യവംശാധിപനോടുള്ള സന്ധിയാൽ
സൂര്യാത്മജന്നു കൊടുത്തു നീ രാജ്യവും.       16

താവകതന്ത്രം ശ്രവിച്ചു വിഭീഷണൻ
സേവിച്ചു രാഘവം; ലങ്കയ്ക്കധീശനായ്‌.       17

യോജന ലക്ഷമകന്നുള്ള സൂര്യനെ
ഭോജനമാക്കാൻ ശ്രമിച്ചു നീ ലീലയാ;       18

രാമാംഗുലീയവും വായിലാക്കിക്കടൽ
ആമയമെന്യേ കടന്നതെന്തത്ഭുതം!       19

ഏതൊരു വിഘ്നവും നീങ്ങുവാനിൽക്കഗേ
മാരുതേ താവകാനുജ്ഞയാലായിടും.       20

ശ്രീരാമധാമകവാടം കടക്കുവാൻ
ആരാലുമാകുമോ നിന്നാജ്ഞയെന്നിയേ.       21

നിന്നെത്തൊഴുതാൽ വരും സുഖമൊക്കെയും
ഒന്നുമില്ലാ ഭയം നീ കടാക്ഷിക്കുകിൽ.       22

ഉൽക്ക്വലമാം തവ തേജസ്സു തൻ പൊരി
പ്രൽക്ക്വലിപ്പിക്കുവാൻ പോരും ജഗത്രയം.       24

വീരാധിവീര നിൻ നാമം ശ്രവിക്കുകി-
ലാരാൽ വരില്ല, പിശാചു ഭൂതങ്ങളും.       24

അഞ്ജനാനന്ദനനാമം ജപിക്കുകിൽ
കിഞ്ചന വന്നിടാ രോഗാദിശല്യവും.       25

സങ്കടം തീർക്കും ഹനൂമാനെയോർക്കണം
സന്തതം വാക്കിൽ മനസ്സിൽ പ്രവൃത്തിയിൽ.       26

രാജർഷിയാകും രഘൂത്തമനീശ്വരൻ
ചേരാമവനോടു മാരുതീഭക്തിയാൽ.       27

കിട്ടും മനോരഥമൊക്കെയും ജീവിതം
മുറ്റും സഫലമായ്ത്തീർന്നിടും നിശ്ചയം!       28

നാലു യുഗങ്ങളിലും ഭവൽക്കീർത്തികൾ
ചേലിൽപ്പരക്കുന്നു വാഴ്ത്തുന്നിതേവരും       29

സത്തുക്കൾ തൻ പരിപാലകൻ ദുഷ്ടരെ-
ശിക്ഷിച്ചുകൊള്ളുവോൻ രാമപ്രിയൻ ഭവാൻ       30

അഷ്ടാംഗസിദ്ധി, നിധിനവമൊക്കെയും
ഇഷ്ടമായേകി നിനക്കായി മൈഥിലി.       31

ശ്രീരാമഭക്തൻ ഭവാൻ ഭജിക്കുന്നോർക്കു
ശ്രീരാമഭക്ത്യാസവം കൊടുക്കും ദൃഢം.       32

അങ്ങയെ നിത്യം ഭജിച്ചാൽ രഘൂത്തമ-
മങ്ങു പ്രാപിക്കാം, മറക്കാം ജനിമൃതി.       33

അന്ത്യകാലത്തിലോ വൈകുണ്ഠമെത്തിടാം
സന്തതം വിഷ്ണുപ്രിയനായി വാണിടാം.       34

ചിത്തത്തിലോർക്കേണ്ട മറ്റൊരു മൂർത്തിയെ
ഇസിച്ചതൊക്കെയും മാരുതിയേകിടും.       35

ദുർഘടമൊക്കെയും നീങ്ങാൻ നിരന്തരം
മർക്കടവീരനെ ധ്യാനിച്ചു കൊള്ളണം.       36

സ്വാമിയാം ശ്രീഹനൂമാനു ജയജയ
കാരുണ്യമേകണമാചാര്യനെന്നപോൽ.        37

നൂറുരുവാരുമീ സ്തോത്രം ജപിക്കുകിൽ
മാറിടും ബന്ധങ്ങളേറിടും സൗഖ്യവും.       38

ശങ്കരനാണ, സ്തുതിയിതു ചൊല്ലുകിൽ
ശങ്കവേണ്ടാ സുഖമൊക്കെയും കിട്ടിടും.       39

ശ്രീരാമഭക്തൻ തുളസിയർത്ഥിക്കുന്നു
നിൻധാമമാക്കണം മാനസം മാമകം.       40

മംഗളം
മംഗളമൂർത്തിയാം മാരുതനന്ദനൻ
സങ്കടമെല്ലാമകറ്റും കൃപാകരൻ
സീതാസുമിത്രാസുതാന്വിതനായിടും
ശ്രീരാമനൊപ്പം വസിക്ക മന്മാനസേ.

"https://ml.wikisource.org/w/index.php?title=ഹനൂമാൻ_ചാലീസാ&oldid=212014" എന്ന താളിൽനിന്ന് ശേഖരിച്ചത്