സ്വരരാഗസുധ/മയക്കത്തിൽ
അർദ്ധനഗ്നോജ്ജ്വലാംഗികളാകു-
മബ്ധി കന്യകളല്ലയോ നിങ്ങൾ?
ശബ്ദവീചീശതങ്ങളിൽത്തത്തി
നൃത്തമാടും മദാലസമാരേ,
അർദ്ധസുപ്തിയിലാടിക്കുഴഞ്ഞി-
ങ്ങെത്തിനിൽപിതോ നിങ്ങളെൻ മുന്നിൽ!
മഞ്ഞിൽ നീന്തും മൃദുശശിലേഖാ,
മഞ്ജിമതൻ കനകശലാകാ,
ശിഞ്ജിതോന്മുഖനൂപുരരേഖാ,
'ഞ്ജ' നിൽപൂ വിലാസപതാക!
മിന്നിടുമുഷപ്പൊങ്കതിർനൂലി-
ലൊന്നിൽ വെൺനുര തത്തിയിണങ്ങി
പിന്നിലെല്ലാമിരുളൂർന്നു ചിന്നി
നിന്നിടും മായാ മാലികപോലെ;
പാലൊളിപ്പൂനിലവിൽ മയങ്ങും
പാതിരാപ്പൂവിൻ പുഞ്ചിരിപോലെ;
വന്നു,വാതിൽ മറഞ്ഞമൃതാംഗി
'ന്ദ' നിൽക്കുന്നു നാണം കുണുങ്ങി!
സ്വർഗ്ഗ ലോകത്തിലേതോ മദത്തിൻ
സ്വപ്നമൊന്നുടലാർന്നതുപോലെ,
മഗളത്തിൻ കളിച്ചെണ്ടുമേന്തി
'ങ്ങ്ഗ' നിൽപൂ കവചിത കാന്തി!
മണ്ഡിതോദുൽപ്പുളക പ്രസന്ന
'ണ്ഡ' നിൽപൂ കലാജലകന്യ!
ചുംബനത്തിനു ചുണ്ടു വിടർത്തി
'മ്ബ' നിൽപൂ തരളത ചാർത്തി!
പുഞ്ചിരിക്കൊണ്ടു പിന്നിലായ് നിൽപു-
ണ്ടഞ്ചുപേരവർക്കാളിമാരായി!....
എന്തു നൃത്തം, നടത്തുകയാണോ,
സുന്ദരികളേ, നിങ്ങളെൻ മുന്നിൽ?
ഒറ്റമാത്രയ്ക്കകത്തഹോ നിങ്ങൾ
മറ്റൊരു ലോകമാരചിച്ചല്ലോ!
ആയിരമിളവെയ്ലലയാടി.
മായാനീല നിഴലുകൾ വീശി,
കാണുവാൻകഴിയാത്തോരസംഖ്യം
വീണയൊന്നിച്ചിണക്കമായ് പാടി,
മാത്രതോറും പരിമളമെത്തി
വീർപ്പിടുമൊരു പൂന്തെന്നൽ തത്തി,
നാവിലൂടൊരമൃതമാധുര്യം
ജീവനിലേയ്ക്കലിഞ്ഞലിഞ്ഞൂറി;
ഹാ,തുറന്നിട്ടതെൻ മുന്നിൽ നിങ്ങ-
ളേതലോകവിലാസ പ്രപഞ്ചം!
എന്റെ ലോകം-നശിച്ചൊരീലോകം-
എന്തിനാണെനിക്കീ വിഷലോകം?
പ്രേതമാണിതു ജീവനില്ലയേ്യാ
ഭീതിയാണെനിക്കിങ്ങേറെ നിൽക്കാൻ
നിങ്ങൾ പോകുമ്പോഴൊപ്പം പറക്കും,
ഭംഗിയുള്ളൊരസ്വപ്ന പ്രപഞ്ചം
ശബ്ദനാമെനിക്കുത്സവമേകും
ശബ്ദസാഗരകന്യകമാരേ,
എന്നെയുമൊന്നു നിങ്ങൾതൻ പിമ്പേ
വന്നിടാൻ സമ്മതിക്കുമോ നിങ്ങൾ?....
ഞെട്ടി ഞാൻ കൺതുറന്നു വെറും മൺ-
കട്ട ഞാനെന്റെ ലോകവും മണ്ണ്!
മിഥ്യ മേന്മേൽ പകർന്നു പകർന്ന്
മദ്യപിച്ചിടുന്ന പേമണ്ണ്!
ചെന്നിണത്തിൽക്കുതിർന്നു കുതിർന്ന്
ദുർന്നയങ്ങൾ മുളയ്ക്കുന്ന മണ്ണ്1
കഷ്ട, മീ മണ്ണിലെന്നാണൊരൈക്യ-
കൽപകവൃക്ഷം മുളയ്ക്കുന്നതാവോ!
എങ്ങുപോയ് നിങ്ങളെൻ ചുറ്റുപാടും
തിങ്ങി നിൽപ്പൂ പരുഷാക്ഷരങ്ങൾ,
അബ്ധികന്യകളല, ഭൂതങ്ങൾ,
അസ്ഥിമാല ധരിച്ച സത്വങ്ങൾ!
ഞാനുറക്കെക്കരഞ്ഞിടും-അയ്യോ!
പ്രാണനിലല്ലാ, നിങ്ങളുണ്ടെന്നോ?.... 19-7-1946
കാലം ദേശമിവയ്ക്കകത്തണുവുമി-
ന്നൂനം പെടാതൊക്കെയും
ചേലിൽ ചേർത്തു ഭരിക്കുവാൻ നരപതേ
മോഹിച്ചിടുന്നൂ ഭവാൻ.
ഈലോകത്തൊരുമട്ടു ജീവിതമഹാ
ഭാരം വഹിക്കുന്നതി
ന്നാലോചിച്ചിടുകെത്രമാത്രമഴലെ-
ന്നാലും സഹിച്ചീടണം! 15-2-1946
എന്നാൽ, പോകുംവഴി വേറെയെന്തു? നൃപതേ
വേണ്ടാ വിഷാദം, ഭവാൻ
വന്നാലും,പ്രണയാത്മകം മമ മതം
കൈക്കൊള്ളുകെത്തും ശുഭം.
ഇന്നോളം പ്രണയം കുടിച്ചു മദമുൾ-
ച്ചേർന്നോൻ ഗണിപ്പീല ഞാ-
നിന്നീമേദിനിയേയുമൊട്ടുമവൾ തൻ
മായാവിലാസത്തെയും! 15-2-1946