Jump to content

സ്വരരാഗസുധ/തപ്തപ്രതിജ്ഞ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഓർക്കുമ്പോഴേയ്ക്കും ഹൃദയം തകർന്നുപോ-
മാക്കഥ മേലിൽ പറഞ്ഞിടൊല്ലേ, സഖീ!
ആവോളം ഞാൻ മറക്കാൻ ശ്രമിക്കയാ-
ണാവിഷാദാത്മക ഭൂതാനുഭൂതികൾ
വായ്ക്കും നിരാശകളിമ്മട്ടൊരായിരം
മേൽക്കുമേലെന്നോടെതിരിട്ടു നിൽക്കിലും
ഉള്ളലിവില്ലാതെ കൊള്ളിവാക്കിന്റെ തീക്കൊ-
ള്ളികൊണ്ടന്യരെന്നുള്ളു പൊള്ളിക്കിലും.
നിസ്ത്രപം ഭീരുവെപ്പോലാത്മഹത്യയാൽ
നിശ്ചയം, തോഴീ, വിമുക്തയാകില്ല ഞാൻ!
ജീവിതം നൽകാന്മടിക്കുന്ന തൊക്കെയും
ജീവിച്ചു ജീവിതത്തോടു ഞാൻ വാങ്ങിടും!
ആശാസുമങ്ങൾ കൊഴിഞ്ഞു വീഴുന്നു ക-
ണ്ടാശങ്കവേണ്ടൊട്ടുമെന്നെയോർത്തോർത്തിനി!
 ഏവമാണെങ്കിലുമെന്തെന്നു ചോദിക്കി-
ലേതും സമാധനമില്ലെനിക്കെങ്കിലും,
ആവേശകാപ്തങ്ങളാമക്കഥകൾ ത-
ന്നാവർത്തനത്തെ പ്രിയപ്പെടുന്നില്ല ഞാൻ.
അത്രമേലെന്നെപ്പരവശയാക്കുമാ-
റദ്ഭുതശക്തിയൊന്നുണ്ടവയ്ക്കൊക്കെയും
പ്രേമരാജ്യത്തിലെപ്പൂങ്കാവനത്തിലെ
ശ്യാമളശീതളച്ഛായാതലത്തിൽ
പുല്ലാങ്കുഴലും വിളിച്ചിരുന്നങ്ങനെ
സല്ലപിപ്പൂ മർത്ത്യഭാവനാകോടികൾ
ആകാശദേവതമാരാലലംകൃത-
മാകുമദ്ദിക്കിലെക്കൽപകസൌരഭം.
ഒന്നു വീശുമ്പൊഴേയ്ക്കേതല്ലലും മറ-
ന്നൊന്നോടെ കോരിത്തരിക്കുന്നു മാനസം!
അങ്ങോട്ടുനോക്കിച്ചിറകുവിടർത്തുന്നു
ശൃംഗാരസാന്ദ്രമധുര പ്രതീക്ഷകൾ.
എന്നും മധുവിധു മൊട്ടിട്ടുനിൽക്കുന്നു
പുണ്യം വിളയുമാ നിർവാണ വേദിയിൽ.
 കണ്ണാടിയിലെ പ്രതിഫലനങ്ങളെ
മുന്നോട്ടണഞ്ഞു കരസ്ഥമാക്കീടുവാൻ
വെമ്പിടും പൈതങ്ങളെന്നപോലെ സ്വർഗ്ഗ-
സമ്പ്രാപ്തി നോക്കി ക്കുതിക്കുകല്ലല്ലി നാം?
വ്യമോഹമാത്രം പ്രപഞ്ചത്തിലുള്ളൊരി-
പ്രേമപ്രയത്നം വെറും വിഷാദാത്മകം!
പ്രായോഗികത്വപ്പെരുമ്പറകൊട്ടലിൽ,
പ്രാഭവത്തിൻ ജയകാഹളമൂതലിൽ
നായകത്വത്തിൻ കതിന പൊട്ടിക്കലിൽ,
നാണയത്തുട്ടിൻ പടക്കമെറിയലിൽ
കാൽക്ഷണമെങ്ങാൻ പ്രണയമൊരുവെറും
കാട്ടുപുല്ലൂതിയിട്ടാരു ഗൌനിക്കുവാൻ?...
 ലോകപുഷ്പത്തിൻ മരന്ദം മുഴുവനും
ഹാ കുബേരന്മാർക്കു മാത്രമായുള്ളതാം
പാടില്ലതിൽ നിന്നൊരു തുള്ളിയെങ്കിലും
പാവങ്ങളായവർ സ്വാദു നോക്കീടുവാൻ.
നിർവ്വിഘ്നമിസ്സ്വാർത്ഥതയ്ക്കു സുഖിക്കുവാൻ
നിർമ്മിച്ചുവെച്ച നിയമവും നീതിയും!
അതുഗമാകുമപരാധമാണുപോ-
ലൽപമതിങ്കൽ പ്രതിഷേധ സൂചനം
കാരാഗൃഹമാണതിന്നെതിരായ് നിന്നു
കാര്യം പറയുകിൽ കിട്ടും പ്രതിഫലം.
 എന്തിനുതോഴീ, ഫലമില്ല, മേൽക്കുമേ
ലന്തരീക്ഷം വിഷസമ്മിശ്രമാകയാം.
എന്തൊക്കെയോ ഞാൻ പുലമ്പി, ശോകാത്മക-
ചിന്തകൾ വന്നെന്നെ വീർപ്പുമുട്ടിക്കയാൽ!
ലോകത്തെയെന്തിന്നു കുറ്റപ്പെടുത്തുന്നു....
പോകട്ടെ തോഴീ തുടരുന്നതില്ല ഞാൻ!
 അച്ഛന്റെയീക്കൊച്ചു കായ്കനിത്തോപ്പിലെ
ചെറ്റക്കുടിൽകൊണ്ടു സംതൃപ്തയാണു ഞാൻ.
പങ്കയ്ക്കു കീഴിലെ ശൃംഗാരനിദ്രയിൽ-
പ്പങ്കെടുക്കാമെന്ന നിർല്ലജ്ജവാൻഛിതം
എന്നിൽക്കിളർന്നതല്ലപ്പുമാനോടുഞാ-
നന്യൂനരാഗമിയലുവാൻ കാരണം.
മർത്ത്യനെ മർത്ത്യനെന്നോർത്തൊരു മർത്ത്യന്നു
മജ്ജീവിതം, ഹാ,സമർപ്പണം ചെയ്തു ഞാൻ!
തെറ്റെന്നിലാ,ണതേ,പിന്നെ ഞാനെന്തിനു
കുറ്റപ്പെടുത്തുന്നു ലോകത്തെ നിഷ്ഫലം?
ഇല്ലിനിത്തോഴീ പരിഭവിക്കില്ലൊട്ടു-
മെല്ലാം സഹിക്കാനൊരുങ്ങിക്കഴിഞ്ഞു ഞാൻ.
എന്തുവന്നാലുമതിനൊടെല്ലാമെതിർ-
ത്തെന്നന്തരംഗം നിലയ്ക്കു ഞാൻ നിർത്തിടും.
'എല്ലാം വിധി'യെന്ന ശുഷ്കിച്ച വേദാന്ത-
മല്ലതിന്നായി ഞാൻ കൈക്കൊള്ളുമായുധം.
മൂർച്ചകൂട്ടും ഞാൻ പരിശ്രമം, യുക്തിയിൽ
തേച്ചുതേച്ചെന്നിട്ടതും ചുഴറ്റി സ്വയം,
വെല്ലുവിളിക്കും വിധിയെ, പ്രതീക്ഷതൻ
നല്ലപടച്ചട്ടയിട്ടുനിന്നങ്ങനെ!
ഫുല്ലസൌഭാഗ്യമടുത്തുവരുത്തിടാ,
തില്ലിനിത്തോഴി, യടങ്ങുകയില്ല ഞാൻ! 28-4-1937

ഗാനത്താലവനീപതേ, മധുരമാം
 ചെമ്മുന്തിരിച്ചാറിനാ-
ലാനന്ദക്കതിർ വീശിടുന്നു നിയതം
 ഹർമ്മ്യാന്തരത്തിൽ ഭവാൻ
ആ നൽച്ചെമ്പനിനീരലർപ്പുതു വികാ-
 രത്തിൽപ്പുഴുക്കുത്തിയ-
റ്റാനല്ലാതുതകുന്നതില്ലണുവുമെൻ
 ദുർവ്വാരഗർവ്വാങ്കുരം! 12-2-1946

ആമട്ടോർക്കുകി,ലാത്മഹർഷകരമാം
 തേൻ പൊയ്കയെക്കാളുമാ-
പ്രേമസ്നിഗ്ദ്ധ ഹൃദന്തയായി വിലസും
മൈക്കണ്ണിയേക്കാട്ടിലും
ആമോദപ്രദമാണു പൂവനികയും,
 തൂമുന്തിരിച്ചാറു, മ-
സ്സീമാതീതലയാനുരഞ്ജിതലസദ്-
 വീണാനിനാദങ്ങളും. 15-2-1946