സ്പന്ദിക്കുന്ന അസ്ഥിമാടം/ഹൃദയമുള്ള സർപ്പം
തെറ്റിദ്ധരിച്ചിതന്നെന്നെ നീപോലു, മെൻ-
കഷ്ടകാലത്തിന്റെ ശക്തിമൂലം.
ആരെന്തു ചൊൽകിലും ചഞ്ചലമാവുകി-
ല്ലാ മനസ്സെന്നു ഞാൻ വിശ്വസിച്ചു.
അല്ലലാണെല്ലാമെനിയ്ക്കു, നിൻ കൺമുന-
ത്തെല്ലൊന്നിലേ ചെറ്റു ശാന്തിയുള്ളു.
ദുസ്സഹമാണെനി, യ്ക്കേവ, മതും, വെറും
ദുശ്ശങ്കമൂലം ജലാർദ്രമായാൽ!
ശത്രുക്കളാണെനിയ്ക്കൊക്കെ, നീ മാത്രമേ
മിത്രമായിട്ടെനിക്കുള്ളു മുന്നിൽ.
ലോകമെമ്മട്ടല്ലാമെന്നെപ്പഴിയ്ക്കിലും
ശോകാർത്തനല്ലതിലൊന്നിലും ഞാൻ.
നീമാത്രമൊന്നെന്നെ വിശ്വസിച്ചാൽ മതി
നീറുകില്ലെങ്കിലെന്നന്തരംഗം!
വഞ്ചിയ്ക്കയില്ലയേ, നിന്നെമാത്രം പ്രിയേ,
നെഞ്ചിടിപ്പറ്റു ഞാൻ വീഴുവോളം!
ചെഞ്ചോരവാർത്തു പിടയ്ക്കുകിൽക്കൂടിയും
ചഞ്ചലമാവുകില്ലെൻഹൃദയം.
എന്നെ നീ വിസ്മരിച്ചാലും, മറക്കില്ല
നിന്നെ ഞാനെങ്കണ്ണടയുവോളം!
സർപ്പമാകാം ഞാൻ, വിഷം വമിയ്ക്കാ, മുഗ്ര-
ദർപ്പവുമുണ്ടാമെനിയ്ക്കു, പക്ഷേ-
അത്രയ്ക്കുമാത്രം മനസ്വിനിയാണു നീ-
കൊത്തുകയില്ല ഞാൻ നിന്നെ മാത്രം!
ഓടക്കുഴൽ വിളിയായ നിൻമുന്നിൽനി-
ന്നാടും ഫണം വിരിച്ചോമനേ, ഞാൻ!
കാണിയ്ക്കപോലുമില്ലെൻ വിഷപ്പല്ലുകൾ
പ്രാണനും പ്രാണനായുള്ള നിന്നെ!
സർപ്പത്തിനുമുണ്ടൊരുജ്ജ്വലസൌന്ദര്യം
സത്തമേ, നീയതു കണ്ടറിഞ്ഞു.
എന്നല്ല, നീയതിൽക്കൺകുളുർത്തങ്ങനെ
നിന്നതിൻ വിസ്തൃതമാം ഫണത്തിൽ,
പൂവിതൾകൂടിയും തൊട്ടാൽ, മുറിപ്പെട്ടു
നോവു, മിളംകൈവിരലുകളാൽ
ദേഹം പുളകത്തിൽ മൂടിമൂടി സ്വയം
സ്നേഹപുരസ്സരമോമനിച്ചു!
ഓരോവിരലും മുറിഞ്ഞു മുറിഞ്ഞയേ്യാ
ചോരയൊലിച്ചിട്ടുമോമനിച്ചു!
ലോകം മുഴുവൻ വെറുക്കുമതിനു, നീ-
യേകി, നിന്നാർദ്രമാമന്തരംഗം!-
മന്ദഹസിയ്ക്കുമാക്കുന്ദപുഷ്പത്തിലും
സുന്ദരമായുള്ളൊരന്തരംഗം!-
അംഗുലീസ്പർശത്തിലാ വീണക്കമ്പിപോൽ-
സംഗീതം സ്പന്ദിക്കുമന്തരംഗം!
സന്ദേഹമില്ലുഗസർപ്പത്തിനുകൂടി
നന്ദികേടില്ലാ മനുഷ്യനോളം!
നന്നായ് നിനക്കതറിയാം- കൃതജ്ഞനാ-
ണെന്നുമിസ്സർപ്പം, നീ വിശ്വസിക്കൂ!
സന്നദ്ധനാണതിൻ പ്രാണനും കൂടി, നിൻ-
മന്ദസ്മിതത്തിനായ് സന്ത്യജിക്കാൻ!
മേദുരസ്നേഹാർദ്രമായൊരാക്കണ്ണുക-
ളാദർശമൂർത്തിയായ്ക്കാൺമിതെന്നെ-
നിന്ദ്യസർപ്പത്തിനെ-ത്തീവ്രമാമീമന-
സ്പന്ദനമെമ്മട്ടൊന്നടക്കിടും ഞാൻ?
ദേവി, നീ കാണുമീമട്ടിൽ, നിന്മുന്നിൽ ഞാൻ,
ദേവനായ് നിൽക്കും മരിയ്ക്കുവോളം!
തെറ്റിദ്ധരിയ്ക്കരുതെന്നെ നീ മേലിൽ!-ഞാൻ
തെറ്റു ചെയ്യില്ല നിന്നോടു ചെറ്റും!! ...
2-3-1120
11
അന്തച്ഛിദ്രമെഴാതനന്തതയിൽനി-
ന്നുൽഭൂതമായ്ജ്ജീവിത-
സ്പബ്ദങ്ങൾക്കു വിരാമദാദ്ഭുതസുധാ-
സിക്തപ്രഭാകേന്ദ്രമായ്,
അന്തസ്പർശമെഴാത്ത ദീർഘസുഖസു-
പ്തിയ്ക്കേകസങ്കേതമായ്-
ജ്ജന്തുക്കൾക്കു ഭയാങ്കമായ്, മരണെമേ,
രാജിപ്പൂ നിൻ മന്ദിരം!
19-9-1119
12
ഏതോമഹത്താമദൃശ്യകരങ്ങൾത-
ന്നേകാന്തലീലയ്ക്കധീനമായങ്ങനെ,
മുന്നോട്ടൊഴുക്കിലൊലിച്ചുപോയൽപനാ-
ളൊന്നിച്ചു നമ്മുടെ ജീവിതത്തോണികൾ
കണ്ടുനാമത്തെല്ലുനേര, മൊരായിരം
ചെണ്ടിട്ടു നിൽക്കുന്ന പൊന്നിൻ കിനാവുകൾ.
ഇണ്ടലാർന്നന്യോന്യമീവിധമിന്നുനാം
രണ്ടുവഴിയായ്പ്പിരിഞ്ഞു പോയെങ്കിലും,
വിസ്മയം ചേരുമോ സ്വപ്നത്തിലൊന്നിനി
വിസ്മരിക്കാൻ നമുക്കൊക്കുമോ, മോഹിനി?
21-4-1120
13
(A Poem written in the Autograph Book of SREE RAVI VARMA APPAN THAMPURAN)
കമ്പിതമെൻ കൈത്തൂവലൻപിലെൻ ഹൃദയത്തെ-
ത്തമ്പുരാനടിയറവെയ്ക്കുവാൻ വെമ്പുന്നല്ലോ!
ചമയാൻ ഭാവിയ്ക്കേണ്ട ഭാഷേ, നീ, സൌഹാർദ്ദത്തിൻ
സമയം സമാഗതം- നീയിദം സംസാരിയ്ക്കൂ!
"ആദരാലിന്നെന്നെയീ ലിഖിതാരാമത്തിലേ-
യ്ക്കാനയിച്ചിടും കൈകൾ മരവിച്ചേയ്ക്കാം നാളെ!
എന്നാലും, സ്നേഹത്തിന്റെ വൈജയന്തിയുമേന്തി
നിന്നനാളവയ്ക്കെന്തൊരഴകായിരുന്നെന്നോ!
അവതന്നുടമസ്ഥൻ നിസ്വനായിരുന്നിട്ടു-
മവനെത്തട്ടിത്താഴ്ത്താനെല്ലാരും യത്നിച്ചിട്ടും,
ഈശ്വരൻ പിണങ്ങിയില്ലവനോടതുമൂല-
മാശ്വസിച്ചവൻ ഗാനലോലനായ് കാലമ്പോക്കീ!! ...
10-3-1110