Jump to content

സ്പന്ദിക്കുന്ന അസ്ഥിമാടം/ശാലിനി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ന്നുമെനിയ്ക്കുവേ, ണ്ടാ മൃദുചിത്തത്തി-
ലെന്നെക്കുറിച്ചുള്ളൊരോർമ്മമാത്രം മതി.
മായരുതാത്തളിർച്ചുണ്ടിലൊരിയ്ക്കലും
മാമകചിത്തംകവർന്നൊരാസ്സുസ്മിതം.
താവകോൽക്കർഷത്തിനെൻജീവരക്തമാ-
ണാവശ്യമെങ്കി, ലെടുത്തുകൊള്ളൂ, ഭവാൻ.
എങ്കിലുമങ്ങതൻ പ്രേമസംശുദ്ധിയിൽ
ശങ്കയുണ്ടാകില്ലെനിയ്ക്കൽപമെങ്കിലും.
ആയിരമംഗനമാരൊത്തുചേർന്നെഴു-
മാലവാലത്തിൻ നടുക്കങ്ങു നിൽക്കിലും,
ഞാനസൂയപ്പെടി, ല്ലെന്റെയാണാ മുഗ്ദ്ധ-
ഗാനാർദ്രചിത്ത, മെനിയ്ക്കറിയാം, വിഭോ!

അന്യ, രസൂയയാ, ലേറ്റം വികൃതമാ-
യങ്ങതൻ ചിത്രം വരച്ചുകാണിയ്ക്കിലും,
കാണുമെന്നല്ലാ, തതിൻ പങ്കമൽപമെൻ-
പ്രാണനിലൊട്ടിപ്പിടിയ്ക്കില്ലൊരിക്കലും!
കാണും പലതും പറയുവാനാളുകൾ
ഞാനൊരാളല്ലാതറിവതില്ലങ്ങയെ;
അന്ധോക്തികളെ പ്രമാണമാക്കിക്കൊണ്ടു
സിന്ധുരബോധം പുലർത്തുവോളല്ല ഞാൻ.
ദു:ഖത്തിനല്ല ഞാനർപ്പിച്ചതങ്ങേയ്ക്കു
നിഷ്കളങ്കപ്രേമസാന്ദ്രമാമെന്മനം.
താവകോൽക്കർഷത്തിനാലംബമാവണം
പാവനപ്രേമാർദ്രമെൻ ഹൃദയാർപ്പണം.
ഒന്നും പ്രതിഫലം വേണ്ടെനി, യ്ക്കാ മഞ്ജൂ
മന്ദസ്മിതം കണ്ടു കൺകുളിർത്താൽ മതി!!
                               5-4-1120


57

നേരം വെളുത്തു-വെളിച്ചമായീ
കൂരിരുളെല്ലാമകലെയായീ
സൂര്യനുദിച്ചു, ജഗത്തിലെല്ലാം
ചാരുപ്രകാശം തിരയടിച്ചു.
ആലസ്യനിദ്രയിൽനിന്നിനിയും
ലോകമുണർന്നിട്ടില്ലെന്തു ചെയ്യും?
ജോലിത്തിരക്കുകൾ വാരിയേകും
കാലത്തിൻ യാനത്തിനില്ലമാന്തം.
ഇന്നലെക്കണ്ടതല്ലിന്നു ലോകം;
ഇന്നത്തെ ലോകമിതല്ല നാളെ.
നിത്യം ചലനം പുരോഗമന-
മെത്തിപ്പിടിയ്ക്കുവാനുദ്യമിപ്പൂ.
അന്തര, മന്തരം-നമ്മൾ കാണു-
മെന്തിലും കണ്ടിടാമീ വിശേഷം!!
                               8-6-1110

58

പഞ്ചഭൂതാഭിയുക്തമെൻഗാത്രം
നെഞ്ചിടിപ്പറ്റടിയുമക്കാലം,
ആദിമൂലത്തിൽ വീണ്ടും തിരിച്ചെൻ-
ഭൂതപഞ്ചകം ചേരുന്ന നേരം,
ഉജ്ജ്വലാംഗി, നിൻ ക്രീഡാസരസ്സിൽ
മജ്ജലാംശം ലയിച്ചിരുന്നെങ്കിൽ!
അത്തളിരെതിർപ്പൊൻകുളിർക്കൈയിൽ-
ത്തത്തിടും മണിത്താലവൃന്തത്തിൽ,
മത്തടിച്ചാർത്തു മദ്വാതഭൂത-
മെത്തിനിന്നു ലസിച്ചിരുന്നെങ്കിൽ!
ഉദ്രസസ്വപ്നസുസ്മേരയായ്, നീ
നിദ്രചെയ്യുമപ്പൂമച്ചിനുള്ളിൽ
പ്രേമസാന്ദ്രത നിത്യം വഴിഞ്ഞെൻ-
വ്യോമഭൂതം ത്രസിച്ചിരുന്നെങ്കിൽ!
നിന്മണിമച്ചിൽ നിത്യം നിശയിൽ
നിന്നിടും സ്വർണ്ണദീപനാളത്തിൽ,
ചെന്നണഞ്ഞു ചേർന്നെന്നനലാംശം
മിന്നി മിന്നിജ്ജ്വലിച്ചിരുന്നെങ്കിൽ!
ദേവി, നിൻപദസ്പർശനഭാഗ്യം
താവി നിൽക്കുമാപ്പൂങ്കാവനത്തിൽ,
വിദ്രുമദ്രുമച്ഛായയിൽ വീണെൻ-
മൃദ്വിഭാഗം ശയിച്ചിരുന്നെങ്കിൽ!! ....
                               24-4-1120