Jump to content

സ്പന്ദിക്കുന്ന അസ്ഥിമാടം/വൈരുദ്ധ്യം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കൊതിപ്പതൊക്കെയും ലഭിക്കയില്ലല്ലോ
കൊതിപ്പതല്ലല്ലോ ലഭിപ്പതൊക്കെയും!
ലഭിക്കയുമില്ല കൊതിപ്പതെപ്പൊഴും
ലഭിപ്പതെപ്പൊഴും കൊതിപ്പതുമല്ല!
വിരുദ്ധതയുടെ നനുത്തെഴും നാരിൽ-
ക്കൊരുത്തെടുത്തൊരീ പ്രപഞ്ചമാലയിൽ,
പലതരത്തിലും, പലനിറത്തിലും
പലപല പൂക്കളിണങ്ങിനിൽക്കവേ,
സമുജ്ജ്വലമതിൻ പ്രകൃതി!-സർവ്വവും!
സമാനമെങ്കിലോ, വെറും വിരൂപവും!

-വിവിധതപോലും വിരസമാണോർത്താൽ
വിരുദ്ധതയുടെ ചരടു പൊട്ടിയാൽ!...

നമുക്കു നന്മകൾ നയിച്ച വാളുകൾ
നശിച്ചതൊർത്തു നാം വമിപ്പു വീർപ്പുകൾ.
അരികിൽ നിന്നവ പുണർന്ന വേളയി-
ലറിഞ്ഞതില്ല നാമവതൻ മേന്മകൾ.
പിരിഞ്ഞകന്നവാറുയർന്ന സങ്കടം
പിളർത്തിടുന്നു, ഹാ, നമുക്കു ഹൃത്തടം,
ഇരുട്ടു നൽകിടുമറിവുകാരണം
ശരിയ്ക്കറിവു നാം വെളിച്ചത്തിൻ ഗുണം!
പിടയ്ക്കുമാത്മാവിൽ പുളകങ്ങൾ പാകി-
ത്തുടിപ്പിതിന്നുമാ പ്രണയവല്ലകി!
പൊഴിപ്പിതിപ്പൊഴും കുളുർത്ത പുഞ്ചിരി
കൊഴിഞ്ഞു വീഴാതാ പ്രണയമഞ്ജരി!
സ്മൃതികളിൽ സുധാകരണങ്ങള്മാതിരി!
പതിക്കആണിന്നാ പ്രണയമാധുരി!

-പരിതപിയ്ക്കാതാ സ്മൃതികളിലിനി-
പ്പതിയിരിയ്ക്ക നാം, ഹൃദയമോഹിനി!...

സമർത്ഥനെന്നേറ്റം മദിയ്ക്കും മാനവൻ,
സമസ്തസിദ്ധിയും കരസ്ഥമായവൻ,
നടുങ്ങുമാറട്ടഹസിയ്ക്കിലും വമ്പിൽ
നമിച്ചിടേണ്ടയോ വിധിയുടെ മുമ്പിൽ?
വിടർന്ന കണ്ണുകളടഞ്ഞുപോ, മതൊ
ന്നടയാതാക്കുവാനശക്തനാണവൻ.
മനുഷ്യബുദ്ധിയെ, സ്സഗർവ്വ,മെത്രനാൾ
മഥിച്ചു ശാസ്ത്ര, മാസ്സുധാർജ്ജനത്തിനായ്!
മടുത്തവസാനം, മനുഷ്യഹിംസയ്ക്കായ്!
മടങ്ങിപ്പോന്നിതാക്കൊടും വിഷവുമായ്!

വിധിതൻ പൂക്കളിൽ വിലാസഹാസങ്ങൾ
വിധിതൻ മുള്ളിലോ, വിലാപശാപങ്ങൾ!
വിരുദ്ധതയുടെ ചരടി, ലീവിധം
കൊരുത്തുവെച്ചൊരീ പ്രപഞ്ചമാലയിൽ,
ചിറകടിച്ചു നീ കരഞ്ഞു, പാടിയും,
പറന്നു ചുറ്റുമെൻ ഹൃദയ ഭൃംഗമേ!!
                               3-3-1129

35

ആദർശസൌഭഗമാകാരമാർന്നപോ-
ലാരു നീ, യാരു നീ, യപ്സരസ്സേ?
                               10-6-1119

36

എന്തും മറക്കുന്ന, തെന്തും പൊറുക്കുന്ന-
തെന്തുത്തമാരാദ്ധ്യഭാഗധേയം!
എന്നാലതിനെത്തഴുകാൻ തുനിയുമ്പോ-
ളെന്നെ വന്നാരോ വിലങ്ങുവെയ്പു.
ഭീമപ്രചണ്ഡ പ്രതികാരമേ, നിന്റെ
ഹോമകുണ്ഡത്തിൽ ദ്ദഹിക്കണം ഞാൻ.
എന്നസ്ഥിയോരോന്നൊടിച്ചെടുത്തിട്ടു നിൻ-
വെന്നിക്കൊടികൾ പറത്തണം ഞാൻ.
മജ്ജീവരക്തം തളിച്ചു തളിച്ചു നി-
ന്നുജ്ജ്വലദാഹം കെടുത്തണം ഞാൻ.
ആകട്ടെ, ഞാനിന്നതിനുമൊരുക്കമാ-
ണേകാന്തതേ, നീ സമാശ്വസിക്കൂ!

രക്തം പുരളും പ്രതികാരമോഹമേ,
കത്തിയ്ക്കു നിന്റെ കതിനയെല്ലാം.
പൊട്ടിത്തെറിയ്ക്കണം സർവ്വമതോടൊപ്പ-
മൊറ്റഞൊടിയിൽത്തരിതരിയായ്.
താരങ്ങൾപോലും കൊഴിഞ്ഞു വീണിടണ-
മാറാത്ത നിൻകൊടും, തീക്കനലിൽ.
എല്ലാ വെളുപ്പും കരിപിടിച്ചീടണം
തള്ളിവരും നിൻ പുകപ്പടർപ്പിൽ.
ഞാനു, മെൻസർവ്വവുമൊന്നിച്ചടിയണം
ഹാ, നിന്റെ വക്ത്രകുഹരത്തിൽ!
രക്തം പുരളും പ്രതികാരമോഹമേ,
കത്തിയ്ക്കു നിന്റെ കതിനയെല്ലാം!...
                               22-3-1120