Jump to content

സ്പന്ദിക്കുന്ന അസ്ഥിമാടം/മരിച്ച സ്വപ്നങ്ങൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

വിസ്തൃതം വിശ്വ, മെനിയ്ക്കൊരു കോണിലും
വിശ്രമം കിട്ടാത്തതാണു കഷ്ടം!
മായാമരീചിയിൽ മാൻകിടാവെന്നപോൽ
പായുകയാണു ഞാ,നങ്ങുമിങ്ങും,
ആനന്ദം വേ,ണ്ടൽപമാശ്വാസമെങ്കിലും
നൂനം, നീ നൽകുമെന്നാശയാലേ,
കഷ്ടം, വിദൂരനഗരമേ, നിന്മടി-
ത്തട്ടിൽ ഞാനീവിധം വന്നുചേർന്നു.
നീയെന്റെ ജന്മഭൂവല്ലല്ലോ, മന്മനം
നീറുന്നകണ്ടു രസിച്ചു നിൽക്കാൻ;
എന്നിട്ടു, മെന്തേ നീ നുള്ളുന്നതെന്നെ?-യെൻ
കണ്ണീർ നിനക്കും മധുരമാണോ?

വേണ്ടുപകാര, മുപദ്രവമെങ്കിലും
തീണ്ടാതിരിയ്ക്കുമെന്നാശയാലേ,
തമ്മിൽപ്പരിചയമില്ലാത്ത മർത്ത്യരേ,
നിങ്ങൾക്കിടയിൽ ഞാൻ വന്നുചേർന്നു.
എന്നുറ്റമിത്രങ്ങളല്ലല്ലോ, മൽപ്രാണ-
ദണ്ഡത്തിൽക്കോള്മയിർക്കൊള്ളാൻ നിങ്ങൾ;
വൈരികളെപ്പോലെന്തെന്നിട്ടും?-നിങ്ങൾക്കും
സ്വൈര്യംകെടുത്തുന്നതിഷ്ടമാണോ?
എൻതോഴരല്ലല്ലോ, നിങ്ങ, ളെന്നുൽക്കർഷ-
ചിന്തയിലസ്വസ്ഥചിത്തരാകാൻ;
എന്നിട്ടു, മെന്തേ തിരശ്ശീലതൻ പിന്നിൽ
നിന്നെയ്വതസ്ത്രങ്ങളെന്മനസ്സിൽ?-

നിങ്ങളാ, ണെങ്കിലും, ഭേദം!-കടിയ്ക്കിലും
നിങ്ങൾതൻ പല്ലത്ര കൂർത്തതല്ല.
അൽപമെങ്ങാൻ തൊലി പോറുമെന്നല്ലാത-
തപ്രാണനിൽ പരുക്കേറ്റുകില്ല!

നിത്യവും പണ്ടെന്റെ മുന്നി, ലണഞ്ഞെത്ര
നിസ്തുലസ്വപ്നങ്ങൾ നൃത്തമാടി!
കാലത്തിരിച്ചിലിൻ, സംഭവസഞ്ചയ-
ജ്ജ്വാലയിലെല്ലാം ദഹിച്ചുപോയി.
ഞെട്ടുന്നു ഞാനിതാ നിഷ്ഠൂരയാഥാർത്ഥ്യ-
മട്ടഹസിയ്ക്കുമിക്കൂരിരുളിൽ!
മായിക ന്യൂനതയൌവനമോരോരോ
ചായപ്പണികളൊരുക്കിനിൽക്കെ;
ചിന്തകൾ പൂത്തുതളിർത്തുമന്നെന്മനം
വൃന്ദാവനമായ്ക്കുളിർത്തുനിന്നു.
ഓമനമുരളീരവമൊന്നതിങ്ക, ല
ന്നോളം തുളുമ്പിത്തുളുമ്പിനിൽക്കെ,
ആഗമിച്ചാരതിലാടിക്കുഴഞ്ഞുകൊ-
ണ്ടായിരം സങ്കൽപ ഗാപികകൾ!
ആദർശരശ്മിയ്ക്കു ചുറ്റുമാ, യന്നവ-
രാനന്ദനൃത്തങ്ങളാടിനിൽക്കെ;
ശ്യാമളവ്യോമവും, വെള്ളിമേഘങ്ങളും,
ഹേമന്തരാത്രിയും, പൂനിലാവും,
സുന്ദരസ്വപ്നങ്ങളെന്നപോ, ലങ്ങനെ
മന്ദഹസിക്കുന്ന താരകളും,
മന്നിലെനിയ്ക്കൊരാൾക്കായ് മാത്രമുള്ളതാ-
ണെന്നപോൽ, ഞാനഹങ്കരിച്ചു.

ഇന്നോ?-ജഗത്തേ, നമസ്കരിയ്ക്കുന്നു ഞാ-
നെന്നെ നീ വീണ്ടും ചവിട്ടരുതേ!
സ്വപ്നശതങ്ങൾതന്നസ്ഥികൾ ചിന്നിയ
തപ്തശ്മശാനമിന്നെൻഹൃദന്തം!
ഞാനിരുന്നൽപം കരയട്ടെ!-നീ നിന്റെ
വീണ വായിച്ചു രസിച്ചുകൊള്ളൂ!! ....
                               19-1-1120
41

തമ്മിൽത്തമ്മിലസൂയമൂല, മളവി-
ല്ലാതുള്ളനർത്ഥങ്ങളാ-
ലിമ്മന്നിൽ, സുഖജീവിതം, ശിഥിലമാ-
ക്കിത്തീർത്തു, കഷ്ടം, നരൻ!
കമ്രശ്രീമയവിശ്വഗഹ, മവനാ-
വാസത്തിനാ, യീശ്വരൻ
നിർമ്മിച്ചേകി, യതും, കൃതഘ്നനവനോ
വെട്ടിപ്പകുത്തു ശഠൻ!! ....
                               19-9-1119
42

മാല കൊരുത്തുകൊണ്ടൊറ്റയ്ക്കു നിത്യമാ-
മാലിനീതീരത്തിരിയ്ക്കുമാറുണ്ടവൾ.
വിണ്ണിങ്കലന്തിയിൽക്കിന്നരകന്യകൾ
പൊന്നശോകപ്പൂ വിതറുന്ന വേളയിൽ
ഓളങ്ങളോടിവന്നാലിംഗനം ചെയ്യു-
മോമലിരിയ്ക്കും ശിലാതളിമത്തിനെ!
പച്ചിലച്ചാർത്തിൻ പഴുതിലൂടപ്പപ്പൊ-
ളെത്തിനോക്കും ലസൽ സായാഹ്നദീപ്തികൾ!
                               7-11-1113

43

അരുതിനിപ്പാടുവാൻ-പാടിയിട്ടെ-
ന്താരുമീല്ലാരുമില്ലേറ്റുപാടാൻ!
കനകദീപങ്ങൾ പൊലിഞ്ഞുപോയീ
കാണികളൊക്കെപ്പിരിഞ്ഞുപോയീ
നവനവോത്തേജനം നൽകിയോരാ
നായികാസ്മേരവും മാഞ്ഞുപോയി.
നിഴലും, നിരാശയും, നീരസവും
നീറും ഹൃദയവും ബാക്കിയായി.
അരുതിനിപ്പാടുവാൻ-പാട്ടുമൂല-
മഖിലർക്കും ഞാൻ വൃഥാ ശത്രുവായി.
അത്തെക്കുനിന്നൊരു കാറ്റുവീശി-
യിദ്ദീപനാളവും കെട്ടിതെങ്കിൽ!!
                               29-4-1120

44

മരവിയ്ക്കുവാൻ വേണ്ടി
ഞാനേവം ചിരിയ്ക്കുന്നു
മരണത്തിനുവേണ്ടി
ഞാനേവം ജീവിയ്ക്കുന്നു!
                               22-1-1109