സ്പന്ദിക്കുന്ന അസ്ഥിമാടം/തെങ്ങുകളുടെ വിഡ്ഢിത്തം
"എന്തുവേണ, മെന്തു വേണ, മിങ്ങു പോരു നിങ്ങൾ
എന്തുവേണമെങ്കിലു, മതേകാമല്ലോ ഞങ്ങൾ!
നോക്കൂ. നോക്കൂ, ഞങ്ങളേന്തും കാഞ്ചനക്കുടങ്ങൾ
കേൾക്കൂ, കേൾക്കൂ, ഞങ്ങളാണക്കൽപകദ്രുമങ്ങൾ!
ഭംഗിയില്ലേ കാണുവാ, നണിയണിയായ് ഞങ്ങൾ
തിങ്ങിവിങ്ങിനിന്നീടുമീ വെണ്മണൽത്തടങ്ങൾ?
ദൂരെയാത്രകാരണം തളർന്നുപോയീ നിങ്ങൾ
സാരമില്ലീപ്പൂന്തണലിൽ വിശ്രമിക്കൂ നിങ്ങൾ.
മെല്ലെ, മെല്ലെ വീശി, വീശി സ്സൌഖ്യമേകാം ഞങ്ങൾ
നല്ലപൊൻകിനാക്കൾ പൂക്കൂം നിദ്രപാകാം ഞങ്ങൾ!!"
മാടിവിളിച്ചീവിധം മധുരമായ്ക്ഷണിച്ചാൽ
മാറിയൊഴിഞ്ഞാരു പോകും മാറു ദിക്കിൽപ്പിന്നെ?
ആഴിയലമാലകളിൽ ത്തത്തിയുലഞ്ഞാടി-
ക്കോഴിക്കോട്ടും വന്നടുത്തി തന്നൊരു പായ്ക്കപ്പൽ.
ഗാമയുമനുചരരും കാലുകുത്തീ മണ്ണിൽ;
ക്ഷേമൽക്ഷ്മിക്കക്ഷണം കരടുപോയി കണ്ണിൽ!
കേരകൽപച്ഛായകളിൽ ചെന്നവരിരുന്നു;
ദൂരയാത്രാക്ലേശമവർ സർവ്വവും മറന്നു.
പ്രീതിയുൾച്ചേർന്നോതുകയായ് പ്പിന്നെയുമാക്കൽപ-
പാദപങ്ങൾ, ശോഭിതാഭിമാനവേപിതങ്ങൾ;-
"അപ്പുറത്തു കാന്മതെന്താ, ണങ്ങു നോക്കൂ നിങ്ങൾ
കൊച്ചലകൾ പിച്ചവെയ്ക്കും പച്ചനെൽപ്പാടങ്ങൾ!
നിന്നിടാമോ നാലുമാസംകൂടി നിങ്ങൾക്കെന്നാ-
ലന്നു, നെൽച്ചെടികളെപ്പൊൻതാലികെട്ടിക്കാണാം!
താമരക, ളാമ്പലുകൾ, തണ്ടുലഞ്ഞു, തങ്ക-
ത്താരണിത്താലങ്ങളേന്തി നിൽപതു കണ്ടില്ലേ?
തത്തകൾ, മാടത്തകൾ, കരിയിലക്കിളികൾ
തത്തിടുമാപ്പച്ചിലപ്പടർപ്പുകൾക്കിടയിൽ,
വാലുയർത്തി, മെയ്കുനിച്ചിരു, ന്നൊരണ്ണാനെന്തോ
വായിലാക്കി, ച്ചാടിയോടിപ്പോയിടുന്നു കണ്ടോ?
കുന്നിമാല മിന്നി മിന്നിയുമ്മവെയ്ക്കും മാറിൽ-
ക്കുന്നുലഞ്ഞണഞ്ഞീടുമാക്കന്യകളെക്കണ്ടോ? ..."
ഗാമയൊന്നു നീർന്നിരുന്നു,ക്ഷീണമൊക്കെത്തീർന്നു
കോമളസ്വപ്നങ്ങൾ പുൽകാൻ കണ്ണുകൾ വിടർന്നു.
തമ്മിലൊന്നു തോളുരുമ്മിക്കണ്ണുചിമ്മീക്കാണി-
ച്ചമ്മഹാരസജ്ഞർ വീണ്ടും സസ്മിതം തുടർന്നു:-
"പോരു, മിനിയപ്പുറത്തേയ്ക്കെത്തിനോക്കൂ, ദൂരേ-
ച്ചാരുതയിൽ മുങ്ങിനിൽക്കും കായ്കനികൾകണ്ടോ?
രണ്ടുഭാഗത്തൊന്നുപോലണിയണിയായ്, ക്കാറ്റിൽ-
ച്ചെണ്ടുലഞ്ഞു പൂവുതിരും തൈമരങ്ങളാലേ,
നിഹ്നൂതോജ്ജ്വലാംഗികളായ്പ്പാടിയാടിപ്പോകും
നിർമ്മലസലിലകളാ നിമ്നഗകൾ കണ്ടോ?
കാട്ടുപുൽത്തണ്ടൂതിയൂതിപുഷ്പവൃഷ്ടിപെയ്യി-
ച്ചാട്ടിടയരാടുമേയ്ക്കും പുൽത്തടങ്ങൾ കണ്ടോ?
മഞ്ജരിതമഞ്ജുലതാപുഞ്ജകകദംബ-
മണ്ഡിതരസാലസാലമണ്ഡലശതങ്ങൾ;
ഭൃംഗനാദസ്പന്ദിതവിശാലനീലരംഭാ-
രംഗസഞ്ചയങ്ങൾ മനോരഞ്ജകങ്ങൾ കണ്ടോ?
ചന്ദനലവംഗകേലാമല്ലികാമരിച-
കുന്ദകർണ്ണികാരജാതീഗന്ധബന്ധുരങ്ങൾ;
കോകില, ശുക, മയൂര, കുക്കുട, കപോത-
കോമളഗളഗളൽക്കളകളാഞ്ചിതങ്ങൾ;
വാരണ, ശാർദ്ദൂല, ഭല്ലുകോ, ഗസൂകരാദി
ഘോരസത്വഗർജ്ജനമുഖരഭീകരങ്ങൾ;
സംഗതനീഹാരധാരാസങ്കലിതശൈല-
തുംഗശൃംഗമണ്ഡലസ്ഥ്മേഘമേചകങ്ങൾ;
സുന്ദരസുരഭിലസുശീതളസമീര-
സ്പന്ദനതരംഗിതഹരിതകാനനങ്ങൾ!
എങ്ങുനിങ്ങൾ കാണുമേവം മന്നിലൊരു രാജ്യം
ഞങ്ങളുടെ രാജ്യമെന്തു ഭംഗിയുള്ള രാജ്യം?
പോവതാരാണിങ്ങണഞ്ഞാൽ, ശ്രീമയമാം സാക്ഷാൽ
ദേവലോകം തന്നെയാണീ ഞങ്ങളുടെ രാജ്യം!
ഇഷ്ടമുണ്ടിങ്ങാവസിയ്ക്കാനെങ്കിലേറ്റം ഞങ്ങൾ
ക്കിഷ്ടമാണതെ, ന്തു വേണം, നൽകാമല്ലോ ഞങ്ങൾ!! ...
പിച്ചവാങ്ങാനുമ്മറത്തെന്നെത്തിനിന്നോരാപ്പൂ-
മച്ചിലിന്നു, മെത്തമേലിരുന്നു മത്തടിപ്പൂ!
വീട്ടുകാർ, നിലവറയിൽക്കൈവിലങ്ങും ചാർത്തി
വീർപ്പുമുട്ടി,പ്പട്ടിണിക്കു ചീട്ടുമായിരിപ്പൂ!
"പറ്റി!-തെല്ലുമോർത്തതില്ലന്നീയബദ്ധം ഞങ്ങൾ!.."
പട്ടകളുലച്ചുരയ്പു കേരകല്പകങ്ങൾ!
29-10-1944
45
ആരു നീ ശങ്കരീ, സങ്കൽപസായൂജ്യ-
സാരസചേതനസംശുദ്ധിമാതിരി?
3-5-1109.
46
അനുരാഗലോലനാ, യന്തിയിലിന്നുനി-
ന്നനുപമാരാമത്തിൽ വന്നു ഞാ, നോമലേ!
പരിചിതനല്ലാത്ത ഞാനടുത്തെത്തവേ
ചിരിവന്നുപോയിതാ മുല്ലകൾക്കൊക്കെയും!
12-5-1119
47
ജീവിതയാത്രയി, ലിത്ര നാൾ, നീയൊരു
ഭാവനമാത്രയായ് നിന്നിരുന്നു.
എങ്കിലു, മപ്പൊഴും നിൻ ചുറ്റും ഞാനൊരു
തങ്കക്കിനാവായ് പറന്നിരുന്നു!
25-5-1119
48
അനുരാഗലോലസ്മിതാർദ്രമായി-
ട്ടനുപമേ, നിന്മൃദുമുഗ്ദ്ധചിത്തം
വിമലാനുഭൂതികളേകിയേകി
വികസിച്ചു നിൽപിതെന്മുന്നിലേവം
സുരഭിലമാക്കുകയാണിതിന്നെൻ-
സുലളിതസങ്കൽപമേഖലകൾ-
31-12-1119
49
പ്രണയഭാരംകൊണ്ടിനിയൊരക്ഷര-
മരുളുവാൻപോലുമരുതാതെ,
മരുവുന്നു നിന്റെ വരവും കാത്തു, ഞാൻ
മഹിതചൈതന്യസ്ഫുരണമേ!
അകലത്താകാശം തലകുനിച്ചു നി-
ന്നലകടലുടൽ പുണരവേ,
പിടയുകയാണെൻഹൃദയവു, മേതോ
തടവലിൽപ്പെട്ടു തളരുവാൻ!
നിമേഷമോരോന്നും തവ സമാഗമ-
നിരഘസന്ദേശമറിയിക്കെ;
ഭരിതജിജ്ഞാസം, വിഫലമായ്, നിന്നെ-
ത്തിരയുന്നൂ, കഷ്ട, മിരുളിൽ ഞാൻ ...
5-2-1120