സ്പന്ദിക്കുന്ന അസ്ഥിമാടം/ഒരു കഥ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കരുണരസം കരകവിയും കഥ പറയാം- പക്ഷേ
കരളുരുകിക്കരളുരുകിക്കരയരുതിന്നാരും.

ശാന്തിവായ്ക്കും പൂവനത്തിലൊന്നിൽ വന്നൊരോമൽ-
കാന്തിയേന്തും ചെമ്പനീർച്ചെമ്പകം കിളർന്നു.

ചില്ലകളിൽപ്പല്ലവങ്ങളുല്ലസിച്ചന്നാർക്കും
തെല്ലുനാളിനുള്ളിലതു ചെല്ലമായിത്തീർന്നു.

സന്തതം പരിസരത്തിൽപ്പൂന്തണൽ വിരിച്ച-
ന്നന്തികത്തൊരാദ്രമാകും പാരിജാതം നിന്നു.

ഒരു ശിശിരനിശയിലേതോ പവനഗതിമൂലം
പരിചിയലും ലതിക ചാഞ്ഞാത്തരുവരനിൽച്ചേർന്നു.

പാവനമാം വിൺവെളിച്ചം നിത്യവും നുകർന്നു
പാരിജാതച്ഛായയിലാചെമ്പകം വളർന്നു.

കാറ്റടിയും, പേമഴയും തീവെയിലും മെയ്യി-
ലേറ്റിടാതാദ്ദിവ്യവൃക്ഷം വല്ലരിയെക്കാത്തു.

നർമ്മലോലമാമതിനെ പ്രാണനാണെന്നോർത്തു
നിർമ്മലപ്രണയസൂക്തം മർമ്മരമായ് വാർത്തു;

തളിരുലഞ്ഞും, മലരണിഞ്ഞും,മധുചൊരിഞ്ഞും മെയ്യിൽ-
ക്കുളിരണിഞ്ഞും, കരൾകവർന്നാക്കനകവല്ലി മിന്നി!

കഴിഞ്ഞു കാലം- കരിങ്കുയില്ലിൻ കപടവേഷം ചാർത്തി-
ക്കഴുകനൊന്നാക്കളിവനിയിൽച്ചിറകടിച്ചാർത്തെത്തി.

കോമളമദാകലിതകാകളികളാലേ
കോള്മയിർക്കൊള്ളിച്ചിതതു കോകിലത്തെപ്പോലെ!

നിഷ്കളങ്കഭാവദീപ്തസ്വപ്നസാന്ദ്രവക്ത്രം
നിസ്തുലപ്രേമാർദ്രഗീതം നീർഗ്ഗളിയ്ക്കും ചിത്തം.

വിശ്വമതിൻ ദർശനത്തിൽ വിസ്മയിച്ചുപോകും
വിശ്വസിയ്ക്കില്ലുഗമാകും ഗ്ഗൃദ്ധ്രമാണെന്നാരും.

പരിമൃദുലഹൃദയമെഴും പരഭൃതികയൊന്നാ-
പ്പടുപതഗഹതകനോമൽപ്രണയിനിയായ്ത്തീർന്നു.

രക്തപാനസക്തവു, മയുക്തനുമാണയ്യോ,
മുഗ്ദ്ധഗാനസ്നിഗ്ദ്ധമാമച്ചിത്തമെന്നാരോർക്കും!

പാട്ടുപാടിപ്പൂവനത്തിൽപ്പാർത്തിടും പതത്രം
വേട്ടയാടിക്കാട്ടിൽ നീളെപ്പോകുമെന്നാരോർക്കും!

വഞ്ചനയറിഞ്ഞിടാത്തപ്പിഞ്ചുപെൺകുയിലിൻ
കൊഞ്ചലിലും നെഞ്ചിടിപ്പുതഞ്ചിനിന്നു, കഷ്ടം!

വരനഖരഖരശിഖരവിദലിതമാം ഹൃത്തിൽ
വരമധുരപ്രണയവുമായ്പ്പികസൂദതി കേണു!! ...

മദതരളകളകളമതലയിളക്കിച്ചെന്നാ
മലരണിയും ലതികകളെപ്പുളകിതകളാക്കി.

എങ്ങുനിന്നാ മഞ്ജുഗാനം വന്നിടുന്നതെന്നാ
യങ്ങുമിങ്ങും കണ്ണയച്ചു നിന്നിതാ ലതകൾ.

കണ്ടനേരം കാർകുയിലാണെന്തു സൌമ്യഭാവം!
തണ്ടുലഞ്ഞാ വല്ലികളിൽത്തഞ്ചിയനുഭാവം.

മല്ലി, മുല്ലമാലതിതൊ,ട്ടങ്ങതിൻനേർക്കോരോ
വല്ലികൾ കുണുങ്ങിനോക്കിപ്പുഞ്ചിരിചൊരിഞ്ഞു.

മതികവലം, മധുരിമ വാർന്നൊഴുകിടുമാപ്പാട്ടിൽ
മതിമറന്നാത്തരുനിരയും തലകുലുക്കി കാട്ടിൽ.

പാരിജാതപ്പൂന്തണലിൽച്ചെമ്പകം സുഖിയ്ക്കും
പാവനമാം പൂവനത്തിലപ്പതംഗമെത്തി.

പേടയോടുകൂടിയോരോ ചാടുഗാനം പാടി-
ക്കോരകുടീരമൊന്നിലാടലറ്റു കൂടി,

അങ്കുരിതസ്മേരയായിത്തൻമുഖത്തു നോക്കി-
പ്പൊൻകിനാക്കൾ കണ്ടുനിൽക്കും ചെമ്പകത്തെ കാൺകെ,

അനുചിതമെന്നറിയുകിലുമലിയുകയായ്,ക്കഷ്ട-
മരുതരുതെന്നൊഴിയുകിലുമതിനു നിജചിത്തം!

ഒഴിയുതുവതോ വിധിവിഹിതം?-പികസദൃശകാമ-
ക്കഴുകനിലാസുകത്രലതയ്ക്കിയലുകയായ് പ്രേമം!

"ഗൃദ്ധ്രമീ ഞാൻ, ചെമ്പകമേ, വിസ്മരിയ്ക്കുകെന്നെ!-
ബുദ്ധിശൂന്യയല്ല നീ, കെടുത്തരുതു നിന്നെ!"-

'പാട്ടുപാടും പൂങ്കുയിലായ് നീയണഞ്ഞൂ മന്നിൽ
പാട്ടുപാടും പൂങ്കുയിലായ് നീയടിയും മണ്ണിൽ.

കഷ്ടകാലമക്കുയിലിന്രണ്ടുനാലുതൂവൽ
കെട്ടിവെച്ചുകാണും, പക്ഷേ, നിൻ ചിറകിനുള്ളിൽ.

ഉദയരവിയ്ക്കഭിമുഖമായ് ക്കളകളവും പെയ്ത-
ങ്ങുയരുക നീ ചിറകടിയോടവ കൊഴിയും താനേ! ...

ഏവമോതി, ജ്ജീവനാമക്കോകിലത്തിനായി-
പ്പൂവണിപ്പൊൻചെമ്പകം തൻ മുഗ്ദ്ധചിത്തമേകി.

ശുദ്ധിവായ്ക്കുമാ ലതയ്ക്കായ് ജ്ജീവിതമർപ്പിച്ചാ-
ഗൃദ്ധ്രുവും നൽപ്പൂങ്കുയിലായ്ത്തീരുവാൻ ശ്രമിച്ചു.

കാലദോഷം തീർന്നശേഷമാക്കഴുകൻ വീണ്ടും
കാർമുകിലായ്ത്തീർന്നു, മേൻമേൽക്കാകളിപകർന്നു.

അനുചിതമാണനുചിതമാണവരിയലും രാഗം
കനിവിയലാതിനിയവരെപ്പഴിപറയും ലോകം! ...

മഴമുകിലിൻ കരിനിഴലാ മലർവനിക മൂടി
മനമുരുകിപ്പരവശയാസ്സുമലതിക വാടി.

ആർദ്രമാമപ്പാരിജാതമാർത്തയായിത്തീർന്നു
പേർത്തുമന്നാപ്പെൺകുയിലിൻ മാനസം തകർന്നു.

ചിത്തനാഥൻ ക്രുദ്ധമാകും ഗൃദ്ധ്രമാണെന്നാലും
ചിത്തനാഥനാ, ണതിൽത്താൻ തൃപ്തയായിരുന്നു.

മറ്റൊരാളിനുള്ളതാണിപ്പൂങ്കുയിലെന്നാകിൽ
മത്സരിക്കാനില്ലിനി, ത്താൻ മാറിയേയ്ക്കാമ്പോരെ?

പരവശയാപ്പരഭൃതിക പറന്നുപോയീ ദൂരെ-
പ്പരവശനാപ്പരഭൃതവും പറന്നുപോയീ ദൂരേ!-

മാറി ദൂരെപ്പോകിലെന്താ മാനസാന്തരീക്ഷം
മാറുവാനിടവരുമോ ദേശഭേദം മൂലം!

നീരസം പരസ്പരമില്ലാർക്കും-പക്ഷേ,
നീറി നീറി മാനസംദ്രവിക്കയാണെല്ലാർക്കും.

തെറ്റുകാരാക്കോകിലവും ചമ്പകവുമേണെ-
ന്നറ്റകുറ്റമെന്തിനിപ്പുലമ്പിയിട്ടു കാര്യം?

ചിറകുകളുണ്ടകലെയെത്താൻ കുയിലി, നെന്നാ, ലയ്യോ,
ചിതയെരിയും കരളെഴുമാ ലതികയെന്തു ചെയ്യും? ...

അകലെയെഴുമടവികളിൽ നിലവിളിയോടങ്ങി-
ങ്ങലയുകയായ്പ്പകലിരവാക്കുയിലൊരുപോൽ, പാവം!

ആ വിജനകാനനങ്ങളന്നതു ചൊരിഞ്ഞോ-
രീ വിലാപഗാനലേശം മൂളിടാറുണ്ടിന്നും.

"കൈവരിയ്ക്കുകീയമൃദം!" - ദൈവം, നമ്മോടോതി
കൈവരിച്ചു;-കൈവിലങ്ങുവെച്ചു ലോകനീതി!

എന്തി, നേവം നൊന്തു നൊന്തു കേഴുവാനായ്ത്തമ്മി-
ലെന്തിനയേ്യാ, ചെൻപകമേ, കണ്ടുമുട്ടീ നമ്മൾ? ...

ഇനിയധികം പറയണമോ? പിരിയരുതേ നമ്മൾ-
ക്കിതിലധികം കരുണമെഴും കഥയെവിടെക്കാണും? ...

ക്രൂരമാം നിഷാദബാണം മാറിലേറ്റു, കഷ്ടം,
ദൂരെയേതോ കാട്ടില്വീണാക്കോകിലം മരിച്ചു!

പെൺകുയിലാ വാർത്തകേട്ടുടൻ നിലമ്പതിച്ചു!
സങ്കടത്താൽ പാരിജാതം കണ്ണുനീർപൊഴിച്ചു!

ചെമ്പകമോ?-പൂകൊഴിഞ്ഞിലകൊഴിഞ്ഞു നിൽക്കും
ചെമ്പകമോ?-നാവിനില്ലകെൽപെനിക്കതോതാൻ!!

കരയരുതെന്നരുളിയിട്ടും കഥയിതു കേട്ടയ്യോ,
കരതലത്താൽ മുഖം മറച്ചു കരയയാണോ, നിങ്ങൾ? ...
                               12-3-1120

14

മായുകില്ലെന്നു മയൂരം മദിച്ചൊരാ
മാരിവില്ലേ, നീ മറഞ്ഞു കഴിഞ്ഞുവോ?

15

അത്യന്തദീനമായേറെ ദൂരത്തുനി-
ന്നെത്തുന്നു വീർപ്പിട്ടു വീർപ്പിട്ടു നിന്മനം.
കണ്മണി, പെട്ടെന്നടയ്ക്കുവാനാകാതെ
കണ്ണുകൾരണ്ടും നിറഞ്ഞുപോകുന്നു മേ!
ഹന്ത, നിൻ കർമ്മഫലമാണി, തല്ലെങ്കി-
ലെന്തിനായ് സ്നേഹിച്ചതെന്നെ നീ, ശാലിനി?
ദുർവ്വിധിയാണിതെന്റെയും, മല്ലെങ്കിലെൻ-
സർവ്വസ്വമായി നീ തീരുമോ, മോഹിനീ?

-എന്തി, നഥവാ, വിധിയാണിതൊക്കെ നാ-
മെന്തിനേന്തുന്നതീ നൈരാശ്യചിന്തകൾ
ഓർത്തുനോക്കു നീ, യീ നൊമ്പരത്തിലു-
മിന്നൊരു മാധുര്യമില്ലേ മനോഹരി?
അത്രയ്ക്കു രൂക്ഷമീയാത്മക്ഷതത്തിലു-
മനുഭൂതിയൊന്നെല്ലേ, വിലാസിനി?
ലോകോത്തരപ്രേമദീപ്തമാം കണ്ണിനാ
ലോകസിംഹാസനംപോലും വെറും തൃണം.
ഉത്തമേ, നിൻ പ്രണയാമൃതസിദ്ധിയാൽ
മൃത്യുവെപ്പോലും തൃണവൽഗ്ഗണിപ്പു ഞാൻ
കുത്തിപ്പിളർക്കപ്പെടട്ടെൻ മനസ്സിതിൻ
രക്തമേ നേടൂ ജഗത്ത, തിനപ്പുറം.
ഒന്നു,ണ്ടതമ്മട്ടു ചോർത്തുവാനൊക്കുകി-
ല്ലിന്നെത്രമേൽ മൂർച്ചയാർന്ന ഖഡ്ഗത്തിനും!
തേറ്റിയതിനെത്തളരുന്നു ഗർജ്ജനം
ച്ചീടിപ്പുളകിതമാകുന്നു മൌനവും!! ....
                               21-3-1120