സ്പന്ദിക്കുന്ന അസ്ഥിമാടം/എന്നിട്ടും വന്നില്ല
-എന്നിട്ടും, വന്നീലെങ്കണ്ണീർ തുടയ്ക്കുവാ-
നെന്നാത്മനായകൻ, തോഴി!
എന്മലർക്കാവിൽനിന്നൊന്നും പറയാതെ
പിന്നെയും പൂങ്കുയിൽ പോയി.
ഉന്നിദ്രഹർഷം ലസിച്ച ലതകളിൽ-
പ്പിന്നെയും പൂങ്കുലവാടി.
ഭീമാതപം ചൊരിഞ്ഞെത്തിയ വേനലിൽ-
ത്താമരപ്പൊയ്കകൾ വറ്റി.
ചേതോഹരങ്ങളാം പച്ചിലക്കാടുകൾ
പ്രേതോപമങ്ങളായ് മാറി.
ശപ്തമെൻജീവിത, മൂഴിയി, ലീവിധം
തപ്തബാഷ്പാകുലമായി!
-എന്നിട്ടും, വന്നീലെങ്കണ്ണീർ തുടയ്ക്കുവാ-
നെന്നാത്മനായകൻ, തോഴി!
വാർമണിമേഘങ്ങൾ മേളിച്ച വാനിനെ-
ക്കാർമുകിൽമാലകൾ മൂടി.
രാവും പകലും തിരിച്ചറിഞ്ഞീടുവാ-
നാവാതെ വർഷവുമെത്തി.
കത്തിയെരിഞ്ഞ ജഗത്തു, പേമാരിയിൽ-
ത്തത്തിക്കുളിർത്തു നീരാടി.
ചന്തത്തിൽപ്പിന്നെയും മാമരക്കൊമ്പുകൾ
ചെന്തളിർക്കൂമ്പുകൾ ചൂടി.
അപ്പൊഴും, വർഷത്തിനൊപ്പ, മെന്നക്ഷിക-
ളശ്രുക്കൾ ധാരയായ്ത്തൂകി!
-എന്നിട്ടും, വന്നീലെങ്കണ്ണീർ തുടയ്ക്കുവാ-
നെന്നാത്മനായകൻ, തോഴി!
പ്രാണൊത്സവപ്രദമാസ്മരനൃത്തങ്ങ-
ളോണനിലാവു നിന്നാടി.
പൂക്കളപ്പൊട്ടുതൊട്ടങ്കണലക്ഷ്മികൾ
മേൽക്കുമേൽപ്പുഞ്ചിരി തൂകി.
അഷ്ടാശകളുമൊത്താർപ്പുവിളികളാൽ-
ത്തുഷ്ടിപൂണ്ടോണത്തെവാഴ്ത്തി,
എങ്ങും സമൃദ്ധിയും സന്തോഷവും നിന്നു
മംഗളസുസ്മിതം വീശി.!
-എന്നിട്ടും, വന്നീലെങ്കണ്ണീർ തുടയ്ക്കുവാ-
നെന്നാത്മനായകൻ, തോഴി!
നർത്തനലോലയായ്പ്പൂനിലാവൊന്നിച്ചു
നൽത്തിരുവാതിരയെത്തി.
എന്നെപ്പോൽ സൌഭാഗ്യമില്ലാത്തോരല്ലാത്ത
തന്വിക, ളൊന്നിച്ചു കൂടി.
നീരാടി, നീന്തിത്തുടി, ച്ചുഷസ്സിൽ, ത്തെളി-
ഞ്ഞോരോരോ ഗാനങ്ങൾ പാടി.
ഉജ്ജ്വലശുഭ്രാംശുകാലം കൃതാംഗരാ-
യുദ്രസമൂഞ്ഞാലിലാടി.
വട്ടമി, ട്ടല്ലല, റ്റല്ലി, ലൊന്നിച്ചു കൈ-
കൊട്ടിക്കളിച്ചവർ കൂടി.
പാവനമംഗല്യദായകമാകുമ-
പ്പാതിരാപ്പൂവവർ ചൂടി.
അപ്പൊഴു, മശ്രുഗംഗയ്ക്കകത്താഞ്ഞടി-
ഞ്ഞത്തലെൻ മാനസം തേടി!
-എന്നിട്ടും, വന്നീലെങ്കണ്ണീർ തുടയ്ക്കുവാ-
നെന്നാത്മനായകൻ, തോഴി!
എത്രനാ,ളെത്രനാളീവിധം, കണ്ണുനീ-
രർപ്പിയ്ക്കണമെനി, യ്ക്കാവോ!
എപ്പൊഴും കാണ്മതുണ്ടെൻ മനോനേത്ര, മാ-
സ്സുപ്രസന്നോജ്ജ്വല രൂപം.
ഇല്ല, ചെയ്തിട്ടില്ല, നാഥനോടിന്നോളം
തെല്ലുമേ ഞാനപരാധം.
ഭക്ത്യാ കഴുകുന്നു നിത്യമെന്നശ്രുവി-
ലത്തൃപ്പദങ്ങൾ ഞാനേവം.
ഈ വിയോഗാഗ്നിയിൽച്ചാമ്പലാകില്ലെന്റെ
പാവനരാഗാർദ്രഭാവം!
-എന്നിട്ടും, വന്നീലെങ്കണ്ണീർ തുടയ്ക്കുവാ-
നെന്നാത്മനായകൻ, തോഴി! ....
12-11-1119
37
മുഗ്ദ്ധപ്രണയമേ, കണ്ണീരിലെന്നെ നീ
മുക്കി, ച്ചിരിയ്ക്കുവാനോതിടുന്നോ?
23-3-1120
38
പോരാ, കാലമേ, തീരാവേദന
പോരാ, നീയെനിയ്ക്കേകിയതൊട്ടും
പോരാടുന്നതു തീരാതെങ്ങനെ
പോരാ ഞാനിനി നീ വിളിച്ചാലും!
26-4-1120
39
പേരും പെരുമയും വിത്തസമ്പ്രാപ്തിയും
ചേരുമെന്നോർത്തല്ല പാടാൻ തുടങ്ങി ഞാൻ.
പാടിഞാൻ-ഞാൻതന്നെ വിസ്മയിക്കും വിധം
തേടിയിങ്ങോട്ടു വരികയാണിന്നവ.
എന്തി, നിമ്മട്ടിലധ:പതിപ്പിയ്ക്കുവാൻ
നൊന്തുനൊന്തിങ്ങനെ വീർപ്പുമുട്ടിയ്ക്കുവാൻ!
പേപിടിപ്പിയ്ക്കാതടങ്ങില്ല നിങ്ങൾ, ഞാൻ
പേടിച്ചു പേടിച്ചൊഴിയുന്നു നിങ്ങളെ!
പാരിജാതങ്ങളെന്നോർത്തുപോയ്, ഹാ, വെറും
പാഷാണവൃക്ഷങ്ങൾ-നശിച്ചു ഞാൻ!!
27-4-1120
40
വീതാശങ്ക, മഹോ, വിനാശകരമാ-
സ്സാമ്രാജ്യദുർമ്മോഹമാം
വേതാളത്തിനു രക്തർപ്പണമനു-
ഷ്ഠിക്കുന്ന രാഷ്ട്രങ്ങളേ,
സ്വാതന്ത്യ്രം ജലരേഖ-മർത്ത്യരെ വെറും
ചെന്നായ്ക്കളാക്കാം, കുറെ
പ്രേതങ്ങൾക്കുഴറാം ജഗത്തി-ലിതിനോ
നിങ്ങൾക്കു യുദ്ധഭ്രമം!! ...
19-9-1119