സ്പന്ദിക്കുന്ന അസ്ഥിമാടം/ആ കുഗ്രാമത്തിൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

വിലസി വിഗതാലസം മൂന്നു സംവത്സരം
വിജയനോടുകൂടിയാ നാട്ടിൻപുറത്തു ഞാൻ.
ഒരുചെറിയ കുഗാമമാണെങ്കിലെന്തെനി-
യ്ക്കരുതിനി മറക്കാനവിടെയെൻ ജീവിതം.
നഗരസുഖമേ, നീ നമസ്കരിച്ചീടുകാ
നഗവനതലങ്ങൾതൻ നഗ്നപാദങ്ങളിൽ.
അവനതശിരസ്കയായ് നിൽക്കേണ്ടതാണു നീ-
യവിടെയെഴുമോരോ സമൃദ്ധിതൻ മുന്നിലും!
പല പല ജനങ്ങൾതൻ കോലാഹലങ്ങളാ-
ലലകളിളകീടാത്ത ശാന്താന്തരീക്ഷവും
അവികലസമാധാനസങ്കേതകങ്ങൾപോ-
ലവിടവിടെയായ്ക്കാണുമോലപ്പുരകളും;
ഒരു പരിധിയില്ലാത്ത പച്ചവിരിപ്പിനാൽ
കരൾ കവരുമോരോ പരന്ന പാടങ്ങളും;
അകലെയൊരു ചിത്രം വരച്ചപോലന്തിയിൽ
ചൊകചൊകമിനുങ്ങുന്ന കുന്നിൻമുടികളും;
വഴിയിലരയാലിൻ ചുവട്ടിലത്താണിത-
ന്നരുകിലൊരു തണ്ണീർകൊടുക്കുന്ന പന്തലും;
എതിരെയൊരു പൊട്ടക്കിണറും കളിത്തട്ട-
മോരു ചെറിയ കാടും; ഭഗവതീക്ഷേത്രവും;
സ്മരണയുടെ സമ്മതം ചോദിപ്പു സന്തതം
ഹൃദയമിത വീണ്ടുമാച്ചിത്രം വരയ്ക്കുവാൻ!
മമ ചപലചിന്തകളിന്നും കിടപ്പതു-
ണ്ടവിടെയൊരു വീടിന്റെ മങ്ങിയ മൂലയിൽ.
പരിചിലുയരുന്നുണ്ടതോർക്കുമ്പൊഴേയ്ക്കു, മി-
ന്നൊരു മധുരഗാന, മെന്നാത്മതന്തുക്കളിൽ!
വിജയനോടുകൂടിയെൻ വിദ്യാലയൊത്സവം
വിജയമയമായിതെൻ വിദ്യാർത്ഥിജീവിതം.
അവനൊടൊരുമിച്ചാക്കൃഷകാലയാന്തത്തി-
ലൊരു നിരഘനാകം നിരന്തരം കണ്ടു ഞാൻ.
പകുതിപുരവാതിൽ മറഞ്ഞു, മന്ദസ്മിതം
പകരുമൊരു ലജ്ജാമധുരമാമാനനം;
ഉടൽ മുഴുവനൊന്നോടെ കോരിത്തരിയ്ക്കുമാ-
റുയരുമൊരു നേരിയ മഞ്ജീരശിഞ്ജിതം;
അയൽമുറിയിൽ നിന്നും കിളിവാതിലിലൂടെ, യെ-
ന്നരികിലണയുന്നൊരാ മല്ലികാസൌരഭം-
മതി, യിനിയുമെന്തിനാ മംഗളസ്വപ്നമോർ-
ത്തതിവിവശചിത്തനായ് വീർപ്പിട്ടിടുന്നു ഞാൻ?
അതിചപലസങ്കൽപശൃംഗാരലീലത-
ന്നലകളിലനാകുലമാറാടിയങ്ങനെ;
മധുരതരഭാവിയോടർഥിച്ചു മന്മനം
മമ സഖിയൊടൊത്തുള്ള ദമ്പത്യജീവിതം!....

മനുജനവകാശിയാണാശയ്ക്കു, ഞാനതിൻ-
മലർ നിരകൾ കാക്കുന്നൊരുദ്യാനപാലകൻ!
അനുഭവമെനിയ്ക്കനുകൂലമാകാഞ്ഞതി-
ലണുവുമസുഖം ഹൃത്തിലങ്കുരിപ്പീല മേ!
മഹിയിലിനി മറ്റൊന്നുമില്ലെനിയ്ക്കെങ്കിലും
മതി, മധുരമാമാസ്മൃതികൾ മാത്രം മതി!! ....
                               5-9-1118
27

ചിന്ത:

ഞാനൊരു കൊച്ചുകവിയുടെ രാഗാർദ്ര-
മാനസവീണയിൽപ്പാട്ടുപാടി
ഓരോനിമേഷവുമെന്നെയെടുത്തവ-
നോമനിച്ചോമനിച്ചുമ്മവെയ്ക്കെ;
പുഞ്ചിരികൊണ്ടു പുതപ്പിട്ട രണ്ടിളം
പൊൻചിറകെന്നിൽപ്പൊടിച്ചുവന്നു.
മാമകപാർശ്വത്തിൽ മിന്നിയതൊക്കെയും
മാദകസ്വപ്നങ്ങളായിരുന്നു.
മന്ദ, മൊരേകാന്തഹേമന്തരാത്രിയി-
ലന്നവൻ വന്നെന്നെത്തൊട്ടുണർത്തി.
നേരിയ സംഗീതപ്പട്ടുടുപ്പൊന്നെടു-
ത്താ രാവിലന്നവൻ ചാർത്തിയെന്നെ.
ഓതിനാൻ പിന്നവൻ:- "പോയ്ക്കൊൾക ഭാവനാ-
വേദികയിങ്കലേ, യ്ക്കോമനേ, നീ!!"

തൽക്ഷണമെന്റെ ചിറകു വിടുർത്തിയാ-
ച്ചക്രവാളം നോക്കി ഞാൻ പറന്നു.
ഇന്നെന്നെക്കണ്ടിതാ ലോകം പറയുന്നു;
"മന്നിലനശ്വരമാണയേ, നീ!
നിൻകവി മണ്ണായിപ്പോയാലു, മിങ്ങൊരു
തങ്കക്കിനാവായ് നീ തങ്ങിനിൽക്കും!! ..."
                               6-8-1112

28

ആ നല്ലകാലം കഴിഞ്ഞു:-മനോഹര-
ഗാനം നിലച്ചു;-പതിച്ചൂ യവനിക
വേദനിപ്പിയ്ക്കും വിവിധസ്മൃതികളിൽ
വേദാന്തചിന്തയ്ക്കൊരുങ്ങട്ടെ മേലിൽ ഞാൻ.
അത്രമേൽപ്പൂർണ്ണമെന്നോർത്തതിൽപ്പോലു, മൊ-
രൽപ, മപൂർണ്ണതേ, കാണ്മൂ നിൻ രേഖകൾ!
                               24-4-1120

29

തണലിട്ടുതന്നു നീ, ഞാൻ വന്ന വേളയിൽ
പ്രണയമേ, നിൻകളിത്തോപ്പിൽ.
അതിലാത്തമോദം മുരളിയുമൂതി ഞാ-
നജപാലബാലനിരുന്നു.
പരിചിലെൻ ചുറ്റുമായ് സ്വപ്നങ്ങൾ കൈകോർത്തു
പരിവേഷമിട്ടിട്ടു നിന്നു.
എരിപൊരിക്കൊള്ളിപ്പതെന്തിനാണെന്നെ നീ-
യെരിവെയിലിങ്കലിന്നേവം?-
                               25-4-1120

30

ആനന്ദാസ്പദമായ, നിന്നനുപമാ
രാമത്തിലേ, യ്ക്കാർത്തനാം
ഞാനും കൂടി വരട്ടയോ, മരണമേ?-
നീറുന്നു, ഹാ, മന്മനം!
ഗാനം വേണ്ട ജഗത്തി, നാത്മസുഖസം-
പ്രാപ്തിയ്ക്കു, പൊൻനാണയ-
സ്വാനം പോരു, മെനിയ്ക്കതിന്നു കഴിവി-
ല്ലാവശ്യമില്ലിങ്ങു ഞാൻ!! ....
                               19-9-1119