Jump to content

സ്പന്ദിക്കുന്ന അസ്ഥിമാടം/ആനന്ദലഹരി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

രികിൽ നിന്നെച്ചേർത്തണച്ചയേ, നി,
ന്നളകങ്ങൾ മാടിയൊതുക്കിടുമ്പോൾ,
കുളിർവെണ്ണിലാവിതിൽ ഞാനൊരോമൽ-
പ്പുളകത്തളർച്ചയെപ്പൂൽകി നിൽപൂ!

അഭിമുഖദർശനംപോലു, മീമ-
ട്ടതിരറ്റ ലജ്ജയ്ക്കിടകൊടുത്താൽ,
ഇനിയുള്ള രംഗത്തിലാകമാന-
മനുപമേ, പിന്നെ നീയെന്തുചെയ്യും?
പുളകപ്പുലരൊളി മാറിമാറി-
പ്പുണരുമപ്പൊങ്കവിൾപ്പൂവിണയിൽ,
നിഴലിക്കയാണപ്പഴപ്പൊഴോരോ
മഴവില്ലിൻ കൊച്ചുകൊച്ചങ്കുരങ്ങൾ!
അവയൊപ്പിയൊപ്പിയെടുക്കുവാനെ-
ന്നധരങ്ങൾ സന്നദ്ധമായിരിയ്ക്കെ;
അനുരാഗലോലുപേ, നീയവയ്ക്കി-
ന്നനുമതിയേകാതിരിപ്പതെന്തേ?

അഴകിന്റെയേതോകിനാവുപോ,ലൂർ-
ന്നൊഴുകുമീ നീരാളസാരിയിങ്കൽ,
അലസനിശ്വാസത്താൽ, മാറിലങ്ങി-
ങ്ങലകളിളകിക്കളിച്ചുപോകെ,
അവയിലെങ്ങാ, നൊന്നു തൊട്റ്റിടും മുൻ-
പമലാനനം നീ കുനിപ്പതെന്തേ?

മധുചന്ദ്രികയിൽക്കുളിച്ചുനിൽക്കും
മദകരമാമീ മണിയറയിൽ,
മധുരശൃംഗാരം നമുക്കൊരോമ-
ന്മലരണിരംഗമൊരുക്കി നിൽക്കെ;
പുണരുകല്ലല്ലി നാമിന്നതിലെ-
പ്പുളകമ്പുറണ്ട കിനാവുകളെ?

ഒരു നിമേഷം നാം മടിച്ചിരുന്നാ-
ലൊരു സുഖസ്വപ്നം കുറഞ്ഞുപോകും,
കളയായ്ക കോമളേ, നാമതിനാൽ
കവനാർദ്രമാകുമിസ്സന്മുഹൂർത്തം.
നിരഘമിജ്ജീവിതം പോലു, മയ്യോ,
വെറുമൊരുപൊള്ളയാം സ്വപ്നമെങ്കിൽ,
സ്വയമതുംകൂടി നാം ജണ്ണുനീരിൽ,-
ക്കഴുകിക്കളവതു മൌഢ്യമല്ലേ?
അറുതിവരേയ്ക്കും തുളുമ്പിടേണ,
മതിൽ, നവോല്ലാസത്തിൻ വേണുഗാനം!

മരണപ്പുഴയിലെ വേലിയേറ്റ-
മൊരുദിനം നമ്മെയും കൊണ്ടുപോകാം;
പ്രിയദമാം സർവ്വവും വേർപിരിഞ്ഞി-
ട്ടൊരുവെറും ശൂന്യത ബാക്കിയാവാം;
നിയതിയും നമ്മളും തമ്മിലുള്ള
നിഖിലബന്ധങ്ങളുമറ്റുപോകാം;-
അതിനെന്തു?-പോവുകിൽപ്പോയിടട്ടേ
മതി, നമുക്കത്രയേ വേണ്ടതുള്ളു.
അതുവരേയ്ക്കെങ്കിലും കാമ്യമാമീ-
യതുലാമൃതം നാം നുകർന്നുകൂടേ?

പരിചിലാപ്പാതിരാപ്പൂക്കളിലെ-
പ്പരിമളവീചികൾ വീശിവീശി,
അണയുന്നതാ പൂവനികയിൽനി-
ന്നനുപമശീതളമന്ദവാതം,
ഭരിതകൌതൂഹലം രാക്കിളികൾ-
ചൊരിയുന്നു ചുറ്റിലും കാകളികൾ.
നിഴലും വെളിച്ചവും നാലുപാടും
നിറയുന്നു, പാലൊളിപ്പൂനിലാവിൽ,
നിരുപമം, നിർവ്വാണദായകം, ഹാ,
നിരഘ, മീ രമ്യനിശീഥരംഗം!
ഉലകല്ല, നാകമാ, ണോമലാളേ,
വിലസുന്നിതിപ്പോൾ നമുക്കു മുൻപിൽ!
മരണമല്ലുജ്ജ്വലജീവിതമാ-
ണെതിരേ പരന്നു കിടപ്പതിപ്പോൾ!
മിഴിനീര, ല്ലാനന്ദസുസ്മിതമാ-
ണൊഴുകുന്നതിപ്പോൾ നമുക്കുചുറ്റും!
കളവല്ല, മായയ, ല്ലോന്നുമല്ല.
കമനീയസത്യ, മിക്കാണ്മതെന്തും!
കളയായ്ക കോമളേ, നാമതിനാൽ
കവനാർദ്രമാമീ നിമേഷമൊന്നും!
                               10-9-1111

16

മനുഷ്യവിജ്ഞാനസമുദ്രമേ, നിൻ
നിരഘരത്നങ്ങൾ നിറഞ്ഞ ഹൃത്തിൽ,
മദിച്ചു വാഴുന്നു നിഗൂഢമോരോ
വിനാശഹേതുക്കൾ, തിമിംഗലങ്ങൾ!
                               4-12-1109

17

ഒരു ദിവസം പുലരൊളിയിൽ
കുരുവികൾ നിൻ ജനലരുകിൽ
ചിറകടിച്ചു കരഞ്ഞുഴന്നു
പറന്നണഞ്ഞു പറയുമേവം:-

മതിയുറക്കം വെളുത്തു നേരം
മറയുമിപ്പോൾ മധുരസ്വപ്നം.
മിഴിതുറക്കൂ, തുറക്കു ദേവി!
ഇനിയകലത്തുതിരുകില്ലാ
പ്രണയമയഹൃദയസ്പന്ദനം
അവ നിലച്ചു, മരിച്ചു, ഹാ, നി-
ന്നവശനാകും ഹൃദയനാഥൻ.
വരളുവോരാ രസനയില-
ങ്ങൊരു സലിലകണികപോലും
അവനൊരാളും പകർന്നു നൽകാ-
നരികിലില്ലാതവൻ മരിച്ചു.
അമൃതഗാനം ചൊരിഞ്ഞൊരാ നാ-
വവസാനത്തിൽ വരണ്ടുഴന്നു,
അമലരാഗം വഴിഞ്ഞൊരാ ഹൃ
ത്തവസാനത്തിൽത്തകർന്നുടഞ്ഞു.
അകലെയൊരു മരച്ചുവട്ടി-
ലവനണഞ്ഞു മണലടിഞ്ഞു.
ഉടൽ വെടിയാനവന്റെജീവൻ
പിടയുമന്ത്യനിമിഷത്തിലും,
പരവശനാമവനിതുപോൽ
പറയുവതായ് ശ്രവിച്ചു ഞങ്ങൾ:-

"സുമലളിതേ, ഗുണമിളിതേ, മമ ദയിതേ, കരയരുതേ
തവ മധുരപ്രണയസുധാതരളിതമെൻഹൃദയമിതാ
അടിയറവെച്ചവനിവെടി, ഞ്ഞനുപമേ, ഞാനകന്നിടുന്നേൻ!"
                               18-3-1120