Jump to content

സ്പന്ദിക്കുന്ന അസ്ഥിമാടം/അതിമാനുഷൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

തിനോരായിരത്തിമുന്നൂറിൽപ്പരമായീ
പകലും രാവും നൃത്തംചെയ്‌വതു വന്നെൻമുന്നിൽ.
അത്രയുമാദിത്യന്മാരെന്നഥിതികളായി-
ട്ടെത്തിയിട്ടുണ്ടെൻവീട്ടി,ലെന്നാൽ ഞാനിന്നും ബാലൻ!
കഷ്ടിച്ചു നാനൂറോളം പൂർണ്ണചന്ദ്രന്മാർ, പുഷ്പ-
വൃഷ്ടിചെയ്തെന്നെ നോക്കിച്ചിരിച്ചിട്ടുണ്ടിന്നോളം.
എങ്കിലു, മെന്റേതല്ലാത്താദിത്യനൊന്നെത്തീടു-
മെൻചിതാഭസ്മം കാണാനെന്നസ്ഥി പെറുക്കുവാൻ!
കരമൊന്നെങ്ങാനൽപം സ്പർശിച്ചാൽ, സൂര്യൻപോലും
കരിയും വിദ്യുച്ഛക്തിയെന്നിലില്ലെന്നാർ കണ്ടൂ!
അതിനാ,ലൊരുദിനം ഞാനവസാനിക്കുമ്പോ-
ളതിനോടൊപ്പംതന്നെ ലോകവും നശിച്ചേയ്ക്കും.
പട്ടടത്തീയെന്നേർക്കു നാക്കുനീട്ടുമ്പോൾ, ഞെട്ടി-
ക്കെട്ടുപോം നിക്ഷത്രങ്ങൾ!സർവ്വവുമിരുട്ടാകും!

"ഇന്നോളം പരകോടി മർത്ത്യർതൻ ഹൃസ്പന്ദങ്ങൾ
നിന്നിട്ടും, ബ്രഹ്മാണ്ഡത്തിൻ ഭ്രമണം നിന്നിട്ടുണ്ടോ?"

ശരിയാ, ണൊരിയ്ക്കലും നിന്നിട്ടി,ല്ലെന്നാ,ലെന്റെ
മരണം- നോക്കിക്കോളൂ!മരവിപ്പിക്കും വിശ്വം!!
അതിനാലെന്നെക്കാൺൾകെയൊളിപ്പൂ പേടിച്ചോടി
മൃതി!- യെന്തിതു കേട്ടു ചിരിയ്ക്കുന്നുവോ നിങ്ങൾ?
അതിമാനുഷനാണു ഞാ,നതേ, ഞാനല്ലാതി-
ക്ഷിതിയിലമ്മട്ടേകൻ ജനിച്ചിട്ടില്ലിന്നോളം!
ഉണ്ടാകില്ലിനിയൊരുകാലത്തും!- നിയതിയെ-
ക്കൊണ്ടു പന്താടുന്നൊരിക്കൈയുകൾ കണ്ടോ, നിങ്ങൾ?
നിങ്ങളും, പുത്രന്മാരും, പൌത്രപൌത്രന്മാർപോലും
മണ്ണായിമണ്ണിൽച്ചേർന്നു മയങ്ങിക്കിടക്കുമ്പോൾ
കേവലം ശിശുവാം ഞാൻ കൈനീട്ടിപ്പൊൻതാരക-
പൂവിറുത്തെടുത്തങ്ങി ങ്ങെറിഞ്ഞു വിനോദിയ്ക്കും;
അന്നു ഞാൻ, കെടാൻപോകുമാദിത്യക്കനലൂതി
പ്പൊന്നന്തിത്തിരി മോദാൽകൊളുത്തും വീട്ടിനുള്ളിൽ.
അമ്പിളിപ്പൊൻകിണ്ണത്തിൽ ക്കൈമുക്കി, ക്കളഭക്കൂ
ട്ടൻപിൽ ഞാൻ മെയ്യിൽപ്പൂശും രാവിലന്നുഷ്ണിക്കുമ്പോൾ,
മഴ, യെന്നാംഗ്യം കണ്ടാലക്ഷണം പെയ്യും മേഘം
'മതി' യെന്നാജ്ഞാപിച്ചാലക്ഷണം മതിയാക്കും.
മാമകഹിതം നോക്കിച്ചലിക്കും മരുത്തുകൾ
മാമകഹിതം നോക്കി സ്രവിക്കും സരിത്തുകൾ.
'പാടില്ലെ', ന്നെങ്ങാൻ ചൊന്നാൽ പാടില്ലാ പറവകൾ
'വാടരുതെ', ന്നോതിയാൽ വാടില്ലാമലരുകൾ.
തരുവല്ലികൾ പൂക്കും പൂക്കാതെ നിൽക്കും, കായ്ക്കും
വരുതിയ്ക്കൊപ്പിച്ചെന്നു കായ്ക്കാതെ ചുമ്മാ നിൽക്കും!-
അന്നത്തെ ഞാനാരാണെന്നൂഹിക്കാൻപോലും, നിങ്ങൾ-
ക്കിന്നിപ്പോൽക്കഴിവുണ്ടോ?പുഴുക്കൾ, കഷ്ടം, നിങ്ങൾ!
ഉണ്ടെന്നുമില്ലെന്നുമായ്,നിങ്ങൾ പോരടിപ്പതു
കണ്ടോളിച്ചിരിക്കുയ്ക്കു,മാ മായാവിയൊന്നുണ്ടല്ലോ.
എന്താണസ്സരസന്റെ പേർ?- അതേ, 'ദൈവം!'-ദൈവ-
മെന്തൊരത്ഭുത മെന്നെയന്വേഷിച്ചിങ്ങോട്ടെത്തും!
"ഭൃത്യനാക്കണമെന്നെ!"യെന്നു കേണിരിക്കും -ഞാൻ
മൃത്യുവിനെക്കൊണ്ടന്നെൻ ചെരിപ്പുതുടപ്പിയ്ക്കും!
കേവലം വേലക്കാരിപ്പെണ്ണായി നിൽക്കും കുനി-
ഞ്ഞീ വിശ്വപ്രകൃതി, കൈകൂപ്പിക്കൊ, ണ്ടന്നെൻ മുന്നിൽ!
നാക്കുകൾ നീട്ടി, ക്കിതച്ചേങ്ങി, വാലാട്ടിക്കൊണ്ടു
നായ്ക്കളെപ്പോ, ലെൻ മുമ്പിൽക്കിടക്കും-, ഹാ, സിംഹങ്ങൾ!
ആത്തകൌതുക, മെന്റെ ഗഹത്തി,ലങ്ങിങ്ങായി
ലാത്തിടും, മാർജ്ജാരങ്ങളെന്നപോൽ, ശാർദ്ദൂലങ്ങൾ!
അബ്ധികളലറില്ല നേർവഴി മുടക്കുകി-
ല്ലദ്രിക,ളഹങ്കരിച്ചീടുകില്ലാകാശങ്ങൾ!
സർവ്വശക്തനാമെന്റെ സന്നിധാനത്തിൽക്കാണാം
സർവ്വവും ഭദ്രം, ശാന്തം, നിശ്ശബ്ദം, സുരക്ഷിതം!
യുദ്ധമി, ല്ലഹങ്കാരമില്ലെല്ലാമൊരുപോലെ
വർത്തിയ്ക്കും;- ഞെട്ടും സർവ്വ മെൻ നെറ്റി ചുളുങ്ങിയാൽ!
അഖിലം നശിക്കട്ടേ നശിക്കൂ ഞാ, നെൻ നാശ-
മഖിലത്തിനും നാശമതിമാനുഷൻ, ഹാ, ഞാൻ!!
                               1-3-1120

6

സ്വാതന്ത്യ്രദേവതേ, നീയെഴുന്നള്ളുമാ-
പ്പാതയിൽപ്പെട്ടു വിടുർത്തി വരിയ്ക്കുവാൻ,
സന്നദ്ധതയോടണിഞ്ഞൊരുങ്ങി സ്വയം
മുന്നിട്ടുവന്നിതാ നിൽപ്പു മജ്ജീവിതം.
                               12-5-1118

7

അന്നൊരിക്കലൊരക്ഷരമോതാ-
തെന്നെ വിട്ടു നീ പോയിട്ടും,
വന്നണഞ്ഞിതോ പുൽകുവാനെന്നെ-
പ്പിന്നെയും നീ, വിഷാദമേ?
                               19-3-1114

8

ലാളിത്യം കലരും വികാരമഖിലം
ലോകത്തിനാക്ഷേപമാ-
ണാളില്ലാതലയുന്നു പോറ്റിടുവതി-
ന്നാദർശസംശുദ്ധികൾ!
ആളിക്കത്തി വിഷപ്പുകച്ചുരുൾവമി-
ച്ചുഗസ്ഫുലിംഗാൽക്കരം
നീളെപ്പാകിയെരിഞ്ഞിടുന്നുലകിലാ-
വിദ്വേഷദാവാഗ്നിയും!
                               19-9-1119
9

എങ്ങുനി, ന്നെങ്ങുനി, ന്നെന്നടുത്തെത്തി നീ
സംഗീതസാന്ദ്രമാം പൊൻകിനാവേ?
നീയാഗമിക്കും വരേയ്ക്കുമജ്ജീവിതം
നീറിനീറിക്കൊണ്ടിരുന്നിരുന്നു.
എന്നെച്ചുഴന്നെഴുമന്തരീക്ഷമ്പോലും
കണ്ണീർ പുരണ്ടുള്ളതായിരുന്നു.
അത്യത്ഭുതമൊരു പരിവർത്തന-
മർപ്പിച്ചു നീയെന്നടുത്തുവന്നു.
ഉത്സവദായിനി ദർശിപ്പു നിന്നെയെ-
ന്നുദ്ധാരണത്തിൻ കിരണമായ് ഞാൻ.
നിന്നുജ്ജ്വലോദയം മാമകസൌഭാഗ്യ-
ചന്ദ്രോദയം തന്നെയായിരുന്നു.
ആ നീലക്കൺമുന പുൽകുന്നതാരെയാ-
ണാനീതമാകുമവനു ഭാഗ്യം
ദൈവം വിധിച്ചതെനിയ്ക്കാണതൂഴിയിൽ
കൈവരിച്ചീടുവൻ- ഭാഗ്യവാൻ ഞാൻ!
                               16-7-1119

10

കരിമുകിൽനിരചേരും വാനിങ്കൽ വീണ്ടുമെൻ
കനകനക്ഷത്രമുദിക്കുകില്ല.
അനുരാഗവിവശ ഞാനീ മലർവാടിയിൽ-
തനിയേയിരുന്നു കരഞ്ഞുകൊള്ളാം.
അതിനാലിങ്ങിനിയുമെൻ ചാരത്തിരുന്നിടേ-
ണ്ടയി സഖി, നീ പോയ്ക്കിടന്നുകൊള്ളൂ!!
                               20-1-1109