സ്നേഹമാമേശു ക്രൂശേറി
സ്നേഹമാമേശു ക്രൂശേറി
ഉച്ചരിച്ച സ്നേഹമൊഴി
ഏഴും നരൻ കരുണയ്ക്കായി
താൻ ചൊല്ലി, നിവർത്തിയായ്,
യേശു യാചന ചെയ്തങ്ങു
"തങ്ങൾ ചെയ്യുന്നതെന്തെന്നു
ഗ്രഹിക്കുന്നില്ല തെല്ലുമേ,
പിതാവേ, ക്ഷമിക്കേണമേ."
"ഇന്നു നീ എന്നോടൊന്നിച്ചു"
ഇരിക്കും പറുദീസായിൽ"
എന്നു ചൊല്ലി കള്ളനോടു
യേശു താൻ നൽ കനിവോടു
"സ്ത്രീയേ, നിന്റെ പുത്രനിതാ!
മകനേ, നിന്നമ്മ ഇതാ!"
എന്നു ചൊല്ലി ആശ്വാസം താൻ
ഏകി തൻ മാതാവിന്നന്നാൾ.
"ഏൻ ദൈവമേ! എൻ ദൈവമേ!
കൈവിട്ടതെന്തു നീ എന്നെ?"
എന്നേശു മരണക്കയ്പ്
രുചിച്ച നേരം താൻ ചൊല്ലി.
തൻ അത്യുഗ്രവേദനയാൽ
നാവുണങ്ങി വരണ്ടതാൽ
"ഏനിക്കു ദാഹിക്കു" ന്നെന്നു
അഞ്ചാമതും ചൊല്ലി യേശു.
നമ്മെ പ്രതി സഹിക്കേണ്ട(തു)
എല്ലാം ചെയ്തു തീർന്ന നേരം
"നിവൃത്തിയായ്" എന്നേശു താൻ
ചൊല്ലി തല ചായ്-ച്ചുടൻ താൻ.
"പിതാവേ, ഞാൻ എന്നാത്മാവേ
തൃക്കൈയിൽ ഏല്പിച്ചീടുന്നേ"
എന്നന്ത്യമായ് ചൊല്ലിക്കൊണ്ട്
രക്ഷകൻ പ്രാണനെ വിട്ടു
ശുദ്ധരിൻ രാജനേശുവേ,
ഈ ഞാൻ നിൻ മരണത്താലെ
ലോകത്തിന്നു മരിക്കട്ടെ
നിനക്കായ് ജീവിച്ചീടട്ടെ