സ്നേഹമാം യേശുവേ
1.സ്നേഹമാം യേശുവേ- സ്നേഹമേ നിറവായ്
സ്നേഹം നിൻ മൊഴി ക്രിയയുമെല്ലാം
സ്നേഹം സർവ്വവുമേ
സ്നേഹിച്ചേശു എന്നെ ചോരയിൽ കഴുകി
സ്നേഹമാം താതനു എന്നെയാചാര്യ-രാജനാക്കിയല്ലോ
2. ഇയ്യുലകാധിപൻ കൺകുരുടാക്കി
ആയതാൽ ഭംഗി രൂപവുമില്ല-
തായി നീ എനിക്കു
ദൈവാത്മാവെന്നുടെ- കാഴചയെ നൽകി
ദേവസുതനപ്പോൾ എന്റെ കണ്ണിനു
കൗതുകമായ് വന്നു
3. ദാസവേഷം പൂണ്ട-ദേവകുമാരൻ
യേശുദേവാ വിശ്വാസികൾക്കു നീ
വിലയേറിയവൻ
ആയിരങ്ങളുടെ- ആയിരങ്ങളിൽ
അതിസൗന്ദര്യവാനാകുമേശു
ദേവൻ നീയല്ലയോ?
4. നീയല്ലാതാരുള്ളൂ?- സ്വർഗ്ഗമാം ലോകെ
നീയല്ലാതില്ല ഭൂവിലാരും ഞാൻ
ഇച്ഛിക്കത്തക്കവൻ
ഹാ മനോഹരൻ നീ- മാധുര്യവാൻ നീ
ഹാ മഹാ ശുദ്ധനെന്നുടെ പാപം
ആകെ നീക്കിയവൻ
5. നിറവായ ക്രുപ- പൂർണ്ണമാം സ്നേഹം
നീതിയുൽക്രുഷ്ടശ്രേഷ്ടതകളോ-
ടുള്ളതേശുവേ നിൻ
എൻ സ്രഷ്ടാവിവൻ താൻ- എൻ
കർത്താവിവൻ താൻ
എന്നെ സ്രുഷ്ടിച്ചു രക്ഷിച്ചു നിത്യ
ജീവൻ തന്നതിവൻ
6. സർവ്വനാമങ്ങൾക്കും- സർവ്വവസ്തുവിന്നും
സർവ്വസ്രുഷ്ടിക്കും മേലായ് നിന്നെ ഞാൻ
സ്നേഹിച്ചീടും നാഥാ
സ്തോത്രമേശുവിന്നു- താതനും സ്തോത്രം
സ്തോത്രമെന്നാശ്വാസപ്രദനുമേ
ആമേൻ ഹല്ലേലുയ്യാ.