സാഹിത്യസാഹ്യം/ശൈലികൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
സാഹിത്യസാഹ്യം
രചന:എ.ആർ. രാജരാജവർമ്മ
ശൈലികൾ


മുമ്പു പദങ്ങളുടെ ഗുണദോഷവിചാരണയിൽ ശൈലിയെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ടല്ലൊ. അവിടെ ശൈലിപ്രകാരം വാചകങ്ങൾക്കു് അർത്ഥം മാറിപ്പോകാറുണ്ടെന്നുള്ള ഭാഗം മാത്രമെ എടുത്തുള്ളു. ശൈലികൾ അർത്ഥത്തെ എന്നപോലെ വ്യാകരണവിധികളേയും പ്രയോഗഭംഗികളേയും കൂടി ബാധിക്കുന്നുണ്ടു്; ആ ഭാഗമാണിനി പ്രസ്താവിക്കാനുള്ളതു്. എല്ലാ ഭാഷകൾക്കും ചില തറവാട്ടുപാരമ്പര്യങ്ങളും, പതിവുകളും, മാമൂലുകളും ഉണ്ടു്. അവയെ സംരക്ഷിക്കാഞ്ഞാൽ ഭാഷയുടെ പ്രതിഷ്ഠയ്ക്കു കെടുതൽ സംഭവിക്കും; ഈവക പതിവുകളും മാമൂലുകളും പഴമക്കാർക്കേ അറിഞ്ഞുകൂടൂ; സംസ്കൃതം, ഇംഗ്ലീഷ് മുതലായ സ്വതന്ത്രഭാഷകളിൽ ഇതുകളെപ്പറ്റിയുള്ള ഗ്രന്ഥവരിയെല്ലാം വൈയാകരണന്മാരും ആലങ്കാരികന്മാരും സൂക്ഷിച്ചിട്ടുണ്ടു്. മലയാളത്തിലാവട്ടെ വ്യാകരണവും അലങ്കാരശാസ്ത്രവും ഈയിടെ ഉണ്ടായിട്ടുള്ളതേയുള്ളു. അതുകൾക്കു തക്കതായ പ്രതിഷ്ഠ ഇതുവരെ ലഭിച്ചുകഴിഞ്ഞിട്ടുമില്ല.

സ്വഭാഷാഭിമാനം എത്രതന്നെ ഇരുന്നാലും മലയാളം ഒരു സ്വതന്ത്രഭാഷയായിത്തീർന്നിട്ടുണ്ടെന്നു സമ്മതിപ്പാൻ ഈ ഗ്രന്ഥകാരനു ധൈര്യം വരുന്നില്ല. ആദികാലത്തിൽ ഈ ഭാഷ തമിഴിന്റെ അധീനത്തിൽ ആയിരുന്നു. അന്നത്തെ ചില സമ്പാദ്യങ്ങളാണു കൃഷ്ണഗാഥയിൽ കാണുന്ന അക്കി, ഇതം, കുഞ്ചൻ മുതലായ പദങ്ങൾ. എഴുത്തച്ഛൻ അതിനെ തമിഴിന്റെ പിടിയിൽ നിന്നും വിടുവിച്ചു; എന്നാൽ അങ്ങനെ ചെയ്തതു് സംസ്കൃതത്തിന്റെ ദാസിയാക്കാൻ വേണ്ടി മാത്രം ആയിരുന്നു. അന്നുമുതലാണു് മലയാളത്തിൽ കവിത മണിപ്രവാളമായിത്തീർന്നതു്. പ്രൌഢവിഷയങ്ങളെ പ്രതിപാദിക്കുന്നതിനു തനിമലയാളത്തിനു ശക്തിയില്ലാത്തതിനാൽ ആവശ്യം‌പോലെ സംസ്കൃതവിഭക്ത്യന്തപദങ്ങളെ ഇടയ്ക്കു ചേർക്കുന്നതിനു വിരോധമില്ലെന്നൊരേർപ്പാടുണ്ടായി. ആരംഭത്തിൽ മലയാളത്തെ സഹായിക്കുന്നതിന്നായിരുന്നു സംസ്കൃതവിഭക്ത്യന്തങ്ങളെ ചേർത്തിരുന്നതു്; എന്നാൽ ക്രമേണ സംസ്കൃത്തിനു ഭജനം മൂത്തു് ഊരാഴ്മ എന്ന നിലയിലായി. ചമ്പൂപ്രബന്ധങ്ങളുടെ ഗതി നോക്കിയാൽ സംസ്കൃതത്തിൽ ശ്ലോകമുണ്ടാക്കി വല്ലെടത്തും ഒന്നോ രണ്ടോ മലയാളപദം ചേർത്താൽ മണിപ്രവാളം ആയിക്കൊള്ളും എന്നൊരു വിചാരമുണ്ടായിരുന്നതായി തോന്നും. ഇത്രയുംകൊണ്ടു് ഇവർ തൃപ്തിപ്പെട്ടില്ല. സംസ്കൃതവ്യാകരണപ്രകാരം വിശേഷണങ്ങൾക്കു വിശേഷ്യാനുസാരേണ വചനവിഭക്തികളിൽ പൊരുത്തംകൂടി ഏർപ്പെടുത്തുന്നതിനു് ഇവർ ശ്രമിച്ചു. മലയാളികളുടെ ഭാഗ്യവശാൽ അതു ഫലിച്ചില്ലെന്നു മാത്രമേ ഉള്ളു. ‘സരസയായ കഥ’ ‘മധുരയായ വാക്കു്’ ഇത്യാദിപോലെ സംസ്കൃതപ്രകാരം കൃത്രിമമായ ലിംഗവ്യവസ്ഥ ചിലർ ഇന്നും അനുഷ്ഠിക്കുന്നതും സംസ്കൃതത്തിനു് ഒരു കാലത്തുണ്ടായിരുന്ന പ്രാബല്യത്തിന്റെ ലക്ഷ്യമാകുന്നു.

ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു കേരളത്തിൽ പ്രചാരം ബലപ്പെടുകയും മലയാളികളുടെ ഇടയിൽ ബി.ഏ കാരുടെ എണ്ണം വർദ്ധിക്കുകയും ചെയ്തതോടുകൂടി ഇംഗ്ലീഷ്ഭാഷയും മലയാളത്തിനു് ഒരു രക്ഷാകർത്തൃസ്ഥാനം വഹിച്ചുതുടങ്ങിയിട്ടുണ്ടു്. ഇംഗ്ലീഷിൽനിന്നു പല പദങ്ങളും എടുത്തു ചേർക്കാനുള്ളതിനു പുറമെ ഇവർ ആ ഭാഷയിലെ പല ശൈലികളുംകൂടി ബലാൽക്കരമായി മലയാളത്തിൽ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു. ‘വിശ്രമമെടുക്കുക’ മുതലായ പ്രയോഗങ്ങൾ ഇങ്ങനെ ഉത്ഭവിച്ചവയാണു്.

ഇംഗ്ലീഷ് പഠിത്തക്കാരിൽനിന്നും സംസ്കൃതാഭിജ്ഞരിൽനിന്നും ഭാഷയ്ക്കു സിദ്ധിച്ചിട്ടുള്ള ശ്രേയസ്സുകൾ അപരിച്ഛേദ്യങ്ങളാകുന്നു. ലോകപരിജ്ഞാനം, പ്രകൃതിതത്വങ്ങൾ, ചരിത്രം, രാജ്യനീതി, അർത്ഥശാസ്ത്രം മുതലായ വിഷയങ്ങളിൽ മലയാളത്തിലേതെങ്കിലും ഗ്രന്ഥങ്ങൾ ഉണ്ടെങ്കിൽ അതുകളെല്ലാം ഇംഗ്ലീഷിൽനിന്നു പകർത്തീട്ടുള്ളവയെ ഉള്ളു. സാങ്കേതികങ്ങളും ശാസ്ത്രീയങ്ങളുമായ പദങ്ങൾ ആവശ്യപ്പെടുമ്പോഴൊക്കെയും കടം തന്നു ഭാഷയെ പോഷിപ്പിക്കുന്നതു് സംസ്കൃതമാണു്. ഇതിലേക്കു മലയാളം ആ രണ്ടുത്തമഭാഷകൾക്കു് എന്നെന്നേക്കും കടപ്പെട്ടിരിക്കുമെന്നതിലേക്കു യാതൊരു സംശയവുമില്ല. എന്നാൽ ഇത്രത്തോളം ഉപകാരികളെങ്കിലും സംസ്കൃതാഭിജ്ഞന്മാരും ബി. ഏ. കാരുമായ മലയാളികൾ പണ്ടുപണ്ടേ ഏർപ്പെട്ടിട്ടുള്ള വാചകശൈലികളിൽ വേണ്ടുംവണ്ണം ശ്രദ്ധവയ്ക്കായ്കയാൽ, മനഃപൂർവ്വമായിട്ടല്ലെങ്കിലും, തങ്ങളുടെ മാതൃഭാഷയ്ക്കു ശുദ്ധിക്കുറവിനും ഇടവരുത്താറുണ്ടു്.

ഇതു് അവരുടെ തെറ്റെന്നും പറവാൻ പാടില്ല; തെറ്റുണ്ടെങ്കിൽ അതു വിദ്യാഭ്യാസനസമ്പ്രദായത്തിനാകുന്നു. ഉയർന്നതരം വിദ്യാഭ്യാസത്തിനു മലയാളം മതിയാകയില്ല; സംസ്കൃതമോ ഇംഗ്ലീഷോ വേണ്ടിയിരിക്കുന്നു. സംസ്കൃതം അഭ്യസിക്കാൻ പോകുന്നവർ നിലത്തെഴുത്തു വശമായിക്കഴിഞ്ഞാലുടൻ കൂട്ടിവായിക്കാൻ പഠിക്കുന്നതുപോലും അമരകോശം വായിച്ചിട്ടാണു്. നിലത്തെഴുത്തുകൂടിയും മന്ത്രശാസ്ത്രപ്രസിദ്ധമായ 51 അക്ഷരമാണു് പഠിപ്പിക്കുന്നതു്; മലയാള അക്ഷരങ്ങൾക്കു പ്രാധാന്യമില്ല. നിലത്തെഴുത്തു്, കണക്കു് (എൺചുവടി), വാക്യം, അമരകോശം, സിദ്ധരൂപം, ശ്രീരാമോദന്തം, രഘുവംശം എന്നാണു് പഴയ ആശാന്മാരുടെ കരിക്യുലം. മലയാളം മാതൃഭാഷ; അതു സംസാരിക്കാൻ വശമില്ലേ; അതിലധികം വല്ലതും വേണമെങ്കിൽ തനിയെ വായിച്ചുകൊള്ളണം ; സംസ്കൃതമല്ലേ പഠിക്കാൻ പോകുന്നതു്; പിന്നെ മലയാളം വേറെ പഠിക്കണോ - എന്നാണു് ആശാന്മാരുടെ നില.സംസ്കൃതവാചകരീതികളേയും ശൈലികളേയും ഭാഷപ്പെടുത്തുന്നതിനു ബാലപ്രബോധം എന്നൊരു പുസ്തകത്തിൽ പല ചിട്ടകളും കൊടുത്തിട്ടുണ്ടു്. ഇപ്പുസ്തകത്തിൽ സംസ്കൃതരീതിക്കു് യോജിക്കാൻ വേണ്ട ഭാഷയുടെ ശൈലികളെ പലേടത്തും ദുഷിപ്പിച്ചിരിക്കുന്നു.

സംസ്കൃതശൈലി

1. സൂര്യൻ കർക്കടകേ നിൽക്കും വിഷയത്തുങ്കൽ

2. ഭയംകൊണ്ടുള്ളതുമതി

3. അവനായിക്കൊണ്ടു കൊടുത്തു

4. ഇതു സത്യമായി ഭവിക്കുന്നു

5. അതു ഹേതുവായിട്ടു്


മലയാളശൈലി


1. നിൽക്കുമ്പോൾ അല്ലെങ്കിൽ നിൽക്കവേ

2. ഭയം വേണ്ട

3. അവന്നു കൊടുത്തു

4. ഇതു സത്യമാകുന്നു

5. അതിനാൽ, അതുകൊണ്ടു്.


ഈ വക കൃത്രിമശൈലികൾ നിത്യമുപയോഗിക്കയും, മലയാളകൃതികൾ വായിക്കാതിരിക്കയും ചെയ്യുമ്പോൾ ബാലന്മാർക്കു് ശരിയായ മലയാളവാചകരീതി കണ്ടുപഠിക്കുന്നതിനു സൌകര്യമില്ലാതെ പോകുന്നു. ബാല്യവയസ്സിൽത്തന്നെ പഠിച്ചു ശീലിച്ച സംസ്കൃതരീതികളുടെ നേരെ അവർക്കു് അനാശാസ്യമായ ഒരു പക്ഷപാതം ജനിക്കയും അതിൽനിന്നു വ്യത്യസ്തമായി സ്വഭാഷയിൽ കാണുന്ന മട്ടുകൾ തെറ്റുകളാണെന്നു് തോന്നിത്തുടങ്ങുകയും ചെയ്യുന്നു.ഇംഗ്ലീഷ് പഠിക്കാൻ പോകുന്ന കുട്ടികളുടെ സ്ഥിതി ഇതിലല്പം ഭേദമാണു്; എന്നാൽ അവരും മലയാളത്തിൽ വ്യുൽ‌പത്തി ഉറയ്ക്കും‌മുമ്പുതന്നെ ഇതരഭാഷാപരിശീലനം ആരംഭിക്കുന്നു. ഇംഗ്ലീഷ് വാക്യങ്ങൾക്കു് അന്വയാർത്ഥം ചൊല്ലുന്നതിനുള്ള ക്രമങ്ങളെപ്പറ്റി ബാലപ്രബോധനത്തിന്റെ സ്ഥാനത്തിൽ സർവ്വസമ്മതമായ ഒരു പുസ്തകം ഇല്ലാത്തതിനാൽ പലരും പലവിധത്തിലാണു് തർജ്ജമ പറഞ്ഞുകൊടുക്കുന്നതു് എന്നേ ഉള്ളു വിശേഷം. താഴെ കാണിക്കുന്ന ഉദാഹരണങ്ങൾ നോക്കുക:


1. ഞാൻ അവനിൽ നിന്നു പുസ്തകം കടം വാങ്ങുകയില്ല. എന്തു കൊണ്ടെന്നാൽ അവനെ ഞാൻ പ്രിയപ്പെടുന്നില്ല.

അവനോടു് എനിക്കു രസമില്ലാത്തതിനാൽ ഞാൻ അവനോടു (അവന്റെ അടുക്കൽ നിന്നു) പുസ്തകം കടം വാങ്ങുകയില്ല. അവനോടു് എനിക്കു രസമില്ല.


2. ഇതു ശാസ്ത്രീയമായിട്ടു ശരിയല്ല.

ഇതു ശാസ്ത്രപ്രകാരം ശരിയല്ല.


3. അവന്റെ മേൽനോട്ടത്തിൻ കീഴിൽ.

അവന്റെ മേൽനോട്ടത്തിൽ.


4. അവൻ അവന്റെ വിരൽ മുറിച്ചു.

അവന്റെ വിരൽ മുറിഞ്ഞു.


ഇംഗ്ലീഷ് വിദേശഭാഷയാകയാൽ പരീക്ഷയ്ക്കു പഠിക്കുന്നവർ സ്വദേശഭാഷകൾകൂടി അഭ്യസിക്കണമെന്നു വിദ്യാമന്ദിരാധികാരികൾ ഏർപ്പടുചെയ്തിട്ടുള്ളതു് ഈവക ദോഷങ്ങളെക്കൂടി പരിഹരിപ്പാനാകുന്നു. എന്നാൽ അവരുടെ ഉദ്ദേശ്യം പഠിക്കുന്നവരുടേയും പഠിപ്പിക്കുന്നവരുടേയും ഉദാസീനതയാൽ വേണ്ടുംവണ്ണം ഫലിച്ചുകാണാത്തതിൽ വ്യസനിക്കയേ നിർവ്വാഹമുള്ളു. നേരേ മറിച്ചു് വിദ്യാർത്ഥികൾ മാതൃഭാഷകളുടെ ശൈലികളേയും വാചകഭംഗികളേയും സംസ്കൃതം, ഇംഗ്ലീഷ് മുതലായ ഇതരഭാഷകളിൽ പ്രയോഗിക്കുന്നതും ഒട്ടുമപൂർവ്വമല്ല. പരീക്ഷകളിൽ ഭാഷാന്തരാനുവാദത്തിലുള്ള ഉത്തരക്കടലാസ്സുകൾ നോക്കിയിട്ടുള്ളവർക്കല്ലാതെ പരീക്ഷ്യന്മാർ ഈ വിഷയത്തിൽ പ്രവർത്തിക്കുന്ന മനോധർമ്മങ്ങളുടെ വൈചിത്ര്യങ്ങൾ കണ്ടു രസിക്കാൻ സംഗതി വന്നുകാണുകയില്ല. എന്നാൽ പരീക്ഷ്യകരിൽ ഇങ്ങനെ ചില രസികന്മാരില്ലാതിരുന്നെങ്കിൽ പരീക്ഷകന്നു് ഉത്തരപത്രങ്ങളെടുത്തു ചർവ്വിതചർവ്വണം ചെയ്യുമ്പോൾ ഉണ്ടാകുന്ന ദുസ്സഹമായ മുഷിച്ചിൽ കളയുന്നതിനു് ഒരു നിർവ്വാഹവുമില്ലാതെവരുമായിരുന്നു. പ്രകൃതോപയോഗമില്ലാത്തതിനാൽ ഈവക തെറ്റുകളെ ഉദാഹരിക്കുന്നില്ല. ഭാഷ ഏതായാലും അതുകൊണ്ടു കൈകാര്യം ചെയ്യാൻ പുറപ്പെടുന്നവർ അതിന്റെ ശൈലികളെ, പ്രസിദ്ധങ്ങളും, സർവ്വസമ്മതങ്ങളുമായ ഗ്രന്ഥങ്ങൾ വായിച്ചു മനസ്സിലാക്കണം. മലയാളം നമ്മുടെ മാതൃഭാഷയല്ലേ? അതിനു് എന്തിനു ഗുരുമുഖാഭ്യാസം? വ്യാകരണവും മറ്റും അതിൽ ഇന്നലെ ഉണ്ടായതല്ലേ? നമ്മുടെ പൂർവ്വികന്മാരെല്ലാം വ്യാകരണം പഠിച്ചിട്ടാണോ നല്ല മലയാളം എഴുതിക്കൊണ്ടിരുന്നതു്? സംസ്കൃതവാക്കുകളുടെ അർത്ഥം നോക്കാൻ ഒരു അകാരാദിനിഘണ്ടു ഉണ്ടായാൽ മലയാളം പഠിക്കാനെന്നല്ല, പഠിപ്പിക്കാൻ കൂടി ഒരു പ്രയാസവുമില്ല. ഇംഗ്ലീഷിൽ പരീക്ഷകൾ ജയിച്ചാൽ ലോകപരിജ്ഞാനവും ധാരാളമായി; പിന്നെ മലയാളത്തിൽ എന്താണു് അറിയാനുള്ളതു്? ഈ മാതിരി വിചാരിക്കയും യുക്തി പറകയും ചെയ്യുന്നവർ ധാരാളം കാണും. അവർക്കുവേണ്ടിയാണു് ഈ പ്രകൃതം ഇവിടെ സ്വല്പം വിസ്തരിച്ചതു്. അവർ ഒരു സംഗതി ആലോചിക്കേണ്ടതാകുന്നു. പണ്ടുള്ളവർ ഊണുകഴിഞ്ഞു സ്വസ്ഥമായിരിക്കുമ്പോൾ വായിച്ചു രസിക്കാനും, ഭക്തന്മാർക്കു പാരായണം ചെയ്യാനും ജ്യോതിഷം വൈദ്യം മുതലായ നിത്യോപയുക്തശാസ്ത്രങ്ങളുടെ ക്രിയാക്രമങ്ങളെ ഉരുവിട്ടു പഠിപ്പാനുംവേണ്ടി ചില പദ്യകൃതികളെ എഴുതീട്ടുള്ളതല്ലാതെ ഭാഷയ്ക്കു് എന്തു ഗുണമാണു ചെയ്തിട്ടുള്ളതു്? അന്നു് അത്രയ്ക്കേ ആവശ്യമുണ്ടായിരുന്നുള്ളു. ഇന്നു് ഇംഗ്ലീഷുകാർ അവരുടെ ഭാഷയ്ക്കുതന്നെയാണു് നാട്ടുകാരുടെ വിദ്യഭ്യസനത്തിൽ പ്രാധാന്യം കൊടുത്തതെങ്കിലും എല്ലാ പാഠശാലകളിലും നാട്ടുഭാഷകളെക്കൂടി ഉപഭാഷാസ്ഥാനത്തിലെടുത്തു് അതുകളെക്കൂടി പോഷിപ്പിക്കുന്നതിനു് ഏർപ്പാടുചെയ്തിരിക്കുന്നു. ഇക്കാലത്തെ കലാശാലകളിൽ നാട്ടുഭാഷകൾക്കു് ഇംഗ്ലീഷിന്റെ സഖീസ്ഥാനമാണു് കൊടുത്തിരിക്കുന്നതു്. ഈ ഉന്നതപദവി വഹിക്കുന്നിടത്തോളം കാലം അതിനെ അർഹിക്കുന്നതിനു വേണ്ടുന്ന വ്യാകരണാദി പരിവാരങ്ങളെ എങ്ങനെ ഉപേക്ഷിക്കാം? പണ്ടു് കുലസ്ത്രീയെപ്പോലെ അന്തർഗൃഹത്തിൽ അടച്ചിരുന്ന കേരളഭാഷയ്ക്കു് ഇന്നു വേശ്യയെപ്പോലെ അരങ്ങത്തിറങ്ങി മഹാജനസമക്ഷം നൃത്തം ചെയ്യേണ്ടിയിരിക്കുന്നു; വെളിയിലിറങ്ങുമ്പോൾ വേഷങ്ങളും വേണം. പൂർവ്വകാലങ്ങളിൽ മരുന്നിനുപോലും ഒന്നോ രണ്ടോ ഗദ്യകൃതികൾ ഉണ്ടായിട്ടുണ്ടോ എന്നു സംശയം; ഇക്കാലത്തു ദിവസം തോറും വർത്തമാനപ്പത്രങ്ങളായും മാസികകളായും ഗദ്യപ്രബന്ധങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രചാരം കൂടുമ്പോഴാണു് നിയന്ത്രണങ്ങൾക്കും ആവശ്യം. വ്യാകരണമെന്നാൽ എന്തൊക്കെയോ ചില ദുർഘടങ്ങളായ നിബന്ധനകൾ കെട്ടിച്ചമച്ചുവെച്ചിട്ടുള്ള ഒരു ഗ്രന്ഥമാണു്; ആ ശല്യത്തിലുൾപ്പെടാതെ കഴിക്കണം എന്നു ചിലർ ഭ്രമിക്കാറുണ്ടു്. ഇതിനുള്ള അടിസ്ഥാനം എന്തെന്നു മനസ്സിലാകുന്നില്ല. ഒരു ഭാഷയിലെ രൂപസിദ്ധിക്രമങ്ങളേയും, അന്വയനിയമങ്ങളേയും, ശബ്ദവ്യുൽ‌പ്പത്തിയേയും ആ ഭാഷയിലെ പ്രാമാണികഗ്രന്ഥകാരന്മാരുടേയും അതു സംസാരിക്കുന്ന മഹാജങ്ങളുടേയും പ്രയോഗങ്ങൾകൊണ്ടു തിട്ടപ്പെടുത്തി അതുകളെ ലഘുവായി ഗ്രഹിക്കത്തക്കവിധം ക്രമപ്പെടുത്തിക്കൊടുക്കുക മാത്രമേ വ്യാകരണം ചെയ്യുന്നുള്ളു. കവിയെപ്പോലെ വൈയാകരണൻ സ്വകപോളകല്പിതമായി വല്ലതും സൃഷ്ടിച്ചാൽ ആരും വകവെയ്ക്കുകയില്ല. വ്യാകരണത്തിലെ പ്രതിപാദ്യവിഷയമായി മേല്പറഞ്ഞ മൂന്നെണ്ണങ്ങളിൽ രൂപസിദ്ധി എന്നതുമാത്രം മലയാളികൾക്കു് അധികം ഉപയോഗപ്പെടുകയില്ല. സംസ്കൃതാദിഭാഷകളിലെപ്പോലെ മലയാളത്തിൽ രൂപസിദ്ധിക്കു വലിയ കുഴപ്പങ്ങളില്ലാത്തതിനാലാണു് ഈ സൌകര്യം കിട്ടിയതു്. എന്നാൽ, ‘വക്കീൽ’ എന്ന പദത്തിന്റെ ബഹുവചനം ഏതുവിധം വേണമെന്നറിയാതെ ‘വക്കീൽമാർ’ എന്നു ചില മലയാളികൾ തന്നെ പ്രയോഗിച്ചു കണ്ടിട്ടുള്ളതു നോക്കുമ്പോൾ രൂപസിദ്ധിനിയമങ്ങളിലും ചിലതു വ്യാകരണത്തിൽനിന്നുതന്നെ ഗ്രഹിക്കേണ്ടതുണ്ടെന്നു പറയേണ്ടിയിരിക്കുന്നു. പഴയകാലത്തെ ഗ്രന്ഥകാരന്മാർ വ്യാകരണാദിശാസ്ത്രങ്ങളുടെ സഹായം കൂടാതെ ഗ്രന്ഥങ്ങൾ ചമച്ചില്ലയോ എന്ന ചോദ്യത്തിനു പഴയകാലത്തെ സ്ത്രീകൾ സൂതികർമ്മിണികളുടെ സഹായം കൂടാതെ പ്രസവിച്ചുകൊണ്ടിരുന്നില്ലയോ എന്നു പ്രതിബന്ദ്യാ ഉത്തരം പറവാനേ വക കാണുന്നുള്ളു.

ഇനി മലയാളത്തിലെ ശൈലികൾ മറ്റു ഭാഷകൾ പ്രധാനമായി അഭ്യസിക്കുന്ന വിദ്യാർത്ഥികൾ പ്രത്യേകിച്ചും ദൃഷ്ടിവയ്ക്കേണ്ടുന്ന ചില എണ്ണങ്ങളെ എടുത്തു ചൂണ്ടിക്കാണിക്കാം.

1. ബഹുവചനം: അലിംഗബഹുവചനം, സലിംഗബഹുവചനം എന്നുള്ള വിഭാഗം മലയാളത്തിനു് പ്രത്യേകിച്ചുള്ളതാണു്. പുരുഷന്മാർ മാത്രം ചേർന്നുള്ള ബഹുത്വത്തിനു് ‘നിപുണന്മാർ’ എന്നും സ്ത്രീകൾ മാത്രമായാൽ ‘നിപുണമാർ’ എന്നും സലിംഗബഹുവചനം; രണ്ടും കലർന്നാൽ ‘നിപുണർ’ എന്നു് അലിംഗബഹുവചനം. ജാതി അടച്ചു പറയുന്ന ശബ്ദങ്ങളിൽ അലിംഗബഹുവചനമല്ലാതെ മറ്റതുപയോഗിക്കരുതു്; ‘മനുസ്യർ’ ‘ബ്രാഹ്മണർ’ എന്നു പറയേണ്ടുന്നതിനുപകരം ‘മനുഷ്യന്മാർ’ ‘ബ്രാഹ്മണന്മാർ’ എന്നു പ്രയോഗിച്ചാൽ അതു തെറ്റു തന്നെ. അതിനാൽ “സോമവംശരാജാക്കന്മാരിൽ അനേകം പ്രബലന്മാരായ ക്ഷത്രിയന്മാർ തങ്ങളുടെ തലസ്ഥാനമായി വെച്ചുകൊണ്ടിരുന്ന ഇന്ദ്രപ്രസ്ഥം എന്നു പ്രസിദ്ധമായ രാജധാനിയാണു് ഇപ്പോഴത്തെ ഡൽഹി” എന്നു് “ഡൽഹി ഡർബാർ” എന്ന പുസ്തകത്തിലെ പ്രയോഗത്തിനു് അഭംഗി തോന്നുന്നു. ക്ഷത്രിയസ്ത്രീകൾ അവിടെ രാജ്യം വാണിട്ടില്ലെന്നു ചരിത്രംകൊണ്ടു തീർച്ചപ്പെടുന്നതായാലും ‘പ്രബലരായ ക്ഷത്രിയർ’ എന്നാക്കുന്നതാണു് ഭാഷയുടെ ഗതിക്കു് ഉചിതം. ജാതിവാചകപദങ്ങളെ വേർതിരിച്ചു പുല്ലിംഗബഹുവചനാന്തമാക്കിയാൽ അനാദരത്തിന്റെ പ്രതീതി ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്കു വ്യാകരണം നോക്കുക. ഇതുപോലെതന്നെ മേലിലും വ്യാകരണത്തിൽ വിസ്തരിച്ചിട്ടുള്ള ഭാഗങ്ങളെ ഇവിടെ സംക്ഷേപിക്കുന്നതേ ഉള്ളു.

എ. സംഖ്യാവിശേഷണംകൊണ്ടു് എണ്ണമിത്ര എന്നു ക്ലപ്തപ്പെടുത്തുന്നിടത്തു നപുംസകനാമങ്ങൾക്കു് ബഹുവചനം വേണ്ട. പത്തു രൂപ, നാലു കാശു്, എട്ടു കുതിര ഇത്യാദി.

ബി. നപുംസകനാമങ്ങളിൽ, വിശേഷിച്ചും ജീവനില്ലാത്ത വസ്തുക്കളെ കുറിക്കുന്നവയിൽ, ‘എ’ എന്ന കർമ്മവിഭക്തി (പ്രതിഗ്രാഹിക) പ്രയോഗിക്കേണ്ട. വെള്ളം കുടിച്ചു, പുസ്തകം വായിച്ചു, വാക്കുകൾ കേട്ടു എന്നാണു് മലയാളത്തിന്റെ ശൈലി. ‘വെള്ളത്തെ കുടിച്ചു’ എന്നു വ്യാകരണപ്രകാരം ശരിയായി വിഭക്തി ചേർത്തു പ്രയോഗിച്ചാൽ മലയാളിയുടെ കാതിനു രുചിക്കയില്ല. വ്യാകരണഭ്രമം സംസ്കൃതക്കാർക്കാകയാൽ അവരുടെ ഇടയിലാണു് ഈ വക പ്രയോഗങ്ങൾക്കു് നടപ്പധികം. എന്നാൽ അവർ ഒരു സംഗതി ആലോചിക്കേണ്ടതാകുന്നു: അവരുടെ സർവ്വോത്തമമായ സംസ്കൃതത്തിൽത്തന്നെയും ഇതല്ലേ നടപ്പു്? പ്രഥമയ്ക്കും ദ്വിതീയയ്ക്കും ഏതു നാമത്തിനാണു് രൂപഭേദമുള്ളതു്? നപുംസകപ്രഥമാദ്വിതീയകളിൽ ഏകവചനത്തിനു ലോപവും, ദ്വിബഹുവചനങ്ങൾക്കു് ഒരേ പ്രത്യയവും വിധിച്ച സ്ഥിതിക്കു് രൂപഭേദത്തിനു മാർഗ്ഗമേ ഇല്ല. അതുപോലെതന്നെ ഭാഷയിലും നപുംസകദ്വിതീയയ്ക്കു ലോപമുണ്ടെന്നു് അവർ ധരിച്ചാൽ മതി. ഭാഷയിൽ കർത്താവും കർമ്മവും നപുംസകമാകുന്നിടത്തും മറ്റും സന്ദേഹനിവാരണത്തിനുവേണ്ടി കർമ്മവിഭക്തി പ്രയോഗിക്കാം; സംസ്കൃതത്തിൽ അതിനുപോലും നിർവ്വാഹമില്ലാത്തതിനാൽ പ്രകൃതവിഷയത്തിൽ സംസ്കൃതശൈലിയേക്കാൾ ഭാഷാശൈലിക്കാണു് അധികം യുക്തിയും സൌകര്യവും. സസ്കൃതത്തിൽ - ‘കുത ആഗച്ഛസി’ എന്നിടത്തോളംകൊണ്ടു് അർത്ഥം പൂർത്തിയായിയിരിക്കെ ത്വം എന്നു് അർത്ഥസിദ്ധകർത്താവിനെ എടുത്തുപറഞ്ഞു. ‘ത്വം കുത ആഗച്ഛസി’ എന്നു ചോദ്യം ചെയ്താൽ വക്താവിനു ബോദ്ധവ്യന്റെ നേരെ കോപമോ അനാദരമോ എന്തൊക്കെയോ ഒരു അസ്വരസം തോന്നും‌പോലെ, ഭാഷയിലും നപുംസകത്തിൽ അർത്ഥസിദ്ധമായ കർമ്മവിഭക്തി ചേർത്തു പുസ്തകത്തെ വായിച്ചു എന്നുപറഞ്ഞാൽ പുസ്തകം വായനയ്ക്കു് അടിപെടാതെ എതിർത്തുനിന്നു എന്നോ മറ്റോ ഒരു വല്ലായ്മ തോന്നും. സ്പഷ്ടതയ്ക്കു കുറവു വരാം എന്നു ശങ്കയുള്ളിടത്തു കർമ്മവിഭക്തി പ്രയോഗിക്കുകതന്നെ വേണം.


ക്രിയാപദവും കർമ്മപദവും തനി മലയാളമായി വരുന്നിടത്തു കർമ്മവിഭക്തി ഒരിക്കലും പ്രയോഗിക്കരുതു്; അതുകളിലൊന്നെങ്കിലും സംസ്കൃതമായിരുന്നാൽ കർമ്മവിഭക്തി പ്രയോഗത്താലുള്ള അസ്വാരസ്യം അത്ര ശോഭിക്കയില്ല. താഴെ കാണിച്ചിട്ടുള്ള ഉദാഹരണങ്ങൾ നോക്കുക.


ബാലന്മാർ രാവിലെ എഴുന്നേറ്റു് കാലും മുഖവും കഴുകി പ്രാർത്ഥനകൾ ചെയ്തു പാഠങ്ങൾ വായിക്കണം. സമയമായാൽ കുളിയും ഊണും കഴിച്ചു പള്ളിക്കൂടത്തിൽ പോകണം. അവിടെ വാദ്ധ്യാർ പറഞ്ഞുകൊടുക്കുന്നതു ശ്രദ്ധിച്ചു കേട്ടിട്ടു് ഓർമ്മിക്കണം. വെറുതെ നേരം കളയരുതു്, കള്ളം ഒരിക്കലും പറയരുതു്. കൃത്യങ്ങളിൽ ശ്രദ്ധ വയ്ക്കണം. ദുർവിചാരങ്ങൾ ഉള്ളിൽ കരുതരുതു്. പഠിച്ച പാഠം മറക്കരുതു്. തങ്ങളുടെ വേല ശരിയായി നടത്തണം.

ബാലന്മാർ രാവിലെ എഴുന്നേറ്റു പാദങ്ങളേയും മുഖത്തേയും പ്രക്ഷാളനം ചെയ്തു പാഠങ്ങളെ പഠിക്കണം. സമയമായാൽ സ്നാനത്തേയും ആഹാരത്തേയും നിവർത്തനം ചെയ്തു പള്ളിക്കൂടത്തിൽ പോകണം. അവിടെ വാദ്ധ്യാർ പറഞ്ഞുകൊടുക്കുന്ന ഉപദേശങ്ങളെ ശ്രദ്ധിച്ചു ശ്രവിച്ചു ധരിക്കണം. വൃഥാ കാലത്തെ നൈക്കരുതു്. വ്യാജത്തെ ഒരിക്കലും ഉച്ചരിക്കരുതു്. കൃത്യങ്ങളിൽ ശ്രദ്ധയെ സ്ഥിരീകരിക്കണം. ദുർവിചാരങ്ങളെ മനസ്സിൽ പ്രവേശിപ്പിക്കരുതു്. പഠിച്ച പാഠത്തെ വിസ്മരിക്കരുതു്. തങ്ങളുടെ കൃത്യങ്ങളെ ശരിയായി അനുഷ്ഠിക്കണം. കുറിച്ചു്, പറ്റി, കാൾ, പോലെ മുതലായ ചില ഗതികൾക്കു മുമ്പു് കർമ്മവിഭക്തി പ്രയോഗിക്കാതെ വിട്ടുകൂടാ എന്നും മറ്റും ഉള്ള നിയമങ്ങൾ പരിചയംകൊണ്ടറിയേണ്ടവയാകുന്നു.

(2) കർമ്മണിപ്രയോഗം വൈചിത്ര്യത്തിനും സന്ദേഹനിവാരണത്തിനും വേണ്ടി മാത്രമേ ഉപയോഗിക്കാവൂ. ‘ഈശ്വരൻ ചെയ്യുന്നതെല്ലാം സഹിക്കയേ ഉള്ളു’ എന്നു പറയാതെ ‘ഈശ്വരനാൽ ചെയ്യപ്പെടുന്നതെല്ലാം സഹിക്കപ്പെടുകയേ ഉള്ളു’ എന്നു പ്രയോഗിച്ചാൽ അതു മലയാളമല്ലെന്നുതന്നെ പറയേണ്ടിവരും. സംസ്കൃതത്തിലായാൽ ഈ മാതിരി സ്ഥലങ്ങളിൽ ‘ഈശ്വരേണ ക്രിയമാണം സർവ്വം സോഢവ്യമേവ’ എന്നു കർമ്മണിപ്രയോഗമാണു നടപ്പു്. ഇതിനു കാരണമുണ്ടു് - സംസ്കൃതത്തിലും ഇംഗ്ലീഷിലും ഇങ്ങനെയുള്ള ഉദാഹരണങ്ങളിൽ കർമ്മണിപ്രയോഗം സ്വീകരിക്കാത്തപക്ഷം ‘ഈശ്വരോ യൽ കരോതി തൽ’ What God does എന്ന മട്ടിൽ ഒരു വിശേഷണവാക്യം പ്രയോഗിക്കയേ നിർവ്വാഹമുള്ളു. ഈവിധം വിശേഷണവാക്യം ചേർക്കുന്നതു ശൈഥില്യകാരണവുമാണു്. ഭാഷയിലാകട്ടെ, പേരെച്ചരൂപത്തിനു കർത്തരിയും കർമ്മണിയും ഒന്നുപോലെ പ്രയോഗമാകാവുന്നതിനാൽ വളരെ സൌകര്യമുണ്ടു്. സുഗമമായ നേർവഴി ഇരിക്കേ ഗതികെട്ടവരുടെ പിന്നാലേ പോയി നാമെന്തിനു് ‘കാളിദാസനാൽ ഉണ്ടാക്കപ്പെട്ടതു്’ എന്നും മറ്റും വളച്ചുകെട്ടുന്നു? കർമ്മണിപ്രയോഗത്തിനു പ്രൌഢത കൂടുമെന്നു ഭ്രമിച്ചു് ചിലർ അതിന്റെ എണ്ണം കഴിയുന്നതും വർദ്ധിപ്പിക്കാൻ ശ്രമിക്കാറുണ്ടു്. ഈയിടെ ഒരു സഭായോഗത്തിൽ ഒരു പ്രസംഗകർത്താവു ‘പെടുക’ കൊണ്ടു് തന്റെ പ്രസംഗത്തിനു പ്രൌഢി വരുത്താനുള്ള സംരംഭത്തിൽ ‘ഇതിനാൽ ഉണ്ടാക്കപ്പെട്ട ദോഷങ്ങൾ’ ‘വൈദ്യശാസ്ത്രത്തെ സർവ്വോത്തമമായി വിചാരിക്കപ്പെട്ടിരിക്കുന്നു’ എന്ന മട്ടിൽക്കൂടി ലക്ഷ്യമില്ലാതെ കോലാഹലം ചെയ്യുന്നതു് ഈ ഗ്രന്ഥകർത്താവിനു കേൾക്കാൻ ഇടയായിട്ടുണ്ടു്.


കർമ്മവിഭക്തിപ്രയോഗത്തെപ്പറ്റി പറഞ്ഞതുപോലെ കർമ്മണിപ്രയോഗവും ശുദ്ധദ്രാവിഡങ്ങളായ ക്രിയാപദങ്ങളിൽ ആണു് അധികം വർജ്ജിക്കേണ്ടതു്. ‘കാളിദാസൻ ഉണ്ടാക്കിയതും മല്ലിനാഥൻ വ്യാഖ്യാനിച്ചതും നിർണ്ണയസാഗരം അച്ചുക്കൂടത്തിൽ അച്ചടിച്ചതുമായ മേഘസന്ദേശം ഈയാണ്ടു ബി. എ. പരീക്ഷയ്ക്കു ടെക്സ്റ്റുവെച്ചിരിക്കുന്നു’ എന്നതിനു പകരം ‘കാളിദാസനാൽ നിർമ്മിക്കപ്പെട്ടതും മല്ലിനാഥനാൽ വ്യാഖ്യാനിക്കപ്പെട്ടതും നിർണ്ണയസാഗരമുദ്രാലയത്തിൽ മുദ്രണം ചെയ്യപ്പെട്ടതും ആയ മേഘസന്ദേശം ഈയാണ്ടു ബി. എ. പരീക്ഷയ്ക്കു ടെക്സ്റ്റായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു’ എന്നു പ്രയോഗിക്കുന്നതുകൊണ്ടു് വലിയ അഭംഗിയില്ല.


(3) സംബന്ധനിർവ്വചനം: സ്വസ്വാമിഭാവം, പിതൃപുത്രഭാവം, ഗുരുശിഷ്യഭാവം മുതലായ സംബന്ധങ്ങൾ പ്രത്യേകിച്ചു ചൂണ്ടിക്കാണിക്കാത്തപക്ഷം, കർത്താവിനെ പരാമർശിച്ചുകൊള്ളും. ‘രാമൻ എവിടെ’ എന്നു ചോദിച്ചാൽ ‘വീട്ടിലേക്കു പോയി’ എന്നു മതി ഉത്തരം; വല്ലവന്റേയും വീട്ടിലേക്കു പോയതായി ഒരു മലയാളിയും സംശയിക്കയില്ല. ‘മാതാപിതാക്കന്മാരേയും ഗുരുനാഥന്മാരേയും വണങ്ങിയിട്ടു കാവ്യം ചമയ്ക്കുന്നോൻ എന്നല്ലാതെ ‘എന്റെ മാതാപിതാക്കന്മാർ’ ഇത്യാദി ഏതു കവിയെങ്കിലും പരിച്ഛേദിച്ചു പറഞ്ഞിട്ടുണ്ടോ? ഇന്നാരുടെ എന്നു കുറിപ്പെടുത്താതിരുന്നാൽ കർത്താവിന്റെ എന്നു് അർത്ഥംകൊണ്ടു സിദ്ധിക്കുന്ന സ്ഥിതിക്കു് അവന്റെ എന്നോ അവളുടെ എന്നോ പ്രയോഗിക്കുന്നതു തെറ്റുതന്നെയെന്നു പറയേണ്ടിയിരിക്കുന്നു. പരിച്ഛേദിക്കണമെങ്കിലും ‘തന്റെ’ എന്നു് ആത്മവാചിയായ സർവ്വനാമത്തെ വേണം ഉപയോഗിപ്പാൻ. അർത്ഥവിശേഷം സ്ഫുരിക്കുന്നതിലേക്കു് ‘അവന്റെ’ ‘അവളുടെ’ ഇത്യാദി ചേർക്കുകയും ആകാം. ‘രാമൻ അവന്റെ വീട്ടിലേക്കു പോയി’ എന്നു പറഞ്ഞാൽ അവൻ മറ്റൊരിടത്തായിരുന്നു പോകേണ്ടതു് എന്നുകൂടി സ്ഫുരിക്കും. ഇതു് ഇംഗ്ലീഷ് വിദ്യാർത്ഥികൾ പലപ്പോഴും ചെയ്യുന്ന ഒരു ശൈലീഭംഗമാണു്. ഇംഗ്ലീഷ് ഭാഷയുടെ ശൈലിയിൽ സംബന്ധവാചകങ്ങളെ സർവ്വത്ര ആവർത്തിക്കണം എന്നുണ്ടു്. ആവർത്തിക്കാഞ്ഞാൽ ഇംഗ്ലീഷിനു് എത്ര അസ്വാരസ്യമുണ്ടോ അത്രയും, ഭാഷയിൽ ആവർത്തിച്ചാലും ഉണ്ടെന്നു് അവർ ധരിക്കണം.


(4) ലിംഗവചനപ്പൊരുത്തം: മധുരകളായ വാക്കുകളെക്കൊണ്ടു സരസകളായ കഥകളെ ചമച്ചിരുന്നവരെല്ലാം മധുരങ്ങളായ വാക്കുകൾകൊണ്ടു സരസങ്ങളായ കഥകൾ ചമയ്ക്കുന്നതിനു വിരോധമില്ലെന്നു സമ്മതിച്ചിരിക്കുന്ന സ്ഥിതിക്കു് സംസ്കൃതത്തിലെ കൃത്രിമമായ ലിംഗവ്യവസ്ഥയ്ക്കു മേലാൽ ഭാഷയിൽ പ്രചാരമുണ്ടാകാൻ ഇടയില്ല. നാമത്തിനും വിശേഷണത്തിനും ഭേദകത്തിനും തമ്മിൽ വചനപ്പൊരുത്തവും അത്യാവശ്യമാണോ എന്നാണു് ഇനിയത്തെത്തർക്കം. ‘മധുരമായ വാക്കുകൾ’ എന്നായാലും പോരയോ, ‘മധുരങ്ങളായ’ എന്നു ബഹുവചനം കൂടിയേ തീരുവോ? വചനപ്പൊരുത്തം ഉപേക്ഷിച്ചുകൂടെന്നു് വൈയാകരണൻ ശഠിക്കയാണെങ്കിൽ, ‘പാകമാവുക’ ‘കാലമാവുക’ മുതലായതുപോലെ ‘മധുരമാവുക’ എന്നു ക്രിയാസമാസമാണെന്നും, അതിന്റെ പേരെച്ചരൂപമാണു് ‘മധുരമായ’ എന്നതെന്നും സമാധാനം പറഞ്ഞുനിൽക്കാം. ‘സരസവും മധുരവുമായ’ എന്ന മട്ടിൽ അനേകവിശേഷണങ്ങളുള്ളിടത്തു സമാസം സാധിക്കുകയില്ലല്ലോ എന്നു് അതിനുമേൽ ആക്ഷേപം വരുന്നതായാൽ മറ്റാവശ്യങ്ങൾക്കുവേണ്ടി സ്വീകരിച്ചിട്ടുള്ള ശിഥിലസമാസമാണിവിടെയും എന്നു വാദിച്ചുനിൽക്കാം. പുംസ്ത്രീലിംഗങ്ങളിൽ വിശേഷണപ്പൊരുത്തം കൂടിയേ തീരൂ; നപുംസകലിംഗത്തിലാണു്, അത്യാവശ്യം തന്നെയോ എന്നുള്ള സംശയം. പ്രാചീനാര്യാവർത്തം മുതലായ ചില ഗ്രന്ഥങ്ങളിൽ നപുംസകവിശേഷണങ്ങൾക്കു വചനപ്പൊരുത്തം ചെയ്യാതെ പല പ്രയോഗങ്ങളും കണ്ടപ്പോഴാണു് ഈ സംഗതിയിൽ ഞാൻ വിചാരം ചെയ്യാൻ ആരംഭിച്ചതു്. മറ്റുള്ള വിഷയങ്ങളിൽ മലയാളത്തിലെ ശൈലിയുടെ ഗതി നോക്കുമ്പോൾ ഇങ്ങനെ ഒരു വ്യത്യസ്തം കൂടി സ്വീകാര്യമല്ലെന്നു വിധിക്കാൻ എനിക്കു ധൈര്യം വരുന്നില്ല. രണ്ടുവിധവും പ്രയോഗിക്കാമെന്നു് വികല്പം അനുവദിക്കുന്നതു കൊള്ളാമെന്നു തോന്നുന്നു. വികല്പവും വിശേഷണവും മലയാളപദമാകയാൽ പൊരുത്തം വേണ്ട; സംസ്കൃതമായാൽ വേണം എന്നാക്കിയാൽ കുറേക്കൂടി നന്നു്. ഈ തീർച്ച തന്നെയാണു് നപുംസകവിശേഷണത്തിനു് ‘ബഹുവിലുമേകവചനം പോരും വ്യക്തിയിലശ്രദ്ധയാൽ’ എന്നു കേരളപാണിനീയസൂത്രത്തിലും ചെയ്തിട്ടുള്ളതു്.


ഇന്ദ്രജിത്തിനെ വധിച്ചതു ലക്ഷ്മണനാണു്.


രാമനു യുദ്ധത്തിൽ സഹായിച്ചതു് വാനരന്മാരാണു്.


ഇതിൽ പല തെറ്റുകളും തിരുത്തേണ്ടതുണ്ടു്.


ഇത്യാദി ശൈലികളിൽ ലിംഗവചനപ്പൊരുത്തം നോക്കേണ്ടതില്ല. ഇതുകൾക്കു വ്യാകരണപ്രകാരം ഉപപത്തിയുമുണ്ടാകും.


( a) ‘ഇന്ദുലേഖയെ മാധവനു ഭാര്യയായി കിട്ടുമോ’ - ഇന്ദുലേഖ, അ. 2.


(b) ‘അവനൊരു ശിഷ്യനെ വേണം’


(c) 'ലേലത്തിൽ പിടിച്ചതു കുതിരയെ അല്ലേ’


(d) ‘എനിക്കു് അവനെ രസിച്ചിട്ടില്ല’


(e) ‘നമ്പൂരിപ്പാടു് അകത്തു കടന്ന ഉടനേ അമ്മുവേ ആണു് കണ്ടതു്’


(f) ‘എനിക്കു് ഒരു ശിഷ്യനെ കിട്ടീട്ടുണ്ടു്.’


ഇത്യാദികളിൽ കർമ്മവിഭക്തിപ്രയോഗം വ്യാകരണവിരുദ്ധമായാലും ശൈലിപ്രകാരം സാധുവാകുന്നു.


സംസ്കൃതത്തിൽനിന്നും ഇംഗ്ലീഷിൽനിന്നും നാനാപ്രകാരങ്ങളായ അർത്ഥഭംഗികളും വാചകഭംഗികളും മലയാളത്തിൽ നടപ്പാക്കാൻ പുറപ്പെടുന്നവരെ അധൈര്യപ്പെടുത്തണമെന്നു് ഈ ഗ്രന്ഥകർത്താവിന്നൊരിക്കലും ഒരു ദുർവ്വിചാരമില്ല. മറിച്ചു് അങ്ങനെ ചെയ്താലേ നമ്മുടെ ഭാഷയ്ക്കു് എളുപ്പത്തിൽ പുഷ്ടി ഉണ്ടാകയുള്ളു എന്നുകൂടി അഭിപ്രായമുണ്ടു്. ഓരോ ഭാഷയ്ക്കും വിലക്ഷണങ്ങളായ ചില ശൈലികൾ ഉള്ളതു ദുഷിച്ചുപോകാതെ സൂക്ഷിക്കേണ്ട ഭാരം ഭാഷാഭിമാനികളെച്ചേർന്നതാണെന്നു് ഓർമ്മിപ്പിക്കമാത്രമാണു് ഇവിടെ ചെയ്തിട്ടുള്ളതു്.


അഭ്യാസം


1. സംസ്കൃതമുറകൾ അനുസരിക്കയാലുള്ള ശൈലീഭംഗങ്ങൾ ചൂണ്ടിക്കാണിക്ക:


വിരഹവർണ്ണന


ഞങ്ങളുടെ ഭർത്തൃദാരികയും, സ്വഗൃഹത്തിനു് അടുത്തുള്ള രാജമാർഗ്ഗമുഖത്തിനു സ്വല്പനേരത്തേക്കു് അലങ്കാരഭൂതനായിരിക്കുന്ന അദ്ദേഹത്തെത്തന്നെ പലപ്പോഴും കണ്ടിട്ടു് വെയിലുകൊണ്ടു് വാടിയതും സുന്ദരവുമായിരിക്കുന്ന ഇളയ താമരവളയം പോലെ മനോഹരങ്ങളായിരിക്കുന്ന അവയവങ്ങളുടെ ശോഭകൊണ്ടു പ്രകാശിച്ചിരിക്കുന്ന കാമവേദനയുടെ ആധിക്യത്താൽ അത്യന്തം രമണീയമാണെങ്കിലും പരിജനങ്ങളെ ദുഃഖിപ്പിക്കുന്നു. കലാകേളികളിൽ ആഭിമുഖ്യം ഇല്ലാതെയും തീർന്നിരിക്കുന്നു. താമരപ്പൂവുപോലെ മനോഹരമായിരിക്കുന്ന കൈത്തലത്തിൽ കവിൾത്തടത്തെ വെച്ചുംകൊണ്ടുതന്നെ ദിവസങ്ങളെ കഴിച്ചുകൂട്ടുകയും ചെയ്യുന്നു. അത്രതന്നെയല്ല, വിടർന്നിരിക്കുന്ന താമരപ്പൂക്കളിലെ തേനിന്റെ ഒഴുക്കുകൊണ്ടു മനോഹരമായും കുറഞ്ഞൊന്നു വികസിച്ചിരിക്കുന്ന കുന്ദമാകന്ദാദി കുസുമങ്ങളിലെ മധുകണഗണങ്ങളോടു കൂടിയതായുമിരിക്കുന്ന മദനോദ്യാനത്തിലെ ഇളം‌കാറ്റുകൊണ്ടു ക്ഷീണിക്കയും ചെയ്യുന്നു. ഇതുമല്ല, ആ ദിവസം തന്റെ മഹോത്സവത്തിന്റെ ആഘോഷങ്ങളെ കാണുന്നതിനായിട്ടു് ശരീരത്തോടുകൂടിയവനായി, മദനോദ്യാനത്തിലെ അലങ്കാരഭൂതനായിരിക്കുന്ന ഭഗവാൻ കാമദേവനോ എന്നു തോന്നുമാറിരിക്കുന്ന ആ മാധവന്റെ പല പ്രകാരത്തിലുള്ള വിലാസങ്ങളെക്കൊണ്ടും അനുരാഗപ്രകർഷത്തെക്കൊണ്ടും ശ്ലാഘനീയമായിരിക്കുന്ന യൌവനാരംഭത്തോടുകൂട്യതും പരസ്പരദർശനം ഇല്ലാതാകുന്ന സമയത്തിങ്കൽ ഖേദത്തോടുകൂടിയിരിക്കുന്ന ഹൃദയത്തിൽ പെട്ടെന്നുണ്ടായ കൌതുകത്താൽ പ്രകാശിപ്പിക്കപ്പെട്ടതായിരിക്കുന്ന ഭയംകൊണ്ടുള്ള സംഭ്രമം ഹേതുവായിട്ടു് മന്ദങ്ങളായിരിക്കുന്ന അവയവങ്ങളിലെ വിയർപ്പു്, രോമാഞ്ചം, വിറയൽ എന്നിവകളാൽ ആനന്ദിക്കപ്പെട്ടവരായിരിക്കുന്ന സഖീജനങ്ങളോടുകൂടിയതുമായിരിക്കുന്ന അന്യോന്യദർശനസുഖത്തെ എപ്പോൾ പ്രാപിച്ചുവോ അപ്പോൾ മുതൽ ഏറ്റവും ദുസ്സഹമായിരിക്കുന്ന ആയാസത്തോടുകൂടിയതും വർദ്ധിച്ചിരിക്കുന്നതും വലിയതും ഭയങ്കരവുമായിരിക്കുന്ന അവസ്ഥാപരിണാമത്തെ അനുഭവിക്കുന്നവളായിട്ടു്, ക്ഷണനേരം കൊണ്ടു പൂർണ്ണചന്ദ്രോദയത്തിൽ ഇളം താമരയെന്നപോലെ വാടുകയും ചെയ്യുന്നു. എങ്കിലും, ഇളകിക്കൊണ്ടിരുന്ന ചുണ്ടുകളെക്കൊണ്ടു ശോഭിക്കുന്നവയും മുത്തുമണികൾ പോലെ ഇരിക്കുന്നവയുമായിരിക്കുന്ന പല്ലുകളുടെ ശോഭകൊണ്ടു് ഏറ്റവും ശോഭിച്ചിരിക്കുന്നതും, നിബിഡമായി പ്രകാശിച്ചിരിക്കുന്ന രോമാഞ്ചത്തോടുകൂടിയിരിക്കുന്ന കവിൾത്തടങ്ങളിൽ ഇളകൊക്കൊണ്ടിരിക്കുന്ന ആനന്ദാശ്രുകണങ്ങളോടുകൂടിയതും കുറഞ്ഞൊന്നു ഭേദഗതിയോടുകൂടിയവയും ഊർദ്ധ്വഭാഗത്തേക്കായിരിക്കുന്നവയും മിനുങ്ങിയവയും അടഞ്ഞതുപോലിരിക്കുന്നവയും കരിംകൂവളപ്പൂ പോലെ ഭംഗിയുള്ളവയുമായിരിക്കുന്ന കണ്ണുകളോടു കൂടിയതും, ഇടവിടാതെ പൊടിച്ചുകൊണ്ടിരിക്കുന്ന വിയർപ്പുതുള്ളികളെക്കൊണ്ടു മനോഹരവും ബാലചന്ദ്രനെപ്പോലെ ഇരിക്കുന്നതുമായ നെറ്റിത്തടംകൊണ്ടു രമണീയവും സുന്ദരവുമായിരിക്കുന്ന മുഖപുണ്ഡരീകത്തെ വഹിക്കുന്നവളായും സമർത്ഥന്മാരായിരിക്കുന്ന സഖികളുടെ ഹൃദയത്താൽ സംശയിക്കപ്പെട്ട കൌമാരഭാവത്തോടുകൂടിയവളായും ഭവിക്കുന്നു എന്നുള്ളതുകൊണ്ടുല്പനേരം മാത്രം ഹൃദയത്തിൽ ഉണ്ടാക്കിവെയ്ക്കപ്പെട്ടവനായിരിക്കുന്ന കാന്തന്റെ സമാഗമത്തോടു കൂടിയവളായിട്ടു് അധികമായിരിക്കുന്ന ജലധാരകൊണ്ടു് നനയ്ക്കപ്പെട്ട ഭൂമിയെന്നപോലെ തണുപ്പോടുകൂടിയവളായും തീരുന്നു എന്നും ഞാൻ അറിയുന്നു. അത്രതന്നെയല്ല, പൂർണ്ണചന്ദ്രന്റെ രശ്മിസമൂഹസ്പർശംകൊണ്ടു് അലിഞ്ഞൊലിക്കുന്നവയായി ചന്ദ്രകാന്തരത്നങ്ങളെക്കൊണ്ടുള്ള മാലയെ ധരിക്കുന്നവളും കർപ്പൂരപ്പൊടി ധാരാളമായി ചേർത്തതുകൊണ്ടു് ഏറ്റവും തണുപ്പോടുകൂടിയിരിക്കുന്ന ചന്ദനച്ചാറു കോരി ഒഴിച്ചിട്ടുള്ള ഇളയ വാഴയിലയിൽ കിടക്കുന്നവളും കാലു തലോടുക മുതലായ പ്രവൃത്തികളിൽ ബദ്ധപ്പെട്ടുകൊണ്ടിരിക്കുന്ന സഖീജനങ്ങളാൽ ഉണ്ടാക്കിക്കൊണ്ടുവരപ്പെട്ടതും വെള്ളം തളിച്ചു നനയ്ക്കപ്പെട്ടതുമായ താമരയിലവിശറിയോടുകൂടിയവളുമായി ഉറക്കംകൂടാത്തവളുമായിട്ടുതന്നെ രാത്രികളെ കഴിച്ചുകൂട്ടുകയും ചെയ്യുന്നു. വളരെ പണിപ്പെട്ടു പ്രാപിക്കപ്പെട്ട നിദ്രാസുഖത്തോടും വിയർത്തിരിക്കുന്ന പാദങ്ങളിൽനിന്നു് ഒഴുകിക്കൊണ്ടിരിക്കുന്ന ചെമ്പഞ്ഞിച്ചാറിനോടും തടിച്ചിരിക്കുന്ന തുടകൾ കിടുകിട വിറയ്ക്കുന്നതുകൊണ്ടു് അരയിൽനിന്നഴിഞ്ഞിരിക്കുന്ന വസ്ത്രബന്ധത്തോടും ഇളകിക്കൊണ്ടിരിക്കുന്ന ഹൃദയത്തിൽ ഇടയ്ക്കിടെ തടയുന്നവയുമായ ദീർഘശ്വാസങ്ങാൾ ഹേതുവായിട്ടു് പലവിധത്തിൽ ഇളകിക്കൊണ്ടും രോമാഞ്ചത്തോടുകൂടെയുമിരിക്കുന്ന സ്തനങ്ങളുടെ ഉപരിഭാഗത്തു വയ്ക്കപ്പെട്ടവയും വിറയലോടുകൂടിയവയുമായിരിക്കുന്ന ഭുജലതകളെക്കൊണ്ടുള്ള ആലിംഗനബന്ധത്തോടും പെട്ടെന്നു് ഉണരുന്നസമയത്തു കടാക്ഷവിക്ഷേപംകൊണ്ടു ശയ്യയിൽ ആരും ഇല്ലെന്നറിഞ്ഞിട്ടുണ്ടായ മോഹാലസ്യം ഹേതുവായിട്ടു് അടയ്ക്കപ്പെട്ട കണ്ണുകളോടും, സംഭ്രമത്തോടുകൂടിയവരായ സഖീജനങ്ങളുടെ പ്രയത്നംകൊണ്ടു മോഹാലസ്യം തീരുന്നസമയത്തു പുറപ്പെടുന്ന ദീർഘശ്വാസത്താൽ ഉണ്ടാക്കപ്പെട്ട ജീവിതാശയോടുംകൂടിയവളായിട്ടു് എന്താണു ചെയ്യേണ്ടതെന്നു് അറിയാൻ പാടില്ലാതെ അന്ധാളിച്ചു് ആദ്യം തങ്ങളുടെ പ്രാണാവസാനം വന്നാൽ കൊള്ളാമെന്നു പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നവരായ സഖീജനങ്ങളെത്തടുക്കാൻ പാടില്ലാത്ത ദുർദ്ദൈവവിലാസത്തെ ശകാരിക്കയെന്നുള്ള പ്രവൃത്തി മാത്രമുള്ളവരാക്കിച്ചെയ്കയും ചെയ്യുന്നു.

--മാലതീമാധവം


2. ഇംഗ്ലീഷ് മുറകൾ അനുസരിക്കയാലുള്ള ശൈലീഭംഗങ്ങൾ ചൂണ്ടിക്കാണിക്ക:


ഉപസംഹാരവാക്യം


ആദ്യം ഉഗ്രമായ കലഹത്തിനു് അതിർവെച്ചും രാക്ഷസപ്രവൃത്തികൾക്കു തക്ക കൂലി കൊടുത്തതും കടുവാനഖങ്ങളിൽനിന്നു് അനേകരെ വിടുവിച്ചുംകൊണ്ടതിനാൽ ഈ ആളുടെ ഓട്ടം ഹിന്ദുരാജ്യത്തിനു് ഉപകാരം പെരുകിയതുതന്നെ. സ്വന്തനാട്ടുകാർ അവരെ വേണ്ടതിലധികം പുകഴ്ത്തി മാനിക്കുന്നതു് കാണും‌മുമ്പെ ദൈവം അവരെ എടുത്തതു നന്നായിരുന്നുതാനും. എന്നാൽ എന്തു്, ഹിന്ദുകലഹം അമർത്തിവെച്ചതു മനുഷ്യരല്ല. അനേകം പ്രാർത്ഥനകളെ കേട്ടു് ഹാവലോക്കു മുതലായവരുടെ ഹീനബലങ്ങളോടുകൂടി ഉണ്ടായി ജയം നൽകി ശത്രുക്കളുടെ ബുദ്ധികളെ ഭ്രമിപ്പിച്ചതു ദൈവമത്രേ. ആകയാൽ മനുഷ്യർക്കുള്ള ദൈവത്തിനുമാത്രം മാനമഹത്വങ്ങളും വരേണ്ടതാകുന്നു. പലരുടെ ഉദ്ധാരണത്തിനും നാശത്തിനും അവൻ ഹാവലോക്കു് സായ്പിനെ ആയുധമാക്കി പ്രയോഗിച്ചതു് ആ വീരൻ നല്ലവണ്ണം അറിഞ്ഞിട്ടില്ലല്ലൊ. ജയം കൊള്ളുന്തോറും തന്റെ പ്രാപ്തിയെ അല്ല അതിനെത്തന്നെ ദൈവത്തിൻ വൻ കരുണയെ മാത്രം സന്തോഷത്തോടുകൂടി വർണ്ണിച്ചുകൊണ്ടുപോകുന്നതു്. -ഹാവലോക്കിന്റെ ജീവചരിത്രം

3. സർവ്വനാമങ്ങളുടെ പ്രയോഗം പരിശോധിക്ക:


(1) നായകന്റെ പ്രവൃത്തികൾ


ശില്പവിദ്യകളിൽ, രാമവർമ്മരാജകുമാരനാൽ പ്രോത്സാഹിപ്പിക്കപ്പെട്ടതു് എണ്ണച്ചായത്തിലും തണ്ണിച്ചായത്തിലുമുള്ള ചിത്രമെഴുത്തും, ദന്തത്തിലും മരത്തിലുമുള്ള കൊത്തുപണിയും, ഉരുക്കുകൊണ്ടും മറ്റും ഉണ്ടാക്കപ്പെട്ടിട്ടുള്ള സാധനങ്ങളും, സ്വർണ്ണംകൊണ്ടും മറ്റുമുള്ള അലങ്കാരപ്പണിയും ആയിരുന്നു. ഈ വിദ്യകളിലെല്ലാം വിശേഷിച്ചു് ആദ്യം പറയപ്പെട്ടതായ ചിത്രമെഴുത്തിൽ തന്നാൽ പ്രോത്സാഹിക്കപ്പെട്ട യുവാക്കന്മാർ പിൻ‌കാലങ്ങളിൽ വളരെ പ്രസിദ്ധി സംബാദിച്ചിട്ടുണ്ടു്. എന്നാൽ എഴുതുകയും വായിക്കുകയും ചെയ്യുന്നതിലേക്കായിരുന്നു, രാമവർമ്മരാജകുമാരൻ തന്റെ സമയത്തെ മുക്കാലേ അരയ്ക്കാലും ഉപയോഗിച്ചതു്. തന്റെ വായന വളരെ വിശാലമായിട്ടുള്ളതായിരുന്നു. അത്യന്തം വിനോദകരങ്ങളായ ഗ്രന്ഥങ്ങളും ഏറ്റവും കാര്യഗൌരവമുള്ള ഗ്രന്ഥങ്ങളും തന്റെ വായനയ്ക്കു് വിഷയങ്ങളായിരുന്നു. തന്റെ സ്വകാര്യസംഭാഷണങ്ങളിൽ ചിലപ്പോൾ ടെനിസന്റെ ‘ഇൻ മെമ്മോറിയാ’ എന്ന പുസ്തകത്തിൽനിന്നും മറ്റു ചിലപ്പോൾ ഹോംസിന്റെ ‘ആട്ടോ ക്രാറ്റ് ആഫ് ദി ബ്രേക് ഫാസ്റ്റ് റ്റേബിൾ’ എന്ന പുസ്തകത്തിൽനിന്നും, ആനന്ദിപ്പിക്കുന്നതിനും അറിവുണ്ടാക്കുന്നതിനും വേണ്ടി തന്നാൽ എടുത്തു പറയപ്പെട്ട ചില സമുചിതകാര്യങ്ങളെക്കുറിച്ചു് ഇപ്പോഴും ഓർത്തു സന്തോഷിക്കുന്നവരായ ആളുകൾ അനേകം ഉണ്ടു്. അധികം പുസ്തകങ്ങളെ വായിക്കയാൽ തന്റെ വാചകരീതി ദിവസം‌തോറും അധികം പരിഷ്കൃതയായും സ്വാഭാവികതയുള്ളതായും ഭവിച്ചു. ആദ്യകാലങ്ങളിൽ തനിക്കു ലാർഡ് മെക്കാളിയുടെ വാചകരീതിയിൽ വളരെ ഭ്രമം ഉണ്ടായിരുന്നു. അതിനാൽ ആദ്യകാലങ്ങളിൽ തന്നാൽ എഴുതപ്പെട്ട പുസ്തകങ്ങളിൽ മെക്കാളിയുടെ വാചകരീതി ചുവയ്ക്കുന്നതായി കാണാം.-- ഇൻഡ്യയിലെ മഹാന്മാർ


(2) നായകന്റെ ബാല്യചരിതം


രംഗനാഥനെ എന്തെല്ലാം പഠിപ്പിക്കാൻ കഴിയുമോ അതെല്ലാം പഠിക്കുന്നതിനു രംഗനാഥൻ യോഗ്യതയുള്ളവനാണെന്നു ഞാൻ വാസ്തവമായി വിശ്വസിക്കുന്നു. ഈ വിശ്വാസം ഹേതുവായിട്ടു് രംഗനാഥന്റെ പഠിപ്പു് അല്പമെങ്കിലും വർദ്ധിക്കുന്നതിനിടയുണ്ടെന്നു നിങ്ങൾ വിചാരിക്കുന്ന കാലത്തോളം രംഗനാഥൻ നിങ്ങളുടെ അടുക്കൽത്തന്നെ പഠിക്കണമെന്നാണു ഞാൻ ആഗ്രഹിക്കുന്നതു്. ഇതു് എത്രകാലത്തോളമായിരിക്കണമെന്നു നിങ്ങളെപ്പോലെ അത്ര നല്ലവണ്ണം നിർണ്ണയിക്കുന്നതിനു വേറെ ആർക്കും കഴിവുണ്ടായിരിക്കുന്നതല്ല. രംഗനാഥനെ സംബന്ധിച്ചു നിങ്ങൾക്കു ബോധിച്ചതുപോലെ ഒക്കെയും ചെയ്യുന്നതിനുള്ള പൂർണ്ണാധികാരം നിങ്ങൾക്കു തരുന്നതിനു ഞാൻ എല്ലായ്പോഴും വിചാരിച്ചിട്ടുണ്ടു്. രംഗനാഥന്റെ അഭിവൃദ്ധിക്കു് അത്യന്തം അനുകൂലയായിട്ടുള്ള സ്ഥിതിയിൽ വെയ്ക്കുന്നതിനു് എത്രത്തോളം കഴിവുണ്ടോ അത്രത്തോളം ആ സ്ഥിതിയിൽ രംഗനാഥനെ വെച്ചിരിക്കുന്നു എന്നാണു ഞാൻ വിശ്വസിക്കുന്നതു്. ആ സ്ഥിതിയിൽ ഇരുന്നുംകൊണ്ടു് എത്രമാത്രം സ്വാഭിവൃദ്ധി വരുത്താൻ കഴിയുമോ അത്രമാത്രം സ്വാഭിവൃദ്ധി രംഗനാഥൻ വരുത്തിക്കൊള്ളണമെന്നു മാത്രമേ എനിക്കൊരു വിചാരമുള്ളു. രംഗനാഥനു് ആവശ്യമുള്ള പുസ്തകങ്ങൾ കൊടുക്കണമെന്നുള്ള എന്റെ അപേക്ഷയെ അനുസരിച്ചു നിങ്ങൾ എത്രത്തോളം പ്രവർത്തിച്ചിരിക്കുന്നു എന്നു ഞാൻ അറിയുന്നില്ല. ആ അപേക്ഷയെ രംഗനാഥനു് അനുകൂലമായിട്ടുള്ള വിധത്തിൽ നിങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. രംഗനാഥനു് ഇപ്പോൾ അധികം പുസ്തകങ്ങൾ ആവശ്യമുണ്ടായിരിക്കാം. ആ കാര്യത്തിൽ നിങ്ങൾ അശേഷം ലോഭം കാണിക്കരുതെന്നു ഞാൻ അപേക്ഷികുന്നു. എങ്ങനെ എന്നാൽ ഒരു നിഘണ്ടുവും, നല്ലനല്ല അകാരാദികളും അവയെ ഗുണപ്രദമായി ഉപയോഗിക്കത്തക്ക കാലം വന്നു എന്നു വിചാരിക്കുന്നപക്ഷം നിങ്ങൾ രംഗനാഥനു വാങ്ങിക്കൊടുക്കുന്നതിൽ എനിക്കു് അശേഷം വിസമ്മതമില്ല. പുസ്തകങ്ങൾ കൊടുക്കുമ്പോൾ അവ സ്വന്തങ്ങളാക്കി വച്ചുകൊള്ളാമെന്നോ ആരാൽ നൽകപ്പെട്ടവയാണെന്നോ നിങ്ങൾ രംഗനാഥനോടു പറയണമെന്നില്ല. നിങ്ങൾ ഇതിനു മുൻപിൽ അങ്ങനെ പറഞ്ഞിട്ടുണ്ടായിരിക്കയില്ലെന്നാണു ഞാൻ വിചാരിക്കുന്നതു്. ഇങ്ങനെ ആയാൽ പുസ്തകങ്ങളൊക്കെയും നിങ്ങളുടെ വകയാണെന്നു രംഗനാഥൻ വിചാരിക്കയും അവയെ സൂക്ഷിക്കുകയും ചെയ്യും. പഠിപ്പുമതിയാക്കി പോകുമ്പോൾ രംഗനാഥന്റെ സ്വന്തം വകയായി ആ പുസ്തകങ്ങളെ നിങ്ങൾക്കു കൊടുക്കാവുന്നതാണു്. -ഇൻഡ്യയിലെ മഹാന്മാർ.

(3) മേരി

അവളുടെ രാജ്യഭാരത്തിന്റെ ആരംഭത്തിൽ അവൾക്കു് അവളുടെ സംബന്ധിനിയായി മേരിയെന്ന സ്കാട്ട്ലണ്ടിലെ രാജ്ഞിയോടു് ഈർഷ്യ വർദ്ധിച്ചു. എന്തെന്നാൽ ആ രാജ്ഞി എലിസബത്തിന്റെ ജ്യേഷ്ഠത്തിയായ മേരി മരിച്ചുകൂടുമ്പോൾ രാജ്യത്തിലെ നേരെ അവകാശിനി താനാണെന്നുവെച്ചു് ഇംഗ്ലണ്ടിലെ രാജ്ഞി എന്നുള്ള പേർ എടുത്തിരുന്നു. അവൾ റോമാമതത്തിൽ പ്രതിപത്തിയുള്ളവളായിരുന്നതിനാൽ അവളുടെ സ്വന്തജനങ്ങളും അവൾക്കു വിരോധികളായിരുന്നു. - ഇംഗ്ലണ്ടുചരിത്രം.


4. കർമ്മണിപ്രയോഗം, കർമ്മവിഭക്തിപ്രയോഗം മുതലായ ശൈലീഭംഗങ്ങൾ എടുത്തുകാണിക്കുക:


(1) നായികാവർണ്ണന


ഇവിടെ സംസ്കൃതകവികളുടേയും ഇംഗ്ലീഷ് കവികളുടേയും സിദ്ധാന്തങ്ങൾ രണ്ടും ശരിയാണെന്നു പലപ്പോഴും എനിക്കുതന്നെ തോന്നിയിട്ടുണ്ടു്. കറുത്ത നിറത്തിലുള്ള തലമുടി എങ്ങനെ നമ്മുടെ സ്ത്രീകൾക്കു ഭംഗി തോന്നിക്കുന്നുവോ അതുപ്രകാരം തന്നെ സ്വർണ്ണവർണ്ണമായ തലമുടി ചില യൂറോപ്യൻ സ്ത്രീകൾക്കു് ബഹു ചേർച്ചയായും യോജ്യതയായും എന്റെ കണ്ണിൽ കാണപ്പെട്ടിട്ടുണ്ടു്. കൺ‌മിഴികളും മേല്പറഞ്ഞ വർണ്ണത്തിൽ ഉള്ളതു് ചില യൂറോപ്യൻസ്ത്രീപുരുഷന്മാരിൽ എനിക്കു ബഹുഭംഗിയും ജീവനുമുള്ളതായി തോന്നപ്പെട്ടിട്ടുണ്ടു്. മേല്പറഞ്ഞവിധം തലമുടിയും കണ്മിഴികളും ഉള്ള ചില യൂറോപ്യൻസ്ത്രീകളെ എന്റെ മനസ്സിനു് അതിസുന്ദരികളാണെന്നു ബോദ്ധ്യപ്പെട്ടിട്ടുണ്ടു്. - ഇന്ദുലേഖ


(2) നായകന്റെ സ്വഭാവം

ഇക്കാലത്തു ബുക്കറിനാൽ പ്രദർശിക്കപ്പെട്ട വാഗ്ദ്ധാടിയുടെ ആസ്വാദ്യത ഹേതുവായിട്ടു ഗുണകാക്ഷികളായ സജാതീയരാൽ ഇവൻ സർക്കാരുദ്യോഗം സ്വീകരിക്കണമെന്നു പ്രാർത്ഥിതനായി. എന്നാൽ ഇവൻ ഈ താല്പര്യത്തിൽ വശംവദനായില്ല. എന്തെന്നാൽ ഇവന്റെ സ്ഥിരമായ വിശ്വാസം സ്വവർഗ്ഗോന്നതിക്കു് അവശ്യം അപേക്ഷിതമായതു സർക്കാരുദ്യോഗലബ്ധിയല്ലെന്നും, വിദ്യാലാഭത്തിലും, വ്യവസായത്തിലും, വസ്തുസമ്പാദ്യത്തിലും പ്രബലമായ ഒരു സ്ഥിരത നിജവംശക്കാർക്കുണ്ടായിരിക്കുന്നതാണെന്നും ആയിരുന്നു. രാജകീയപ്രവൃത്തിയിൽ ഒരുവിധം വിജയത്തെ പ്രാപിക്കുന്നതു ദുസ്സാധമാണെന്നു് ഇവന്നു വിചാരമില്ലായിരുന്നുവെങ്കിലും സ്വസുഖലാഭങ്ങളെ ത്യജിച്ചും സ്വജനങ്ങൾക്കായി അഭ്യുദയപ്രവൃത്തിയെ പ്രദാനം ചെയ്യുന്നവയായ മാർഗ്ഗങ്ങളെ മനസ്സുകൊണ്ടും വാക്യംകൊണ്ടും സൌഹാർദ്ദംകൊണ്ടും സമ്പാദിക്കുന്നതു പുരുഷശ്രേഷ്ഠലക്ഷണമാണെന്നാണു് ഇവന്റെ മനസ്സു് ഇവനെ ഉപദേശിച്ചതു്. മേല്പറഞ്ഞ ജോലി തീർന്ന ഉടനെ ആംസ്ട്രാങ്ങ് ഹാംറ്റൺ സാംവത്സരികസമ്മേളനത്തിലേക്കായി ഒരു ഉപന്യാസം ബുക്കറിനോടാവശ്യപ്പെട്ടു. ഈ സൽക്കാരം ഇവനാൽ സ്വപ്നേപി ആകാംക്ഷിതമായിരുന്നതല്ല. അതിൻ‌വണ്ണം ‘വിജയീകൃതമാകുന്ന ശക്തി’ എന്ന വിഷയത്തെപ്പറ്റി ഒരു പ്രബന്ധം തെയ്യാറാക്കി.


സംസ്കൃതശുദ്ധി


ഭാഷയിലേക്കു് എടുക്കുന്ന സംസ്കൃതപദങ്ങൾക്കു സംസ്കൃതവ്യാകരണപ്രകാരമുള്ള ശുദ്ധി എത്രത്തോളം വേണം എന്ന ചോദ്യം പലപ്പോഴും നേരിടാറുണ്ടു്. അതിനാൽ ആ സംഗതിയെപ്പറ്റിയും ഒരു വിചാരണ ആവശ്യമായിരിക്കുന്നു. നാമങ്ങളേയും ധാതുക്കളേയും ഭാഷപ്പെടുത്തുന്നതിനുള്ള സാമാന്യനിയമങ്ങൾ വ്യാകരണത്തിൽ തത്ഭവപ്രക്രിയ എന്ന ഭാഗത്തിൽ വിസ്തരിച്ചിട്ടുണ്ടു്. അതുകളെ ഇവിടെ ആവർത്തിക്കുന്നില്ല. സമാസം ചെയ്കെ തദ്ധിതരൂപങ്ങൾ ഉണ്ടാക്കുക മുതലായതിൽ ഉണ്ടാകാറുള്ള സന്ദേഹങ്ങളെയാണു് ഇവിടെ എടുക്കുന്നതു്. സംസ്കൃതവ്യാകരണത്തിൽ ഉത്സർഗ്ഗം, അപവാദം, പ്രതിപ്രസവം, അതിനും അപവാദം എന്നു് അവസാനിക്കാതെ നീണ്ടുപോകുന്ന വ്യത്യസ്തങ്ങളെ എല്ലാം ഗ്രന്ഥസഹായം കൂടാതെ പരിച്ഛേദിച്ചു പറവാൻ മഹാപണ്ഡിതന്മാർക്കുപോലും അസാദ്ധ്യമാണു്. പ്രക്രിയാസർവ്വസ്വം എന്ന ഒരു വ്യാകരണഗ്രന്ഥം ചമച്ച നാരായണഭട്ടതിരിക്കുതന്നെ സ്വന്തകൃതികളിൽ പല അശുദ്ധപ്രയോഗങ്ങളും വന്നുപോയിട്ടുണ്ടു്. ഇങ്ങനെയുള്ള ഒരു ഭാഷയിൽനിന്നു കടം വാങ്ങാൻ പോകുന്ന പാവപ്പെട്ട മലയാളപദങ്ങളെ ശുദ്ധി പരീക്ഷിച്ചുവേണം സ്വീകരിപ്പാൻ എന്നു ശഠിക്കുന്നതു കുറെ സാഹസമാകുന്നു. നല്ല വൈയാകരണന്മാർ മാത്രമേ സംസ്കൃതത്തിൽനിന്നു പദമെടുക്കാൻ പോകേണ്ടു എന്നു വെയ്ക്കുന്നതായാൽ അങ്ങനെയുള്ളവരുടെ സംഖ്യ വളരെ ചുരുങ്ങും. ആവശ്യം നടക്കുകയില്ലെന്നും വരും. അതിനാൽ ഭാഷയിൽ ഉപയോഗിക്കുന്ന സംസ്കൃതത്തിനു വലിയ ശുദ്ധിനിർബന്ധമൊന്നും വേണ്ടെന്നുവെയ്ക്കുന്നതു തന്നെ കൊള്ളാം. ഈവിധം ചില സ്വാതന്ത്ര്യങ്ങൾ അനുവദിച്ചാലേ ഭാഷയ്ക്കു പുഷ്ടി വരാൻ എളുപ്പമുള്ളു. മൃതഭാഷകളിലുള്ള നിർബന്ധമൊന്നും ജീവൽഭാഷയിൽ ചെല്ലുകയില്ല. വൃദ്ധയായ ഗൈർവ്വാണിക്കു വളർച്ച നിലച്ചു; കേരളി ഇന്നും പ്രായപൂർത്തിവരാത്ത യുവതിയാണു്. സംസ്കൃതത്തിലും ഒരു കാലത്തു് അവ്യവസ്ഥകൾ ഉണ്ടായിരുന്നതായി ആർഷപ്രയോഗങ്ങളിലും മറ്റും നാം കാണുന്നില്ലയോ? അതിനാൽ സംസ്കൃതത്തിനു് ആർഷപ്രയോഗങ്ങളിൽ കാണുന്നതുപോലുള്ള അശുദ്ധി ഭാഷയിൽ സഹ്യമാണു്. സംസ്കൃതക്കാരൻ ശരിവെച്ചില്ലെങ്കിലും ഒരു സംസ്കൃതപ്രയോഗം ഭാഷയുടെ ആവശ്യത്തിനും നിയമങ്ങൾക്കും യോജിച്ചാൽ അതു ഗ്രാഹ്യം തന്നെ. നമുക്കു സംസ്കൃതം എങ്ങനെയോ അങ്ങനെയാണു് യൂറോപ്യൻഭാഷകൾക്കു് ലാറ്റിനും ഗ്രീക്കും ഭാഷകൾ. ആ ഭാഷകളിലെ പ്രകൃതികളിൽനിന്നു വ്യുൽ‌പ്പാദിപ്പിച്ച പല പദങ്ങളും ഇംഗ്ലീഷിൽ കാണുന്നുണ്ടു്. അതുകളെല്ലാം ലാറ്റിൻ ഗ്രീക്കു വ്യാകരണപ്രകാരം സാധുക്കളാണോ? ഇംഗ്ലീഷിൽ ലൊ ലാറ്റിൻ (Low Latin ) എന്നു് ഒരു ഭാഷ പറയും‌പോലെ നമുക്കും ഒരു നീചസംസ്കൃതം ഇരിക്കട്ടെ. ഇത്രയും പ്രസ്താവിച്ചതുകൊണ്ടു് സർവ്വാബദ്ധങ്ങളായ സംസ്കൃതപ്രയോഗങ്ങൾകൊണ്ടു മലയാളഭാഷയെ ദുഷിപ്പിക്കുന്നതിനു് അനക്ഷരകുക്ഷികൾക്കു് അനുവാദം കൊടുക്കണമെന്നു ഞാൻ ഒരിക്കലും അഭിപ്രായപ്പെടുന്നില്ല. ക്ഷേമകരമായ സ്വാതന്ത്ര്യം ആശാസ്യമാണെന്നല്ലാതെ ദുസ്വാതന്ത്ര്യം ഒരിക്കലും സമ്മതിക്കാവുന്നതല്ല. ഭാഷകൊണ്ടു് കാര്യം നിർവ്വഹിക്കാമെങ്കിൽ സംസ്കൃതത്തെ ആശ്രയിക്കാൻ പോകരുതു്. മലയാളത്തിനു സംസ്കൃതാപേക്ഷ ഇരിക്കുന്നിടത്തോളം കാലം ആ ഭാഷയിൽ നൈപുണ്യം ഇച്ഛിക്കുന്നവർ കഴിയുന്നിടത്തോളം സംസ്കൃതത്തിൽ ഒരു സ്ഥൂലജ്ഞാനമെങ്കിലും സമ്പാദിക്കാൻ ശ്രമിക്കുന്നതു നന്നായിരിക്കും. പരിചയമില്ലാത്ത ദുർഘടസ്ഥലങ്ങളിൽ ചെന്നുകയറി തോന്നിയതുപോലെ സഞ്ചരിക്കുന്നതു് കരുതിവേണം. ഒരു *സംസ്കൃതശബ്ദം നല്ലവണ്ണം അറിഞ്ഞു് വേണ്ടും‌വണ്ണം പ്രയോഗിച്ചാൽ ഇഹലോകത്തും പരലോകത്തും അഭീഷ്ടസിദ്ധിയുണ്ടാകുമെന്നുള്ള അർത്ഥവാദം സംസ്കൃതപക്ഷപാതികളും, സംസ്കൃതത്തിലെ നിബന്ധനകൾക്കു മലയാളം എന്തിനുൾപ്പെടുന്നു എന്ന അഹംഭാവം ഭാഷാഭിമാനികളും ഉപേക്ഷിച്ചാൽ മലയാളഭാഷയ്ക്കു ശ്രേയസ്സായിരിക്കും.

  • ഏകഃ ശബ്ദഃ സ‌മ്യക്ജ്ഞാതഃ സുപ്രയുക്തഃ സ്വർഗ്ഗേ ലോകേ ചകാമഹുക് ഭവതി.


ഇനി തർക്കപ്പെട്ട ചില കേസുകൾ എടുത്തു വിചാരണ ചെയ്യാം. ചിലതിൽ തീരുമാനം ന്യായമല്ലെന്നു തർക്കിക്കുന്നവർ അപ്പീലിനു പൊയ്ക്കൊള്ളട്ടെ.

1. അഹോവൃത്തി : ഇതു സന്ധിയിൽ അഹർവൃത്തി എന്നു വേണ്ടതാണെങ്കിലും ഭാഷയിൽ സാധൂശബ്ദം തന്നെ. അഹോരാത്രം ഇത്യാദികളെപ്പോലെ സംസ്കൃതത്തിൽത്തന്നെ ഇപ്പദത്തെ

വ്യത്യസ്തങ്ങളുടെ കൂട്ടത്തിൽ ഗണിക്കാൻ മടി തോന്നുന്നില്ല.


2. മനോസാക്ഷിയും മനോസുഖവും : ഇതുകളെ സമ്മതിക്കാൻ മനസ്സാക്ഷി സമ്മതിക്കുന്നില്ല. മനസ്സുഖവും കുറയും. സംസ്കൃതപ്രകാരം അസാക്ഷി എന്നും അസുഖം എന്നും അർത്ഥം

വിപരീതമായി വരുന്നതിനാൽ ഇതു രണ്ടും ഗ്രാഹ്യങ്ങളല്ല.


3. സൂതികർമ്മണി : എനിക്കു രസിച്ചു; കഴുത്തിൽ ഒരു വള്ളികൂടി കെട്ടിയാൽ (കർമ്മിണി - എന്നാക്കിയാൽ) സംസ്കൃതക്കാരും സ്വീകരിച്ചുകൊള്ളും.


4. പ്രാധാന്യത: ഇതിനു പൌനരുക്ത്യദോഷമേ ഉള്ളു. ഇതു പ്രധാനതയും പ്രധാന്യവും കൂടി ഉരുക്കി വാർത്തതായിരിക്കണമെന്നു തോന്നുന്നു. പ്രാധാന്യം കൊണ്ടു തൃപ്തിപ്പെടാത്തവരാണു് പ്രാധാന്യതയ്ക്കു പോകുന്നതു്. സേനൈവസൈന്യം എന്ന മട്ടിൽ പ്രധാനമേവ പ്രാധാന്യം എന്നു കൽ‌പിച്ചു് സംസ്കൃതക്കാർക്കു് ഒരുവിധം സമാധാനപ്പെടാൻ മാർഗ്ഗമുണ്ടു്. ഭാഷയിൽ ഗുരുക്കന്മാർ ഇത്യാദികളിൽ ഇരട്ടിച്ച ബഹുവചനരൂപം കാണുന്നതുപോലെ ഇതു് ഇരട്ടിച്ച തന്മാത്രരൂപം എന്നും പറഞ്ഞുനിൽക്കാം. എങ്കിലും പ്രാധാന്യതയെ സ്വീകരിക്കുന്നപക്ഷം അക്കൂട്ടത്തിലുള്ള ദൌർബല്യത, വേഗത മുതലായ ഇരട്ടിപ്പുകളേയും സ്വീകരിക്കേണ്ടിവരും. അതിനാൽ പ്രസിദ്ധനായ ചന്തുമേനവൻ മുതലായ മഹത്തുക്കളുടെ കൃതികളിൽ‌പ്പോലും ചാടിവീണിട്ടുള്ള ഈവകപ്രയോഗങ്ങൾ അനുകരണീയങ്ങളല്ലെന്നു തള്ളുകയേ നിർവ്വാഹമുള്ളു. പ്രാധാന്യം, ദൌർബല്യം, വേഗം എന്നു ശരിയായ രൂപങ്ങളാണു് മിക്ക ദിക്കിലും കാണുന്നതു്. വ്യത്യസ്തമാക്കി പ്രയോഗിച്ചതുകൊണ്ടു് ഒരു മെച്ചം നേടേണ്ടതും കാണുന്നില്ല. ആകപ്പാടെ നോക്കുമ്പോൾ വിദ്യാർത്ഥികൾ സംസ്കൃതത്തിലെ ആർഷപ്രയോഗങ്ങളെപ്പോലെ ഇതുകളെ സബഹുമാനം ഉപേക്ഷിക്കയാണു് വേണ്ടതു്. “എന്തും ചെയ്യാം മഹതാം” ചന്തുമേനവന്റെ ഝളഝളായമാനമായ വാഗ്ദ്ധാടിയിൽ ഇതെന്നല്ല ഇതിലധികം വ്യത്യസ്തപ്രയോഗങ്ങളും നിലാവിൽ കളങ്കമാലിന്യമെന്നപോലെ തെളിയുകയില്ല. മോശക്കാരുടെ വാഗ്വിഡംബനയിലാകട്ടെ, കൂരിരുട്ടത്തുവെച്ച വിളക്കുപോലെ വിളങ്ങിക്കൊണ്ടിരിക്കും.


5. ക്രമീകരിക്ക : കരിക്ക എന്നതിനു് ഒന്നിനെ ഒരുവിധമാക്കിച്ചെയ്ക എന്നാണർത്ഥം. അതിനാൽ നാമവിശേഷണങ്ങളിൽ മാത്രമേ ‘കരിക്ക’ ചേർക്കാവൂ. ക്രമീകരിക്കയിൽ ‘ക്രമം’ നാമമാകയാൽ ഇതു യോജിക്കയില്ല. ‘ക്രമപ്പെടുത്തുക’ എന്നു മലയാളരൂപം കൊണ്ടു് ആവശ്യം സാധിക്കാമെന്നിരിക്കെ സംസ്കൃതമാവാൻ‌വേണ്ടി കരിച്ചു ചീത്തയാക്കുന്നതെന്തിനു്?

6. അധികരിക്കുക: അധികമാവുക എന്ന അർത്ഥത്തിലാണു് ഇങ്ങനെ ഒരു പദം സൃഷ്ടിച്ചുകാണുന്നതു്. എന്നാൽ ഇതിനു് അധികശബ്ദത്തോടു് യാതൊരു സംബന്ധവുമില്ല. ‘അധികാരം’ എന്ന നാമത്തിനെ ക്രിയാരൂപമാണിതു്. ഒരേ ധാതുവിനു് ക്രിയാരൂപത്തിൽ ഒരർത്ഥവും നാമരൂപത്തിൽ വേറെ ഒരർത്ഥവും കല്പിച്ചിട്ടാവശ്യമില്ല. അധികശബ്ദത്തോടു സംബന്ധമില്ലാത്തതിനാലും, ‘അധികപ്പെടുക’ എന്നു ശരിയായ രൂപംകൊണ്ടു തൃപ്തിപ്പെടാവുന്നതിനാലും അധികരിക്കുക സ്വീകാരയോഗ്യമല്ല.

7. ലൌകീകവും വൈദീകവും : ലൌകികത്തിലും വൈദികത്തിലും വിധായകത്വം വഹിക്കുന്നതിനു നമുക്കധികാരമില്ലെങ്കിലും ദീർഘം അനാവശ്യമാണെന്നു പറകയേ നിർവ്വാഹമുള്ളു. സംസ്കൃതത്തിലെ ദീർഘങ്ങളെ കുറുക്കുകയാണു് മലയാളത്തിൽ നടപ്പു്. തത്ഭവപ്രക്രിയയിലെ വിധികൾ നോക്കുക. മൂന്നക്ഷരമുള്ള ഒരു പദം മുഴുവൻ ദീർഘമായിരുന്നാൽ ഉള്ളതിലധികം ഉച്ചാരണസൌകര്യം; മദ്ധ്യസ്വരം ഹ്രസ്വമായിരുന്നാൽ ദീർഘം ചെയ്യുന്നതിനു് ഒരു ന്യായവും കാണുന്നില്ല.


8. അതിശയനീയം: അതിശയിക്കുക എന്ന ക്രിയയ്ക്കു വിസ്മയിക്ക എന്നു സംസ്കൃതത്തിലർത്ഥമില്ല; ഭാഷയിൽ എങ്ങനെയോ വന്നുചേർന്നതാണു്. അർത്ഥം മാറിയ സ്ഥിതിക്കു് ‘അനീയം’ എന്ന സംസ്കൃതത്തിലെ കൃത്യപ്രത്യയം ചേർക്കാമോ എന്നാണു ശങ്ക. അതിനു വിരോധമില്ലെന്നുതന്നെ വിധിക്കേണ്ടിയിരിക്കുന്നു. ധാതുവിനു് അർത്ഥം മാറുമ്പോൾ അതിനനുസരിച്ചുള്ള അർത്ഥഭേദം അതിൽനിന്നുതഭവിക്കുന്ന പദങ്ങൾക്കു് വരുന്നതിനു വിരോധമെന്തു്? അതിശയം എന്ന ഭാവരൂപത്തിനു വിസ്മയം എന്നർത്ഥം വരുന്നല്ലോ? അതുപോലെ കൃത്യപ്രത്യത്തിനും എന്നേയുള്ളു. രൂപനിഷ്പത്തിക്രമമെല്ലാം സംസ്കൃതപ്രകാരംതന്നെ അനുഷ്ഠിക്കയും അർത്ഥം മാത്രം മാറ്റുകയും ചെയ്യുന്നതിനു ഭാഷയ്ക്കധികാരമുണ്ടു്. ഇതുപോലെതന്നെ വ്യവഹരിക്കുക എന്ന ധാതുവിനു് അർത്ഥം മാറ്റീട്ടു വ്യവഹാരം, വ്യവഹാരി ഇത്യാദി രൂപങ്ങളെ ഉപയോഗിക്കാറുണ്ടു്.


9. നായികാനായകന്മാർ : സംസ്കൃതപ്രകാരം അസാധുവാണെങ്കിലും ഏകശേഷം എന്ന സമ്പ്രദായം ഭാഷയിലില്ലാത്തതിനാൽ ഈ പ്രയോഗത്തിനു യാതൊരാക്ഷേപവുമില്ല.


10. സ്വയം‌പരിഷ്കാരം: സ്വയം എന്ന ശബ്ദത്തിലെ അനുസ്വാരം ലോപിക്കാവുന്നതല്ല; സ്വയംഭൂ, സ്വയം‌പ്രകാശം ഇത്യാദി പദങ്ങൾ നോക്കുക. അതിനാൽ സ്വയം പരിഷ്കാരം തെറ്റാകുന്നു. സ്വയം ശബ്ദമെടുക്കാതെ സ്വശബ്ദമെടുത്താൽ ഈവക ശല്യമൊന്നുമില്ല. സ്വപരിഷ്കാരം, സ്വരക്ഷ, സ്വാഭിമാനം എന്നും മറ്റും ഉപയോഗിച്ചേച്ചാൽ ആർക്കും ആവലാതിക്കു വകയില്ല.


11. പാകത: ‘പാകം’ പോരെയോ എന്നാണിവിടെ സംസ്കൃതക്കാരനു തർക്കം. എന്നാൽ പാകശബ്ദം ധർമ്മപരമായിട്ടു വൈദികസംസ്കൃതത്തിൽ കാണുന്നുള്ളതിനാൽ പാകതയ്ക്കു് ഒരു ദോഷവുമില്ല.


12. അനുഭാവം, പ്രതിഭാവം : ഈ പദങ്ങളെ Sympathy, Antipathy എന്ന ഇംഗ്ലീഷിനു തർജ്ജിമയായി ചിലർ പ്രചരിപ്പിക്കാൻ ആരംഭിച്ചുകാണുന്നു. അനുഭാവശബ്ദത്തിനു സംസ്കൃതത്തിൽ മാഹാത്മ്യദ്യോതകമായ തേജോവിശേഷമെന്നാണർത്ഥം. ഈ അർത്ഥം അവലംബിച്ചു മലയാളത്തിലും മഹാനുഭാവൻ എന്ന പദം ഉപയോഗിക്കാറുണ്ടു്. ഉള്ളിലുദിക്കുന്ന കോപാദിവികാരങ്ങളുടെ ബാഹ്യചിഹ്നങ്ങൾ അല്ലെങ്കിൽ സ്തോഭങ്ങൾ എന്ന അർത്ഥത്തിലും ഇപ്പദം നടപ്പുണ്ടു്. ഇതിൽ ഒന്നാമത്തെ അർത്ഥം കുറിക്കാൻ ഭാഷയിൽ വേറെ പദമില്ലാത്തതിനാലും Sympathyഎന്ന ഇംഗ്ലീഷിനു ശരിയായിട്ടു് അനുകമ്പ എന്നു വേറെ പദമുള്ളതിനാലും അനുഭാവശബ്ദത്തിനു് അർത്ഥം മാറ്റാനുള്ള ആവശ്യം കാണുന്നില്ല. പ്രതിഭാവത്തിനാകട്ടെ വിവക്ഷിതാർത്ഥത്തിന്റെ പ്രതീതിപോലുമില്ല. അനുകമ്പയോടെതിർക്കാൻ പ്രതികമ്പയോ മറ്റോ ഒന്നു വേണമെന്നു നിർബ്ബന്ധവുമില്ലല്ലൊ.

13. ബന്ധിതൻ : ഇതിൽ സംസ്കൃതവൈയാകരണനും വളരെ ആക്ഷേപത്തിനൊന്നും വകയില്ല.


14. ജന്മേപി : ഇതൊരു വിചത്രസൃഷിയാണെങ്കിലും വളരെ അർത്ഥശക്തിയുള്ള വാചകമാണു്. സംസ്കൃതശുദ്ധിവാദികൾ എന്തുതന്നെ ശിക്ഷ വിധിച്ചാലും ഇതിനെ ഞാൻ ജന്മേപി ഉപേക്ഷിക്കയില്ല. സംസ്കൃതത്തിൽ ജന്മൻ എന്നു നകാരാന്തമായാലും ആ ഭാഷയിൽത്തന്നെ പ്രഥമൈകവചനത്തിൽ ‘ജന്മ’ എന്നു നകാരാലോപമുള്ളതിനാൽ ‘പ്രഥമൈകവചനം പ്രകൃതി’ എന്ന തത്ഭവപ്രക്രിയപ്രകാരം ഭാഷയിൽ ഇതു് അകാരാന്തമാണു്. പിന്നീടു് സംസ്കൃതസപ്തമ്യേകവചനരൂപം കൊടുത്തതിനാലാണു് സ്വാതന്ത്ര്യം കാണിച്ചതു്. അതു ഭാഷാഭേദംകൊണ്ടു ബലം വരുത്താനാണെന്നു സമാധാനപ്പെടാം. ‘ധാവതി’ എന്ന വർത്തമാനരൂപത്തിനു് ഓടി എന്നു ഭൂതാർത്ഥം വിവക്ഷിക്കുന്നതും ഇതുപോലെതന്നെ ഗ്രാഹ്യമാണു്. ‘മനസാ വാചാ’, ‘രൂപേണ’, ‘ഭാഗ്യവശാൽ’, ‘പ്രതിബന്ദ്യാ’, ‘ക്രമേണ’ ,‘ ഏവഞ്ച’, ‘പുനശ്ച’ ‘പ്രത്യുത’ ഇത്യാദി സംസ്കൃതവാചകങ്ങളും അവ്യയങ്ങളും ഭാഷയിൽ നടപ്പായിട്ടുണ്ടു്. ഇതുപോലെ വേറെയും തനി സംസ്കൃതം ചേർക്കുന്നതു് ഭാഷയ്ക്കു് അലങ്കാരമായിരിക്കും. ഇംഗ്ലീഷിൽ ലാറ്റിൻ, ഫ്രഞ്ച്, എന്ന ഭാഷകളിൽനിന്നു വാചകങ്ങളെടുക്കാറുള്ളതുപോലെ നമുക്കു സംസ്കൃതത്തിൽനിന്നും എടുക്കാൻ ന്യായമുണ്ടു്.


15. വയോധിക്യം: വയോധികൻ ശരിയാണെങ്കിലും വയോധിക്യം തെറ്റാണു്. പ്രായാധിക്യം എന്നു മലയാളം ഉപയോഗിക്കുന്നതു കൊള്ളാം.


16. ത്രാണനം: ത്രാണം എന്നു മതി. ത്രാണനം ഇരട്ടിപ്പാണു്. എന്നാൽ ഈ രൂപം എഴുത്തച്ഛൻ മുതലായവർ കൂടി ഉപയോഗിച്ചിട്ടുണ്ടു്. പ്രാധാന്യതയിലും മറ്റും അർത്ഥത്തിനേ ഇരട്ടിപ്പുള്ളു. അതിലും കടന്ന കൈയാണിതു്. പൂർവ്വപ്രയോഗങ്ങളെ സ്വീകരിക്കയും മേലാൽ പ്രയോഗിക്കാതിരിക്കയും ചെയ്താൽ കൊള്ളാമെന്നു തോന്നുന്നു.


സന്ധിനിർബന്ധം പദങ്ങളെ തുടരെച്ചേർത്തു ധാരാരൂപേണ ഉച്ചരിക്കണമെന്നുള്ള സംഹിതാനിർബ്ബന്ധം പ്രബലമായി അനുഷ്ഠിക്കുന്ന സംസ്കൃതത്തിൽ‌പ്പോലും ഗദ്യത്തിൽ പദങ്ങൾക്കു സന്ധി മനസ്സുപോലെ ചെയ്യാതിരിക്കാം എന്നു വിധിയുണ്ടു്. ഭാഷയിലാകട്ടെ പദാന്തസന്ധി സ്വരങ്ങൾക്കു തമ്മിലേയുള്ളു. പദമദ്ധ്യസന്ധി സർവ്വഭാഷകളിലും നിത്യമാകയാൽ മലയാളത്തിലും അങ്ങനെ തന്നെ. വാസ്തവം നോക്കുമ്പോൾ പ്രകൃതിപ്രത്യയവിഭാഗംകൊണ്ടു പദങ്ങളെ വിവരിക്കുന്നതു് വൈയാകരണന്റെ കൃത്രിമമെന്നേ വിചാരിപ്പാനുള്ളു. മറ്റുള്ളവർ അതു ഗണിക്കയില്ല. സമാസത്തിൽ ഏകപദത്വപ്രതീതിക്കുവേണ്ടി സന്ധി ആവശ്യമാണു്; ശ്ലോകത്തിലും വൃത്തബന്ധദാർഢ്യത്തിനുവേണ്ടി സന്ധി ചെയ്യണം. ഗദ്യങ്ങളിൽ സന്ധി വിട്ടു് എഴുതുന്നതുതന്നെ കൊള്ളാം. സംസ്കൃതത്തിൽ ‘പ്രകൃതിഭാവം’ എന്നു പറയുന്ന സന്ധിത്യാഗം ഭാഷയിലുമുണ്ടു്. ഈ അംശം കേരളപാണിനീയത്തിൽ എടുത്തു പ്രതിപാദിക്കാൻ വിട്ടുപോയതിനാൽ ഇവിടെ സംക്ഷേപിക്കാം:

1. നിപാതങ്ങളിലെ ദീർഘമായ അന്ത്യസ്വരം സന്ധിക്കു നിമിത്തമാകയില്ല.


ഉദാഹരണം:


എന്തോ ഏതോ ആരോ ഒക്കെ ഉത്സാഹിച്ചു - ഇവിടെ ‘ഒ’ എന്നു ചേർന്നു സന്ധിയില്ല.


ഉണ്ടോ ഇല്ലയോ എന്നു ചോദിച്ചു - ടി


നീ ചൊന്നാലേ അവൻ വരൂ - ടി ‘എ’ ടി


എടാ അസത്തേ!


എടീ അധികപ്രസംഗീ!


എടോ അമാന്തക്കാരാ!


2. പേരെച്ചപ്രത്യയമായ അകാരവും സമാസമില്ലെങ്കിൽ പരസ്വരത്തോടു സന്ധിക്കയില്ല.


ഉദാഹരണം: സത്യമായ ഒരു വാക്കു്; ദിവാൻ എന്ന ഉദ്യോഗം; ചത്തുപോയ ആൾ; വിദ്വാൻ എന്നുള്ള അഹംഭാവം.


പദ്യത്തിൽ സന്ധിനിർബ്ബന്ധമുള്ളതിനാൽ ഈമാതിരി പ്രയോഗങ്ങൾക്കു് അംഭംഗി തോന്നും. അതിനാൽ ‘സത്യമായൊരു വാക്കു്’ എന്നു് ‘ഒരു’ കൂട്ടിച്ചേർക്കയോ ‘വിദ്വാനെന്നുള്ളഹംഭാവം’ എന്നു് അകാരം ലോപിപ്പിക്കയോ വേണം. പദ്യങ്ങളിൽ പലേടത്തും ഇതുപോലെ സന്ധി ഭംഗിയാക്കേണ്ടിവരും.


3. ഏതു പദത്തെ ഉറപ്പോടുകൂടി ഉച്ചരിച്ചു വേർതിരിച്ചു കാണിക്കണമെന്നു വിവക്ഷിതമോ ആ പദത്തേയും സന്ധികൊണ്ടു ചേർക്കരുതു്.

ഉദാഹരണം: ശങ്കു എവിടെ; നാണു എങ്ങോട്ടു പോയി; നാണി എന്നവൾ.


4. വിശേഷണവിശേഷ്യഭാവംകൊണ്ടും മറ്റും അടുത്തു് അന്വയിക്കുന്ന പദങ്ങളെ മാത്രമേ ഗദ്യത്തിൽ സന്ധിചേർത്തെഴുതേണ്ടു.

ഉദാഹരണം:

നീ ഇനി ഇങ്ങനെ എത്ര അസത്യം പറയും?

ഇവിടെ സന്ധി ചേർത്തു് നീയിനിയിങ്ങനെയെത്രയസത്യം പറയും? എന്നാക്കീട്ടാവശ്യമില്ല.

"https://ml.wikisource.org/w/index.php?title=സാഹിത്യസാഹ്യം/ശൈലികൾ&oldid=53720" എന്ന താളിൽനിന്ന് ശേഖരിച്ചത്