സാഹിത്യസാഹ്യം/വാക്യം - വാക്യശുദ്ധി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
സാഹിത്യസാഹ്യം
രചന:എ.ആർ. രാജരാജവർമ്മ
വാക്യം - വാക്യശുദ്ധി


സ്വരൂപം:

തെങ്ങു്, കമുകു് മുതലായതുപോലെ വൃക്ഷങ്ങളിൽ ചിലതു് ഒറ്റത്തടിയായിട്ടും മാവു്, പിലാവു് മുതലായതുപോലെ മറ്റു ചിലതു് ഒറ്റത്തടിയായിവന്നു് ശാഖോപശാഖകളായി പിരിഞ്ഞും, ആ വർഗ്ഗത്തിൽത്തന്നെ ചിലതു് അടിമുതൽ പല കവരങ്ങളായിട്ടും കാണുന്നു. വാക്യങ്ങളുടെ സ്വരൂപവും ഇതുപോലെ മൂന്നുവിധത്തിലുണ്ടു്. അംഗാംഗീഭാവമില്ലാതെ ഒറ്റയായി നീണ്ടുപോകുന്ന വാക്യം ചൂർണ്ണിക; പല അംഗവാക്യങ്ങളായി പിരിയുന്നതു സങ്കീർണ്ണകം; അംഗാംഗീഭാവം കൂടാതെ പ്രധാനമായിത്തന്നെ പല പിരിവുകളുള്ളതു മഹാവാക്യം. ഓരോന്നിനും ഉദാഹരണം:


1. പ്രഭാതത്തിൽ പക്ഷികൾ ഉണർന്നു പാടുന്നു

2. എണ്ണയ്ക്കു വെള്ളത്തേക്കാൾ കനം കുറയും -ചൂർണ്ണിക.


1. മഴ പെയ്താൽ വിളവു വർദ്ധിക്കും.

2. ‘ജ്യേഷ്ഠനിരിക്കവെക്കുരുവംശത്തിൽ ശ്രേഷ്ഠൻ ഞാനെന്നവനുടെ ഭാവം’ - സങ്കീർണ്ണകം


1. ഇക്കാലത്തു വിദ്യാഭ്യാസത്തിനു വളരെ അഭിവൃദ്ധിയുണ്ടു; എന്നാൽ മതവിശ്വാസത്തിനു് അത്രയും കുറവുമുണ്ടു്.

2. ‘വിജ്ഞന്മാരഭിനന്ദിച്ചേ വിജ്ഞാനം സാധുവായ്‌വരൂ. നല്ല ശിക്ഷ കഴിച്ചോർക്കുമില്ല വിശ്വാസമാത്മനി.’ --- മഹാവാക്യം.

ഈ മൂന്നുവിധം വാക്യങ്ങൾക്കും അതാതുപയോഗമുണ്ടു്. വാക്യരൂപേണ ആണല്ലൊ നമ്മുടെ ഹൃദയത്തിലിരിക്കുന്ന ആശയങ്ങൾ വെളിയിലേക്കു പുറപ്പെടുന്നതു്. ആശയത്തിന്റെ സ്വഭാവം അനുസരിച്ചുവേണം, അതിനാൽ വാക്യത്തിന്റെ സ്വരൂപം. അതിലഘുവായ ആശയത്തെ വെളിപ്പെടുത്തുന്നതിനു ചൂർണ്ണികയും വ്യാമിശ്രമായതിനു സങ്കീർണ്ണകവും നാനാമുഖമായി നീണ്ടുപോകുന്നതിനു മഹാവാക്യവും ഉചിതമായിരിക്കും. അതൊരു സാമാന്യനിയമം എന്നേ ഉള്ളു. വേറെയും ഇവയ്ക്കു പല വിനിയോഗങ്ങളുമുണ്ടു്; അതെല്ലാം പരിചയംകൊണ്ടു ഗ്രഹിക്കേണ്ടതാകുന്നു. വിവരണങ്ങളുടെയും മറ്റും ഉപസംഹാരത്തിൽ ചൂർണ്ണിക വളരെ ശോഭിക്കും; വ്യാകുലമായി ചിതറിക്കിടക്കുന്ന സംഗതികളെ കൂട്ടിപ്പിടിച്ചു സംഗ്രഹിക്കുന്നതിനു് സങ്കീർണ്ണകം ഉതകും; ലക്ഷണം ചെയ്യുന്നതിനും മറ്റും മഹാകാവ്യം നന്നു്.

ബന്ധം:

ബന്ധം അല്ലെങ്കിൽ കെട്ടുപാടു പ്രമാണിച്ചു് വാക്യം രണ്ടുവിധമുണ്ടു്; ഗാഢമെന്നും ശിഥിലമെന്നും. ഇടയ്ക്കൊരിടത്തും നിലച്ചുപോകാതെ കടശിവരെ ആകാംക്ഷ തുടർന്നു നിക്കത്തക്കവിധമുള്ള ബന്ധം ഗാഢം; ഇതിനു വിപരീതമായി മദ്ധ്യേ പലേടത്തും അന്വയപൂർത്തി വരാവുന്നവിധം ഏച്ചുകെട്ടി വലിച്ചുനീട്ടിയിട്ടുള്ളതു ശിഥിലം. ഈ വകുപ്പിലെ ആദ്യത്തെ വാക്യം തന്നെ ശിഥിലബന്ധത്തിനുദാഹരണമാകുന്നു. ‘വാക്യം രണ്ടുവിധമുണ്ടു്.’ എന്ന ദിക്കിൽ ആകാംക്ഷ ശമിക്കയാൽ വാക്യം നിന്നുപോകുന്നു. ‘ഗാഢമെന്നും ശിഥിലമെന്നും’ എന്നുള്ള ശേഷം ഭാഗം ഏച്ചുകെട്ടിയതാണെന്നു സ്പഷ്ടമാകുന്നു. ‘ബന്ധം അല്ലെങ്കിൽ കെട്ടുപാടു പ്രമാണിച്ചു ഗാഢമെന്നും ശിഥിലമെന്നും വാക്യം രണ്ടുവിധമുണ്ടു്’ എന്നു മാറ്റിയാൽ അവസാനംവരെ ആകാംക്ഷ ശമിക്കാതെ നിന്നാൽ ബന്ധം ഗാഢമാകും. നിലച്ചുപോയ ആകാംക്ഷയെ കുത്തിപ്പൊക്കേണ്ടിവരുന്ന അവസ്ഥയ്ക്കു്, ഉത്ഥ്യാപ്യാകാംക്ഷ എന്നു സംസ്കൃതാലങ്കാരികന്മാർ ചെയ്തിട്ടുള്ള പേർ സ്വീകരിക്കുന്ന പക്ഷം ഉത്ഥ്യാപ്യാകാംക്ഷയുള്ള ബന്ധം ശിഥിലം, ഇല്ലാത്തതു ഗാഢം എന്നും ലക്ഷണം രേഖപ്പെടുത്താം. ബന്ധശൈഥില്യം അസ്വാരസ്യകാരണമാകുന്നു. ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കുമെന്നു പ്രസിദ്ധമാണല്ലോ.

മലയാളത്തിലെ വാക്യസ്വരൂപം നോക്കുമ്പോൾ ശിഥിലബന്ധത്തിനു് ഏറെ വകയില്ല. ‘മുറ്റുവിന’ എന്നു വ്യാകരണത്തിൽ പറയുന്ന പ്രധാനക്രിയാപദം കൊണ്ടാണു് പ്രായേണ മലയാളത്തിൽ വാക്യാവസാനം; പ്രധാന ക്രിയാപദം കൊണ്ടാണു് ആകാംക്ഷാപൂർത്തിയും വരുന്നതു്. ‘ഹനുമാൻ സീതയെക്കണ്ടു’ എന്ന മട്ടിൽ വാക്യത്തിലെ പദക്രമം കർത്താ, കർമ്മം, ക്രിയാപദം എന്നാകയാൽ ക്രിയാപദം പ്രയോഗിച്ചതിനുമേൽ വിശേഷണങ്ങൾ ചേർപ്പാനേ അവകാശമില്ല. എന്നാൽ ഭാഷയിലും ബന്ധശൈഥില്യത്തിനു വേറെ മാർഗ്ഗങ്ങൾ ഉണ്ടു്. വാക്യം നിറുത്താവുന്നിടത്തു നിറുത്താതെ ‘ഉം’ എന്ന സമുച്ചയനിപാതവും ‘ഓ’ എന്ന വികല്പനിപാതവും കൊണ്ടു നീട്ടിയാലും ശൈഥില്യപ്രതീതിക്കും കുറവില്ല. മലയാളത്തിൽ ക്രിയാസമുച്ചയം മറ്റു ഭാഷകളിലെപ്പോലെ അല്ല. എത്ര ക്രിയകളേയും കർത്തൃകർമ്മാദികാരകങ്ങളെല്ലാം വേറെ വേറെ ആയിരുന്നാലും കൂട്ടിച്ചേർക്കുന്നതിനു് അതിൽ സൌകര്യവിശേഷമുണ്ടു്. ക്രിയാസമുച്ചയത്തെപ്പറ്റി കേരളപാണിനീയത്തിൽ പറഞ്ഞിരിക്കുന്നതു നോക്കുക. ക്രിയാപദങ്ങളെ എല്ലാം നടുവിനയെച്ചരൂപത്തിലാക്കി ‘ഉം’ കൊണ്ടു് കൂട്ടിച്ചേർത്തു് ഒടുവിൽ ‘ചെയ്ക’ , ‘ഉണ്ടാകുക’ മുതലായ സാമാന്യക്രിയകളെ അനുപ്രയോഗിക്കുന്നതുകൊണ്ടു് അനേകം വാക്യങ്ങളെ ഒന്നുചേർത്തു് ഒരു മഹാകാവ്യമാക്കുന്നതിനു് ഒട്ടും പ്രയാസമില്ല. മഹാഭാരതകഥ മുഴുവനും വേണമെങ്കിൽ ഒരു ഒറ്റ വാക്യത്തിനുള്ളിൽ തള്ളിക്കയറ്റാം.

ജ്യേഷ്ഠാനുജന്മാരായ പാണ്ഡുധൃതരാഷ്ട്രന്മാരുടെ പുത്രരായ പഞ്ചപാണ്ഡവരും ദുര്യോധനാദി നൂറ്റുപേരും ബാല്യത്തിൽത്തന്നെ കലഹിക്കയും, ദുഷ്ടനായ ദുര്യോധനൻ പാണ്ഡവരുടെ നല്ലനടത്തയിലും കീർത്തിയിലും അസൂയപ്പെടുകയും, ഒടുവിൽ രാജാവായ ധൃതരാഷ്ട്രർ ഇരുകൂട്ടർക്കും രാജ്യം വിഭജിച്ചുകൊടുത്തു വെവ്വേറെ താമസിപ്പിക്കയും, അതിലും അസഹനനായ ദുര്യോധനൻ തൃപ്തിപ്പെടാതെ പാണ്ഡവരെ അരക്കില്ലത്തിലിട്ടു കൊല്ലാൻ നോക്കി ഫലിക്കാതിരിക്കയും, പാണ്ഡവർ രക്ഷപ്പെട്ടു് പാഞ്ചാലീവിവാഹാനന്തരം രാജ്യഭാരം ലഭിച്ചു രാജസൂയം നടത്തുകയും, ദുര്യോധനൻ അവരുടെ രാജ്യശ്രീ പൊറുക്കാതെ കള്ളച്ചൂതിൽ അവരെ ജയിച്ചു കാട്ടിലേയ്ക്കയയ്ക്കുകയും... പരിണാമത്തിൽ പാണ്ഡവന്മാർ ഭാരതയുദ്ധത്തിൽ നൂറ്റുപേരെ എല്ലാം വധിച്ചു് രാജ്യം വാഴുകയും ഉണ്ടായി.

ഇതിൽ കലഹിക്ക, അസൂയപ്പെടുക മുതലായ ഏതു നടുവിനയെച്ചത്തേയും പൂർണ്ണക്രിയയാക്കി വാക്യം നിർത്താവുന്നതാകുന്നു. അങ്ങനെ ചെയ്യാത്തതുകൊണ്ടു് ഏച്ചുകെട്ടിയാലുള്ള അംഭംഗി മാത്രമല്ല, വേറെ ദോഷങ്ങളുമുണ്ടു്. വാക്യങ്ങൾക്കുള്ള പരസ്പരബന്ധം പലവിധമായിരിക്കും. ചിലേടത്തു് പൌർവ്വാപര്യം, മറ്റു ചിലേടത്തു് വിരോധം, അന്യത്ര കാര്യകാരണഭാവം ഇത്യാദി. ഓരോ സംബന്ധവും കാണിക്കുന്നതിനു വേറെ വേറെ ഘടകങ്ങളുമുണ്ടു് ---എന്നിട്ടു് പൌർവ്വാപര്യം ദ്യോതിപ്പിക്കുന്നു; എന്നാൽ വിരോധം; അതിനാൽ കാര്യകാരണഭാവം ഇത്യാദി ‘ഉം’ എന്ന നിപാതംകൊണ്ടു വാക്യങ്ങളെ ചേർക്കുമ്പോൾ ഈ സംബന്ധഭേദങ്ങളെ വേർതിരിച്ചു കാണിക്കാൻ നിർവ്വാഹമില്ല. അനുക്രമംകൊണ്ടു പൌർവ്വാപര്യസംബന്ധം മാത്രം പ്രകാശിപ്പിക്കാം. അപ്പോൾ ‘ഉം’ കൊണ്ടു ചേർക്കുന്ന സമുച്ചയവാക്യത്തിനുള്ള അസ്വാരസ്യം, പഠിത്തമില്ലാത്തവർ, കഥാകഥനത്തിൽ ‘എന്നിട്ടു്’, ‘എന്നിട്ടു്’ എന്നു് ഓരോ വാക്യത്തിനും മദ്ധ്യേ ആവർത്തിക്കുമ്പോൾ തോന്നുന്ന വൈരസ്യത്തിനു തുല്യമാകുന്നു.

സമുച്ചയവാക്യത്തിനു് ഇത്രത്തോളം ദോഷങ്ങളും അഭംഗിയും ഉണ്ടെന്നുവരികിലും കാര്യസംബന്ധമായ എഴുത്തുകുത്തുകളിൽ ഈ മാതിരി വാക്യങ്ങൾക്കു് എങ്ങനെയോ പ്രാധാന്യം ലഭിച്ചുകാണുന്നു. കോടതിക്കാർക്കും കച്ചേരിക്കാർക്കും ഇതിൽ വലിയ പക്ഷപാതമുണ്ടു്. ഒരു ഹർജിയോ ഉത്തരവോ എഴുതുന്നതു് ഒറ്റവാക്യത്തിലാകാഞ്ഞാൽ കാര്യത്തിനു ഗൌരവം കുറഞ്ഞുപോകുമെന്നാണു് അവർ വിചാരിക്കുന്നതെന്നു തോന്നുന്നു. ഈ മിഥ്യാഗൌരവത്തിനുവേണ്ടി വലിച്ചുനീട്ടുമ്പോൾ വാക്യത്തിന്റെ ചില ഭാഗങ്ങൾക്കു് അന്വയമില്ലാതെ പോയാലും അവർ വകവെയ്ക്കറില്ല. എത്രത്തോളം വാക്യം നീട്ടാമോ അത്രത്തോളം എഴുത്തുകാരന്റെ കാര്യസ്ഥത വെളിപ്പെടുമെന്നാണു് അവരുടെ ഭാവം. കാര്യങ്ങളുടെ ഗൌരവലാഘവങ്ങളെപ്പറ്റി അഭിപ്രായം പറയാൻ നമുക്കവകാശമില്ല; എങ്കിലും അന്വയമില്ലാതെ വാക്യമെഴുതുന്നതിനു തങ്ങൾക്കു് അധികാരമുണ്ടെന്നു് അധികാരികൾ നടിച്ചാൽ എതിർവാദം പുറപ്പെടുവിക്കാതിരിക്കാൻ നമുക്കും ക്ഷമ വരുന്നില്ല. സംസ്കൃതഗദ്യകാരന്മാർ ഓജസ്സിനുവേണ്ടി ദീർഘദീർഘസമാസങ്ങളെ കെട്ടിച്ചേർക്കുന്നതുപോലെയാണു് ഭാഷയിലെ വാചകമെഴുത്തുകാർ. കാര്യസ്ഥതയ്ക്കുവേണ്ടി വാക്യങ്ങളെ നിറുത്താവുന്ന ഘട്ടത്തിൽ നിറുത്താതെ നീട്ടുന്നതു്. വിദ്യാർത്ഥികൾ ഈവക ആർഭാടങ്ങളിൽ ഭ്രമിക്കരുതു്.

സന്ധാനം:

ഒരു ചങ്ങലയിൽ കണ്ണികൾക്കുള്ള നിലയാണു് ഒരു ഖണ്ഡികയിൽ വാക്യങ്ങൾക്കുള്ളതു്. കണ്ണികൾ തൊടുത്തുയോജിച്ചു നിൽക്കാഞ്ഞാൽ ചങ്ങല ദുർബലമായിപ്പോകുമ്പോലെ വാക്യങ്ങൾ അർത്ഥയോജിപ്പുകൊണ്ടു് കൂട്ടിവിളക്കിയ മട്ടിൽ ഘടിക്കാഞ്ഞാൽ വകുപ്പും ദുർബലമായിപ്പോകും. പദങ്ങളുടെ അവയവങ്ങളായ പ്രകൃതിപ്രത്യയാഗമങ്ങളെ സന്ധികൊണ്ടു യോജിപ്പിക്കാതെ പഠി -പ്പി- ക്ക- ഉന്നു എന്ന മട്ടിൽ ഉച്ചരിച്ചാൽ കാതിനു് എത്ര ദുസ്സഹത തോന്നുമോ അത്രയും വാക്യങ്ങളെ സന്ധാനംകൊണ്ടു് അർത്ഥയോജന വരുത്താതെ പ്രയോഗിച്ചാൽ മനസ്സിനും തോന്നും. അതിനാൽ സന്ധാനം എന്നാൽ വാക്യങ്ങൾക്കു തങ്ങളിലുള്ള അർത്ഥയോജനയാകുന്നു. വാക്യത്തിൽ പദങ്ങൾക്കുള്ള പ്രസ്പരസംബന്ധം അന്വയം; വകുപ്പിൽ വാക്യങ്ങൾക്കുള്ളതു സന്ധാനം. ഇതുപോലെ ഗ്രന്ഥത്തിൽ ഖണ്ഡികകൾക്കും പരസ്പരസംബന്ധം ഉണ്ടായിരിക്കണം. അതിനു പ്രത്യേകിച്ചൊരു പേർ ചെയ്തിട്ടാവശ്യമില്ല. ഖണ്ഡികകളുടെ പരസ്പരസംബന്ധത്തിനു് ‘സന്ധാനം’ എന്ന പേർ തന്നെ മതിയാകും. ആകക്കൂടെ ‘സന്ധാനം’ എന്നാൽ പൂർവ്വാപരസംബന്ധം എന്നു താല്പര്യം.

സന്ധാനം കാണിക്കുന്നതു ഘടകങ്ങളെക്കൊണ്ടും സർവ്വനാമങ്ങളെക്കൊണ്ടും ആകുന്നു. ഘടകങ്ങളുടെ അർത്ഥവിശേഷങ്ങളെപ്പറ്റി മുൻ‌വകുപ്പിൽ പ്രസ്താവിച്ചിട്ടുള്ളതു നോക്കുക. താഴെ കൊടുത്തിരിക്കുന്ന വാക്യങ്ങളിൽ സന്ധാനം ചെയ്യുന്ന ഘടകങ്ങളേയും സർവ്വനാമങ്ങളേയും അക്ഷരഭേദം ചെയ്തു കാണിച്ചിരിക്കുന്നു:

ക്ലൈവിന്റെ വരുതിയിൽ 200 ഇംഗ്ലീഷ് ഭടന്മാരും പാശ്ചാത്യരീതിയിൽ ശിക്ഷിതന്മാരായ 300 ശിപായിമാരും വിട്ടുകൊടുക്കപ്പെട്ടു. ഈ ചെറിയ പട്ടാളത്തിൽ ചേർന്നിരുന്ന എട്ടു് ഉദ്യോഗസ്ഥന്മാരിൽ രണ്ടുപേർ മാത്രമേ ഒരു സമരാങ്കണത്തിൽ പ്രവേശിച്ചിട്ടുള്ളവരായിട്ടുണ്ടായിരുന്നുള്ളു. നാലുപേർ ക്ലൈവിന്റെ ഉത്സാഹശക്തികൊണ്ടു് തദനുയായികളായി പുറപ്പെട്ട കച്ചവടക്കാരായിരുന്നു. കാലം അപ്പോൾ വർഷർത്തുവായിരുന്നു. എന്നാൽ ക്ലൈവു് ഇടിയും മിന്നലും മാരിയും സഹിച്ചുകൊണ്ടു് ആർക്കാട്ടു കോട്ടവാതിലിൽ എത്തി പ്രാകാരരക്ഷകന്മാർ ഭയാന്ധന്മാരായിട്ടു കോട്ടയെ ഉപേക്ഷിക്കയും ക്ലൈവിന്റെ സൈന്യം അനായാസേന അകത്തു പ്രവേശിക്കയും ചെയ്തു.

എന്നാൽ ശത്രുക്കൾ ഉദാസീനന്മാരായിരിക്കയില്ലെന്നു ക്ലൈവിനു നല്ല ഉറപ്പുണ്ടായിരുന്നു. അയാൾ ഉടൻ തന്നെ ഭക്ഷ്യസാധനങ്ങൾ ശേഖരിക്കാനും, കോട്ട ബലപ്പെടുത്താനും, ഒരു ഉപരോധമുണ്ടാകുന്ന പക്ഷം തടുത്തുനിൽക്കാനും വേണ്ട ഒരുക്കങ്ങൾ ആരംഭിച്ചു. അപ്പോൾ പലായിതന്മാരായ പ്രാകാരരക്ഷികൾ ധൈര്യപ്പെട്ടു് അടുത്തദേശങ്ങളിൽനിന്നു മൂവായിരത്തോളം ഭടന്മാരെ ശേഖരിച്ചുകൊണ്ടു് പ്രബലന്മാരായി തിരിയെ വന്നു് ആ പട്ടണത്തിന്റെ സമീപത്തു കൂടാരം അടിച്ചു. അർദ്ധരാത്രിസമയം ക്ലൈവു് കോട്ടയ്ക്കുള്ളിൽനിന്നു് ഇറങ്ങി ഝടിതിയായി ശത്രുസൈന്യത്തെ ആക്രമിച്ചു് അനേകം ഭടന്മാരെ നിഗ്രഹിക്കയും, ശേഷിച്ചവരെ കാന്ദിശീകന്മാരാക്കി ഓടിക്കയും അക്ഷതമായ നിജസന്യത്തെ തിരിച്ചു കോട്ടയ്ക്കകത്തു കൊണ്ടുപോരുകയും ചെയ്തു.

ഈ സംഗതികളെല്ലാം ഫ്രഞ്ചുകാർ ഒരുമിച്ചു് തൃച്ചിനാപ്പള്ളിയെ ഉപരോധിച്ചിച്ചുകൊണ്ടു താമസിച്ചിരുന്ന ചന്ദാസാഹേബ്ബിനു് ഉടൻ അറിവുകിട്ടി. അയാൾ തൽക്ഷണം നിജസന്യത്തിൽനിന്നു നാലായിരം യോധന്മാരെ ആർക്കാട്ടിലേക്കു് അയച്ചു. അവർ ഉടൻ‌തന്നെ ക്ലൈവിനാൽ ഹതശേഷമായ സൈന്യത്തോടു സംഗമിച്ചു. ആ സൈന്യം പിന്നീടു് വെല്ലൂരിൽ നിന്നുവന്ന രണ്ടായിരം ഭടന്മാരാലും പാണ്ടിച്ചേരിയിൽനിന്നു ഡ്യൂപ്ലേ അയച്ചുകൊടുത്ത നൂറ്റമ്പതു ഫ്രഞ്ചുയോധന്മാരാലും പോഷിപ്പിക്കപ്പെട്ടു. ഉദ്ദേശം പതിനായിരം ഭടന്മാരാൽ ഉപകല്പിതമായ ഈ മഹാസൈന്യം ചന്ദാസാഹേബ്ബിന്റെ പുത്രനായ രാജാസാഹേബ്ബിന്റെ വരുതിയിൽ യുദ്ധയാത്ര ആരംഭിച്ചു.

പരസ്പരബന്ധമില്ലാത്ത വാക്യസമൂഹം അസംബന്ധമായിരിക്കും.

അതിനുദാഹരണം:

“കായംകുളത്തല്ലോ കടുവായും പുലിയും പെറ്റു

മൂടിക്കിടന്നോരു മുതുകൈയൻ പറന്നേ പോയി;

ഗോപുരം നീങ്ങി രണ്ടീച്ച ചത്തു

വയ്ക്കത്തൊരച്ചിക്കു മീശ വന്നു.”


ഇതു് കടന്നകൈക്കുള്ള അസംബന്ധമാണു്; വാക്യങ്ങൾ തങ്ങളിൽ യോജിക്കാതിരുന്നാൽ തോന്നുന്ന അസ്വാരസ്യത്തിന്റെ സ്വഭാവം കാണിക്കാൻ മാത്രം വേണ്ടി ഈ പംക്തികളെ ഉദ്ധരിച്ചുവെന്നേയുള്ളു.

വൈചിത്ര്യം :

തിരുവനന്തപുരത്തുനിന്നു തിരൂപ്പാണ്ടിവരെ ജലയാത്രയ്ക്കു മാർഗ്ഗമുണ്ടു്. ഈ വഴി മുഴുവനും ഒരേ തോടും കരയ്ക്കുള്ള കാഴ്ചയെല്ലാം ഒരേവിധവും ആയിരുന്നാൽ യാത്രക്കാരുടെ കണ്ണിനു വളരെ മുഷിച്ചിലുണ്ടാകുമായിരുന്നു. നിത്യവും ഊണിനുള്ള വട്ടം ഒരേവിധവും കറികളുടെ സ്വാദു് ഒരേ മട്ടിലും ഇരുന്നാൽ ഊണിനു രസം തോന്നുകയില്ല. ഇതുപോലെ ഒരു ഖണ്ഡികയിലെ വാക്യങ്ങളുടെ ഗതി മാറി മാറി വരാഞ്ഞാൽ വായിക്കുന്നവർക്കു ദുസ്സഹത തോന്നും. അതിനാൽ വാക്യങ്ങളെ ഗ്രഥിക്കുന്നതു് പല ഭംഗികളിൽ വേണം. ഇതാണു് വൈചിത്ര്യത്തിന്റെ സ്വഭാവം.

ഇംഗ്ലണ്ടു് എന്നൊരു രാജ്യമുണ്ടു്. അവിടത്തുകാർക്കു കൈത്തൊഴിലിലും കച്ചവടത്തിലും അനിതരസാധാരണമായ സാമർത്ഥ്യം ഉണ്ടു്. അദ്ദേശത്തെ രാജാവിനു് ഭൂമിയുടെ എല്ലാ ഖണ്ഡങ്ങളിലും രാജ്യമുണ്ടു്. അവിടെ പാർലിമെന്റ് എന്നൊരു മഹാസഭയുണ്ടു്. ഈ സഭയ്ക്കു സകല രാജ്യകാര്യങ്ങളേയും സ്വേച്ഛപോലെ നടത്താൻ അധികാരമുണ്ടു്.

ഇങ്ങനെ ഒരു ഖണ്ഡിക എഴുതിയാൽ എത്ര മുഷിയും എന്നു പറയേണ്ടതില്ലല്ലൊ. ഇനി വാക്യങ്ങളുടെ ശയ്യ മാറ്റിനോക്കാം:

ഇംഗ്ലണ്ടു് എന്നൊരു രാജ്യമുണ്ടു്. അവിടത്തുകാർ കൈത്തൊഴിലിലും കച്ചവടത്തിലും അനിതരസാധാരണമായ സാമർത്ഥ്യം സമ്പാദിച്ചവരാണു്. അദ്ദേശത്തെ രാജാവിനു (സ്വല്പമെങ്കിലും) രാജ്യം ലഭിക്കാതെ ഒരു ഭൂഖണ്ഡവുമില്ല. അവിടെ പാർലിമെന്റു് എന്നൊരു മഹാസഭയുണ്ടു്. ഈ സഭ സകല രാജ്യകാര്യങ്ങളേയും സ്വേച്ഛപോലെ നടത്താനുള്ള അധികാരം വഹിക്കുന്നു.

ഇപ്പോൾ വാക്യങ്ങളുടെ രൂപം മാറി മാറി വരികയാൽ മുമ്പിൽ തോന്നിയ മുഷിച്ചിലിനു് ഇടയില്ല. ഉണ്ടു്, ഇല്ല, അല്ല, ആകുന്നു, ആണു്, അത്രെ, വേണം, ആക്കം, ആകട്ടെ, ആം, അരുതു്, ചെയ്യുന്നു, ചെയ്തു, ചെയ്യും ഇത്യാദി ക്രിയാരൂപങ്ങളെ ഇടകലർന്നു പ്രയോഗിച്ചാൽ വൈചിത്ര്യം ഉണ്ടായിരിക്കും. കാര്യസ്ഥന്മാർ വാക്യങ്ങളെ എല്ലാം ‘ആകുന്നു’ എന്നു് ശ്രമപ്പെട്ടുകാണാറുണ്ടു്. ഇതും സമുച്ചയവാക്യം നീട്ടുന്ന കൂട്ടത്തിൽ അനുകരണയോഗ്യമല്ലാത്ത അവരുടെ ഒരു ശയ്യ ആകുന്നു. ‘ബി- പ്രമാണത്തിലെ ഈ വാചകംകൊണ്ടു് ഇക്കേസിന്റെ സത്യാവസ്ഥ വ്യക്തമാകും’ എന്നു പറഞ്ഞാൽ അവർക്കു തൃപ്തിയില്ല. ‘വ്യക്തമാകുന്നതാകുന്നു’ എന്നു വളച്ചുകെട്ടിയാലേ മതിയാകയുള്ളു.

വാക്യത്തിന്റെ ഗതി ഒന്നുപോലെ എകരൂപമായിരിക്കാതെ മാറി മാറി വരുന്നതിനുള്ള വൈചിത്ര്യത്തെപ്പറ്റിയാണു് ഇതുവരെ പ്രസ്താവിച്ചതു്. ഇതിനു ശയ്യാവൈചിത്ര്യം എന്നു പേർ ചെയ്യാം. ഇനി വാക്യത്തിന്റെ ഗ്രഥനത്തിൽത്തന്നെ ചെയ്യാവുന്ന ഭംഗിവൈചിത്ര്യങ്ങളെ വിവരിക്കാം: ചൂർണ്ണിക, സങ്കീർണ്ണകം, മഹാവാക്യം എന്നു മൂന്നുവകയായും ഗാഢബന്ധം, ശ്ലഥബന്ധം എന്നു രണ്ടുവകയായും വിഭജിച്ചിട്ടുള്ള വാക്യങ്ങളെ ഇടകലർത്തി പ്രയോഗിക്കുന്നതുകൊണ്ടു് ഒരു ഭംഗിവൈചിത്ര്യമുണ്ടാകാം. എന്നാൽ ഈ ഭംഗിവൈചിത്ര്യം ശയ്യാവൈചിത്ര്യത്തോളം പ്രധാനമല്ല. ചൂർണ്ണികാദികൾ അഞ്ചെട്ടെണ്ണം തുടർന്നു വന്നാലെ അസ്വാരസ്യം തോന്നുകയുള്ളു. ഒരു ഖണ്ഡിക മുഴുവനും ഗാഢബന്ധവാക്യമയമായാലും വൈചിത്ര്യഭാവത്തിനു് പ്രതീതിയില്ലാതെവരും.

ഒരേ പദം ഒരേ അർത്ഥത്തിൽ ഒരേ വാക്യത്തിൽത്തന്നെ ഒന്നിലധികം പ്രാവശ്യം ആവർത്തിക്കരുതു്. അങ്ങനെ ആവശ്യപ്പെടുന്നിടത്തു് പര്യായങ്ങളെ ഉപയോഗിച്ചു് വൈചിത്ര്യം ഉണ്ടാക്കണം. എന്നാൽ ബലത്തിനും മറ്റും വേണ്ടി ഒരേ പദം ആവർത്തിക്കുന്നതു ഗുണമായിട്ടുമുണ്ടു്. മുൻ‌വാക്യത്തിൽത്തന്നെ ‘ഒരേ’ എന്ന വിശേഷണപദം മൂന്നുപ്രാവശ്യം ആവർത്തിച്ചതുകൊണ്ടു ബലം അധികപ്പെടുന്നതേ ഉള്ളു. ഇതുപോലെ ‘വിദ്വാന്മാരുടെ വില വിദ്വാന്മാരേ അറിയൂ’ ഇത്യാദികളും പദം മാറിക്കൂടാ. ഈവക സ്ഥലങ്ങളിൽ പര്യായമെന്നല്ല, സർവ്വനാമം പോലും ഉപയോഗിച്ചാൽ വാക്യത്തിനു ബലക്ഷയം വരും. എവിടെ രണ്ടു വസ്തുക്കൾക്കു് അത്യന്താഭേദം വിവക്ഷിക്കപ്പെട്ടിരിക്കുന്നു, അവിടെ പദഭേദം ചെയ്തുകൂടാ; അല്ലാത്തിടത്തെല്ലാം ചെയ്കയും വേണം എന്നു സാരം. വർണ്ണനകളിലും മറ്റും ഒരേ വസ്തുവിനെപ്പറ്റി പലതും പ്രസ്താവിക്കേണ്ടി വരും. അപ്പോൾ ആ വസ്തുവിനെ ആദ്യം അതിന്റെ പേരായ നാമപദംകൊണ്ടും, പിന്നീടു സർവ്വനാമംകൊണ്ടുമാണു് പറക പതിവു്. എന്നാൽ സർവ്വനാമങ്ങളേയും കണക്കില്ലാതെ ആവർത്തിച്ചാൽ നീരസം തോന്നും. അതിനാൽ ഇടയ്ക്കിടക്കു പര്യായങ്ങളും സാമാന്യപദങ്ങളും കൂടി ഉപയോഗിച്ചു വൈചിത്ര്യം സമ്പാദിക്കണം. നാം നളചരിതം കഥ ആഖ്യാനം ചെയ്യുന്നു എന്നിരിക്കട്ടെ; അപ്പോൾ ‘നളൻ’ എന്നു തന്നെയോ ‘അദ്ദേഹം’ എന്നോ സർവ്വത്ര ആവർത്തിക്കാതെ ‘നിഷധേശ്വരൻ’ ‘ആ മഹാരാജാവു് ‘ ‘ആ ജഗദേകസുന്ദരൻ’ ‘ഭൈമീകാമുകൻ’ ‘ഇന്ദ്രദൂതൻ’ ‘ദമയന്തീപതി’ ‘കിതവാഗ്രേസരൻ’ ‘ആ മഹാനുഭാവൻ’ ‘മഹാധന്യൻ’ ‘പുരുഷരത്നം’ ‘ബാഹുകൻ’ ‘ഋതുപർണ്ണസാരഥി’ ‘വൈരസേനി’ ഇത്യാദി സന്ദർഭാനുസാരേണ പര്യായങ്ങളും വിരുതുപേരുകളും പ്രയോഗിച്ചു വൈചിത്ര്യം ഉണ്ടാക്കാം. ഇതുപോലെ വർണ്ണനകളിൽ ഒരേ ഗുണക്രിയകളെ ആവർത്തിക്കേണ്ടിവന്നാൽ പരാവർത്തനഭംഗികൊണ്ടു വാചകം മാറ്റണം. എങ്ങനെ എന്നാൽ: അനേകം വസ്തുക്കളെ നിഷ്ഫലങ്ങൾ എന്നു പറയേണ്ടിവന്നാൽ ‘ഇതിനാലെന്തു ഫലം’, ‘ഇതു് ഒരിക്കലും സഫലമാകുന്നതല്ല’, ‘അജാഗളസ്തനത്തിന്റെ അവസ്ഥയാണിതിനു്’, ‘ഇതു് ഒരു കാര്യത്തിലേക്കും പ്രയോജകമല്ല’ ഇത്യാദി വാചകഭേദങ്ങളെ ഉപയോഗിക്കണം.

അത്യന്താഭേദം വിവക്ഷിക്കപ്പെടുന്നിടത്തു പദം മാറിക്കൂടാ എന്നു പറഞ്ഞല്ലോ. അത്യന്താഭേദവിവക്ഷ വരുന്നതു് ഉദ്ദിഷ്ടപ്രതിനിർദ്ദേശത്തിലാണു്. അതിന്റെ സ്വഭാവം ഒരിക്കൽ എടുത്തതിനെത്തന്നെ വീണ്ടും എടുത്തുകാണിക്കുക ആകുന്നു. ഉദ്ദിഷ്ടനാമങ്ങളുടെ പ്രതിനിർദ്ദേശത്തെ മുമ്പുതന്നെ ഉദാഹരിച്ചു. ഭേദകങ്ങളേയും കൃതികളേയും കൂടി ഉദാഹരിക്കാം:

സൂര്യൻ രക്തവർണ്ണനായിട്ടുദിക്കുന്നു; രക്തവർണ്ണനായിത്തന്നെ അസ്തമിക്കയും ചെയ്യുന്നു. മഹത്തുക്കൾക്കു സമ്പത്തിലും വിപത്തിലും ഭാവഭേദമില്ല. ‘അടിച്ചവഴിയേ പോയില്ലെങ്കിൽ പോയ വഴിയേ അടിച്ചുകൊൾക.’


ബന്ധസാജാത്യം:


വിശേഷണം എന്ന വഴിക്കോ കർത്തൃകർമ്മാദി കാരകസംബന്ധമുറയ്ക്കോ ക്രിയാരൂപേണയോ ഒരേ നിലയിൽ നിൽക്കുന്ന വാക്യഭാഗങ്ങളെ വിധം മാറ്റാതെ ഒരേ മാതിരിയിൽത്തന്നെ ചമച്ചാൽ ബന്ധം സജാതീയമായി എന്നു പറയുന്നു. ബന്ധം സജാതീയമായിരിക്കുന്ന അവസ്ഥ ബന്ധസാജാത്യം. എങ്ങനെ എന്നാൽ,

1. ‘ഒടിയാത്ത കമ്പിൽ പറിയാത്ത വള്ളി’ വിശേഷണങ്ങൾക്കു സാജാത്യം


2. ‘മാറാത്ത വ്യാധിക്കു് എത്താത്ത മരുന്നു്’ ‘’ “


3. ‘പൂച്ചയ്ക്കു വിളയാട്ടു് എലിക്കു പ്രാണാവസ്ഥ’ കാരകത്തിനു് സാജാത്യം


4. അരമനയിൽ രഹസ്യം അങ്ങടിയിൽ പാട്ടു് ‘’ ‘’


5. ‘മുമ്പിൽ ചെന്നാൽ കുത്തും പുറകിൽ ചെന്നാൽ എറിയും’ ക്രിയയ്ക്കു് സാജാത്യം.


6. ‘അത്താഴം കഴിഞ്ഞാൽ അരക്കാതം നടക്കണം, മുത്താഴം കഴിഞ്ഞാൽ മുള്ളിലും കിടക്കണം’ ക്രിയാദികൾക്കു് സാജാത്യം.


പഴഞ്ചൊല്ലുകളിലാണു് ബന്ധസാജാത്യമധികം കാണാറുള്ളതു്. അതിനാൽ പഴഞ്ചൊല്ലുകളെത്തന്നെ ഉദാഹരിച്ചു. സജാതീയമായി പ്രതിനിർദ്ദേശിക്കുന്ന പദത്തിനു പ്രാസംകൊണ്ടു് അക്ഷരസാമ്യം കൂടി ഇരുന്നാൽ സാജാത്യം അധികം പ്രകാശിക്കും; ഉദാഹരണങ്ങളിൽ അതും ഉണ്ടെന്നു സൂക്ഷിച്ചുനോക്കുക. ഒരുവിധം നോക്കുമ്പോൾ വൈചിത്ര്യത്തിനു വിപരീതമാണു ബന്ധസാജാത്യം; എന്നാൽ ബന്ധസാജാത്യം വാക്യവിഭാഗങ്ങളിലും, വൈചിത്ര്യം പൂർണ്ണവാക്യങ്ങളിലും വ്യവസ്ഥിതമാണെന്നു ഭേദം. രണ്ടു കൈകളിലും ഇടുന്ന വള ജോടി ചേർന്നിരിക്കണം; അതുപോലെയാണു് സാജാത്യത്തിന്റെ നില. ഒരേജാതി വള തന്നെ രണ്ടു മൂന്നു ജോടി ധരിച്ചാൽ ഉണ്ടാകുന്നതുപോലെയുള്ള വൈരസ്യമാണു മറ്റതിനു്.

ബന്ധസാജാത്യംകൊണ്ടു പലേ പ്രയോജനങ്ങളും സിദ്ധിക്കുന്നു:

(എ) ഓർമ്മിക്കാനുള്ള സൌകര്യം; രണ്ടു വാക്യഭാഗങ്ങളുടേയും ബന്ധം എത്രത്തോളം തങ്ങളിൽ യോജിക്കുന്നുവോ അത്രത്തോളം ഓർമ്മിക്കാൻ എളുപ്പവും വർദ്ധിക്കും. ഉദാഹരണങ്ങളിൽ ആറാമത്തേതു നോക്കുക. ആ വാക്യം ‘അത്താഴം കഴിഞ്ഞാൽ കുറേ നടക്കുന്നതുകൊള്ളാം, മുത്താഴത്തിനുശേഷം വിശ്രമിക്കുകയാണു വേണ്ടതു്’ എന്നോ മറ്റോ സാജാത്യമില്ലാത്ത വിധത്തിലായാൽ വാക്യത്തിന്റെ ജാത്യം അസ്തമിക്കുന്നു. പഠിച്ചു് ഓർമ്മയിൽ വെക്കുന്നതിനു വളരെ ശ്രമവും തോന്നും.

(ബി) ബലം അല്ലെങ്കിൽ ഊർജ്ജസ്സ് : ചില വാക്കുകൾ രാമബാണം പോലെ തൽക്ഷണം കർണ്ണരന്ധ്രത്തിലൂടെ അന്തഃകരണത്തിൽ പ്രവേശിക്കുന്നു. മറ്റു ചിലതു് എത്ര തന്നെ ആഞ്ഞു പ്രയോഗിച്ചാലും ഇരുമ്പുലക്കപോലെ ചതഞ്ഞുകിടക്കുന്നു. തീക്ഷ്ണവേഗമുള്ളതു് ഊർജ്ജസ്വലം, ഇല്ലാത്തതു കുണ്ഠം. ബന്ധസാജാത്യത്താൽ വാക്യത്തിനു് ഊർജ്ജസ്സുണ്ടാകും.

ഉദാഹരണം :

“ആശയെന്നതു മനുഷ്യർക്കു വിശേഷപ്പെട്ട ഒരു ചങ്ങലയാണു്; അതിന്റെ ബന്ധമേറ്റാൽ മണ്ടിയോടും; വിട്ടാൽ അനങ്ങാതെ നിൽക്കും. “ഇവിടെ ബന്ധം വിജാതീയമായിരുന്നെങ്കിൽ വിരോധപ്രതീതിക്കു ബലം വളരെ കുറയുമായിരുന്നു.

(സി) ഉല്ലേഖം, ദൃഷ്ടാന്തം മുതലായ പല അലങ്കാരങ്ങളേയും പ്രകാശിപ്പിക്കുന്നതു ബന്ധസാജാത്യമാകുന്നു. ഭാഷാഭൂഷണത്തിൽ അതുകൾക്കു കൊടുത്തിട്ടുള്ള ഉദാഹരണങ്ങൾ നോക്കുക; ബന്ധസാജാത്യം ഗുണമെന്നു മാത്രമല്ല, അതിന്റെ അഭാവം ചിലേടത്തു് പ്രത്യുത, പ്രക്രമഭംഗം മുതലായ ദോഷവുമുളവാക്കും.


ഏകാഗ്രത:


വാക്യങ്ങൾക്കു് ഒരു മുന അല്ലെങ്കിൽ പായിന്റു മാത്രമേ ഉണ്ടായിരിക്കാവു. ഒരു സംഗതിക്കു് ഒരു വാക്യമെന്നല്ലാതെ പല സംഗതികൾ കലർത്തി വാക്യമെഴുതരുതു്. സംഗതി മാറുമ്പോൾ വാക്യവും മാറിക്കൊളക. കാര്യസ്ഥന്മാരുടെ സമുച്ചയവാക്യങ്ങളിലാണു് ഏകാഗ്രതയില്ലാത്ത ദോഷം അധികമായിക്കാണുന്നതു്. ഒരു കർത്താവുതന്നെ സ്ഥലകാലോദ്ദേശ്യങ്ങൾ മാറ്റാതെ ചെയ്യുന്ന ക്രിയകളെ ഒരു വാക്യത്തിൽ സമുച്ചയിച്ചാൽ ഏകാഗ്രതയ്ക്കു ഹാനി വരികയില്ല. എന്നാൽ മറിച്ചു്, സ്ഥലകാലോദ്ദേശങ്ങൾ ഭേദിക്കുന്നിടത്തൊക്കെയും വാക്യം ഏകാഗ്രമല്ലാതെ വരുമെന്നു് അർത്ഥമാക്കുകയുമരുതു്.

‘അക്ബർ രാജ്യം ഭരിച്ച കാലത്തു് മുകിലാധിപത്യം പ്രബലപ്പെടുത്തുകയും ഹിന്ദുരാജസ്ത്രീകൾ മതാചാരങ്ങൾക്കു ദോഷം വരാതെ ചക്രവർത്തിയുടെ ഭാര്യമായിരിക്കയും, അയിൻ അക്ബറി എന്നൊരു ചരിത്രഗ്രന്ഥം ജനിക്കയും, മതവിഷയസഭകൾ നടക്കയും ചെയ്തു.’

ഈവക വാക്യത്തിൽ അടങ്ങിയ സംഗതികൾ പല സമയങ്ങളിലും പല സ്ഥലങ്ങളിലും നടന്നവയാകുന്നു. നടത്തിയ ആളുകൾക്കും അവരുടെ ഉദ്ദേശ്യങ്ങൾക്കും ഭേദമുണ്ടു്. അക്ബറുടെ രാജ്യഭരണകാലത്താണെല്ലാം നടന്നതെന്നു് ഒരു സംബന്ധം മാത്രമേ ഉള്ളു. അക്കാലം ദീർഘവുമാണു്. അതിനാൽ ഓരോ സംഗതിയേയും ഓരോ വാക്യം കൊണ്ടു പറഞ്ഞാലേ ഏകാഗ്രത സിദ്ധിക്കയുള്ളു.

‘എഴുത്തച്ഛൻ തമിഴിന്റെ പിടിയിൽനിന്നു വേർപെടുത്തി ഭാഷയെ ഗ്രന്ഥരചനയ്ക്കുപയോഗിക്കുകയും കുഞ്ചൻ‌നമ്പ്യാർ അതിനുള്ള സഹജവിലാസങ്ങളെ വെളിപ്പെടുത്തുകയും ചമ്പുകാരന്മാർ അതിനെ സംസ്കൃതത്തിന്റെ ദാസിയാക്കുകയും ചെയ്തു.’

ഈ വാക്യം ഭാഷയുടെ ദശാവിശേഷങ്ങളെ സംഗ്രഹിക്കുന്നിടത്തു് ഉപയോഗിക്കയാണെങ്കിൽ സ്ഥലകാലങ്ങൾക്കു ഭേദമിരുന്നാലും ഏകാഗ്രമായിത്തന്നെ ഇരിക്കും.

ഒരു സംഗതിയെ സംബന്ധിച്ചുതന്നെ പല കോടികൾ (പായിന്റുകൾ) പ്രസ്താവിക്കേണ്ടിവരുന്നിടത്തു് സംഗതി മാറുന്നില്ലല്ലോ എന്നുള്ള ഭാവത്തിൽ, എല്ലാ കോടികളെയും ഒരേ സമുച്ചയവാക്യത്തിൽ ചേർക്കുന്നതായാൽ ഏകാഗ്രത ഇല്ലാതെവരുമെന്നു പറഞ്ഞുകൂടെങ്കിലും അങ്ങനെ ചെയ്യുന്നതിൽ വളരെ അഭംഗിയുണ്ടു്. ഈ വിധം യുക്തി കൊണ്ടുപോയാൽ വകുപ്പു് (ഖണ്ഡിക) എന്ന വിഭാഗത്തിനു് അവകാശമേ ഇല്ലെന്നു വരും. മുൻ‌കാണിച്ച മഹാഭാരതസംഗ്രഹവാക്യത്തിലെപ്പോലെ ക്രിയകളെ മേൽക്കുമേൽ സമുച്ചയിച്ചാൽ ഖണ്ഡികയ്ക്കെന്നല്ല, അദ്ധ്യായമെന്നു് അതിനുപരിയുള്ള വിഭാഗത്തിനും വകയുണ്ടാകുന്നതു സംശയമാണു്. ഒരു വാക്യം തന്നെ ഗ്രന്ഥം എന്നുവരുമ്പോൾ വിഭാഗമൊന്നുമേ വേണ്ടെന്നകും. ഒരുദാഹരണം കൂടി താഴെ ചേർക്കുന്നു:

‘അറിയിപ്പു കിട്ടിയതിൽ‌പ്പിന്നെ ഏഴുദിവസത്തിനകം ബങ്കി അയച്ച ആൾ ബങ്കിയെ ഏറ്റുകൊണ്ടുപോയില്ലെങ്കിൽ അതിനെ പിന്നീടു് 21 ദിവസത്തേക്കു കൂടി ആ സ്റ്റേഷനിൽ വെച്ചിരിക്കുന്നതും ആ കാലത്തിനിടയ്ക്കു മേല്പറഞ്ഞ റേറ്റിനു ഡെമറേജുകൂലി ചുമത്തുന്നതും ആ കാലം കഴിഞ്ഞാൽ പിന്നെ ബങ്കിയെ ലേലത്തിൽ വിൽക്കുന്നതും വിറ്റീടായ തുകയിൽനിന്നും സർക്കാരിലേക്കു ചിലവാകുന്ന എല്ലാ ചിലവുകളേയും കുറയ്ക്കുന്നതും പോകെ ബാക്കി വല്ലതും ഉണ്ടായിരുന്നാൽ അതിനെ ബങ്കി അയച്ച ആൾ ഒരു കൊല്ലത്തിനകം അവകാശപ്പെടുന്നുവെങ്കിൽ അയാൾക്കു കൊടുക്കുന്നതിലേക്കായി അതിനെ അനാമത്തുവച്ചിരിക്കുന്നതും ആ കാലാവധി കഴിഞ്ഞതിൽ പിന്നീടു ഗവർമ്മെന്റിലേക്കു മുതൽകൂട്ടുന്നതും ആകുന്നു.

ഈ മഹാവാക്യത്തെ താഴെ കാണിക്കും പ്രകാരം പരിശോധിക്കാം:

‘അറിയിപ്പു കിട്ടിയതിൽ പിന്നെ ഏഴുദിവസത്തിനകം ബങ്കി അയച്ച ആൾ അതു് ഏറ്റുകൊണ്ടുപോയില്ലെങ്കിൽ പിന്നീടു് 21 ദിവസത്തേക്കുകൂടി അതു് ആ സ്റ്റേഷനിൽ വച്ചു സൂക്ഷിക്കേണ്ടതാകുന്നു. ആ കാലത്തിനിടയ്ക്കു മേല്പറഞ്ഞ റേറ്റിനു ഡെമറേജുകൂലിയും ചുമത്തപ്പെടും. ആ കാലാവധി കഴിഞ്ഞാൽ ബങ്കി ലേലത്തിൽ വിൽക്കപ്പെടും; വിറ്റീടായ തുകയിൽനിന്നും സർക്കാരിലേക്കു ചെല്ലാവുന്ന എല്ലാ ചിലവുകളും കുറച്ചതിന്റെ ശേഷം ബാക്കി വല്ലതും ഉണ്ടായിരുന്നാൽ അതു ബങ്കി അയച്ച ആൾ ഒരു കൊല്ലത്തിനകം അവകാശപ്പെട്ടാൽ അയാൾക്കു കൊടുക്കുന്നതിലേക്കായി അനാമത്തു വയ്ക്കയും കാലാവധി കഴിഞ്ഞാൽ ഗവർമ്മെന്റിലേക്കു മുതൽകൂട്ടുകയും ചെയ്യേണ്ടതാകുന്നു.’

ഏകാഗ്രതയെപ്പറ്റി ദൂരത്തിലാലോചിക്കുമ്പോൾ മഹാകാവ്യങ്ങളുടെ ഘടന ഏതുവിധം വേണമെന്നു സംശയം ജനിക്കുന്നു. സ്വതന്ത്രവാക്യങ്ങളുടെ യോഗംകൊണ്ടാണല്ലോ മഹാവാക്യമുണ്ടാകുന്നതു്. സ്വതന്ത്രവാക്യങ്ങളെ എങ്ങനെ ഘടിപ്പിക്കാം? എന്തിനു ഘടിപ്പിക്കുന്നു? പരാപേക്ഷകൂടാതെ സ്വയമേ അർത്ഥപൂർത്തിയുള്ള വാക്യത്തെ ആണു് സ്വതന്ത്രവാക്യം എന്നു പ്രയുന്നതു്. ഈ സ്വാതന്ത്ര്യം അല്ലെങ്കിൽ പ്രാധാന്യം രണ്ടുവിധമാണു് -- അന്വയപൂർത്തിക്കുവേണ്ടി മറ്റൊരു പദത്തിനു കീഴടങ്ങാത്ത വാക്യമെല്ലാം വ്യാകരണദൃഷ്ടാ സ്വതന്ത്രമാകുന്നു. വ്യാകരണദൃഷ്ട്യാ സ്വതന്ത്രമായാലും കാര്യകാരണഭാവാദിസംബന്ധങ്ങളാൽ ഉള്ള പരാപേക്ഷ ശമിക്കുന്നതുവരെ വാക്യം അർത്ഥദൃഷ്ടാ സ്വതന്ത്രമാവുകയില്ല. ‘മഴ പെയ്തു; ഇനി ഉഷ്ണം ശമിക്കും’ ഇതിലെ രണ്ടു വാക്യങ്ങളും വ്യാകരണപ്രകാരം സ്വതന്ത്രങ്ങളാണെങ്കിലും അർത്ഥപ്രകാരം കാര്യകാരണഭാവേന പരസ്പരാപേക്ഷയുള്ളവയാകയാൽ രണ്ടും ചേർന്നു് ഒരു മഹാവാക്യമാകുന്നതേ ഉള്ളു. ‘മഴ പെയ്തതിനാൽ ഉഷ്ണം ശമിക്കും’ എന്ന രൂപത്തിലാക്കിയാൽ വ്യാകരണപ്രകാരവും പൂർവ്വവാക്യം ഉത്തരവാക്യത്തിന്റെ അംഗമായിത്തീർന്നു് അപ്രധാനമാകും. വ്യാകരണദൃഷ്ട്യാ അംഗാംഗീഭാവമുള്ള വാക്യങ്ങളുടെ യോഗം സങ്കീർണ്ണകം; അർത്ഥദൃഷ്ട്യാ അംഗാംഗീഭാവമുള്ളതുകളുടെ യോഗം മഹാവാക്യം എന്നു രണ്ടിനും ഭേദം. അതിനാൽ അർത്ഥവശാൽ ഉള്ള പരസ്പരസംബന്ധം പ്രമാണിച്ചാണു് മഹാവാക്യത്തിൽ വാക്യങ്ങളെ ഘടിപ്പിക്കുന്നതു്; ഈ പരസ്പരസംബന്ധം ദ്യോതിപ്പിക്കുന്നതു് ‘എന്നാൽ’ ‘എങ്കിലും’ ‘അപ്പോൾ’ മുതലാ‍യ ഘടകങ്ങളുമാകുന്നു. എന്നാൽ അന്യോന്യസംബന്ധദ്യോതകത്തിനു ഘടകപദം പ്രയോഗിച്ചേ തീരൂ എന്നു നിർബ്ബന്ധമില്ല. ചില സംബന്ധം ദ്യോതിപ്പിക്കാൻ ഘടകങ്ങൾ ഏർപ്പെട്ടിട്ടുമില്ല.

മേൽ വിവരിച്ചപ്രകാരം ചൂർണ്ണികാരൂപമായോ സങ്കീർണ്ണകരൂപമായോ ഉള്ള വാക്യങ്ങൾക്കു് അർത്ഥവശാലുള്ള സംബന്ധം വളരെ അടുത്തിരുന്നാൽ അതുകളെച്ചേർത്തു് ഒരു മഹാവാക്യമാക്കണം; കുറെ അകന്നിരുന്നാൽ അതുകളെ സ്വതന്ത്രവാക്യങ്ങളാക്കി വിടണം; വളരെ ദൂരമായിപ്പോയാൽ അടുത്ത വകുപ്പിലേക്കു തന്നെ നീക്കിവയ്ക്കണം. ഏതായാലും ഒരു ഖണ്ഡിക മുഴുവനും നമുക്കു വാക്യങ്ങളെക്കൊണ്ടു നിറയ്ക്കരുതു്.

വാക്യങ്ങളുടെ അവസാനം, മദ്ധ്യേയുള്ള ചില്ലറ നിറുത്തലുകൾ ഇതെല്ലാം വായിക്കുമ്പോൾ സ്വരഭേദംകൊണ്ടു പ്രത്യക്ഷപ്പെടുന്നു. സ്വതന്ത്രവാക്യം നിറുത്തുമ്പോൾ ഉള്ള സ്വരമല്ല ഉപവാക്യം നിറുത്തുമ്പോൾ; ചില്ലറ നിറുത്തലുകൾക്കു് മൂന്നാമതൊരുവിധം സ്വരം വേണം. ഇതെല്ലാം നല്ല വായനക്കാർക്കു് അനായാസേന പരിചയപ്പെടുന്നതുമാണു്. എഴുതുമ്പോഴാകട്ടെ സ്വരംകൊണ്ടു സാധിക്കേണ്ട പ്രവൃത്തി ചിഹ്നംകൊണ്ടു സാധിക്കുന്നു. എന്നാൽ പണ്ടു് നമ്മുടെ അറിവിൽപെട്ടിടത്തോളം രണ്ടു ചിഹ്നങ്ങളേ നടപ്പുണ്ടായിരുന്നുള്ളു; പരിപൂർണ്ണമായ വിരാമത്തിനു കീഴ്മേലായി രണ്ടു വര, അതിൽ താണതിനു് ഒരു വര. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും അച്ചടിക്കും പ്രചാരം വന്നതോടുകൂടിയാണു് നാട്ടുകാർക്കു് ചിഹ്നനസമ്പ്രദായത്തിന്റെ ഉപയോഗം മനസ്സിലായിത്തുടങ്ങിയതു്. ഭാരതീയലിപികാരന്മാർ വിരാമചിഹ്നങ്ങളിൽ ശ്രദ്ധിക്കാതിരുന്നതിനു കാരണവും സ്പഷ്ടമാകുന്നു. വിജ്ഞാനത്തിനും വിനോദത്തിനും വേണ്ടുന്ന കൃതികളെല്ലാം പദ്യരൂപത്തിലായിരുന്നു; പദ്യത്തിൽ സന്ധി അപരിഹാര്യമായതിനാൽ വിരാമങ്ങളെ സാർവ്വത്രികമായി ഉപയോഗിക്കാൻ നിർവ്വാഹവുമില്ല. ഊർദ്ധ്വാധമരേഖാരൂപങ്ങളായി രണ്ടു ചിഹ്നങ്ങൾ നടപ്പുണ്ടായിരുന്നതുകൂടിയും, പദ്യത്തിൽ വാക്യവിരാമത്തെ അല്ല, പൂർവ്വോത്തരാർദ്ധങ്ങളുടെ വിരാമത്തെയാണു് കാണിച്ചിരുന്നതെന്നു തോന്നുന്നു. വാക്യം അവസാനിച്ചാലും ഇല്ലെങ്കിലും പൂർവ്വാർദ്ധത്തിന്റെ അവസാനത്തിൽ ഒരു വരയും ഉത്തരാർദ്ധത്തിന്റെ അവസാനത്തിൽ രണ്ടുവരയും ഇടുക പതിവായിരുന്നു. പാദമധ്യത്തിൽ അവസാനിക്കുന്ന വാക്യങ്ങൾക്കാകട്ടെ യാതൊരു ചിഹ്നവും ഇല്ല. അപൂർവ്വമായി ചില ഗദ്യകൃതികളുണ്ടായിരുന്നതിൽ വിവരമില്ലാത്ത എഴുത്തുകാർ ഇച്ഛപോലെ ഭംഗിനോക്കി രണ്ടു ചിഹ്നങ്ങൾ ഉണ്ടായിരുന്നതിൽ ഒന്നിനെ ഉപയോഗിച്ചുവന്നു.

വാക്യവിരാമസൂചകങ്ങളായ ചിഹ്നങ്ങൾക്കു മാത്രമേ പൂർവ്വകാലത്തിൽ ദുർഭിക്ഷമുണ്ടായിരുന്നുള്ളു; മറ്റു പലതിനും പൂർവ്വികന്മാർ ചിഹ്നമുപയോഗിച്ചിരുന്നു. ഇടയ്ക്കു് അക്ഷരങ്ങൾ വിട്ടുപോയാൽ വിട്ട സ്ഥലത്തു വരിയുടെ മേൽ ‘പുള്ളടി’ എന്നു പേരായ ‘V' ചിഹ്നമിട്ടു് താഴെ ആവശ്യപ്പെട്ട അക്ഷരങ്ങളെ ചേർത്തുവന്നു. ‘ഹംസപാദം’ എന്നുപേരായ ‘+‘ ഈ ചിഹ്നവും ഇതിലേക്കുതന്നെ ചിലർ ഉപയോഗിച്ചിരുന്നതായിക്കാണുന്നുണ്ടു്. വെട്ടിക്കളയുന്നതിനു ചിലർ അക്ഷരങ്ങളുടെ മേൽ പലവിധം വരകൾ വരച്ചു് അതുകളുടെ ആകൃതിതന്നെ നശിപ്പിക്കയും, മറ്റു ചിലർ എടുത്തുകളയേണ്ടുന്ന ലിപിയെ ചുറ്റി ഒരു വളയം ഇടുകയും ചെയ്തിരുന്നു. അദ്ധ്യായാദി മഹാഖണ്ഡങ്ങളുടെ അറുതി സൂചിപ്പിക്കുന്നതിനു കുണ്ഡലം എന്നുപേരായ ‘ക’ ചിഹ്നം കണ്ടിട്ടുണ്ടു്. ഈ ചിഹ്നം പഴയ ആട്ടക്കഥാപുസ്തകത്തിൽ പലസ്ഥലങ്ങളിലും ഉപയോഗിച്ചു കാണുകയാൽ ഇതിന്റെ അർത്ഥമെന്തെന്നു് ഒരു യൂനിവേർസിറ്റി മലയാളപരീക്ഷകൻ പ്രശ്നപത്രത്തിൽ ചോദ്യം ചെയ്യാൻ ഇടയായിട്ടുണ്ടു്. ഒരു പദം ഇരട്ടിച്ചുവായിക്കണം എന്നുകാണിക്കുന്നതിനു് “സ്സ” ഇങ്ങനെ ഒരു ചിഹ്നം മലയാള അക്ഷരത്തിൽ എഴുതീട്ടുള്ളതു് സംസ്കൃതനാടകങ്ങളിൽ കാണുന്നു.

അച്ചടി നടപ്പായതോടുകൂടി ഈ വക ചിഹ്നങ്ങളെല്ലാം ക്രമേണ ക്ഷയിക്കയും, അതുകളുടെ സ്ഥാനം ഇംഗ്ലീഷിലെ ചിഹ്നങ്ങൾ വഹിക്കയും ചെയ്തു തുടങ്ങി. ഇംഗ്ലീഷിൽ ചിഹ്നനവിദ്യയ്ക്കു് വളരെ പ്രാബല്യം സിദ്ധിച്ചിട്ടുണ്ടു്; വാക്യാരംഭത്തിലും വാക്യമദ്ധ്യത്തിലും ഉപയോഗിക്കുന്നതിനു വേറെ തരം ലിപികൾ [Capital and Small letters വലിയക്ഷരവും ചെറിയക്ഷരവും] വെണമെന്നുള്ള നിർബന്ധത്താൽ ഇംഗ്ലീഷ് എഴുതുന്നവർക്കു് വാക്യാവസാനത്തിൽ, ശ്രദ്ധവെയ്ക്കാതിരിപ്പാൻ നിർവ്വാഹമില്ല. സന്ധിചേർത്തു സംഹിതയാക്കുന്ന ഏർപ്പാടില്ലാത്തതിനാൽ പദ്യങ്ങളുടെ മദ്ധ്യത്തിലും വിരാമചിഹ്നം കൂടിയേ തീരു. ഇംഗ്ലീഷിലെ വിരാമചിഹ്നങ്ങൾ അന്വയബോധത്തിനും സന്ദേഹനിവാരണത്തിനും മറ്റും വളരെ ഉപകരിക്കുന്നു. അതിനാൽ അങ്കുശം, ബിന്ദു മുതലായ ചിഹ്നങ്ങളെ യഥോചിതമായി അച്ചടിപുസ്തകങ്ങളിൽ ഉപയോഗിക്കണം. ഇംഗ്ലീഷ്ചിഹ്നങ്ങൾക്കു് മലയാളത്തിൽ പേരു കൊടുത്തു് അവയെ ഉപയോഗിക്കേണ്ടുന്നതിനുള്ള വിധികളേയും വ്യാകരണത്തിൽ വിവരിച്ചിട്ടുള്ളതുനോക്കുക. കേരളപാണിനീയത്തിൽ ചിഹ്നനം എന്നു് ഒരു പ്രത്യേകം *പ്രകരണം തന്നെ ഉണ്ടു്. അതിൽ പറയുന്ന പന്ത്രണ്ടു ചിഹ്നങ്ങളിൽ അങ്കുശം, ബിന്ദു, ഉദ്ധരണി, വലയം, കാകു, വിക്ഷേപണി, രേഖ എന്ന ഏഴെണ്ണം മിക്ക മുദ്രാശാലകളിലും ഉപയോഗിക്കാറുണ്ടു്. ശേഷമുള്ള അഞ്ചുംകൂടി താമസിയാതെ ഉപയോഗത്തിൽ വരുമെന്നു വിശ്വസിക്കുന്നു.

  • ആ പ്രകരണം ഒടുവിൽ പരിശേഷമായി ചേർത്തിട്ടുണ്ടു്.

ഈ ഗ്രന്ഥകർത്താവു് പ്രസാധനം ചെയ്തിട്ടുള്ള നളചരിതം ആട്ടക്കഥയിലും ശാകുന്തളത്തിന്റെ പരിഷ്കരിച്ച പുതിയ പതിപ്പിലും ചിഹ്നനവിഷയത്തിൽ പലേ നിഷ്കർഷകളും ചെയ്തിട്ടുണ്ടു്. ഈ രണ്ടു പുസ്തകങ്ങളിൽ ഉപയോഗിച്ചുനോക്കിയതുകൊണ്ടു് കേരളപാണിനീയത്തിൽ എഴുതീട്ടുള്ള 12 ചിഹ്നങ്ങളും ഭാഷയിൽ ആവശ്യപ്പെട്ടവയാണെന്നും അതുകളെ ഉപയോഗിക്കുന്നതിനു പറയത്തക്ക അസൌകര്യമൊന്നുമില്ലെന്നും ബോധപ്പെട്ടിരിക്കുന്നു. പദ്യങ്ങളിൽ പൂർവ്വോത്തരവാക്യങ്ങൾ സന്ധികൊണ്ടു കൂടിച്ചേർന്നുപോയാൽ അർത്ഥബോധസൌകര്യത്തിനുവേണ്ടി പിരിച്ചു് ചിഹ്നമിട്ടെഴുതുന്നതുകൊണ്ടു് വായിക്കുന്നതിനു വലിയ അസൌകര്യമോ വൃത്തിബന്ധത്തിനു ശൈഥില്യപ്രതീതിയോ ഉണ്ടാകയില്ലെന്നു താഴെ കാണിക്കുന്ന ഉദാഹരണങ്ങൾ തെളിയിക്കും.

“വാസസ്സു രണ്ടുമതിധൂസരമായ്; വ്രതോപ-

വാസാലുണങ്ങീ മുഖം; ആകലിതൈകവേണീ;

വാസം തുടർന്നിവിടെയീവിധമെന്റെ വിപ്ര-

വാസവ്രതത്തെയിവൾ സ്വാധി വഹിച്ചിടുന്നു.’ -- ഭാഷാശാകുന്തളം


‘ആരുമറിയരുതെന്നംഗജസങ്കടമെന്ന ധിയാ

ആരാമം പുക്കേ നിമം ഭൃഗവിഹംഗമസങ്കലിതം

ദൂരെ സുഖമെന്നായ്; അങ്ങോടുടൻ പുനരിങ്ങോടുടൻ

പാരം വലഞ്ഞേൻ, അപ്പോൾ സംഗതനായൊരു ഹംസവരൻ’ --- നളചരിതം കഥകളി


രോധിനി (;), ഭിത്തിക (:), രേഖ (----) എന്ന ചിഹ്നങ്ങളെ ഉപയോഗിക്കാഞ്ഞാൽ മഹാവാക്യാംഗങ്ങളായ ഉപവാക്യങ്ങളെ വേർതിരിച്ചുകാണിപ്പാൻ മാർഗ്ഗമില്ല. പണ്ടുള്ളവർ ഗദ്യകൃതികളെ ഗണ്യങ്ങളായി വിചാരിക്കാതിരുന്നതിനാൽ ഇതിലേക്കു് ആവശ്യപ്പെട്ട ചിഹ്നങ്ങൾ ഏർപ്പെടാതെ പോയി എന്നേയുള്ളു. അതിനാൽ താഴെ കാണിക്കും‌പ്രകാരം മഹാവാക്യങ്ങളെ ചിഹ്നങ്ങളെക്കൊണ്ടു പരിഷ്കരിച്ചു വേർതിരിച്ചു കാണത്തക്കവിധം അച്ചടിക്കേണ്ടതാകുന്നു:

തലയിലെഴുത്തുതന്നെ: ഈ വേട്ടക്കാരൻ രാജാവിന്റെ തോഴരായിരുന്നു മതിയായി. ‘ഇതാ ഒരു മാൻ! അതാ ഒരു പന്നി! അതാ ഒരു കടുവാ!‘ എന്നിങ്ങനെ നട്ടുച്ചയ്ക്കുകൂടി തണൽ കുറഞ്ഞിരിക്കുന്ന കാടുതോറും കടന്നു് ഓടിനടക്കുന്നു. ഇലകൾ വീണു് അഴുകി കവർപ്പുള്ളതും വെയിൽ കൊണ്ടു കാഞ്ഞതുമായ കാട്ടാറുകളിലെ വെള്ളമാണു് ദാഹിച്ചാൽ കുടിക്കാൻ. കാലനിയമം കൂടാതെ പ്രായേണ ചുട്ട മാംസം തന്നെ ആഹാരം. കുതിരയുടെ പിന്നാലെ ഓടി സന്ധികളെല്ലാം നുറുങ്ങിയിരിക്കുന്ന എനിക്കു രാത്രിയിലെങ്കിലും സ്വൈരമായി ഒന്നു കിടക്കാം. എന്നുവെച്ചാൽ അതും പറ്റില്ല. അഥവാ ഒന്നുകണ്ണടച്ചാൽ വെളുക്കുന്നതിനു വളരെ മുമ്പിൽത്തന്നെ ദാസീപുത്രന്മാർ കാട്ടാളന്മാർ കാടുവളയുന്ന ഘോഷംകൊണ്ടു് ഉണർന്നുപോകുന്നു. ഇതുമാത്രംകൊണ്ടും ഗ്രഹപ്പിഴ തീർന്നില്ല. ഇപ്പോൾ കൂനിന്മേൽ ഒരു കുരു കൂടി പുറപ്പെട്ടതുപോലെ ആയിരിക്കുന്നു. ഇന്നലെ ഞാൻ ഒരുമിച്ചു് ഇല്ലാതിരുന്ന സമയം ഒരു മാനിന്റെ പിന്നാലെ കൂടി പുറപ്പെട്ടു് ആശ്രമത്തിൽ ചെന്നു കയറി ശകുന്തള എന്നൊരു മഹർഷികന്യകയെ എന്റെ കഷ്ടകാലത്തിനു രാജാവുകണ്ടു, വശമായി. ഇപ്പോൾ നഗരത്തിലേക്കു പോകുന്ന കഥകൂടെ പ്രസംഗിക്കുന്നില്ല. ഇതുതന്നെ വിചാരിച്ചുകൊണ്ടു് ഉറക്കമില്ലാതെ കിടന്നു് ഇതാ നേരവും വെളുത്തു. നിർവ്വാഹമില്ലല്ലോ. എന്തെങ്കിലുമാകട്ടെ, തോഴരെത്തന്നെ ചെന്നുകാണുക: (ചുറ്റി നടന്നു നോക്കീട്ടു്) ഇതാ വില്ലുകളും കൈയിലെടുത്തു കാട്ടുപൂക്കൾ കെട്ടി മാലയും ഇട്ടുകൊണ്ടിരിക്കുന്ന പട്ടാണിച്ചികളുടെ കൂട്ടത്തോടുകൂടി തോഴർ ഇങ്ങോട്ടുതന്നെ വരുന്നു. ആകട്ടെ, അംഗഭംഗത്താൽ അശക്തത ഭാവിച്ചു് നിൽക്കാം. അങ്ങനെ എങ്കിലും കുറേ വിശ്രമം കിട്ടിയെങ്കിലോ?

കിളിപ്പാട്ടു മുതലായ പദ്യഗ്രന്തങ്ങളെ പൂർവ്വികന്മാർ ഖണ്ഡികകളാക്കി പിരിച്ചെഴുതാതിരുന്നതിന്റേയും കാരണം ഗദ്യദാരിദ്ര്യമാകുന്നു. സംസ്കൃതവൃത്തത്തിലുള്ള ശ്ലോകങ്ങളെല്ലാം ഓരോ പൂർണ്ണസ്വതന്ത്രവാക്യമാണു്. ശ്ലോകത്തിന്റെ കെട്ടുപാടു ബലപ്പെടുത്തുന്നതും, അതിനെ ഒറ്റയായി തിരിച്ചുകാണിക്കുന്നതും ഈ ഏകവാക്യതാനിർബ്ബന്ധമാണു്. അതില്ലെങ്കിൽ ശ്ലോകത്തിനു പൂർത്തി തോന്നുകയില്ല. അപൂർവ്വമായി ചിലപ്പോൾ കവിതകൾ അനേകം ശ്ലോകങ്ങളെ ചേർത്തു് ‘കുളക’മാക്കാറുണ്ടെങ്കിലും അവിടെയും ഒരുവിധം വാക്യവിശ്രാന്തി ഓരോ ശ്ലോകത്തിനും, കാണും. ശ്ലോകകൃതികൾ വർണ്ണനാബഹുലങ്ങളാകയാൽ അതുകളിൽ സർഗ്ഗം എന്ന വിഭാഗം തന്നെ ഖണ്ഡികയുടെ സ്ഥാനം വഹിക്കുന്നു. സർഗ്ഗമദ്ധ്യത്തിൽ ഖണ്ഡികാസ്ഥാനീയമായ വിഭാഗം അപൂർവ്വമായി ആവശ്യപ്പെട്ടാൽ വൃത്തഭേദം ചെയ്തു് ആ വിഭാഗത്തിന്റെ പ്രതീതി ഉണ്ടാക്കാം. രഘുവംശം 9‌ാം സർഗ്ഗം നോക്കുക. സർഗ്ഗബന്ധം കൂടാതെ ധാരണാസൌകര്യത്തിനുവേണ്ടി ശ്ലോകത്തിൽ എഴുതുന്ന ശാസ്ത്രീയഗ്രന്ഥങ്ങളിൽ പ്രായേണ അനുഷ്ടുപ്പു്, ആര്യാ എന്ന രണ്ടു വൃത്തങ്ങൾ മാത്രമേ ഉപയോഗിക്കുമാറുള്ളു. അതിൽ ശ്ലോകന്ത്യത്തിൽ വാക്യപൂർത്തി വേണമെന്നു നിർബ്ബന്ധവുമില്ല. അങ്ങനെയുള്ള കൃതികളിൽ വാക്യപൂർത്തി വരുന്നിടത്തു വരിമാറി ആരംഭിക്കണം. കിളിപ്പാട്ടു മുതലായ ഭാഷാവൃത്തങ്ങളുടേയും മട്ടു് ഇച്ചൊന്നവിധമാകുന്നു. അതുകളിൽ ഈരടികളുടെ അവസാനത്തിൽ വാക്യം അവസാനിക്കണമെന്നു നിർബ്ബന്ധമില്ല. അതിനാൽ അതുകളിലും വിഷയം മാറുന്നിടത്തു വരിമാറി ഖണ്ഡികാവിഭാഗം ഏർപ്പെടുത്തുന്നതു കൊള്ളാം. സംസ്കൃതത്തിൽ ശ്ലോകം എന്നും ഇംഗ്ലീഷിൽ എന്നും പറയുന്ന വിഭാഗവും മിക്ക ദിക്കിലും യോജിപ്പിക്കാം. ഇത്രവരി ഒരു ശ്ലോകം അല്ലെങ്കിൽ എന്നു ക്ലിപ്തപ്പെടുത്താൻ മാത്രം സാധിക്കയില്ലെന്നേ ഉള്ളു. ഉദാഹരണത്തിനു് പദ്യപാഠാവലി നാലാംഭാഗത്തിൽ ‘ഏഷണിക്കാരനു് പറ്റിയ ദോഷം’ എന്ന പാഠം നോക്കുക.

പരിമാണം:

വാക്യങ്ങൾക്കു് ഇത്ര നീളം വേണമെന്നൊരു കണക്കുമില്ല; മറ്റെല്ലാ വിഷയങ്ങളിലുമള്ളതുപോലെ ഏറെ നീളുകയും ഏറെ കുറുകയും ചെയ്യാതെ മദ്ധ്യവൃത്തിയിൽ ഇരിക്കുന്നതു കൊള്ളാം. പദങ്ങൾ ചുരുങ്ങിയ വാക്യത്തിനു് പിരിമുറുകിയ ചരടുപോലെ ബലം ഏറും. പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, സൂത്രങ്ങൾ മുതലായതിൽ കാണുന്ന ദാർഢ്യാതിരേകത്തിനു് ഇതാണു കാരണം. ദീർഘവാക്യങ്ങൾക്കു് ഒഴുക്കും, മോടിയും, ഉല്ലാസവും കൂടും. രണ്ടും ഇടകലർത്തി വൈചിത്ര്യം വരുത്തി പ്രയോഗിക്കുന്നതു നന്നു്. വാക്യം കുറുകുന്നതുകൊണ്ടും നീളുന്നതുകൊണ്ടും വേറെ പല പ്രയോജാങ്ങളും സാധിക്കാം:

‘ദൈത്യാരി പൂർവ്വജനു ദൂത്യം സമേത്യ, നിജ-

സാധ്യം വെടിഞ്ഞു നിഷധേന്ദ്രൻ,

സേനയിഹ നിർത്തി, താനഥ നടന്നു,

ദാന്തദമഭഗിനിയുടെ കാന്തിനദിയതിൽ മുഴുകി

നീന്തുവതിനുഴറി മിഴി രണ്ടും

ബഹളേ ജനേ, പഥിഷു സബലേഷു ഭൂപതിഷു

ചപലേ മഹീസുരസമൂഹേ,

പലരെയുമുരുമ്മീ, പരിചൊടു നടന്നു;

പെരിയ പരിചയമുടയ പരിഷയുടെ നടുവിലുട-

നവിദിതനു കുതുകമവനാസീൽ

ധന്യോഥ രക്ഷിജനകണാലലക്ഷ്യതനു

കന്യാപുരത്തിനു കടന്നു;

കണ്ണിനഴൽ തീർന്നു, കണ്ടു ദമയന്തീം

താഞ്ച അഖനിരകൾ മുതൽ പൂഞ്ചികുരതതിയറുതി

വാഞ്ഛയൊടു നികടഭുവി കണ്ടു

അമരേന്ദ്രദൂതനിവനപരാധമോർത്തു മന-

മുപരോധനേന വശമാക്കി;

മറവകലുവാനായ് മനസി കൊതിപൂണ്ടു; അതിമധുരതരവപുഷമരുകിലുടനൊരു പുരുഷ-

മമൃതമൊഴി സഖികളൊടു കണ്ടു’ --- നളചരിതം കഥകളി


ഈ ദണ്ഡകത്തിൽ വാക്യങ്ങളെ ചെറുതാക്കിയതുകൊണ്ടു് നളനു വഴിയിൽ നടന്ന പലവിധസംഭവങ്ങൾ ഓർത്തിരിക്കാത്തവയും ഒന്നോടൊന്നു സംബന്ധമില്ലാത്തവയുമാണെന്നുള്ള പ്രതീതി ബലപ്പെടുന്നു.

ഇവിടെ അംഗിയായ രസം ശൃംഗാരം: ഭയാനകാദികളംഗങ്ങൾ. അതിൽ ‘ക്ഷത്രയോഗ്യയിവളാര്യമാം’ എന്ന ഘട്ടത്തിൽ അങ്കുരിതമായ ‘രതി’ എന്ന ഭാവം ‘ശകുന്തള - ഹൃദയമേ സ്വസ്ഥമായിരിക്കു നീ വിചാരിച്ചതിനെ...’ എന്നു തുടങ്ങി ‘തന്വിക്കെന്നിലൊഴിച്ചു ദൃഷ്ടികളുറയ്ക്കുന്നീല മറ്റൊന്നിലും’ ഇത്യന്തമുള്ള സന്ദർഭത്താൽ ഉൽബുദ്ധമായിട്ടു സ്ഥായിവ്യപദേശത്തിനു പാത്രമായിത്തീർന്നതിന്റെശേഷം ‘അറിവേനഹമാർഷമാം പ്രഭാവം’ എന്നതുമുതൽ കാമലേഖം എഴുതുന്നതുവരെയുള്ള പൂർവ്വാനുരാഗവിപ്രലംഭത്താൽ രൂഢമൂലമായ്,

1. ‘ഒട്ടീ ഹന്ത കവിൾത്തടം’ എന്നു ഗ്ലാനി;

2. ‘അറിവേനഹമാർഷമാം പ്രഭാവം’ എന്നു ശങ്കമാനത;

3. ‘സ്മര! കുസുമശരൻ നീ.... ‘ എന്നു രാജകർത്തൃമായ അസൂയ;

4. ‘അല്ലെങ്കിൽ താമസിയാതെ എന്റെ ഉദകക്രിയയും ചെയ്യേണ്ടിവരും’ എന്നു നായികാഗതമായ നിർവേദം;

5. ‘എനിക്കെന്റെ പ്രിയയുടെ ദർശനമൊഴിച്ചു മറ്റെന്താണു ശരണ്യം’ എന്നു നായകന്റെ ഔത്സുക്യം. ഇത്യാദി സഞ്ചാരിഭാവങ്ങളാൽ അവിടവിടെ പരിപോഷിതമായ്, ‘രാജാ - പ്രത്യക്ഷനായി വേഗത്തിൽ അടുത്തുചെന്നു്’ എന്നാരംഭിച്ചു് ‘അവൾ മുഖം തിരിച്ചു പരിഹരിക്കുന്നു’ എന്നു് അവസാനിക്കുന്ന ഗ്രന്ഥത്താൽ പ്രതിപാദിതമായ സംക്ഷിപ്തസംഭോഗശൃംഗാരദശയേയും, ‘ചപലമായ മനസ്സേ! പ്രയാസം കൂടാതെ...’ ഇത്യാദി ശകുന്തളയുടെ ആത്മഗതം മുതൽ,

‘ഇല്ലൊട്ടും ശൂന്യമെന്നാകിലുമിവിടമുപേക്ഷിപ്പതിന്നിങ്ങൊരുക്കം’ എന്നു രാജാവിന്റെ പരിദേവനംവരെയുള്ള സന്ദർഭപ്രകാരം കാര്യപ്രവാസ വിപ്രലംഭാവസ്ഥയേയും ഒടുവിൽ ദുർവ്വാസശ്ശാപാവസരത്തിൽ ശാപവിപ്രലംഭകക്ഷ്യയേയും പ്രാപിച്ചു് മദ്ധ്യേ കുറഞ്ഞൊരുകാലം നിശ്ശേഷം സമ്മീലിതമായെങ്കിലും, ‘എന്താണെനിക്കു് ഈ ഗാനം കേട്ടിട്ടു് ഇഷ്ടജനവിരഹമില്ലെങ്കിലും ഔത്സുക്യം തോന്നുന്നതു്’ എന്നും,

‘അത്യാർത്തത്വം പൂണ്ടൊരെൻ ചിത്തമെന്നാൽ

സത്യാർത്ഥത്തെ പ്രത്യയിപ്പിച്ചിടുന്നോ?

എന്നും മറ്റുമുള്ള അവസരങ്ങളിൽ പൂർണഗ്രഹണകാലത്തു് രാഹുവദനോദരത്തിൽ മങ്ങിക്കാണുന്ന പനിമതിബിംബം‌പോലെ യഥാകഥഞ്ചിൽ അനുസന്ധേയമായിത്തന്നെ ഇരുന്നുംകൊണ്ടു് പിന്നീടു മുദ്രാദർശനത്തിൽ പെട്ടെന്നു സംഭ്രമപ്രവാസം എന്നു വ്യപദേശമായ വിപ്രലംഭമായിട്ടു സമ്പൂർണ്ണദശയിൽ ആവിർഭവിച്ചു്, അവസാനത്തിൽ സപുത്രയായ ശകുന്തളയുടെ സംഗമത്തിൽ വീണു സംഭോഗാത്മനാ പരിണമിച്ചു് ചകചകായമാനമായിരിക്കുന്ന ഒരു അപൂർവ്വസരണിയിൽ അവതരിപ്പതും ചെയ്യുന്നു. ----ശാകുന്തളം അവതാരിക.

ശാകുന്തളത്തിൽ പ്രധാനമായ രസം ശൃംഗാരമാണെന്നു കാണിക്കുന്ന ഈ ഭാഗം ഒറ്റവാക്യമാക്കിയതു് അടിമുടി ഒന്നുപോലെ വ്യാപിക്കുന്ന ശൃംഗാരരസത്തിന്റെ ഏകത്വപ്രത്യാത്തിനു് ഉപകരിക്കുന്നു. ഇതുപോലെ വേറെയും പ്രയോജനങ്ങൾ സൂക്ഷിച്ചുനോക്കി അറിക.

അഭ്യാസം

താഴെ കൊടുത്തിരിക്കുന്ന ഭാഗങ്ങളിൽ വാക്യശുദ്ധി പരീക്ഷിക്ക.

1. (എ) അപ്പോൾ മാവേലിക്കര രാജകുടുംബത്തിൽനിന്നും ഒരു യുവാവു് തിരുവനന്തപുരത്തു കൊട്ടാരത്തിൽ താമസിച്ചിരുന്നു. ഇദ്ദേഹം ദത്തെടുത്ത രാജകുമാരിയുടെ കുടുംബത്തിൽ ജനിച്ച ആളായിരുന്നു. അപ്പോൾ തിരുവിതാംകൂർ രാജകുടുംബത്തിൽ മഹാരാജാവല്ലാതെ വേറെ പുരുഷന്മാർ ഉണ്ടായിരുന്നില്ല. അതുകൊണ്ടു് മഹാരാജാവും ജനങ്ങളും ഇദ്ദേഹത്തിനെ ഇളയ രാജാവായി ഗണിച്ചുവന്നു. മഹാരാജാവ് എല്ലാ കാര്യത്തിലും ഇദ്ദേഹത്തിന്റെ അഭിപ്രായം ചോദിക്കുക പതിവായിരുന്നു. വാസ്തവത്തിൽ കൊട്ടാരത്തിൽ നടന്നിട്ടുള്ള പല ദുരാലോചനകൾക്കും കാരണം ഇദ്ദേഹം ആയിരുന്നു. അതുകൊണ്ടു് ഇദ്ദേഹത്തിനെ മാവേലിക്കരയോ ആലപ്പുഴയോ അയച്ചു താമസിപ്പിക്കണമെന്നു ദിവാൻ മഹാരാജാവിനോടു് അപേക്ഷിച്ചു. മഹാരാജാവു് അതിനെ ഒട്ടും അനുവദിച്ചില്ല. എന്നുമാത്രമല്ല ഉമ്മിണിത്തമ്പി ആത്മരക്ഷയ്ക്കായി ദിവാനെ അവർ രക്ഷിക്കേണ്ടതാണെന്നു വിചാരിച്ചു് ആരെങ്കിലും ദിവാനെ കൊല്ലുന്നെങ്കിൽ ബ്രിട്ടീഷ് ഗവർമ്മെന്റുകാർ തിരുവിതാംകൂർ ഗവർമ്മെന്റുകാരെ അവരുടെ ശത്രുക്കളായി ഗണിക്കുമെന്നു മഹാരാജാവിനെ അറിയിച്ചു. ബ്രിട്ടീഷ്ഗവർമ്മെന്റിന്റെ അഭിപ്രായപ്രകാരം റസിഡണ്ടു കൊട്ടാരത്തിൽ താമസിച്ചിരുന്ന ഇളയരാജാവിനു് ഇളയരാജാവായിരിക്കുവാൻ എന്തവകാശമുണ്ടെന്നു വിചാരണചെയ്തു. അപ്പോൾ റാണിയുടേയും പല ഉദ്യോഗസ്ഥന്മാരുടേയും മൊഴികൾ അനുസരിച്ചു് അദ്ദേഹത്തിനു് ഇളയരാജാവായിരിക്കുന്നതിനു് അവകാശമില്ലെന്നു റസിഡന്റു തീർച്ച ചെയ്തു. ---------തിരുവിതാംകൂർ ചരിത്രകഥകൾ.

1. (ബി) ഇൻഡ്യയിലെ രാജ്യപരിവർത്തനങ്ങളിൽ പ്രധാനാംശഭാഗികളായിരുന്ന യൂറോപ്യന്മാരിൽ‌വെച്ചു് ഡ്യൂപ്ലെ സന്ധിതന്ത്രങ്ങൾക്കും മത്രാലോചനകൾക്കും അദ്വിതീയനായിരുന്നുവെങ്കിലും യുദ്ധവ്യാപാരങ്ങളെ സമരഭൂമിയിൽ സ്വയം പ്രവേശിച്ചു നടത്തുന്നതിനു് അയാൾ അപര്യാപ്തനായിരുന്നു; ആയുധവിദ്യ അയാൾ ബാല്യത്തിൽ അഭ്യസിച്ചില്ല. അതിൽ അയാളുടെ ബുദ്ധിക്കു പ്രവേശം ഇല്ലായിരുന്നു. ശത്രുക്കൾ അയാളിൽ കാതര്യദോഷം ആരോപിച്ചു. എന്നാൽ അയാൾ ഉത്തരനെപ്പോലെ ഗേഹേ ശൂരനായിട്ടു വീട്ടിലിരുന്നു മേനി പറഞ്ഞതേയുള്ളു. യുദ്ധരംഗത്തിൽ അയാൾ വേഷം കെട്ടി പുറപ്പെടാഞ്ഞതു് സൈന്യകോലാഹലവും വെടിയുടെ ശബ്ദവും കേട്ടാൽ അയാൾക്കു കാര്യാലോചനകളിൽ മനസ്സിരിക്കാതെ വരുന്നതിനാലായിരുന്നുവെന്നു് അയാൾ പറഞ്ഞുവന്നു. മന്ത്രിസഭയിൽ സ്വരമായിരുന്നു് ആലോചിച്ചു നിശ്ചയിച്ചു യുദ്ധനടപടികളെ നടത്തുന്ന ജോലി അയാൾക്കു് അന്യന്മാരെ ഏൽ‌പ്പിക്കയേ നിർവ്വാഹമുണ്ടായിരുന്നുള്ളു. ആൾക്കാരാകട്ടെ അയാളുടെ ഇംഗിതം പോലെ നടത്താറില്ലെന്നു് അയാൾക്കു് എന്നും ആവലാതിയുണ്ടായിരുന്നു. അയാളുടെ കീഴുദ്യോഗസ്ഥന്മാരിൽ പിടിപ്പുള്ളവരേ ഉണ്ടായിരുന്നില്ല. അവരിൽ മിക്കവരും പ്രായം ചെല്ലാത്ത ബാലന്മാരായിരുന്നു. അവരുടെ മൌഢ്യത്തേയും തെറ്റിനേയും കണ്ടു സാധാരണഭടന്മാർക്കു പോലും ഹാസ്യം തോന്നിയിരുന്നു.

ഇംഗ്ലീഷുകാർക്കു സർവ്വത്ര ജയവും ലഭിച്ചു. തൃച്ചിന്നാപ്പള്ളിയിലെ ഉപരോധകന്മാർ തന്നെ ഉപരോധിക്കപ്പെട്ടു സമാധാനത്തിനപേക്ഷിച്ചു. ചന്ദാസാഹേബ്ബിനെ മഹാരാഷ്ട്രന്മാർ ജീവഗ്രാഹം ഗ്രഹിച്ചു. മഹമ്മദാലിയുടെ ഉപദേശപ്രകാരം അവർ അയാളെ കൊലചെയ്കയും ചെയ്തു. എന്നാലും ഡ്യൂപ്ലേയുടെ ഉത്സാഹം ശമിച്ചില്ല. അയാളുടെ വിഭവസാമഗ്രി അക്ഷീണയായിരുന്നു. സ്വന്തനാട്ടുകാർ അയാൾക്കു മേലാൽ ഒത്താശകൾ വേണ്ടുവണ്ണം ചെയ്തുകൊടുത്തില്ല. ഒന്നിനും ഉപയോഗപ്പെടാത്ത തെണ്ടിപ്പിള്ളേരെ ആയിരുന്നു അയാൾക്കു അവർ ഭടന്മാരായി അയച്ചുകൊടുത്തിരുന്നതു്. എന്നാലും അയാൾ അധൈര്യപ്പെട്ടില്ല. തന്ത്രങ്ങൾ ഉപയോഗിച്ചും കൈക്കൂലി കൊടുത്തും ഉടമ്പടികൾ ചെയ്തും സ്വന്തസമ്പാദ്യം ചെലവുചെയ്തും കഴിയുന്നിടത്തോളം കടം വാങ്ങിച്ചും ഡില്ലിയിൽനിന്നും പുത്തൻ‌വിരുതുകൾ സമ്പാദിച്ചും മദ്രാസ്ഗവർമ്മെന്റിനു പുതിയ ശത്രുക്കളെ ഇളക്കിവിട്ടും ഇംഗ്ലീഷ് കമ്പനിക്കാരുടെ സുഹൃത്തുക്കളെത്തന്നെ ഏഷണികൂട്ടി ഛിദ്രിപ്പിച്ചും പല വിദ്യകളും അയാൾ ചെയ്തുനോക്കി; എന്നാൽ ഒന്നും ഫലപ്പെട്ടില്ല. മന്ദമായിട്ടെങ്കിലും അസ്ഖലിതമായി ബ്രിട്ടീഷുകാരുടെ ശക്തി ഉപര്യുപരി വർദ്ധിക്കുകയും ഫ്രഞ്ചുകാരുടെ ശക്തി ക്ഷയിക്കയും ചെയ്തുകൊണ്ടിരുന്നു. --------നാലാം‌പാഠം

2. (എ) ഇതിൽ‌പ്പിന്നീടു് ബുക്കർ തന്നെ അമേരിക്കയിൽ പല പ്രധാന സ്ഥലങ്ങളിൽ‌വെച്ചു യാചനാർത്ഥം പ്രസംഗങ്ങൾ നടത്തീട്ടുണ്ടു്. ഈ കാലങ്ങളിൽ ഇയാൾ സ്വീകരിച്ചിരുന്ന പ്രമാണങ്ങൾ ഇവയായിരുന്നു. (1) ജനങ്ങളേയും സഭകളേയും നീഗ്രോജനങ്ങളുടെ ആവശ്യങ്ങളെ വ്യക്തമായും ശരിയായും ധരിപ്പിക്കുക. (2) പ്രസംഗങ്ങളുടെ ഫലത്തെപ്പറ്റി മനസ്സിനെ ക്ലേശിപ്പിക്കാതിരിക്കുക. ----ബുക്കർ.

2. (ബി) ധനംകൊണ്ടു കുബേരനായിരുന്ന ബാബു ഗോവിന്ദസേന്റെ ആതിഥ്യത്തെ പരിഗ്രഹിച്ചു് സ്വർല്ലോകത്തിലെ അമരാവതിയോടു തുല്യമായ അമരാവതിബംഗ്ലാവിൽ മാധവൻ അതിസുഖത്തോടെ ഒരു പത്തുദിവസം താമസിച്ചു. അതിന്റെ ശേഷം പുറപ്പെടാനായി യാത്ര ചോദിച്ചു. താൻ യാത്രചോദിച്ചതിനു നാലുദിവസം മുമ്പു് ഗോവിന്ദസേന്റെ മകൻ കേശവചന്ദ്രസേൻ കല്പന അവസാനിച്ചതിനാൽ ബോംബെയിലേക്കു മടങ്ങിപ്പോയിരിക്കുന്നു. ബാബു ഗോപിനാഥബാനർജി കൂട്ടുകച്ചവടത്തിലെ ഒരു ബ്രാഞ്ചുകച്ചവടസ്ഥലത്തേക്കും അന്നുതന്നെ പോയി. അദ്ദേഹത്തിന്റെ സ്ഥിരമായ താമസം ആ ബ്രാഞ്ചുകച്ചവടം നടക്കുന്ന സ്ഥലതായിരുന്നു. മാധവൻ മലബാറിലേക്കു തൽക്കാലം മടങ്ങുന്നില്ലെന്നും ബർമ്മ, കാശി, അലഹബാദ്, ആഗ്രാ, ഡൽഹി, ലാഹൂർ മുതലായ സ്ഥലങ്ങളിൽ രണ്ടുമാസം താമസിച്ചതിനുശേഷമേ മടങ്ങുന്നുള്ളുവെന്നും പറഞ്ഞതിനാൽ കേശവചന്ദ്രസേനും ഗോപിനാഥബാനർജിയും മാധവനോടു് താൻ എപ്പോഴെങ്കിലും മടങ്ങിപ്പോകുന്നതിനുമുമ്പ് ഗോപിനാഥബാനർജി താമസിക്കുന്നേടത്തു രണ്ടു ദിവസവും, മടക്കത്തിൽ ബോംബെയിലെത്തിയാൽ കേശവചന്ദ്രസേന്റെ കൂടെ രണ്ടുദിവസവും താമസിച്ചിട്ടേ പോകയുള്ളു എന്നുള്ള വാഗ്ദത്തം വാങ്ങീട്ടാണു് അവർ പുറപ്പെട്ടുപോയതു്. അവർ പോയി നാലുദിവസം കഴിഞ്ഞശേഷം മാധവനും യാത്ര പുറപ്പെട്ടു് ഗോവിന്ദസേനെ അറിയിച്ചു. ഈ ബാബു ഗോവിന്ദസേൻ ധനത്തിൽത്തന്നെയല്ല മര്യാദ, വിനയം, ഔദാര്യം, ദയ ഇതുകളിലും ആരാലും ജയിക്കപ്പെട്ടവനല്ല. -----------ഇന്ദുലേഖ

3. (എ) ഈ കാലത്തും ഇതിൽ‌പ്പിന്നീടും ഇവന്നു പ്രധാനസഹായികളായിരുന്നവരും സകല സംഗതികളിലും ഇവനാൽ ഗുണദോഷവിവേചനം ആവശ്യപ്പെട്ടിരുന്നവരും ഒരു വെള്ളക്കാരനും ഒരു കറുത്ത മനുഷ്യനുമായിരുന്നു. ഇവരിൽനിന്നും ബുക്കറിനുണ്ടായ സഹായം വാചാമഗോചരമായിരുന്നു. ഇവരാകട്ടെ കാമ്പ്‌ബെൽ ധ്വരയും ആഡംസ് നാമധാരിയായ കറുത്തവനും ആയിരുന്നു.

കാമ്പ്‌ബെൽ ഒരു വ്യാപാരിയും സൌക്കാറും, ആഡംസ് ചപ്പാത്തുണ്ടാക്കുകയും കുതിരക്കോപ്പു ചെയ്കയും തകരവേല നടത്തുകയും ചെയ്യുന്നതിൽ വൈദഗ്ദ്ധ്യം സമ്പാദിച്ചിരുന്ന വ്യവസായിയുമായിരുന്നു. ആദ്യകാലം മുതൽക്കു് ഇവർ രണ്ടാളും ബുക്കറിന്റെ വിദ്യാഭ്യസനരീതികളെ ഗ്രഹിക്കുകയും അവനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ധനദാനത്തിലും ഗുണദോഷസഹകാരിത്വത്തിലും ഇവർ ബുക്കറിനെ അദ്യാപി സന്തോഷചിത്തനാക്കി ജോലിയിൽ പ്രവർത്തിപ്പിച്ചു. -----ബുക്കർ.

3. (ബി) ഇനി മാസം, ഋതു, സംവത്സരം മുതലായവയുടെ കല്പനത്തിനുള്ള അവലംബം എന്താണെന്നാലോചിക്കാം. ഭൂതലവാസികളായ നമുക്കും നമ്മുടെ ചുറ്റുമുള്ള ഇതരസൃഷ്ടികൾക്കും ഓരോരിക്കൽ സംഭവിച്ചുവരുന്ന പ്രധാനമായിട്ടുള്ള ചില ബാഹ്യാവസ്ഥാഭേദങ്ങൾ ഇന്നിന്നവയാണെന്നും അവ ഇത്ര ഇത്ര സമയം കൂടുമ്പോൾ ഉണ്ടാകുന്നു എന്നും ഉള്ള കാര്യത്തിന്റെ സൂക്ഷ്മതത്വപരിശോധനയിൽനിന്നാകുന്നു ഋതുക്കൾ എന്നുള്ള ചില കാലാവയവങ്ങളെ കല്പിക്കാനിടവന്നിട്ടുള്ളതു് എങ്ങനെ എന്നാൽ ചിലപ്പോൾ കുറച്ചുകാലത്തേക്കു് നമുക്കു് അത്യുഷ്ണവും അതിന്റെ ശേഷം കുറച്ചുകാലത്തേക്കു് അതിവർഷംകൊണ്ടു ശൈത്യവും അതിന്നുശേഷം ഒരു ക്ലപ്തകാലത്തോളം ശീതോഷ്ണങ്ങളുടെ സമാവസ്ഥയും തദനന്തരം കുറച്ചുകാലത്തേക്കു (വർഷമില്ലെങ്കിലും) കുറേശ്ശെ ശൈത്യവും പിന്നീടു് അതിശൈത്യപ്രദമായ മഞ്ഞുകാലവും അതുകഴിഞ്ഞു് വീണ്ടും ഒരു ശീതോഷ്ണസമസ്ഥിതിയും പതിവായി സംഭവിച്ചുവരുന്നുണ്ടെന്നുള്ള സംഗതി വളരെക്കാലത്തെ അനുഭവംകൊണ്ടു ദൃഢമായിത്തീർന്നതിനാൽ ആവക അവസ്ഥാഭേദങ്ങൾ സംഭവിക്കുന്ന കാലനിയമത്തെ ക്ലപ്തപ്പെടുത്തുകയും, ആ കാലത്തിനു് ‘ഋതുക്കൾ’ എന്നു പേരു കൽ‌പിക്കയും അതിന്നുശേഷം പിന്നെയും ആവക അവസ്ഥാഭേദങ്ങളുടെ പരിശോധനയിൽനിന്നു് അവയുടെ സൂക്ഷ്മമായ താരത‌മ്യജ്ഞാനം സിദ്ധിക്കയും, അതോടുകൂടി സാമാന്യമായി മേല്പറഞ്ഞ ആറുവിധമുള്ള അവസ്ഥാഭേദങ്ങൾക്കു വേണ്ടിവരുന്ന കാലത്തെ ഈരണ്ടാക്കി ഭാഗിപ്പാൻ ഇടവരികയും ചെയ്തതിനാൽ ആ ഓരോ ഭാഗങ്ങൾക്കും ‘മാസം’ എന്നുള്ള ഒരു പേരു കൽ‌പ്പിക്കുകയും അതിന്നുശേഷം വ്യവഹാരസൌകര്യത്തിനുവേണ്ടി ആവക മാസങ്ങൾക്കും ഋതുക്കൾക്കും ഓരോ പ്രത്യേകനാമധേയങ്ങളെ കൽ‌പിക്കുകയും ചെയ്തതായി വിചാരിപ്പാൻ ന്യായമുണ്ടു്. ഇങ്ങനെ പന്ത്രണ്ടുമാസങ്ങൾ അല്ലെങ്കിൽ ആറു് ഋതുക്കൾ കഴിയുമ്പോൾ ലോകാവസ്ഥ വീണ്ടും പൂർവ്വസ്ഥിതിയെ പ്രാപിക്കുന്നതിനാൽ അങ്ങനെയുള്ള ഒരവസ്ഥാപരിവർത്തനകാലത്തിനു് സംവത്സരമെന്നു പേരു കൽ‌പ്പിക്കുകയും ചെയ്തു. ഇത്രയും കഴിഞ്ഞപ്പോൾ അനാദ്യന്തമായും അപരിച്ഛേദ്യമായും ഇരിക്കുന്ന കാലത്തെക്കുറിച്ചുള്ള വ്യവഹാരത്തിനു് നമുക്കാവശ്യമുള്ളതായ മാനസാധനങ്ങളുടെ ദാരിദ്ര്യം മിക്കതും തീർന്നു എന്നു കണ്ടിട്ടായിരിക്കാം ഇതിന്നുമേലുള്ള കാലപരിമാണങ്ങളെ എല്ലാം ഈ സംവത്സരങ്ങളുടെ ആവർത്തനംകൊണ്ടുതന്നെ കഴിച്ചുകൂട്ടിയാൽ മതിയെന്നു കല്പിച്ചതുപോലെ തോന്നത്തക്കവണ്ണം പൂർവ്വാചാര്യന്മാർ അവരുടെ കാലപരിമാണവിഷയത്തിലുള്ള പ്രയത്നത്തിനു് ഇവിടെവെച്ചു് ഏറ്റവും വലിയതായ ഒരു വിച്ഛിത്തി വരുത്തിയിരിക്കുന്നതായി കാണപ്പെടുന്നു. -------ഗദ്യമാലിക.

4(എ) രംഗനാഥൻ പന്ത്രണ്ടു വയസ്സു പ്രായമായപ്പോൾ ഒരു സംഗതി സംഭവിച്ചത്‌ അദ്ദേഹത്തിന്റെ മേലാലത്തെ ജീവിതം ഏതു മാർഗ്ഗത്തിലായിരിക്കേണമെന്നുണ്ടായിരുന്നോ, ആ മാർഗ്ഗത്തിലേക്കായി അതിനെ തിരിച്ചുവിട്ട ഒരു സംഭവമായി വിചാരിക്കേണ്ടതാണു്. ആ സംഭവം എന്തെന്നാൽ രംഗനാഥന്റെ അച്ഛൻ ഗവർമ്മെന്റിൽനിന്നു കുറെ ഭൂമി ഏറ്റുവാങ്ങിയിട്ടുണ്ടായിരുന്നു. അതിലെ വിളവു ദോഷപ്പെട്ടുപോയതിനാൽ അതിന്റെ മേലുള്ള ഗവർമ്മെന്റു നികുതി അടയ്ക്കുന്നതിനു രംഗനാഥന്റെ അച്ഛനു നിവൃത്തിയില്ലാതെ ആയി. അതുകൊണ്ടു് അക്കാലത്തെ നടപ്പനുസരിച്ചു് അദ്ദേഹത്തെ സിവിൾ ജയിലിലാക്കി. ഇങ്ങനെ ജയിലിൽ കിടക്കുമ്പോൾ അദ്ദേഹത്തിന്റെ അച്ഛന്റെ സംവത്സരശ്രാദ്ധം കഴിക്കേണ്ടതായി വന്നു. എന്തു ചെയ്യണമെന്നറിയാതെ രംഗനാഥന്റെ അമ്മ കരഞ്ഞുതുടങ്ങി. അമ്മ കരയുന്നതു കണ്ടപ്പോൾ രംഗനാഥന്റെ മനസ്സു് വളരെ ഇളകിപ്പോയി. അമ്മയുടെ വ്യസനത്തിനു കാരണം എന്താണെന്നു ചോദിച്ചറിഞ്ഞ ഉടനെ, രംഗനാഥൻ തന്റെ അച്ഛനെ ജയിലിൽനിന്നു വിടുവിച്ചുകൊണ്ടുവരുന്നതിനായി ചിറ്റൂർക്കു പോകണമെന്നു തീർച്ചയാക്കി. ആ തീർച്ചപ്രകാരം താൻ ചിറ്റൂരിൽ ഡിസ്ട്രിക്ട് ജഡ്ജിയായ കാസ്മേജർസായ്പിന്റെ ബംഗ്ലാവിൽ പോയി തന്റെ സങ്കടം ബോധിപ്പിച്ചു. തിര്യെ ഹാജരാക്കുന്നതിനു ജാമ്യക്കാരുണ്ടായാലല്ലാതെ രംഗനാഥന്റെ അച്ഛനെ വിട്ടയയ്ക്കാൻ പാടില്ലെന്നു് ആ ജഡ്ജിസായ്പു പറഞ്ഞു. അതിനു രംഗനാഥൻ തന്റെ അച്ഛന്റെ ജാമ്യക്കാരനായി തന്നെത്തന്നെയല്ലാതെ വേറെ ആരെയും ബോധിപ്പിക്കുന്നതിനില്ലെന്നും അതിനാൽ തന്റെ അച്ഛനുവേണ്ടി താൻ ജയിലിൽ ഇരുന്നുകൊള്ളാമെന്നും മറുപടി പറഞ്ഞു. പന്ത്രണ്ടു വയസ്സു പ്രായമുള്ള ഒരു കുട്ടിയിൽനിന്നും പുറപ്പെടുമെന്നു വിചാരിക്കാൻ പാടില്ലാത്തതായ ഈ മറുപടി കേട്ടിട്ടു് ജഡ്ജിസായ്പിനു വളരെ അനുകമ്പ തോന്നി. അതിനാൽ ആ സായ്പ് ഉടനെതന്നെ രംഗനാഥന്റെ അച്ഛനെ തൽക്ഷണം ജയിലിൽനിന്നു വിട്ടയയ്ക്കുന്നതിനു കല്പനകൊടുക്കുകയും രംഗനാഥനോടു വീട്ടിലേക്കു പൊയ്ക്കൊള്ളുന്നതിനും പിറ്റേദിവസം രാവിലെ തന്നെ വന്നു കാണുന്നതിനും പറകയും ചെയ്തു. തന്റെ അച്ഛനെ വിട്ടയയ്ക്കുന്നതിനുള്ള കല്പന രംഗനാഥൻ തന്നെ കൊണ്ടുപോയി ജയിലധികാരികൾക്കു കൊടുക്കുകയും, തന്റെ അച്ഛനെ ജയിലിനിന്നു വിടീക്കയും, രാത്രി കുറെ ചെന്നപ്പോൾ അച്ഛനോടുകൂടി താൻ ഗൃഹത്തിലെത്തുകയും ചെയ്തു. ----ഇൻഡ്യയിലെ മഹാന്മാർ

4 (ബി) വാർദ്ധക്യം നമ്മുടെ സുഖാനുഭവങ്ങളെ കുറയ്ക്കുന്നതോടുകൂടി ജീവിച്ചിരിക്കാനുള്ള ആശയെ വർദ്ധിപ്പിക്കുന്നു. യൌവനകാലത്തിലെ ചോരത്തിളപ്പിനാൽ നാം വകവയ്ക്കാതിരുന്നിട്ടുള്ള ആപത്തുകളെല്ലാം വയസ്സായിത്തുടങ്ങുമ്പോൾ നമുക്കു ഭയത്തെ ജനിപ്പിക്കുന്നു. വയസ്സു കൂടുന്തോറും മനുഷ്യനു് അപായശങ്കകളും കരുതലുകളും വർദ്ധിച്ചുവരുന്നു. വൃദ്ധനാകുമ്പോഴേക്കു് മനുഷ്യന്റെ മനസ്സിൽ ഭയം ഒന്നുതന്നെ പ്രധാനവികാരമായിട്ടു തീരുന്നു. ഓരോരോ സംഭാവിതങ്ങളായ അപായങ്ങളെ പരിഹരിക്കാനും ഒഴിക്കാൻ വയ്യാത്ത ചരമകാലത്തെ കഴിയുന്നതും നീട്ടിവെക്കാനും ഉള്ള ഉപായങ്ങളെ ചിന്തിക്കുന്നതിൽ ആകുന്നു വൃദ്ധൻ തന്റെ ആയുശ്ശേഷത്തെ വിനിയോഗിക്കുന്നതു്.

വാസ്തവത്തിൽ ഈ ഉദ്ദേശത്തോടുകൂടിയുള്ള നമ്മുടെ വിചാരങ്ങളും പ്രവൃത്തികളും തീരെ അർത്ഥമില്ലാത്തവയാകുന്നു. ആയുസ്സിൽ ഉപഭോഗിക്കാനിരിക്കുന്ന ഭാഗത്തിന്റെ സ്വഭാവത്തെ ഉപഭോഗിച്ചുകഴിഞ്ഞ ഭാഗത്തിന്റെ ഗുണദോഷങ്ങളെക്കൊണ്ടു് ഊഹിക്കുന്നപക്ഷം ഭാവി ഏറ്റവും ഭയങ്കരമായിരിക്കും. ഇതേവരെ ഭുജിക്കപ്പെട്ട ഭോഗങ്ങളൊന്നും പാരമാർത്ഥികമായ സുഖത്തെ ഉണ്ടാക്കീട്ടില്ലെന്നു് അനുഭവം തീർച്ചപ്പെടുത്തുന്നു. ഭുക്തങ്ങളായ ഭോഗങ്ങളോളം ഇനി ഭോജ്യങ്ങളായവ പ്രബലപ്പെടുകയില്ലെന്നുള്ള ബോധവും നമുക്കു ജനിക്കുന്നു. എങ്കിലും ഈ അനുഭവവും ബോധവും ചെയ്യുന്ന ഉപദേശങ്ങളെല്ലാം വ്യർത്ഥം തന്നെ. ഇവ രണ്ടിനേക്കാളും പ്രബലമായ ആശ അതിദൂരത്തിൽ ഒരു ഗന്ധർവനഗരം ഉണ്ടാക്കി നമ്മെ അതിലേക്കു ക്ഷണിക്കുന്നു. ആശയുടെ ഈ പ്രലോഭനത്തിൽ‌ അകപ്പെട്ടു് നാം ചൂതുകളിയിലെ തോൽ‌വിക്കാരനെപ്പോലെ പരാജയം പ്രാപിക്കുന്തോറും അധികമധികം വീറോടുകൂടി പ്രവർത്തിക്കുന്നു. നമ്മുടെ വയസ്സിനോടൊന്നിച്ചു വളർന്നുവരുന്ന ഈ ജീവിതതൃഷ്ണയുടെ ഉത്ഭവം എന്തായിരിക്കും? എന്തുകൊണ്ടാണു്, ജീവിച്ചിരിക്കുന്നതുകൊണ്ടുള്ള ഉപയോഗം ചുരുങ്ങുന്ന കാലത്തിൽ നമുക്കു് ആ ജീവനിൽ അധികം സ്നേഹം വന്നുകൂടുന്നതു്. മനുഷ്യജാതി ക്ഷയിച്ചുപോകരുതെന്നുള്ള വിചാരത്തിന്മേൽ ഈശ്വരൻ നമ്മുടെ ഇന്ദ്രിയങ്ങൾക്കു വിഷയസുഖങ്ങളെ അനുഭവിപ്പാനുള്ള ശക്തി കുറയ്ക്കുന്തോറും ശരീരധാരണം ചെയ്യാനുള്ള ആഗ്രഹത്തെ വർദ്ധിപ്പിക്കയായിരിക്കുമോ? യൌവനത്തിലുള്ളതിലധികം ജീവിതസ്നേഹം വാർദ്ധക്യത്തിൽ വരുന്നില്ലെങ്കിൽ വൃദ്ധന്മാർക്കു ശരീരസംരക്ഷണം ദുസ്സാധമായിത്തീരുമായിരുന്നു. ജരാശിഥിലമായ ഭൂതപിണ്ഡത്തിൽ ഉണ്ടാകുന്ന പലതരം വ്യാധികളുടെ ദുസ്സഹതയും ഇന്ദ്രിയങ്ങളുടെ ശക്തിക്ഷയം നിമിത്തം വിഷയസുഖങ്ങളിൽ മേലാൽ താൻ അധികാരിയല്ലെന്നുള്ള ബോധവും, ജരഠനെ തന്റെ കഷ്ടതയ്ക്കു് അവസാനം വരുത്തേണ്ടാത്തീളേക്കു പ്രേരിപ്പിക്കുമായിരുന്നു. എന്നാൽ ഭാഗ്യവശാൽ മനുഷ്യനു മൃത്യുവിനെക്കുറിച്ചുള്ള അവജ്ഞ ദോഷകാരിണിയായി മാത്രം ഇരിക്കാവുന്ന കാലത്തിൽ അതു് അവനെ വിട്ടുമാറുകയും, ജീവിതത്തിന്റെ വാസ്തവമായ ഫലം ഇല്ലാതെയാകുന്തോറും അതിൽ ആരോപിതമായ ഗൌരവം ഉണ്ടാകയും ചെയ്യുന്നു. ----നാലാം‌പാഠം

5(എ) വല്ലവിധത്തിലും താൻ കോട്ടയിൽ കടന്നുകൂടിയാൽ തന്റെ പുതിയ ചങ്ങാതിമാരായ മൊഗളന്മാരെ പാതിരപ്പാറാവുസമയത്തു കോട്ടയിലേക്കു കടത്താമെന്നും, പക്ഷെ, അതു തരമായില്ലെങ്കിൽ തരമുണ്ടാകുന്നതുവരെ കുറ്റിക്കാടുകളിൽ ഒളിച്ചിരിക്കേണമെന്നും, ഈ ദ്രോഹി അവരോടു ശട്ടം കെട്ടിയിരുന്നു. അർദ്ധരാത്രിയാകുന്നതിനു് ഒരു മണിക്കൂർ മുമ്പെ നാനൂറു പേർ ഒരു കൂട്ടമായി നക്ഷത്രപംക്തികളുടെ മങ്ങലുള്ള വെളിച്ചത്തിന്റെ സഹായത്താൽ കുന്നിന്മേൽ പതുക്കെപ്പതുക്കെ കേറി കോട്ടയിൽനിന്നും ഏകദേശം ഇരുനൂറുവാര അകലത്തായി ഒരു വലിയ കുഴിയിൽ ഇറങ്ങിയിരുന്നു. ഈ കുഴിയുടെ വക്കുമുഴുവൻ വലിയ ഒരുമാതിരി പുല്ലു വളർന്നു കാടുപിടിച്ചു കിടന്നിരുന്നതുകൊണ്ടു് അതിൽക്കേറി ഒളിച്ചിരുന്നവരായ ഇവരെ ആർക്കും കാണ്മാൻ വയ്യായിരുന്നു. മൊഗൾസൈന്യങ്ങൾ കോട്ടയിലേക്കു കടക്കേണമെന്നുദ്ദേശിച്ചിരുന്ന ഗോപുരത്തിൽ അർദ്ധരാത്രിസമയത്തു മൊഗൾ പക്ഷപാതിയായ മഹാരാഷ്ട്രന്റെ സഹോദരൻ കാവൽക്കാരനായി നിൽക്കേണമെന്നും മുമ്പേതന്നെ നിശ്ചയിച്ചിരുന്നു. - മെട്രിക്കുലേഷൻ ടെക്സ്റ്റ് 1092

5 (ബി) അക്ബർ പറഞ്ഞു: “കൊള്ളാം ഇതു പിന്നെയും പഴംകഥ തന്നെ. നിങ്ങൾ മാത്രമേ തത്വത്തെ ഗ്രഹിച്ചിട്ടുള്ളു. അതിനെ എല്ലാവരും എന്നു മാത്രമല്ല, ഞാൻ കൂടിയും ആദരിക്കണം. വണങ്ങാത്തവൻ പീഢിതനാകണം. ആകട്ടെ, എന്നാൽ ആ തത്വം നിങ്ങളുടെ കൈവശത്തിൽ ഇരിക്കണം, എന്നു് എന്താണു്?”

‘സുഗൃഹീതനാമാവായ ആ ദീർഘദർശിതന്നെ നമ്മൾക്കു് അതിനെ പ്രഖ്യാപനം ചെയ്തിട്ടുള്ളതുകൊണ്ടും’ എന്നിങ്ങനെ അബ്ദുൽക്കാതർ ആരംഭിച്ചപ്പോൾ അക്ബർ തടഞ്ഞുപറഞ്ഞു: ‘ഗുണവാനായിട്ടു് അദ്ദേഹം ഒരാളല്ലാതെ മറ്റാരും ഇല്ലാത്തതുകൊണ്ടും, അല്ലേ? കൊള്ളാം. എന്നാൽ പശ്ചിമദേശത്തിൽനിനും നിങ്ങളെപ്പോലെതന്നെ ധൈര്യവാന്മാരും മാന്യന്മാരുമായ പാതിരിമാർ വരുന്നുണ്ടു്. അവർക്കും ഒരു ദീർഘദർശി ഉണ്ടു്. അദ്ദേഹത്തിനെ അവർ ഈശ്വരനായി ബഹുമാനിക്കുന്നു എന്നാണു് ഞാൻ ഗ്രഹിച്ചിട്ടുള്ളതു്. അതു് എനിക്കു സ്പഷ്ടമായി മനസ്സിലാകുന്നില്ല. എന്നാൽ ഏതായാലും അവരുടെ മതം മഹമ്മദിന്റെ മതത്തേക്കാൾ പ്രാചീനമാണു്. പിന്നെ ഇതും അതും രണ്ടുംകൊണ്ടു തൃപ്തന്മാരാകാതെ മോസസ്സുതന്നെയാണു ദൈവം എന്നു വിശ്വസിക്കുന്ന ജൂതന്മാരുമുണ്ടു്. പിന്നെ നമ്മുടെ ബ്രാഹ്മണരെക്കുറിച്ചു് താൻ എന്തു പറയുന്നു? അവർക്കു തങ്ങൾക്കുതന്നെയും ദുർഗ്രഹങ്ങളാകത്തക്കവണ്ണം അത്ര ഗംഭീരങ്ങളും മോസസ്സ്, ക്രിസ്തു, മഹമ്മദ് ഇവരുടെ വേദങ്ങളെല്ലാം നവീനങ്ങളാകത്തക്കവണ്ണം അത്ര പ്രാചീനങ്ങളും അത്യന്തം പൂജ്യതയ്ക്കു് അർഹങ്ങളും ആയ പുരാതനഗ്രന്ഥങ്ങൾ ഉണ്ടു്. ഇങ്ങനെ ഇരിക്കെ ഇവയുടെ എല്ലാം ഏതാനും മാത്രമല്ലാതെ സകലത്തിന്റെയും ശതാംശംപോലും ഗ്രഹിച്ചിട്ടില്ലാത്തവനായി ഒരു കേവലമനുഷ്യനായ ഞാൻ ഇപ്രകാരം ഭിന്നഭിന്നങ്ങളായ മതങ്ങളിൽവെച്ചു് സദസദ്വിഭാഗം ചെയ്തു. വാസ്തവമതം ഏതാണെന്നു നിശ്ചയിക്കുന്നതു് എങ്ങനെയാണെന്നു പരമാർത്ഥമായി നിങ്ങളോടു ഞാൻ ചോദിക്കുന്നു.’ ---അക്ബർ.

6.(എ) ശിശു മതാവിനോടു സകല സഹായവും ആവശ്യപ്പെടുന്ന മാതിരി, ആദ്യകാലത്തു നീഗ്രോജനങ്ങൾ സർവ്വസഹായങ്ങളും രാജ്യഭരണകർത്താക്കന്മാരിൽനിന്നും ഉണ്ടാകുമെന്നു വിചാരിച്ചു. ഇതു് അത്ര അപ്രകൃതമല്ലല്ലൊ. നികൃഷ്ടമായ ദാസ്യവൃത്തിയിൽനിന്നും ഇവർക്കു വിമോചനം ഉണ്ടാക്കിക്കൊടുത്ത ഗവർമ്മെന്റ് - രണ്ടു ശതാബ്ദകാലങ്ങളിൽ ഇവരുടെ പ്രയത്നത്തിന്റെ ആദായത്തെ അനുഭവിച്ചുവരുന്ന ഒരു ഇതരജനസമുദായം - ഇവർക്കു് വിദ്യാഭ്യാസത്തിനും, കാലക്ഷേപമാർഗ്ഗസമ്പാദനത്തിനും ആയി ചില ഏർപ്പാടുകൾ ചെയ്യേണ്ടതായിരുന്നു എന്നും, അതു ചെയ്യാതിരുന്നതു് അനുകമ്പയുടെ അഭാവലേശം ആണെന്നും, ഒരു ആവലാതി പറവാൻ നീഗ്രോജനങ്ങൾക്കു് കാരണമുണ്ടു്.

6.(ബി) പണ്ഡിതന്മാർക്കു് സദ്വിഷയങ്ങളുടെ പര്യാലോചനയിൽ നേരം പോകുന്നു. പാമരന്മാർക്കു് കാമക്രോധാദിവികാരങ്ങളുടെ അനുധാവനത്തിൽ സമയം കഴിയുന്നു. രണ്ടുകൂട്ടർക്കും കാലത്തിനു ദൈർഘ്യപ്രതീതിയുണ്ടു്. ഒരുവകക്കാർ സമയത്തെ വിനിയോഗിക്കാൻ ഒരു മാർഗ്ഗം കാണായ്കയാൽ അതിനെ ദീർഘമെന്നു വിചാരിച്ചുകൊള്ളുന്നു. മറ്റേ വകക്കാർ സമയത്തിൽ ഉള്ള ഓരോ നിമിഷത്തേയും ഉപയോഗിക്കയാൽ അതിന്റെ ദൈർഘ്യത്തെ അറിയുന്നു. ഏകന്മാർ സമയം തുലയുന്നില്ലല്ലോ എന്നു് അവസരപ്പെടുന്നു. അന്യന്മാർ അതിനെ മുഴുവനും ഉപഭോഗിക്കുന്നു. ഗ്രന്ഥകാലക്ഷേപം ചെയ്തു് അറിവു സമ്പാദിച്ചിട്ടുള്ള ഒരാളും വൃഥാകാലക്ഷേപത്തിൽ ആയുസ്സു പോക്കീട്ടുള്ള ഒരാളും വാർദ്ധക്യാവസ്ഥയിൽ തങ്ങളുടെ കഴിഞ്ഞുപോയ യൌവനകാലങ്ങളെക്കുറിച്ചു സ്മരിക്കുന്നതായാൽ രണ്ടുപേരുടെയും ഓർമ്മ എത്രയും വ്യത്യാസമുള്ളതായിരിക്കും. ഒരുത്തൻ സമ്പാദിച്ചിട്ടുള്ളതെല്ലാംകൂടി ഒരു വിശാലമായ മരുഭൂമിയാകുന്നു. മൊട്ടക്കുന്നുകളും വെറും തറകളും ശൂന്യങ്ങളായ മൈതാനങ്ങളും അല്ലാതെ ഒന്നും അതിൽ കാണുകയില്ല. മറ്റേവൻ തിരിഞ്ഞുനോക്കുമ്പോൾ അവന്റെ ദൃഷ്ടിയിൽ‌പ്പെടുന്നതു രമണീയങ്ങളായ പൂങ്കാവനങ്ങളും കൃഷിയേറ്റപ്പെട്ട കണ്ടങ്ങളും നടുനനകളാൽ നിറയ്ക്കപ്പെട്ട തോട്ടങ്ങളും ആകുന്നു. അവന്റെ സമ്പാദ്യത്തിൽ ഒരു തൂശിനികത്താൻ‌പോലും പാഴ്ഭൂമി കാണുകയില്ല. --നാലാം‌പാഠം.

7. (എ) ‘ഞാനും ഭാര്യയും പാരീസിൽ താമസിക്കുന്ന സമയം ഇപ്പോൾ പ്രസിദ്ധനായിത്തീർന്നിരിക്കുന്ന ചിത്രമെഴുത്തുകാരനായ നീഗ്രോജാതിയിൽ ടാന്നറിന്റെ പരിചയം ഞങ്ങൾക്കുണ്ടായി. ഒരു കൊട്ടാരത്തിലേക്കു് ആ വിദ്വാന്റെ ഒരു ചിത്രത്തെ കാണ്മാനായി ഞങ്ങൾ പോവാൻ പോകുന്നു’ എന്നു ചില അമേരിക്കക്കാരോടു പറഞ്ഞപ്പോൾ അവർ വിസ്മയത്തെ നടിച്ചു. ‘എന്തു്! ഒരു രാജമന്ദിരത്തിൽ ഒരു നീഗ്രോവിന്റെ കൃതിയായ പടം മാന്യസ്ഥാനത്തു വെയ്ക്കപ്പെടുകയൊ, എന്തത്ഭുതം!‘ എന്നായിരുന്നു അവരുടെ വിചാരം. അവരുടെ ഈ ആശ്ചര്യം സഫലമായി പര്യവസാനിച്ചതു് അവർ ഛായാലേഖനത്തെ കണ്ടതിൽ‌പ്പിന്നെയാണു്. ഇതിൽനിന്നും ഞാൻ അനുമാനിച്ചതു് ഇത്രതന്നെ: ഉത്തമമായ ഒരു പ്രവൃത്തി ആരുതന്നെ ചെയ്താലും അതു ജനസാമാന്യത്താൽ സമ്മതമായിത്തീരും. ഒരു നീഗ്രോസ്ത്രീ പാകംചെയ്യുന്നതിനോ, തട്ടം മെഴുക്കുന്നതിനോ, തയ്ക്കുന്നതിനോ, പുസ്തകമെഴുതുന്നതിനോ, ഭംഗിയായി ശീലിക്കയോ ഒരു നീഗ്രോപുരുഷൻ അശ്വപരിപാലനം ചെയ്യുന്നതിനോ സസ്യാദികളെ കൃഷിചെയ്യുന്നതിനോ, വെണ്ണ ഉണ്ടാക്കുന്നതിനോ, വീടു പണിയുന്നതിനോ, വൈദ്യനാകുന്നതിനോ, അന്യരെപ്പോലെയോ, അന്യരെ അതിശയിച്ചോ, അഭ്യസിക്കയോ ചെയ്താൽ അവർക്കു്, ആ സ്ത്രീപുരുഷന്മാർക്കു്, ജാതിവ്യത്യാസത്തിലോ വർണ്ണഭേദത്താലോ ന്യൂനത ഉണ്ടാകയില്ലെന്നു് എനിക്കു തീർച്ചയായി തോന്നിയിരിക്കുന്നു. എന്നാൽ അധിവാസയോഗ്യമായിരിക്കുന്ന ദേശത്തിൽ വസ്തുവിഷയത്തിലോ സദാചാരവിഷയത്തിലോ ഏതെങ്കിലും വർദ്ധനയെ വരുത്തുന്നതിനു താൻ ശക്തനായാൽ ഏതു മനുഷ്യനും ആ സ്ഥലത്തു കീർത്തിയും സമ്മതിയും പ്രയോജനവും ഉണ്ടാകുന്നതാണെന്നു് അവിതർക്കിതമാണു്. - ബുക്കർ.

7. (ബി) സർക്കാരുദ്യോഗം - കച്ചവടം- കൃഷി - ഗൃഹസ്ഥവൃത്തി - വിദ്യാപരിശ്രമം - കൈവേലപ്രവൃത്തികൾ - കൂലിപ്പണി - തീർത്ഥാടനം - പിച്ചയെടുക്കൽ മുതലായ യാതൊരു വ്യാപാരങ്ങളിലും ക്രമമായും ശരിയായും പ്രവേശിക്കാതേയും അധികകാലം കോടതികളിൽ വ്യവഹാരകാര്യങ്ങളിൽ പരിചയിച്ചു വ്യവഹാരത്തിൽ അത്യന്തം രസം‌പിടിച്ചു പൂർവ്വാർജ്ജിതമായി വല്ല സ്വത്തുക്കളും തനിക്കു് ഉണ്ടായിരുന്നുവെങ്കിൽ അതു വ്യവഹാരഭ്രാന്തിനാൽ നശിപ്പിച്ചു ദിവസവൃത്തിക്കു നല്ല ബുദ്ധിമുട്ടോടുകൂടി വല്ല കാര്യങ്ങളിലും മാദ്ധ്യസ്ഥം പറഞ്ഞും വ്യവഹാരങ്ങൾ നടത്തുന്നതിൽ വക്കീലന്മാരുടെ ഉപദേഷ്ടാവായും വല്ല മുറിവാചകങ്ങളും പഠിച്ചു ഹർജികൾ, ആധാരങ്ങൾ, തറവാട്ടുകരാറുകൾ മുതലായതു് എഴുതുന്നതിൽ ബഹുസമർത്ഥൻ എന്നു് അറിവില്ലാത്താളുകളെ ധരിപ്പിച്ചും ധനപുഷ്ടിയും ജനപുഷ്ടിയും ഉള്ള തറവാടുകളിൽ കടന്നുകൂടി കുടുംബച്ഛിദ്രം ഉണ്ടാക്കിയും നാട്ടിൽ വ്യവഹാരങ്ങൾ വർദ്ധിപ്പിച്ചും കാലക്ഷേപം ചെയ്യുന്ന ഒരു മനുഷ്യന്നു ഞാൻ ‘നാട്ടുകാര്യസ്ഥൻ’ എന്ന പേർ കൊടുക്കുന്നു. മേല്പറഞ്ഞ കരിപ്പാട്ടിൽ കുണ്ടൻ‌മേനവൻ ഈവിധമുള്ള നാട്ടുകാര്യസ്ഥനാകുന്നു. ശീട്ടുകളിയിലും മറ്റും ചിലപ്പോൾ കിട്ടുന്നതുപോലെ ദുർവ്യവഹാരങ്ങളാൽ, തന്റെ ചെറുപ്പത്തിൽ ആദ്യകാലത്തിൽ സമ്പാദിച്ചിരുന്ന സ്വത്തും തനിക്കു തറവാട്ടിൽ കാരണവസ്ഥാനം കിട്ടിയശേഷം തറവാട്ടുവക അല്പമായി ഉണ്ടായിരുന്ന സ്വത്തും ഈ മനുഷ്യൻ ഒരുപോലെ നശിപ്പിച്ചു് അഹോവൃത്തിക്കു വളരെ ബുദ്ധിമുട്ടി ‘ഉഴലൂർ’ ആയി നടക്കുന്ന കാലമാണു് ഈ കഥ നടന്ന കാലം. സൂക്ഷ്മത്തിൽ വളരെ വലച്ചിലിൽ ആയിരുന്നു തന്റെ ഇപ്പോഴത്തെ സ്ഥിതി എങ്കിലും ഒരു വെളുത്ത മുണ്ടും, തോർത്തുമുണ്ടും, ഒരു ചൂരൽ‌വടിയും, പഴേ രണ്ടു ചെരിപ്പും, കാലപ്പഴക്കത്താൽ ആദ്യത്തെ ആകൃതിയും വർണ്ണവും ഏതാണ്ടു മാറി വശായ ഒരു പട്ടുകുടയും, കാര്യസ്ഥതയാൽ സഹജമെന്നതുപോലെ ആയിത്തീർന്നിരിക്കുന്ന തന്റെ ഗംഭീരഭാവവും ധാർഷ്ട്യാതിരേകമായ വാക്കുകളും കൂടാതെ കണ്ടൻ‌മേനവനെ അദ്ദേഹത്തിന്റെ ഈ ദുഷ്കാലത്തിലും ആരും പുറത്തു കാണാറില്ല. - ശാരദ.


ഖണ്ഡിക (സന്ദർഭശുദ്ധി):


വിശകലിതമായ വിഷയത്തിന്റെ അംശങ്ങളെ പ്രതിപാദിക്കുന്ന ഗ്രന്ഥഭാഗങ്ങളാകുന്നു ഖണ്ഡികകൾ. ഖണ്ഡികകളിൽ പ്രധാനമായി നോക്കേണ്ടതു് ഏകാഗ്രതയും സന്ധാനവുമാകുന്നു. അതുകളുടെ സ്വഭാവം വാക്യത്തിനു പറഞ്ഞതുതന്നെ. ഒരു വിഷയാംശത്തെ പ്രസ്താവിക്കുന്ന ഖണ്ഡികയിൽ മറ്റൊരു വിഷയാംശത്തിന്റെ പ്രസ്താവം എടുക്കാതിരുന്നാൽ ഏകാഗ്രത സിദ്ധിക്കും. വിഷയാംശം ഒരു ഖണ്ഡികയിൽ അടങ്ങത്തക്കതിലധികം വിസ്താരമുള്ളതായിരുന്നാൽ ഉപഖണ്ഡികകൾക്കും ചേർക്കാം. ഖണ്ഡികകൾക്കു നമ്പരിടുന്നപക്ഷമേ ഉപഖണ്ഡികകൾക്കും ഖണ്ഡികകൾക്കും തമ്മിലുള്ള ഭേദം കാണിക്കാൻ മാർഗ്ഗമുള്ളു. ഖണ്ഡികകളുടെ പൂർവ്വോത്തരസംബന്ധം സൂക്ഷിച്ചാൽ സന്ധാനം ശരിയായിരിക്കും. ഇടയ്ക്കു പ്രസക്താനുപ്രസക്ത്യാഭിന്നവിഷയങ്ങളെ പ്രവേശിപ്പിക്കേണ്ടിവന്നാൽ പ്രകരണം വിടുന്നിടത്തും, തിരികെ നേർവ്വഴിയിൽ പ്രവേശിപ്പിക്കുന്നിടത്തും ആ സംഗതി വിളിച്ചുപറഞ്ഞും വായനക്കാരെ ഓർമ്മിപ്പിക്കുന്നതു് ഉചിതമായിരിക്കും.

അഭ്യാസം

1. ഏകാഗ്രത പരിശോധിക്ക.

ഒരു പ്രസംഗം

‘അല്ലയോ പ്രിയപ്പെട്ട സ്നേഹിതന്മാരെ! എനിക്കു നിങ്ങളോടു് ഏതെങ്കിലും സംസാരിക്കാനുള്ളതായിട്ടു് അറിവില്ല. എന്നാലും നിങ്ങളെ അഭിസംബോധനം ചെയ്‌വാൻ ഈ രമണീയമായ പ്രഭാതത്തിൽ നിങ്ങളുടെ വാദ്ധ്യാന്മാർ എന്നെ ക്ഷണിച്ചതിനെക്കുറിച്ചു ഞാൻ കൃതജ്ഞനായിരിക്കുന്നു. ഈ പ്രഭാതത്തിന്റെ രാമണീയകം എത്രമാത്രം വിസ്മയനീയമായിരിക്കുന്നു. രാത്രിയിലെ വിശ്രമം കഴിഞ്ഞുള്ള പുതുമയോടുകൂടെ ഞാൻ പള്ളിയിൽ ചെന്നു പ്രതിനവമായ ശുദ്ധവായുവിനെ ശ്വസിച്ചുംകൊണ്ടു ചുറ്റിനോക്കിയപ്പോൾ ഇത്രയും ചിത്രമായ ഈ പ്രപഞ്ചത്തിൽ കാലക്ഷേപം ചെയ്യുന്നതു് എന്ത്രയോ സ്പൃഹണീയമായ ഒരു ഭാഗ്യമാണെന്നു് എന്റെ മനസ്സിൽ മുമ്പു് ഒക്കെയും തോന്നിയിട്ടുള്ളതിൽ അധികമായിട്ടു് ഒരു ആഹ്ലാദം ഉദിച്ചു. ഈ പ്രപഞ്ചം, എന്റെ പ്രിയപ്പെട്ട കുട്ടികളെ! നമുക്കും നമ്മുടെ ഭ്രാതാക്കൾക്കും നമ്മുടെ സ്വസാക്കൾക്കും സുഖമായി ജീവിച്ചിരുന്നു് സ്വച്ഛന്ദമാകും‌വണ്ണം ഭോഗങ്ങളെ അനുഭവിക്കാനായി സർവ്വശക്തനായ ഈശ്വരനാൽ നിർമ്മിക്കപ്പെട്ടു വേണ്ടതിൻ‌വണ്ണം തയ്യാർ ചെയ്യപ്പെട്ടിട്ടുള്ളതാകുന്നു. ലോകങ്ങളെല്ലാവരും നമ്മുടെ ഭ്രാതാക്കളും നമ്മുടെ സ്വസാക്കളും തന്നെ; അവർ ഏതു ദൂരദേശത്തിലിരുന്നാലും ശരി, എത്ര വിശാലങ്ങളായ മഹാസമുദ്രങ്ങളുടെ മറുകരയിലായാലും ശരി, ഈ മഹാസമുദ്രങ്ങൾ വാസ്തവത്തിൽ പ്രപഞ്ചത്തെ വിയോജിപ്പിക്കുന്നതിലധികം യോജിപ്പിക്കയാണു ചെയ്യുന്നതു്. അവ പ്രപഞ്ചത്തെ ഏകീകരിക്കുന്നു. അവയുടെ തരംഗങ്ങളെ അലയ്ക്കുന്ന കാറ്റുകളും പ്രവാഹത്തെ പ്രേരിപ്പിക്കുന്ന ഒഴുക്കുകളും എല്ലാ വാണിഭത്തിന്റേയും മനുഷ്യന്റേയും ഗുണത്തിനുവേണ്ടി ഈശ്വരകല്പിതങ്ങളായ നിയമങ്ങളാൽ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. പിന്നീടു മനുഷ്യനൊ എന്റെ പ്രിയമേറിയ പൈതങ്ങളെ! - നാലാം‌പാഠം.


2. ഖണ്ഡികകളായിപ്പിരിച്ചെഴുതുക; സന്ധാനവും പരിശോധിക്ക.


നവനന്ദന്മാരുടെ കഥ

നവനന്ദന്മാർ ഒമ്പതുപേരും മൌര്യനും ക്രമമായി വളർന്നുവന്നു. മഹാരാജാവു പത്തു ചെറിയ കൊട്ടാരങ്ങൾ കെട്ടിച്ചു പത്തുകുട്ടികളേയും ഓരോരുത്തനെ ഓരോ കൊട്ടാരത്തിൽ വേണ്ട പരിജനസഹിതം പാർപ്പിച്ചു. അവരുടെ വിദ്യാഭ്യാസത്തിനു് ആവശ്യപ്പെട്ടിരുന്ന എല്ലാ ഏർപ്പാടുകളേയും നന്ദൻ ചെയ്തു. മൌര്യൻ ഈശ്വരപ്രസാദത്താൽ ജനിച്ചവനായിരുന്നതിനാൽ സകല ശാസ്ത്രങ്ങളേയും കലാവിദ്യകളേയും അനായാസേന അഭ്യസിച്ചു വിദ്യയിൽ അഭിവൃദ്ധിയെ പ്രാപിച്ചു. ശത്രാസ്ത്രശാസ്ത്രാദികളിലും സാഹജികബുദ്ധിശക്തിയിലും അപ്രതിമൻ ആയിരുന്ന മൌര്യൻ അയാളുടെ വിനയം കൊണ്ടു മഹാരാജാവിന്റേയും മാതാവിന്റേയും ജനപദത്തിന്റേയും ഹൃദയാനന്ദകൻ ആയിത്തീർന്നു. നവനന്ദന്മാർ മാതാവിന്റെ ഈശ്വരനിന്ദ ഹേതുവായിട്ടു് ബുദ്ധിഹീനന്മാരായിരുന്നതുകൊണ്ടു വാദ്ധ്യാന്മാരുടെ ഉപന്യാസങ്ങൾ അവരിൽ പൊട്ടന്റെ കാതിൽ ശംഖുവിളിക്കുന്നതുപോലെ ആയിരുന്നു. വളരെ പ്രയാസപ്പെട്ടു കയ്യൊപ്പുവെയ്ക്കുന്നതിനുമാത്രം അവർ പഠിച്ചു. അതുതന്നെ വലുതായ വിദ്യയെന്നു വിചാരിച്ചു് അവർ സന്തോഷിച്ചുമിരുന്നു. നവനന്ദന്മാർക്കു 16 വയസ്സും മൌര്യന്നു് കൂടെ 5 മാസവും ആയി. മുരാപുത്രൻ അതിമതിമാനായിരുന്നതിനാൽ, നവനന്ദന്മാർക്കു പ്രായമായതുകണ്ട് അവർക്കു രാജ്യാഭിഷേകം ചെയ്യുന്നതിനെപ്പറ്റി രാജാവു്, മന്ത്രി മുതലായവർ ആലോചിക്കേണ്ട സമയമായി എന്നു വിചാരിച്ചു് നന്ദന്റെ മന്ത്രാലോചനസഭയിൽ അന്നു നടക്കുന്ന വൃത്താന്തങ്ങളെ അറിഞ്ഞുപറയുന്നതിനായി വിശ്വസ്തന്മാരായ ചില ദൂതന്മാരെ നിയമിച്ചു. ദൂതന്മാരും അന്നു നടന്ന സംഗതികളെ ഒന്നൊഴിയാതെ ക്രമമായി മൌര്യനെ തെര്യപ്പെടുത്തിക്കൊണ്ടിരുന്നു. അങ്ങനെ നടന്നുവന്ന കാലം ഒരു ദിവസം മഹാരാജാവു് അമാത്യപ്രവരനായ രാക്ഷസനെ വിളിച്ചുവരുത്തി ഇപ്രകാരം പറഞ്ഞു: ‘ഹേ അമാത്യ! ഇന്നു് അതിഗൌരവമായ ഒരു കാര്യത്തെപ്പറ്റി ആലോചിക്കാനുണ്ടു്. നാം ശൈശവത്തിൽ സകലവിധശാസ്ത്രങ്ങളെ അഭ്യസിക്കയും യൌവനത്തിൽ വൈഷയികസുഖങ്ങളെ അനുഭവിക്കയും ചെയ്തു. നമുക്കിപ്പോൾ വയസ്സു് അതിക്രമിച്ചിരിക്കുന്നു. വാർദ്ധക്യത്തിൽ രാജാക്കന്മാർ മുനിവൃത്തികളായിരിക്കണമെന്നു ശാസ്ത്രങ്ങൾ ഘോഷിക്കുന്നു. അതിനാൽ നാം പത്നികളോടുകൂടെ വനത്തിൽ പോയി തപസ്സുചെയ്യുന്നതിനു് ആഗ്രഹിക്കുന്നു. എത്രയോ കഷ്ടപ്പെട്ടിട്ടാണു് നമുക്കു് ഒൻപതു പുത്രന്മാർ ഉണ്ടായതു്. അവർക്കിപ്പോൾ വയഃപ്രാപ്തിയുമായിരിക്കുന്നു. കുമാരന്മാരിൽ ഒരുവനെ അതിനാൽ രാജാവായി അഭിഷേകം ചെയ്യേണ്ടതു് എത്രയും ആവശ്യകം. മന്ത്രി അപ്രകാരം സമ്മതിക്കയും അടുത്തനാളിൽത്തന്നെ നവനന്ദന്മാരെ വരുത്തി അവരിൽ ജ്യേഷ്ഠകുമാരനു പട്ടം കൊടുക്കണമെന്നു് അറിയിക്കയും ചെയ്തു. മഹാരാജാവും അതിന്നു് അനുവദിച്ചു. മൌര്യനാൽ നിയുക്തന്മാരായ ദൂതന്മാരിൽ ഒരുത്തൻ അന്നുതന്നെ ഈ സംഗതിയെ മൌര്യനെ തെര്യപ്പെടുത്തി. അതു കേട്ടപ്പോൾ അയാൾക്കു് അസാമാന്യമായ ദുഃഖം ഉണ്ടായി. ‘ഹാ കഷ്ടം! എനിക്കു രാജ്യൈകദേശമാത്രപോലും തരുന്നതിനു് ആലോചിക്കാതെ നവനന്ദന്മാരെ മാത്രം രാജ്യാവകാശികളാക്കുന്നതിന്നു് അവർ ശ്രമിക്കുന്നു. എന്താ ഞാനല്ലേ ജ്യേഷ്ഠപുത്രൻ? എന്നെ തള്ളിക്കളയുന്നതിനൊ അവർ ആലോചിക്കുന്നതു്? ഇരിക്കട്ടെ, മൌര്യന്റെ കൈയിൽ നല്ല വിദ്യയുണ്ടു്. യഥാജാതന്മാരായ നവനന്ദന്മാരിൽ പരസ്പരക്ഷോഭം ജനിപ്പിച്ചു മന്ത്രിമാരുടെ ആലോചനകൾക്കു വിഘ്നം വരുത്തിക്കാം.’ എന്നു മൌര്യൻ നിശ്ചയിച്ചുംകൊണ്ടു് ആ ക്ഷണത്തിൽ നവനന്ദന്മാരിൽ ഒരുത്തന്റെ കൊട്ടാരത്തിലേക്കു പോയി. മൌര്യൻ അതിബുദ്ധിശാലിയും അഞ്ചുമാസത്തിനു മൂത്തവനും ആയിരുന്നതിനാൽ നവനന്ദന്മാർക്കു് എല്ലാപേർക്കും അയാളുടെ പേരിൽ അതിസ്നേഹവും പരമവിശ്വാസവും ഉണ്ടായിരുന്നു. നവനന്ദന്മാരിൽ ഒരുത്തൻ മൌര്യൻ തന്റെ ഗൃഹത്തിൽ വരുന്നതു കണ്ടു് സൽക്കാരപൂർവ്വം അകത്തു പ്രവേശിപ്പിച്ചു് സോപചാരം ആസനത്തിൽ ഇരുത്തി ആഗമനപ്രയോജനത്തെ ചോദിച്ചപ്പോൾ മൌര്യൻ പറഞ്ഞു:‘ ഹേ രാജകുമാരാ! മറ്റു് എട്ടു സഹോദരന്മാരെ അപേക്ഷിച്ചു നിന്റെ പേരിൽ ഞാൻ അധികം പ്രീതിയുള്ളവനാണെന്നു നിനക്കേ അറിയാമല്ലോ. അതിനാലത്രേ ഞാൻ ഇവിടെ വന്നതു്. ഇന്നു രാജസഭയിൽ ചില സംഗതികൾ നടന്നതായി ഞാൻ കേട്ടു. നാളെ നിങ്ങൾ ഒൻപതുപേരേയും രാജസഭയിൽ വിളിച്ചുവരുത്തി നിങ്ങളിൽ ആർ ജ്യേഷ്ഠൻ എന്നു പറയുന്നുവോ അയാളെ ഈ രാജ്യത്തിലെ രാജാവായി അഭിഷേകം ചെയ്യണമെന്നു മഹാരാജാവു് ആലോചിച്ചിരിക്കുന്നു. നീ അഗ്രജനാണെന്നു പറയുന്നതായാൽ നിനക്കുതന്നെ ഈ സുമനോഹരമായ രാജ്യം ലഭിക്കും. അങ്ങനെ ആയാൽ അതു് എനിക്കു കിട്ടുന്നതിനു് സമമാകുന്നു എന്നു വിചാരിച്ചാണു മുമ്പിൽകൂട്ടി ഇപ്രകാരം നിന്നെ തെര്യപ്പെടുത്തുന്നതു് ഈ വിവരം നിന്റെ സഹോദരന്മാർക്കു് ആർക്കും അറിഞ്ഞുകൂടാ. ഞാൻ പറഞ്ഞതിനെ ഗൂഢമായി വെച്ചുകൊള്ളണം. അല്ലെങ്കിൽ ദോഷം നിനക്കെ.’ കുമാരനായ നന്ദൻ അതുകേട്ടു് സന്തോഷമായി അങ്ങനെതന്നെ എന്നുത്തരവും പറഞ്ഞു മൌര്യനെ അയച്ചു. രാജകുമാരനാകട്ടെ മഹാരാജാവു് എപ്പോഴാണു് എല്ലാപേരേയും വിളിക്കാൻ പോകുന്നു എന്നു കാത്തുകൊണ്ടിരുന്നു. മൌര്യൻ മേൽ‌പ്പറഞ്ഞ പ്രകാരം ഗൂഢമായി ഓരോ രാജകുമാരന്മാരുടെ ഗൃഹങ്ങളിലും പോയി ഓരോരുത്തനോടും ഈ വൃത്താന്തത്തെ പരമരഹസ്യമായി പറകയും ഇതിനെ ഒട്ടുമേ വെളിക്കുവിടാതെ ഇരിക്കത്തക്കവണ്ണം ചട്ടംകെട്ടുകയും ചെയ്തു. പ്രഹൃഷ്ടചിത്തനായി സ്വഗൃഹത്തിലേക്കു പോയി. ഓരോ കുമാരന്മാരും മഹാരാജാവിന്റെ ദൂതനെ നോക്കിയിരുന്നു. പിറ്റെന്നാൾ ഏകദേശം പകൽ പത്തുമണിയായപ്പോൾ മഹാരാജാവും രാക്ഷസാദിയായ മന്ത്രിമാരും സഭാമണ്ഡപത്തിൽ വന്നിരിക്കുന്നതായും ഏതോ അവസരമായി കുമാരന്മാരെ വിളിച്ചുംകൊണ്ടുപോകുന്നതിലേക്കു കല്പന വന്നിരിക്കുന്നപ്രകാരവും നന്ദകുമാരന്മാരെ ചില സേവകന്മാർ വന്നറിയിച്ചു് വിളിച്ചുകൊണ്ടുപോയി. മൌര്യന്റെ കാപട്യത്തെ അറിവാൻ അശക്തന്മാരായ നവനന്ദന്മാരിൽ ഓരോരുത്തനും ‘മൌര്യന്നു തന്നിലാണധികം വിശ്വാസം ഉള്ളതു്. അതിന്നാക്ഷേപമില്ല. അയാൾ പറഞ്ഞതുപോലെ എല്ലാം ശരിയായിരിക്കുന്നു. അരനാഴികയ്ക്കകം തനിക്കു രാജ്യം കിട്ടും.’ എന്നിങ്ങനെ മനസ്സിൽ വിചാരിച്ചുംകൊണ്ടും സഭാമണ്ഡപത്തെ പ്രാപിച്ചു. മഹാരാജാവു കുമാരന്മാരെ സമീപത്തിൽ ഇരുത്തി അവരിൽ ഒരുവനെ മഹാരാജാവായി അഭിഷേകം ചെയ്യുന്നതിനു് ഉദ്ദേശിച്ചിരിക്കുന്നു എന്നും ആ ഒരുവൻ എല്ലാപേരിലും വച്ചു ജ്യേഷ്ഠനായിരിക്കണമെന്നും, അതിനാൽ ജ്യേഷ്ഠൻ ആരെന്നു പറയണമെന്നും കല്പിച്ചപ്പോൾ, ഓരോ കുമാരനും അഗ്രജത്വത്തെ അവകാശം പറഞ്ഞുതുടങ്ങി. വക്രനാസൻ എന്ന മന്ത്രി നന്ദന്മാരുടെ വാക്കുകളെ കേട്ടു് വേറെ ഏർപ്പാടുചെയ്താലെ അവർ ഐകമത്യമായിരിക്കു എന്നു വിചാരിച്ചു് ‘നാളെ തീരുമാനിക്കാമെന്നും ഇന്നു് കുമാരന്മാരെ അയയ്ക്കണമെന്നും’ രാജാവിനോടറിയിച്ചു. മന്ത്രി പറഞ്ഞതുപോലെ അവർ പിറ്റെന്നാൾ വന്നുചേരുന്നതിനു കല്പിച്ചയയ്ക്കപ്പെട്ടു. അവർ പോയ ഉടനെ വക്രനാസൻ രാജാവിനെ നോക്കി ‘സ്വാമിൻ! കുമാരന്മാർ ഐകമത്യമായി ഇരിക്കേണ്ടതാവശ്യം. അതിനു് ഈ ഉപായം കൊള്ളുകയില്ല. ഈ രാജ്യത്തെ ഒമ്പതായി വിഭജിച്ചു് ആളൊന്നിനോരോഭാഗം കൊടുത്താൽ ഇവരിൽ ഐകമത്യം കാണും. അല്ലെങ്കിൽ ഇവർ സദാ പരസ്പരം കലശൽ ചെയ്തുകൊണ്ടിരിക്കും’ എന്നറിയിച്ചു. വക്രനാസന്റെ വാക്കു് രാജാവിനു ബഹുന്യായമായി തോന്നിയതിനാൽ അപ്രകാരം ചെയ്‌വാൻ നിശ്ചയിച്ചു. ഈ സംഗതികളേയും പതിവുപോലെ ദൂതൻ മൌര്യനെ തെര്യപ്പെടുത്തി. മൌര്യനും മുമ്പിലത്തെപ്പോലെ നവനന്ദന്മാരിൽ ഒരുവന്റെ ഗൃഹത്തിൽ പോയി. അയാളെ കണ്ട ഉടനെ നന്ദൻ എണീറ്റു് ‘ജ്യേഷ്ഠ! തങ്ങളുടെ വാക്കു് അനുസരിച്ചു് ഇന്നേദിവസം ഞാൻ നടന്നു. ഇനി എങ്ങനെ വേണ്ടാത്തൂ്’ എന്നു ചോദിച്ചതിനു് മൌര്യൻ ‘ഇന്നുകാലത്തു നടന്നതുപോലെ നാളെയും വേണം. നാളെയാണു നിനക്കു വേണ്ട മുഖ്യമായ കാര്യമുള്ളതു്. ഇന്നലെ പറഞ്ഞതുപോലെ ഇന്നും ഒരു രഹസ്യം ഞാൻ കേട്ടതിനെ പറയാം. ഞാൻ പറയും‌പോലെ ചെയ്യുന്നതായിരുന്നാൽ നിനക്കും എനിക്കും ക്ഷേമം. നാളെ കാലത്തു് ഈ രാജ്യത്തെ ഒമ്പതു ഭാഗം ചെയ്തു് ആളൊന്നിനു് ഓരോ ഭാഗം കൊടുക്കാൻ‌പോകുന്നുപോലും. പ്രധാനനഗരമായ കുസുമപുരം ഇരിക്കുന്ന ഭാഗത്തെ നീ ചോദിക്കണം. ഇവിടെത്തന്നെ നല്ല നദികളും നിലങ്ങളും ഉള്ളതു്. മറ്റേ ഭാഗങ്ങളിൽ കാടധികം; ആദായവും കുറവു്. നിനക്കു് അതുവേണ്ട” എന്നു പറഞ്ഞു. ‘അങ്ങനെതന്നെ’ എന്നു പറഞ്ഞു നന്ദൻ മൌര്യനെ അയച്ചു. അയാളും ഇപ്രകാരം മറ്റെട്ടു കുമാരന്മാരെയും തെര്യപ്പെടുത്തീട്ടു സ്വഭവനത്തിൽ ചെന്നുചേർന്നു. പിറ്റേദിവസം കാലത്തു നവനന്ദന്മാർ രാജസഭയിൽ പോയി. മഗധരാജ്യത്തെ ഒമ്പതുസമമായി ഭാഗിച്ചു് ഓരോ കുമാരന്മാർക്കും ഓരോ ഭാഗം കൊടുക്കാൻ നിശ്ചയിച്ചിരിക്കുന്നതായി മഹാരാജാവു് അവരോടു കല്പിച്ചപ്പോൾ അവരിൽ ഓരോരുത്തനും എണീറ്റുനിന്നു കുസുമപുരപട്ടണം ഇരിക്കുന്ന ഭാഗം തന്നെ ഓരോരുത്തനും വേണമെന്നറിയിച്ചു. ഇങ്ങനെ ഈ ഉപായവും ഫലിച്ചില്ല. പിറ്റെന്നാൾ ആകട്ടെ എന്നു മഹാരാജാവു പറഞ്ഞു. പുത്രന്മാരെ അവരുടെ ഗൃഹങ്ങളിലേക്കു് അയച്ചിട്ടു് രാക്ഷസാമാത്യനോടു മേലിൽ വേണ്ട നടപടിയെപ്പറ്റി അഭിപ്രായം ചോദിച്ചപ്പോൾ അമാത്യൻ ഇപ്രകാരം അറിയിച്ചു. “സ്വാമിൻ, കുമാരന്മാർ ഇപ്രകാരം സിദ്ധാന്തം പറയുന്നതു് അവരുടെ സ്വബുദ്ധിയാണെന്നു വിചാരിക്കേണ്ട. ഇത്ര ആലോചന അവർക്കുണ്ടാകാൻ ഇടയില്ല. ഇതു മൌര്യന്റെ കൃത്രിമമാണു്. നാം ഇവിടെ ആലോചിക്കുന്ന സംഗതികളെ ആരോ മൌര്യനെ തെര്യപ്പെടുത്തിവരുന്നുണ്ടു്. മൌര്യനെപ്പറ്റി ഒന്നു നാം ആലോചിച്ചു് ഏർപ്പാടുചെയ്യാത്തതിനാലത്രെ അവൻ കുമാരന്മാരിൽ ഇപ്രകാരം ഭേദം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതു്. അതിനാൽ അവനും വല്ലതും കൊടുക്കണം. അങ്ങനെ ചെയ്യുന്നതായിരുന്നാൽ കുമാരന്മാർക്കും ഹിതമായിരിക്കും. അതുകേട്ടു നന്ദമഹാരാജാവും അങ്ങനെ സമ്മതിച്ചു. മൌര്യന്നു് എന്തുകൊടുക്കാവു എന്നു് ആലോചിച്ചിട്ടു് രാജാവു് രാക്ഷസനോടു പറഞ്ഞു :

“ഹേ അമാത്യാ, ഇത്രനാളും നിങ്ങൾ മന്ത്രിയായിരുന്നല്ലൊ. ഇനി മൌര്യനെ മന്ത്രിയായി നിയമിക്കതന്നെ. ഇങ്ങനെ ചെയ്താൽ അവനും കുമാരന്മാരെ രക്ഷിക്കും” നന്ദന്മാരുടേയും രാജ്യത്തിന്റേയും ക്ഷേമത്തിനുവേണ്ട വ്യവസ്ഥകൾ ചെയ്യുന്നതിൽ അതിതല്പരനായിരുന്ന രാക്ഷസാമാത്യൻ മന്ത്രിസ്ഥാനം രാജിവെയ്ക്കുന്നതിനു് ഈഷദപി സംശയിച്ചില്ല. മഹാരാജാവും അടുത്തനാളിൽ മൌര്യനേയും അവനന്ദന്മാരേയും വരുത്തി ക്ഷത്രിയന്മാരായ ഒമ്പതു കുമാരന്മാർക്കും ഒരുമിച്ചു പട്ടാഭിഷേകം ചെയ്കയും മൌര്യനെ മന്ത്രിയാക്കുകയും ചെയ്തിട്ടു് ഭാര്യമാരോടുകൂടെ വനത്തിൽ തപസ്സിനായിപ്പോയി. രാക്ഷസൻ കുസുമപുരത്തിൽ സ്വഭവനത്തിൽ താമസിച്ചുവന്നു. - മുദ്രാരാക്ഷസം.