Jump to content

സമസ്തവും തള്ളി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

സമസ്തവും തള്ളി ഞാൻ യേശുവേ പിഞ്ചെല്ലും
അവനെനിക്കാശ്രയം സർവ്വ സമ്പാദ്യവും
          അനുപല്ലവി
ആകാശമേ കേൾക്ക നീ എന്റെ
അരുമ കാന്തൻ മുൻപിൽ സാക്ഷിയായി നില്ക്കുക
         ചരണങ്ങൾ
കോടി കോടിപ്പവൻ ചെക്ക് ചെക്കായി കെട്ടി
അടുക്കടുക്കായെന്റെ മുൻമ്പിൽ നിരത്തുകിൽ
അരുമയുള്ളേശുവിൻ കരുണയുള്ള സ്വരം
വാ എന്നുരയ്ക്കുമ്പോൾ അവനെ ഞാൻ പിഞ്ചെല്ലും

പറുദീസ തുല്യമാം ഫലകരതോട്ടവും
ലെബനോൻ വനത്തെപ്പോൽ വിലസും പ്രദേശവും
ലോകമെനിക്കേകി പാരിൽ സൌഭാഗ്യമായി
ജീവിപ്പാനോതിലും യേശുവേ പിഞ്ചെല്ലും

ആകാശം മുട്ടുന്നെന്നോർക്കുന്ന മാളിക
യ്കായിരമായിരം മുറികളും ശോഭയായി
തെളുതെളെ മിന്നുന്ന ബഹുവിധ സാമാനം
ദാനമായി തന്നാലും യേശുവേ പിഞ്ചെല്ലും

രാജകോലാഹല സമസ്ത വിഭാഗവും
പൂർവറോമർ വീഞ്ഞും ചേർത്ത വിരുന്നിന്നായി
ലോകം ക്ഷണിച്ചെനിക്കാസ്ഥാനമേകുകിൽ
വെണ്ടെന്നുരച്ചു ഞാനെശുവെ പിഞ്ചെല്ലും

മാംസചിന്താ ദോഷ വഴികളെ മുമ്പാകെ
ബേൽസബൂബായവൻ തുറന്നു പരീക്ഷിച്ചാൽ
പണ്ടൊരു ത്യാഗിയായ യിസ്രായേലനന്ദനൻ
ചെയ്തപൊലോടി ഞാനേശുവെ പിഞ്ചെല്ലും

ലോകമൊന്നായി ചേർന്നൊരൈക്യസിംഹാസനം
സ്ഥാപിച്ചതിലെന്നെ വാഴുമാറാക്കിയാൽ
നസ്രായനേശുവിൻ ക്രൂശും ചുമന്നെന്റെ
അരുമകാന്തൻ പാദം മോദമായി പിഞ്ചെല്ലും

ആയിരം വർഷമീ പാർത്തല ജീവിതം
ചെയ്തീടാനായുസ്സു ദീർഘമായീടിലും
ഭൂവിലെ ജീവിതം പുല്ലിനു തുല്യമായ്
എണ്ണി ഞാനെശുവിൻ പാതയെ പിഞ്ചെല്ലും

അത്യന്തം സ്നേഹത്തൊടെന്റെ മേൽ ഉറ്റുറ്റു
വീക്ഷിച്ചു കൈകൂപ്പി വന്ദനം ചെയ്യുമ്പോൾ
ലക്ഷ ലക്ഷമായി നിര നിര നില്ക്കുമ്പോൾ
ഏകനായോടി ഞാനേശുവെ പിഞ്ചെല്ലും

ശീഘ്രം ഗമിക്കുന്ന സുഖകര യാത്രയായി
വിലയേറും മോട്ടറിൽ സീറ്റുമെനിക്കേകി
രാജസമാനമിപ്പാരിൽ ചരിക്കുവാൻ
ലോകമുരയ്ക്കിലും യേശുവേ പിഞ്ചെല്ലും

ലക്ഷോപിലക്ഷം പവൻ ചെലവുള്ള കപ്പലിൽ
നടുത്തട്ടിലുൾ മുറി സ്വസ്ഥമായിത്തന്നിട്ടു
കടലിന്മേൽ യാനം ചെയ്തതി സുഖം നേടുവാൻ
ലോകമുരയ്ക്കിലും യേശുവേ പിഞ്ചെല്ലും

ഒന്നാംതരം ട്രെയിൻ നല്കി അതിന്നുള്ളിൽ
മോദമായി ചാരിക്കൊണ്ടഖില ദേശം ചുറ്റി
രാജ്യങ്ങൾ ഗ്രാമങ്ങൾ പട്ടണ ശോഭയും
കണ്ടിടാനോതുകിൽ യേശുവേ പിഞ്ചെല്ലും

ആകാശക്കപ്പലിൽ ഉയരേപ്പറന്നതി
ശീഘ്രത്തിലിക്ഷിതി ദർശ്ശിച്ചുല്ലാസമായി
ജീവിച്ചു വാഴുവാൻ ലോകം ക്ഷണിക്കിലും
വേണ്ടെന്നുരച്ചു ഞാൻ യേശുവേ പിഞ്ചെല്ലും

ചൂടിൽ കുളിർമയും കുളിരുമ്പോൾ ചൂടായും
കണ്ണിനു കൌതുകം നല്കുന്ന സാൽവയും
തൊട്ടിൽ പോലാടുന്ന കട്ടിലിൻ സൌഖ്യവും
ലോകമേകീടിലും യേശുവേ പിഞ്ചെല്ലും

അസ്ഥികൂടായി തീർന്നു തോളിൽ മരക്രൂശ്ശും
രക്തവിർപ്പിനാൽ ചുവന്ന വസ്ത്രങ്ങളും
ശിരസ്സിലോർ മുൾമുടി കൈയ്യിലാണിപാടും
എന്റെ പേർക്കായി സഹിച്ചേശുവേ പിഞ്ചെല്ലും

മരിച്ചുയർത്തെൻ പ്രിയൻ പരമ സിംഹാസനം
സ്ഥാപിച്ചീക്ഷോണിയിൽ വാഴുന്ന കാലത്ത്
നാണിക്കാതെന്നെത്തൻ പാണികൊണ്ടാർദ്രമായി
മാർവ്വിലണയ്ക്കുന്ന നാളും വരുന്നല്ലോ

എൻ പിതാവേ എന്നെ കൈവിടല്ലെ പ്രിയാ
നിൻ മുഖം കണ്ടെന്റെ കൺകൾ നിറയട്ടെ
പറഞ്ഞാൽ തീരാതുള്ള പരമ സൌഭാഗ്യങ്ങൾ
പാരിൽ പരത്തിലീ സാധുവിന്നേകണേ

"https://ml.wikisource.org/w/index.php?title=സമസ്തവും_തള്ളി&oldid=122924" എന്ന താളിൽനിന്ന് ശേഖരിച്ചത്