Jump to content

സമയം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
സമയം

രചന:പന്തളം കേരളവർമ്മ

ടിച്ചു മണിയേഴിപ്പോ -
ളടച്ചു മിഴി ബാലരേ!
കിടക്കയിൽ കിടക്കാതെ
മിടുക്കരെഴുന്നേൽക്കുവിൻ.

എട്ടായി മണിയെന്നിട്ടു -
മിട്ടുമൂടിക്കിടക്കയോ?
ചൂടുകാപ്പിയിതാ നോക്കിൻ!
കുട്ടികൾക്കിതു വേണ്ടയോ?

മണിയൊൻപതടിക്കുന്നു
ക്ഷണമപ്പാഠശാലയിൽ
മണലിട്ടെഴുതീടാനാ -
യണയുന്നു കിടാങ്ങളും.

അല്ലാ പന്ത്രണ്ടുമണിയാ -
യല്ലോ പാഠം നിറുത്തിടും;
എല്ലാവർക്കുമിനിപ്പോകാ -
മല്ലാതിങ്ങെന്തു ചെയ്യണം?

ഇന്നിവർക്കൂണു കാലായി
എന്നു ചൊല്ലുന്ന മാതിരി
ഒന്നടിക്കുന്നു മണിയു -
മെന്നേ നേരം കവിഞ്ഞുപോയ്

രണ്ടായ് മണി നമ്മൾക്കു
വീണ്ടും സ്കൂളിൽ ഗമിക്കണം,
വേണ്ടാതെ മഴയും കാറ്റു -
മുണ്ടായാലും മടിക്കൊലാ.

നാലടിക്കുന്നു പോയിടാം
നല്ലൊരാർപ്പു വിളിക്കുവിൻ!
ബാലരേ! മണിയഞ്ചായി,
മാലകന്നു കളിക്കുവിൻ.

പെട്ടെന്നു മണിയാറായി;
കൂട്ടരേ! ജോലി തീർന്നുപോയി;
ഇഷ്ടം പോലിനിയത്താഴ -
മഷ്ടി ചെയ്തു കിടന്നിടാം.

"https://ml.wikisource.org/w/index.php?title=സമയം&oldid=83189" എന്ന താളിൽനിന്ന് ശേഖരിച്ചത്