Jump to content

സന്ധ്യാസൂര്യൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

വീരൻ സായാഹ്നകാലം ചരമഗിരിയണഞ്ഞാശു സൂരേന്ദ്രജാല-
ക്കാരൻ, തങ്കക്കതിർപിഞ്ഛിക നലമൊടുതാൻ നീട്ടി നന്നായിളക്കി.
പാരം നീലിച്ച വാനം, ജലധി, വനമിതൊന്നിച്ചു വൻ തീ പിടിപ്പി-
ച്ചാരംഭിക്കുന്നു നോക്കുന്നവരെ മുഴുവനിട്ടമ്പരപ്പിച്ചിടുന്നൂ.

പോരാളീടുന്ന നെപ്പോളിയനൊടുകിടയായ് തൻപ്രതാപത്തിനഅലി-
പ്പാരാകെക്കീഴിലാക്കുന്നതിനു രവി വിയത്സിന്ധുവാരത്തിലെത്താൻ
ധാരാളം നീന്തിയെന്നാകിലുമൊടുവിലിതാ തൻ കരൗഘം കുഴഞ്ഞി-
ട്ടാരാൽ താഴുന്നു, പക്ഷിപ്രജകളുമിതിനെക്കണ്ടു വാവിട്ടിടുന്നൂ.

ഈശൻ തൻ ഭൂമി രക്ഷിപ്പതിനിഹ നിയമിച്ചീടിലും താൻ ജനക്ഷേ-
മാംശം സാഭാവമാളുന്നൊരു 'ഖരകര'നെന്നോർത്തുടൻ മാറ്റിയപ്പോൾ
ലേശം കൂസാത്ത മട്ടിൽ കുവലയമതിനുൾത്തോഷമേകിത്തമസ്സിൻ
നാശംചെയ്യുന്ന ചന്ദ്രന്നിത ദിവസകരൻ ചാർജ്ജിതേല്പിച്ചിടുന്നൂ.

ഊനംകൂടാതെ വാഴുന്നവനുമിഹ മഹാവാരുണീസേവമൂലം
മാനംകൈവിട്ടു 'രാഗപ്രചുരിമ'യൊടു വീഴുന്നുവെന്നുള്ള വാക്യം
നൂനം നേരാകുമെന്നിങ്ങനെ നിജദശയെക്കൊണ്ടു ലോകർക്കു കാട്ടി-
ദ്ദീനംകൈവിട്ടു വാരാന്നിധിയിൽ മുഴുകുവാനാര്യമാവോങ്ങിടുന്നൂ.

എന്താണക്കാണ്മതോർത്തീടുക വരുണപുരീഗോപുരത്തിന്നുചെരും
പൊന്താഴിക്കുംഭമിപ്പോൾ കടലിനുടെ കടുംകോളിലാപ്പെട്ടതാമോ?
ചിന്താപേതം തമസ്സന്തതി പടരുകയാലീശ്വരൻ പാരിനേന്തും
സന്താപംതീർക്കുവാൻ വെച്ചൊരു വലിയ വിളക്കാഴിയിൽ ചേർന്നതാമോ?

[ഭാഷാപോഷിണി, വാല്യം.9, ല.1(ചിങ്ങം.1080/)പു.15]
"https://ml.wikisource.org/w/index.php?title=സന്ധ്യാസൂര്യൻ&oldid=15858" എന്ന താളിൽനിന്ന് ശേഖരിച്ചത്