സന്താനഗോപാലം ആട്ടക്കഥ
ഈ താൾ അപൂർണ്ണമാണ്. ഇത് പൂർത്തിയാക്കാൻ സഹായിക്കൂ. സഹായം, ശൈലീപുസ്തകം എന്നിവ കാണുക. താങ്കൾക്ക് ഈ താളിനെക്കുറിച്ച് സംവദിക്കാവുന്നതാണ്. |
സന്താനഗോപാലം (ആട്ടക്കഥ) രചന: |
മണ്ടവപ്പിള്ളി ഇട്ടിരാരിച്ച മേനോൻ (1745-1809) എഴുതിയ രണ്ട് ആട്ടക്കഥകളിൽ ഒന്ന് ആണ് സന്താനഗോപാലം ആട്ടക്കഥ. മറ്റേത് രുഗ്മാംഗദചരിതം ആട്ടക്കഥയും ആണ്.
മണ്ടവപ്പിള്ളി ഇട്ടിരാരിശ്ശമേനോന്റെ രണ്ട് കഥയിലും കത്തി താടി മുതലായ വേഷങ്ങൾ ആദ്യവസാനങ്ങളായി ഇല്ലതന്നെ. ഇവയൊന്നും ഇല്ലാതെ തന്നെ പ്രമേയപരമായി ശക്തിയാർജ്ജിച്ചുവെങ്കിൽ ആട്ടക്കഥ വിജയിക്കും എന്ന് കാട്ടിതന്ന ആളാണ് ഇട്ടിരാരിശ്ശമേനോൻ. സന്താനഗോപാലത്തിൽ ആദ്യവസാനവേഷമായി ഒരു മിനുക്ക് വേഷം ആണ് (ബ്രാഹ്മണൻ). അർജ്ജുനൻ ആദ്യവസാനം എങ്കിലും രണ്ടാം തരം ആണ്. കൃഷ്ണാകട്ടെ കുട്ടിവേഷവും. സാഹിത്യപരമായും വളരെ ഉന്നതി പുലർത്തുന്നു ഈ കഥ. ഭാഗവതം കഥയെ ആസ്പദമാക്കി രചിച്ചതാണ് സന്താനഗോപാലം ആട്ടക്കഥ. ചേർത്തല മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രത്തിൽ ഇക്കഥ വഴിപാടായി കളിക്കാറുണ്ട്. ഉത്സവം തുടങ്ങുന്നതിന് പത്ത് മുതൽ ഇരുപത് ദിവസം വരെ ഈ വഴിപാട് കളികൾ തുടങ്ങും. മൂലകഥയിൽ നിന്നുള്ള വ്യതിയാനങ്ങൾ: ഒൻപതാം ശിശുശവം കൊണ്ട് യാദവ സഭയിലേക്ക് ബ്രാഹ്മണൻ വരുന്നു എന്നാണ് ആട്ടക്കഥയിൽ. ഭാഗവതത്തിൽ ഓരോ ശിശുമരണം സംഭവിക്കുമ്പോഴും ബ്രാഹ്മണൻ വന്ന് രാജാവിനെ ചീത്തപറയാറുണ്ട്. ഒൻപതാം ശിശുശവം കൊണ്ട് വരുന്ന സമയം അർജ്ജുനൻ യാദവസഭയിൽ യദൃശ്ചയാൽ വന്നതാണ്. പിന്നെ ബ്രാഹ്മണന് വാക്കുകൊടുത്തതുകൊണ്ട് അത് പരിപാലിക്കുന്നതുവരെ കൃഷ്ണന്റെ കൂടെ, ശിവനെ ആരാധിച്ച് വസിച്ചു എന്നാണ്. ബ്രാഹ്മണൻ ഓരോരുത്തരുടെ പേരിലും സത്യം ചെയ്ത് വാങ്ങുന്നതൊക്കെ ആട്ടപ്രകാരത്തിലെ ഇമ്പ്രൊവൈസേഷനുകൾ ആണ്. പശ്ചാത്തലം: രാജ്യത്ത് സംഭവിക്കുന്ന പ്രകൃതിക്ഷോഭങ്ങളും ശിശുമരണങ്ങളും (പ്രത്യേകിച്ച് അച്ഛനും അമ്മയും കണ്ടു നിൽക്കേ ഉണ്ടാകുന്ന ശിശുമരണം) എല്ലാം രാജ്യം ഭരിക്കുന്ന രാജാവിന്റെ കൊള്ളരുതായ്മകൾ കൊണ്ടാണ് എന്നായിരുന്നു ദ്വാപരയുഗത്തിലെ വിശ്വാസം. അതുകൊണ്ടാണ് ബ്രാഹ്മണൻ രാജസഭയിൽ വന്ന് രാജാവിനെ ആക്ഷേപിക്കുന്നത്. കൃഷ്ണന്റെ വംശമാണ് യാദവവംശം. ബലരാമൻ, കൃഷ്ണൻ അവരുടെ മക്കൾ പ്രദ്യുമ്നൻ, അനിരുദ്ധൻ എന്നിവരൊക്കെ ദ്വാരകയിലെ രാജാക്കന്മാരോ രാജകുമാരന്മാരോ ആണ്. കഥ നടക്കുന്നത് ഭാരതയുദ്ധവും കഴിഞ്ഞ് അശ്വഥാമാവ് തന്റെ പണ്ഡവരുടെ കുട്ടികളെ എല്ലാവരേയും നിഗ്രഹിച്ചതിനുശേഷം ആണ്. (കൃഷ്ണൻ, ഉത്തരയുടെ വയറ്റിലെ കുഞ്ഞിനെ മാത്രം രക്ഷപ്പെടുത്തുന്നു) യുദ്ധം കഴിഞ്ഞ് അശ്വമേധസമയത്ത് ദുശ്ശളയെ അർജ്ജുനൻ കണ്ടിരുന്നു. അവിടെ അർജ്ജുനൻ വരുന്ന വിവരം കേട്ട് പേടിച്ച് സുരഥൻ (ദുശ്ശളയുടെ മകൻ) മരിക്കുന്നു. ബ്രാഹ്മണന്റെ കാഴ്ച്ചപ്പാടിലൂടെ നോക്കിയാൽ ഈ കഥ വളരെ ഭക്തി പ്രധാനമാണ്. അർജ്ജുന-കൃഷ്ണന്മാർ തമ്മിലുള്ള ബന്ധം വെറും ആശ്രിതനും രക്ഷിതാവും തമ്മിലുള്ള ബന്ധമല്ല. അവർ വലിയ സുഹൃത്തുക്കളാണ്. ബന്ധുക്കളാണ്. കൃഷ്ണന്റെ സഹോദരി സുഭദ്രയെ ആണ് അർജ്ജുനൻ വിവാഹം ചെയ്തിരിക്കുന്നത്. അങ്ങനെ നോക്കിയാൽ സുഹൃദ്ബന്ധത്തിൽ വിള്ളൽ വന്നാലുള്ള പ്രശ്നങ്ങൾ കൂടെ ഈ കഥയിൽ ഒരു നേർത്ത രേഖയായി കിടക്കുന്നു. കൃഷ്ണന്റെ പേരിൽ സത്യം ചെയ്ത് കൊടുത്തിട്ടും അർജ്ജുനൻ പ്രശ്നം നേരിട്ടപ്പോൾ സ്വയം യമലോകത്തും ബ്രഹ്മലോകത്തും മറ്റും പോയി ബ്രാഹ്മണശിശുക്കളെ അന്വേഷിച്ചു. ഒരു രക്ഷയുമില്ല എന്ന് കണ്ടപ്പോൾ ഗാണ്ഡീവത്തോടേ ആത്മാഹുതിക്കൊരുങ്ങി. എന്നാലും കൃഷ്ണന്റെ അടുത്ത് ചെന്ന് സഹായം അഭ്യർത്ഥിച്ചില്ല. അർജ്ജുനന്റെ ആത്മാഭിമാനമാണോ കാരണം? അല്ല. ഒൻപത് ശിശുക്കൾ മരിച്ചു. അവരെയൊന്നും കൃഷ്ണനോ ബലഭദ്രനോ മറ്റ് യാദവരാജാക്കർന്മാർക്കോ രക്ഷിക്കാൻ സാധിച്ചില്ല. അപ്പോൾ പത്താമത്തെ ശിശുവിനെ എങ്ങനെ കൃഷ്ണന് രക്ഷിക്കാൻ സാധിക്കും എന്നരീതിയിൽ ഒരു ചെറിയ അവിശ്വാസം-സുഹൃത്തിന്മേലുള്ള വിശ്വാസം നഷ്ടപ്പെടൽ- ഉണ്ടായി എന്ന് തോന്നാം. കഥാപാത്രങ്ങൾ: അർജ്ജുനൻ - ആദ്യാവസാനം-പച്ച വേഷം ശ്രീകൃഷ്ണൻ-ഇടത്തരം-പച്ച കൃഷ്ണമുടി ബ്രാഹ്മണൻ-ആദ്യാവസാനം-മിനുക്ക് ബ്രാഹ്മണ പത്നി-കുട്ടിത്തരം-സ്ത്രീ വേഷം, മിനുക്ക് പേറ്റാട്ടി-കുട്ടിത്തരം-മിനുക്ക് പ്രതേകവേഷം പത്ത് കുട്ടികൾ-സാധാരണ പത്ത് വയസ്സിനുതാഴെയുള്ള കുട്ടികൾ കഥാസംഗ്രഹം: ദുഷ്ടന്മാരെ നിഗ്രഹിച്ച് ശിഷ്ടന്മാരെ പരിപാലിച്ച് ദേവകീനന്ദനനായ ശ്രീകൃഷ്ണൻ ലോകനാഥനായി ദ്വാരകയിൽ വസിക്കുന്ന കാലം. അദ്ദേഹത്തെ സന്ദർശിക്കാനായി സുഹൃത്തും സഹോദരീഭർത്താവുമായ അർജ്ജുനൻ ഒരു ദിവസം വരുന്നു. ദ്വാരകയിൽ എത്തിയ അർജ്ജുനനെ സ്വീകരിച്ചിരുത്തിയ ശേഷം ശ്രീകൃഷ്ണൻ കുശലാന്വേഷണം നടത്തുന്നു. അപ്രകാരം തന്റെ സുഖവിവരങ്ങൾ തിരക്കുന്ന ശ്രീകൃഷ്ണനോട്, അർജ്ജുനൻ ഭഗവദ്‌ദാസരായ തങ്ങളെ പോലുള്ളവർക്ക് അസുഖങ്ങളും സങ്കടങ്ങളും എങ്ങനെ വരുവാനാണ് എന്ന് തിരിച്ച് ചോദിക്കുന്നു. മാത്രമല്ല തന്റെ സഹോദരന്മാരും പത്നിയുമെല്ലാം സസുഖം വാഴുന്നു. താങ്കളുടെ പാദാരവിന്ദങ്ങളാണ് ഞങ്ങളുടെ ആശ്രയം എന്ന് പറഞ്ഞ് ശ്രീകൃഷ്ണനെ വന്ദിക്കുന്നു. കുരുവംശത്തിന്റെ മകുടമണിയായ ഹേ അർജ്ജുനാ, ഇളകുന്നതാമരയിതളിൽ തെന്നിക്കളിക്കുന്ന ജലബിന്ദുപോലെ ക്ഷണികമായ ഈ ജീവിതത്തിൽ സൗഹൃദം പോലെ സുഖം തരുന്ന ഒന്നില്ല. അതിനാൽ താങ്കൾ എന്നോടൊപ്പം അൽപ്പകാലം വസിച്ചാലും. എന്ന് മറുപടി പദത്തിൽ ശ്രീകൃഷ്ണൻ ആവശ്യപ്പെടുന്നു. ഒന്നാം രംഗം ഇവിടെ ചെറിയൊരു മനോധർമ്മരൂപത്തിലുള്ള ആട്ടത്തോടെ സമാപിക്കുന്നു. അടുത്തരംഗത്തിൽ നാം കാണുന്നത്, തോഴനായ അർജ്ജുനനോടൊപ്പം ശ്രീകൃഷ്ണനും മറ്റ് യാദവശ്രേഷ്ഠരും ഇരിക്കുന്ന യാദവ സഭയാണ്. ആ സഭയിലേക്ക് ഒരു ബ്രാഹ്ംണൻ ഒരു ശിശുശവവും കൊണ്ട് വരുന്നു. മുൻകാലങ്ങളിൽ അങ്ങനെ എട്ട് ഉണ്ണികൾ മരിച്ചുവെന്നും ഇത് ഒൻപതാം ശിശുശവവും കൊണ്ടാണ് ബ്രാഹ്മണൻ വരുന്നത് എന്നും കവിവാക്യമായ ശ്ലോകത്തിൽ പറയുന്നു. കുട്ടികളില്ലാത്ത എനിക്ക് ലോകാന്തരങ്ങളിലും സുഖമില്ല. എനിക്ക് ആരാണ് ശരണം? ദൈവമേ! ബ്രാഹ്മണർക്ക് നിരക്കാത്ത ഒരു കർമ്മവും ഞാൻ ചെയ്തിട്ടില്ല. എന്നിട്ടും ഇതുപോലെ എട്ട് ബാലന്മാരെ എനിക്ക് നഷ്ടപ്പെട്ടു. ഇത് ഒൻപതാമത്തെ ആണ്. പതിനാറായരത്തെട്ട് ഭാര്യമാരോടുകൂടെ സുഖത്തോടേയും അവരുടെ സുഖം അറിഞ്ഞും നടത്തികൊടുത്തും വിലസുന്ന ശ്രീകൃഷ്ണന് ബ്രാഹ്മണരെ രക്ഷിക്കാൻ എവിടെ സമയം? എന്നിത്യാദി പറഞ്ഞ് യാദവ സഭയിൽ വന്ന് ശ്രീകൃഷ്ണനേ ഭർസിക്കുന്ന ബ്രാഹ്മണനെ ആണ് നാം രണ്ടാം രംഗത്തിൽ ആദ്യം കാണുന്നത്. ബലരാമൻ, ശ്രീകൃഷ്ണൻ, പ്രദ്യുമ്നൻ തുടങ്ങിയ ഒരു യാദവശ്രേഷ്ഠന്മാരും ബ്രാഹ്മണ വിലാപം കേട്ട് ഒരു കൂസലുമില്ലാതെ ഇരിക്കുന്നതുകണ്ട് ബ്രാഹ്മണദുഃഖം മനസ്സിലാക്കി അത് ദൂരീകരിക്കാനായി അർജ്ജുനൻ ബ്രാഹ്മണനോട് ഇപ്രകാരം പറഞ്ഞു എന്നതാണ് ശ്ലോകാർത്ഥം. കരയുരുത് ദുഃഖിക്കരുത് അല്ലയോ ബ്രാഹ്മണശ്രേഷ്ഠ! ഇനി പുത്രനുണ്ടാകുമെങ്കിൽ അവനെ ഞാൻ രക്ഷിച്ച് തരാം. ബ്രാഹ്മണരുടെ ദുഃഖം തീർക്കുക എന്നത് ക്ഷത്രിയ ധർമ്മം ആണ്. കഴിഞ്ഞതെല്ലാം ക്ഷമിക്കുക. ഇനി ഉണ്ടാകുന്ന പുത്രനെ പരിപാലിക്കുന്ന കാര്യം ഈ അർജ്ജുനൻ ഏറ്റു. ശ്രീകൃഷ്ണൻ തുടങ്ങിയവർ എന്റെ ദുഃഖം കേട്ടിട്ട് ഒരു തരിക്കും ഇളകാതെ ഇരിക്കുന്നത് കണ്ടില്ലേ? എന്നിട്ട് നീ പുത്രരക്ഷക്ക് ചാടി പുറപ്പെട്ടത് നിന്റെ അവിവേകം ആണ് അർജ്ജുനാ എന്ന് ബ്രാഹ്മണൻ അർജ്ജുനനെ നിരുത്സാഹപ്പെടുത്തുന്നു. ഹേ ബ്രാഹ്മണ ശ്രേഷ്ഠാ, ദുഃഖഭാരം കൊണ്ട് അങ്ങ് പറയുന്ന ഈ വാക്കുകൾ കേട്ട് എനിക്ക് അപ്രിയമില്ല. ഒരു സംശയവും അങ്ങേക്ക് വേണ്ട. ഇനിയുണ്ടാകുന്ന പുത്രനെ പരിപാലിച്ച് തന്നില്ല എങ്കിൽ ഞാൻ ഇന്ദ്രപുത്രനല്ല എന്ന് അർജ്ജുനൻ തിരിച്ച് ബ്രാഹ്മണനോട് പറയുന്നു. ഭക്തവത്സലൻ എന്ന് പേരുകേട്ട് ശ്രീകൃഷ്ണഭഗവാനും അതിശക്തിമാന്മാരായ ബലഭദ്രാദികളും എനിക്ക് ജനിക്കുന്ന കുട്ടികളെ രക്ഷിക്കാനാവാതെ, ഒരിളക്കവും ഇല്ലാതെ ഇരിക്കുന്നു. അതുകൊണ്ട് തന്നെ എനിക്ക് ഒരു പുത്രന്റെ മുഖം കാണാനുള്ള യോഗം ഇല്ല എന്ന് പറഞ്ഞ് ബ്രാഹ്മണൻ വീണ്ടും വിലപിക്കുന്നു. ഈ സമയം അർജ്ജുനൻ പറയുന്നു: ഹേ സൽഗുണശീലനായ ബ്രാഹ്മണ! എന്റെ വാക്കുകൾ കേട്ടാലും. സ്വർഗ്ഗവാസികൾക്ക് കൂടെ സുഖത്തെ പ്രദാനം ചെയ്യുന്ന അർജ്ജുനൻ എന്ന എന്നെ കേട്ടിട്ടെങ്കിലും താങ്കൾ അറിയില്ലേ? ഞാൻ കൃഷ്ണനല്ല, ബലഭദ്രനല്ല, യാദവ മുഖനും അല്ല. ഞാൻ ജിഷ്ണു ആണ്, ഞാൻ ദിവ്യാസ്ത്രങ്ങൾ ലഭിച്ചവൻ ആണ്, ഇന്ദ്ര പുത്രനാണ് ഭ്രാജിഷ്ണുവും സുനയനനും സദയനും ആണ്. യമനെകൂടെ ജയിക്കാൻ കഴിവുള്ള ഇന്ദ്രനന്ദനനായ എന്റെ ശരകൂടത്തിന്റെ സംരക്ഷണയിൽ, താങ്കളുടെ ജനിക്കാൻ പോകുന്ന പുത്രന് യമഭയം ഉണ്ടാകില്ല, യമന് ശരകൂടത്തിനരികത്ത് വരാനുള്ള ധൈര്യവുമുണ്ടാകില്ല. ഇനി താങ്കളുടെ പ്രിയതമ പ്രസവിക്കുന്നതിനുമുൻപായി ഇവിടെ വന്ന് എന്നെ അറിയിക്കുക. അത്ഭുതങ്ങളായ ശരങ്ങൾ കൊണ്ട് തീർത്ത സൂതിഗൃഹത്തിൽ പിറക്കുന്ന താങ്കളുടെ പുത്രനെ യമൻ കൊണ്ടുപോകില്ല. എന്ന് മാത്രമല്ല, അങ്ങനെ ഇനി താങ്കൾക്ക് ജനിക്കാൻ പോകുന്ന പുത്രനെ രക്ഷിച്ച് തന്നില്ല എങ്കിൽ ഞാൻ, ഈ അർജ്ജുനൻ, തീകുണ്ഡത്തിൽ ചാടി ആത്മാഹുതി നടത്തും. ഇത് സത്യം എന്ന് പറഞ്ഞ് അർജ്ജുനൻ ബ്രാഹ്മണന് സത്യം ചെയ്ത് കൊടുക്കുന്നു. തുടർന്ന് രസകരങ്ങളായ ആട്ടങ്ങളാണ്. ബ്രാഹ്മണന് വിശ്വാസം വരുന്നില്ല. ശ്രീകൃഷ്ണൻ ഇളകാതെ ഇരിക്കുമ്പോൾ അർജ്ജുനൻ എന്തിന് ചാടിപ്പുറപ്പെടണം? ആത്മാഹുതി ചെയ്യാം എന്ന് സത്യം ചെയ്തതോടെ ബ്രാഹ്മണന്റെ ബുദ്ധി പ്രവർത്തിക്കുന്നു. പണ്ട് അഗ്നിഭഗവാൻ തന്നെ ഗാണ്ഡീവത്തോടെ ആത്മാഹുതി ചെയ്യും എന്ന് അർജ്ജുനൻ വീണ്ടും പറയുന്നു. തുടർന്ന് ഇന്ദ്രനെ പിടിച്ചും അവസാനം ശ്രീകൃഷ്ണനെ പിടിച്ചും അർജ്ജുനനെ കൊണ്ട് സത്യം ചെയ്ത് വാങ്ങിക്കുന്നു ബ്രാഹ്മണൻ. ഇങ്ങനെ തനിക്ക് വേണ്ട വിധത്തിലെല്ലാം അർജ്ജുനന്റെ കയ്യിൽ നിന്നും സത്യം വാങ്ങിയ ബ്രാഹ്മണൻ തിരിച്ച് വീട്ടിലെത്തുന്നു. തന്റെ പത്നിയോട് ഉണ്ടായ സംഭവങ്ങളെല്ലാം പറയുന്നു. അല്ലയോ കോമളസരോജമുഖീ, എന്റെ വാക്കുകൾ കേട്ടാലും. ഇനി നീ കരയരുത്. നമ്മുടെ ദുഃഖങ്ങൾക്ക് ശമനം ഉണ്ടാകാൻ പോകുന്നു. നമ്മുടെ ഇഷ്ടങ്ങൾ നടക്കാൻ പോകുന്നു. പുത്രശവവും കൊണ്ട് ഞാൻ യാദവസഭയിൽ എത്തി. അവിടെ ചെന്ന് കരയുന്നസമയത്ത് ഒരു സംഭവൻ നടന്നു. അത് എന്താണേങ്കിൽ ലോകനാഥനായ ശ്രീകൃഷ്ണന്റെ സഹോദരീഭർത്താവായ അർജ്ജുനൻ നമുക്ക് ഇനി ഉണ്ടാകുന്ന പുത്രനെ പരിപാലിച്ച് തരാം എന്ന് അവിടെ വെച്ച് സത്യം ചെയ്തു. ബ്രാഹ്മണന്റെ സന്തോഷദായകമായ വാർത്ത ശ്രവിച്ച് സാധ്വിയായ ബ്രാഹ്മണപത്നി വളരെ പക്വതയോടെ മറുപടി പറയുന്നു: വന്നുഭവിച്ചതെല്ലാം സുഖദുഃഖങ്ങൾ എന്ന ഭേദം കൂടാതെ അനുഭവിച്ച് തീർക്കുക എന്നതല്ലാതെ എത്ര കേമന്മാർക്കും വിധിയുടെ ഗതിയെ തടുക്കാൻ സാധിക്കില്ല. നമ്മുടെ അഞ്ചോ ആറോ കുട്ടികളല്ല അതിലധികം കുട്ടികൾ പഞ്ചാഗ്നിമദ്ധ്യത്തിലെ പുല്ലെന്നപോലെ മരിച്ചു പോയി. ഈ വിധിയെ തടുക്കാൻ പറ്റുമോ? ബലഭദ്രാദികൾക്ക് കൂസാതെ ഇരിക്കുമ്പോൾ അർജ്ജുനന്റെ മോഹം അത്യൽഭുതം തന്നെ! ഇതിനുമറുപടിയായി ബ്രാഹ്ംണൻ പറയുന്നു: നമ്മുടെ ദുഃഖം തീർത്ത് തന്നില്ല എങ്കിൽ അഗ്നികുണ്ഡത്തിൽ ചാടി ആത്മാഹുതി ചെയ്യും എന്ന് പ്രതിഞ്ജചെയ്ത അർജ്ജുനനെ, ശ്രീകൃഷ്ണൻ ഉപേക്ഷിക്കുമോ? തന്റെ സഹോദരിയായ സുഭദ്രക്ക് വൈധവ്യദുഃഖം വരുത്താൻ ശ്രീകൃഷ്ണൻ സമ്മതിക്കല്ല. നീലാരവിന്ദനേത്രനും പാലാഴിയിൽ ശയിക്കുന്നവനുമായ ശ്രീകൃഷ്ണനെ മനസാ ഭജിച്ച് അർജുനൻ പരിപാലിക്കാൻ പോകുന്ന പുത്രനെ കാത്ത് തരണമേ എന്ന് പ്രാർത്ഥിക്കുന്നു. ഇങ്ങനെ പ്രാർത്ഥനയും മറ്റുമായി ആ ബ്രാഹ്മണ കുടുംബം സമയം കഴിച്ചു. സമയം പോലെ ബ്രാഹ്മണപത്നി വീണ്ടും ഗർഭവതിയായി. പ്രസവകാലം അടുത്തപ്പോൾ ബ്രാഹ്മണപത്നി തന്റെ ഭർത്താവിനോട് ഇപ്രകാരം പറഞ്ഞു. അല്ലയോ ജീവിത നായക! ഞാൻ പറയുന്നത് ശ്രദ്ധിക്കൂ. എന്റെ ഗർഭം പൂർണമായി. പ്രസവം മൂന്നുനാളിനപ്പുറം ആസന്നമാണ്. അർജ്ജുനനെ പോയി വിളിച്ചുകൊണ്ടുവരിക. എനിക്ക് തീരെ വയ്യാതെ ആയിരിക്കുന്നു. വയറ്റിൽ ശിശു അനങ്ങുന്നു. നടക്കാൻ കൂടെ വയ്യ. ഇതുകേട്ട ബ്രാഹ്ംണൻ പറയുന്നു. അല്ലയോ സദ്ഗുണശീലങ്ങളുള്ളവളെ, നീ ഒട്ടും പരിഭ്രമിക്കണ്ട. ഞാൻ ഇപ്പോൾ തന്നെ പോയി അർജ്ജുനനെ വിളിച്ച് കൊണ്ടുവരുന്നുണ്ട്. ഇതും പറഞ്ഞ് ബ്രാഹ്മണൻ യാദവസഭയിൽ തിരിച്ചെത്തുന്നു. അർജ്ജുനനെ സമീപിച്ച് ഇപ്രകാരം പറയുന്നു. അല്ലയോ ധീരനും വീരനുമൊക്കെ ആയ അർജ്ജുനനാ, ഒട്ടും താമസമില്ലാതെ എന്റെ കൂടെ ഗൃഹത്തിലേക്ക് വരുക. നമ്മൾ ഇവിടെ വെച്ച് മുൻപ് കണ്ടിട്ടുണ്ട്. നീ മറന്നിട്ടൊന്നും ഇല്യാലോ അല്ലേ? അല്ലയോ ധന്യശീല, എന്റെ പത്നി വീണ്ടും ഗർഭവതി ആണ്. മാത്രമല്ല പ്രസവകാലവും ആസന്നമായി. അതിനാൽ അത്ഭുതവിക്രമനായ അങ്ങ ഒട്ടും മടിക്കാതെ അമാന്തിക്കാതെ, ശ്രീകൃഷ്ണനേയും സ്വന്തം പിതാവായ ഇന്ദ്രനേയും ധ്യാനിച്ച് ഗാണ്ഡീവവും എടുത്ത് എന്റെ ഒപ്പം വരുക. എനിക്കിവിടെ നിൽക്കാൻ ക്ഷമയില്ലാതായിരിക്കുന്നു. ഇതുകേട്ട അർജ്ജുനൻ മറുപടി പറയുന്നു: അല്ലയോ ബ്രാഹ്മണേന്ദ്ര, ഇതാ ഞാൻ ഒപ്പം വരുന്നു. അങ്ങയുടെ പ്രിയപത്നി പ്രസവിക്കുന്ന പുത്രനെ ഞാൻ കത്തുതരാം. ഗാണ്ഡീവം എന്ന എന്റെ വിഖ്യാതമായ വില്ല് ഇതാ എന്റെ കയ്യിൽ കാണുന്നില്ലേ? യമധർമ്മൻ കൂടെ എന്റെ ഇഷ്ടത്തിന് എതിരുനിൽക്കില്ല. അതിനാൽ വ്യാകുലപ്പെടാതെ നമുക്ക് പോകാം. തുടർന്ന് അർജ്ജുനനും ബ്രാഹ്മണനും ബ്രാഹ്മണഗൃഹത്തിലെത്തുന്നു. അർജ്ജുനൻ സൂതികാഗൃഹമായി ശരകൂടം നിർമ്മിക്കുന്നു. ബ്രാഹ്മണൻ വന്ന് അതെല്ലാം പരിശോധിക്കുന്നു. തൃപ്തിവരുത്തി ബ്രാഹ്മണപത്നിയേയും പേറ്റാട്ടിയേയും സൂതികാഗൃഹത്തിലേക്ക് പ്രവേശിപ്പിക്കുന്നു. അങ്ങനെ തിരശ്ശീലക്ക് പിന്നിൽ നിൽക്കുന്ന ബ്രാഹ്മണപത്നി പ്രസവിക്കുന്നു. കുട്ടിയെ തന്നെ കാണാതെ ആവുന്നു. തുടർന്നുള്ള ബ്രാഹ്മണപത്നിയുടെ വിലാപം: കരുണാവാരിധിയാ കൃഷ്ണാ! നീ അർജ്ജുനനെ ചതിച്ചുവോ? ഒരിടത്തും ശരണം ലഭിക്കാത്ത ഞങ്ങൾ മൂലം നിന്റെ സഹോദരിക്ക് വൈധവ്യ ദുഃഖം വരണമെന്നാണോ നിന്റെ ഇഷ്ടം? അതികാന്തിമാനായി ജനിച്ച് പുത്രൻ പ്രസവിച്ച് ഭൂമിയിൽ പതിക്കുന്നതിനുമുന്നേ ശവം കൂടെ കാണാതായി! അർജ്ജുനന്റെ യത്നം ഫലിച്ചില്ല. തലയിലെഴുത്തിനെ ആർക്ക് മാറ്റാൻ പറ്റും? എന്റെ സഖിമാരെ, ഈ വൃത്താന്തം സൂതികാഗൃഹത്തിന്റെ വാതിൽക്കൽ നിൽക്കുന്ന എന്റെ ഭർത്താവിനോടും അർജ്ജുനനോടും ഈ ചരിതങ്ങൾ എല്ലാം ചെന്ന് പറയുക. ഈറ്റില്ലത്തിന്റെ ഉള്ളിൽ നിന്ന് കേട്ട ബ്രാഹ്മണപത്നിയുടെ ഇത്തരം വിലാപം കേട്ട് ബ്രാഹ്മണൻ ബോധം കെട്ട് വീഴുന്നു. പിന്നെ ബോധം വന്ന ബ്രാഹ്മണൻ പൂർവാധികം കോപത്തോടെ അർജ്ജുനനെ ഭർസിക്കുന്നു. പൊട്ട! നിന്റെ വലിയ പ്രൗഢിയുള്ള കഴിവ് എവിടെ? വലിയ കേമമായ ഈ ശരകൂടം കൊണ്ട് എന്തുണ്ടായി? മുൻപേ ഞാൻ പറഞ്ഞതാണ് ഇതിനൊന്നും ചാടി പുറപ്പടണ്ട എന്ന്. അപ്പോൾ കേട്ടില്ല. അവിവേകവും അഹങ്കാരവും കൊണ്ട് അതൊന്നും കൂട്ടാക്കാതെ ചാടിപ്പുറപ്പെട്ടു. അതുകൊണ്ട് ഇപ്പോൾ പ്രസവിച്ച് ബാലന്റെ ശവം കൂടെ എനിക്ക് കാണാൻ കഴിഞ്ഞില്ല. മൂഢ! ഇനി ഞാൻ അച്യുതസന്നിദ്ധിയിൽ പോയി എങ്ങനെ കരയും? അത് അയുക്തമല്ലേ? നീ എന്താ ഇവ്ടെ വയറ്റത്ത് കയ്യും കെട്ടി കേമനായി നിൽക്കുന്നത്? വേഗം പോയി ശ്രീകൃഷ്ണന്റെ അടുത്ത് ചെന്ന് ധാരാളം ഭക്ഷിച്ച് സുഖിച്ച് വാഴുക. ബ്രാഹ്മണന്റെ ഇത്തരത്തിലുള്ള ശകാരം കേട്ട് അർജ്ജുനൻ ധർമ്മലോകത്ത് ചെന്ന് ബാലനെ അന്വേഷിച്ചു അല്ലയോ ധർമ്മരാജാവേ! എന്നോട് ഇത് വേണ്ടായിരിന്നു. കുട്ടിയെ തിരികെ തന്നുകൊൾക അപ്പോൾ ധർമ്മരാജാവ് പറഞ്ഞു: ഞാൻ എന്താണ് അർജ്ജുനാ നിനക്ക് അഹിതമായി ചെയ്തത്? മഹിഷവാഹ ബ്രാഹ്മണപുത്രനെ തന്നീടുകില്ലെങ്കിൽ ഞാൻ യമലോകം ചാമ്പലാക്കും നീ പരുഷവചനങ്ങൾ പറയാതെ കാര്യം പറയൂ. കൃഷ്ണസഖാവിന് എന്താണ് അസാദ്ധ്യമായത്? ഏത് ബ്രാഹ്ംണപുത്രനെ ആണ് നിനക്ക് വേണ്ടത്? ഏതു ദേശത്തിലേ ആണ് ബ്രാഹ്മണപുത്രൻ? ദ്വാരകയിൽ ഒൻപത് മക്കൾ ജനിപ്പോഴേ നീ കൊണ്ടുവന്നു. ഇപ്പോ പത്താമനെ എന്റെ ശരകൂടത്തിൽ നിന്നും നീ കൊണ്ടുപോയി. അവനെ എനിക്ക് തരൂ. ദ്വാരകയിൽ വന്ന് ഞാൻ എന്റെ ജോലി ഇഷ്ടം പോലെ ചെയ്യാൻ എനിക്കെന്നല്ല ആർക്കും സാധിക്കില്ല. സംശയം തീർക്കാൻ ചിത്രഗുപ്തനോട് കൂടെ ചോദിച്ചുനോക്കൂ. എന്നോട് പരിഭവം വേണ്ട. താങ്കളുടെ സുഹ്രൃത്തായ ശ്രീകൃഷ്ണൻ വിചാരിച്ചാൽ പത്ത് മക്കളേയും കിട്ടും. ഇതുകേട്ട അർജ്ജുനൻ ബ്രാഹ്മണപുത്രന്മാർ യമലോകത്ത് ഇല്ല എന്ന് തീരുമാനിച്ച് നാകലോകത്തേക്ക് പോയി. ഇന്ദ്രനോട് പുത്രന്മാരെ ചോദിച്ചു. ഇന്ദ്രനും അവിടെ ഇല്ല എന്ന് ഉറപ്പിച്ച് പറഞ്ഞു. മാത്രമല്ല ശ്രീകൃഷ്ണനോട് അന്വേഷിക്കാൻ ഇന്ദ്രനും പറയുന്നു. ഇന്ദ്രവചനം കേട്ട് മടങ്ങിയ അർജ്ജുനൻ വീണ്ടും മറ്റ് ലോകങ്ങളിലൊക്കെ പോയി ബ്രാഹ്മണപുത്രരെ തിരയുന്നു. ഒരു സ്ഥലത്തും കണ്ടുകിട്ടാതെ, അർജ്ജുനൻ അവസാനം തീക്കുണ്ഡത്തിൽ ചാടി ആത്മാഹുതി നടത്തുവാൻ തന്നെ തീർച്ചയാക്കുന്നു. അർജ്ജുനന്റെ ആത്മഗതം: എന്തൊരു വിസ്മയം ! വിധി ചെയ്തതുതന്നെ! കാലനും കൂടെ കുട്ടികൾ മരിക്കുന്നു! എന്റെ കാലദോഷം തന്നെ. ഇനി എനിക്ക് അഗ്നികുണ്ഡത്തിൽ ചാടി ആത്മാഹുതി ചെയ്യുക എന്നതല്ലാതെ കരണീയം ആയി ഒന്നുമില്ല! ഹേ നന്ദസൂനോ! എന്നെ രക്ഷിക്കൂ! ഇങ്ങനെ ആത്മഗതത്തോടേ അർജ്ജുനൻ തീക്കുണ്ഡം ഉണ്ടാക്കി ജ്വലിപ്പിക്കുന്നു. ഗാണ്ഡീവവും ധരിച്ച് തീക്കുണ്ഡത്തിലേക്ക് ചാടാൻ തുടങ്ങുന്ന അർജ്ജുനനെ ശ്രീകൃഷ്ണൻ പ്രത്യക്ഷപ്പെട്ട് തന്റെ തൃക്കൈകൊണ്ട് തടയുന്നു. എന്നിട്ട് ഇപ്രകാരം പറയുന്നു: സുഹൃത്തേ വിജയ, എന്തിനാണ് നീ സാഹസം ചെയ്യുന്നത്? മുൻപ് നിന്നെ സഹായിച്ചതോക്കെ നീ മറന്നുവോ? എല്ലാറ്റിനും നമുക്ക് വഴിയുണ്ടാക്കാം. ഇങ്ങനെ സമാധാനിപ്പിച്ച് ശ്രീകൃഷ്ണൻ തന്റെ തേരിൽ അർജ്ജുനനുമായി വിഷ്ണുലോകത്തിലേക്ക് പുറപ്പെടുന്നു. പോകുന്നവഴിയിലെ ഘോരാന്ധകാരം കണ്ട് അർജ്ജുനനെ ഭയം ഗ്രസിക്കുന്നു. (ഭൂമിക്കുവെളിയിൽ ബഹുദൂരം അകലെ ആണ് പാലാഴി. അവിടെ അനന്തശയനത്തിലാണ് മഹാവിഷ്ണു ഇരിക്കുന്നത്. അവിടെ പോകുന്നവഴിയുള്ള ഇരുട്ട് ഒരു പ്രത്യേകതയുള്ളതാണ്. സത്യലോകം എന്നാണ് മഹാവിഷ്ണുവിന്റെ ലോകത്തെ പറയുന്നത്. ഒരു മനുഷ്യന് സ്വയം അവിടെ പോകാൻ സാധ്യമല്ല. പുരാണങ്ങളിലെ കൺസപ്റ്റുകൾ അനവധി! ലോകാലോകപർവ്വതത്തിന് പടിഞ്ഞാറുവശം ആണത്രെ ഇത്) എന്താണ് നീ പേടിച്ചിരിക്കുന്നത് അർജ്ജുനാ എന്ന് ശ്രീകൃഷ്ണൻ ചോദിക്കുന്നു. അന്ധകാരം കൊണ്ട് എനിക്ക് ശ്രീകൃഷ്ണാ നിന്റെ ദേഹം കൂടെ കാണാൻ വയ്യാതായി എന്ന് വിലപിക്കുന്ന അർജ്ജുനനോട് ഭയപ്പെടേണ്ട ഞാൻ എന്റെ ചക്രായുധത്തെ സ്മരിക്കുന്നുണ്ട്. അത് വന്നാൽ വെളിച്ചം വരും. നിന്റെ ഭയവും പോകും എന്ന് പറയുന്നു ശ്രീകൃഷ്ണൻ. തുടർന്ന് ചക്രായുധം വരുന്നു. അർജ്ജുനൻ ഭയം വെടിഞ്ഞ് കൃഷ്ണാർജ്ജുനന്മാർ യാത്ര തുടരുന്നു. അങ്ങനെ മഹാവിഷ്ണുസവിധത്തിൽ എത്തിയ അർജ്ജുനന് കൃഷ്ണൻ മഹാവിഷ്ണുവിന്റെ മന്ദിരം വിസ്തരിച്ച് കാണിച്ച് കൊടുക്കുന്നു. ശേഷം മഹാവിഷ്ണുസമീപം ചെന്ന് വന്ദിക്കുന്നു. മഹാവിഷ്ണുവാകട്ടെ നരനാരായണന്മാരായ കൃഷ്ണാർജ്ജുനന്മാരെ സസന്തോഷം സ്വീകരിച്ച് കുശലാന്വേഷണം നടത്തുന്നു. തുടർന്ന് നരനാരായണന്മാരായ നിങ്ങളെ രണ്ട് പേരേയും ഒന്നിച്ച് എന്റെ അടുത്ത് കാണുവാൻ ഞാൻ തന്നെ ബ്രാഹ്മണപുത്രന്മാരെ ഇങ്ങോട്ട് കൊണ്ടുവന്നതാണ് എന്ന് മഹാവിഷ്ണു വെളിപ്പെടുത്തുന്നു. പിന്നീട് അവിടെ കളിച്ച് നടക്കുന്ന ബ്രാഹ്മണബാലന്മാരെ കൊണ്ട് പോയി ബ്രാഹ്മണന് കൊടുക്കുവാൻ അനുവാദം കൊടുക്കുന്നു. കുട്ടികൾ കൃഷ്ണാർജ്ജുനന്മാരുടെ കൂടെ ഭൂമിയിലേക്ക് പോകാൻ കൂട്ടാക്കുന്നില്ല എങ്കിലും വിഷ്ണുഭഗവാൻ ആവശ്യപ്പെട്ടത് അനുസരിച്ച് എല്ലാം മംഗളമായി ഭവിക്കുന്നു. തുടർന്ന് കാണുന്ന രംഗം ബ്രാഹ്മണന്റെ ഗൃഹം ആണ്. അവിടെ ചിന്താകുലയായിരിക്കുന്ന ബ്രാഹ്ംണനും പത്നിയും. അരികിലൂടെ കൃഷ്ണനും അർജ്ജുനനും പത്ത് ബാലന്മാരും പ്രവേശിക്കുന്നു. അർജ്ജുനൻ ബ്രാഹ്മണനോട് പറയുന്നു: നമസ്തേ ഭൂസുരമൗലേ! എന്റെ അപരാധങ്ങൾ എല്ലാം ക്ഷമിച്ചാലും. മഹാവിഷ്ണുവിന്റെ കൃപയാൽ താങ്കളുടെ എല്ലാ പുത്രന്മാരേയും ലഭിച്ചു. പുത്രശോകം കൊണ്ട് നീ എന്നെ ശകാരിച്ചപ്പോൾ ഞാൻ മൂന്നുലോകങ്ങളിലും ബ്രാഹ്മണകുമാരന്മാർക്കായി തെരഞ്ഞു. പക്ഷെ എങ്ങുനിന്നും കിട്ടിയില്ല. ശേഷം സത്യം പരിപാലിക്കാനായി ഞാൻ അഗ്നികുണ്ഡത്തിൽ ചാടാൻ ഒരുങ്ങിയപ്പോൾ കപടമാനുഷനായ ഈ ശ്രീകൃഷ്ണൻ കൃപയോടെ എന്റെ അരികിൽ വരികയും എന്നേയും കൊണ്ട് വിഷ്ണുലോകം പ്രാപിക്കുകയും ചെയ്തു. പരമപൂരുഷനായ മഹാവിഷ്ണുവിന്റെ അരികിൽ അനന്തനുമുകളിൽ കളിച്ചുകൊണ്ടിരിക്കുന്ന കുമാരന്മാരെ എനിക്ക് കാണിച്ച് തന്നു. മഹാവിഷ്ണുവിന്റെ അനുമതിപ്രകാരം അവരേയും കൊണ്ട് ഞങ്ങൾ നേരെ ഇവിടേക്ക് പോന്നു. ഇതാ താങ്കളുടെ പത്ത് പുത്രന്മാരും. സ്വപത്നിയോടുകൂടി ഇവരെ സ്വീകരിച്ചാലും. ആനന്ദാതിരേകത്തോടേ ബ്രാഹ്മണനും പത്നിയും പത്ത് പുത്രന്മേരേയും സ്വീകരിക്കുന്നു. ശേഷം പശ്ചാത്താപ വിവശനായ ബ്രാഹ്മണന്റെ പദം: കൃഷ്ണ! നീ ജയിക്ക! അർജ്ജുന! നീയും ജയിക്ക!. കനത്ത ശോകഭാരം കൊണ്ട് ഞാൻ നിന്നെ ധാരാളം അധിക്ഷേപിച്ചു. അതൊന്നും മനസ്സിൽ വെക്കരുതേ. എല്ലാം ക്ഷമിക്കേണമേ. നിന്നെ മനസ്സിൽ വിചാരിക്കുന്നവർക്ക് കൂടെ എല്ലാ മംഗളവും വന്ന് ഭവിക്കും എന്ന് പറഞ്ഞ് അനുഗ്രഹിക്കുന്നു. ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ അലൈക്ക് 3.0 പ്രകാരം www.kathakali.info യിൽ നിന്ന് ശേഖരിച്ചത്. |
പുറപ്പാട്
[തിരുത്തുക]രാഗം: ശങ്കരാഭരണം
താളം: ചെമ്പട
സാന്ദ്രാനന്ദാകുലാത്മാ ഹരിരഥ ഭഗവാൻ ഭക്തവാത്സല്യശാലീ
ദേവക്യാ നന്ദനസ്സന്നിഹ ഭുവി ജഗതാം രക്ഷണായവതീർണ്ണഃ !
ഹത്വാ കംസം സമല്ലം യുധി സഹ ഹലിനാ സർവലോകൈകനാഥഃ
ശ്രീമത്യാം ദ്വാരവത്യാം പുരി സുഖമവസദ്ദാരതത്യാ സമേതഃ !!
പദം:
ദേവദേവൻ വാസുദേവൻ ദേവകീതനയൻ
സേവ ചെയ്യും ജനങ്ങളെ കേവലം പാലിപ്പാൻ
രേവതീ രമണനാകും രാമനോടുംകൂടി
ഉത്തമ ബുദ്ധിമാൻ പുരുഷോത്തമ ഭക്തരിൽ
ഉത്തമോത്തമനാകും ഉദ്ദ്വവരോടും കൂടി
വാരിജലോചനമാരാം നാരിമാരുമായി
വാരിധിയിൽ വിലസീടും ദ്വാരകയിൽ വാണു.
നിലപ്പദം:
രാമ പാലയമാം ഹരേ സീതാരാമ പാലയമാം,
രാമ രവികുലസോമ, ജഗദഭിരാമ, നീരദശ്യാമ,
ദശരഥരാമ, ശരദശശിവദന, സാധുജനാവന
അർത്ഥം
[തിരുത്തുക]സാന്ദ്രാനന്ദാകുലാത്മാ:
[തിരുത്തുക]പരമാനന്ദമയനും ഭക്തവൽസലനും ലോകനാഥനുമായ മഹാവിഷ്ണു ലോകരക്ഷണത്തിനായി ദേവകി പുത്രനായി ഭൂമിയിൽ ജനിച്ച് ബലരാമനോടു കൂടെ യുദ്ധത്തിൽ മല്ലന്മാരായ ചാണൂരൻ,മുഷ്ടികൻ എന്നിവരേയും കംസനേയും വധിച്ച് പത്ന്മാരോടോപ്പം ദ്വാരകയിൽ സുഖമായി വസിച്ചു.
ദേവദേവൻ വാസുദേവൻ:
[തിരുത്തുക]ദേവകിയുടെ പുത്രനായ ദേവദേവൻ വാസുദേവൻ ആശ്രയിക്കുന്ന ജനങ്ങളെ പരിപാലിക്കുന്നതിനായി രേവതിയുടെ ഭർത്താവായ ബലരാമനോടുകൂടെ, അമ്മ ദേവകി, അച്ഛൻ വസുദേവൻ, കൃഷ്ണഭക്തരിൽ പ്രമുഖനായവനും ബുദ്ധിമാനുമായ ഉദ്ധവർ, പങ്കജലോചനകളായ പത്നിമാർ എന്നിവരോട് കൂടെ പശ്ചിമസമുദ്രത്തിൽ പരിലസിക്കുന്ന ദ്വാരകാപുരിയിൽ വസിച്ചു.
രാമാ, എന്നെ പരിപാലിച്ചാലും. ഹരേ, സീതാരാമാ, സൂര്യവംശത്തിലെ ചന്ദ്രാ, ലോകത്തെ മോഹിപ്പിക്കുന്നവനേ, കാർമേഘവർണ്ണാ, ദശരഥപുത്രാ, ശരത്ക്കാലചന്ദ്രനൊത്ത മുഖകാന്തിയുള്ളവനേ, ഭക്തജനരക്ഷകാ, രാമാ, എന്നെ കാത്തുകൊള്ളുക.
അനുബന്ധ വിവരം:
[തിരുത്തുക]“ദേവദേവൻ വാസുദേവൻ ദേവകീതനയൻ” എന്ന് തുടങ്ങുന്ന പദം പ്രക്ഷിപ്തമാണ്. ആരാണിതിന്റെ കർത്താവ് എന്നറിയില്ല (കടപ്പാട്: “ചൊല്ലിയാട്ടം” എന്ന കലാമണ്ഡലം 2000ൽ പ്രസിദ്ധീകരിച്ച പദ്മനാഭൻ നായരുടെ പുസ്തകം. )[1]
രംഗം ഒന്ന്
[തിരുത്തുക]ദ്വാരക ശ്രീകൃഷ്ണവസതി
[തിരുത്തുക]സന്താനഗോപാലം കഥയുടെ ആദ്യരംഗത്തിൽ നാം കാണുന്നത്, വീരപരാക്രമിയായ അർജ്ജുനൻ, ദ്വാരകയിൽ ശ്രീകൃഷ്ണസവിധത്തിലേക്ക് വരുന്നതാണ്. അർജ്ജുനനെ കണ്ട ഉടൻ ശ്രീകൃഷ്ണൻ കുശലാന്വേഷണം നടത്തി സ്വീകരിച്ചിരുത്തുന്നു. അർജ്ജുനൻ കുശലാന്വേഷണത്തിന് മറുപടി പറയുന്നു. തുടർന്ന് ശ്രീകൃഷ്ണൻ അർജ്ജുനനോട് തന്റെ ഒപ്പം ദ്വാരകയിൽ കുറച്ച് കാലം താമസിക്കാൻ ആവശ്യപ്പെടുന്നു. തുടർന്ന് അർജ്ജുനൻ ശ്രീകൃഷ്ണസമേതം ദ്വാരകയിൽ വസിക്കുന്നു. ഇത്രയുമാണ് ഈ രംഗത്തിൽ ഉള്ളത്.
രാഗം: സാവേരി
താളം: ചെമ്പട 16 മാത്ര
കഥാപാത്രങ്ങൾ: ശ്രീകൃഷ്ണൻ
പരമപുരുഷനേവം പാരിടം കാത്തശേഷം
പരിചൊടു യദുപുര്യാം തത്ര വാഴുന്നകാലം !
സരസിജനയനം തം ദ്രഷ്ടുകാമസ്സ പാർത്ഥോ
ഗുരുതരഭുജവീര്യ: പ്രാപ്തവാനാത്തമോദം !!
പദം:
ശ്രീമൻ സഖേ വിജയ! ധീമൻ! സകലഗുണ-
ധാമൻ! സ്വാഗതമോ! സുധാമൻ!
സോമൻ ത്രിജഗദഭിരാമൻ വണങ്ങിടും നിൻ
മുഖപങ്കജമിഹ കണ്ടതിനാലതി സുഖസംഗത സുദിനം ദിനമിതു മമ
ധീരൻ സുകൃതിജനഹീരൻ നയവിനയാ-
ധാരൻ ധർമ്മജനത്യുദാരൻ-
വീരൻ വൃകോദരനും സ്വൈരം വസിക്കുന്നല്ലീ-
സഹജാവപി സഹജാമലഗുണഗണ
മഹിതാ തവ ദയിതാപി ച കുരുവര!
അർത്ഥം:
[തിരുത്തുക]പരമപുരുഷനേവം:
[തിരുത്തുക]ദുഷ്ടജനങ്ങളെ നിഗ്രഹിച്ച് ശിഷ്ടജനങ്ങളെ സംരക്ഷിച്ചുകൊണ്ട് പരമപുരുഷനായ ശ്രീകൃഷ്ണൻ ദ്വാരകയിൽ വാണരുളുന്ന കാലത്ത് അവിടുത്തെ കാണുവാനായി ഉഗ്രപരാക്രമിയായ അർജ്ജുനൻ സന്തോഷത്തോടെ അവിടെ എത്തി.
പദം: ശ്രീമൻ സഖേ..
[തിരുത്തുക]ശ്രീയുള്ളവനും ബുദ്ധിമാനും ധീരനും സകലഗുണങ്ങൾക്കും ഇരിപ്പിടമായവനുമായ അല്ലയോ അർജ്ജുനാ, സുഖമല്ലേ? ഹേ സുധാമൻ! മൂന്നുലോകത്തിലും ഏറ്റവും സുന്ദരനായ, ചന്ദ്രൻ കൂടെ വണങ്ങുന്ന നിന്റെ താമരപോലുള്ള മുഖം കണ്ടതിനാൽ എനിക്ക് ഇന്ന് ഏറ്റവും സുഖം ഭവിച്ച നല്ല ദിവസം ആണ്. ധീരനും, സുകൃതികളിൽ മുമ്പനായവനും, നയവിനയങ്ങൾക്ക് ആധാരമായുള്ളവനും, ഉദാരമതിയുമായ നിന്റെ സഹോദരൻ ധർമ്മപുത്രർക്കും, വീരനായ ഭീമനും സ്വൈരമായി സുഖമായി ജീവിക്കുന്നില്ലേ? കൂടാതെ സകലഗുണങ്ങൾക്കും കൂട്ടായുള്ള നിന്റെ ഭാര്യയോ, അല്ലയോ കുരുശ്രേഷ്ഠാ? (എല്ലാവർക്കും സുഖമല്ലേ എന്ന് വ്യഗ്യം))
അരങ്ങുസവിശേഷതകൾ:
[തിരുത്തുക]ഇടതുവശത്തുകൂടി ‘കിടതകധീം,താം’മേളത്തിനൊപ്പം ചാപബാണധാരിയായി പ്രവേശിക്കുന്ന അർജ്ജുനൻ, സാവധാനം മുന്നോട്ടുവന്ന് വലതുഭാഗത്തായി പീഠത്തിൽ ഇരിക്കുന്ന ശ്രീകൃഷ്ണനെ കണ്ട്, കെട്ടിച്ചാടി കുമ്പിട്ടശേഷം വില്ലുകുത്തിപ്പിടിച്ച് നിൽക്കുന്നു. ശ്രീകൃഷ്ണൻ അർജ്ജുനനെ കണ്ട്, അനുഗ്രഹിച്ചിട്ട് പദാഭിനയം ആരംഭിക്കുന്നു.
അനുബന്ധ വിവരം:
[തിരുത്തുക]ഇവിടെ “സ്വാഗതമോ“ എന്ന് പറയുന്നിടത്ത് “സുഖമല്ലേ?” എന്ന് മുദ്രകാണിക്കാനാണ് കലാ.പദ്മനാഭൻ നായർ തന്റെ ചൊല്ലിയാട്ടം എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്. ചിലർ നിനക്ക് സ്വാഗതം എന്നും കാണിക്കാറുണ്ട്.