Jump to content

സഞ്ചാരി യാത്ര 3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
സഞ്ചാരി യാത്ര 3

രചന:വി.വി. അബ്ദുല്ല സാഹിബ്


വി.വി.അബ്ദുല്ല സാഹിബിന്റെ മറ്റൊരു പ്രസിദ്ധപുസ്തകമാണിത്. . സാമൂഹികമായും മതപരമായും നമ്മെ ഏറെ ചിന്തിപ്പിക്കുന്ന ഈ പുസ്തകം വായനക്കാരിലേക്ക് എത്തിക്കുന്നു.

നിങ്ങൾക്കെന്ത് കാര്യം

[തിരുത്തുക]

അനുഭവം 1

ഒരു ദിവസം അസർ നമസ്‌കരിച്ച പള്ളിയുടെ വരാന്തയിൽ വിശ്രമിക്കുകയായിരുന്നു, കുറച്ചുകഴിഞ്ഞപ്പോൾ ഒരു മാന്യൻ പള്ളിയകത്ത് നിന്നുംവന്നു വരാന്തയിൽ ഇരിപ്പുറപ്പിച്ചു. വിശ്രമാവശ്യാർത്ഥമുള്ള ഇരിപ്പായിട്ടാണ്‌ എനിക്ക്‌ തോന്നിയത്‌. അല്പസമയം കഴിഞ്ഞപ്പോൾ മറ്റൊരു മാന്യൻ വെളിയിൽ നിന്നും പള്ളിയങ്കണത്തിൽ കടന്നുവന്നു അവിടെ ഇരിപ്പുണ്ടായിരുന്ന മാനൃന്‌ സലാംചൊല്ലി സമീപത്തായി ഇരിപ്പുറപ്പിച്ചു. 'നിങ്ങൾ പള്ളിയിലേക്ക്‌ പോന്നിട്ടുണ്ടെന്ന് പുറമേനിന്നറിഞ്ഞു അതുകൊണ്ടാണ്‌ ഇങ്ങോട്ടു പോന്നത്‌” വന്നആൾ ഇപ്ര കാരം സംഭാഷണം ആരംഭിച്ചു.

ഇരിപ്പുണ്ടായിരുന്ന ആൾ : എന്താ പ്രത്യേകം വല്ലതൂം ഉണ്ടോ? നമ്മൾ ഇന്നലെവരെ ദിനംതോറും കണ്ടുകൊണ്ടിരുന്നല്ലോ.

വന്നആൾ : ഇപ്പോൾ കാണേണ്ടുന്ന ഒരാവശ്യം ഉണ്ടായി ഇവിടെവെച്ച് കാണാൻസാധിച്ചത്‌ സൗകര്യമായി.

ഇരി. ആൾ : അപ്പോൾ വിഷയം രഹസ്യമാണെന്ന് മനസ്സിലാകുന്നുണ്ട്. ഒഴിഞ്ഞ സ്ഥലത്ത്‌വെച്ച് സംസാരിക്കുന്നത്‌ അത്തരം കാര്യങ്ങ ളാണല്ലൊ.

വന്ന: നമ്മെ സംബന്ധിച്ചുമാത്രമേ രഹസ്യമാകുന്നുള്ളു. വിഷയം പരസ്യമാണ്‌, നിങ്ങൾ തന്നെ പരസ്യമാക്കിയതുമാണ്‌.

ഇരി: എന്തോ ഒരു കുററാരോപണം പോലെയുണ്ടല്ലൊ എന്തോ രഹസ്യങ്ങൾ ഞാൻ പരസ്യപ്പെടുത്തിയെന്ന് തോന്നുന്നു. ഒന്നും മനസ്സി ലാവുന്നില്ലല്ലോ. തുറന്നുപറയൂ ഇഷ്ടാ,

വ: നിങ്ങളുടെ നോട്ടീസ്‌ കണ്ടു, അത്‌തന്നെ.

ഇ: ഓഹോ അതിലെന്ത് രഹസ്യമിരിക്കുന്നു. എത്രകാലമായി പരസ്യമായിക്കഴിഞ്ഞതല്ലെ. നൂററാണ്ടുകളായി ലോകസമക്ഷം പരസ്യമാ യി നിലകൊള്ളുന്ന ഒരു കാര്യം നാം രണ്ടുപേരും കൂടി രഹസ്യമാക്കിയാൽ രഹസ്യമാകുമോ?

വ: നിങ്ങളുടെ നോട്ടീസിൻെറ ഔചിത്യത്തെക്കുറിച്ചാണ് എനിക്ക് ചോദിക്കാനുള്ളത്‌.

ഇ: അതൊരു നോട്ടീസിൻെറ മറുപടിയാണ്‌. ഔചിത്യദോഷം അതിലില്ല.

വ: അത്‌ നിങ്ങളുടെ അഭിപ്രായം, എൻെറ അഭിപ്രായം അങ്ങനെയല്ല. ആ നോട്ടീസ്‌ വേണ്ടായിരുന്നു എന്നാണ്‌.

ഇ: എന്ത്‌ ചെയ്യാൻ. ഞാൻ നിങ്ങളുടെ അഭിപ്രായമനുസരിച്ചല്ലല്ലോ നീങ്ങുന്നത്‌ . എല്ലാവരുടേയും അഭിപ്രായം അനുസരിച്ചു ചെയ്യുന്ന ആൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഇരിക്കട്ടെ, താങ്കളുടെ അഭിപ്രായം ഒന്ന് കേട്ടാൽ കൊള്ളാം.

വ: മറെറാരു നോട്ടിസിൻെറ മറുപടിയാണല്ലൊ നിങ്ങളുടെ നോട്ടീസ്‌? ആ നോട്ടീസിൻെറ കർത്താവ്‌ ഒരു മുസ്ലിയാരാണ്‌. വിഷയം നമ സ്‌കാരമാണ്‌ അങ്ങിനെയുള്ള ഒരു നോട്ടീസിന് പ്രതി നോട്ടിസ്‌ ഇറക്കേണ്ടത്‌ ആരാണ്‌?

ഇ: ആ നോട്ടീസിലെ ദോഷങ്ങളോ, പാകപ്പിഴകളോ ചൂണ്ടിക്കാണിക്കാനും ചോദ്യങ്ങൾക്ക് മറുപടി പറയാനും കഴിവുള്ള ആൾ.

വ: അതാരാണ്‌?

ഇ: അതിന്‌ കഴിവുള്ള ആൾ.

വ: അതേ, അത്‌ സമ്മതിച്ചു. അതാരാണെന്ന്?

ഇ: അതിനു ആവശ്യമായത്ര അറിവുള്ള ആൾ.

വ: അതാരാണെന്നാണ്‌ ഞാൻ ചോദിക്കുന്നത്‌.

ഇ: അതോ, അത്‌ നിങ്ങൾ തന്നെ.

വ: ഞാനല്ല എനിക്കതിനുള്ള അറിവില്ലെന്ന് നിങ്ങൾക്കറിയാമല്ലൊ.

ഇ: എന്നാൽ പിന്നെ ഞാനാണ്‌.

വ: നിങ്ങളുമല്ല.

ഇ: എന്ത്‌കൊണ്ടല്ല

വ: നിങ്ങൾക്കതിനുള്ള അറിവില്ല.

ഇ: എൻെറ അറിവ്‌ അളക്കുന്നതും നിർണ്ണയിക്കുന്നതും നിങ്ങളല്ല.

വ: എനിക്ക്‌ ഏകദേശം ചരിത്രപശ്ചാത്തലത്തിൽ നിർണ്ണയിക്കാം. നിങ്ങൾ ആണെന്ന് നിങ്ങൾതന്നെ ഉറപ്പിക്കുന്നതിലെ യുക്തിയെ ന്താണ?

ഇ: അർത്ഥമില്ലാത്ത ചോദ്യമാണല്ലൊ അത്‌.

വ: അർത്ഥമുള്ള ചോദ്യമാണത്‌, നിങ്ങൾക്ക്‌ അതിൻെറ മറുപടി അറിയില്ല.

ഇ: ഒരു നോട്ടീസിന് മറുപടി കൊടുക്കുന്നത്‌ അതിന് കഴിവുള്ള ആൾ എന്ന് പറഞ്ഞാൽ നിങ്ങൾ സമ്മതിക്കില്ല. എന്നാൽ ഞാൻ പറ യുന്നു, മറുപടി കൊടുക്കേണ്ടത്‌ ഞാൻ തന്നെ.

വ: അല്ല, നിങ്ങളല്ല.

ഇ: പിന്നെ ആരാണ്‌?

വ: ഒരു മുസ്ലിയാരാണ്‌ മറുപടികൊടുക്കേണ്ടത്‌. കാരണം നോട്ടീസ് മുസ്ലിയാരുടേതാണ്.

ഇ: നോട്ടീസിലെ കാര്യങ്ങൾ ഒരു മുസ്ലിയാർക്ക് മാത്രം അല്ലെങ്കിൽ, കുറേ മുസ്ലിയാക്കൾക്ക് മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളതല്ലാ എല്ലാ മുസ്ലിംകളേയും ബാധിക്കുന്ന നമസ്‌കാരമാണ് അതിൽ പരാമർശിതവിഷയം. ആകയാൽ കഴിവുള്ള ആർക്കും മറുപടികൊടുക്കാം നോട്ടീസ്‌ ഇറക്കാം.

വ: ഒരു മുസ്ലിയാർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ മുസ്ലിയാരല്ലാത്ത ഒരു സാധാരണക്കാരനെങ്ങനെയാണ് മറുപടി കൊടുക്കുക?

ഇ: മുസ്ലിയാരെങ്ങനെ മറുപടി കൊടുക്കുമോ അത്‌പോലെ ഒരു സാധാരണക്കാരനും കൊടുക്കാം.

വ: മുസ്ലിയാർക്ക് തുല്യമാകുമോ സാധാരണക്കാരൻ?

ഇ: ആവും. എന്തുകൊണ്ടായിക്കൂടാ? നിങ്ങളുടെ ചോദ്യത്തിൽ മുസ്‌ലിയാർ എന്നാൽ ഒരു വമ്പിച്ച വസ്തുവാണെന്ന് ഭയമാകുന്നല്ലോ?

വ: നിങ്ങൾ ഏതായാലും ഇതിന്നൊരുമ്പെട്ടത് നന്നായില്ല. അത് വേണ്ടാത്ത പണിയായിപ്പോയി.

ഇ: വേണ്ടതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഞാൻ ചെയ്യേണ്ടിയിരുന്നില്ലാ എന്ന് നിങ്ങൾ പറയാൻ കാരണം?

വ: അതിന്‌ പററിയ ആളുകൾ വേറെയുണ്ടല്ലൊ. അവർ അത്‌ ചെയ്തുകൊള്ളും. നിങ്ങൾക്ക്‌ നിങ്ങളുടെ തൊഴിലും നോക്കി ഇരുന്നാൽ പോരേ?

ഇ: എൻെറ തൊഴിലിൽപ്പെട്ടതാണ് ഇസ്‌ലാമിനെ പഠിക്കലും പഠിപ്പിക്കലും പ്രചരിപ്പിക്കലും തെററുകണ്ടാൽ ചൂണ്ടിക്കാട്ടലും തിരുത്തലും - അങ്ങിനെ ഇസ്‌ലാമുമായി ബന്ധപ്പെട്ട എല്ലാത്തിലും സജീവമായി ബന്ധപ്പെട്ടു പ്രവർത്തിക്കലാണ് എൻെറ തൊഴിൽ നമ്പർ വൺ. മററുള്ളതെല്ലാം ദുൻയാവിലെ ദിവസങ്ങൾ കഴിച്ചു കൂട്ടാനുള്ള തന്ത്രങ്ങൾ മാത്രം. മുസ്ലിയാരുടെ നോട്ടീസ്സിലെ അനൗചിത്യവും പരാജയലക്ഷണങ്ങളും അഭംഗിയും അപ്രസക്തതയും ഒക്കെ ചൂണ്ടിക്കാണിച്ചു ഞാൻ ഒരു മറുപടി തയ്യാറാക്കിയതിന്ന് നിങ്ങൾക്കെന്ത് കാര്യം അത്‌ ചോദ്യം ചെയ്യാൻ? എനിക്ക്‌ ശരിയെന്ന് തോന്നുന്നത്‌, എനിക്ക്‌ കടമ എന്ന് തോന്നുന്നത്‌ എൻെറ മനോഗതംപോലെ ചെയ്യുന്നതിന്‌ നിങ്ങളുടെ അനുവാദം വാങ്ങേണമെന്ന് തോന്നുന്നുവല്ലോ. നിങ്ങളുടെ വാചകരീതികണ്ടാൽ ഞാൻ എന്തോ ആപത്ത്‌ നിങ്ങൾക്ക്‌ വരുത്തിവെച്ചത്‌ പോലെത്തോന്നും. നിങ്ങളുടെ ആ ഭാവത്തിന്‌ ഒരു വിശദീകരണം ആവശ്യ മാണ്‌.

വ: വിശേഷാൽ ഒന്നും ഇല്ല. നിങ്ങൾ ഇപ്പറഞ്ഞമാതിരിയൊന്നും ഞാൻ കരുതിയില്ല, ഇസ്‌ലാമിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ മുസ്ലിയാക്കൾ ഉള്ള പ്പോൾ നിങ്ങൾ എന്തിന്‌ അതിൽ കയറിക്കൂടുന്നു, കയ്യിട്ടു വാരുന്നു. അതാണ്‌ എൻെറ വിചാരം.

ഇ: നിങ്ങൾ ഇപ്പോൾ പറഞ്ഞതിൽ രണ്ടു കാര്യങ്ങളുണ്ട്‌ . ഒന്ന് മുസ്ല്യാക്കളേ, അവർ മാത്രമേ, ഇസ്‌ലാമിനെപ്പററി സംസാരിക്കാൻ പാടുള്ളു. രണ്ട്‌ മുസ്‌ലിയാരല്ലാത്ത ഞാ൯ ഇസ്‌ലാമിനെപ്പററി സംസാരിക്കാ൯ യോഗ്യനല്ല. ഇതുരണ്ടും ശരിയല്ല. നിങ്ങളുടെ ധാരണ മാറേറണ്ടിയിരിക്കുന്നു. അക്കാര്യ ത്തിൽ നിങ്ങൾ അജ്ഞനാണ്‌.

വ: നിങ്ങളുടെ വയസ്സ്‌ ഏകദേശം എനിക്കും ആവാറായി, എനി അഭിപ്രായം ഒന്നും മാറേറണ്ട ആവശ്യമില്ല.

ഇ: ചെറുപ്പം മുതലേ തെററായ ധാരണവെച്ചു പുലർത്തുകയും അത് ശരിയായ ധാരണയുമായി കൂട്ടിമുട്ടാൻ സന്ദർഭം ലഭിക്കാതെ വരികയും ചെയ്തതി നാൽ സ്വയം തെററുകളെപ്പററി ബോധവാനാവാൻ ഇത്‌വരെ നിങ്ങൾക്ക്‌ സാധിച്ചില്ല. വയസ്സ്‌ എത്ര അധികമായാലും ശരിയായ അറിവ്‌ പഠിക്കാത്തവൻ, പഠിച്ചതൊക്കെ ശരിയെന്ന് മൂഢമായിക്കരുതുക സ്വാഭാവികമാണ്‌. നിങ്ങളും അമ്മാതിരി ഒരാളാണെന്ന് കരുതാനിടവരുന്നതിൽ വ്യസനമുണ്ട്. പക്ഷെ നാം ഇത്രകാലം പഴകിയിട്ടും നിങ്ങളുടെ തനിനിറം ഇന്നല്ലേ ഞാൻ കണ്ടുള്ളു എന്ന്‌ അത്ഭുതപ്പെടുകയാണ്‌ .

വ: എന്താണ്‌ അത്ഭുതകരമായ എൻെറ തനിനിറം നിങ്ങൾ പുതുതായിക്കണ്ടത്‌ .

ഇ: സുബഹാനല്ലാ ഈ കണ്ടത്‌ പോരേ. ഇസ്‌ലാമിൻെറ കുത്തക മുസ്‌ലിയാക്കൾക്ക്‌ കൊടുത്തിരിക്കയല്ലേ. ഇസ്‌ലാമിൻെറ സംരക്ഷണച്ചുമതല മുസ്‌ലിയാ ക്കൾക്ക്‌ കരാർ കൊടുത്തിരിക്കയല്ലേ. ഇസ്‌ലാമിനെപ്പററി ആരും മിണ്ടരുത്‌. എഴുതരുത്‌ എല്ലാം മുസ്‌ലിയാക്കൾ ചെയ്തു കൊള്ളും. അത്‌ അവരുടെ മാത്രം ചുമതലയാണ്‌, ഇതാണ്‌ നിങ്ങളുടെ ഒരു നിറം. മറ്റൊരു നിറം. എന്നിൽ നിങ്ങൾ കാണുന്ന അയോഗ്യത, അതിൻെറ കാരണം നിങ്ങൾ പറയണം, മുസ്‌ലിയാരല്പാത്തത് കൊണ്ടു മാത്രമാണോ? മററുവല്ല ഹേതുവുമുണ്ടോ?

വ: നിങ്ങൾ തെററിദ്ധരിക്കണ്ട, നിങ്ങൾ വലിയ മതപണ്‌ഡിതനൊന്നുമല്ലല്ലൊ. പിന്നെ ഒരു മുസ്‌ലിയാരോട് നേരിടാൻ നിങ്ങളെന്തിന്‌ പോകണം. അതാണ്‌ എൻെറ ചിന്താഗതി.

ഇ: മുസ്‌ലിയാരുടെ നോട്ടീസ്‌ മറെറാരു നോട്ടീസിന്‌ മറുപടിയാണ്‌. മറുപടി പറയുമ്പോൾ പാലിക്കേണ്ടുന്ന മര്യാദ പാലിച്ചില്ല, അതിലെ സംശയങ്ങൾക്ക് മറുപടി പറഞ്ഞില്ല, അതെഴുതിയ ആളെ കണക്കിനു പരിഹസിക്കുകയും ചെയ്‌തിട്ടുണ്ട്‌. അതേസമയം ഏററവും പ്രധാനപ്പെട്ട, കർമ്മശാസ്ത്ര ശകല ത്തെപ്പറ്റിയാണ്‌ ആ വിവാദം. ഈ സാഹചര്യത്തിൽ ആ മുസ്‌ലിയാരുടെ നോട്ടീസിൽ സ്റ്റാൻഡേർഡ് ഉള്ളതായില്ല. മുസ്‌ലിയാർ പദവിക്ക് യോജിച്ചതുമായില്ല. പിന്നെ ഇപ്പോഴത്തെ പാർട്ടിസ്പിരിറ്റിനെ ശരിക്കും നിഴലിക്കുന്നതാണ് മറുപടി, ഇസ്‌ലാമിക കർമ്മശാസ്ത്രം കൈകാര്യം ചെയ്യുമ്പോൾ സുന്നത്ത്‌ എന്താ ണെന്ന് മനസ്സിരുത്തണം. പാർട്ടി ജയിക്കണമെന്ന ലക്ഷ്യം മനസ്സിൽ വെച്ചുകൊണ്ട്‌ എന്തെങ്കിലും പറയരുത്‌. ഈ പാകപ്പിഴകൾ നോട്ടിസിൽ എമ്പാടും കാണാനുണ്ട്‌. വായിക്കാനറിയുന്നവർക്ക്‌ അരിശം തോന്നും,

വ: അത് അവർ തരക്കാർ തമ്മതമ്മിൽ കണ്ടുപിടിച്ചു അടരാടിക്കൊള്ളട്ടെ,

ഇ: ആ കളി കണ്ടിരിക്കാൻ നിങ്ങൾക്ക്‌ കഴിയുമായിരിക്കാം എനിക്ക്‌ കഴിയില്ല. ബാഹൃരൂപത്തിലുള്ള പിശകുകൾ തന്നെ കണ്ണിൽത്തറക്കുന്നു. വസ്തു നിഷഠമായവ വേറെയും,

വ: അതൊക്കെ മുസ്‌ല്യാക്കൾക്കുള്ളതല്ലേ. അവർക്കല്ലേ അതൊക്കെ സാധിക്കൂ,

ഇ: അങ്ങനെ മുസ്‌ല്യാക്കളുടെ കുത്തകയല്ല അത്‌. നിങ്ങളുടെ ചോദ്യത്തിൽ മററാർക്കും അത്‌ സാദ്ധ്യമല്ലെന്ന് ധ്വനിക്കുന്നുണ്ട്‌ .

വ: മുസ്‌ലിയാർ എന്നാൽ മതപണ്ഡിതൻ. അപ്പോൾ സാധാരണക്കാരനെങ്ങനെ മുസ്‌ലിയാർക്ക്‌ തുല്യമാകും?

ഇ: നിങ്ങളുടെ അസാധാരണബുദ്ധിക്ക്‌ കൂപ്പുകൈ. സ്നേഹിതാ, ഒരു സാധാരണക്കാരൻ; നിങ്ങളുടെ ഭാഷയിൽ എല്ലാ അമുസ്‌ലിയാക്കളും -മത ബോ ധ മില്ലാത്തവരാണെന്നല്ലേ നിങ്ങൾ പറയുന്നത്‌? മുസ്‌ലിയാർക്കുള്ള മതപാണ്ഡിത്യം അമുസ്‌ലിയാർക്ക്‌ ഉണ്ടായിക്കൂടെന്നുണ്ടോ?

വ: മതപാണ്ഡിത്യമുണ്ടാകുമ്പോൾ അയാൾ മുസ്‌ലിയാരായി.

ഇ: ഇല്ല. എത്രയോ അമുസ്‌ലിയാക്കൾ മതവിജ്ഞാനമുള്ളവരായുണ്ട്‌, മുസ്‌ലിയാക്കളല്ലാത്തവർക്ക്‌ മതബോധമില്ലെന്ന നിങ്ങളുടെ ധാരണയിൽ ഞാൻ അതിശയിക്കുന്നു. അത്തരം മതബോധമുള്ള അമുസ്‌ലിയാക്കളെ മുസ്‌ലിയാർ എന്നു ബഹുജനം വിളിക്കുന്നില്ലെന്നേയുള്ളൂ.

വ: അപ്പോൾ ആരാണ്‌ മുസ്‌ലിയാർ?

ഇ: പള്ളിദർസിൽ ചേർന്ന് അറബിഭാഷയിൽ കൂടി മതവിജ്ഞാനം നേടി, ആ അറിവ്‌ ജീവിതോപകരണമായി സ്വീകരിച്ച്‌, കണ്ടാൽ പണ്‌ഡിതനെന്ന്

തോന്നിപ്പിക്കുന്ന വേഷഭൂഷാദികളോടെ ദീനീ പ്രവർത്തനവുമായി കഴിയുന്നവർ, ഈ ഉപാധിയോടെ ജീവിതം നയിക്കുന്നവർ.

വ: മതവിജ്ഞാനമുള്ളവർ എന്ന് പറഞ്ഞാൽ പോരെ, ഇത്ര നീട്ടിവലിച്ചു വർണ്ണിക്കുന്നതെന്തിന്‌?

ഇ; നിർവചനം ഒരളവിൽ പൂർത്തിയാവണമല്ലോ . മതവിജ്ഞാനം മാത്രം ലക്ഷണമാക്കിയാൽ പററുകയില്ല, ഞാനും നിങ്ങളും അരനൂററാണ്ടിലധികം കാലം മുസ്ലിം സമൂഹത്തിൽ മുസ്‌ലിമായി ജീവിച്ചു പല മുസ്‌ലിയാക്കളുടേയും മതപ്രഭാഷണങ്ങൾ കേട്ടിരിക്കും. ഇസ്‌ലാമികമായ കുറേ അറിവ് നമുക്കുണ്ട്‌. നമ്മെ ആരും മുസ്‌ലിയാരെന്ന് വിളിക്കുന്നില്ലല്ലോ.

വ: നമുക്ക് അറിവുണ്ടെന്ന് ആളുകൾ അറിയാഞ്ഞിട്ട്‌.

ഇ: നാം ജനങ്ങളുമായി സംസാരിച്ച്‌ ഇടപഴകുന്നുണ്ട്‌ നമുക്ക്‌ കുറേയൊക്കെ അറിവുണ്ടെന്ന് അവർക്കറിയാം അവർക്കറിവുണ്ടെന്ന് നമുക്കും അറിയാം. അങ്ങനെയുള്ള നാം അന്യോന്യം മുസ്‌ലിയാർ എന്ന് വിളിക്കുന്നില്ല. എന്തുകൊണ്ട്

വ: എന്തുകൊണ്ടാണ് വിളിക്കാത്തത്?

ഇ: നിങ്ങൾ പറയിൻ എന്തുകൊണ്ട്‌ അറിവുള്ളവരെ മുസ്‌ലിയാർ എന്ന് വിളിക്കുന്നില്ല.

വ: നമ്മളൊക്കെ ചെറുപ്പം മുതലേ അറിയുന്നത്‌കൊണ്ടോ? നാട്ടുകാരനായത്‌കൊണ്ടോ?

ഇ: നാട്ടിൽത്തന്നെ നാം പലരേയും മുസ്‌ലിയാർ എന്ന് വിളിക്കുന്നുണ്ടല്ലോ, ചെറുപ്പം മുതലേ അറിയുന്നവർ, അയൽവാസികൾ, അപ്പോഴോ?

വ: നിങ്ങൾ പറയിൻ എന്ത്‌ കൊണ്ടാണ് ചിലരെമാത്രം മുസ്‌ലിയാർ എന്ന് വിളിക്കാൻ കാരണം?

ഇ: മുസ്‌ലിയാർ, സാധാരണക്കാർ എന്നിങ്ങനെ രണ്ട് ഇനമായി മുസ്‌ലിംകളെ വകതിരിച്ച നിങ്ങൾ തന്നെയാണ് ഇതിന് ഉത്തരം തരേണ്ടത്‌.

വ: അത്രക്കൊക്കെ ആലോചിച്ചാണോ മുസ്‌ലിയാർ എന്ന സംബോധന നാം നടത്തുന്നത്‌ അത്രയൊന്നും ഈ വിഷയം ചിന്തിച്ചിട്ടില്ല. നാട്ടുനടപ്പനുസരിച്ച്‌ മുസ്‌ലിയാരെന്നും . അല്ലാത്തവരെന്നും തരംതിരിച്ചു എന്നേയുള്ളൂ.

ഇ: ഒരാളെക്കണ്ടാൽ അദ്ദേഹം ഒരു മുസ്‌ലിയാരാണെന്ന് ചിലപ്പോൾ നമുക്ക്‌ തോന്നാറുണ്ടല്ലോ? എന്താണതിന്‌ കാരണം?

വ: വേഷംകണ്ടാൽ ഏകദേശം ഊഹിക്കാം. താടിയോ, തലയിൽക്കെട്ടോ ഉണ്ടായാൽ സാധാരണഗതിയിൽ ആ ആളെ ഒരു മുസ്‌ലിയാരായി സ്വീകരിക്കും.

ഇ: അതാണ്‌ എൻെറ ലക്ഷണം അഥവാ നിർവ്വചനം നീളാൻ കാരണം. അറിവ്‌ ഹൃദയത്തിലാണ്‌. ജനങ്ങൾക്ക്‌ കാണാൻ കഴിയില്ല, അറിവിൻെറ പ്രതീകമായി ഒരു തലയിൽക്കെട്ട് ഉണ്ടായാൽ മുസ്‌ലിയാരായി. കൺകണ്ട അറിവാണ് അനുഗുണമായ വേഷം. ഇവിടെ തലയിൽക്കെട്ട്‌, താടി.

വ: അത്‌ ശരിയാണ്‌, ഇത്‌ രണ്ടും അല്ലെങ്കിൽ ഏതെങ്കിലും ഒന്നുണ്ടായാലും മതി - അതിൻെറ ഉടമ മുസ്‌ലിയാരായി. കാരണം എല്ലാ മുസ്റ്റിയാക്കൾക്കും ഇത്‌ രണ്ടുമോ രണ്ടിലൊന്നോ ഉണ്ടാവാതിരിക്കില്ല.

ഇ: അതിൻെറ നിർവചനം നീട്ടിയതെന്തിനെന്ന്‌ നിങ്ങൾ ആദ്യം ചോദ്യം ചെയ്തു. ഇപ്പോൾ അതിലെ “വേഷം” ആവശൃമാണെന്ന്‌ നിങ്ങൾ അനുകൂലിച്ചു. ശരി ഞാൻ ചോദിക്കട്ടെ, ഞാനും നിങ്ങളും മൂന്ന്‌ വാര തുണികൊണ്ട്‌ ലക്ഷണമൊത്ത തലയിൽക്കെട്ടുമായി സമൂഹത്തിലിറങ്ങിയാൽ നമ്മെ മുസ്‌ലി യാർ എന്ന് വിളിക്കുമോ?

വ: വിളിക്കില്ല. നിങ്ങൾ മുസ്‌ലിയാരല്ലെന്ന്‌ അവർക്കറിയാം.

ഇ: അങ്ങനെ അറിഞ്ഞാൽ പററുമോ. നമുക്ക്‌ പ്രായത്തിന്നനുസരിച്ച മതബോധമുണ്ട്‌ - എന്ന്‌ വെച്ചാൽ അറിവുണ്ട്‌. അറിവിന്റെ പ്രതീകമായ തലയിൽ കെട്ടും ഉണ്ട്‌. പിന്നെ എന്ത്‌കൊണ്ട്‌ മുസ്‌ലിയാർ എന്ന അഭിധാനത്തിനർഹരല്ല.

വ: അവിടെയാണ്‌ എൻെറ തോൽവി മുസ്‌ലിയാരുടെ ലക്ഷണം പൂർണ്ണമായും എനിക്കറിയില്ലെന്ന്‌ സമ്മതിക്കേണ്ടിവന്നിരിക്കുന്നു,

ഇ: നമ്മുടെ മദ്രസകളിൽ താടിയില്ലാത്ത മുഅല്ലിംകളുണ്ട്‌. തലയിൽക്കെട്ട് ഇല്ലാത്തവരുണ്ട്‌. വല്ലപ്പോഴൊക്കെ കെട്ടിയെന്ന്‌ വരും അത്രേയുള്ളൂ. ഈ പ്രത്യക്ഷ പ്രതീകങ്ങൾ ഒന്നുമില്ലാത്തവരെ നാം മുസ്‌ലിയാർ എന്നു തന്നെയാണ്‌ വിളിക്കുന്നത്‌. എന്നാൽ അവരിൽ പലരും നമുക്കുള്ളത്ര ഇസ്‌ലാമിക അറിവ്‌ ഉള്ളവരല്പ. അത്‌ പ്രായംകൊണ്ടാവാം, പഠിപ്പില്പായ്‌മ കൊണ്ടും ആവാം എന്നാലും അവർ മൂസ്‌ലിയാർ തന്നെ, അപ്പോൾ ഒരു ലക്ഷണവും കൂടി നാം ഇപ്പോൾ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.

വ: അള്ളാ, ഞാൻ കുടുങ്ങിപ്പോയോ?

ഇ: നിങ്ങളുടെ നോട്ടീസിൻെറ സംശയം തീർത്തുതരാം. നിങ്ങൾ കുടുങ്ങിയിട്ടില്ല. എന്നെ കുടുക്കാതെ വിട്ടാൽ മതിയെന്നാണ്‌ എൻെറ അഭ്യർത്ഥന. ശരി ആ ഒരു ലക്ഷണവും കൂടി ഒളിഞ്ഞു കിടക്കുന്നത്‌ തെളിഞ്ഞുവരട്ടെ.

വ: ദീൻ പഠിക്കുന്ന ആളാവണം. മദ്രസാ മുഅല്ലിം ദർസിലെ മുദർരീസ്‌- അങ്ങനെ ദീനീവിജ്ഞാനവുമായി അഖണ്ഡബന്ധമുണ്ടാവണം അതല്ലെ നിങ്ങളു ദ്ദേശിക്കുന്ന ലക്ഷണം?

ഇ: ഏകദേശം അത്‌ തന്നെ. ദീനീ വിജ്ഞാനവുമായി അഖണ്ഡ ബന്ധമുണ്ടായിരിക്കണം. അത്‌ തൊഴിലാവണം. അത്‌ വരുമാനമാർഗ്ഗമായി സ്വീകരി ക്കണം. മുഅല്ലിം മുദർരീസ്‌, പള്ളിയിലെ ഇമാം, വഅളൻ (മതപ്രാസംഗികൻ) ഇവരൊക്കെ മുസ്‌ലിയാരായി, ദീനീയായ അറിവ്‌ ഉപയോഗപ്പെടുത്തി ദുൻ യാവി യായ കാര്യങ്ങൾ നിറവേററുന്നവർ- ഒന്നുകൂടി പച്ചയായി പറഞ്ഞാൽ അവരുടെ വരുമാനത്തിനുള്ള തൊഴിലാണ്‌ ദീൻ. അവരുടെ തൊഴിലുപകര ണമാണ്‌ ദീൻ. ഇപ്പോൾ ആരാണ്‌ മുസ്‌ലിയാർ? പറയൂ സ്നേഹിതാ.

വ: മനസ്സിലായി. നിങ്ങളുടെ പോക്ക് വേഷം മുസ്സിയാർക്ക് പററിയത്‌. തൊഴിൽ ദീനു കാര്യങ്ങൾ എന്നുപറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമല്ലൊ.

ഇ: നൂറ്‌ ശതമാനം സമ്മതിച്ചു. എൻെറ നിർവചനത്തിൽ നിങ്ങൾ എതിർത്ത ലക്ഷണമാണിത്‌. ഇപ്പോൾ അതും അനുപേക്ഷണീയമാണെന്ന് ബോദ്ധ്യമാ യല്ലോ.

വ: ഞാൻ സമ്മതിച്ചു ദീൻ ഉപയോഗിച്ചു ദുനിയാവ്‌ കഴിയുന്നവരാണ്‌ മുസ്‌ലിയാക്കൾ എന്ന്‌ സ്ഥാപിക്കലാണല്ലൊ ലക്ഷ്യം അത്‌ നിറവേറി നിങ്ങൾ വിജയിച്ചു.

ഇ: പക്ഷെ ഒരു സംഗതി നാം വേണ്ടത്ര ഗൗനിച്ചിട്ടില്ല.

വ: എന്താണത്‌?

ഇ: അറിവ്‌, വിജ്ഞാനം, ഇൽമ്‌ അതെത്ര കുറച്ചായാലും തീരെ ഇല്ലെങ്കിലും, ഒരു സാധാരണക്കാരൻെറ ഏററവും ചുരുങ്ങിയ അറിവ്‌ മാത്രമുള്ള എന്നി രുന്നാലും വേഷവും തൊഴിലും ഒത്താൽ മുസ്‌ലിയാരായി. മനസ്സിലായോ സഹോദരാ മുസ്‌ലിയാരാവാ൯ ഇൽമ്‌ വേണ്ടെന്ന്‌.

വ: അത്‌ കുറേ കടന്ന്‌ പോയി. നിങ്ങൾ വേഷം കെട്ടി മദ്രസയിൽ കടന്നു കൂടുക, ആരെങ്കിലും നിങ്ങളെ മുസ്‌ലിയാരെന്ന്‌ വിളിക്കുമോ?

ഇ: വിളിക്കില്ല, കാരണം മററുവിധത്തിൽ വിളിച്ചു ശീലിച്ചു പോയി. തന്മൂലം നമ്മൾ രണ്ടാളും നാടൻ കാക്കാന്മാർ അത്യാവശ്യം ദീനീ വിജ്ഞാനമു ണ്ടായിട്ടും. ഇനി ഒരു തന്ത്രം പറയട്ടെ നിങ്ങൾ തലയിൽ കെട്ടുമായി നാടുവിടുക. നിങ്ങളെ അറിയുന്നവർ ആരുമില്ലാത്ത ഒരന്യ നാട്ടിൽ ചെന്ന്‌ പള്ളിയിൽ കൂടുക. താടിയില്ലെങ്കിലും സാരമില്ല. തലയിൽക്കെട്ട്‌ നിങ്ങളെ മുസ്‌ലിയാരാക്കും. അങ്ങനെ നിങ്ങൾ മുസ്‌ലിയാരാകും. അത്യാവശ്യം സാമാന്യജ്ഞാനം നിങ്ങൾക്കുണ്ടെങ്കിൽ മുഅല്ലി മാവാം, പള്ളിയിൽ മുക്രിയാവാം, ഇമാമാവാം വേണമെങ്കിൽ ഖത്വീബും കൂടിയാവാം. ഖുതുബ നിർവഹിക്കാൻ കഴിയണം അത്രേയുള്ളു.

വ: നിങ്ങൾ പറയുന്നത്‌ വളരെ ശരിയാണ്‌.

ഇ: നമ്മുടെ നാട്ടിൽ വന്നുകൂടുന്ന വിദേശി മുസ്‌ലിയാക്കളെകുറിച്ച്‌ നിങ്ങളെന്ത്‌ പറയുന്നു? പ്രത്യേകിച്ചു ചെറുപ്പക്കാർ എന്തെങ്കിലും പഠിച്ചു വിജ്ഞാനം സമ്പാദിക്കാനുള്ള പ്രായം ആയിട്ടില്ല. മദ്രസയിൽ അല്ലെങ്കിൽ പള്ളിദർസിൽ കുറച്ചെൊക്കെ എന്തെങ്കിലും പഠിച്ചുകാണും. പിന്നെ ജീവിത പ്രശ്നവുമായി നേരിടുന്നു. തൊഴിൽ പ്രശ്‍നം -മുസ്‌ലിയാർ വേഷത്തിൽ നാടുവിടുന്നു. വല്ല മദ്രസയിലും മുഅല്ലിമായി കയറിപ്പററുന്നു. ഇതാണ്‌ നടക്കുന്നത്. ശരിക്ക്‌ വർഷങ്ങളോളം ഓതിപഠിച്ച്‌ പണ്ഡിതരായിത്തീർന്ന എത്രയോ ആലിമീങ്ങളുണ്ട്‌. അനിഷേദ്ധ്യമായ ആഴമുള്ള പാണ്ഡിത്യത്തിൻെറ ഉടമകളായ അത്തരം മഹാന്മാരെ തരംതിരിച്ചു വേറെ കാണണം, നാം ഈ പറഞ്ഞതിലൊന്നും അവർപെടുകയില്ല.

വ: അത്തരം പണ്‌ഡിതന്മാരെ ബഹുമാനപൂർവ്വം മാററി നിർത്തിയതിൽ സന്തോഷം.

ഇ: നിങ്ങൾ എന്നെ തെററിധരിച്ചിട്ടുണ്ട്‌. ശരിയായ പാണ്‌ഡിത്യം എപ്പോഴും ബഹുമാനമർഹിക്കുന്നു. സത്യദീൻ നിലനിൽക്കണമെന്ന ആത്മാർത്ഥതയോ ടുകൂടി സമൂഹത്തിൽ സേവനം ചെ യ്യുന്നവരാ അവർ, പക്ഷെ ചുരുക്കംപേർ മാത്രം ബഹുഭൂരിപക്ഷവും ലക്ഷ്യം തെററിയാണ്‌ വിജ്‌ഞാനം ഉപയോഗപ്പെ ടുത്തുന്നത്‌,തൗഹീദിൻെറ സ്ഥാപനമല്ല ഉന്നം മറെറന്തൊക്കെയാണ്. ശരി അതിവിടെ വിട്ടേക്കാം. അത്‌ പറയാൻ തുടങ്ങിയാൽ എനിക്ക് നിങ്ങളോടു ചോദിക്കാനുള്ളത്‌ മറന്നുപോകും.

വ: എന്താ ചോദിക്കാനുള്ളത?

ഇ: നിങ്ങൾക്ക് ചോദിക്കാനുള്ളത്‌ കഴിഞ്ഞോ? അതിൻെറ ബാക്കിതന്നെ.

വ: എനിക്ക്‌ ചോദിക്കാനുള്ളത്‌ കഴിഞ്ഞു.

ഇ; ചോദ്യത്തിനുത്തരം കിട്ടിയോ? കിട്ടിയ ഉത്തരംകൊണ്ടു തൃപ്തിയായോ

വ: തൃപ്തിയായ ഉത്തരം കിട്ടിയെന്ന് സമ്മതിക്കുന്നു.

ഇ: ഇനി എൻെറ ഊഴം ഞാൻ ചോദിക്കട്ടെ. നിങ്ങൾ എന്നോടു ചോദിച്ചചോദ്യം ഞാനെൻെറ തൊഴിലും നോക്കിയിരുന്നാൽ മതി, നോട്ടീസടിച്ചിറ ക്കാൻ വേറെ ആളുണ്ട്‌ അവ൪ നോക്കികൊള്ളും എന്ന് കരുതിയിരുന്നാൽ പോരെ എന്നാണ്‌. ഞാൻ നിങ്ങളോട് ചോദിക്കുന്നു. നിങ്ങൾക്ക് നിങ്ങളുടെ ജോലി നോക്കിനടന്നാൽ പോരേ? ഞാൻ നോട്ടീസടിക്കുന്നതും എനിക്ക്‌ താൽപര്യമുള്ള കാര്യങ്ങൾ ചെയ്യുന്നതും നിങ്ങളെന്തിന്‌ നോക്കിനടക്കുന്നു,

വ: ചോദ്യം ശരിയാണ്‌.

ഇ: അങ്ങനെപ്പറഞ്ഞാൽപ്പോരാ. കാരണം പറയണം. എൻെറ നോട്ടീസിറക്കൽ നിങ്ങൾക്കിഷ്ടമായിട്ടില്ല എന്ന കാര്യം തീർച്ച. അതിഷ്ടപ്പെടാതിരിക്കാൻ കാരണം എൻെറ അഭിപ്രായത്തിൽ നിങ്ങൾ സന്തോഷിക്കേണ്ടിയിരുന്നു.

വ: നമ്മൾ സ്നേഹിതന്മാരല്ലേ? നിങ്ങളെന്തിന്‌ ഒരു ഊരാക്കുടുക്കിൽപ്പെടുന്നു? അതെനിക്കിഷ്ടമായില്ല.

ഇ: സ്നേഹം സൽക്കർമ്മത്തിന്‌ വിലങ്ങുനിൽക്കുകയില്ല. വാദകോലാഹലം, തർക്കം, അതൊന്നും ഇസ്‌ലാമിക കാര്യത്തിൽ പ്രശ്നമല്ല സത്യം തുറന്നു പറ യുക, ഫലമെന്തായാലും, അവനവൻെറ സുഖസന്തോഷ സമാധാന സൽപ്പേരുകൾ എന്നെ സംബന്ധിച്ചേടത്തോളം പ്രശ്‌നമല്ല. കാരണം അതൊന്നും നിൻെറ ലക്ഷ്യമല്ല. എൻെറ ലക്ഷ്യം എൻെറ ചുമതല നിറവേററി എന്ന ആത്മസംതൃപ്തി.

വ: എനിക്ക്‌ സന്തോഷം (ഇതു കേട്ടതിൽ)

ഇ: സന്തോഷക്കേടുണ്ടാകട്ടെ, നിങ്ങളെതിർക്കാനുള്ള കാരണം പറയാം നിങ്ങൾക്ക് കഴിയാത്ത ഒരു കാര്യം എനിക്ക് കഴിഞ്ഞതിൽ നിങ്ങൾക്ക്‌ എന്നോടു തോന്നിയ അസൂയ. എന്ത്‌ പറയുന്നു?

വ; അള്ളാ ഒരിക്കലുമല്ല. അങ്ങനെയെങ്കിൽ എത്ര ആളുകളോട്‌ എന്തെല്ലാം കാര്യത്തിന് വേണ്ടി ഞാൻ അസൂയപ്പെടണം ഒരിക്കലും അത് ശരിയല്ല

ഇ: എന്നാൽ മറെറാരു കാരണം ചൂണ്ടിക്കാണിക്കാം, പാർട്ടി സ്പിരിററ്‌ - നിങ്ങളുടെ പാർട്ടിയിലെ മുസ്‌ലിയാർ പറഞ്ഞ കാര്യങ്ങളെ ഖണ്ഡിച്ചത്‌ നിങ്ങൾക്ക് ഇഷ്ടമായില്ല. ശരിയും തെററുമല്ല പ്രശ്‌നം. എൻെറ നോട്ടീസിൽ ഏതെങ്കിലും ഒരു തെററുണ്ടെന്ന് നിങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നെങ്കിൽ എനിക്ക് കൂടുതൽ സന്തോഷമാകുമായിരുന്നു: അങ്ങിനെയൊന്നും നിങ്ങൾ കണ്ടെത്തിയില്ല. നിങ്ങൾക്ക്‌ ആ വഴിയിൽ ആക്ഷേപവുമില്ല. പിന്നെ മുസ്‌ലി യാ ർക്ക് വായടപ്പൻ മറുപടി കൊടുത്തു. മുസ്ഡിയാരുടെ ക്ഷീണങ്ങൾ ഞാൻ പുറത്ത് കൊണ്ടുവന്നു. പാർട്ടിക്ക് പരുക്കേററു. അതാണ്‌ നിങ്ങളുടെ കേസ്‌.

നല്ലത് നടത്താൻ നാട്ട്കാരെ പേടി

[തിരുത്തുക]

അനുഭവം - 2

തലനോമ്പ് - ഞാൻ നടത്തം നേരത്തേ കഴിച്ചുകൂട്ടി, പള്ളിയിൽ കടന്നുകൂടി. ധാരാളം ആളുകൾ കൂടിയിട്ടുണ്ട്‌ പള്ളിയിൽ. ഒന്നിച്ചിരുന്നു നോമ്പ്‌ തുറക്കുന്നത് എല്ലാവർക്കും ഹരം പകരുന്ന സംഗതിയാണ്‌ . ഈ പള്ളിയിൽ പല സന്ധ്യകളിലും ഞാൻ ഹാജരായിട്ടുണ്ട്. എന്നാൽ ഇത്ര ആളുകൾ കൂടാറില്ല. ആദ്യം കുറച്ചു ദിവസം ഇങ്ങനെയുണ്ടാകും. ഇവിടെയെന്നല്ല എല്ലാ പള്ളികളിലും ഇതായിരിക്കും ഗതി.

പള്ളിയിൽ പല ഭാഗങ്ങളിലായി നാലും അഞ്ചും പേർ കൂട്ടം കൂടിയിരിക്കുന്നു. ചിലർ ഒററപ്പെട്ടു ഏകാഗ്രതയിൽ കഴിയുന്നു. രണ്ടുമൂന്നു വയോവൃദ്ധന്മാർ തസ്‌ബീഹുമായി അകത്ത് പള്ളിയിൽ ദിക്‌റും ചൊല്ലിയിരിപ്പുണ്ട്. ഞാൻ പതിവ്‌ പോലെ ഒരു മൂലയിൽ ഒതുങ്ങി ചെവിയോർത്തിരിക്കുകയാണ്‌. അതാ എനിക്കുള്ള വിഭവം ഒരുങ്ങുന്നു. ഞാൻ ജാഗ്രതയോടെ തയ്യാറായി.

ഒരു നരച്ച തലയുള്ള വൃദ്ധൻ നാലഞ്ചുപേരെ വിളിച്ചരികത്തിരുത്തി ഇങ്ങനെ തുടങ്ങി.

"ഞാൻ ഒരു കാര്യം ആലോചിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ടു അക്കാര്യത്തിൽ ഒരു തീരുമാനമെടുക്കണം".

വിഷയം അറിയാൻ എല്ലാവരും ഉൽക്കണ്ഠാപൂർവ്വം ഉത്സുകരായി, “എന്താ വിഷയം തുടങ്ങാം?" എന്നൊരാൾ,

വൃദ്ധൻ; നാട്ടുവർത്തമാനമല്ല, മതപരമായി പ്രാധാന്യമുള്ള വിഷയമാണ്‌ ഞാൻ അവതരിപ്പിക്കുന്നതെന്ന് നിങ്ങൾ ഊഹിച്ചുകാണും.

കൂട്ടത്തിലുള്ള മെലിഞ്ഞ മനുഷ്യൻ നിങ്ങൾ ഞങ്ങളെപ്പോലെ അതുംഇതും പറയുന്ന ആളല്ല എന്ന് ഞങ്ങൾക്കറിയാം. എന്തെങ്കിലും പുതിയ പ്രശ്നത്തിൽ ചെന്നു ചാടിയിട്ടു ണ്ടാവും അതാണല്ലൊ പതിവ്.

ഒരു തടിയൻ യുവാവ്. മൂപ്പര്‌ അവതരിപ്പിക്കുന്ന പുതുമകളെല്ലാം ഞങ്ങൾക്ക്‌ രസമാണ്‌. കാരണം അതിൽ ഗൗരവപ്പെട്ട കാരൃങ്ങൾ അടങ്ങിയിട്ടുണ്ടാവും. നമുക്കെല്ലാവർക്കും ഞെട്ടൽ അനുഭവപ്പെടുന്ന എന്തെങ്കിലുമായിരിക്കും ഇപ്പോൾ പുറത്ത് ചാടുക.

വൃ: ഞെട്ടലൊന്നും ഉണ്ടാവേണ്ട. വെറും സാധാരണക്കാര്യം പക്ഷെ ആരും അത്ര ചിന്തിച്ചുകാണുകയില്ല നിശ്ചയമായും എല്ലാവരുടേയും ശ്രദ്ധയിൽപ്പെടുന്നതും ബുദ്ധി ചെലുത്താത്തത്‌കൊണ്ടു അവഗണിക്കപ്പെടുന്നതുമായ ഒരു സംഗതിയാണ്‌ പറയാൻ പോകുന്നത്‌.

തടിയൻ: ഞങ്ങളുടെ ക്ഷമ പരിശോധിക്കല്ലേ. വേഗം പൂച്ച പുറത്തുവരട്ടെ.

വൃ: അങ്ങനെ വേഗം പൂച്ചയെ അഴിച്ചുവിടുകയില്ല. നിങ്ങൾ തല്ലിക്കൊല്ലും. ജീവികളോട് ദയകാണിക്കണമെന്ന തത്വം ആദ്യം നാം ഉൾക്കൊള്ളണം അതിന് തയ്യാറാവണം.

ത: അതെ, തയ്യാർ

വൃ: ചില പൊതു തത്വങ്ങൾ നാം ആദ്യം പഠിച്ചു ഉറപ്പിച്ചു തയ്യാറെടുത്ത ശേഷമേ, നമുക്ക്‌ പൂച്ചയെ കൈകാര്യം ചെയ്യാൻ പറ്റൂ. അല്ലെങ്കിൽ പൂച്ചയെ തല്ലി യോടിച്ചുകളയും. അത്‌ എനിക്ക്‌ ഭയമാണ്‌.

ത: നിങ്ങളുടെ പരിപാടിപോലെ തുടങ്ങുന്നതിന്‌ സമ്മതിച്ചു.

വ്യ: ആദ്യമായി ഒരു ചോദ്യം. ഇസ്‌ലാമത നിബന്ധനകളനുസരിച്ച്‌ പല അനുഷ്ഠാനങ്ങളും നാം നിർവ്വഹിക്കുന്നു. അവ നാം ചെയ്യുന്നതെങ്ങനെ ആയിരിക്കണം.

ത: എങ്ങനെയാണ്‌ ചെയ്യേണ്ടതെന്ന മതനിബന്ധനകൾ പഠിച്ചു അതുപോലെ ചെയ്യണം.

മെലിഞ്ഞ മനുഷ്യൻ: അത്‌ പഠിക്കാൻ കഴിയാത്ത ആളോ?

ത: മറ്റുള്ളവർ ചെയ്യുന്നത്‌ നോക്കിക്കണ്ടുപഠിച്ചു അപ്രകാരം ചെയ്യണം. അയാൾ പഠിച്ച ആളായിരിക്കണം എന്ന് മാത്രം.

വ്യ: നമ്മുടെ ഇസ്‌ലാം ഇന്നത്തെരീതിയിൽ അവതരിപ്പിച്ചിട്ടു പതിന്നാലു നൂററാണ്ടുകഴിഞ്ഞു. പണ്ടു പഠിച്ചപല കാര്യങ്ങളും കാലക്രമേണ കോലക്കേടായിട്ടുണ്ട്. പണ്ടില്ലാത്ത പലതും ഇടവേളയിൽ മുളച്ചുണ്ടായി “തറവാടി"യെപ്പോലെ വിലസുന്നുണ്ട്‌. അതായത്‌ ഇന്ന് ഒരാളുടെ ചെയ്തികണ്ടുപഠിക്കുന്നത്‌ സൂക്ഷിച്ചുവേണം. റസൂലിൻെറ കാലത്തുണ്ടാ യിരുന്ന അതേ രൂപത്തിലാണ്‌ ഇന്ന് എല്ലാ അനുഷ്ഠാനങ്ങളും എന്ന് പറഞ്ഞുകൂടാ.

ത: അതൊരു പ്രശ്‌നമാണ്‌, ബിദ്‌അത്തും മുബ് തദ്‌ഈങ്ങളും എന്നൊക്കെ ഇപ്പോൾ കുറേ അധികം കേൾക്കുന്നുണ്ട്‌.

മെ. മ: ബിദ്‌അത്തും അല്ലാത്തതും തിരിച്ചറിയാത്ത ഇക്കാലത്ത് എന്ത് വേണം?

വ്യ: എല്ലാത്തിൻെറയും ആദിമരൂപം എങ്ങനെയായിരുന്നുവെന്ന് ഫുഖഹാക്കൾ എന്ന പണ്ഡിതന്മാർ എഴുതിവെച്ചിട്ടുണ്ട്‌. ആ രേഖകൾ മാത്രമാണ്‌ നമുക്ക്‌ ഇന്ന് ആശ്രയം. ആ ഗ്രന്ഥങ്ങളിൽ നിന്ന് നാം എല്ലാം പഠിക്കണം. അതല്ലേ വേണ്ടത്?

ത: അതിന്‌ സംശയമില്ല. പഴമക്കാർ ചെയ്തതും ഗ്രന്ഥത്തിൽ വർണ്ണിച്ചിട്ടുള്ളതും ഒന്ന്; ഇന്ന് ചെയ്തുവരുന്നത്‌ മറെറാന്ന്. അങ്ങനെ പലതും ഉണ്ട്‌. കൂടാതെ റസൂലും സഹാബത്തും ചെയ്തിട്ടില്ലാത്ത അനേകം ബിദ്‌ അത്തുകളം നിലവിലുണ്ട്‌. ആകയാൽ അനുഷ്‌ടേയങ്ങൾ ഏതെല്ലാമെന്നും ഗ്രന്ഥങ്ങൾ നോക്കി പഠിച്ചു ചെയ്യണം.

വ്യ: വളരെ ശരിയാണ്‌ ഈ പറഞ്ഞത്‌. മററുള്ളവർ ചെയ്യുന്നു എന്നത്‌ കൊണ്ടു ഒരു കാര്യം ശരിയാവണമെന്നില്ല. അക്കാരണത്താൽത്തന്നെ മററുള്ളവരെപ്പോലെ നാമും ചെയ്യാൻ ബാദ്ധ്യസ്ഥരാണ്‌ എന്ന് പറയുന്നതും ശരിയല്ല. എന്ത്‌ പറയുന്നു?

ത: അത്‌ വളരെ വ്യക്തമാണ്‌. സംശയമില്ല . ഞങ്ങൾ ശരിവെക്കുന്നു.

മെ. മ: മററുള്ളവർ ചെയ്യുന്നത് കണ്ട്‌ പഠിക്കരുതെന്ന് പറയുന്നതെന്തുകൊണ്ടാണ്? ഒരു കാര്യം തെററാണെങ്കിൽ എല്ലാവരും അത്‌ ചെയ്യുമോ? കുറെ അധികം ആളുകൾ ആചരിക്കുന്ന ഐകരൂപ്യമുള്ള കാര്യങ്ങൾ തെററാണെന്ന് പറയാമോ?

വ്യ: എന്താ പറയുന്നതിൽ വിരോധം? തലമുറതലമുറയായി എന്തെല്ലാം തെററുകൾ നാം ചെയ്തുവരുന്നുണ്ട്‌? ബിദ് അത്ത്‌ എന്നതിൻെറ വളർച്ച എങ്ങിനെയാണ്‌? ഒരാൾ ഒന്നുചെയ്യും. അത്‌ കണ്ടു മററുള്ളവരും ചെയ്യും. ശരിയോ തെറേറാ എന്ന് പരിശോധിക്കയില്ല. അങ്ങനെ വളരെ അധികം ആളുകൾ ഒരേ ക്രമത്തിൽ തെററുകൾ ചെയ്യുന്നു. തലമുറതലമുറയായി ഇത്‌ തുടരുന്നു. നാമും അത്‌ കണ്ടു അതേപോലെ ചെയ്യാൻ തുടങ്ങിയാൽ ബിദ്‌അത്ത്‌ നിലനിൽക്കും നാശം ഭവിക്കയില്ല. ഓരോന്നും നാം പരിശോധിച്ചു ശരിയും തെറ്റും മനസ്സിലാക്കി അവ വർജ്ജിക്കേണ്ടതാണ്, എന്നാൽ ഈ വസ്തു അപ്രത്യക്ഷമാകും. ഈ തത്വം എല്ലാവരും അംഗീകരിച്ചോ?

മെ. മ: ആ തത്വം ഒന്നുകൂടിപറയൂ.

വൃ: മററുള്ളവർ ചെയ്യുന്നത്‌ നമുക്ക്‌ പ്രമാണമല്ല അനുകരണം ശരിയല്ല ഓരോ കാര്യവും എങ്ങനെ ചെയ്യണമെന്ന് ആധാരിക സ്ഥാനത്ത്‌ നിന്ന് മനസ്സിലാക്കി അതുപോലെ ചെയ്യണം.

മെ. മ: സമ്മതിച്ചു, എൻെറ പടച്ചോനെ എവിടേക്കാണാവോ നമ്മെ ആട്ടിക്കൊണ്ടുപോകുന്നത്‌.

ത: നിങ്ങൾ തന്നെയല്ലേ നേരത്തേ സർട്ടിഫിക്കേറ്റ് കൊടുത്തത് ഗൗരവമുള്ള വിഷയങ്ങളേ പറയൂ എന്ന്? പിന്നെന്തിന്‌ ഭയപ്പെടുന്നു.

വൃ: ശരി, ഇനി പൂച്ചയെ പുറത്തെടുക്കാം, ഇന്ന് തലനോമ്പാണ്‌. നോമ്പ് തുറക്കാൻ സമയം കാത്തിരിക്കുകയാണ് നാമെല്ലാ വരും. എപ്പോഴാണ്‌ നോമ്പ് തുറക്കുക?

മെ. മ: അതെല്ലാവർക്കും അറിയാമല്ലോ? അതൊരു പ്രശ്നമാണൊ.

വൃ: അത്‌ പറയാം. ചോദ്യത്തിന് ഉത്തരം ആദ്യം കിട്ടണം.

ത: സന്ധ്യക്ക്‌ അസ്തമനശേഷം.

മെ. മ: മഗ്‌രിബ്‌ ബാങ്ക് കേൾക്കുമ്പോൾ.

വൃ: ഇത്‌ രണ്ടും ശരി, രണ്ടും ഒന്ന് തന്നെ. സൂര്യാസ്തമനം കഴിഞ്ഞാൽ പകൽ തീർന്നു. രാത്രി ആരംഭിച്ചു. മഗ്‌രിബ് ബാങ്കുമായി രണ്ടും ഒന്നിച്ചു സംഭവിക്കുന്നു. അല്ലെ? അല്ലെങ്കിൽ നാമങ്ങനെ കരുതുന്നു അല്ലേ?

മെ. മ: എന്താ അങ്ങനെ കരുതുന്നു എന്ന് പറയുന്നത്‌ അങ്ങനെയല്ലേ യഥാർത്ഥത്തിൽ സംഭവിക്കുന്നത്‌?

വ്യ: അല്ലായെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമോ?

മെ. മ: എല്ലാ പള്ളികളിലും ഒരേസമയത്താണ് ബാങ്ക് കൊടുക്കുന്നത്‌. അത്‌ അസ്തമയസമയത്താണ് ശരിയുമാണ്‌.

വൃ: ഞാൻ പറയുന്നു. അസ്തമനസമയത്തല്ല ബാങ്ക് കൊടുക്കുന്നതെന്ന്.

മെ. മ: എന്നാൽ എങ്ങനെയാണ്‌? എല്ലാ പള്ളികളിലും ബാങ്ക് കൊടുക്കുന്നത്‌ ഒരേസമയത്താകുന്നത്‌?

വ്യ; അവർ ബാങ്ക് കൊടുക്കുന്നത്‌ അസ്‌തമനം കണ്ടിട്ടാണോ?

മെ മ: അല്ല, അതിൻെറ ആവശ്യമില്ല. കാരണം ഓരോ ദിവസവും അസ്മമനസമയം കലണ്ടറിൽ കാണിച്ചിട്ടുണ്ട് മഗ്‌രിബ്‌സമയം അസ്തമനസമയം അതിലുള്ളതനുസരിച്ച്‌ എല്ലാ പള്ളികളിലും ബാങ്ക് കൊടുക്കുന്നു.

വ്യ: ഇപ്പോൾ ഒരു കാര്യം നിങ്ങൾ വ്യക്തമാക്കി. കലണ്ടറിൽ കാണിച്ചതനുസരിച്ച്‌ നാം കാര്യം നടത്തുന്നു. അതായത്‌ കലണ്ടർ സമയം ശരിയാണെന്നു നാം വിശ്വസി ക്കുന്നു. അസ്തമനം കാണേണ്ട ആവശ്യമില്ല. എല്പാ പള്ളികളിലും ഒരേ കലണ്ടർതന്നെ ഉപയോഗിക്കയാണെങ്കിൽ ഒട്ടും അന്തരം ഉണ്ടാകുന്നതല്ല.

ത: കലണ്ടറിൽ പല സമയമുണ്ടല്ലൊ, എല്ലാ കലണ്ടറിലും ഉദയാസ്തമയ സമയങ്ങൾ ഒരുപോലെയല്ല. അപ്പോൾ ഈ പറഞ്ഞതെങ്ങനെ ശരിയാകും?

വ്യ: ഇപ്പോൾ പൂച്ചമാന്താൻ തുടങ്ങും. ശ്രദ്ധിച്ചോ, എൻെറ പ്രശ്‍നം അവിടെയാണ്‌, (മെലിഞ്ഞ മനുഷ്യനോട്‌) പല കലണ്ടറിലും സമയം പല വിധത്തിലാണ്‌ എന്ന് പറഞ്ഞത്‌ നിങ്ങളുടെ അനുഭവത്തിൽപ്പെട്ടിട്ടുണ്ടോ?

മെ. മ: ഞാനത്‌ അത്ര ശ്രദ്ധിച്ചിട്ടില്ല. ഞങ്ങളൊക്കെ ഒരു പ്പോക്കിൻെറ ആളുകളല്ലെ; പഠിപ്പും, എഴുത്തും, കണക്കും ഞങ്ങൾക്കില്ല.

വ്യ: ഇരിക്കട്ടെ, പല കലണ്ടറും പല വിധത്തിലാണ്‌ സമയം കൊടുക്കുന്നത്‌ എന്ന്‌ നിങ്ങൾ സമ്മതിക്കുമോ?

മെ മ: അതാണ്‌ യഥാർത്ഥമെങ്കിൽ നിങ്ങൾ അങ്ങനെ പറകയാണെങ്കിൽ ഞാൻ സമ്മതിക്കാൻ തയ്യാർ.

വ്യ: (തടിയനെ ചൂണ്ടി) ഇപ്പോൾ പറഞ്ഞത്‌ ശരിയാണ്‌. നിങ്ങളെല്ലാവരും അത്‌ സമ്മതിക്കുമല്ലൊ. ആർക്കെങ്കിലും ....

ഒരാൾ: ആർക്കും സംശയമില്ല. സമ്മതിച്ചു.

വ്യ: അടുത്ത ചോദ്യം. കലണ്ടറിൽ ഈ മാററങ്ങൾക്കുള്ള കാരണമെന്താണ്‌? ആർക്കെങ്കിലും പറയാൻ കഴിയുമോ?

ത. അതാർക്കാണ്‌ അറിഞ്ഞുകൂടാത്തത്. ഇവിടെ ഇപ്പോൾ പകൽ മററു ചിലേടത്ത് രാത്രി. ഇവിടെ അസ്ലമിക്കാറായി ചിലേടത്ത് ഉദിക്കാറായി. എല്ലായിടത്തും ഒരേസമയ ത്തല്ല ഉദയാസ്തമനങ്ങൾ, അപ്പോൾ പല സ്ഥലങ്ങളിൽ -പല കലണ്ടറുകളിൽ പല വിധത്തിൽ - അത്രതന്നെ,

വ്യ: (മെലിഞ്ഞ മനുഷ്യനോട്‌), പറഞ്ഞത്‌ മനസ്സിലായോ? പലസ്ഥലത്തും പലസമയത്താണ്‌ അസ്‌തമനം. അത്‌കൊണ്ടാണ്‌ കലണ്ടറുകളിൽ സമയ വൈവിധ്യം കാണുന്നത്‌ എന്ന്‌, ശരിയാണോ?

മെ. മ: അങ്ങനെ കേട്ടിട്ടുണ്ട്‌. ശരിയായിരിക്കണം. ഞാൻ സ്‌കൂളും കോളേജും കണ്ടിട്ടേ ഉള്ളു.

വ്യ: അത്‌ ശരിയാണ്‌, സംശയമില്ല. നമ്മുടെ രാജ്യത്ത് ഇന്ന് എത്ര മണിക്കാണ്‌ അസ്‌തമനം? അതെങ്ങനെ അറിയും?

മെ. മ: കലണ്ടർ നോക്കിയാൽ അറിയാം.

വ്യ: ഈ രാജ്യത്തെ ഉദയാസ്‌തമനം കാണിക്കുന്ന കലണ്ടറാണോ ഇത്‌?

മെ. മ: അതറിയില്ല. ഇതിലെ സമയം അനുസരിച്ചാണല്ലൊ നമ്മുടെ നീക്കം.

വ്യ: ആ നീക്കം ശരിയാകുമോ ഏതോ രാജ്യത്തെ അസ്‌തമനമായിരിക്കും ഇതിൽ കാണിച്ചിരിക്കുന്നത്‌. അത്‌ നമ്മുടെ രാജ്യത്തേക്ക്‌ എങ്ങനെ ബാധകമാകും?

മെ, മ: പിന്നെ കലണ്ടറിൻെറ ഉപയോഗമെന്ത്?

വ്യ: ഏത്‌ നാടിനെ അടിസ്ഥാനമാക്കി കാലഗണന നടത്തിയിട്ടുണ്ടോ ആ നാട്ടിലേക്ക്‌ ആ കലണ്ടർ ഉപയോഗപ്പെടും. തിരുവനന്തപുരത്തെ സമയം കാണിക്കുന്ന കലണ്ടർ മംഗലാപുരത്ത് കൊണ്ടുവെച്ചാൽ അസർ അവസാനിക്കുന്നതിന് മുമ്പ് മഗ്‌രിബ് ബാങ്ക് കൊടുക്കേണ്ടിവരും. മംഗലാപുരത്തെക്കുള്ള കലണ്ടർ തിരുവനന്തപുരത്ത് കൊണ്ടു വെച്ചാൽ നല്ലവണ്ണം ഇരുട്ടിയാലേ മഗ്‌രിബാകൂ. ഈ രണ്ടു രാജ്യങ്ങൾക്കിടയിലുള്ള കാസർകോട്‌, കണ്ണൂർ, തലശ്ശേരി, കോഴിക്കോട്‌, പൊന്നാനി, ആലപ്പുഴ, കൊല്ലം എന്നീ രാജ്യങ്ങളിലെ ഉദയാസ്തമനങ്ങൾ പരിശോധിച്ചാൽ മിനുട്ടുകളുടെ വിത്യാസം കാണും. ഈ എല്ലാ രാജ്യത്തുമുള്ള പള്ളികളിൽ ഒരേ കലണ്ടർതന്നെ ഉപയോഗപ്പെടുത്തുകയാ ണെങ്കിൽ എന്തായിരിക്കും സ്‌ഥിതിയെന്നാലോചിക്കൂ. നമുക്ക്‌ ഇവിടെ ഒരു കലണ്ടർ കിട്ടിയിട്ടുണ്ട്‌. അത്‌ പള്ളിയിൽ തൂക്കിയിട്ടിട്ടുണ്ട്‌. അതിൽ പറഞ്ഞ സമയത്ത് മഗ്‌രിബ്‌ ബാങ്ക് കൊടുക്കുന്നു. ഏത്‌ രാജ്യത്തെ സമയമാണതെന്ന്‌ നാം ആരെങ്കിലും ചിന്തിക്കാറുണ്ടോ? ഇല്ല. മഗ്‌രിബിനാണോ മഗ്‌രിബ് ബാങ്ക് കൊടുക്കുന്നത്?

ത: ഈ കലണ്ടർ ഈ രാജ്യത്തിന് വേണ്ടി ഉണ്ടാക്കിയതല്ലെങ്കിൽ ഈ സമയം നമുക്ക്‌ അനുയോജ്യമല്ല. അതിനാൽ നമ്മുടെ മഗ്‌രീബ്‌ സമയം ഈ കലണ്ടർ കാണിക്കുന്നില്ല. ഈ കലണ്ടർ കാണിക്കുന്ന മഗ്‌രീബ്‌ സമയം നമ്മുടേതല്ല. അത്‌ നമ്മുടെതാണെന്ന് കരുതി നാം കൊടുക്കുന്ന മഗ്‌രിബ്‌ ബാങ്ക് കൃത്യ സമയത്ത് കൊടുക്കുന്നതായി അംഗീക രിക്കാൻ പററുകയില്ല. ഈ ബാങ്ക് കേട്ട് നോമ്പ്‌ തുറന്നാൽ, ആ തുറയും കൃത്യസമയത്തെ തുറയാവുകയില്ല.

മെ. മ; എല്ലായിടത്തും ഇങ്ങിനെയല്ലേ?

ത: നിങ്ങൾ എല്ലായിടത്തെ കാര്യം പറഞ്ഞു രക്ഷപ്പെടല്ലേ? എല്ലായിടത്തുമുള്ളത്‌ നമുക്ക്‌ പ്രമാണമല്ലെന്ന് നേരത്തേ സ്ഥാപിച്ചു, ഉറപ്പിച്ചു, നാം സമ്മരിച്ചു. ഇനി അത്‌ ചൂണ്ടിക്കാണിക്കരുത്‌

മെ. മ: ഈ കാലംവരേയും; എല്ലായിടത്തും ചെയ്തുവന്ന, എല്ലാവരും സ്വീകരിച്ചുപോന്ന, ഒരു നടപടി തെററാണെന്ന് നിങ്ങൾ സ്ഥാപിക്കുന്നതെങ്ങനെ?

ത: സത്യത്തിൻെറ അടിസ്‌ഥാനത്തിൽ നമ്മുടെ കൂട്ടായ പരിശോധനയിൽ ആ നടപടി തെററാണെന്ന് തെളിഞ്ഞു. നിങ്ങളെവിടേക്ക്‌ പോകുന്നു? തെററ്‌ തെറ്റെന്ന് സമ്മതി ക്കണം. അറിവും ആലോചനയും കൂടാതെ കുറെ അധികം ജനങ്ങൾ ഒരു തെററ്‌ കുറേക്കാലം ചെയ്തുപോന്നു എന്ന കാരണത്താൽ ആ തെററ്‌ ഒരിക്കലും തെററല്ലാതാവുകയില്ല. തെറ്റിൻെറ പഴക്കവും ആ തെററു ചെയ്യുന്നവരുടെ ആധിക്യവും അതിനെ ശരിയാക്കുന്നില്പ. ഈ നടപടി തെറെറന്ന് കേട്ടപ്പോൾ നിങ്ങൾക്ക് മാത്രമല്ല ഞങ്ങൾക്കും നെഞ്ചിടിപ്പ്‌ തോന്നിത്തുടങ്ങിയിരിക്കുന്നു. സിദ്ധാന്തങ്ങൾ ശരിയെന്നു കണ്ടാൽ നിശ്ശബ്ദമായി നിരുപാധികമായി സമ്മതിക്കണം. അതാണ്‌ ബുദ്ധി. അത്‌കൊണ്ടു ഒരു കയുക്തിയും ദുസ്തർക്കവും പറയാതെ ഈ ചിന്ത തൂടർന്നുപോകണം. നാം എവിടെ എത്തുമെന്നു നോക്കാം. ഈ തെററിൽ നിന്നും മോചനമാർഗ്ഗം ഉണ്ടോ എന്ന് പരിശോധിക്കുകയുമാവാം.

വ്യ: അപ്പോൾ ഈ കലണ്ടർ നമ്മുടെ മഗ്‌രീബ്‌ കാണിക്കുന്നില്ലെന്ന് എല്ലാവരും സമ്മതിച്ചുവല്ലോ? ഇനി ആർക്കെങ്കിലും...

ത: ഇല്ല ഇല്ല, ആർക്കും തർക്കമില്ല തടസ്സമില്ല. മൗനം സമ്മതമാണല്ലോ.

വ്യ: അടുത്തതായി നമുക്ക്‌ ചിന്തിക്കാനുള്ളത്‌, ശരിയായ അസ്തമനസമയം നാം എങ്ങനെ കണ്ടുപിടിക്കും എന്നതാണ്‌.

ത: കടപ്പുറത്ത് പോയി നോക്കണം ഒന്നര നാഴികയല്ലെ ഉള്ളൂ.

വ്യ: കറക്റ്റ്. അതാണ്‌ ശരി. കടലോരത്ത്‌ പോയി അസ്തമാനം പൂർണ്ണമാകുന്ന സമയം -സൂര്യബിംബത്തിൻെറ മേൽക്ക്‌ ജലനിരപ്പിൽ പൂർണ്ണമായും അപ്രത്യക്ഷമാകുന്ന സമയം അറിയുക അതാണ്‌ മഗ്‌രിബ് ബാങ്കിൻെറ സമയം എന്ന് നമുക്ക്‌ ഉറപ്പായല്ലോ, എനി ആന കുത്തിയാലും ഇളകരുത്‌. ആ സമയവും കലണ്ടർ സമയവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിവെക്കുക, ഈ വ്യത്യാസം എല്ലാ മാസങ്ങളിലും ബാധകമാക്കുക. വേണമെങ്കിൽ ഇടയ്ക്കിടെ കടലോരത്ത് പോയി അസ്തമനം നോക്കി ഈ വൃത്യാസത്തിൽ വല്ല വൃത്യാസവുമുണ്ടോ എന്ന് പരിശോധിക്കുന്നത്‌ നല്ലതാണ്‌. അങ്ങനെ “കലണ്ടർ മഗ്‌രിവി"ൽ ഈ വൃത്യാസം വരുത്തി സത്യമഗ്‌രിബ് കണ്ടുപിടിക്കാം. അതനുസരിച്ച്‌ ബാങ്ക് വിളിക്കണം.

ത: നിങ്ങളിതെങ്ങനെ കണ്ടുപിടിച്ചു ആരും ഈ പ്രശ്‌നം ഇത്‌വരെ ഉന്നയിച്ചിട്ടില്ലല്ലൊ.

വ്യ: മക്കളെ ഞാൻ വളരെ ചെറുപ്പന്നേ നിസ്കാരം തുടങ്ങിയ ആളാണ്‌, മഗ്‌രിബിന് നിർബന്ധമായും പള്ളിയിൽ ഹാജരാവും.അന്ന് ക്ലോക്കില്ല, കലണ്ടരില്ല. ആകാശം നോക്കിയും അടിയളന്നുമാണ്‌ നമസ്കാരസമയം നിർണ്ണയിക്കാറ്. മഗ്‌രിബ്‌ ബാങ്ക് കൊടുക്കുന്ന സമയവും ജമാഅത്ത്‌ കഴിഞ്ഞു പുറത്തു വരുമ്പോഴത്തെ അന്തരീക്ഷാവസ്ഥ യും..ഈ സമയങ്ങളിൽ ആകാശം എത്രമാത്രം പ്രകാശിതമായിരിക്കും എന്നൊക്കെ അനുഭവത്തിൽനിന്ന് കുറേ മനസ്സിലാക്കിയിട്ടുണ്ട്. ഇപ്പോൾ അസ്മമാനംകഴിഞ്ഞു മിനു ട്ടുകൾ കഴിഞ്ഞാലും മുക്രി കലണ്ടറും ക്ലോക്കുമായി കഴിയുന്നതല്പാതെ ബാങ്ക് കൊടുക്കാനുള്ള പരിപാടിയൊന്നും കാണുകയില്പ. എനിക്ക്‌ ഈ ദുരനുഭവം പലപ്പോഴും ഉണ്ടായിട്ടുണ്ട്‌. അസ്തമിച്ചു എന്ന് പറഞ്ഞാൽ പരിചയമില്ലാത്തവർക്ക്‌ വിശ്വസിക്കുവാൻ കഴിയുകയില്ല അത്രക്കും പ്രകാശമയമായിരിക്കും. ആ പ്രകാശം ഒരു വിധം അടങ്ങി ഇരുളിൻെറ മങ്ങൽ കാണുമ്പോഴേ ബാങ്ക് കൊടുക്കുകയുള്ളൂ. ഈ രീതി വളരെ നാളായി എന്നെ അസ്വസ്‌ഥനാക്കുന്നു. പലപ്പോഴും ഇവിടെ ഞാൻ നിർബന്ധിച്ച്‌ ബാങ്ക്‌ കൊടുപ്പിച്ചിട്ടുണ്ട്‌. ഒരു ദിവസം അസാധാരണമാം വിധം വളരെ വൈകിയാണ്‌ ബാങ്ക്‌ കെടുത്തത്‌. യഥാർത്ഥത്തിൽ എനിക്ക്‌ വളരെ സങ്കടവും സഹതാപവും തോന്നി. ശംഖ് നാദം പുറപ്പെടുവിക്കുന്ന ക്ഷേത്രങ്ങളിൽ സന്ധ്യാപൂജ കഴിഞ്ഞുകാണും. നമ്മുടെ ജനങ്ങൾ പ്രകൃതിയുമായി ഇത്രമാത്രം അകന്നു പോയല്ലോ! നിത്യേന സംഭവിക്കുന്ന സൂര്യാസ്തമനവുമായി യാതൊരു പരിചയവുമില്ലാതായല്ലോ! ആ സമയത്തെ പക്ഷികളുടെ പ്രകൃതം ശ്രദ്ധിച്ചാൽത്തന്നെ മതിയല്ലോ കാര്യം, മനസ്സിലാ ക്കാൻ അവയുടെ കൂട്‌ കയറ്റവും പ്രത്യേകൂജന ശബ്‌ദവും (സ്രഷ്ടാവിനുള്ള തസ്‌ബീഹ്‌) അസ്തമനലക്ഷണങ്ങളാണ്‌. നാം അന്ധരും ബധിരരുമായിത്തീർന്നു. ഞാൻ പിറേറദിവസം രണ്ടുമൂന്നു പേരേ യും കൂട്ടി കടലോരത്തേക്ക് യാത്രയായി, ഏതാണ്ട്‌ 6 1/4 മണിക്ക്‌ പുറപ്പെട്ടു. സൂര്യാസ്തമന സമയം മനസ്സിലാക്കി വാച്ച്‌ നേരത്തേ സെറ്റ് ചെയ്തിട്ടാണ്‌ പുറപ്പെട്ടത്‌. 6.33 ന് അസ്തമനം പൂർണ്ണമായി. എല്ലാവർക്കും ബോദ്ധ്യമായി 6.38 എന്ന് കലണ്ടറിലുള്ളത്. ഈ നാട്ടിന്‌ അനുയോജ്യമല്ല, 6.33 നോ 6.35 നോ മഗ്‌രിബ്‌ ബാങ്ക് കൊടുക്കുകയാണ്‌ ശരി, എന്നിങ്ങനെ ഞങ്ങൾ സംസാരിച്ചു തിരിച്ചുപോന്നു. അതാണ്‌ കഥ- ഇന്നത്തെ ഈ സംസാരത്തിൻെറ നിമിത്തം. അത്‌കൊണ്ടു നാം എപ്പോൾ ബാങ്ക് കൊടുക്കണം? നോമ്പാണ്‌ ജനങ്ങൾ ബാങ്കൊലിയും കാത്ത് വീട്ടിൽ ചെവി കൂർപ്പിച്ചിരിക്കുന്നുണ്ടാവും.

ത: പിന്നെ, സംശയിക്കാനുണ്ടോ? പരിശോധിച്ചറിഞ്ഞ പ്രകാരം-- അറിവനൻെറ പരമകാഷ്ഠയായ ഐനുൽയഖീൻ പ്രകാരം 6.34 ന് തന്നെ ബാങ്ക്‌ കൊടുക്കണം.

മെ, മ: നാട്ടിൽ പരക്കെ എല്ലാ പള്ളികളിലും 6.38 ആകുന്നതും നോക്കിയിരിക്കുമ്പോൾ നമ്മൾ മാത്രം കുറേ മുൻകൂർ ബാങ്ക്‌ കൊടുത്താൽ ആളുകളെന്ത്‌ പറയും?

വ്യ: എന്ത്‌ പറയും? അസ്തമിക്കുന്നതിന് മുമ്പ് ബാങ്ക്‌ കൊടുത്തെന്ന് പറയും.

മെ. മ: ആളുകൾ ബഹളം കൂട്ടുകയില്ലേ?

ത: നിങ്ങളെന്താണിപ്പറയുന്നത്‌? ആളുകളെ കാര്യം പറഞ്ഞു മനസ്സിലാക്കണം. പിന്നെന്ത്‌ ബഹളം?

മെ. മ: നമുക്ക് എല്ലാ പള്ളിക്കാരുംകൂടി ആലോചിച്ച്‌ ഒന്നിച്ച്‌ ഒരേ രീതിയിൽ നീങ്ങാം, ആക്ഷേപമില്ല.

ത: അല്ലെങ്കിലും ആക്ഷേപമില്ല, നമുക്കെന്ത്‌ കാര്യം ഓരോ പള്ളിയിലും പോയി വഖ്ത്കൾ പഠിപ്പിക്കാൻ? നമുക്ക് ബോദ്ധ്യമായ തെററ്‌ തിരുത്തുക, നമുക്ക്‌ ബോദ്ധ്യമായ സത്യമാർഗത്തിൽ നീങ്ങുക.

മെ, മ: ചോദിക്കുന്നവരോടെന്ത് പറയും?

വ്യ: നിങ്ങൾക്കറിയുന്ന വിധത്തിൽ കാര്യം പറഞ്ഞു കൊടുക്കുക.നമ്മുടെ കടമ അത്രമാത്രം.

മെ. മ: നിങ്ങളൊക്കെപ്പറയുന്നമാതിരി പറയാൻ നമുക്ക് വാക്‌സാമർത്ഥ്യമില്ലല്ലോ.

വ്യ: അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയില്ലെങ്കിൽ എൻറടുത്തേക്ക്‌ വിട്ടേക്കൂ, ഞാൻ പറഞ്ഞുകൊടുത്തേക്കാം.

മെ. മ: എന്നാലും നാട്ടുനടവടിക്ക് വിരുദ്ധമായി നമ്മൾ ഒരു പുതുമ ഇറക്കുമതി ചെയ്ത്‌ ജനമദ്ധ്യേ ഒരു സംസാരവിഷയമാക്കിത്തീർക്കുന്നതെന്തിനാണ്‌? രണ്ടോ മൂന്നോ മിനുട്ടുനേരം വൈകിയാലും വിരോധമൊന്നുമില്ലല്ലോ.

ത: ഇദ്ദേഹം ഇത്രയൊക്കെ ന്യായം ഈ സദസ്റ്റിൽ പറയുന്നു. വല്ലവരും ബാങ്കിനെപ്പററിച്ചോദിച്ചാൽ മറുപടി പറയാനുള്ള വാഗ്‌സാമർത്ഥ്യമില്ലെന്നും സങ്കടപ്പെടുന്നു, കളി മറ്റൊന്നാണ് നമ്മൾ മാപ്ലമാരുടെ പൊതുസ്വഭാവം, തനിനിറം. യാഥാസ്ഥിതികത്വം: ഒരു സംഗതിയും ചിന്തക്ക്‌ വിഷയമാക്കുകയില്ല. കണ്ണുമൂടി അനുകരിക്കാൻ തയ്യാർ. ഈ കൂട്ടത്തിൽ ഇവർക്കാർക്കും ഒരു തടസ്സ൨ാദവുമില്ല. ഈ മൂപ്പർക്ക്‌ മാത്രം ഭിന്നാഭിപ്രായം. സത്യം അറിഞ്ഞിട്ടും ചലിക്കുന്നില്ല. ഭയാനകം. മായത്തരം.

മെ. മ: അതൊക്കെ എന്തും പറയാം നമ്മുടെ നടവടിക്രമങ്ങളൊക്കെ പരിഷ്‌കരിച്ച്‌ പുതിയ ഫേഷനിൽ കൊണ്ടുവരുന്നകാരൃത്തിൽ എനിക്ക്‌ യോജിപ്പില്ല.

ഇതൊക്കെ കേട്ടു അല്പം ദൂരെയിരുന്നിരുന്ന ഒരു മദ്ധ്യവയസ്കൻ ചാടിയെഴുന്നേററു, മെലിഞ്ഞ മനുഷ്യനോട്‌,

“നിങ്ങളെന്ത്‌ ന്യായമാണ്‌ പറയുന്നത്‌? ഇങ്ങനെയാണോ നാം മുസ്ലിം സമുദായത്തിൻെറ മതകാര്യങ്ങൾ കയ്യാളുന്നത് പള്ളിയിലെ കാരണവരോ പ്രസിഡണ്ടോ ആവാൻ പ്രായമുണ്ട് മൂരാച്ചിത്തരം വിട്ടുമാറിയിട്ടില്ല. ജനങ്ങൾ കൃത്യസമയത്ത്‌ നോമ്പ്‌ തുറക്കാനും നമസ്‌കാരം നിർവഹിക്കാനും സഹായകമാകും വിധം അസ്‌തമനസമയം നേരിട്ടു കണ്ടു നിർണ്ണയിച്ചതനുസരിച്ച്‌ ബാങ്ക്‌ കൊടുക്കുന്നതിന് ആരെയാണ്‌ ഭയപ്പെടേണ്ടത്‌? ആരിൽനിന്നാണ്‌ അതിന്‌ ലൈസൻസ്‌ വാങ്ങേണ്ടത്‌?

ത: നമുക്ക്‌ മുസ്ല്യാരെ വിളിച്ചു ചോദിക്കാം. അദ്ദേഹത്തിൻെറ അഭിപ്രായം അറിഞ്ഞു ചെയ്യാം.

വ്യ: വളരെ ജോറായി കാര്യം.

കൂട്ടത്തിൽനിന്ന്‌ ഒരാൾ മുസ്‌ല്യരേ രംഗത്തേക്ക്‌ കൂട്ടിക്കൊണ്ടുവന്നു.

ത: (മുസ്ല്യാരോട്) (വൃദ്ധനെ ചൂണ്ടിക്കാട്ടി) ഇദ്ദേഹം ഒരു സംഗതി പറഞ്ഞു. മുസ്ല്യാരുടെ അഭിപ്രായം അറിയാനാണ്‌ വിളിച്ചത്‌.

മുസ്ല്യാർ: എന്താകാര്യം? കേൾക്കട്ടെ.

ത: ഇന്ന്‌ മഗ്‌രിബ്‌ എത്രമണിക്കാണ്‌?

മു: 6.30 ന്

ത: 6.38 നല്ലേ മഗ്‌രിബ്‌ ബാങ്ക്‌ വിളിക്കുക.

മു: അതേ. അതാണല്ലൊ അസ്തമയം.

ത: അതാണ്‌ അസ്തമയമെന്ന്‌ നിങ്ങളെങ്ങനെ അറിഞ്ഞു?

മു: കലണ്ടർ എന്തിനുള്ളതാ? അതിൽ മഗ്‌രിബ്‌ 6.38ന് എന്ന്‌ കൊടുത്തിട്ടുണ്ട്. അത് തന്നെ നമ്മുടെ അറിവ്.

ത: (വൃദ്ധനെ ചൂണ്ടി) ഇദ്ദേഹവും മററു ചിലരുംകൂടി കടപ്പുറത്ത്‌ പോയി അസ്തമനം കണ്ടിരിക്കുന്നു. അത് 6.33 നാണ്, അത്കൊണ്ട്‌ 6.33 ന് ബാങ്ക്‌ കൊടുക്കണമെന്ന് ഇദ്ദേഹം പറയുന്നു. എന്താണ്‌ മുസ്‌ല്യാരുടെ അഭിപ്രായം?

മു: ഇന്നലെവരെ 6.88നല്ലെ ബാങ്ക്‌ കൊടുത്തത്.

ത: ആണല്ലൊ കലണ്ടറല്ലെ നമ്മുടെ സൂര്യനും കടലും.

മു: മറെറല്ലാ പള്ളികളിലും ഇന്ന്‌ അതേ കലണ്ടർ പ്രകാരം 6.38നല്ലേ ബാങ്ക്‌ കൊടുക്കയുള്ളു.

ത: മിക്കവാറും അങ്ങനെയാവാനാണ് സാദ്ധ്യത.

മു: അപ്പോൾ ഇവിടെ മാത്രം എങ്ങനെ നാലഞ്ചുമിനുട്ടു മുമ്പേ ബാങ്ക്‌ വിളിക്കും? അത് ഭംഗിയാണോ?

ത: ജനദൃഷ്ടിയിലെ ഭംഗിനോക്കണോ അതല്ല ഇസ്‌ലാമിൻെറ നിയമനിർദ്ദേശം നോക്കണോ? ഏത് വേണം?

മു: ചോദ്യം ശരിയാണ്‌. ബോദ്ധ്യപ്പെട്ട നിലക്ക്‌ 6.33 ബാങ്ക്‌ നടക്കണം നോമ്പ് തുറക്കണം പക്ഷെ നാട്ടിൽ ഫസാദുണ്ടാകുമല്ലൊ.

ത: എന്ത്‌ ഫസാദാണ് മുസ്ല്യാരേ ഉണ്ടാകുന്നത്.

മു: ഞാൻ കാരണമാണ്‌ ഇത്‌ സംഭവിച്ചതെന്നല്ലേ ആളുകൾ പറയുക?

ത: നിങ്ങൾ ശരിയാംവണ്ണം കാര്യം നടത്തിയെന്ന് പ്രശംസിക്കയല്ലേ ജനങ്ങൾ ചെയ്യുക.

മു: അല്ല, പൊതുരീതിയിൽ നിന്നും തെററുന്നത് തെറ്റായിക്കാണും.

ത: അതൊരു തെററുതിരുത്താനാണെങ്കിലോ, അതിൽ കുററം കാണുമോ?

മു: ന്യായത്തിൽ നിങ്ങൾ പറയുന്നത് ശരി, സമ്മതിച്ചു. പ്രയോഗത്തിൽ വരുമ്പോൾ ഫിത്‌നയാവും.

വ്യ: നിങ്ങളെന്ത്‌ പറയുന്നു. 6.33 ന് ബാങ്ക്‌ വിളിക്കാമോ?

മു: ഞാൻ പറഞ്ഞിട്ട് വിളിക്കണ്ട അങ്ങനെ ചെയ്യാൻ ഞാൻ പറയുകയില്ല. 6.38ന്‌ ബാങ്ക്‌ കൊടുത്താൽ എനിക്ക്‌ വിരോധവുമില്ല. എല്ലാവരെയും പോലെ ഞാനും, നമ്മളും അതാണ്‌ നന്നായിരിക്കുക.

മെ.മ: ഞാനും പറയുന്നത്‌ അതാണ്‌.

ത: മുസ്ലിയാർ നേരെവരാൻ മടികാണിക്കുന്ന സ്ഥിതിക്ക്‌,മററുള്ളവരെ നേരേയാക്കാൻ പ്രയാസം.

വ്യ: മുസ്ലിയാർ പേടിച്ചാൽ എല്ലാവരും പേടിച്ചത് തന്നെ.

മദ്ധ്യവയസ്‌കൻ: ദീൻ പഠിപ്പിക്കുന്ന മുസ്ല്യാരാണോ ഇത്? സത്യം അറിഞ്ഞിട്ടും അതിനെ തീരെ വകവെക്കാതെ, തെറ്റിൽ ഉറച്ചു നിൽക്കുകയും മററുള്ളവരെ തെററിൽ ഉറപ്പിച്ചുനിർത്തുകയും ചെയ്യുന്ന നിങ്ങളെ ശറഇയായ ഒരു ഹാകിമിൻെറ മുമ്പിൽ ഹാജരാക്കാൻ കഴിയില്ലല്ലൊ എന്ന് സങ്കടപ്പെടുകയാണ്‌ ഞാൻ.

മു: എല്ലാവർക്കും സമ്മതമെങ്കിൽ എനിക്കും സമ്മതംതന്നെ, അതിൽകവിഞ്ഞു ഒരു ഉത്തരവാദിത്വവും ഞാനെടുക്കില്ല. നമുക്ക്‌ ഒരു കാര്യം ചെയ്യാം. ഇദ്ദേഹത്തിൻെറ കൂടെ സൂര്യാസ്തമനം നേരിൽ കണ്ടവരെ വിളിച്ചു ചോദിക്കാം. അവരുടെ അഭിപ്രായവും അറിയാമല്ലൊ.

ത: അസ്തമനം 6.33 എന്ന് പറഞ്ഞത് ശരിയാണോ എന്ന് പരിശോധിക്കാനാണോ?

മു: ഹേയ്‌, ഒരിക്കലുമല്ല. ഇദ്ദേഹം കളവ് പറയുകയില്ലെന്ന് നമുക്ക്‌ ബോദ്ധ്യമാണ്‌.

ത: അവരിലാരെങ്കിലും ഇവിടെയുണ്ടെങ്കിൽ ഇതിനകം മുന്നോട്ടുവരുമായിരുന്നു. എനി അവർ വന്നാൽത്തന്നെ മുസ്‌ലിയാരോട്‌ യോജിക്കുന്നതല്ലാതെ, മറിച്ചെന്തെങ്കിലും പറയുമോ? പറയാൻ ധൈര്യമുണ്ടാകുമോ? പണ്ട് മുസാ (അ) നബിയുടെ റബ്ബിനെക്കൊണ്ടു ഞങ്ങൾ വിശ്വസിച്ചു എന്ന് പറഞ്ഞപ്പോൾ “എൻെറ അനുവാദം കിട്ടുന്നതിന് മുമ്പ് നിങ്ങൾ വിശ്വസിച്ചതിന് എതിർവശങ്ങളിലെ കൈ കാലുകൾ മുറിച്ചുകളയുന്നതാണ്" എന്ന് ഫിർഔൻ വിധി പറഞ്ഞ ചരിത്രം _ ഓർക്കുന്നില്ലേ? അതാണ്‌ ഇപ്പോഴും നമ്മുടെയിടയിൽ നടക്കുന്നത്. നമ്മുടെ പാരമ്പര്യംതന്നെ ആലിമീങ്ങൾ പറയുന്നത് പരിശോധിക്കാതെ ചോദ്യംചെയ്യാതെ അനുസരിക്കലാണ്. ഇൽമിൻെറ മഹത്വവും ആലിമീങ്ങളുടെ മനോശുദ്ധിയും അംഗീകരിച്ചിരുന്ന പഴയകാലംമുതൽക്കുള്ള സമ്പ്രദായമാണത്‌.

മു: നമുക്കത്‌ മുറിയാതെ തുടരാം.

ത: പക്ഷെ, ഇന്ന് മനോശുദ്ധിയുള്ള ആലിമീങ്ങളില്ലല്ലൊ മുസ്‌ല്യാരേ, ഇന്നുള്ളവരെ കണ്ണടച്ചു വിശ്വസിക്കാമോ? പരസ്പരം പൊരുതുന്ന പാർട്ടിപണ്ഡിതന്മാരാണല്ലൊ ഇന്നു ള്ളത്.

മു; നിങ്ങളെന്തൊക്കെപ്പറഞ്ഞാലും ഇന്ന് ബാങ്ക്‌ 6.38 ന് മതി. അത് തെററായാലും ആരും അതിൽ തെററുകാണില്ല.

ത: വിഡ്‌ഢിത്തം പറയല്ലെ മുസ്‌ല്യാരേ, ആരും തെററു കാണില്ല എന്നതാണോ നമ്മുടെ ആചാരനുഷഠാനങ്ങൾക്ക് മാനദണഡം. എല്ലാവരും ചെയ്യുന്ന തെറ്റ് നമുക്കും ചെയ്യാമെന്നല്ലെ നിങ്ങൾ ഉപദേശിക്കുന്നത്‌? ഞങ്ങൾക്ക് മാർഗ്ഗദർശനം നൽകുന്ന മതപണ്ഡിതൻെറ ചിന്താഗതിയാണ്‌ ഇവിടെ പ്രകടമാകുന്നത്. ഈ നിലവാടിൽ നിങ്ങളെ കുററം പറഞ്ഞിട്ടുകാര്യമില്ല, ഇപ്പോൾ പണ്ഡിതന്മാരുടെ നയം അതാണ്‌. ജനങ്ങൾക്കനുസരിച്ചു നിൽക്കുക. അതാണ്‌ നിലനിൽപ്പിനുള്ള രക്ഷാമാർഗ്ഗം. സദുപദേശം ചെയ്തു സമൂഹത്തെ നന്നാക്കു ന്നതിന്‌ പകരം നാട്ടാർ ചെയ്യുന്നതൊക്കെ ശരിവെച്ചംഗീകരിക്കുക. ജാറവും, കൊടികുത്തും, ചന്ദനക്കുടവും, ജാറംമൂടലും, കൊടി ഉഴിച്ചിലും, ഉറൂസും നിലനിൽക്കുന്നതും വർദ്ധിക്കുന്നതും ആലിമീങ്ങളുടെ ഈ നയംകൊണ്ടാണ്‌. മാലമൗലീദും, നേർച്ചപ്പാട്ടും എണ്ണ ത്തിൽ കുറഞ്ഞെങ്കിലും, തീരെ അപ്രത്യക്ഷമായിട്ടില്ല.

വൃ: സമയമാകാറായി. ഞാ൯ വീട്ടിൽ പോകയാണ്‌. 6 33ന് നോമ്പ് തുറക്കാം. ഇവിടെയിരുന്നാൽ 6 38 വരെ കാക്കണം. ഇതുംപറഞ് വൃദ്ധൻ പളളിയിൽനിന്നും പുറപ്പെട്ടു. അദ്ദേഹത്തിൻെറ പിന്നാലെ തടിയനും, മദ്ധ്യവയസ്കനും, വേറെ നാലഞ്ചുപേരും ഇറങ്ങിപ്പോയി. അവർ പറയുന്നുണ്ടായിതുന്നു. നമുക്ക്‌ സന്ധ്യക്കുതന്നെ നോമ്പ്‌ തുറക്കണം.

അവർ പോയി കുറച്ചുകഴിഞ്ഞപ്പോൾ പള്ളിയിൽ അവിടവിടെ കുശുകുശു സംസാരം നടക്കുകയുണ്ടായി. ഒരാൾ മാത്രം അല്പം ഉച്ചത്തിൽ ഉറക്കെപ്പറഞ്ഞു; ഇങ്ങനെ പലതരക്കാരും പുറപ്പെടും ഖിയാമം നാളടുത്തല്ലൊ. എഴുപത്തിരണ്ടിലൊന്നായിരിക്കും ഇത്.

മുസ്ലിയാർ ഉടനെ പ്രതികരിച്ചു. അദ്ദേഹം പറഞ്ഞു കുറേനാളായി ഒരോ പുതുമകൾ പല ഭാഗങ്ങളിൽ മുളക്കുന്നു, ഏററവും ഒടുവിലെ ത്തതാണിത്‌.

കൂട്ടത്തിലൊരാൾ എന്താ മുസ്ലിയാരങ്ങനെ പറയുന്നത്?

മുസ്ലിയാർ: അല്ലന്നേ, ഈ കാലംവരെ കലണ്ടർ നോക്കിയല്ലേ ബാങ്കും, നോമ്പും നടത്തിയിരുന്നത്‌ ഇപ്പോഴും ഒരു വിഘ്‌നവും കൂടാതെ അത്‌ നടന്നുകൊണ്ടിരിക്കുന്നു. എത്ര ആലിമീങ്ങളുടെ ശ്രദ്ധയിൽപ്പെട്ട നടപടിയാണിത്. അവരുടെ ആശീർവാദവും അനുമതിയും അതിനുണ്ട്. കാര്യങ്ങൾ അങ്ങനെയിരിക്കെ, ഇവിടെ ഒരു ശാസ്ത്രജ്ഞനും പണ്ഡിതനും തലപൊക്കിയിരിക്കുന്നു. കലണ്ടർ തെററ്‌, സമയംതെററ്‌, അസ്തമയം തെററ്‌, ബാങ്ക്‌ തെററ്‌ എല്ലാം തെററ്‌. സമൂഹത്തിൽ കുഴപ്പം സൃഷ്ടിക്കാൻ കരുതിക്കൂട്ടി ഇറങ്ങിയിരിക്കയാ ണിവന്മാർ- നാം വളരെ സൂക്ഷിക്കണം വർത്തമാനം കേട്ടാൽ ശരിയെന്നു തോന്നിപ്പോകും.

കൂ ആൾ: അപ്പോൾ മുസ്ലിയാർ പറയുന്നത്‌ ആ വൃദ്ധൻ പറഞ്ഞത്‌ ശരിയല്ലെന്നാണോ? അദ്ദേഹം 6.33ന് സൂര്യൻ അസ്തമിച്ചതായി കണ്ടു എന്ന് പറഞ്ഞത്‌ കളവാണെന്നാണോ?

മുസ്ലിയാർ: അതൊന്നും ഞാൻ പറയില്ല. കലണ്ടർ സമയം ശരിയാണ്‌. അത്‌ മാറേറണ്ടതില്ല എന്നേ ഞാൻ പറയൂ.

കൂ ആൾ: മുസ്ലിയാർ പറയുന്നത്‌ തെറ്റാണ്. 6.33നുസുര്യാസ്തമനം നടക്കുമ്പോൾ 6.38നാണോ ബാങ്ക്‌ കൊടുക്കേണ്ടത്‌? 6.33ന് അസ്തമനം നടക്കുന്നു എന്ന വസ്തുത ശരിയാണൊ എന്ന് പരിശോധിക്കുകയാണ്‌ നിങ്ങൾ ചെയ്യേണ്ടത്‌. യാതൊരടിസ്‌ഥാനവുമില്ലാതെ കലണ്ടർ സമയം ശരിയെന്ന്‌ വെറുതെയങ്ങു തട്ടിമൂളിക്കുകയോ? നിങ്ങളുടെ അന്ധമായ മാമൂൽ ജനങ്ങളിൽ ഉറപ്പിച്ചു തറപ്പിച്ചു പ്രതിഷ്ഠിക്കയാണ് അന്ധരായ ജനങ്ങൾ റാം മൂളുകയും ചെയ്യും. ശാസ്ത്രത്തിനെ കുററം പറഞ്ഞു വലിയ വിജ്‌ഞാനിയെന്ന ഭാവത്തിൽ വിലസുന്നതിലർ ത്ഥമില്ല. ഇവിടെ ഒരു ശാസ്ത്രവുമില്ല. വെറും കണ്ണുതുറന്നു അസ്തമനംകാണുകയേവേണ്ടു. ആ പരീക്ഷണം കൂടി നടത്താനുള്ള മനോ ഭാവമോ മനകരുത്തോ നീതിവിചാരമോ കാര്യ കാരണ ബോധമോ ഇല്ലാത്ത നിങ്ങൾ ആലിമുൽ അല്ലാമയായി കഴിഞ്ഞോളൂ. കഥകേടും ബുദ്ധിശുന്യതയും കൊണ്ട് ഇസ്‌ലാമിക വിധികളെ അവഗണിച്ചു താന്നുമ്പോൾ കാര്യം നടത്തുന്ന നിങ്ങളുടെ കൂടെ നിൽക്കാൻ നമ്മ ളില്ല.

ഇത്രയും പറഞ്ഞു അയാൾ ഇറങ്ങിനടന്നു. അയാളുടെ പിന്നാലെ കുറെ ചെറുപ്പക്കാരും ഇറങ്ങിപ്പോയി ലി

കുറച്ചുനേരം പള്ളിയിൽ നിശ്ശബ്ദത വ്യാപിച്ചു. ബാക്കിയുള്ള അല്പംപേർ ഒന്നും മിണ്ടാതെ ഇരുന്നിടത്ത് നിശ്ചലമായി മൗനികളായി സ്‌ഥിതിചെയ്തു. ഈ നിശ്ശബ്ദതയെ ഭഞ്ജിച്ചത്‌ മുക്രിക്കായുടെ “അല്ലാഹു അക്ബർ" എന്ന ശബ്ദമാണ്‌. അപ്പോൾ ഞാൻ ക്ലോക്ക്‌ നോക്കി. സമയം കൃത്യം 6.38.

എൻ്റെ മയ്യത്ത് ആര് നിസ്കരിക്കും?

[തിരുത്തുക]

ഒരു ജൗളി വ്യാപാരക്കടയുടെ വരാന്തയിൽ കൽതൂണുംചാരി ഞാൻ വിശ്രമിക്കുകയായിരുന്നു. വരാന്തയിലെ ബെഞ്ചിൽ ഒരു താടി ക്കാരൻ മദ്ധ്യവയസ്കൻ ഇരിക്കുന്നുണ്ടായിരുന്നു. ഇടക്കിടെ വ്യാപാരിയോടു എന്തെങ്കിലും പറയുമായിരുന്നു. താൻ വായിച്ചുകൊണ്ടിരുന്ന വർത്തമാനപത്രത്തിലെ വൃത്താന്തങ്ങളെ പരാമർശിച്ചുള്ള റിമാർക്കുകളും അദ്ദേഹം പറയുമായിരുന്നു.

ഈ സമയത്ത്‌ ഒരു തൈകിഴവൻ അവിടെ കയറി വന്നു. സലാം ചൊല്ലി താടിക്കാരൻെറ സമീപം ഇരിപ്പുറപ്പിച്ചു. താടിക്കാരനുമായും, വ്യാപാരിയുമായും കുശലപ്രശ്നങ്ങൾ അന്യോന്യം കൈമാറിയ ശേഷം നാട്ടുവിഷയങ്ങൾ പലതും പറഞ്ഞുകൊണ്ട്‌ അല്പസമയം അവർ കഴിച്ചുകൂട്ടി.

പെട്ടെന്ന്‌ എന്തോ ഓർമ്മവന്നിട്ടെന്നപോലെ താടിക്കാരൻ ചോദിച്ചു. അല്ലാ, എങ്ങനെയുണ്ട്‌ ഈ വെള്ളിയാഴ്ചയിലെ പ്രസംഗം ഖത്വീബ്‌ വളരെ ഭംഗിയായി വിഷയം വിശദീകരിച്ചു. ഇല്ലേ? എന്താ അഭിപ്രായം?

കിഴവൻ: പ്രസംഗം വളരെ ശ്രദ്ധയോടെ ഞാൻ കേട്ടു. വിഷയം നന്നായി അവതരിപ്പിച്ചിട്ടുണ്ട്‌.

താടി: മാത്രമല്ല കേൾവിക്കാർക്ക് യാതൊരു സംശയം തോന്നാനിടയില്ലാത്ത വിധം ഉറപ്പിച്ചും, തറപ്പിച്ചും വസ്മുതകൾ ആവർത്തിച്ചാവർ ത്തിച്ചു പറഞ്ഞിട്ടുണ്ട്‌ .

കി: ഉറുദി പറയുമ്പോൾ അങ്ങനെ വേണം. ശ്രോതാക്കളിൽ ഒരു സംശയവും ഉണ്ടാവരുതെന്നാണ് മാത്രമല്ല മുസ്ല്യാർ പറഞ്ഞതുപോലെ യാണ്‌ സംഗതിയുടെ കിടപ്പെന്നും അതിൽ ഭിന്നാഭിപ്രായമുണ്ടാവാൻ തരമില്ലെന്നും അവർക്ക് തോന്നേണ്ടതത്യാവശ്യമാണ്.

താടി: എന്താ അഭിപ്രായ വ്യത്യാസമുണ്ടോ? വിഷയം മുസ്ല്യാർ പറഞ്ഞത്‌ പോലെത്തന്നെയല്ലേ?

കി: എന്തിനാ എൻെറ അഭിപ്രായം ആരായുന്നത്‌?

താ: നിങ്ങളുടെ വിവരണത്തിൽ എനിക്ക്‌ സംശയം ജനിച്ചത്‌കൊണ്ടാണ്‌. ഭിന്നാഭിപ്രായത്തിനിടയില്ലെന്ന് തോന്നത്തക്കവിധം എന്ന വിവരണം അർത്ഥദ്യോതകമാണ്‌. നിങ്ങൾക്കഭിപ്രായവ്യത്യാസമുണ്ടെന്ന് ഒരു ധ്വനി.

കി: അള്ളള്ളോ, ആ ധ്വനി ഉദ്ദേശപൂർവ്വമല്ല. ഒരു ധ്വനിയും എനിക്കില്ല. ധ്വനിപ്പിക്കാൻ പാടില്ല.

താ: എന്താണത്‌, മുഴുവൻ മനസ്സിലായില്ല.

കി: മുസ്‌ല്യാർ ഇനി മേൽ എന്ത് പറഞ്ഞാലും കേൾക്കുക മാത്രമേ പാടുള്ളൂ. വല്ല വിശദാംശത്തിലോ, മുഖ്യാശത്തിലോ ഭിന്നാഭിപ്രായം ഉച്ചരിക്കുന്നത്‌ സൂക്ഷിച്ചുവേണം.

ഈ അവസരത്തിൽ ഒരു യുവാവും. അവിടെവന്നുകേറി ബെഞ്ചിലിരിപ്പായി. സലാം ചൊല്ലിക്കേറലും സ്വീകരണവും ക്ഷണനവും കണ്ടാൽ അവർ സുഹൃത്തുക്കളും ചിരപരിചിതരുമാണെന്ന് മനസ്സിലാകും. താടിക്കാരനും കിഴവനും സംഭാഷണം തുടർന്നു. യുവാവ്‌ അതിൽ ശ്രദ്ധപതിപ്പിച്ചുകൊണ്ടിരുന്നു.

താ: നിങ്ങളുടെ മനസ്സിലെന്തോ കാര്യമായത്‌ കിടപ്പുണ്ട്‌. ദയവായി തുറന്ന് പറയണം. മേലാൽ മുസ്‌ലിയാരുടെ പ്രസംഗം കേട്ടാൽ അത്‌ സംബന്ധമായ സ്വാഭിപ്രായങ്ങൾ പ്രകടമാക്കുകയില്ലെന്ന് പറയാൻ എന്താ കാരണം? നിങ്ങളെപ്പോലെയുള്ളവർക്കല്ലേ എന്തെങ്കിലും പറയാൻ കഴിയൂ?

വൃ: അഭിപ്രായം ആർക്കും പറയാം. കേൾക്കുന്നവരൊക്കെ മനുഷ്യരല്ലേ?

താ: അഭിപ്രായം പറയണമെങ്കിൽ രണ്ടു ലക്ഷണങ്ങൾ ഒത്തിരിക്കണം. ഒന്നാമത്‌ അഭിപ്രായരൂപികരണത്തിന്‌ ആവശ്യമായ മതവിദ്യാ ഭ്യാസം ഉണ്ടായിരിക്കണം. രണ്ടാമത്‌ അത്‌ തുറന്നു പറയാനുള്ള മനോബലം അതായത്‌ ധൈര്യം ഉണ്ടായിരിക്കണം. ഒന്നാമത്തെ ലക്ഷ ണം വളരെ ചുരുക്കം പേർക്കേകാണൂ. അവരിൽത്തന്നെ രണ്ടാമത്തെ ലക്ഷണമൊത്തവർ വളരെ വിരളം.

വൃ: വളരെ ശരിയാണ്‌ ആ പറഞ്ഞത്‌ ബഹുഭൂരിപക്ഷം മഹല്ലുകളിലും ഇതാണ്‌ സ്ഥിതി, ഇന്നത്തെ പണ്ഡിതന്മാർക്ക്‌ കൊയ്ത്തുകാലം, സന്ദർഭോചിതം എന്തും പറയാം. എതിർപ്പുണ്ടാകുകയില്ലെന്നും അവർക്കറിയാം. മതബേോധത്തിൻെറ അടിത്തറയില്ലാതെ മതവീര്യം ഷോമാത്രമായികൊണ്ടുനടക്കുന്ന വിജ്ഞാനികളാൽ നിറഞ്ഞതാണല്ലൊ നമ്മുടെ ഖൗമ്.

താ: ഈ സാഹചര്യത്തിൽ നാം എന്ത്‌ വേണം? ഒരു രജതരേഖ എവിടെയെങ്കിലും വേണ്ടേ? നിങ്ങളെപ്പോലെയുള്ള വ്യക്തികളാണ്‌ സത്യ ത്തിൽ അത്തരത്തിലുള്ള രജതരേഖകളായി പരിശോഭിക്കേണ്ടത്‌. അതിന്‌ ആവശ്യമായ മത വിജ്ഞാനമുണ്ട്‌, പ്രകാശിപ്പിക്കാനുള്ള കഴിവുമുണ്ട്‌. അപ്പോൾ നിങ്ങൾ മൗനംദീക്ഷിക്കുന്നത്‌ ആക്ഷേപാർഹമല്ലേ? പണ്ഡിതന്മാർ എന്തെങ്കിലും പറഞ്ഞുകൊള്ളട്ടെ, ജനങ്ങൾ എന്തെങ്കിലും ധരിച്ചുകൊള്ളട്ടെ, സമൂഹത്തിൽ എന്താചാരമെങ്കിലും അനുഷ്ഠിച്ചുകൊള്ളട്ടെ എന്ന ധാരണയിൽ തൻകാര്യംമാത്രം നോക്കി നിങ്ങൾ കഴിഞ്ഞുകൂടുന്നത്‌ ശരിയാണോ? ഒരപരാധബോധം നിങ്ങൾക്ക്‌ തോന്നുന്നില്ലേ?

വൃ: സംഗതി ശരിയാണ്‌. വളരെ വ്യാകുലതയുണ്ട്‌. വിജ്ഞാനരഹിതരായ സമുദായത്തിനോടു പണ്ഡിതന്മാർ ചിലപ്പോൾ നടത്തുന്ന പ്രസ്താവനകളും കൊടുക്കുന്ന ഉപദേശങ്ങളും നിർദ്ദേശങ്ങളും വളരെ അപകടകാരിയെന്ന്‌ തോന്നേണ്ടവയാണ്‌. പക്ഷെ അതെല്പാം ശരിയെന്ന്‌ കണ്ണടച്ചു സ്വീകരിച്ചേറ്റു വാങ്ങാൻ മാത്രം അന്ധതയുള്ള ജനങ്ങളിലേക്ക്‌ പ്രകാശകിരണങ്ങൾ അത്ര വേഗം തുളച്ചുകയറു കയില്ല.

താ: വളരെക്കാലമായി ഉറച്ചു വേരോടിയകാര്യങ്ങളെ പിഴുതെടുക്കുവാൻ പ്രയാസമുണ്ടാവുക സ്വാഭാവികമാണ്‌. കളകൾ പറിച്ചെടു ക്കണം. നല്ല വിത്തുകൾ പാകി മുളപ്പിച്ചെടുക്കുകയും വേണം.

വൃ: ഒരു പ്രയാസമാണുള്ളത്‌ പുതിയ വിത്തുകൾ മുളക്കാനനുവദിക്കയില്ല. മുളച്ചതിനെ വളരാനും അനുവദിക്കില്ല. അതാണ്‌ നിലവാരം. ആരെങ്കിലും പാഴ്‌ച്ചെടികൾ പറിക്കാനോ പുതിയ ചെടികൾ മുളപ്പിക്കാനോ ശ്രമിച്ചാൽ അയാൾ കുടുങ്ങിയതു തന്നെ. അതേസമയം ജന ങ്ങൾ അംഗീകരിച്ചുപോന്ന പണ്ഡിത പരമ്പരയിൽപ്പെട്ട ആരെങ്കിലും എന്ത്‌ പുതുമ പറഞ്ഞാലും ഒരു സംശയമോ പ്രതിഷേധമോ ഇല്ലാതെ അതപ്പടി സമ്മതിക്കുകയും അനുസരിക്കുകയും ചെയ്യാൻ നമ്മുടെ ഖൗമ് തയ്യാർ.

താ: ഈ സ്വഭാവം മാറിയേപറ്റൂ . മാററിയേപറ്റൂ അതാണ്‌ ഞാൻ പറഞ്ഞത്‌, നിങ്ങളെപ്പോലെയുള്ളവർ വായതുറക്കണം.

വൃ: അള്ളോ അപകടം. മുസ്‌ല്യാർ പറയുന്നതിനെ പരസ്യമായി എതിർക്കുന്നത്‌ ഇപ്പോഴല്ലെങ്കിൽ ഭാവിയിലെങ്കിലും അത്‌ ആപത്തായി ത്തീരുമെന്ന് ഞാൻ പഠിച്ചുകഴിഞ്ഞു. എനി അത്തരം ജനങ്ങളുടെ ഇടയിൽ മൗനം ഭൂഷണം എന്ന നയമാണ്‌ നല്ലത്.

താ: നിങ്ങൾ അങ്ങനെ മൗനിയായിരുന്നില്ലല്ലൊ. ഇപ്പോൾ പെട്ടെന്നുള്ള വ്യതിയാനത്തിനെന്താ കാരണം?

വൃ: എനിക്കൊരു ഷോക്കേററിട്ടുണ്ട്. നിങ്ങൾക്കത്‌ ഏററില്ലായിരിക്കും.

താ: എന്താണത്‌?

വ്യ: ഈ അടുത്തകാലത്ത്‌ എന്താണുണ്ടായത്‌? നഹാസാഹിബിൻെറ മയ്യിത്‌ നമസ്താരം നമ്മുടെ പള്ളിയിൽ നടത്തിയോ?

താ: ഇല്ല, അതിനെന്താ? എത്ര പള്ളിയിൽ അത്‌ നടത്താതിരുന്നിട്ടുണ്ട്‌.

വ്യ: നിങ്ങൾക്ക് അതിൽ വല്ല പന്തികേടും തോന്നുന്നുണ്ടോ?

താ: ഒരു വല്ലായ്മ തോന്നി ആഴ്ചതോറും ദശക്കണക്കിന്‌ ആളുകൾക്ക് മയ്യിത്‌ നിസ്‌കരിക്കാറുണ്ട്‌. പിന്നെ നഹാസാഹിബിന് അത്‌ ചെയ്യാ തിരുന്നത്‌ ശരിയായോ എന്ന് എനിക്ക്‌ ഒരു ഇളിഭ്യത തോന്നാതിരുന്നില്ല.

വ്യ: എന്നിട്ടെന്താ നിങ്ങൾ ചെയ്തത്‌?

താ: എന്തുചെയ്യാൻ. ഖത്വീബ് അതിന്‌ ഒരു കാരണം പറഞ്ഞു, പള്ളിയിലുണ്ടായിരുന്ന ആർക്കും ഒരു പ്രതിഷേധവും ഉണ്ടായില്ല. എല്ലാ വരും നിശ്ശബ്ദരായി ഇറങ്ങിപ്പോയി കൂട്ടത്തിൽ ഞാനും.

വ്യ:നിങ്ങളെന്ത്‌ കരുതുന്നു? നിങ്ങളെപ്പോലെ മററു പലർക്കും അങ്ങനെ ഒരിളിഭ്യത തോന്നിയിരിക്കാനിടയില്ലേ?

താ: സാദ്ധ്യതയുണ്ട്‌.

വ്യ: നിങ്ങളെപ്പോലെ അവരും ഇറങ്ങിപ്പോയി. അവരെപ്പോലെ നിങ്ങൾ ഇറങ്ങിപ്പോയെന്നാണല്ലോ നിങ്ങളുടെ ഭാഷ്യം. പൊതുജന സ്വഭാവം അതാണ്‌. എന്ത്‌ കേട്ടാലും സംശയം ഉന്നയിക്കില്ല. ഹൃദയത്തിന്‌ സ്വീകാര്യമല്ലാത്ത കാര്യങ്ങളായാലും മൗനാനുവാദം നൽകും. മുസ്ലിയാക്കൾക്ക്‌ പൊതുമുസ്ലിംകളുടെ മേലുള്ള സ്വാധീനം എത്രമാത്രമുണ്ട്‌?

താ: പക്ഷെ മുസ്ലിയാർ ഒരു കാരണം പറഞ്ഞിട്ടുണ്ട്.അത്‌ വളരെ അധികം പേരെ സ്വാധീനിച്ചു കാണും.

വ്യ; അതെ, അതാണ്‌ ടെക്‌നിക്.

താ:നഹാസാഹിബ്‌ മുജാഹിദാണത്രെ. അത്‌കൊണ്ടു അദ്ദേഹത്തിന്ന്‌ സുന്നികൾ മയ്യിത്ത് നമസ്ക്കരിക്കരുതെന്നാണ്‌ ഖത്വീബ്‌ പറഞ്ഞത്‌.

വ്യ: ഒരാൾ മുജാഹിദാണെന്ന് കുറെ ആളുകൾ പറഞ്ഞാൽ അദ്ദേഹം പൊതുമുസ്ലിംകളുടെ പ്രാർത്ഥനക്ക് അർഹനല്ലാതായിത്തീരുന്നു എന്നാണല്ലൊ തെളിയുന്നത്‌.

താ: അത് ശരിതന്നെയാണ്‌.

ഈ സംവാദം ശ്രദ്ധിച്ചുകൊണ്ടിരുന്ന യുവാവ് അതിനിടയിൽ കടന്നുചോദിച്ചു.

യു: ഞങ്ങളുടെ പള്ളിയിലും ഈ പ്രശ്നമുണ്ടായി. അവിടെയും നിസ്‌കരിച്ചില്ല, അവിടെയും പ്രതിഷേധമില്ലാതെ എല്ലാവരും ഇറങ്ങിപ്പോ യി. മുസ്ലിയാർ പറഞ്ഞകാരണം ഇതല്ല.

താ: അവിടെ മുസ്ലിയാർ എന്താണ്‌ കാരണമായി പറഞ്ഞത്‌?

യു: നഹാസാഹിബിൻെറ തൗഹീദും സുന്നിമുസ്‌ലിംകളുടെ തൗഹീദും യോജിക്കുകയില്ല. ആകയാൽ തൗഹീദിൽ യോജിക്കാത്ത സുന്നിയല്ലാത്തവർക്ക് നിസ്‌കരിക്കാൻ പാടില്ലാ എന്നായിരുന്നു മുസ്‌ലിയാരുടെ വാദം.

താ: പിന്നെ എന്തുണ്ടായി?

യു: എന്തുണ്ടാവാൻ? ഒന്നും ഉണ്ടായില്ല.

താ: ആരും അതിനെപ്പററി പിന്നീട് സംസാരിച്ചില്ലേ?

മു: അവിടെ ഒന്നും ഉണ്ടായില്ല. പക്ഷെ ഞങ്ങളുടെ തൊട്ടടുത്ത മഹല്ലിൽ സംഗതി അല്പം വൃത്യാസപ്പെട്ടു. മുസ്ലിയാർ എന്തോ കാരണം പറഞ്ഞു നഹാക്ക്‌ നമസ്‌കരിച്ചില്ല. അതേ വെള്ളിയാഴ്ച വേറെ പത്തുപതിനെട്ടാളുകൾക്ക്‌ വേണ്ടി നമസ്‌കരിക്കയുണ്ടായി. അന്ന് ജന ങ്ങൾ മുസ്‌ലി യാർ കളിപ്പിക്കുന്ന കുരങ്ങുകളെപ്പോലെ ഇറങ്ങിപ്പോയി. പക്ഷെ ചില ആളുകളുടെയിടയിൽ അസുഖവും തുടർന്നു പിറു പിറുപ്പും ഉണ്ടായി. പിന്നെ അത് ഉച്ചത്തിലുള്ള പരസ്യസംസാരമായി വളർന്നു. അവസാനം അടുത്ത വെള്ളിയാഴ്ച നമസ്കരിക്കണം എന്ന ദൃഢനിശ്ചയത്തിൽ ചിലർ എത്തിച്ചേർന്നു. മഹല്ല് പ്രസിഡണ്ടും ആ അഭിപ്രായക്കാരനായത്‌ കൊണ്ടു” ജുമുആനന്തരം മുസ്‌ലിയാർ വഴി മാറിക്കൊടുത്തു. നമസ്‌കാരത്തിന്‌ തടസ്സം സൃഷ്ടിച്ചില്ല. മുസ്‌ല്യാരോ കേവല സുന്നിയോ അല്ലാത്ത ഒരു മഹല്ലാംഗം ഇമാമായി നിന്ന് നഹാക്ക്‌ മയ്യിത്‌ നമസ്‌കരിച്ചു.

വ്യ: നിങ്ങളുടെ മുസ്‌ലിയാർ ഒഴികെ ബാക്കി എല്ലാവരും നമസ്‌കരിച്ചു അല്ലേ?

യു: എല്ലാവരുമില്ല. മുസ്‌ലിയാരെപ്പോലെ ശരിയായ “സുന്നി”കളായ കുറച്ചാളുകൾ അദ്ദേഹത്തോടൊപ്പം ഒഴിഞ്ഞുനിന്നു. പക്ഷേ ഭൂരി പക്ഷം ആളുകളും പങ്കെടുത്തു.

വ്യ: അതായത്‌ ആ മഹല്ലിലെ ഭൂരിപക്ഷവും സുന്നികളല്ല എന്നാണല്ലോ ഇതിൽനിന്നും വ്യക്തമാകുന്നത്.

യു: അങ്ങനെയല്ല മുജാഹിദ്‌, ജമാഅത്ത്‌ ആശയക്കാർ ആ മഹല്ലിൽ കുറവേയുള്ളു. അവർ സുന്നികളാണെങ്കിലും ഒരു വൃക്തിക്ക്‌ നമ സ്കരിച്ചില്ലാ എന്ന കാര്യത്തിൽ മുസ്‌ലിയാരോടും അവർക്ക്‌ വെറുപ്പുണ്ട്‌. എന്നാണ്‌ ജനങ്ങൾ പറയുന്നത്‌. അത്‌കൊണ്ടാണ്‌ മുസ്‌ല്യാരുടെ നിസ്സഹകരണം വകവെക്കാതെ അവർ നിസ്‌കരിച്ചതു൦.

വ്യ: ജനങ്ങൾക്ക്‌ വെറുപ്പുണ്ടെങ്കിൽ ആ വ്യക്തി അവരുടെ ഇമാമായും ഖതീബായും തുടരുന്നത് ഭംഗിയല്ലല്ലൊ. ജനങ്ങളുടെ ഹിതത്തി നൊ ത്തു നിന്നില്ലാ അല്ലെങ്കിൽ അവരുടെ വികാരത്തെ മാനിച്ചില്ല എന്ന കാരണത്താൽ ആ ഖത്വീബിനെ പിരിച്ചു വിടേണ്ടതാണ്‌. മറ്റൊരു വശത്തുകൂടി നോക്കുമ്പോൾ ജനങ്ങൾ തൻെറ ഉപദേശം സ്വീകരിച്ചില്ല അല്ലെങ്കിൽ തൻെറ വീക്ഷണത്തോടു യോജിപ്പില്ല എന്ന കാരണത്താൽ ഖത്വീബ്‌ സ്വയം സ്‌ഥനേഹമൊഴിഞ്ഞു പോകേണ്ടതായിരുന്നു.

യു: ഇത്‌ രണ്ടും നടന്നില്ലാ അവിടെ പഴയപടികാര്യങ്ങൾ നടന്നുപോകുന്നു എന്നാണറിയുന്നത്‌.

താ: ഇവിടെ മുജാഹിദ്‌ എന്ന കാരണം പറഞ്ഞാണ് മുസ്ലിയാർ ഒഴിഞ്ഞത്‌. മുജാഹിദിന് നിസ്കരിച്ചുകൂടെന്ന്‌.

വ്യ: മയ്യിത് നമസ്കാരം ആ മരിച്ച വ്യക്തിക്ക്‌ വേണ്ടിയുള്ള ഒരു പ്രാർത്ഥനയാണ്‌. അയാളുടെ പരലോകജീവിതം സുഖകരമാക്കിത്തീർ ക്കാൻ അവിടെ നേരിടേണ്ടിവരുന്ന ക്ലേശങ്ങൾ ലഘൂകരിച്ചുകൊടുക്കാൻ. ഈ ബാദ്ധ്യത മുസ്ലീംകൾ അന്യോന്യമുള്ള ബാദ്ധൃതയാണ്‌. ആ ബാദ്ധ്യത അന്യോന്യം നിറവേറ്റേണ്ടതുണ്ട്. നിർബന്ധകടമയും കൂടിയാണത്‌. എന്നാൽ ആ നിർബന്ധ കടമ ഒരു വ്യക്തിയെ സംബന്ധി ച്ചും ഒഴിവ്‌ പറഞ്ഞിട്ടില്ല ഇസ്ലാമീകനിയമം അതാണ്‌. സ്ഥിതിഗതികൾ അങ്ങനെയായിരിക്കെ ഒരു മുസ്‌ലീം സഹോദരന്ന്‌ ആ പ്രാർത്ഥന നിഷേധിക്കുകയെന്നത്‌ അത്രചെറിയ സംഗതിയല്ല, വ്യാപകമായ ഒരർത്ഥമുണ്ട് ആ പ്രവൃത്തിക്ക്‌.

താ: മററു മുസ്ലീംകളെപ്പോലെ ഒരു തികഞ്ഞ സാഹോദര്യമോ സമത്വമോ കാണിച്ചില്ല എന്നതാണ്‌ വസ്തുത.

വ്യ: സുബഹാനള്ള നിങ്ങളെന്താണിപ്പറയുന്നത്‌? അത്ര ചെറുതല്ല കാര്യംകെട്ടോ . മുസ്ലിയാർ നഹാസാഹിബിനെ മുജാഹിദെന്ന്‌ മാത്രം പറഞ്ഞുവിട്ടതാണ്‌. ലളിതമായഭാഷയിൽ കൈക്കുന്ന സാധനം മധുരംപുരട്ടി പറഞ്ഞതാണത്. ഉള്ളിലിരിപ്പ്‌ വേറെയാണ്‌. വളരെ വ്യാപ കവും അഗാധവുമായ ആശയം അതിലടക്കം ചെയ്യപ്പെട്ടിരിക്കുന്നു. നിങ്ങൾ ചിന്തിക്കുക സഹോദര സമത്വനിഷേധം എന്ന് നിങ്ങൾ ല ഘുവായി ചിത്രീകരിച്ചു. പോര പരലോക സൗഖ്യത്തിനുള്ള പ്രാർത്ഥനക്ക്‌ അദ്ദേഹം അർഹനല്ലെന്ന് പ്രവൃത്തികൊണ്ടു മുസലിയാർ കാണിച്ചു.. അത്ഥം മനസ്സിലാക്കാത്ത നമ്മുടെ മഹല്ല്‌ നിവാസികൾ അത്‌ അനുവർത്തിച്ചു. പരലോക സൗഭാഗ്യത്തിന്‌ വേണ്ടി മുസ്ലീം കൾ പ്രാർത്ഥിക്കരുത്‌. എന്ന കല്പന ആരെപ്പറ്റിയാണെന്നറിയാമോ കാഫിറിനെപ്പററി. ഒരു അമുസ്‌ലിമിന്‌ വേണ്ടി അങ്ങനെ പ്രാർത്ഥി ക്കരുത്‌. അപ്പോഴെന്തായി നഹാസാഹിബ് കാഫിറാണെന്ന് വ്യംഗ്യാർത്ഥം. പക്ഷെ അദ്ദേഹം കാഫിറാണെന്ന് തുറന്നടിക്കാൻ മുസ്ലിയാർ ഒരുങ്ങിയില്ല പെട്ടെന്ന് ജനങ്ങൾ പ്രകോപിതരാകും എന്ന് മുസ്ലിയാർക്കറിയാം. നയത്തിൽ കാര്യം പററിച്ചു. ഞെട്ടൽ സൃഷ്ടിക്കാതെ ജനങ്ങളെ വശീകരിച്ചു.

താ: ഇത്ര ഗൗരവം ആ വാക്കിനും പ്രവൃത്തിക്കും ഉണ്ടെന്നു ഞാൻ മനസിലാക്കിയിട്ടില്ല. ഒരു പക്ഷെ ആരും മനസ്സിലാക്കിയിരിക്കാനിട യില്ല.

യു: അതിൻെറ ഗൗരവം മനസ്സിലാക്കിയപ്പോഴാണ്‌ എൻറെ അടുത്ത മഹല്ലിൽ പിറേറ വെള്ളിയാഴ്ച നിസ്കരിച്ചത്‌.

വ്യ: അത്‌ പിന്നേയും കൊള്ളാം.അന്നിവിടെ അതും ഉണ്ടായില്ല എത്രയോ മഹല്ലിൽ നിസ്കരിച്ചില്ലല്ലോ എന്ന മറുപടിയാണ് വല്ലതും ഒഴിഞ്ഞു പോയോ. ചോദിച്ചാൽ കിട്ടുക എൻെറ സ്നേഹിതൻ ഈ സുന്നത്ത് താടിയുള്ള അമ്പത്കാരനും ആ മറുപടിയാണ് പറഞ്ഞത്.

താ: വാസ്തവം എനിക്കിപ്പോൾ ലജ്ജ തോന്നുന്നു. ഈ വിഷയം അത്രമാത്രം ഗൗരവമുള്ളതായി എനിക്ക് തോന്നിയിരുന്നില്ല.

വൃ: തൗഹീദിൽ വിശ്വസിക്കുകയും നമസ്‌കാരാദികർമ്മങ്ങൾ യഥായോഗ്യം നിർവ്വഹിക്കുകയും ചെയ്യുന്ന ഒരു മുസ്ലിമിനെ കാഫിറാക്കി യാൽ എന്താണതിൻെറ പ്രത്യാഘാതം? പറയപ്പെട്ട ആൾ കാഫിറല്ലെങ്കിൽ പറഞ്ഞ ആൾ കാഫിറാകും എന്നാണ് സ്‌ലാമിക മതവിധി. /പ്പോൾ നമുക്കറിയേണ്ടത് മുസ്ല്യാരോ നഹാസാഹിബോ ആരാണ്‌ കാഫിറെന്നാണ്‌.

താ: തൗഹീദ്‌ തെറ്റിക്കഴിഞ്ഞാൽ ഇസ്‌ലാമിയത്ത്‌ പോയില്ലെ. നഹായുടെ തൗഹീദ്‌ വ്യത്യാസമുണ്ടെന്നല്ലേ പറഞ്ഞത്‌?

യു: മുസ്ല്യാരുടെ തൗഹീദും നഹായുടെ തൗഹീദും യോജിക്കുകയില്ലെന്നാണ് ഞങ്ങളുടെ ഖത്വീബ്‌ പറഞ്ഞത്‌.

വൃ: അപ്പോൾ ചിന്തിക്കേണ്ടത്‌ ആരുടെ തൗഹീദാണ് ശരിയെന്നതാണ്.

താ: സുന്നികളുടെ തൗഹീദോ മുജാഹിദുകളുടെ തൗഹീദോ ഏതാണ്‌ ശരി? അതാണ്‌ പ്രശ്‍നം.

യു: സംഗതി അവിടെയൊന്നുമല്ല കിടക്കുന്നത്‌. ഞാൻ ഈ വിഷയത്തെക്കുറിച്ച്‌ പല മഹല്ലുകളിലും അന്വേഷിക്കുകയുണ്ടായി. ചില മഹല്ലുകളിൽ മഹല്ല് കമ്മിററികൾ പിളരുകയും ജനങ്ങൾ രണ്ടു ചേരിയായിത്തിരിയുകയും ചെയ്തിട്ടുണ്ട്. നഹാസാഹിബിൻെറ മരണം ഉണ്ടാക്കിയ പ്രതിദ്ധ്വനി അതിരിക്കട്ടെ ഞാൻ മനസ്സിലാക്കിയ ഒരു രഹസ്യം പറയാം രഹസ്യമല്ലാ ഒരു പക്ഷെ പരസ്യമായിരിക്കാം. ഒരു പ്രസംഗത്തിൽ നഹാസാഹിബ്‌ പറയുകയുണ്ടായത്രെ മലബാറിലെ സുന്നീപണ്ഡിതന്മാർ തൗഹീദിനെക്കുറിച്ച്‌ നല്ലവണ്ണം പഠിക്കണമെന്ന്. ഈ അർത്ഥം വരുന്ന എന്തോ അദ്ദേഹം പറഞ്ഞു സുന്നീ പണ്ഡിതന്മാർക്ക്‌ അതൊരവഹേളനമായിട്ടല്ലേ തോന്നുകയുള്ളു. ഇസ്‌ലാമിൻെറ കുത്തക കയ്യിലേന്തി തങ്ങൾ മാത്രമാണ് യഥാർത്ഥ മുസ്ലിംകൾ മററു ഭിന്നാഭിപ്രായക്കാരെല്ലാം പിഴച്ചവരാണെന്ന് ഉൽഘോഷിക്കുന്ന ആ സുന്നീ പണ്‌ഡിതന്മാർ തൗഹീദിനെപ്പററി ശരിക്കും പഠിച്ചിട്ടില്ല എന്ന് 'മുസ്ലിയാ'രല്ലാത്ത ഒരു വ്യക്തി പറഞ്ഞാൽ അയാളെ അവർ വെറുതെ വിടുമോ? ആ പകയാണ്‌ നഹാ സാഹിബിനോട് ഇങ്ങനെ പെരുമാറാൻ സുന്നി പണ്ഡിതന്മാരെ പ്രേരിപ്പിച്ചത്‌ എന്ന് മനസ്സി ലാകുന്നു. മാത്രമല്ല നേരത്തെ ഇത്തരം തീരുമാനം അവരെടുത്തുകാണും അല്ലാതെ പല മഹല്ലുകളിൽ പ്രവർത്തന ശൈലിയിൽ ഐക രൂപ്യം കാണുമായിരുന്നില്ല. നഹായെന്നല്ല ജമാഅത്തുകാരനോ,മുജാഹിദോ ഇനത്തിൽപ്പെട്ട അറിയപ്പെട്ട വ്യക്തികളെ ഇങ്ങനെ “മരണാ നന്തര ബഹുമതി" കൊടുത്ത്‌ അപമാനിക്കാൻ അവർ നിശ്ചയിച്ചിട്ടുണ്ടാവണം. അവരോട്‌ സലാം ചൊല്ലരുത്‌ എന്നും മററു വിലക്കുകളും ഉണ്ടല്ലൊ.

വ്യ: ശരിയാണ്‌ കെട്ടോ. ഭൂമിയിൽ കാണുമ്പോൾ അവരെ "അയിത്തം" കല്പിച്ചു അകററി നിർത്തണം, അത്‌ കൂടാതെ മരിച്ചാലും വിട രുത്‌ എന്നാണ്‌ “ആ സ്വർഗ്ഗാവകാശി'കളുടെ തീരുമാനം. നോക്കൂ, ആഴ്ചതോറും എവിടെയെല്ലാമുള്ള എന്തെല്പാം തരക്കാർക്കാണ് പള്ളി യിൽ മയ്യിത്‌ നിസ്കരിക്കുന്നത്‌. ഒരു കാർഡ്‌ കിട്ടിയാൽ മതി. അവരൊക്കെ “യഥാർത്ഥമുസലി"മൊ, മുജാഹിദോ, ജമാഅത്തോ എന്ന് ഈ മുസ്‌ലിയാക്കൾ ചിന്തിക്കാറില്ല.ഒരു നിലക്ക്‌ ചിന്തിക്കേണ്ട ആവശ്യമില്ല. മുസ്ലിം നാമധാരിയായാൽ മതി. മദ്യപാനികളും, വ്യഭിചാ രികളും, വഞ്ചകന്മാരും, തരികസ്സാത്തുകളും അങ്ങനെ എല്ലാത്തരത്തിലുള്ള അയോഗൃതകൾ ഒന്നുകൂടിക്കിടക്കുന്ന മുസ്ലിം നാമധാരി കൾക്കും സലാം ചൊല്ലാം,മയ്യിത്‌ നിസ്കരിക്കാം, അവർക്ക്‌ ഓത്തുംദിക്റും അടിയന്തിരവും നടത്തി ചോറും കാശും സമ്പാദിക്കാം, ഒരു വിരോധവുമില്ലാ ആകെകൂടി മുജാഹിദ്, ജമാഅത്ത്‌ എന്നിവ കേട്ടാൽ വെറളിയായി, അവർക്ക്‌ ഭ്രഷ്ട്. മനുഷ്യാ, നീ ചെയ്യുന്നതെന്താ ണെന്ന് നീ അറിയുന്നുണ്ടോ?

യു: സുന്നി പണ്ഡിതന്മാരോട് തൗഹീദ്‌ പഠിക്കാൻ കൽപ്പിക്കുമ്പോൾ, നഹാസാഹിബ് പഠിച്ച തൗഹീദ്‌ സുന്നി മുസ്‌ല്യാക്കളുടെ *ശരി യായ” തൗഹീദിൽനിന്നും വിഭിന്നമാണെന്നും വ്യക്തമാണല്ലൊ. അപ്പോൾ നഹായുടേത്‌ തെറ്റ് എന്നല്ലേ പറയേണ്ടത്‌,

വ്യ: വിഷയം അങ്ങനെ വലുതായിക്കൊണ്ടേ വരുന്നു. നാം ഇങ്ങന്നെ സംസാരിച്ചിട്ടുകാര്യമില്ല. ഇവർ കുറേപേർ അദ്ദേഹത്തിനുവേണ്ടി നമസ്കരിച്ചില്ലാ എന്ന കാരണത്താൽ അല്ലാഹുവിൻെറ മുമ്പിൽ അദ്ദേഹത്തിനുള്ള പദവിക്ക് മാററം വരുന്നതല്ല എന്ന് നമുക്ക് ആശ്വസി ക്കാം . ഒരു കാര്യം നാം മനസ്സിലാക്കണം. നഹാ എന്താണെന്ന് എനിക്കറിയില്ല. മുജാഹിദോ, ജമാഅത്തോ, സുന്നിയോ--അദ്ദേഹം പറഞ്ഞിട്ടുണ്ടാവാം, സുന്നികളിൽ ശിർകിൻെറ അംശം കലർന്നിട്ടുള്ള ധാരാളം ആചാരങ്ങളെ അനുഗ്രഹിക്കുന്നതും പോഷിപ്പിച്ചു വളർത്തുന്നതും സുന്നിപണ്ഡിതന്മാരാണ്. ബഹുജനങ്ങളേക്കാൾ അക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്വം പണ്ഡിതന്മാർക്കാണല്ലൊ. അത്തരം ശിർക്കുകളിൽ നിന്ന് ഈ പണ്ഡിതന്മാർ ഒഴിഞ്ഞുമാറാത്ത അവസ്ഥ നഹായെ വേദനിപ്പിച്ചിരിക്കും. തൗഹീദിന്‌ അനുയോജ്യ മല്ലാത്ത അത്തരം ശിർകിൽനിന്നു൦ ഒഴിഞ്ഞുമാറാൻ അവരോടു ഉപദേശിച്ചിട്ടുണ്ടാവും. തൗഹീദ്‌ ഉറക്കുമ്പോൾ ശിർക്കിന്‌ ഇളക്കം പററുമല്ലൊ. അതാണ്‌ തൗഹീദ്‌ പഠിക്കാൻ പറഞ്ഞത്‌. ഇത്ര വേദനിക്കാനും ഇങ്ങനെ പകരം വീട്ടാനു൦ മാത്രം അപകടകാരിയായ ഒരു സംഗതിയാണോ നഹായുടെ ആ ഉപദേശം!

താ: മുസ്ലിയാക്കൾ ശിർക്‌ ചെയ്യുന്നുണ്ടെന്നല്ലെ പറഞ്ഞത്‌? അവരാണെങ്കിൽ “യഥാർത്ഥ”ക്കാരെന്ന് ഉത്ഘോഷിക്കുന്നു.

യു: ഇത്തിരി ഗൗരവമുണ്ട്‌. ശിർക്ക്‌ ചെയ്യുന്നു എന്ന് പറഞ്ഞാൽ മുശ്‌രികായിത്തീരുന്നു എന്നർത്ഥം. അപ്പോൾ സുന്നീ മുസ്ലിയാക്കളേ യും അവരുടെ എല്ലാം അനുസരിച്ചു അവരെ എല്ലാംകൊണ്ടും പിൻപററി നടക്കുന്ന മുസ്ലിം ബഹുജനങ്ങളേയും മുശ്‌രിക് എന്ന് വിളിക്കു കയല്ലേ നഹാസാഹിബ്‌ ചെയ്തത്‌. ആ വാക്ക്‌ ഉപയോഗിച്ചില്ലെന്നല്ലേയുള്ളു.

വ്യ: അത്‌ ശരി. സുന്നി മുസ്ലിയാക്കൾ അദ്ദേഹത്തെ കാഫിറെന്ന് പറയാതെ മുജാഹിദ്‌ എന്നോ പ്രാർത്ഥന അർഹിക്കാത്തവൻ എന്നോ പറഞ്ഞപോലെ. മുശ്‌രീക്കീങ്ങൾ എന്‌ വിളിച്ചില്ല. തൗഹീദ്‌ മനസ്സിലാക്കിയത്‌ ശരിക്കല്ല എന്ന് മിനുക്കിപ്പറഞ്ഞു.

താ: അത്‌ ശരിയാണോ? പാരമ്പര്യ ആലിമീങ്ങളും നൂററാണ്ടുകളായി മുസ്ലിം സമുദായത്തിന്‌ മതവിജ്ഞാനം പകർന്നു കൊടുത്തു കൊണ്ടിരുന്നവരും ഏത്‌ നിലക്കും ഇസ്ലാമിൻെറ വക്താക്കളാകാൻ അർഹതയുള്ളവരുമായ സുന്നീ പണ്ഡിതന്മാരെ “മുശ്‌രീകീങ്ങൾ" എന്ന് പറയുന്നത്‌ ക്ഷന്തവ്യമാണോ? അതവർ സഹിക്കുമോ? കാഫിറാക്കൽതന്നെ അവരുടെ നോട്ടത്തിൽ ചെറിയ ശിക്ഷയേ ആവുക യുള്ളു. പരലോകത്തിൽ അവരുടെ സ്വാധീനം ചെലുത്താൻ സാധിക്കുമായിരുന്നെങ്കിൽ അവർ എന്ത്‌ ചെയ്യുമെന്ന് നമുക്ക് ഊഹിക്കാം.

വ്യ: നിങ്ങളൊന്നു മനസ്സിലാക്കണം മുശ്‌രിക് എന്ന് പറയുന്നതിൽ അത്രയൊന്നും പരിഭ്രാന്തരാകേണ്ടതില്ല. നാമൊക്കെ ഒരളവിൽ മുശ്‌രി ക്കീങ്ങളാണ്. നാമറിയാതെ ശിർകിൻെറ ഏതെങ്കിലും ഒരു രൂപം നമ്മുടെ സ്വഭാവത്തിൽ ഇഴുകിച്ചേർന്നിട്ടുണ്ടാകും.ഞാനത്‌ വർണ്ണിക്കു ന്നില്ല. അല്ലാഹു ഖുർആനിൽപ്പറയുന്നത്‌ കേൾക്കൂ. നിങ്ങളിൽ അധികവും മുശ്രിക്കീങ്ങളായിട്ടല്ലാതെ വിശ്വാസികളാകുന്നില്ല എന്നാണ്‌ അത്‌ നിഷേധിക്കാൻ പററുകയില്ലല്ലൊ. ശിർക്ക്‌ ശിർക്ക്‌ ബഹുഭൂരിപക്ഷത്തിലും ഉണ്ട്. നബി(സ) എന്ത് പറഞ്ഞു, എൻെറ ഉമ്മത്തിൽ ശിർകിനെ ഞാൻ ഭയപ്പെടുന്നു എന്താ അതിനർത്ഥം? ശിർക്‌ കടന്നുകൂടാവുന്ന സാഹചര്യം ഭാവിയിൽ ഉണ്ടാകും എന്നല്ലെ? ആ സാഹ ചര്യം ഉണ്ടായി. ശിർക്ക് കടന്നുകൂടി. എല്ലാവരും -ചിലരൊഴികെ-ഓരോ നിലയിൽ മുശ്രിക്കായി, അത്‌ ശുദ്ധീകരിച്ചു തൗഹീദുകാരായി രൂപാന്തരപ്പെടാ൯ നാം ഓരോരുത്തരും ശ്രമിക്കണം. ഈ ആശയത്തിലെന്താണ് തെററ്‌?

താ: ഇപ്പോൾ ശരിയായി. നഹാപറഞ്ഞതിൽ തെറ്റൊന്നുമില്ല. ഈ മുസ്ലിയാക്കളുടെ നയമാണ്‌ തെറ്റ്, വ്യകതി വിദ്വേഷം ഒന്നുമാത്രമാണ്‌ അവരെ ഇതിന് പ്രേരിപ്പിച്ചത്‌ എന്നതിൽ സംശയമില്ല. മാത്രമല്ല ആ തെററായനയം നടപ്പിലാക്കാൻ പാവപ്പെട്ട അജ്ഞരായ എന്നെപ്പോലെ യുള്ള ബഹുജനങ്ങളേയും കൂട്ടു പിടിച്ചിരിക്കുന്നു. മയ്യിത്‌ നമസ്‌കരിച്ചാലുള്ള കൂലി എത്രപേർക്ക്‌ ഇവർകാരണം നഷ്‌ടപ്പെട്ടു. മനക്ലേ ശവും.

യു: ഒരു മഹല്ലിലെ ഖത്വീബിനെ മാററിയിട്ടുണ്ടെന്ന് കേട്ടു കുറച്ചു ചിന്തിക്കുന്നവൻ അവിടെയുണ്ടെന്ന് തോന്നുന്നു.

വ്യ: മുസ്ലിമിന്‌ നമസ്‌കാരം വിലക്കുന്ന മുസ്ലിയാരെ മഹല്ലിൽനിന്ന് വിലക്കണം മുസ്ലിംകളുടെ അദ്ധ്യാത്മ ഗുരുക്കന്മാരായി സന്മാർഗ്ഗ ദർശികളായി പരിലസിക്കേണ്ടവരായ ഈ പണ്‌ഡിതന്മാർ അല്ലാഹുവിൻെറ പേരുംപറഞ്ഞു ജനങ്ങളെ വഴിതെററിക്കുകയും അന്യോന്യം ശത്രുക്കളാക്കി നാട്ടിൽ കലാപം സൃഷ്‌ടിക്കുകയുമല്ലേ ചെയ്യുന്നത്‌? ഇത്തരക്കാർ പള്ളികളിൽ നിന്ന് പുറത്ത്‌ പോണം, ജനങ്ങൾ അവരു ടെ സ്വാധീന വലയത്തിൽ നിന്ന് മോചിതരാവുകയും വേണം.

താ: എനിക്ക്‌ ഇപ്പോഴാണ്‌ ചൂടാവുന്നത്‌. കാര്യം ഇപ്പോഴാണ്‌ ശരിക്കും മനസ്സിലാകുന്നത്‌.

വ്യ: ചൂടായ നിങ്ങളെ പഴുപ്പിച്ചുതരാം. കേൾക്കുവിൻ--നഹാസാഹിബിൻെറ മയ്യിത്‌ നമസ്‌കരിച്ച അറിയപ്പെടുന്ന വ്യക്‌തികളിൽ പാണ ക്കാട്ടെ ശിഹാബ് തങ്ങളും ഉമർബാഫഖീതങ്ങളും മററുപല ഉന്നതശീർഷന്മാരും പെടുന്നു. അവരുടെ തൗഹീദും നഹായുടെ തൗഹീദും സംഘട്ടനത്തിലല്ല. അപ്പോൾ ശത്രുവിൻെറ മിത്രംശത്രു എന്ന ന്യായേന നഹാക്ക്‌ നമസ്കരിച്ച തങ്ങൻന്മാരുടെ തൗഹീദും സംഘട്ടനത്തിലാ ണെന്നു സിദ്ധിക്കുന്നു. എന്താണ്‌ ഫലം? അവരും നഹായെപ്പോലെ തള്ളപ്പെടും എന്നർത്ഥം.

താ: പടച്ചോനെ വല്ലാത്ത കുടുക്കത്തിലായല്ലൊ കാര്യങ്ങൾ.

വ്യ: തീർന്നിട്ടില്ല താടിക്കാരാ, ജീവിച്ചിരിക്കുമ്പോൾ ഒന്നും പറയില്ല. നഹാസാഹിബ്‌ മരിച്ചപ്പോൾ അദ്ദേഹത്തെപ്പററിയുള്ള വിധി പുറ ത്തായി ജനങ്ങൾ നടപ്പാക്കി. അത്‌ പോലെ ഞാനും താനും ഇപ്പോൾ അവരുടെ കൂടെ അവരിൽപ്പെട്ടവരെപ്പോലെ സമൂഹത്തിൽ കഴിയു ന്നു. പക്ഷെ നമ്മുടെ അന്ത്യഘട്ടത്തിൽ ഈ മുസ്‌ല്യാർ നമ്മെപ്പറ്റി എന്ത്‌ പറയുമെന്ന് ഇപ്പോൾ അറിയാമോ?

താ: അതറിയാൻ കഴിയില്ലല്ലോ നമ്മളെ പററിച്ചുകളയുമോ?

വ്യ: അതാണ്‌ ഞാൻ ആദ്യം പറഞ്ഞത്‌. മുസ്‌ല്യാർ എന്ത് പ്രസംഗിച്ചാലും ഞാൻ കമ എന്ന് ശബ്‌ദിക്കയില്ല. വല്ലതും പറഞ്ഞു എതിർത്തു പോയാൽ ഉടനെ നമുക്ക് മുദ്രകുത്തും-മുജാഹിദ്‌ അല്ലെങ്കിൽ ജമാഅത്ത്‌. അറിഞ്ഞോ? ഇപ്പോൾ ഒന്നും പരസ്യമായിപ്പറയില്ല. സ്വകാര്യ മായി ഓരോരുത്തരോടും പറയും. അത്‌ മനസ്സിൽ വെച്ചുകൊണ്ടു അവരെക്കെയും നമ്മോട്‌ ചിരിച്ചുകളിച്ചും ഒപ്പിച്ചുപറഞ്ഞും സ്നേഹ ത്തിൽ കഴിഞ്ഞുകൂടും. അല്ലാഹുവിൻെറ കല്പനക്ക്‌ നമ്മൾ മരണപ്പെട്ടാൽ കാണാം മുസ്‌ല്യാരെ രംഗത്ത്; കേൾക്കാം അദ്ദേഹത്തിൻെറ പ്രഖ്യാപനം. നമ്മുടെ സുന്നിയിൽപ്പെട്ട ആളല്ല. സ്വർഗ്ഗാവകാശിയല്ല. പ്രാർത്ഥന അർഹിക്കുന്നില്ല. ആരും അയാളുടെ മയ്യിത് നമസ്കരി ക്കരുത്‌ മുസ്‌ല്യാർ അങ്ങനെ പറഞ്ഞാൽ പിന്നെ ഏത്‌ കോഴിയാ നമുക്ക്‌ വേണ്ടി മയ്യിത്‌ നമസ്കാരം നിറവേററുക? ഒരു പക്ഷെ മുസ്ലിം ഖബർസ്‌ഥാനിൽ നമ്മെ മറവ് ചെയ്യാനും മുസ്‌ല്യാർ അനുവദിച്ചെന്നു വരില്ല. മുസ്‌ല്യാരുടെ കയ്യിലെ കുരങ്ങുകളായ നാട്ടുകാർ നമ്മുടെ സഹോദരർ, ബന്ധുക്കൾ, അയൽവാസികൾ, സുഹൃത്തുക്കൾ_എതിർത്തെന്നും വരില്ല. അപ്പോൾ നമ്മുടെ പുരയുടെ തെക്കേപ്പുറത്ത് നമ്മുടെ ഖബർസ്ഥാൻ. മുസ്‌ലിയാരുടെ ഭാഷയിൽ ശവക്കുഴി.

താ: അള്ളോ, എൻെറള്ളോ, മതിമതി, ഇനിയൊന്നും പറയല്ലെ. പഴ്ക്കുകമാത്രമല്പ. ഉരുകിക്കഴിഞ്ഞു ഇനി ഞാൻ ആവിയായി ഇല്ലാ തെയാകും. ഹലാക്ക്‌. നബി പറഞ്ഞിട്ടുണ്ടല്ലോ. ഒരു കാലംവരും "ഉലമാഉഹും ശർറുമ്മിൻതഹ്തി അദീമിസ്സമാഅ" അക്കാലത്തെ പണ്‌ഡി തൻമാർ അപകടകാരികളാണൈന്ന് പടച്ചോനേ ഈ മുസ്‌ലിയാൻമാരുടെ ശർറിൽനിന്ന് അറിവില്ലിത്ത ഞങ്ങളെ നീ രക്ഷിക്കണേ.

നരകം ഹൗസ് ഫുൾ

[തിരുത്തുക]

വല്ലാതെ ക്ഷീണം തോന്നിയ ഒരു ദിവസം നീണ്ട വിശ്രമം കരുതിക്കൊണ്ടു പള്ളിയിൽ പുറത്തെ ചരുവിൽ കിടക്കുകയായിരുന്നു. മദ്ധ്യാഹ്ന നമസ്കാരംവരെ വിശ്രമസമയം സ്വപ്നം കണ്ടെത്താൻ നിരാശനായി. കാരണം എനിക്കുള്ള വിഭവങ്ങൾ തെയ്യാറാവുകയാണ്.

ഒരു പൊക്കമുള്ള മനുഷ്യൻ കയറിവന്നു. കതകുംചാരി കാററുകൊണ്ടിരിപ്പായി. അല്പ നിമിഷങ്ങൾക്കുള്ളിൽ അകത്ത് നിന്ന് ഒരു കുറുകിയ മനുഷ്യൻ പുറത്തേക്ക് വന്നു. ഇവർ രണ്ടുചേരും സലാം ചൊല്ലി സംസാരം തുടങ്ങി. പ്രാരംഭ സംവാദത്തിൽനിന്നു മനസ്സി ലായത് പൊക്കമുള്ള മനുഷ്യൻ എവിടെയോ ഒരു യാത്രകഴിഞ്ഞു ആശ്വസിക്കാൻ കയറിയതാണ്. മറ്റേയാൾ ളുഹാ നമസ്കാരം കഴിഞ്ഞു പോകാനുള്ള ഒരുക്കത്തിലും.

വിദൂരവാസികളായ പഴയ സ്നേഹിതന്മാരാണെന്നും ആശയാദർശങ്ങളിലുള്ള സമാനത നിമിത്തം അസാധാരണമായ സാഹോദര്യ ബന്ധം നിലനിർത്തുന്നവരാണെന്നും അവരുടെ സംഭാഷണം വ്യക്തമാക്കി.

പെട്ടെന്ന് അവരുടെ സംഭാഷണം മറെറാരു പാതയിലേക്ക് തിരിഞ്ഞു അപ്പൊഴാണ്‌ എനിക്ക്‌ ജോലിയായത്‌.

പൊക്കമുള്ള മനുഷ്യൻ; നിങ്ങളെന്ത്‌കൊണ്ട്‌ ജനമേറാപ്പറമ്പിലെ യോഗത്തിൽ വന്നില്ല? ഞാൻ അവിടെ പ്രതീക്ഷിച്ചു.

കുറുകിയ മനുഷ്യൻ: അതിൽ പങ്കെടുത്തില്ലല്ലൊ. എന്ന് എനിക്കും വല്ലാത്ത നിരാശയുണ്ട്‌. അനിവാര്യമായ മറൊരു കാര്യത്തിൽ അന്നേ ദിവസം എനിക്ക്‌ ബന്ധപ്പെടേണ്ടിവന്നു.

പൊ: അന്ന് ആ യോഗത്തിൽ അവർ പറഞ്ഞതിൽ ഏതാണ്ടൊക്കെ സംഭവിച്ചു തുടങ്ങിയിരിക്കുന്നു. ഇസ്‌ലാമിൻെറ പേരുപറഞ്ഞു എന്തൊക്കെയാണ്‌ അവർ ചെയ്തു കൂട്ടുന്നത്‌?

കു: ഇതുവരെ വിതച്ചത്‌ ഇപ്പോഴാണ്‌ കൊയ്യാൻ തൂടങ്ങിയത്‌. എല്ലാവരേയും കാഫിറാക്കിക്കഴിഞ്ഞു. ഇപ്പോൾ സ്വയം അന്യോന്യം കാഫിറാക്കിത്തുടങ്ങി.

പൊ: കാര്യപ്പെട്ട ആരുടെയോ ശാപം ഇവർക്ക്‌ ഫലിച്ചിട്ടുണ്ട്.അല്ലെങ്കിൽ പേരെടുത്ത ഈ പണ്ഡിതന്മാർ ഇങ്ങനെ തല്ലിപ്പിരിയണോ? അതോടെ സമൂഹവും നടുങ്ങിക്കഴിയുകയല്ലേ?

കു: ജമാ-മുജയോടുളള എതിർപ്പും ശത്രുതയും എത്രമാത്രം ശക്തിയുള്ളതും ആഴമേറിയതുമാണെന്നോർത്തുനോക്കൂ. പൊതുനൻമ ക്കായാൽ പോലും അവരുമായി സുന്നികൾ ഒരു സാഹചര്യത്തിലും സഹകരിക്കരുത്‌ എന്ന കാര്യത്തിൽ എന്തൊരു നിർബന്ധം. സ്വ യം നശിച്ചാലും അപമാനിതരായാലും സഹിക്കാം. ഇവരുമായി കൂടിയിട്ടു ഒരു നന്മയും കരസ്ഥമാക്കണ്ട, എത്ര വലിയ തിന്മയും സ ഹിക്കാൻ മടിക്കയും വേണ്ട. സഹനം ദീനിന്‌ വേണ്ടി ചെയ്യുന്ന സേവനമാണെന്നാണ്‌ ഈ “സുന്നി“കളുടെ വിശ്വാസം.

പൊ: റസൂൽ തിരുമേനി അമുസ്‌ലിംകളുമായി മിനിമം പരിപാടിയിൽ യോജിച്ച്‌ സഹവർത്തിക്കാൻ തയ്യാറായിരുന്നു. എന്നാൽ അല്ലാ ഹുവിലും റസൂലിലും വിശ്വസിച്ചു ഖുർആനിലെ കല്പനയനുസരിച്ച്‌ കഴിയുന്ന അളവിൽ നല്ല മുസ്ലിമായി ജീവിക്കുന്ന സഹോദരങ്ങളെ പച്ചയായി കാഫിറെന്ന് പറഞ്ഞുതള്ളാൻ ഒരു മടിയും ഈ “സുന്നി“കൾക്കില്ലാതായല്ലൊ. അവരെ പിൻപററുന്ന സാധാരണക്കാരായ മുസ്ലിം സഹോദരങ്ങളെക്കൊണ്ട് ഇവർ എന്തൊക്കെപറയിപ്പിക്കുന്നു? എന്തൊക്കെ ചെയ്യിപ്പിക്കുന്നു? അതിൻെറ പാപഭാരങ്ങൾ ഇപ്പോൾ അവരുടെ പിരടിയിൽത്തന്നെ വീഴുകയാണ്‌.

കു: അവരുടെ ഭാഷയിൽ ഇപ്പോൾ “നരകം ഹൗസ്‌ഫുൾ- സ്വർഗ്ഗംകാലി“ എന്ന സ്ഥിതിയാണുള്ളത്‌. മുജാഹിദുകൾക്കും ജമാഅത്തുകാർ ക്കും പക്കാ കാഫിർകളാകയാൽ സ്വർഗ്ഗപ്രവേശമില്ല. സുന്നികൾക്ക് മാത്രമായി സ്വന്തമായിരുന്നു സ്വർഗ്ഗം. ഇപ്പോൾ അവർ രണ്ടുവിഭാഗ മായി അന്യോന്യം കാഫിറാക്കിത്തുടങ്ങി. ഇരുകൂട്ടരും കാഫിറായി സ്വർഗ്ഗപ്രവേശാവകാശം കളഞ്ഞുകുളിച്ചു. ഇപ്പോഴെന്തുണ്ടായി? സ്വർഗ്ഗത്തിൽ ആരുമില്ല. കാലി എല്ലാവരും നരകത്തിലെത്തിക്കൊണ്ടിരിക്കുന്നു. അങ്ങനെ നരകം ഹൗസ്‌ഫുൾ. ഫലിതമാണെങ്കിലും സംഗതിയുടെ കിടപ്പങ്ങിനെയാണ്‌. പരസ്യമായി ബുദ്ധിശൂന്യമായ ഫത്‌വകൾ നൽകാൻ ഒരു മടിയില്ലാത്ത ആലിമീങ്ങളാണ്‌ അവർ നഹാസാഹിബിൻെറ മയ്യത്ത് നിസ്കരിക്കരുതെന്ന് മുസ്ലിം സാമാന്യ ജനങ്ങളെ വിലക്കിയവരാണവർ. നഹാ സുന്നിയല്ല. മുജാഹിദാണ്‌ . മുസ്ലിംകളുടെ പ്രാർത്ഥനക്ക്‌ അർഹനല്ല. അതായത്‌ മുസ്ലിമല്ല, കാഫിറാണ്‌, വെള്ളിയാഴ്ചതോറും ഡസ൯കണക്കിന്‌ മയ്യിത്‌ നിസ്കരി ക്കുന്നു. അവരൊക്കെ പച്ചമരുന്നോ പറിമരുന്നോ ആരറിയുന്നു. അല്ലാഹുത്തആലാ സൃഷ്ടിച്ച സകലജാതി ജീവജാലങ്ങൾക്കും തുല്യമായ ജീവികൾ മനുഷ്യസമുദായത്തിലുണ്ട്‌. മുസ്ലിംകളിലുണ്ട്‌. അല്ലാഹുത്തആലാ നിരോധിച്ച എല്ലാ ഹീനതകളും ന്യൂനതകളും ക്രുരതകളും വഹിച്ചും വർത്തിച്ചും ഇസ്‌ലാമുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിച്ചും നടക്കുന്നവർ-കണ്ടവഴിയോരങ്ങളിൽ നിന്ന് പാത്തികടഞ്ഞു പോകുന്ന മാന്യന്മാർ-കുടിച്ചുകുഴഞ്ഞു താളം തെററി ആടിയുലഞ്ഞു വഴിയോരങ്ങളിൽ മലർന്നടിച്ചു വീണു ബോധംകെട്ടു കിടക്കുന്ന യോഗ്യന്മാർ -താത്താടെയും കാക്കാടെയും മകനായിപ്പിറന്നു എന്ന ഒരൊററ യോഗ്യതയിൽ മുസ്ലിമായി. എണ്ണപ്പെടുന്നവർ- ഇവർക്കൊ ക്കെയും മയ്യിത്‌ നമസ്‌കരിക്കാൻ സദാസന്നദ്ധരായിക്കൊണ്ടു ഖത്വീബന്മാരും പൊതുജനങ്ങളും കഴിഞ്ഞുകൂടുന്നു. അവരൊക്കെ സുന്നി യാണ്‌. ഒരു പ്രശ്നവുമില്ല നമസ്‌കരിക്കാം നമസ്‌കരിക്കണം. നിസ്‌കരിച്ചാലും ഇല്ലെങ്കിലും ആരറിയുന്നു. നഹാസാഹിബ്‌ അങ്ങനെയല്ല. അറിയപ്പെടുന്ന മുജാഹിദ്‌. അദ്ദേഹത്തിന് പരസ്യമായി നമസ്കാരം നിഷേധിക്കണം എന്നാലേ സുന്നികൾ ആകുകയുള്ളു-യഥാർത്ഥ സുന്നികൾ. എന്നാൽ സുന്നികളല്ലാത്തവരെ അങ്ങേഅററം വെറുക്കുകയും, നഖശിഖാന്തം എതിർക്കുകയും, ആത്മനാശപരമായാലും സഹകരിക്കാതിരിക്കുകയും ചെയ്യുന്നവരാണ്‌. ഇങ്ങനെ ചെയ്താലേ മുജാ-ജമകൾ പഠിക്കുകയുള്ളു.

കു: ഞാൻ പറഞ്ഞില്ലേ, നരകം ഹൗസ്‌ഫുൾ സ്വർഗ്ഗത്തിൽ ആളില്ലാതായി കാന്തസുന്നികളെ. സൂര്യസുന്നികൾ കാഫിറാക്കി; സൂര്യസുന്നി കളെ കാന്തസുന്നികൾ കാഫിറാക്കി. സുന്നികളിൽ കാഫിറല്ലാത്തവരായി ആരും അവശേഷിക്കുന്നില്ല.

പൊ: ഈ കാഫിറാക്കൽ ശരിയല്ലെന്ന് സുന്നികൾ തുറന്നു പറയുകയില്ല. കാരണം അത്‌ ശരിയല്ലെന്ന് സമ്മതിച്ചാൽ അവർ ജമ മുജ-യെ കാഫിറാക്കിയതും ശരിയല്ലെന്ന് സമ്മതിക്കേണ്ടിവരും. ഏതായാലും ഒരാശ്വാസമുണ്ട്. അല്ലാഹുത്തആല സ്വർഗ്ഗാവകാശികളെ നിർണ്ണ യിക്കുന്നത്‌ സുന്നി മുസ്ല്യാക്കളുടെ സമ്മതം ചോദിച്ചിട്ടല്ല.


      അജ്ഞാനത്തിൻെറ മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്നവരും സ്വയം ധീരന്മാരെന്നും പണ്ഡിതന്മാരെന്നും അഭിമാനിക്കുന്നവരുമായ
     മൂഢന്മാർ കുരുടനാൽ നയിക്കപ്പെടുന്നവരെപ്പോലെയാണ്‌.


                                                                           മുണ്ഡകോപനിഷത്.
"https://ml.wikisource.org/w/index.php?title=സഞ്ചാരി_യാത്ര_3&oldid=217847" എന്ന താളിൽനിന്ന് ശേഖരിച്ചത്