സങ്കല്പകാന്തി/രാഗഭിക്ഷുണി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
സങ്കല്പകാന്തി
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
രാഗഭിക്ഷുണി
[ 40 ]

രാഗഭിക്ഷുണി

കോമളാകൃതേ, സന്തതം ഹാ, ഭവൽ-
പ്രേമലേശം കൊതിച്ചു കൊതിച്ചിദം
അല്പഭാഗ്യ ഞാനെത്രയോകാലമായ്-
ത്തപ്തബാഷ്പം പൊഴിക്കുന്നു നിഷ്ഫലം!
മൽപ്രതീക്ഷകളൊക്കെയുമൊന്നുപോൽ-
സ്സ്വപ്നമാത്രമായ്ത്തീരുന്നു കേവലം.
മാത്രതോറും വികാരശതങ്ങൾതൻ-
മാറ്റൊലികളിളകി മന്മാനസം
ഘോരഘോരനിശിതനിരാശയിൽ
നീറി നീറി ദ്രവിക്കയാണിപ്പൊഴും!
ദേവ, നിൻമദനോപമവിഗ്രഹം
ഭാവനയിൽ പ്രതിഷ്ഠിച്ചനാരതം
ധ്യാനലോല ഞാൻ പൂജിപ്പു നിത്യ,മെൻ-
പ്രാണഗദ്ഗദപുഷ്പാഞ്ജലികളാൽ!
സ്പന്ദനങ്ങളെസ്സാക്ഷിനിർത്തി,സ്സദാ
മന്ദിയാതെ ഞാൻ ചെയ്യുമാരാധനം
ആരറിയുവാനാ,രാദരിക്കുവാ-
നാ,രതിലൊന്നനുതപിച്ചീടുവാൻ?
ഇല്ല,മേലിലും മേൽക്കുമേൽ ഞാനിദ-
മല്ലലിൽത്തന്നെ വീണടിഞ്ഞീടണം!
ഉൽക്കടപ്രണയോദ്വേഗസീമയിൽ
മൽക്കരൾ പൊട്ടി ഞാൻ മരിച്ചീടണം!-
ഇല്ല മറ്റൊരുപായവുമൂഴിയിൽ
വല്ലമട്ടുമീ വിഭ്രമം നിൽക്കുവാൻ!

മോഹനാകൃതേ, നിൻപടിവാതിലിൽ
സ്നേഹഭിക്ഷയിരന്നുകൊണ്ടിങ്ങനെ
കാത്തുനിന്നിടാമെത്രനാളെങ്കിലും
കാൽക്ഷണം നീ കടാക്ഷിക്കുമെങ്കിൽ, ഞാൻ!
എന്നുമെന്നും വൃഥാപവാദങ്ങളാ-
ലെന്നെ ലോകം പരിഹസിച്ചീടിലും,

[ 41 ]

പാരമീർഷ്യതൻ പാഴ്ച്ചരൽക്കല്ലുകൾ
വാരിവാരിയെൻനേർക്കെറിഞ്ഞീടിലും,
ഹന്ത, മജ്ജഡം മണ്ണടിവോളവു-
മെന്തുതാനാട്ടെ, പിന്മടങ്ങില്ല ഞാൻ!

ഒന്നു വന്നൊരു ചുംബനമെങ്കിലും
തന്നുപോകുമാറാകൃഷ്ടനാക്കുവാൻ
ശക്തിയില്ലെങ്കിലെ,ന്തിനീ വൈദ്യുത-
ശക്തി സൂക്ഷിച്ചിടും കടക്കണ്ണുകൾ?
തങ്കമെയ്യതൊന്നോമനിക്കായ്കിലി-
ന്നെൻകരങ്ങളിലെന്തിനിക്കങ്കണം?
ആ മനോഹരനാസ്വദിക്കായ്കിലോ
ഭൂമിയിലെനിക്കെന്തിനീ യൗവനം?

ക്ഷിപ്തസൌരഭസമ്പന്നയായിടു-
മെത്ര മോഹനസൂനമാണെങ്കിലും,
എന്തൊരു ഫല,മാ മത്തഭൃംഗകം
പിൻതിരിഞ്ഞൊന്നു നോക്കാതെ പോവുകിൽ?
മിന്നിടേണം സതതമെന്നാല,തിൻ-
ഭംഗി വർണ്ണിച്ചു പാടണം കോകിലം.
ചാരെ നിന്നൊരാളാസ്വദിച്ചീടിലേ
ചാരുതയൊരു ചാരിമയായിടു.
അംഗജോപനമാദരിക്കായ്കി,ലീ-
യംഗവിഭ്രമകാന്തിയെന്തിന്നു മേ?

ഇജ്ജഗത്തിലെൻസർവ്വസർവ്വസ്വമേ,
ലജ്ജയില്ലാതെ മേലിലുമീവിധം
ഞാനിരക്കും ഭവാനിൽനിന്നാ ലസൽ-
പ്രേമപീയൂഷബിന്ദുവൊന്നെപ്പൊഴും!
എന്നവസാനഗദ്ഗദം കൂടിയ-
പ്പുണ്യചിന്തതൻപൊന്നുറവായിടും.
നിർവൃതിയിലേക്കന്നാത്മസൌരഭം
നിന്നെയോർത്തോർത്തുറഞ്ഞൊഴുകീടണം.

വല്ലനാളുമിതുവഴി പോവുകിൽ-
ത്തെല്ലുനേരമൊന്നിങ്ങോട്ടു കേറിയാൽ
എന്തു ചേതം വരു?- മതെൻജീവനൊ-
രെന്തു നിർവ്വാണമായിരിക്കും, വിഭോ ?
ഇന്നൊരു നോക്കു കാണുവാൻകൂടിയും
മന്ദഭാഗ്യയെനിക്കില്ലനുഗ്രഹം.

[ 42 ]

വീണടിയണമെന്നും നിരാശയിൽ
ഞാനു, മെൻ ചില സങ്കല്പസൌഖ്യവും!
സർവ്വനേരവും കേട്ടു ഞെട്ടുന്നു ഞാൻ
ദുർവ്വിധിതൻഗഭീരമേഘാരവം
ഹാ, തിരശ്ശീല വീണു, തീർന്നെങ്കിലൊ-
ന്നീ ദുരന്തമാം ജീവിതനാടകം!

പട്ടടത്തീ പടർന്നെരിയുമ്പൊഴും
മജ്ജഡമൊന്നു കോരിത്തരിക്കണം!
ജന്മജന്മാന്തരങ്ങളിൽക്കൂടിയി-
ക്കർമ്മബന്ധങ്ങൾ മൊട്ടിട്ടുനിൽക്കണം!
മൃത്യുകൊണ്ടീ മധുരരാഗാമൃതം
പത്തിരട്ടി മധുരീകരിക്കണം!

രാഗവും പ്രതിരാഗവും ഭൂമിയി-
ലേകതാളം ചവിട്ടില്ലൊരിക്കലും.
ആകയാൽ ഞാൻ വരുന്നതെല്ലാം, സ്വയ-
മായവണ്ണം സഹിക്കുവാൻ നോക്കുവൻ!
മോഹനം തവ സങ്കല്പവിഗ്രഹം
ഗാഹനം ചെയ്യുമെൻമിഴിനീരിൽ ഞാൻ,
കേണുകേണു കൊതിച്ചുകൊതിച്ചിദം
വാണിടും ഞാൻ ഭവദാഗമോത്സവം.
കാണിയും ഞാൻ മുടക്കില്ലൊരിക്കലും
പ്രാണനാഥ, മൽപ്രേമസങ്കീർത്തനം!
ഞാനബല മൃദുലഹൃദയ-മൽ-
പ്രാണവാഞ്ഛിതം പാഴിലായ്ത്തീരുമോ ?

എന്നിലുള്ളൊരെന്നാശാങ്കുരങ്ങൾ പോൽ
മിന്നി മിന്നിത്തെളിയുന്നു താരകൾ.
അങ്ങതാ, രാഗപീയൂഷമെന്നപോൽ-
ച്ചന്ദ്രലേഖ പൊഴിപ്പൂ മന്ദസ്മിതം.
ഹാ, മനോജ്ഞലതാനികുഞ്ജങ്ങളിൽ
പ്രേമഗാനം പകരുന്നു രാക്കുയിൽ.
സർവ്വവും ഭദ്ര,മൊന്നു മജ്ജീവിത-
സർവ്വമേ, നീയുമെന്നടുത്തെത്തുകിൽ!

--മാർച്ച് 1935.