സങ്കല്പകാന്തി/ആ ഗാനം
ദൃശ്യരൂപം
←മിത്ഥ്യ | സങ്കല്പകാന്തി രചന: ആ ഗാനം |
നിഴൽ→ |
[ 54 ]
ആ ഗാനം
കവി:
സുന്ദരചിന്ത കൊരുത്തു തന്ന
മന്ദാരമാലയും ചാർത്തി, നിത്യം
നീ തനിച്ചിത്രനാൾ കാത്തുനിന്ന-
തേതിൻസമാഗമമായിരുന്നു ?
ഹൃദയം:
കണ്ണീരിനാൽ ഞാൻ നനച്ചിരന്നോ-
രെന്നാശപൂത്ത വസന്തനാളിൽ,
ഞാനറിയാതൊരു രശ്മിയെന്നെ
പ്രേമപുരസ്സരമുമ്മവെച്ചു;
അന്നുമുതൽക്കെന്നിലെങ്ങുനിന്നോ
സംഗീതവുമൊന്നുറഞ്ഞുവന്നു;
എങ്കിലും കാണാൻ കഴിഞ്ഞതില്ല-
ത്തങ്കക്കിനാവിനെപ്പിന്നെ വീണ്ടും!
സ്വർഗ്ഗീയമാകുമിഗ്ഗാനമിന്നെൻ-
ഗദ്ഗദംമൂലം തകർന്നുപോയി!
ലോകം:
അക്കോകിലത്തിന്റെ ദുഖഗാന-
മർത്ഥമിയലാത്തതായിരുന്നു;
ഈടാർന്നൊരുന്നതാദർശമൊന്നും
നേടാൻ കഴിഞ്ഞില്ലതിങ്കൽനിന്നും!
കാലം:
ആടലിൻനേർത്ത മനോഹരമാം
മൂടുപടവുമിട്ടി,ത്രനാളും
നിൻമുന്നിലാ ലസൽപ്രേമഗാനം
നിന്നിട്ടു, മന്ധപ്രപഞ്ചമേ, നീ
കണ്ടില്ല, കഷ്ട,മതിൻ മിനുത്ത
ചുണ്ടിൽ വിരിഞ്ഞൊരാ മന്ദഹാസം !
--ജനുവരി, 1937