സംഭവ പർവം
←ഉള്ളടക്കം | മഹാഭാരതം കിളിപ്പാട്ട് (കിളിപ്പാട്ട്) രചന: സംഭവപർവം |
സോമവംശരാജോൽപ്പത്തി→ |
ശ്രീരാമ! രാമ! രാമ! ഗോവിന്ദ! ശിവ! രാമ!
ശ്രീമഹാദേവ! കൃഷ്ണ! മുകുന്ദ! നാരായണ!
നാരായണായ നമോ നാരായണായ നമോ
നാരായണായ നമോ നാരായണായ നമഃ
പാരതിലോരോതരമുള്ള ജന്തുക്കളായി
പാരമുള്ളഴൽ പൂണ്ടു ജനിച്ചു മരിപ്പതും
പാരാതെമാറ്റികൊൾവാനെന്തൊരുകഴിവയ്യോ
പാരീരേഴിനും മൂലമാകിയ ദേവ! ദേവ!
ഭാരതമായകഥകേൾക്കയും ചൊല്ലുകയും
പാരംനന്നെന്നുഗുരുവരുളിചെയ്തുകേൾപ്പൂ
പാരാതെ പറയേണമതുനീ കിളിപ്പെണ്ണേ
ഭാരമില്ലേതും നിനക്കേപ്പേരും പാഠമെല്ലാ
ഭാരതിദേവിയെന്റെനാവിന്മേൽവിളങ്ങുകിൽ
പാരാശര്യാനുഗ്രഹംകൊണ്ടുഞാൻചൊല്ലീടുവൻ
ഭാരതമൊടുങ്ങാതൊന്നാകിയ കഥയല്ലോ
പാരമാഗ്രഹമെങ്കിൽചുരുക്കി പറഞ്ഞീടാം
കേൾക്കേണമല്ലോമഹാഭാരതമിതിഹാസം
പോക്കണംദുരിതങ്ങളൊക്കെപ്പെരുമതിനാലെ
മോക്ഷസാധനങ്ങളിൽമുൻപിതിനെന്നുതന്നെ
സാക്ഷാൽശ്രീകൃഷ്ണപരമാചാര്യനരുൾചെയ്തു.
വേദവ്യാസോക്തമായവേദാന്തസാരാർത്ഥം നീ
യാദിയെകേൾപ്പിക്കേണമാനന്ദംവരുവാനായി
ആദിയെകേൾപ്പിനെങ്കിൽ ഭാരതമായകഥ
മോദേനപറഞ്ഞീടാമാദിനായകലീലാ
ഗുരുവുംഗണേശനുംവാണിയുംമുകുന്ദനും
ഗുരുകാരുണ്യത്താലെതുണക്കവന്ദിക്കുന്നേൻ.
കരുണചിത്തന്മാരാം ധരണീസുരവൃന്ദ-
ചരണാംബുരുഹത്തെശരണംപ്രാപിക്കുന്നേൻ
വസിഷ്ഠാത്മജസുത പുത്രനന്ദനന്താനും
വസിച്ചീടമുള്ളിൽ വാത്മീകിമുനീന്ദ്രനും
രസിച്ചീടണംമിതു കേട്ടുഭക്തന്മാർ പരി-
ഹസിച്ചീടുകിലതും ദുരിതവിനാശനം
ഭഗവാൽഭക്തന്മാരെകൊണ്ടുള്ളചരിതവും
ഭഗവൽചരിതവും തൽഗുണനാമങ്ങളും
പറഞ്ഞുംകേട്ടുമുള്ളിൽധ്യാനിച്ചുമുള്ളകാലം
പരമാനന്ദംപൂണ്ടു കഴിച്ചുകൊൾക നല്ലൂ
ഭാരതമതിൽചൊല്ലാതുള്ളൊരുകഥകളോ
പാരാതെനിരൂപിക്കിലെത്രയുംകുറഞ്ഞിടും
അക്കഥയൊക്കെചൊൽവാനുൾകാമ്പിൽ നിരൂപിക്കിൽ
മുഖ്യനാംവേദവ്യാസൻതാനൊഴിഞ്ഞാരുമില്ല
അഞ്ചിതമായ മഹാഭാരതമിതിഹാസ-
മഞ്ചാമതൊരുവേദമെന്നത്രെ ചൊല്ലിമുനി
അങ്ങനെയിരിപ്പൊരുഭാരതകഥയിപ്പോ-
ളിങ്ങനെചൊൽവാനുള്ളിൽനാണമാകുന്നിതയ്യോ
എന്നാലുമവരവർക്കറിവാൻ തക്കവണ്ണം
നന്നായിപറകെന്നു വന്നിടുമറിഞ്ഞവർ
എങ്കിലോകേട്ടുകൊൾവിൻദോഷങ്ങളൊക്കെ മറ-
ച്ചെങ്കലുള്ളൊരുഗുണം ഗ്രഹിച്ചുകേൾപ്പിൻ നിങ്ങൾ.