ശ്രീ മനുവേലാ
"ശ്രീ നരപതിയെ" എന്ന രീതി
പല്ലവി
ശ്രീ മനുവേലാ! വേഗം വരണമീശാ
ആശയോടു നിൻ മുഖം കണ്ടീശനേ നിന്നോടു ചേർന്നു വേഗം
നാശമണയാത്ത പുരത്തിൽ- വാണീടുവാൻ
1.കോടി സൂര്യപ്രഭയോടും മേഘം തന്നിൽ
കോടി കോടി ദൂതരോടു വന്നീടും താൻ
കൂടിടും നിൻ ശുദ്ധരാകെ പാടി സീയോൻ തന്നിലേക്കു വേഗം
മോടിയോടുയിർത്തുവരുമേ ആമോദമായ്...
2.സ്വർഗ്ഗപുരം വിട്ടു പാരിൽ വന്ന നാഥാ
മരിച്ചുയിർത്തു സ്വർഗ്ഗഗേഹേ പോയ നാഥാ
തിരിച്ചു വന്നു തിരുസഭയെ ചേർത്തിടാമെന്നുരച്ച നാഥാ
വരവിന്നായ് പാർത്തിരിക്കുന്നു സമ്മോദമായ്...
3.കാത്തിരുന്നു കൺകളിതാ മങ്ങിടുന്നേ
കർത്തനേ നീ പോയിട്ടെത്ര കാലമായി
ആർത്തി പൂണ്ടു നിൻ വരവിന്നിദ്ധരയിൽ
പാർത്തശുദ്ധരെത്രയോപേർ നിദ്രയിലായ്- എൻ കർത്തനേ
4.വേഗം വരാമെന്നുരച്ചുപോയ ദേവാ
ആഗമനം നോക്കി ഞങ്ങൾ പാർത്തിടുന്നേ
എന്തു കാലതാമസം നീ വന്നിടുവാനെന്റെ കാന്താ
വെന്തുനീറുന്നെന്റെ മാനസം ചിന്തചെയ്തെൻ..
5.പൊന്നുകാന്താ നിന്റെ മുഖമെന്നു കാണും
മന്നിലെന്റെ പേർക്കു കഷ്ടമേറ്റ പ്രിയാ
ഉന്നതനെ മന്നവനെ പൊന്നുനാഥാ
നിന്റെ തിരുസന്നിധിയിൽ എന്നു ചേർന്നിടും-അല്ലൽ തീർപ്പാൻ
6.തങ്കമണവാട്ടിക്കെന്തു സങ്കടങ്ങൾ
തങ്കമണവാളനീശോ കാണുന്നില്ലെ
ചങ്കിലെ നിണം ചൊരിഞ്ഞു വീണ്ടതാമീ
തങ്കപ്രാക്കൾ നിങ്കലണഞ്ഞു ചേരുവാൻ- സങ്കേതമായ്
7.എത്ര കാലം നിൻ വരവു കാത്തിരിപ്പാൻ
എത്ര വേഗം വന്നു നിന്നെ കണ്ടീടും ഞാൻ
അത്ര നാളും നിൻ മഹിമ എത്രയും ഞാൻ കീർത്തിച്ചീടും
ധാത്രിയിതിലീശനേ ദിനം നിരന്തരമായ്...
8.സ്വർപ്പുരത്തിൽ നിത്യകാലവാസമോർത്താൽ
ഇപ്പുരത്തിലുള്ള വാസമല്പകാലം
അപ്പനെ തൃപ്പാതം ചേരിനെപ്പൊഴുതും കേണിടുന്നേ
തല്പരനേ തൃക്കരത്താലെന്നെ ഏന്തിടേണേ...