Jump to content

ശ്രീ നാരായണ ഗുരു/അദ്ധ്യായം മൂന്ന്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശ്രീ നാരായണ ഗുരു
രചന:കുമാരനാശാൻ
അദ്ധ്യായം മൂന്ന്

വീട്ടിൽ മടങ്ങിവന്നതിനുശേഷം അധികം താമസിയാതെ തന്നെ രോഗം സുഖപ്പെട്ടു. കുറേക്കാലം ചെമ്പഴന്തിയിൽ തന്നെ സ്വാമി കുട്ടികളെ വായിപ്പിച്ചു താമസിച്ചു. നാണു ആശാൻ എന്ന പഴയ പേർ സ്വാമിക്ക് അങ്ങനെ സിദ്ധിച്ചതാണ്. നാൾ പോകും തോറും സ്വാമിക്ക് ഈശ്വരഭക്തി വർദ്ധിക്കുകയും ലൗകിക ജീവിതത്തിൽ ശക്തി കുറഞ്ഞുവരികയും ചെയ്തു. "ഗീതാഗോവിന്ദം" എന്ന പ്രസിദ്ധഗ്രന്ഥം അക്കാലത്തു സ്വാമി ദിവസേന പാരായണം ചെയ്തിരുന്നതായി അറിയുന്നു. ഇതിനിടയിൽ മാതാപിതാകന്മാരുടേയും മറ്റും നിർബന്ധത്താൽ സ്വാമിക്ക് വിവാഹം കഴിക്കേണ്ടി വന്നു. എന്നാൽ വിഷയസുഖങ്ങൾക്കു സ്വാമിയെ വ്യാമോഹിപ്പിപ്പാൻ കഴിഞ്ഞില്ല. പിന്നെ സ്വല്പ കാലത്തിനുള്ളിൽ അമ്മ മരിച്ചു. 1060-ൽ അച്ഛനും കാലധർമ്മം പ്രാപിച്ചു. സ്വാമി ദാമ്പത്യ ബന്ധത്തിൽ നിന്ന് ഇതിനുമുമ്പുതന്നെ മോചിച്ചിരുന്നു. മാതാപിതാക്കന്മാരുടെ മരണശേഷം കുടുംബ ബന്ധത്തിൽ നിന്നും മോചിക്കുന്നത് സ്വാമിക്ക് എളുപ്പമായിത്തീർന്നു. കാരണവർ ഗൃഹഭരണത്തിനായി സ്വാമിയെ നിർബന്ധിച്ചു എങ്കിലും മതസംബന്ധമായ വിഷയത്തിൽ ജീവിതകാലം നയിപ്പാനായുള്ള തന്റെ ദൃഡനിശ്ചയത്തിന് ആ നിർബന്ധംകൊണ്ട് ഇളക്കം ഒന്നും ഉണ്ടായില്ല. സ്വാമി ഇതിനുശേഷം വീട്ടിൽ താമസിക്കാതെയായി. രാത്രിയും പകലും സമീപത്തുള്ള ജനവാസമില്ലാത്ത കുന്നുകളിലും, കാടുകളിലും, പാറ ഇടുക്കുകളിലും, സമുദ്രതീരങ്ങളിലും, ക്ഷേത്രങ്ങളിലും, മറ്റ് ഏകാന്തസ്ഥലങ്ങളിലും സ്വാമി ധ്യാനനിരതനായി ഇരിക്കുന്നതും, എകാകിയായി സഞ്ചരിക്കുന്നതും പലപ്പോഴും പലരും കണ്ടിട്ടുണ്ട്.

ഇക്കാലത്ത് സ്വാമി, 'പ്രാചിന മലയാളം' മുതലായ ഗ്രന്ഥങ്ങലുടെ കർത്താവായ കുഞ്ഞൻപിള്ള ചട്ടമ്പി എന്ന മഹാനുമായി പരിചയപ്പെടുകയും ആ വഴി തിരുവനന്തപുരത്തു "തൈക്കാട്ട് അയ്യാവ്" എന്ന സുബ്രഹ്മണ്യഭക്തനും യോഗിയുമായ ഗുരുവിന്റെ അടുക്കൽ നിന്ന് യോഗാഭ്യാസസംബന്ധമായ ഉപദേശം കൈക്കൊള്ളുകയും ചെയ്തു. സ്വാമി സുബ്രഹ്മണ്യോപാസകനായത് ഇതുമുതലാണ്. ഇങ്ങനെ രണ്ടുമൂന്നു കൊല്ലം സ്വദേശത്തുതന്നെ പല സ്ഥലങ്ങളിലുമായി യോഗം ശീലിച്ചുകൊണ്ട് താമസിക്കയും സഞ്ചരിക്കയും ചെയ്തു. വേളിയിൽ സമുദ്രതീരത്ത് ഒരു കുടിൽ കെട്ടി സ്വാമി കുറെനാൾ അതിൽ താമസിക്കയും അതിനുശേഷം അഞ്ചുതെങ്ങിൽ ഒരു ഒഴിഞ്ഞ പഴയക്ഷേത്രത്തിൽ കുറേനാൾ ഇരിക്കുകയും ചെയ്തിട്ടുണ്ട്. അവിടെ ചിലരെ ഇഷ്ടമുള്ള സമയങ്ങളിൽ സ്വാമി സംസ്കൃതം വായിപ്പിച്ചിരുന്നു. സ്വാമിയെ അക്കാലങ്ങളിൽ ഏതാനും ദിവസം സ്ഥിരമായി ഒരു ദിക്കിൽ കാണുക പതിവില്ല. കുറേനാൾ സ്വദേശത്ത് എങ്ങും തന്നെ കണ്ടില്ല. അപ്പോൾ ദക്ഷിണ ഇന്ത്യയിലുള്ള പഴനി തുടങ്ങിയ പല മഹാക്ഷേത്രങ്ങളും സ്വാമി സന്ദർശിച്ചിട്ടുള്ളതായറിയുന്നു. ആ സഞ്ചാരത്തിൽ സ്വാമി ഭിക്ഷാന്നംകൊണ്ടു ഉപജീവിക്കയും, വഴിയമ്പലങ്ങളിൽ കിടന്നുറങ്ങുകയും ആണ് ചെയ്തിട്ടുള്ളത്. ഇങ്ങനെയുള്ള സഞ്ചാരങ്ങളിൽ സ്വാമിക്കു പലപ്പോഴും ആപത്തുകൾ നേരിടാൻ പോയതായും, അതിൽനിന്നൊക്കെയും അൽഭുതകരമാം വണ്ണം രക്ഷപ്പെട്ടിട്ടുള്ളതായും പല കഥകളും കേട്ടിട്ടുണ്ട്.