Jump to content

ശ്രീമഹാഭാഗവതം/ഷഷ്ഠസ്കന്ധം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഷഷ്ഠസ്കന്ധം

നാരായണ!ജയ നാരായണ! ജയ
നാരായണ! ജയ വരദ! ഹരേ!
നാരായണ! പരിപാലയ മാം ബഹു-
ഘോരമഹാപാതകനിവഹാൽ.
നാരായണമയമഖിലമിദം ജഗ-
ദാരാണസാരാന്തമുപാസേ-
നാരായണപദയുഗളം ദിനമനു
നേരേനേരേ കാൺ നീ നിഖിലേ
നാരായണതിരുനാമാമൃതരസ.
മോരോവിധമുപകൃതരസനേ!
നാരായണ ചരിതാനന്ദാമൃത-
മോരോന്നിവ ശൃണു നിനദഗ്യഹേ!
നാരായണചരണാംഭോരുഹയുഗ-
മാരാധന ചെയ്തീടുക കരമേ!
നാരായണനിലയങ്ങൽ വലം ചെ-
യ്താരൂഢാദരമിഹ മമ പദമേ!
നാരായണബഹുലീലാകൃതികളെ
വാരംവാരം നിന മനമേ! നീ.
നാരായണപരമാനന്ദാമൃത-
കാരണപുരുഷമഴകിൽ നമാമി.

 നാരായണ! ഹരേ! നാരായണ! ഹരേ!
നാരായണ! ഹരേ! നാരായണ! ഹരേ!
നാരായണ തിരുനാമജപത്തിനുൾ‌‌-
ത്താരിൽ മടിച്ചുപോകായ്കൊരുനേരവും.
പാരിൽ നരജനനാവകാശം വന്നാൽ
നാരായനജപം നല്ലതു നിർണ്ണയം.
നാരികളും നരന്മാരും വയോധിക-
ന്മാരും ബഹുകൃതബാലാദിസർവ്വരും
നാനാകൃതികളിലും മറവാതക-
ണ്ടാനന്ദലീലാസ്വയം ജ്യോതിരാത്മകം
നാരായനസ്വാമി തന്നെ സ്മരിക്കയും
പാരാതെ തച്ചരിതങ്ങൾ കീർത്തിക്കയും
നേരേവരേണ്ടതെപ്പോഴുമനുദിനം.
പാരിലതെന്നിയേ വാഴുന്നവരെല്ലാം
ദാരുരൂപളോടൊക്കുമതിൽപ്പരം
നാരകഗാമികളായ് വരുന്നൂ ചിരം
പാതകൌഘങ്ങളറിഞ്ഞും പുനരറി‌-
യാതെയുമോരോന്നുചെയ്തുപോമേവരും;
വേദജപതീർത്ഥസ്നാനാമഖയോഗ-
മാദികൾകൊണ്ടതു നീക്കരുതാർക്കുമേ
നാരായണൻ തിരുനാമജപങ്ങളാൽ‌
വേരറുംതാനുമതിനില്ലസംശയം
പാരെഴുംവൻ‌ദുരിതങ്ങളകന്നുപോയ്‌
ദൂരവേ നിൽക്കിലേ സദ്ഗതിയും വരൂ;
സദ്ഗതിവേണമെന്നാകിൽ ഹരിപദ-
ഭക്തികൊണ്ടെന്നിയേ മറ്റൊന്നിനാൽ‌വരാ
ഭക്തിയുണ്ടായ്ച്ചമഞ്ഞീടുകിലും ബന്ധ-
മുക്തി മനുഷ്യനേവന്നുകൂടൂ ദൃഢം
“മാനുഷൻ‌ഭാരതഖണ്ഡേ ജനിച്ചവൻ‌
താനതിനേറ്റം പ്രധാനനാകുന്നതും.
ഭാരതേമർ‌ത്യനാവാൻ‌ പുണ്യപാപങ്ങൾ‌
നേരായ്‌വരികിലേ സംഗതിയും വരൂ;
ഭാഗധേയം വലുതായുള്ളവർക്കതിൻ‌
യോഗം വരും നിജകർമ്മവേഗാനുഗേ,
വന്നു മനുഷ്യനായുൾലവൻ‌താൻ നിജ-
പുണ്യഗതിയൊഴിഞ്ഞെന്നി മരിക്കിലാം
പിന്നെയൊട്ടേറെ നാളുണ്ടിരിപ്പെങ്കിലി-
ങ്ങന്വഹം ചിന്ത ചെയ്തുവസിച്ചീടിലും
സത്സംഗയോഗ്യനല്ലെന്നങ്ങിരിക്കിലും
സത്സംഗയോഗ്യനെന്നായ് വരുന്നാകിലും
നിദ്രയായുള്ളതില്പാദികാലം വൃഥാ;
പാതികൊണ്ടുള്ളതിൽ നാലൊന്നുകാലവും
പോതലീലാവശമായ്ക്കഴിയും ബലാൽ;
യൌവനം വന്നുമുറ്റിടും പൊഴുതോരോ-
ദുർവിചാരങ്ങളുണ്ടായ്‌വരും മായയാ
ലോകാർത്ഥപുത്രകളത്രഭൃത്യാദിഭി
രാകാംക്ഷകളിൽ ഭ്രമിച്ചുവാഴും ചിരം;
ഞാനെന്നുമൻ‌പോടെനിക്കുള്ളതെന്നുമു-
ള്ളാനന്ദവേഗേന പോയ്ക്കഴിയുംബലാൽ‌
മാനം നടിച്ചുമറ്റുള്ളവരോടു നീ
ഞാനെന്ന മത്സരാദിപ്രഭാവങ്ങളാൽ‌
കാലവും യൌവനമായതെല്ലാം കഴി-
ഞ്ഞാലെന്തു പിന്നെയങ്ങാവതയ്യോ ഹരേ-
വാർദ്ധക്യകാലത്തു വ്യാധിതനായ്ച്ചമ-
ഞ്ഞാർത്തനായൊന്നിനും പ്രാപ്തനല്ലാതെയായ്‌
പൊയ്ക്കഴിയും ബലാലിങ്ങനെ കാലം-
ങ്ങോർക്കിൽ ദുരിതങ്ങളാർജ്ജിച്ചു സന്തതം.
നീക്കാമതെല്ലാം ക്ഷണേന ഹരിപദ-
വാർകമലാഗ്രഭക്ത്യാപി നിരന്തരം
സാക്ഷാൽ‌ മുകുന്ദനെ ധ്യാനിച്ചു കൊൾക നാ
മാക്ഷരം ഭക്ത്യാ ജപിച്ചുകൊണ്ടന്വഹം.
മോക്ഷം തരും മോക്ഷദൻ ദുരിതങ്ങളെ
നീക്കിക്കളഞ്ഞതിനില്ലൊരു സംശയം.
നാരായണൻ തിരുനാമജപത്തിനു
നേരായൊരുഗതിയില്ലെളുതായതും
പേരായിരമുള്ളവൻ തിരുനാമമൊ-
ന്നോരാതെകണ്ടൊരുനേരമൊരുദിനം
താനൊന്നു ചൊല്ലിനാനെന്നുവരികിലും
താനേ ദുരിതങ്ങൾ പോയകലും ക്ഷണാൽ,
സൂര്യപ്രഭാതസമയേ തിമിരങ്ങ-
ളാര്യപ്രമാണേന നീങ്ങിനിൽക്കുംവണ്ണം,
ഘോരമഹാപാപമെല്ലാമകന്നുപോ-
മാരുമൊന്നീഷലിച്ചീടായ്‌വിനേതുമേ.
നാരായണൻ തിരുനാമമാഹാത്മ്യങ്ങൾ
നേരേ പറക നീ ശാരികപ്പൈതലേ;
നേരേ പരവാനറിയരുതെങ്കിലും
പാരാതെ ചൊല്ലാമറിഞ്ഞതൊട്ടൊട്ടു ഞാൻ.
പോഷണമാറാമതുകൊണ്ടുകേവലം
പോഷണമെന്നുഭഗവദനുഗ്രഹം
പാപങ്ങളെല്ലാം ഭഗവദനുഗ്രഹം
വേർപതിഞ്ഞാൽ നീങ്ങുമില്ലൊരു സംശയം.
പഞ്ചമസ്കന്ധേനരകാനുഭൂതിയു-
ള്ളഞ്ചുമാറാഹന്ത! കേട്ടു നരവരൻ‌
ചഞ്ചലാർദ്രാത്മകനാകിയ ശ്രീശുകൻ‌
തഞ്ചരണദ്വയം കൂപ്പിത്തൊഴുതുടൻ‌
വന്ദിച്ചു ചോദിച്ചിതന്നരകങ്ങളിൽ
ചെന്നുചാടായ്‌വതിനെന്തുകൊണ്ടായ്‌വരൂ
ചൊല്ലിത്തരേണം പ്രതിഹാരമുണ്ടെങ്കി-
ലെല്ലാം പരോപകാരത്തിനു നന്നല്ലോ.”
കല്യാണശീലനാം ശ്രീശുകൻ താനതി-
നുള്ളം തെളിഞ്ഞരുൾ ചെയ്താനനുക്ഷണം: